ഹരിശ്രീ പഠിപ്പിച്ച് തമിഴത്തിക്കുട്ടിയെ സിനിമവരെയെത്തിച്ചു; സാറാതോമസും വത്സലാറാണിയും, ഒരപൂര്‍വസൗഹൃദം!


5 min read
Read later
Print
Share

"ഹിന്ദി ക്ലാസുകള്‍ എനിക്ക് ഉഴപ്പാനുള്ള സമയമായിരുന്നു. ഞാന്‍ മറ്റ് പുസ്തകങ്ങള്‍ വായിച്ചും മാനം നോക്കിയുമിരുന്നു. ഡിഗ്രി റിസല്‍ട്ട് വന്നപ്പോള്‍ എല്ലാവരും ജയിച്ചു. ഞാന്‍ മാത്രം തോറ്റു. ഹിന്ദിയാണ് പണിപറ്റിച്ചത്."

വത്സലാറാണിയും സാറാതോമസും | ഫോട്ടോ: മാതൃഭൂമി

'ദേശാടനക്കിളിയുടെ കൂട്ട്'എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സാറാതോമസിന്റെ ഓര്‍മക്കുറിപ്പ് വായിക്കാം...

രുത്തിക്കുന്ന് സ്‌കൂളില്‍ സെക്കന്‍ഡ് ഫോമില്‍ പഠിക്കുകയാണ് ഞാനന്ന്. ക്ലാസ് ടീച്ചര്‍ നീളന്‍ പാവാടയിട്ട ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് എന്റെയടുത്തിരുത്തി. നീണ്ട മുടി പിന്നിയിട്ട് കരിമഷിയെഴുതിയ ആ പെണ്‍കുട്ടി സുന്ദരിയാണോ എന്നൊന്നും ഞാനപ്പോള്‍ നോക്കിയില്ല. പുതിയ കുട്ടിക്കിരിക്കാന്‍ ഞാന്‍ നീങ്ങികൊടുക്കേണ്ടി വന്നു. എനിക്ക് മുഷിഞ്ഞു. ഇരിപ്പിലുള്ള എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടില്ലേ? ആ കുട്ടിയെ അവിടെയിരുത്തിയതും പോരാഞ്ഞിട്ട് ടീച്ചര്‍ എന്നോട് പറഞ്ഞു- 'ഇത് വത്സലാ റാണി. വത്സല കുംഭകോണത്തുനിന്നു വന്നതാണ്. വത്സലയെ സാറാ വര്‍ക്കി മലയാളം പഠിപ്പിക്കണം'. കുട്ടി തനി തമിഴത്തി. അച്ഛന് സ്ഥലംമാറ്റം കിട്ടി തിരുവനന്തപുരത്തെത്തിയതാണ്. മലയാളം കഷ്ടി എന്നും പറയാന്‍ പറ്റില്ല. മലയാളം പഠിപ്പിക്കാന്‍ ടീച്ചര്‍ കണ്ടുപിടിച്ച ആള് കൊള്ളാം. എനിക്ക് ചിരിവന്നു.

ക്ലാസില്‍ രണ്ടു ബെഞ്ച് നിറയെ തമിഴ് കുട്ടികളാണ്. അവരുടെ കൂടെയിരുത്തുന്നതിനു പകരം സ്വസ്ഥമായിരുന്ന എന്നെ പുലിവാലുപിടിപ്പിച്ചതെന്തിനാ? എനിക്ക് ടീച്ചറുടെയടുത്ത് ശുണ്ഠി വന്നു. അവളുടെ സൗഹൃദം ഞാനാഗ്രഹിച്ചതേയില്ല. അവളെ ആദ്യമൊക്കെ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ അവളങ്ങനെ വിട്ടുകളയാന്‍ ഒരുക്കമായിരുന്നില്ല. അവളെന്‍ മനസ്സില്‍ ഇടിച്ചങ്ങു കയറി. മുറി ഇംഗ്ലീഷിലും മുറി തമിഴിലും ഞാനവളോട് സംസാരിക്കേണ്ടിവന്നു. അവള്‍ വായാടിയായിരുന്നു. കൊച്ചുകൊച്ചു തമാശകളും സൗഹൃദങ്ങളും ഞങ്ങള്‍ പങ്കുവെച്ചു. ക്ലാസിലെ മറ്റ് തമിഴ്ക്കുട്ടികളോട് വത്സല അടുത്തതേയില്ല. വത്സലയുമായി കൂട്ടുകൂടാന്‍ തുടങ്ങിയപ്പോള്‍ അവളെ മലയാളം പഠിപ്പിച്ചുകളയാന്‍ ഞാനും തീരുമാനിച്ചു. ഞാന്‍ വീട്ടില്‍ച്ചെന്ന് അമ്മയോട് കാര്യം പറഞ്ഞു. അന്ന് ക്ഷാമകാലമായിരുന്നു.

യുദ്ധവും പട്ടിണിയുംകൊണ്ട് നാട് പൊരുതുന്ന കാലം. അമ്മ പഴയ കലണ്ടറുകളുടെ മറുഭാഗം കീറിയെടുത്തുകുത്തിക്കെട്ടി ഒരു പുസ്തകം ഉണ്ടാക്കിത്തന്നു. 'ഇതില്‍ അക്ഷരങ്ങളെഴുതി കൊടുക്കണം' - അമ്മ പറഞ്ഞു. എന്റമ്മ സാറാമ്മ കോളേജില്‍ പോയതാണ്. അന്നാചാണ്ടിയുടെ സഹോദരിയായ അമ്മയ്ക്ക് അക്ഷരങ്ങള്‍ ഏറെ പ്രിയപ്പെട്ടതായിരുന്നു. വായനയെ ഏറെ സ്‌നേഹിച്ചു അവര്‍. കുട്ടിക്കാലത്തെ വായന ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞു. വല്യമ്മ അന്നാചാണ്ടിയുടെ വിശാലമായ ലൈബ്രറിയും ഞങ്ങളെ വായനയുടെ കടലിലെത്തിച്ചു.

സാറാ തോമസ്‌ | ഫോട്ടോ: മാതൃഭൂമി

അമ്മ തുന്നിത്തന്ന പുസ്തകവും കൊണ്ട് ഏറെ അഭിമാനത്തോടെ ഞാന്‍ ക്ലാസിലെത്തി. വത്സലയ്ക്ക് ഹരിശ്രീ കുറിച്ചു. മലയാളം അക്ഷരങ്ങള്‍ ഇംഗ്ലീഷില്‍ എഴുതിക്കൊടുത്ത് ഉച്ചരിപ്പിക്കും. ഓരോ അക്ഷരവും എഴുതി, വായിപ്പിച്ചു. ചുണക്കുട്ടിയായിരുന്നു അവള്‍. അതിശയിപ്പിക്കുന്ന വേഗത്തില്‍ അക്ഷരങ്ങള്‍ സ്വന്തമാക്കി. ഭാഷ പഠിച്ചു. അവളുടെ സ്‌നേഹം കൊണ്ടാവണം വേഗം അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ തുടങ്ങി. ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് വത്സല മലയാളം അസ്സലായി വായിക്കാന്‍ തുടങ്ങി. ആരും അത്ഭുതപ്പെട്ടില്ല. പാട്ടിലും നൃത്തത്തിലും സ്‌കൂളിലെ ഏതു പരിപാടിയിലും മുന്നിലായിരുന്ന വത്സലയ്ക്ക് അതൊക്കെ അനായാസം സാധിക്കുമെന്ന് എല്ലാവരും കരുതി. വത്സല ഒരുവര്‍ഷംകൊണ്ട് മലയാളിയായി.

വത്സലയുടെ അച്ഛന്‍ അരുവിക്കര പമ്പ്ഹൗസില്‍ എന്‍ജിനീയറായിരുന്നു. അമ്മ കോളേജധ്യാപികയും. നാല് മക്കള്‍. വത്സലയുടെ വീട്ടില്‍ ഇടയ്ക്ക് ഞാന്‍ പോകും. വീട്ടിലെ ജോലിക്കാരിയെ തുണയ്ക്ക് കൂട്ടിയാവും യാത്രകള്‍. അവര്‍ ബ്രാഹ്‌മണരായിരുന്നു. ആ വീട്ടില്‍ ഭക്ഷണം പാകം ചെയ്തിരുന്നത് ഒരു പട്ടത്തി മാമിയായിരുന്നു. മാമിക്ക് ഞങ്ങള്‍ വീട്ടിലെത്തുന്നത് ഇഷ്ടമുള്ള കാര്യമല്ല. അടുക്കളയില്‍ കയറുന്നത് പ്രത്യേകിച്ചും. ഞങ്ങള്‍ വീട്ടിലെത്തിയാല്‍ മാമി പൊരുന്ന കോഴിയെപ്പോലെയാവും. ഞങ്ങള്‍ അടുക്കളയുടെ ഭാഗത്തെങ്ങും പോകുന്നില്ലെന്ന് ഉറപ്പുവരുത്തും.

വത്സലയുടെ അമ്മ പുരോഗമന ചിന്തക്കാരിയായിരുന്നു. മാമിയുടെ വെപ്രാളം കാണുമ്പോള്‍ അവര്‍ ചിരിക്കും. അടുക്കളയില്‍ കയറിയില്ലെങ്കിലും സ്വാദുള്ള വിഭവങ്ങള്‍ ഞങ്ങള്‍ വത്സലയുടെ ഊണ്‍മേശയിലിരുന്ന് രുചിച്ചു. പൊങ്കലും ദീപാവലിയുമൊക്കെ ഒരുമിച്ചാഘോഷിച്ചു. പാട്ടിനും നൃത്തത്തിനുമൊക്കെ വത്സല മുന്നിലായിരുന്നു. എനിക്കും സ്റ്റേജില്‍ കയറണമെന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ പഴയൊരു സംഭവത്തിന്റെ ചമ്മല്‍ എന്നെ മാറ്റിനിര്‍ത്തി. ആ ഫ്‌ളാഷ് ബാക്ക് ഇടയ്ക്ക് തികട്ടിവന്നു.

മാസങ്ങള്‍ക്കു മുമ്പ് മഹാരാജാവിന്റെ തിരുനാള്‍ ദിനം. നാണ്യവിളകളെ കുറിച്ചുള്ള ഒരു ആംഗ്യപ്പാട്ടുമായി ഞങ്ങളുടെ സ്‌കൂളും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ആംഗ്യപ്പാട്ടില്‍ റബ്ബറിനെ പറ്റിയുള്ള ഭാഗം പാടുന്നത് ഞാനാണ്. വല്യമ്മച്ചി വാങ്ങിത്തന്ന റോസ് നിറത്തിലുള്ള കസവ് ജാക്കറ്റൊക്കെ അണിഞ്ഞ് ഗമയിലാണ് അന്ന് സ്‌കൂളിലേക്ക് പുറപ്പെട്ടത്. പുത്തരിക്കണ്ടം മൈതാനത്തെ സ്റ്റേജിലായിരുന്നു പരിപാടി. ആംഗ്യപ്പാട്ടിനുള്ള കുട്ടികളെയെല്ലാം ഒരു വാനില്‍ കയറ്റി കൊണ്ടുപോയി. നീലകണ്ഠന്‍ നായരെന്ന പ്രശസ്തനായ മേക്കപ്പ്മാനാണ് ഞങ്ങള്‍ക്ക് ചമയമിട്ടത്. മുഖത്ത് റോസ് പൗഡറിട്ട്, ചുണ്ടില്‍ ചായം തേച്ച് കവിളൊക്കെ ചുവപ്പിച്ചു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി. കണ്ണാടിയിലെ സുന്ദരി ഞാന്‍ തന്നെയാണെന്നു വിശ്വസിക്കാന്‍ പ്രയാസം. ചുറ്റും ഒരുപാട് കൊച്ചുസുന്ദരിമാര്‍.

ഈ വേഷത്തില്‍ ഒന്ന് അമ്മയുടെ മുന്നില്‍ ചെന്നുനില്‍ക്കണം. എന്റ മുന്‍നിരയിലെ മുടമ്പല്ലിനെയും നീണ്ട ചെവിയെയും എപ്പോഴും കുറ്റം പറയാ റുള്ള അമ്മ ഞാനെത്ര സുന്ദരിയാണെന്ന് ഒന്നു കാണട്ടെ? പരിപാടി ഒന്നു തീര്‍ന്നു കിട്ടാന്‍ ഞാനക്ഷമ കാട്ടി. ടീച്ചര്‍ വെച്ചുനീട്ടിയ ജിലേബിയും വടയും ഞാന്‍ നിരസിച്ചു. ഭക്ഷണം കഴിച്ചാല്‍ എന്റെ ചുണ്ടിലെ ചായം പരന്നാലോ? അമ്മയുടെ അടുത്തെത്താന്‍ ഞാന്‍ കാത്തിരുന്നു. വീട്ടിലെത്തി നേരേ അമ്മയുടെ മുന്നിലെത്തി ഞെളിഞ്ഞുനിന്നു. എന്നെ കണ്ടതും അമ്മ പൊട്ടിച്ചിരിച്ചു. ജോലിക്കാരി മറിയവും വന്ന് ചിരിയില്‍ പങ്കുചേര്‍ന്നു. 'എന്താ ഇത്ര ചിരിക്കാന്‍? മേക്കപ്പിട്ടപ്പോള്‍ ഞാന്‍ സുന്ദരിയായില്ലേ?' ഞാന്‍ കെറുവിച്ചു. മറിയം ഒരു കണ്ണാടി കൊണ്ടുവന്ന് എന്നെ കാണിച്ചു. ഞാന്‍ ഞെട്ടിപ്പോയി. നേരത്തെ കണ്ട സുന്ദരിക്കു പകരം മേക്കപ്പെല്ലാം വിയര്‍പ്പില്‍ കുതിര്‍ന്ന് ഒലിച്ചു പരന്ന കരിപിടിച്ച ഒരു മുഖം. കരിയും ചുമപ്പും പടര്‍ന്നിരിക്കുന്നു. എനിക്ക് കരച്ചില്‍ വന്നു. അമ്മ തന്നെ എന്നെ സമാധാനിപ്പിച്ചു. മുഖം വൃത്തിയാക്കി. ഈ സംഭവത്തിനുശേഷം മുഖത്ത് ചായംതേച്ച് സ്റ്റേജില്‍ കയറാന്‍ ഞാന്‍ മടിപിടിച്ചു.

നാടകവും നൃത്തവും പാട്ടുമൊക്കെയായി വത്സല തിരക്കിലായിരുന്നു. സ്‌കൂളില്‍ വത്സല താരമായിരുന്നു. ഇടയ്ക്ക് ചെറിയ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ തമ്മില്‍ പിണങ്ങും. പിണക്കം തീര്‍ന്നാല്‍ വത്സല എനിക്ക് പനിനീര്‍പ്പൂക്കള്‍ സമ്മാനിക്കും. പനിനീര്‍ പൂങ്കുലകള്‍ ഞാന്‍ വീട്ടില്‍ കൊണ്ടുവരുന്ന ദിവസങ്ങളില്‍ അമ്മ ചിരിക്കാന്‍ തുടങ്ങും. 'വത്സലയുമായി എന്തിനാ പിണങ്ങിയത്' അമ്മ പിടികൂടും. വിമന്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും ഞങ്ങളൊരുമിച്ചായിരുന്നു ഡിഗ്രിക്ക്. വത്സല കെമിസ്ട്രിയും ഞാന്‍ സുവോളജിയുമായിരുന്നു. ഹിന്ദിയുടെയും ഇംഗ്ലീഷിന്റെയും ക്ലാസുകള്‍ക്ക് ഞങ്ങള്‍ ഒരുമിച്ചുണ്ടാകും. ഒഴിവ് കിട്ടുമ്പോള്‍ ഞങ്ങളൊത്തുകൂടി. ഹിന്ദി ക്ലാസുകള്‍ എനിക്ക് ഉഴപ്പാനുള്ള സമയമായിരുന്നു. ഞാന്‍ മറ്റ് പുസ്തകങ്ങള്‍ വായിച്ചും മാനം നോക്കിയുമിരുന്നു. ഡിഗ്രി റിസല്‍ട്ട് വന്നപ്പോള്‍ എല്ലാവരും ജയിച്ചു. ഞാന്‍ മാത്രം തോറ്റു. ഹിന്ദിയാണ് പണിപറ്റിച്ചത്.

ഇടയ്ക്ക് വത്സല കുംഭകോണത്ത്‌പോകും. ഒരുപാട് വിശേഷങ്ങളുമായി തിരിച്ചുവരും. ഡിഗ്രി പഠനത്തിനുശേഷം വത്സലയുടെ കല്യാണം കഴിഞ്ഞു. മുറച്ചെറുക്കന്‍ രാജ്‌ഗോപാലായിരുന്നു വരന്‍. പോസ്റ്റല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പയ്യന്‍. വരന്റെ കുടവയറിനെചൊല്ലി ഞങ്ങള്‍ വത്സലയെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. കല്യാണശേഷം വത്സല മദ്രാസിലേക്ക് പോയി. മലയാളത്തിലെ എല്ലാ എഴുത്തുകാരും ഇതിനകം വത്സലയുടെ സ്വന്തക്കാരായി കഴിഞ്ഞിരുന്നു. അപാരമായ ഭാഷാനൈപുണി കൊണ്ട് വത്സല ഞങ്ങളെയൊക്കെ പലപ്പോഴും അത്ഭുതപ്പെടുത്തി.

മദ്രാസിലെ വീട്ടിലെത്തിയ വത്സല നാലു മക്കളുടെ അമ്മയായി. നാടകങ്ങളിലും സിനിമയിലും അഭിനയിച്ചു. വത്സലാറാണിയെന്ന ആര്‍ട്ടിസ്റ്റായി. മുത്തശ്ശിവേഷങ്ങളില്‍ തിളങ്ങി. 'റോജ'യില്‍ മധുബാല യുടെ കുസൃതിക്കാരിയായ സുന്ദരി പാട്ടിയായി വത്സലയെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒരുപാട് സിനിമകളില്‍ വത്സല അഭിനയിച്ചു. നടികര്‍ തിലകം അവാര്‍ഡ് വാങ്ങി. വേറെയും പുരസ്‌കാരങ്ങള്‍ കിട്ടി. ഒഴിവുകിട്ടുമ്പോള്‍ തിരുവനന്തപുരത്തേക്ക് വത്സല പറന്നെത്തി. സാറാതോമസെന്ന എഴുത്തുകാരിയുടെ പുസ്തകങ്ങള്‍ വായിച്ചു. കൊച്ചുവര്‍ത്തമാനം പറഞ്ഞിരുന്ന് തിരിച്ചുപോയി. ഇടയ്ക്ക് ഞങ്ങള്‍ സ്‌കൂള്‍ സുഹൃത്തുക്കള്‍ ഒത്തു കൂടി. സുഗതയും രാജവും വിജയലക്ഷ്മിയുമൊക്കെ ഉത്സാഹത്തോടെ വന്നു. 'ബോംബെ മാമി' എന്ന തമിഴ് സീരിയലില്‍ വത്സല അഭിനയിക്കുന്നുണ്ട്. എന്റ ഒരു കഥാപാത്രമായി അഭിനയിക്കണം എന്നൊക്കെ അവള്‍ ഇപ്പോള്‍ പറയുന്നു.

പരുത്തിക്കുന്നിലെ സ്‌കൂളിലെത്തിയ ആ മിടുക്കി പെണ്‍കുട്ടിയെ ഇപ്പോഴും എനിക്ക് കാണാം. വത്സലയെന്ന വ്യക്തിക്ക് കാലം മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഉള്ളിന്റെയുള്ളില്‍ അവളെന്റെ പഴയ വത്സല തന്നെയാണ്. ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. എല്ലാവരും പ്രിയപ്പെട്ടവര്‍. സുഗത, രാജം, വിമല, അകാലത്തില്‍ പൊലിഞ്ഞ എന്റെ അക്ഷരങ്ങള്‍ മാറ്റിയെഴുതിയ പ്രിയ കൂട്ടുകാരി വിജയലക്ഷ്മി.... ഓരോരുത്തരും ഹൃദയത്തോട് ഏറെ അടുത്തവര്‍.

വത്സലയ്ക്ക് ഞാന്‍ സൗഹൃദം വെച്ചുനീട്ടിയിരുന്നില്ല. അവള്‍ എന്റെ ഹൃദയത്തിലേക്ക് ചാടിക്കയറി വരികയായിരുന്നു. പിന്നീടവള്‍ അവിടെനിന്ന് ഇറങ്ങാനേ കൂട്ടാക്കിയില്ല. അമൂല്യമായി സൗഹൃദം സൂക്ഷിച്ച ആ തമിഴ് പെണ്‍കുട്ടിയുടെ സ്‌നേഹത്തിനു മുന്നില്‍ പലപ്പോഴും ഞാന്‍ ചെറുതാകുന്നതുപോലെ തോന്നും. അവളുടെ സ്‌നേഹത്തിനു മുന്നിലാണ് ഞാന്‍ ഒന്നുമല്ലാതാകുന്നത് എന്നോര്‍ക്കുമ്പോള്‍ അങ്ങനെയാകുന്നത് എനിക്കും സന്തോഷം. വലിയ സ്‌നേഹത്തിനുമുന്നില്‍ ഒന്നുമല്ലാതാവാന്‍ കഴിയുന്നതും ഒരു സുകൃതമല്ലേ?

തയ്യാറാക്കിയത്: പി. സനിത

(പുനഃപ്രസിദ്ധീകരിക്കുന്നത്)

Content Highlights: Sara Thomas, Vatsala Rani, Childhood memories, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
George Witman, Johnny Depp

6 min

ഏത് ജോണിഡെപ്പായാലും ജോര്‍ജ് വിറ്റ്മാന്‍ കിടന്നോളാന്‍ പറഞ്ഞാല്‍ കിടന്നോളണം!

Jul 3, 2022


M. Mukundan

3 min

സൗത്ത് എക്സ്റ്റന്‍ഷനിലെ ജീവിതാനുഭവങ്ങള്‍; 'ഞാന്‍ എഴുത്തുകാരനായത് അവിടെവെച്ചാണ്'

May 21, 2023


Kumaranasan

2 min

പാതിരാത്രിവരെ ബോട്ടിലിരുന്ന് കവിത ചൊല്ലിയശേഷം ആശാന്‍ പറഞ്ഞു; ''ഇനി ഞാന്‍ അല്പമൊന്നുറങ്ങട്ടെ...'' 

Jan 16, 2023

Most Commented