സാറാ അബൂബക്കർ | Photo: Santhosh K.K
കാസര്‍കോട്: ചന്ദ്രഗിരിക്കരയുടെ ചാരുതയും തുളുനാടിന്റെ തെളിമയും ചാലിച്ച് കഥകളെഴുതിയ 'ചന്ദ്രഗിരിത്തീരത്തെ' കഥാകാരി സാറാ അബൂബക്കര്‍ ഇനി ഓര്മ. കന്നഡഭാഷയിലെ എഴുത്തുകാരില്‍ ആദ്യ മുസ്ലിം വനിതയായി പരാമര്‍ശിക്കുന്ന പേരാണ് സാറയുടെത്. കാസര്‍കോട്ടാണ് ജനനം. വിവാഹത്തിനുശേഷമാണ് മംഗളൂരുവിലേക്ക് താമസം മാറ്റിയത്. എങ്കിലും പിറന്ന നാടിനോടുള്ള ബന്ധം എഴുത്തുകളിലൂടെയും സാംസ്കാരിക പരിപാടികളിലെ പങ്കാളിത്തം കൊണ്ടും അവര്‍ എന്നും ഉറപ്പ് വരുത്തി.
1981-ല്‍ പുറത്തിറങ്ങിയ ആദ്യ നോവലിന് അവര്‍ നല്കിയ പേര് ചന്ദ്രഗിരിയ തീരദല്ലി (ചന്ദ്രഗിരി തീരത്ത്) എന്നായിരുന്നു. മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന സാമൂഹിക അസമത്വത്തെയും അവഗണനകളെയും കുറിച്ച് പ്രതിപാദിക്കുന്ന നോവല്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ലങ്കേഷ് പത്രികയിലൂടെയാണ് ഖണ്ഡശഃ പ്രസിദ്ധീകരിച്ചത്. ഗൗരി ലങ്കേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു സാറ. മുസ്ലിം സ്ത്രീകളെക്കുറിച്ചൊരു നോവല്‍ എഴുതണമെന്ന ഗൗരിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ നോവല്‍ പിറക്കുന്നത്. അതിനെ തുടര്‍ന്ന് മതമൗലികവാദികളുടെ വിമര്‍ശനവും അധിക്ഷേപവും ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും അത്തരക്കാര്‍ക്കെതിരേ കേസ് കൊടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
വക്കീലിന്റെ മകള്‍ പട്ടാളക്കാരന്റെ പെങ്ങള്
വക്കീല്‍ അഹമ്മദ് എന്നറിയപ്പെട്ടിരുന്ന പി. അഹമ്മദിന്റെയും സൈനബിയുടെയും ആറുമക്കളില്‍ ഏക മകളായിരുന്നു സാറാ. അഞ്ച് ആങ്ങളമാരുടെ സ്നേഹവും കുടുംബത്തിന്റെ വാത്സല്യവുമറിഞ്ഞാണ് സാറ വളര്‍ന്നത്. ആങ്ങളമാരില്‍ ഒരാള്‍ പട്ടാളത്തില്‍ ലഫ്റ്റനന്റ് കേണലായിരിക്കെ പാകിസ്താനുമായുള്ള യുദ്ധത്തില്‍ വീരമൃത്യുവരിച്ച മുഹമ്മദ് ഹാഷിമാണ്. കാസര്‍കോട് ചെമ്മനാട് സ്കൂളില്‍ മലയാളം പഠിച്ച് തുടക്കം. നാലാം ക്ലാസുമുതല്‍ കന്നഡ മീഡിയം സ്കൂളായ കാസര്‍കോട് ബി.ഇ.എം.എസിലേക്ക് മാറി.
കന്നഡ സാഹിത്യമേഖലയില്‍ രചനാശൈലിയില്‍ തന്റെതായ വഴിവെട്ടിയ സാറ സാമൂഹികപ്രവര്‍ത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കര്‍ണാടക റൈറ്റേഴ്സ് ആന്‍ഡ് റീഡേഴ്സ് അസോസിയേഷനില്‍ ഒട്ടേറെ സ്ത്രീകള്‍ അംഗങ്ങളാണ്.
വിവര്‍ത്തകയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ അവര്‍ കന്നഡ-മലയാളം വിവര്‍ത്തനത്തില്‍ പാലമായി വര്‍ത്തിച്ചു. ഒട്ടേറെ പ്രമുഖ മലയാളം കൃതികള്‍ കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സാഹിത്യമേഖലിയിലെ സംഭാവനകള്‍ പരിഗണിച്ച് അനുപമ നിരഞ്ജന പുരസ്കാരം, ഭാഷാസമ്മാന്‍, രത്നമ്മ ഹെഗ്ഡെ മഹിളാ സാഹിത്യ പുരസ്കാരം, ദാനചിന്താമണി ആട്ടിമബ്ബെ പുരസ്കാരം, തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.
2011-ല്‍ പുറത്തിറങ്ങിയ, ദേശീയ പുരസ്കാരം നേടിയ 'ബ്യാരി' എന്ന സിനിമയുടെ കഥ തന്റെ ചന്ദ്രഗിരിപ്പുഴയുടെ തീരങ്ങള്‍ എന്ന നോവലിലേതാണെന്ന് വൈകിയാണ് സാറ അറിഞ്ഞത്. തന്റെ അനുമതിയില്ലാതെ നോവല്സിനിമയാക്കിയതിന് പരാതിനല്‍കി. 2018-ല്‍ മംഗളൂരു അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി സിനിമയുടെ പ്രദര്‍ശനം തടഞ്ഞു. ദേശീയ ചലച്ചിത്രമേളയില്‍ ബ്യാരിക്ക് സ്വര്‍ണകമലം ലഭിച്ചിരുന്നു.
Content Highlights: sara aboobakkar, veteran author, kannada literature
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..