ഭര്‍തൃബലാത്സംഗവും മതതീവ്രവാദവും വ്യക്തി ആധിപത്യവും പ്രമേയമാക്കിയ സാറ അബൂബക്കര്‍


മായ കടത്തനാട്‌

ഈച്ചരവാരിയരുടെ പുസ്തകവും ബി.എം സുഹ്‌റയുടെ നോവലുകളും കന്നടത്തിലേക്ക് മൊഴിമാറ്റിയത് സാറാ അബൂബക്കറായിരുന്നു.

സാറാഅബൂബക്കർ

സാറ അബൂബക്കര്‍. കന്നട സാഹിത്യത്തില്‍ തലയെടുപ്പോടെ നിലയുറപ്പിച്ച വലിയ പേര്! ജന്മം കൊണ്ട് മലയാളിയാണെങ്കിലും സാറയുടെ ചിന്തകളും സര്‍ഗാത്മകതയും അനുഭവിക്കാനും ആസ്വദിക്കാനും യോഗവും ഭാഗ്യവുമുണ്ടായത് കന്നടയ്ക്കാണ്. കന്നടയ്ക്കും മലയാളത്തിനും ഇടയില്‍ കാസര്‍കോടിനും മംഗളുരുവിനും നടുവില്‍ തന്റെ വിദ്യാഭ്യാസം തുടരാന്‍ സാഹചര്യമുണ്ടായതാണ് സാറയെ ഒരര്‍ഥത്തില്‍ കന്നടയെഴുത്തുകാരിയാക്കിയത്. അതിനുമുമ്പേ മറ്റൊരു പുരോഗമനവാദചരിത്രം കൂടി ആ പേരിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നുണ്ട്- ആന്ധ്രപ്രദേശും കര്‍ണാടകയും കേരളവും തമിഴ്‌നാടും തെലങ്കാനയും ഉള്‍പ്പെട്ട ദക്ഷിണേന്ത്യ എന്ന ഭൂവിസ്താരത്തില്‍ മെട്രിക്കുലേഷന്‍ പാസ്സായ ആദ്യത്തെ മുസ്ലിം പെണ്‍കുട്ടിയാണ് സാറ. 1953-ല്‍ കാസര്‍കോട് ബേസല്‍ ഇവാഞ്ചലിക് മിഷന്‍ സ്‌കൂളില്‍നിന്നു പതിനൊന്നാം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയായിരുന്നു സാറ തന്റെ വിദ്യാഭ്യാസനേട്ടം കൈവരിച്ചത്. അക്കാലത്തൊക്കെ രക്ഷിതാക്കളുടെ കരുണയാല്‍ സ്‌കൂളില്‍ അയക്കപ്പെട്ടാല്‍തന്നെ അഞ്ചാം ക്ലാസ് വരെയാണ് ഒരു മുസ്ലിം പെണ്‍കുട്ടിക്ക് അനുവദിക്കപ്പെടുന്ന പരമാവധി ഉയര്‍ന്ന വിദ്യാഭ്യാസം.

അഞ്ചാം ക്ലാസ് വരെ എഴുത്തും പഠിത്തവും ശേഷം വിവാഹം എന്ന സമുദായരീതിയോട് കലഹിച്ച് ആറു മക്കളില്‍ ഏകപെണ്‍കുട്ടിയായ സാറയെ തുടര്‍ന്നു പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചത് അഭിഭാഷകനായിരുന്ന പിതാവ് അഹമ്മദ്‌ ആയിരുന്നു. അതോടെ ഇരട്ടിയായി പഠനം. പതിനൊന്നാം ക്‌ളാസ് കഴിഞ്ഞാല്‍ പിന്നെ ഇന്റര്‍മീഡിയറ്റിന് ചേരാം. അതിനുള്ള സൗകര്യം പക്ഷേ, കാസര്‍കോടില്ല, മംഗളുരു സെന്റ് ആഗ്നസ് കോളേജാണ് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനം. അവിടെ വിട്ട് കൂടുതല്‍ പഠിപ്പിക്കാന്‍ കുടുംബം പ്രോത്സാഹിപ്പിച്ചില്ല. പക്ഷേ, പിറ്റെ വര്‍ഷം സാറ മംഗ്‌ളുരുവില്‍ എത്തി. മംഗളുരു ലാല്‍ബാഗ് പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അബൂബക്കറിന്റെ വധുവായിട്ട്.

മംഗളുരുവിലെ സ്ഥിരതാമസത്തിനു മുമ്പേ സാറയ്ക്ക് കന്നട ഭാഷ വശമുണ്ടായിരുന്നു. കാസര്‍കോട് അക്കാലത്ത് മികച്ച മലയാളം മീഡിയം സ്‌കൂളുകള്‍ കുറവായതിനാല്‍ മൂന്നാം തരം വരെയുള്ള മലയാളം മീഡിയം പഠനം അവസാനിപ്പിച്ച ശേഷം നാലാം തരം മുതല്‍ കന്നട മീഡിയത്തിലാണ് സാറ പഠനം തുടര്‍ന്നത്. കന്നട സ്‌കൂളില്‍ അധികവും കൊങ്കിണി സംസാരിക്കുന്ന കുട്ടികള്‍ മാത്രമായതും സാറയെ ഭാഷാപരമായി കുഴക്കി. അതോടെ കന്നട അധ്യാപകര്‍ ക്ലാസില്‍ കന്നട മാത്രമേ പറയാന്‍ പാടുള്ളൂ എന്ന നിര്‍ബന്ധം വെച്ചു. അത് സാറയ്ക്ക് ഗുണം ചെയ്തു. മാതൃഭാഷയും അയല്‍ഭാഷയും സാറ വശത്താക്കി. സ്‌കൂളില്‍നിന്നു ലഭിച്ചിരുന്ന പുസ്തകങ്ങള്‍ കന്നട സാഹിത്യാഭിരുചി വളര്‍ത്താന്‍ സഹായകമായി. എങ്കിലും മലയാളം പുസ്തകങ്ങളെ സാറ കൈവിട്ടതുമില്ല. രണ്ട് ഭാഷകളിലുമായി പരന്ന വായനയും അറിവും കരസ്ഥമാക്കിയ സാറ, തന്റെ സമയം എഴുത്തിനായി നീക്കിവെച്ചു.

മലയാളത്തിലെ കൃതികള്‍ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ടായിരുന്നു എഴുത്തുപരീക്ഷണങ്ങള്‍ ആരംഭിച്ചത്. പി.കെ ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, മാധവിക്കുട്ടിയുടെ മനോമി ഉള്‍പ്പെടെയുള്ള കൃതികള്‍ സാറ വിവര്‍ത്തനം ചെയ്തു. കന്നട പ്രസിദ്ധീകരണങ്ങള്‍ സാറയുടെ എഴുത്തിനെ സ്വാഗതം ചെയ്തു. പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ നോവലുകള്‍ ആവശ്യപ്പെട്ടു തുടങ്ങി. തനിക്ക് ബലമായത് വിദ്യാഭ്യാസം മാത്രമാണ് എന്ന് തിരിച്ചറിവില്‍ തന്റെ സമുദായത്തിലെ സത്രീകളോട് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ നിരന്തരം സംവദിച്ചു. സ്ത്രീകള്‍ പൊതുവില്‍ നേടിയെടുക്കേണ്ടതായിട്ടുള്ള അവകാശങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതി, സാംസ്‌കാരികസദസ്സുകളിലെ സ്ഥിരം സാന്നിധ്യമായി.

കന്നട സാഹിത്യം സാറ അബൂബക്കറിന്റെ എഴുത്തുകളെയും നിലപാടുകളെയും ശരിവെച്ചു, അംഗീകരിച്ചു, പുരസ്‌കാരങ്ങള്‍ നല്‍കി. ചന്ദ്രഗിരിയ തീരനല്ലി, കദമ വിറാമ, സഹന തുടങ്ങി കിടയറ്റ നോവലുകള്‍, ചെറുകഥകള്‍, ലേഖനങ്ങള്‍... മലയാളത്തില്‍നിന്നും എട്ടോളം നോവലുകളുടെ കന്നട വിവര്‍ത്തനങ്ങള്‍... സാറയുടെ സര്‍ഗാത്മക വളര്‍ച്ചയില്‍ കുടുംബം ശക്തമായ പിന്തുണയുമായി നിലയുറപ്പിച്ചു. ചന്ദ്രഗിരി പ്രകാശന എന്ന പേരില്‍ സ്വന്തമായി പ്രസാധന സ്ഥാപനവും നടത്തി സാറ. മൂന്നുറിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ട് കര്‍ണാടക റൈറ്റേഴ്‌സ് ആന്‍ഡ് റീഡേഴ്‌സ് അസോസിയേഷന്‍ സ്ഥാപകാംഗം കൂടിയായിരുന്നു സാറ.

കാസര്‍കോട് പ്രദേശത്തെയോ കര്‍ണാടക കാസര്‍കോട് അതിര്‍ത്തിയിലെയോ മുസ്ലിം സ്ത്രീകളുടെ ജീവിതമായിരുന്നു സാറാ അബൂബക്കറിന്റെ മിക്ക രചനകളും പ്രമേയമാക്കിയിരുന്നത്. സ്വന്തം സമുദായത്തിലെ അനീതിയോടും അസമത്വത്തിനുമെതിരേ സാറയുടെ കഥാപാത്രങ്ങള്‍ നിരന്തരം കലഹിച്ചു. മതത്തിലും കുടുംബത്തിലും നിലനിന്നിരുന്ന പിതൃമേധാവിത്വത്തെ നിശിതമായി വിമര്‍ശിച്ചു. ലളിതവും റിയലിസ്റ്റിക് സ്വഭാവം പ്രകടമാക്കുന്നതുമായിരുന്നു സാറയുടെ രചനകള്‍. ഭര്‍തൃബലാത്സംഗവും മതതീവ്രവാദവും വ്യക്തി ആധിപത്യവും പ്രമേയമാക്കിയ സാറയുടെ നോവലുകള്‍ കന്നട സാഹിത്യം വിമുഖതകളില്ലാതെ ഏറ്റുവാങ്ങി.

1981-ല്‍ ലങ്കേഷ് പത്രികയില്‍ സാമുദായിക സൗഹാര്‍ദ്ദത്തെക്കുറിച്ച് ലേഖനമെഴുതിക്കൊണ്ടാണ് സാറ അബൂബക്കര്‍ എഴുത്തിലേക്ക് പ്രവേശിക്കുന്നത്. ആദ്യനോവലായ ചന്ദ്രഗിരിയ തീരദല്ലി ഇംഗ്ലീഷിലേക്ക് തുടര്‍ന്ന് മറാത്തിയിലേക്കും മറ്റനേകം ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. ലങ്കേഷ് പത്രികയിലായിരുന്നു ആദ്യനോവല്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചുവന്നത്. സ്വന്തം പിതാവില്‍നിന്നും പിന്നീട് ഭര്‍ത്താവില്‍നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന നാദിറ എന്ന പണ്‍കുട്ടിയുടെ ജീവിതം പറഞ്ഞ നോവല്‍ അതിന്റെ ആഖ്യാനസൗന്ദര്യം കൊണ്ടും ലാളിത്യം കൊണ്ടും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. നോവല്‍ വൈകാതെ തന്നെ നാടകമായി.

2011-ല്‍ ദേശീയ ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയ 'ബ്യാരി' എന്ന സിനിമ തന്റെ കഥയുടെ മോഷണമാണ് എന്നാരോപിച്ച് അവര്‍ പകര്‍പ്പകവാശ നിയമപ്രകാരം കേസു കൊടുത്തു. വിധി സാറയ്ക്കനുകൂലമായിരുന്നു. ചന്ദ്രഗിരിയ തീരദല്ലി സിനിമയാക്കാന്‍ നിര്‍മാതാക്കള്‍ എഴുത്തുകാരിയോട് അനുവാദം തേടിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. സാറയുടെ വ്രജഗലു എന്ന നോവല്‍ ദേവേന്ദ്ര റെഡ്ഢി 'സാര്‍വജ്ര' എന്ന പേരില്‍ സിനിമയാക്കുകയും ചെയ്തു. ഈച്ചരവാരിയരുടെ പുസ്തകവും ബി.എം. സുഹ്‌റയുടെ നോവലുകളും കന്നടത്തിലേക്ക് മൊഴിമാറ്റിയത് സാറ അബൂബക്കറായിരുന്നു. കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കുകയും മംഗ്‌ളുരു യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റും നല്‍കിയിട്ടുണ്ട്. ഹൊട്ടു കാന്തുവ മുന്ന എന്നാണ് ആത്മകഥയുടെ പേര്.

Content Highlights: sara aboobakkar veteran author kannada literature obituary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented