കാർട്ടൂണിസ്റ്റ് യേശുദാസൻ| ഫോട്ടോ: അജി വി.കെ
അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് യേശുദാസനെക്കുറിച്ചുള്ള ഓര്‍മകള്‍ മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദടീച്ചര്‍ പങ്കുവെക്കുന്നു.
സഖാവിനെക്കുറിച്ചുള്ള ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത വളരെയധികം വിഷമമുണ്ടാക്കുന്നു. യേശുദാസനുമായി സഖാവ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പക്ഷേ ആദ്യനാളുകളില്‍ യേശുദാസന്‍ സഖാവിനെ വരയ്ക്കുന്നത് എനിക്ക് അത്ര ഇഷ്ടമില്ലായിരുന്നു. കാരണം വേറൊന്നുമല്ല സഖാവിനെ അതുവരെ കാണാത്ത മറ്റൊരുതരത്തില്‍ ചിത്രീകരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയിരുന്നത്. പക്ഷേ എന്നെ തിരുത്തിയത് സഖാവായിരുന്നു. എല്ലാ തിങ്കളാഴ്ചയും പത്രത്തിലെ മുന്‍പേജില്‍ വരുന്ന തന്റെ കാര്‍ട്ടൂണ്‍ കണ്ട് അദ്ദേഹം പൊട്ടിച്ചിരിക്കും. ഞാന്‍ നെറ്റി ചുളിക്കുമ്പോള്‍ സഖാവ് പറഞ്ഞു; 'ശാരദേ ഇതാണ് കാര്‍ട്ടൂണ്‍. ഇത് ജനപ്രിയമാണ്. ഈ വരയില്‍ ഇങ്ങനെയാണ് രാഷ്ട്രീയക്കാരെയും മറ്റും വരക്കുക'. അങ്ങനെയാണോ എന്നും ചോദിച്ചുകൊണ്ട് ഞാന്‍ സഖാവിന്റെ ചിത്രം സൂക്ഷിച്ചുനോക്കി. അദ്ദേഹം സ്വന്തം ചിത്രത്തെ രസകരമായി വിശദീകരിച്ചുതന്നു. അതില്‍ പിന്നെ സഖാവിന്റെ കാര്‍ട്ടൂണുകള്‍ യേശുദാസന്‍ വരച്ചാല്‍ ഞാന്‍ പത്രത്തില്‍ നിന്നും വെട്ടിയെടുക്കാന്‍ തുടങ്ങി. അന്നന്ന് വെട്ടിയെടുക്കുന്ന ചിത്രങ്ങള്‍ വരയിടാത്ത നോട്ബുക്കില്‍ ഒട്ടിച്ചുവെക്കാന്‍ തുടങ്ങി. പിന്നെ അതൊരു ശീലമായി. അങ്ങനെ നൂറുകണക്കിന് നായനാര്‍ കാര്‍ട്ടൂണുകള്‍ എന്റെ ശേഖരത്തിലുണ്ടായിരുന്നു. സഖാവിന്റെ കൂടെയുള്ള നിരന്തരമായ താമസം മാറ്റങ്ങള്‍ക്കിടയില്‍ എപ്പോഴോ അത് നഷ്ടപ്പെട്ടു. ഇന്നാണ് ആ നഷ്ടത്തിന്റെ വില ഞാന്‍ മനസ്സിലാക്കുന്നത്.
യേശുദാസന്‍ ഒരിക്കല്‍ സഖാവിനെ കാണാന്‍ വന്നപ്പോള്‍ അദ്ദേഹം എന്നെ പരിചയപ്പെടുത്തിയത് താങ്കളുടെ കാര്‍ട്ടൂണ്‍ ആരാധിക എന്നു പറഞ്ഞായിരുന്നു. വെട്ടിയൊട്ടിച്ച ചിത്രങ്ങളൊക്കെയും യേശുദാസന്‍ പുഞ്ചിരിയോടെ നോക്കിക്കണ്ടു. സഖാവുമായി വളരേ നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിനും കുടുംബത്തിനും. സഖാവ് അന്തരിച്ചപ്പോള്‍ ഉടന്‍ തന്നെ വരയിലെ നായനാര്‍ എന്ന പേരില്‍ പുസ്തകമിറക്കിയാണ് അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചത്. യേശുദാസന്‍ നിരീക്ഷിച്ചതുപോലെ ഇത്ര സൂക്ഷ്മമായി ആരും തന്നെ സഖാവിനെ നിരീക്ഷിച്ചതായി തോന്നിയിട്ടില്ല. ആ വിയോഗം വേദനയുളവാക്കുന്നു.
Content Highlights : Sarada Nayanar pays Homage to Cartoonist Yesudas
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..