'പൊറോട്ടയും ബീഫും മാത്രമല്ല കേരളത്തിലുള്ളത്, ആയിരത്തോളമുള്ള ഭക്ഷണവൈവിധ്യത്തെയാണ് ടൂറിസമാക്കേണ്ടത്'


അമ്പത് വര്‍ഷം മുമ്പ് പനയുടെ തടിയില്‍നിന്നു കഞ്ഞിയുണ്ടാക്കുമായിരുന്നു. പനയുടെ തടി കാണിച്ചുകൊണ്ട് അതിഥികളോട് നാളെ ഇതാണ് നമ്മുടെ പ്രഭാതഭക്ഷണം എന്നു പറഞ്ഞുകൊണ്ട് പനങ്കഞ്ഞി ഉണ്ടാക്കുന്ന വിധം കാണിച്ചുകൊടുത്താല്‍ അത് കാണാന്‍ ആളുകള്‍ ടിക്കറ്റെടുത്ത് ക്യൂ നില്‍ക്കും.

സന്തോഷ് ജോർജ് കുളങ്ങര

യാത്രകള്‍ക്കായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വമാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടേത്. പതിനായിരങ്ങള്‍ ചെലവാക്കിയുളള വിദൂരയാത്രകള്‍ മലയാളിക്ക് പരിചിതമല്ലാതിരുന്ന കാലത്ത്, സ്വന്തം ജീവിതത്തിന്റെ സാമ്പത്തികമായ നിലനില്‍പിനെ ഗൗനിക്കാതെ അദ്ദേഹം നടത്തിയ യാത്രകളായിരുന്നു അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍. ടൂറിസം ഉണ്ടാവുന്നത് എങ്ങനെ, എവിടെനിന്ന് തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുകയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന്റെ ഭാഗമായി നടത്തിവരുന്ന പ്രഭാഷണപരമ്പരയായ നൂറു ദേശങ്ങള്‍ നൂറു പ്രഭാഷണങ്ങള്‍ എന്ന പരിപാടിയുടെ ഭാഗമായി പാലാ സെന്റ് തോമസ് കോളേജില്‍ മലയാളിയുടെ സഞ്ചാരവഴികള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സന്തോഷ് ജോര്‍ജ് കുളങ്ങര നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം വായിക്കാം.

യാത്രകള്‍ ഇഷ്ടമില്ലാത്ത ആരുമില്ല. എന്തുകൊണ്ടാണ് നമുക്കൊക്കെ യാത്രകള്‍ ഇഷ്ടമാവുന്നത്? ലോകത്തെ അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. ഇന്ന് ഞാനിവിടെ നില്‍ക്കുന്നത് എന്റെ യാത്രകളുടെ പേരിലാണ്. സഞ്ചാരത്തിലൂടെ ഞാനെന്തെങ്കിലും ആര്‍ജിച്ചോ, ആര്‍ജിച്ചത് എനിക്ക് സമൂഹത്തിനും സംസ്‌കാരത്തിനും പകര്‍ന്നുകൊടുക്കാന്‍ സാധിച്ചോ, തുടങ്ങിയ അന്വേഷണമാണ് എന്നെ ഇന്ന് ഇവിടെ കൊണ്ടുനിര്‍ത്തിയിരിക്കുന്നത്. എന്റെ ജീവിതവീക്ഷണം തുടങ്ങുന്നത് യാത്രകളിലൂടെയാണ്. യാത്രകള്‍ക്കു മുമ്പുള്ള സന്തോഷ് ജോര്‍ജ് കുളങ്ങര എന്തായിരുന്നു എന്നു ചോദിച്ചാല്‍ പാലാ സെന്റ് തോമസ് കോളേജില്‍ പഠിക്കാന്‍ ആഗ്രഹിക്കുകയും സ്വന്തം പിതാവിന്റെ നിര്‍ബന്ധത്താല്‍ അദ്ദേഹത്തിന്റെ തന്നെ പാരലല്‍ കോളേജില്‍ പഠിക്കുകയും ഒപ്പം ശാകുന്തളം ടെലിവിഷന്‍ പരമ്പരയാക്കാന്‍ ആഗ്രഹിച്ച് തോമസ് പാലായെക്കൊണ്ട് തിരക്കഥയെഴുതിച്ച് ദൂരദര്‍ശന് അയച്ചുകൊടുത്ത് കാത്തിരുന്ന് 'സോറി' എന്നുതുടങ്ങുന്ന മറുപടിക്കത്തില്‍ തൃപ്തിയടയുകയും ചെയ്ത ഒരാളാണ്.

എന്റെ ആദ്യത്തെ യാത്ര നമ്മുടെ അയല്‍രാജ്യമായ നേപ്പാളിലേക്കായിരുന്നു. അയല്‍രാജ്യത്തേക്കുള്ള യാത്ര എന്നെ അതിശയിപ്പിച്ചുകളഞ്ഞു. അന്നും കേരളത്തിന്റെ പരസ്യവാചകം ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നതായിരുന്നു. ഇന്നും അങ്ങനെത്തന്നെയാണ്. നമ്മുടെ രാഷ്ട്രീയക്കാരും സാംസ്‌കാരികനായകന്മാരും പ്രാസംഗികരും പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നത് ഇത് ദൈവത്തിന്റെ നാട് എന്നു തന്നെയായിരുന്നു. ലോകത്തെ ഏറ്റവും പ്രകൃതി സുന്ദരമായ നാട് ഇതാണ്, ലോകത്തെ ഏറ്റവും മനോഹരമായ നാട് ഇതാണ്, ഇതിനെക്കവിഞ്ഞൊരു നാട് വേറെയില്ല, ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുന്ന നാട് ഇതാണ്, ഏറ്റവും കൂടുതല്‍ സുന്ദരിമാരും സുന്ദരന്മാരും ജീവിക്കുന്ന നാട് ഇതാണ്... പക്ഷേ ഓരോ യാത്രയും കഴിയുമ്പോഴും എനിക്കു തോന്നി ഓരോ രാജ്യവും പറയുന്നത് ഇതൊക്കെ തന്നെയാണ്. നേപ്പാളിലും എഴുതിവെച്ചിരിക്കുന്നത് ഇതൊക്കെ തന്നെയാണ്. മറ്റ് മിക്ക രാജ്യങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ് പറയുന്നത്. സ്വന്തം നാടിന്റെ ടൂറിസം മേഖലയെ വളര്‍ത്തുന്നതിനുവേണ്ടി നടത്തുന്ന വാചകങ്ങള്‍പ്പുറം ഇതിലൊക്കെ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോ എന്ന അന്വേഷണമായിരുന്നു ഞാന്‍ പിന്നീട് നടത്തിയത്.

നേപ്പാളും അയല്‍രാജ്യങ്ങളും എന്റെ ആദ്യകാല യാത്രയില്‍ പെടുന്നവയാണ്. അന്ന് ഞാന്‍ 6500 രൂപയ്ക്കായിരുന്നു നേപ്പാളില്‍ പോയത്. ഇന്ന് നിങ്ങള്‍ക്ക് 15,000 രൂപയുണ്ടൈങ്കില്‍ നേപ്പാളില്‍ പോയിട്ട് വരാം. പിന്നീട് ഞാന്‍ പോയത് മാലിദ്വീപുകളിലേക്കായിരുന്നു. 10,000 രൂപയ്ക്കാണ് അവിടേക്ക് യാത്ര ചെയ്തത്. 3000 രൂപയോളം വിമാനടിക്കറ്റിനും ബാക്കി ഭക്ഷണവും താമസച്ചെലവുമായിരുന്നു. ഇന്നും ശ്രമിച്ചാല്‍ ആ യാത്ര എല്ലാവര്‍ക്കും നടക്കും. പക്ഷേ ദീര്‍ഘദൂരയാത്രകള്‍, വിദേശയാത്രകള്‍ക്ക് ബന്ധുക്കള്‍ പണം തന്ന് സഹായിച്ചില്ലെങ്കില്‍ അസാധ്യമാണ് എന്ന് കരുതുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.

ഇന്നേവരെയുള്ള എന്റെ യാത്രകള്‍ക്ക് സഞ്ചാരം തന്നെയാണ് പണമുണ്ടാക്കിത്തന്നത്. ആദ്യകാലത്ത് എനിക്ക് നന്നായി കഷ്ടപ്പെടേണ്ടി വന്നു. ടെലിവിഷന്‍ ചാനലുകള്‍ക്ക് സഞ്ചാരം പോലൊരു പരിപാടി ആവശ്യമില്ലായിരുന്നു. ആദ്യത്തെ നാലഞ്ച് വര്‍ഷം നന്നേ കഷ്ടപ്പെട്ടു. പഠനം കഴിഞ്ഞ കാലമായിരുന്നു അത്. സഞ്ചാരം സംപ്രേഷണം ആരംഭിച്ചപ്പോള്‍ പണം കിട്ടും എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ ചാനല്‍ മുന്നോട്ടുവെച്ച വ്യവസ്ഥ സഞ്ചാരം സംപ്രേഷണം ചെയ്യാം, പക്ഷേ പ്രതിഫലം തരികയേ ഇല്ല എന്നുള്ളതായിരുന്നു. എന്റെ മുമ്പില്‍ രണ്ട് ഓപ്ഷനുകളായിരുന്നു ഉണ്ടായിരുന്നത്- ഏഷ്യാനെറ്റിലൂടെ എന്റെ പരിപാടി ലോകത്തുള്ള മലയാളികളെല്ലാം കാണും പക്ഷേ എനിക്ക് ഒന്നും ലഭിക്കില്ല. രണ്ടാമതായി എന്റെ പരിപാടി പണം കൊടുത്ത് വാങ്ങാന്‍ ആരെങ്കിലും വരുന്നതുവരെ കാത്തിരിക്കാം. ഞാന്‍ സഞ്ചാരം പ്രതിഫലമില്ലാതെ കൊടുക്കാന്‍ തീരുമാനിച്ചു. എന്റെ വിചാരം അഞ്ചാറ് മാസങ്ങള്‍ കഴിയുമ്പോള്‍ പരിപാടിക്ക് സ്‌പോണ്‍സര്‍മാര്‍ വരും അതോടെ എനിക്ക് പണം ലഭിക്കുമെന്നായിരുന്നു. പക്ഷേ ഒരു രൂപാ പ്രതിഫലമില്ലാതെ ഈ പരിപാടി നീണ്ടുപോയത് പന്ത്രണ്ട് വര്‍ഷമായിരുന്നു! ഈ പന്ത്രണ്ട് വര്‍ഷം ഞാന്‍ അതിജീവിച്ചത് മറ്റൊരു വഴിയിലൂടെയായിരുന്നു.

സഞ്ചാരം സംപ്രേഷണം ചെയ്ത് കുറച്ചുകാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചാനലിന്റെ ഓഫീസിലേക്ക് കോളുകള്‍ വന്നുതുടങ്ങി. സഞ്ചാരം എപ്പിസോഡിന്റെ സി.ഡി ഉണ്ടോ, കുട്ടികള്‍ക്ക് കാണിച്ചുകാടുക്കാനാണ്, കഴിഞ്ഞ എപ്പിസോഡ് കാണാന്‍ കഴിഞ്ഞില്ല എന്നൊക്കെയായിരുന്നു വിളിച്ചവരുടെ ആവശ്യം. ചാനലിന്റെ റിസപ്ഷനില്‍ ഇരിക്കുന്ന ജ്യോതി എന്ന സ്ത്രീ ഇല്ല എന്ന് മറുപടി പറഞ്ഞ് മടുത്തപ്പോള്‍ അവര്‍ എന്നെ വിളിച്ചു ചോദിച്ചു; നിങ്ങള്‍ക്ക് കുറച്ച് സി.ഡി ഇറക്കിക്കൂടേ, ഇവിടെ ഇല്ല എന്ന് ആളുകളോട് പറഞ്ഞു മടുത്തു. ഞാന്‍ എന്തു ചെയ്താലും പരാജയപ്പെടുന്ന കാലമാണ് അന്നൊക്കെ. ഏതു സംരംഭത്തിലേക്കിറങ്ങിയാലും കഷ്ടമാണ്. ഇനി സി.ഡിയിലേക്ക് നിക്ഷേപിച്ചാലും ഇതുതന്നെയാണ് അവസ്ഥ. എന്നാലും കുറേ എപ്പിസോഡുകള്‍ വന്ന സ്ഥിതിക്ക് സി.ഡി തന്നെ ഇറക്കിനോക്കാം എന്ന് ഞാന്‍ തീരുമാനിച്ചു.

സിനിമാ സി. ഡി 150 രൂപ കിട്ടുന്ന കാലത്ത് 3500 രൂപയാണ് ഞാനെന്റെ സഞ്ചാരം സി.ഡിക്ക് വിലയിട്ടത്! ഞാന്‍ കണക്കുകൂട്ടിയത് ഇങ്ങനെയായിരുന്നു; ഈ സി.ഡി ആരും വാങ്ങില്ല, അഥവാ ആരെങ്കിലും വാങ്ങിയാല്‍ അയാള്‍ക്ക് എന്തെങ്കിലും തകരാറുണ്ടാവും. അങ്ങനെയുള്ളവര്‍ക്ക് 3500 രൂപ വിഷയമാവില്ല. മൂന്നും നാലും സി.ഡികള്‍ ഒന്നിച്ചെടുക്കുന്നവര്‍ക്ക് 500 രൂപയൊക്കെ പരമാവധി കുറച്ചുകൊടുത്തു. പക്ഷേ എന്റെ കണക്കുകൂട്ടലിനെ മറികടന്നുകൊണ്ട് ഈ സി.ഡികള്‍ നന്നായി വിറ്റുപോയി. നൂറുകണക്കിന്, ആയിരക്കണക്കിന് സി.ഡികള്‍ വിറ്റുപോവാന്‍ തുടങ്ങി. അങ്ങനെയാണ് സഞ്ചാരം സ്വന്തം കാലില്‍ നില്‍ക്കാന്‍ തുടങ്ങുന്നതും അത് സഫാരിയായി മാറുന്നതും.

തികച്ചും സാധാരണമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യേണ്ടിയിരുന്ന എന്നെ മാറ്റിമറിച്ചതു മുഴുവന്‍ പല രാജ്യങ്ങളിലൂടെയുള്ള യാത്രകളില്‍നിന്നു ഞാന്‍ നേടിയ അനുഭവപാഠങ്ങളാണ്. ഒരിക്കല്‍ ഞാന്‍ എത്യോപ്യയില്‍ പോയി. അന്നത്തെ ആഫ്രിക്കയിലെ വളരെ ദരിദ്രരാജ്യം. എന്റെ കോളേജ് പഠനകാലത്ത് റോയിറ്റേഴ്‌സ് പുറത്തുവിട്ട ഒരു ചിത്രമുണ്ടായിരുന്നു- എത്യോപ്യയില്‍ ഒരു ഒട്ടകം ചാണകമിടാനായി നില്‍ക്കുകയാണ്, ചാണകം വീഴുന്നതും കാത്തുനില്‍ക്കുകയാണ് രണ്ട് കുട്ടികള്‍; വീണയുടന്‍ എടുത്തുതിന്നാനാണ്. ദാരിദ്ര്യത്തിന്റെ അങ്ങേയറ്റം. ഒട്ടകച്ചാണകത്തിനുവേണ്ടി വരി നില്‍ക്കുന്ന കുട്ടികളുള്ള എത്യോപ്യയുടെ ചിത്രം വളരെ വേദനിപ്പിക്കുന്നതായിരുന്നു. അതേ എത്യോപ്യയിലേക്ക് ഈയിടെ ഞാന്‍ ഒന്നുകൂടി പോയി. കേരളത്തില്‍ എക്‌സ്പ്രസ് ഹൈവേ വേണമോ വേണ്ടയോ എന്ന ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ എത്യോപ്യയിലെ എക്‌സ്പ്രസ് ഹൈവേയിലൂടെയായിരുന്നു പോയ്‌ക്കൊണ്ടിരുന്നത്. പിന്നീട് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ നല്ല ഒരു അനുഭവമുണ്ടായി. അവിടെയുള്ള നാലുവരിപ്പാതയില്‍ ട്രക്കുകള്‍, ബസ്സുകള്‍, മറ്റ് വലിയ വണ്ടികളെല്ലാം റോഡിന്റെ ഓരം ചേര്‍ന്നുകൊണ്ടാണ് പോകുന്നത്. ഓവര്‍ടേക്ക് ചെയ്യേണ്ടപ്പോള്‍ മാത്രം അവര്‍ ഹൈവേയുടെ നടുവിലേക്ക് കയറുന്നു, പിന്നെയും ഓരം ചേര്‍ന്ന് യാത്ര തുടരുന്നു. നടുവിലൂടെ പോകുന്നത് കാറുകളും അതിവേഗത്തില്‍ പോവേണ്ടുന്ന വാഹനങ്ങളും മാത്രമാണ്.

ഇത്രയേറെ ദാരിദ്ര്യമുണ്ടായിരുന്ന, ഇത്രയേറെ പ്രതിസന്ധികള്‍ തരണം ചെയ്യുന്ന, ഇന്നും നമ്മള്‍ അവികസിതം എന്നു വിശ്വസിക്കുന്ന എത്യോപ്യയില്‍ എങ്ങനെയാണ് ഇത്രയും നല്ല ഗതാഗത സംസ്‌കാരമുണ്ടായത്? റോഡില്‍ ഹോണടിക്കുന്ന ഒരു വാഹനം നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ഗോത്രവര്‍ഗക്കാരുടെ, പട്ടിണിപ്പാവങ്ങളുടെ നാട്ടില്‍ എന്തിനാണ് ഇത്രയും നല്ല ഒരു ഗതാഗതസംസ്‌കാരം! അവിടെയുള്ള വിദ്യാഭ്യാസമായിരുന്നു അതിന്റെ അടിസ്ഥാനം.

ഒരിക്കല്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ പോയത് പലതരം രാജ്യക്കാരോടൊപ്പമായിരുന്നു. ഇന്ത്യക്കാരനായി ഞാന്‍ മാത്രം. എന്നോടൊപ്പം ശ്രീലങ്കക്കാരനായ ഒരാളുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ബസ്സില്‍ പല സ്ഥലങ്ങളില്‍ പോയി കൂടെയുണ്ടായിരുന്ന ഗൈഡ് ഓരോ സ്ഥലത്തെയും സവിശേഷതകള്‍ വിവരിച്ചുതന്നു. അങ്ങനെ ഞങ്ങള്‍ ഒരു ബീച്ചിലെത്തി. പകല്‍ സമയത്തും ധാരാളം കുടുംബങ്ങള്‍ കുട്ടികളുമൊത്ത് വരുന്ന ബീച്ചില്‍ സമയം ചെലവഴിച്ചശേഷം ഞങ്ങള്‍ തിരികെ ബസ്സില്‍ കയറിയപ്പോള്‍ ശ്രീലങ്കക്കാരന്‍ താന്‍ വലിച്ചുകൊണ്ടിരുന്ന സിരഗറ്റില്‍ നിന്നും അവസാനത്തെ പുകയുമെടുത്ത് കുറ്റി നിലത്തിട്ട് ചവിട്ട് ബസ്സില്‍ കയറി. ബസ് ഡ്രൈവര്‍ തന്റെ സീറ്റില്‍ നിന്നിറങ്ങി പുറത്തേക്കുവന്ന് ശ്രീലങ്കക്കാരനെ വിളിച്ചുകൊണ്ടുപോയി ആ സിഗരറ്റ് കുറ്റി എടുപ്പിച്ച് അല്പം അകലെ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്‍ കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു- 'ഇത് ഇവിടെയല്ല ഇടേണ്ടത്, അവിടെയാണ്.' ലജ്ജയോടെ അയാള്‍ സിഗരറ്റ് കുറ്റി കുനിഞ്ഞെടുത്ത് നേരെപ്പോയി ബിന്നില്‍ നിക്ഷേപിച്ചു. ഇതൊക്കെ വിദ്യാഭ്യാസത്തിലൂടെ സാമൂഹികബോധം പകര്‍ന്നുകൊടുക്കുന്ന ഒരു സമ്പ്രദായമുള്ള നാട്ടില്‍ സംഭവിക്കുന്നതാണ്. ആ ഗുണം ലോകത്ത് എവിടെയും നിങ്ങള്‍ കാണും. എന്നാല്‍ ഏറ്റവും നല്ല വിദ്യാഭ്യാസം പകര്‍ന്നുകൊടുക്കുന്ന നാട് എന്ന് നാം അഭിമാനിക്കുന്ന കേരളത്തിലോ, ഇന്ത്യയിലോ ഈ പൗരബോധം പകര്‍ന്നുകൊടുക്കുന്നത് നമ്മള്‍ കണ്ടിട്ടില്ല എന്നത് നിരാശയോടെ, ഞെട്ടലോടെ അംഗീകരിക്കേണ്ട കാര്യമാണ്.

അമേരിക്ക അത്രയുംവിശാലമാണ്. ഇന്ത്യയുടെ മൂന്നിരട്ടിയുണ്ട്. അതുപോലെ കാഴ്ചകളുമുണ്ട്. നമ്മള്‍ കരുതുന്നതുപോലെ എല്ലാം വെള്ളക്കാര്‍ മാത്രമല്ല, ഗോത്രവര്‍ഗക്കാരുണ്ട്, സ്പാനിഷ് സംസാരിക്കുന്നവരുണ്ട്. അമേരിക്കയില്‍ പോയപ്പോള്‍ ഞാന്‍ എന്റെ സുഹൃത്തിനെ കാണാന്‍ പോയി. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം കൂടെയിരുന്ന് ഭക്ഷണം കഴിച്ച് വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ അദ്ദേഹം ഒരു അനുഭവം പങ്കുവെച്ചു- ഒരു ഞായറാഴ്ച കുട്ടികളോടൊപ്പം പുറത്ത് പോകാനായി ഇറങ്ങിയപ്പോള്‍ കാറിനടുത്ത് ഒരു പുഴു. അതിനെ ചവിട്ടിയരക്കാന്‍ തുനിഞ്ഞ അദ്ദേഹത്തോട് കുട്ടി പറഞ്ഞു: 'നോ, നോ ചെയ്യരുത്.' അപ്പോള്‍ പുഴുവിനെ തൊട്ടാല്‍ സംഭവിക്കുന്ന ചൊറിച്ചിലിനെക്കുറിച്ച് കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ച പിതാവിനോട് കുട്ടി പറയുകയാണ് 'ഇത് പുഴുവല്ല, പ്രകൃതിയാണ്.' അതും പറഞ്ഞ് ആ കുട്ടി ഒരു ഇലയെടുത്ത് അതിലേക്ക് പുഴുവിനെ ഇരുത്തി അതിന് സ്വസ്ഥമായി പോകാന്‍ കഴിയുന്ന ഇടത്തില്‍ വെച്ചു. അന്ന് ആ കുട്ടി മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് പുഴു വെറും പുഴുവല്ല പ്രകൃതി തന്നെയാണ്, അതിനെ കൊല്ലേണ്ടതല്ല എന്ന പാഠം തീര്‍ച്ചയായും അവന്റെ മാതാപിതാക്കളില്‍ നിന്നല്ല കിട്ടിയത്, മറിച്ച് സ്‌കൂളില്‍ നിന്നാണ്. വിദ്യാഭ്യാസത്തിന്റെ പലതരം അനുഭവങ്ങളിലൂടെ പൗരബോധത്തിന്റെ ഉദാത്തമായ ഭാവത്തിലൂടെയാണ് നമ്മള്‍ പലപ്പോഴും യാത്ര ചെയ്യുന്നത്. പാഠം പഠിപ്പിക്കുക എന്നതില്‍ മാത്രമായി നമ്മള്‍ പലപ്പോഴും ഒതുങ്ങിപ്പോവുന്നതായി തോന്നാറുണ്ട്. പാഠം പഠിപ്പിച്ചു തീര്‍ക്കുക എന്നതിലപ്പുറം നമ്മുടെ വിദ്യാഭ്യാസത്തില്‍ നിന്നും നമ്മുടെ ചെറുപ്പക്കാര്‍ക്ക് കാര്യമായിട്ട് ഒന്നും കിട്ടുന്നില്ല എന്ന് തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങളാണ് ഇതെല്ലാം.

പൂപ്പല്‍, ധാരാളം മഴ, പച്ചപ്പ്... ഇതൊക്കെയാണ് പ്രകൃതിസൗന്ദര്യം എന്ന് നമ്മള്‍ ധരിച്ചുവെച്ചിട്ടുണ്ട്. മഴ ഇല്ലാത്ത ഒരു സ്ഥലം, ഉദാഹരണത്തിന് ഥാര്‍ മരുഭൂമി എന്നുപറഞ്ഞാല്‍ നമ്മുടെ മനസ്സില്‍ എന്താണ് ചിത്രം? വിരസമായ, വരണ്ട ഒന്നുമില്ലാത്ത സ്ഥലം. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉല്ലസിക്കാന്‍, ആഘോഷിക്കാന്‍ വരുന്നത് മരുഭൂമികളിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എന്റര്‍ടെയ്ന്‍മെന്റ് സിറ്റികള്‍ ഉള്ളത് മരുഭൂമിയിലാണ്. ലാസ് വേഗാസ് ലോകത്തിന്റെ എന്റര്‍ടെയ്ന്‍മെന്റ് ക്യാപിറ്റലാണ്. ഒന്നിനും കൊള്ളാത്ത മരുഭൂമിയായിരുന്ന ലാസ് വേഗാസ് ആണ് നവേഡ എന്ന രാജ്യത്തിന്റെ മുഴുവന്‍ വരുമാനവും പിടിച്ചുനിര്‍ത്തുന്നത്. പതിനായിരക്കണക്കിന് മലയാളികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. ലാസ്‌വേഗാസിന്റെ തെരുവുകളിലൂടെ പതിനഞ്ച് മിനിറ്റ് നടന്നാല്‍ ചുരുങ്ങിയത് അഞ്ച് മലയാളികളെയെ നിങ്ങള്‍ കണ്ടുമുട്ടും.

ദുബായ് മരുഭൂമിയിലാണ്. അത്രയും മനോഹരമായ മറ്റൊരു സ്ഥലമുണ്ടോ? വിദ്യാഭ്യാസത്തെക്കുറിച്ചു മാത്രമല്ല, പൗരബോധത്തെക്കുറിച്ചു മാത്രമല്ല, പൂപ്പലിനെക്കുറിച്ചു പോലുമുള്ള നമ്മുടെ ചിന്തകള്‍ പലപ്പോഴും ഇടുങ്ങിയതാണ്. മഴച്ചാറ്റലും കണ്ടുകൊണ്ട് കട്ടന്‍ ചായ കുടിക്കാന്‍ പറ്റുന്ന സ്ഥലമല്ലെങ്കില്‍ അത് നല്ല സ്ഥലമേയല്ല എന്ന് നമ്മള്‍ എന്നോ ധരിച്ചുവെച്ചിരിക്കുന്നു. പ്രകൃതിയുടെ എല്ലാ ഭാവങ്ങളും സുന്ദരമാണെന്ന് നമ്മളെ ഈ യാത്രകള്‍ പഠിപ്പിക്കുന്നു.

ഒരിക്കല്‍ ഇസ്രയേലില്‍ പോയപ്പോള്‍ ആശുപത്രി സംബന്ധമായ ഒരു അനുഭവമുണ്ടായി. ആ യാത്രയില്‍ എന്റെ കുടുംബവും കൂടെയുണ്ടായിരുന്നു. എന്റെ സഹോദരന് കഠിനമായ തലവേദനയും ഛര്‍ദ്ദിയും വന്നു. അദ്ദേഹത്തിന് മൈഗ്രെയ്ന്‍ ഉള്ളതാണ്. സഹിക്കാന്‍ കഴിയാതായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തെയും കൊണ്ട് ഒരു ആശുപത്രിയില്‍ പോയി. ആശുപത്രിയില്‍ എത്തിയിട്ടും ആരും ഞങ്ങളെ മൈന്‍ഡ് ചെയ്തില്ല. ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ ഒരു ഡോക്ടര്‍ വന്നു എന്തൊക്കെയോ മരുന്ന് കുറിച്ചുകൊടുത്തു. പക്ഷേ വേദനയ്ക്ക് കുറവില്ല. അങ്ങനെ തിരികെ മുറിയിലെത്തി കയ്യിലുണ്ടായിരുന്ന പാരസെറ്റാമോള്‍ തന്നെ ശരണം പ്രാപിച്ചു. പിറ്റേന്ന് ഈ അനുഭവം ഞാന്‍ ഹോട്ടലില്‍ വെച്ച് പരിചയപ്പെട്ട ഒരാളുമായി പങ്കുവെച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: 'നിങ്ങള്‍ എന്തുകിഴങ്ങന്മാരാണ്? അസുഖം വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങളെ സ്‌കൂളില്‍ പഠിപ്പിച്ചില്ലേ? അസുഖമായാല്‍ നിങ്ങളിരിക്കുന്ന മുറിയിലെ ഫോണെടുത്ത് മെഡിക്കല്‍ സഹായത്തിനായി സ്ഥാപിച്ചിരിക്കുന്ന നമ്പര്‍ ഡയല്‍ ചെയ്യുക. അസ്വസ്ഥത എന്താണെന്ന് പറഞ്ഞാല്‍ ബന്ധപ്പെട്ട ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം ആംബുലന്‍സുമായി നിങ്ങള്‍ ഇരിക്കുന്നിടത്തേക്ക് വന്ന് ആവശ്യമായ ചികിത്സകള്‍ നല്‍കും. വേണമെങ്കില്‍ അവര്‍തന്നെ കൂടുതല്‍ ചികിത്സയ്ക്കാി സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിക്കൊള്ളും. അല്ലാതെ ഏതെങ്കിലും ആശുപത്രിയിലേക്ക് ഇടിച്ചുകയറിച്ചെന്ന് അവിടത്തെ കാഷ്യാലിറ്റിയില്‍ കുത്തിയിരിക്കുകയല്ല വേണ്ടത്!' അവിടത്തെ മെഡിക്കല്‍ സിസ്റ്റം അതാണ്. രോഗിയെയും കൊണ്ടുപോകുന്ന ആംബുലന്‍സില്‍ നിന്നാണ് രോഗത്തിന്റെ ഗൗരവം അനുസരിച്ച് ഏത് ആശുപത്രിയില്‍ പോകണം എന്നു തീരുമാനിക്കപ്പെടുന്നത്. അത് രോഗിയല്ല തീരുമാനിക്കുന്നത്.

കേരളാ മോഡല്‍ എന്ന് നമ്മള്‍ പലപ്പോഴും പറയാറില്ലേ? രോഗം വന്നാല്‍ നമ്മള്‍ കേരളത്തിലിരുന്ന് അങ്ങനെ വിളിച്ചാല്‍ എന്താണ് സംഭവിക്കുക? അവിടെയിരുന്ന് ആള് മരണപ്പെടും എന്നല്ലാതെ ഒന്നും സംഭവിക്കാന്‍ സാധ്യതയില്ല. അപ്പോള്‍ ലോകത്ത് ഏറ്റവും മികച്ച മെഡിക്കല്‍ സൗകര്യങ്ങള്‍ കൊടുക്കുന്ന നാട് എന്ന് നമ്മള്‍ അഭിമാനിക്കുന്നത് ശരിയാണോ? അതേസമയം നമ്മുടെ ജനസംഖ്യ, നമ്മുടെ പാരമ്പര്യം, നമ്മുടെ ജീവിതം ഇതെല്ലാം യാഥ്യാര്‍ഥ്യമായിത്തന്നെ നിലകൊള്ളുന്നുമുണ്ട്.

മാധ്യമപ്രവര്‍ത്തനമേഖല ഞാന്‍ നിരന്തരം പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യാറുണ്ട്. എന്റെ ജോലി അതാണല്ലോ. സഫാരി ചാനല്‍ ആരംഭിക്കുന്നതിനുമുമ്പ് വിദേശരാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ എന്റെ ഷൂട്ടിങ്ങും യാത്രയും കഴിഞ്ഞാല്‍ ഞാന്‍ നേരെ മുറിയില്‍ പോയി ടി.വി ഓണ്‍ ചെയ്ത് എല്ലാ ചാനലുകളും മാറി മാറി നിരീക്ഷിക്കും. ഉറക്കം വരുന്നതുവരെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഓരോ പ്രദേശത്തും പത്ത്മുന്നൂറ് ചാനലുകള്‍ ഉണ്ടാവും. ഓരോ പരിപാടിക്കും കളര്‍ സ്‌ക്രീന്‍ സെറ്റ് ചെയ്തിരിക്കുന്നത് എങ്ങനെയാണ്, പ്രമോകള്‍ ഉണ്ടാക്കിയിരിക്കുന്നത് എങ്ങനെയാണ്, നമ്മുടെ നാട്ടില്‍ നിന്നും വ്യത്യസ്തമായി ഇവര്‍ എങ്ങനെയാണ് ചെയ്യുന്നത്? ഇങ്ങനെയുള്ള നിരന്തരമായ അന്വേഷണങ്ങള്‍ സഫാരി ചാനല്‍ രൂപപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വാര്‍ത്താചാനലുകളും കാണാറുണ്ട്. സത്യം പറയാലോ, നമ്മുടെ നാട്ടിലേതുപോലെ മനുഷ്യരെ ന്യൂസ് റൂമില്‍ വിളിച്ചിരുത്തി തേജോവധം ചെയ്യുന്ന സംസ്‌കാരം മറ്റൊരു നാട്ടിലുമില്ല. ഏറ്റവും ശത്രുതയുള്ള ആളുകളെപ്പോലും ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ അവര്‍ സംസാരത്തില്‍ പുലര്‍ത്തുന്ന മാന്യതയുണ്ട്. ഒഫന്റഡാവാതെ സംസാരിക്കുന്നത് എങ്ങനെയാണെന്ന് കണ്ടുപഠിക്കുക തന്നെ വേണം. ഇങ്ങനെയല്ല മാധ്യമപ്രവര്‍ത്തം എന്ന് പറയാനുള്ള ധൈര്യം ഇവിടെ ചര്‍ച്ചയ്ക്ക് വന്നിരിക്കുന്നവര്‍ക്കുമില്ല. കാരണം അവര്‍ മാധ്യമങ്ങളുടെ സൗജന്യത്തിലാണ് ജീവിക്കുന്നത്. പല മേഖലകളെയും എടുത്ത് പരിശോധിക്കുമ്പോള്‍ യാത്രകളില്‍ നിന്നും കിട്ടുന്ന ദീര്‍ഘവീക്ഷണങ്ങളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

കേരളത്തിലെ പ്ലാനിങ് ബോര്‍ഡിലെ ടൂറിസം, സ്‌പോര്‍ട്‌സ്, യുവജനകാര്യം തുടങ്ങിയവയില്‍ ചുമതലയുള്ള അംഗമാണ് ഞാന്‍. ടൂറിസം സംബന്ധമായ പുതിയ പ്രൊജക്ടുകള്‍ക്കെല്ലാം അപ്രൂവല്‍ കൊടുക്കുന്നത് പ്ലാനിങ് ബോര്‍ഡാണ്. പലപ്പോഴും ബന്ധപ്പെട്ടവര്‍ വിളിക്കും- 'നമ്മുടെ നാട്ടില്‍ ഒരു ഗംഭീരവെള്ളച്ചാട്ടമുണ്ട്. ഒരു ലോകോത്തര ടൂറിസ്റ്റ് വെള്ളച്ചാട്ടമായി മാറാന്‍ സാധ്യതയുള്ള സ്ഥലമാണ്. ഒരു ദിവസം വരണം, അതേക്കുറിച്ച് പഠിക്കണം'. ചെല്ലുമ്പോള്‍ ജൂണ്‍, ജൂലായ്, ഓഗസ്റ്റ് വരെ, അതായത് അടഞ്ഞ മഴയുള്ളപ്പോള്‍ മാത്രം നിര്‍ത്താതെ ഒരു കയ്യാലപ്പുറത്തുനിന്നും വെള്ളം ചാടുകയാണ്! ഇത് ലോകോത്തരമായ ടൂറിസം കേന്ദ്രമാവുമെന്നാണ് നാം വിശ്വസിക്കുന്നത്! വെള്ളച്ചാട്ടം കാണലല്ല ടൂറിസം. അതിന്റെയൊക്കെ കാലം കഴിഞ്ഞുപോയി. ജീവിതം അനുഭവിക്കുക എന്നതാണ് ടൂറിസം.

ലോകോത്തരമായ ടൂറിസംകേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതാണ് തായ്‌ലാന്റ്. നിങ്ങള്‍ ധരിച്ചുവെച്ചിരിക്കുന്ന ടൂറിസം അല്ല തായ്‌ലാന്റിലെ യഥാര്‍ഥ ടൂറിസം. അത് വളരെ ചെറിയൊരു അംശം മാത്രമേയുള്ളൂ. ടൂറിസത്തിന്റെ വ്യത്യസ്തമായ സാധ്യതകളാണ് അവിടെ കാണുക. തായ്‌ലാന്റില്‍ പോയപ്പോള്‍ ഞാന്‍ ഇന്നത്തെ എണ്ണായിരം രൂപയ്ക്ക് ഒരു വില്ലേജ് ടൂറിന് പോകാന്‍ തീരുമാനിച്ചു. തായ്‌ലാന്റിലെ ഗ്രാമീണക്കാഴ്ചകള്‍, കൃഷികള്‍, ജീവിതങ്ങള്‍ തുടങ്ങിയവയെല്ലാം കാണാം. പുലര്‍ച്ചെ നാലരമുതല്‍ വൈകിട്ട് വരെയാണ് യാത്ര. ഞാനൊഴികെ ബാക്കിയെല്ലാവരും സായ്പ്പുമാരാണ്. ഞങ്ങള്‍ എല്ലാവരും യാത്ര തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ വനം പോലൊരു പ്രദേശത്ത് വണ്ടി നിര്‍ത്തി ഗൈഡ് പറയാന്‍ തുടങ്ങി: 'ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ടയര്‍. ഈ ടയര്‍ ഉണ്ടാകുന്നത് റബ്ബറില്‍ നിന്നാണ്. റബര്‍ ഉണ്ടാവുന്നതാവട്ടെ ഒരു മരത്തില്‍ നിന്നും. ആ മരമാണ് ഇത്.' സായ്പ്പുമാര്‍ വൗ എന്നൊക്കെപ്പറഞ്ഞ് അന്തംവിട്ടു നില്‍ക്കുമ്പോള്‍ ഒരാള്‍ വന്ന് റബര്‍ വെട്ടാന്‍ തുടങ്ങി. മരങ്ങാട്ടുപള്ളിയില്‍ ഒട്ടുപാലും പെറുക്കി നടന്നിരുന്ന ഞാനാണ് റബര്‍ വെട്ടുന്നതും കണ്ടുനില്‍ക്കുന്നത്! റബര്‍ പാലെടുത്ത് ഉറയൊഴിച്ച് ഷീറ്റാക്കി കാണിക്കുന്നതുവരെ, പതിനൊന്ന് മണിവരെ, ഞങ്ങള്‍ അവിടെ നിന്നു.

അടുത്തതായി കൊണ്ടുപോയത് അതിലും രസകരമായ സ്ഥലത്തേക്കായിരുന്നു. ഗൈഡ് തുടങ്ങി: 'നിങ്ങള്‍ ന്യൂഡില്‍സ് കഴിച്ചിട്ടുണ്ടാവും, റൈസ് കഴിച്ചിട്ടുണ്ടാവും പക്ഷേ അരി എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് കണ്ടിട്ടുണ്ടോ?' സായ്പ്പുമാര്‍ ആവേശത്തോടെ അരിയുണ്ടാക്കുന്നത് കാണാന്‍ നടന്നു. ശനിയും ഞായറും സ്‌കൂള്‍ അവധിയുണ്ടാകുമ്പോള്‍ എനിക്കൊരൊറ്റ പണിയേ ഉണ്ടായിരുന്നുള്ളൂ, പുഴുങ്ങി ഉണക്കിവെച്ചിരിക്കുന്ന നെല്ല് കുത്താന്‍ കൊണ്ടുക്കൊടുക്കുക! ഉച്ചകഴിഞ്ഞ് തായ്‌ലാന്റിലെ ഗ്രാമത്തില്‍ അതായിരുന്നു അന്ന് പരിപാടി. അവിടെ ഒരു നിലം ടൂറിസ്റ്റുകള്‍ക്കായി ഒരുക്കി വെച്ചിട്ടുണ്ട്. അവരുടെ കയ്യില്‍ ഓരോ കറ്റ ഞാറ് അങ്ങ് വെച്ചുകൊടുക്കും. എനിക്കും കിട്ടി ഒരു കറ്റ. ചേറില്‍ ഇറങ്ങി നട്ടോളാന്‍ പറഞ്ഞു. സായ്പ്പന്മാര്‍ പാട്ടുപാടി ആഘോഷത്തോടെ നടാന്‍ തുടങ്ങി. ഇവര്‍ കയറിപ്പോവുമ്പോഴേക്കും അടുത്ത ടീം തയ്യാറായി നില്‍ക്കുന്നുണ്ടാവും. അപ്പോഴേക്കും ഞാറ് നടീല്‍ സംഘാടകരില്‍ ഒരാള്‍ ഓടിപ്പോയി നട്ട ഞാറെല്ലാം പറിച്ചെടുത്ത് വീണ്ടും കറ്റയാക്കി വെക്കും. അത് അടുത്ത ടീമിന് കൊടുക്കും. അവരും നടും, ആഘോഷിക്കും. വേറൊരു ഭാഗത്ത് നെല്ല് കുത്തി അരിയാക്കി വെച്ചിട്ടുമുണ്ട്. ഉച്ചയ്ക്കുള്ള ഭക്ഷണം അരി കൊണ്ടുള്ളവയാണ്. അത് ആവേശത്തോടെ ആഹ്‌ളാദത്തോടെ എല്ലാവരും കഴിച്ചു.

ഉച്ച കഴിഞ്ഞ് ഒരു ഗോത്രഗ്രാമത്തിലേക്കാണ് പോയത്. ഈ യാത്രയെല്ലാം കഴിഞ്ഞ് തിരികെപ്പോരുമ്പോള്‍ ഞാന്‍ ചിന്തിച്ചു: ഒരാള്‍ക്ക് എണ്ണായിരം രൂപ തോതില്‍ വാങ്ങി ഈ കാഴ്ചകളെല്ലാം കാണിക്കാന്‍ കേരളത്തില്‍ എത്ര പേര്‍ക്ക് പറ്റും? കേരളത്തില്‍ ടൂറിസം വളരാന്‍ മലയുടെ മുകളില്‍നിന്നു താഴോട്ട് നോക്കുകയല്ല വേണ്ടതെന്നും കേരളത്തിലെ റബര്‍ തോട്ടങ്ങളിലും നെല്‍പ്പാടങ്ങളിലും ടൂറിസം വളര്‍ത്താനുള്ള സാധ്യതകള്‍ ആലോചിക്കുകയാണ് വേണ്ടതെന്നും ഞാന്‍ തിരിച്ചറിഞ്ഞത് അത്തരം യാത്രകളിലൂടെയാണ്.

രാഷ്ട്രീയം ലോകത്ത് എല്ലായിടത്തും ഒരേ പോലെയാണ്, ഒരേ സ്വഭാവവും. പക്ഷേ, രാഷ്ട്രീയ സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ട്, രാഷ്ട്രീയക്കാരുടെ സ്വഭാവസവിശേഷതകള്‍ക്ക് മാറ്റമുണ്ട്. ഞാനൊരിക്കല്‍ ഹെല്‍സിങ്കി നഗരത്തിലെ ഒരു ചത്വരത്തിനു മുന്നിലായി നില്‍ക്കുകയായിരുന്നു. ഹെല്‍സിങ്കി ഫിന്‍ലന്റിന്റെ തലസ്ഥാനമാണ്. എല്ലാവരും നടക്കുകയും സൈക്കിളില്‍ പോവുന്നുമൊക്കെയുണ്ട്. ചത്വരത്തിലേക്ക് ആരും വണ്ടി കൊണ്ടുവരില്ല. നടക്കാനുള്ള സ്ഥലമാണ്. സൈക്കിളില്‍ ഒരാള്‍ വന്ന്, മറ്റൊരാളുടെ പുറത്തുതട്ടുന്നു, 'ഹൗ ആര്‍ യൂ മാന്‍' എന്നുചോദിച്ചുകൊണ്ട് പോകുന്നു. അപ്പോള്‍ അടുത്തുള്ള കടക്കാരന്‍ ചോദിച്ചു, അതാരാണ് എന്നറിയാമോ? ഞങ്ങളുടെ പ്രസിഡണ്ടാണ്. ഒരു രാജ്യത്തിന്റെ പ്രസിഡണ്ടാണ് ആ പോയിരിക്കുന്നത്! ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡണ്ടിനെ നമുക്ക് അങ്ങനെയൊന്നു സങ്കല്പിച്ചു നോക്കിയാലോ! നമ്മള്‍ കെട്ടുകാഴ്ചകളിലാണ് കൂടുതല്‍ വിശ്വസിച്ചിരിക്കുന്നത്. അവിടെ അതല്ല, ലാളിത്യമാണ് മുഖമുദ്ര.

ബരാക് ഒബാമ മത്സരിക്കുന്ന കാലത്ത് ഞാന്‍ അമേരിക്കയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇദ്ദേഹം ആരാണെന്ന് സത്യത്തില്‍ എനിക്കറിയില്ല. ഞാന്‍ അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടിട്ടില്ല. നീണ്ട നാലു ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഫ്‌ളോറിഡയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസിനു മുന്നിലാണ് ഞാനൊരു പോസ്റ്റര്‍ കണ്ടത്! ഇതല്ലാതെ വഴിയിലോ ചുവരിലോ മറ്റേതെങ്കിലും സ്ഥലത്തോ ഞാന്‍ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ഥിയുടെ ഒരു പോസ്റ്റര്‍ പോലും കണ്ടിട്ടില്ല; വളര്‍ന്നിട്ടില്ല അമേരിക്ക, തീരേ വളര്‍ന്നിട്ടില്ല!

ഇന്ത്യയില്‍നിന്ന് ഒരു കാലത്ത് അടിമകളായിട്ട് ആളുകളെ കയറ്റിക്കൊണ്ടുപോയ രാജ്യമാണ് ഫിജി. അന്നത്തെ അടിമകള്‍ ഇന്നത്തെ ഉടമകളായി. ഇലക്ഷന്‍ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഞാന്‍ പോയത്. അവിടെ ആ നാട്ടുകാരായ ഗോത്രവര്‍ഗക്കാരുണ്ട്, നമ്മുടെയാളുകള്‍ ഉണ്ട്. പ്രാമുഖ്യം കൊടുക്കുന്നത് അവിടുത്തുകാര്‍ക്കു തന്നെയാണ്. ഈയിടെ ഇലക്ഷന്‍ ഉണ്ടായിരുന്നുവെന്നും അത് കഴിഞ്ഞുവെന്നും ഡ്രൈവര്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. ഒരൊറ്റ പോസ്റ്റര്‍ പോലും കാണാനില്ല! കട്ടൗട്ടുകളില്ല. പോസ്റ്ററൊട്ടിച്ച്, ഒട്ടിച്ചത് വീണ്ടും പറിച്ച്, ഫ്‌ളക്‌സ് തൂക്കി നാട് വൃത്തികേടാക്കിയിട്ടുള്ള ഒരു പരിപാടി അവര്‍ക്കില്ല. നമ്മുടേതാണെങ്കിലോ പതിറ്റാണ്ടുകളോളം പോസ്റ്ററുകളും ഫ്‌ളക്‌സുകളും ചുവരിലും മതിലിലും കിടന്ന്, മുഷിഞ്ഞ്, കരിമ്പനടിച്ച്, കീറി അങ്ങനേ കിടക്കും. ഈ പോസ്റ്ററും ഫ്‌ളക്‌സും ബാനറും മാറ്റിയാല്‍ത്തന്നെ കേരളം സുന്ദരമാവും. യാത്രകള്‍ ചെയ്യുമ്പോള്‍ ബസ്സില്‍ പാട്ടുപാടി, ലേസര്‍ ലൈറ്റുകളുടെയും ആല്‍ക്കഹോള്‍ ലഹരിയുടെയും കൂടെയല്ല യാത്ര ചെയ്യേണ്ടത്. നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന, ലോകത്തെ കോടാനുകോടി മനുഷ്യരുടെ ജീവിതത്തെ സ്വാധീനിക്കുന്ന അനുഭവങ്ങളിലൂടെ യാത്ര ചെയ്ത് നിങ്ങളുടെ ആശയങ്ങള്‍ രൂപീകരിക്കുന്ന യാത്രയ്ക്കാണ് സഞ്ചാരം എന്ന് പേരിടേണ്ടത്.

നമ്മുടെ കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഏതെങ്കിലും ഒരു ഗ്രാമം; ആ ഗ്രാമത്തിന്റെ സൃഷ്ടികള്‍ സുന്ദരമാണ്, മനോഹരമാണ്, ലോകോത്തരമാണ് എന്ന് നമുക്ക് തോന്നുവാന്‍ സാധ്യത വളരെ കുറവാണ്. ഒരു സര്‍ക്കാര്‍ ആശുപ്രതിയുടെ കെട്ടിടം, ഒരു പഞ്ചായത്ത് ഓഫീസ് കെട്ടിടം എങ്ങനെ ഏറ്റവും മോശമാക്കി പണിയാം എന്ന് ഗവേഷണം നടത്തുന്നവരാണ് നമ്മള്‍. സൗന്ദര്യത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പം തന്നെ മഹാബോറാണ്. വിദേശനാടുകളില്‍ കെട്ടിടങ്ങളും വീടുകളും പണിയുന്ന രീതികള്‍ നിങ്ങള്‍ക്ക് സെര്‍ച്ച് ചെയ്താല്‍ അറിയാന്‍ പറ്റും. കേംബ്രിഡ്ജ്‌, ഓക്‌സ്ഫഡ്, എം.ഐ.ടി.പോലുള്ള സര്‍വകലാശാലകളുടെ വാസ്തുഭംഗി നോക്കൂ. അതൊരു കലാസൃഷ്ടി തന്നെയാണ്. അവിടേക്ക് പഠിക്കാന്‍ ചെല്ലുന്ന കുട്ടികളില്‍ ആ സ്ഥാപനങ്ങള്‍ നല്‍കുന്ന ഒരു വികാരമുണ്ട്. കെട്ടിടങ്ങള്‍ കാണുമ്പോള്‍പോലും നമുക്ക് ആവേശമുണ്ടാവണം. കെട്ടിടങ്ങളാണ് പട്ടണങ്ങളെ ഉണ്ടാക്കിയിരിക്കുന്നത്. ആ പട്ടണങ്ങളാണ് നിങ്ങളെ വിദേശത്തേക്ക് ആകര്‍ഷിക്കുന്നതില്‍ പ്രധാന ഘടകം. 1950-കളില്‍ കേരളത്തില്‍ സ്ഥാപിതമായിട്ടുള്ള കലാലയങ്ങളില്‍ നിങ്ങള്‍ക്ക് ഒരു സൗന്ദര്യം കാണാം. പക്ഷേ 2020-ന് ശേഷം പണി കഴിപ്പിച്ച കെട്ടിടങ്ങളുടെ സൗന്ദര്യം എന്താണ്? സ്വിറ്റ്‌സര്‍ലാന്റിലേക്ക് നിങ്ങള്‍ പോകാനാഗ്രഹിക്കുന്നത് അവിടത്തെ ഓരോ വഴികള്‍ പോലും ദിവസവും വൃത്തിയാക്കുന്നതു കൊണ്ടാണ്.

നമ്മുടെ വിദ്യാലയങ്ങളില്‍ സൗന്ദര്യബോധം പഠിപ്പിക്കേണ്ടതുണ്ട്. ഒരു പെയ്ന്റിംഗ് എങ്ങനെ ആസ്വദിക്കണം എന്ന് നമ്മളെ ഇന്നേവരെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? ഒരു കലാരൂപത്തെ ഏങ്ങനെ ആസ്വദിക്കണമെന്ന് നമ്മള്‍ക്കാരെങ്കിലും പറഞ്ഞുതന്നിട്ടുണ്ടോ? ലോകത്തെവിടെയും അത് പഠിപ്പിക്കുന്നില്ല. കല എങ്ങനെയാണ് ഉണ്ടാക്കേണ്ടത്, സൗഹൃദം എങ്ങനെയായിരിക്കണം എന്ന് ആരും ആരെയും പഠിപ്പിക്കുന്നില്ല. എല്ലാവരെയും ഡാന്‍സ് പഠിപ്പിക്കുന്നു, ഡാന്‍സ് എങ്ങനെ ആസ്വദിക്കണമെന്ന് പഠിപ്പിക്കുന്നില്ല. എല്ലാവരെയും സംഗീതം പഠിപ്പിക്കുമ്പോള്‍ സംഗീതം എങ്ങനെ ആസ്വദിക്കണമെന്ന് നാം പഠിക്കുന്നില്ല.

കലയെ എങ്ങനെ ആസ്വദിക്കണമെന്ന് പഠിപ്പിക്കാതെ, കലയുടെ ആസ്വാദകരെ സൃഷ്ടിക്കാതെ, കലാകാരന്മാരെ സൃഷ്ടിച്ചിട്ട് എന്താണ് കാര്യം? ഉപഭോക്താവിനെ സൃഷ്ടിക്കാതെ ഒരു ഉത്പന്നം ഇറക്കുന്നതുപോലെയാണ് അത്. നമുക്ക് ധാരാളം യൂത്ത് ഫെസ്റ്റിവലുകളുണ്ട്, തങ്ങളുടെ ക്ലാസില്‍ ധാരാളം പ്രതിഭകള്‍ ഉണ്ടെന്ന് അധ്യാപകര്‍ അഭിമാനിക്കും. ഇവര്‍ക്ക് ഒരു വേദി എവിടെയാണ് കിട്ടുക? പത്താം ക്ലാസിനു ശേഷം ഈ പ്രതിഭകള്‍ എവിടെപ്പോകുന്നു എന്ന് നമ്മള്‍ അന്വേഷിച്ചിട്ടുണ്ടോ? ലോകത്തെ ഏറ്റവും വലിയ കലാമേളയായ സ്‌കൂള്‍ യുവജനോത്സവം ഗംഭീരമായി നടത്തിയിട്ടും ലോകത്തിലെ ഏറ്റവും വലിയ കലാകാരന്മാരെ നമ്മള്‍ എന്തുകൊണ്ട് സൃഷ്ടിക്കുന്നില്ല? ബുക്കര്‍ പ്രൈസോ നൊബേല്‍ സമ്മാനമോ കിട്ടിയ എത്ര സാഹിത്യപ്രതിഭകളെ നമ്മുടെ സ്‌കൂളുകള്‍ സൃഷ്ടിച്ചു? നമ്മുടെ നേട്ടങ്ങള്‍ ലോകത്തിന്റെ നെറുകയിലാണെന്ന് പറയുന്നവര്‍ ഇതെല്ലാം വിസ്മരിച്ചുകളയുന്നു. ഏറ്റവും പൂര്‍ണതയുള്ള, വിവേകമുള്ള, കലാബോധമുള്ള, പൗരബോധമുള്ള മനുഷ്യരെ സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസം. ഇതെല്ലാമൊഴികെ ബാക്കിയെല്ലാം നാം വിദ്യാഭ്യാസത്തിലൂടെ നേടുന്നുമുണ്ട്.

മറ്റ് സ്ഥലങ്ങള്‍ക്കില്ലാത്തതായ കുറേ സമ്പത്തുകള്‍ നമ്മുടെ കേരളത്തിനുണ്ട്. നമുക്കൊരു സംസ്‌കാരമുണ്ട്. കേരളത്തിന്റേതായ ജീവിതചര്യയുണ്ട്, കേരളത്തിന്റേതായ കാര്‍ഷികസംസ്‌കാരമുണ്ട്, കേരളത്തിന്റേതായ കലാരൂപങ്ങളുണ്ട്, കേരളത്തിന്റേതായ ഭക്ഷണവൈവിധ്യങ്ങളുണ്ട്, ആയുര്‍വേദം പോലുള്ള ജീവിതചര്യയുമായി ബന്ധപ്പെട്ട ചില പ്രത്യേക ഉത്പന്നങ്ങളുണ്ട്. ഇതെല്ലാമുള്ള കേരളീയ ഗ്രാമീണാനുഭവങ്ങള്‍ കൃത്യമായി ഷോകേസ് ചെയ്യുകയും അതിനെ ഗംഭീരമായി മാര്‍ക്കറ്റ് ചെയ്യുകയും ആളുകളെ കൊണ്ടുവരാന്‍ കഴിയുന്ന ടൂറിസം ഫെയറുകള്‍ സംഘടിപ്പിക്കുകയും ചെയ്താല്‍ കേരളവും ടൂറിസത്തിലൂടെ വളരുന്ന നാടായി മാറും.

അമ്പത് വര്‍ഷം മുമ്പ് പനയുടെ തടിയില്‍നിന്നു കഞ്ഞിയുണ്ടാക്കുമായിരുന്നു. പനയുടെ തടി കാണിച്ചുകൊണ്ട് അതിഥികളോട് നാളെ ഇതാണ് നമ്മുടെ പ്രഭാതഭക്ഷണം എന്നു പറഞ്ഞുകൊണ്ട് പനങ്കഞ്ഞി ഉണ്ടാക്കുന്ന വിധം കാണിച്ചുകൊടുത്താല്‍ അത് കാണാന്‍ ആളുകള്‍ ടിക്കറ്റെടുത്ത് ക്യൂ നില്‍ക്കും. പനത്തടിയില്‍നിന്നു പൊടിയെടുത്ത് വെള്ളത്തില്‍ അരിച്ച് ഉണക്കിയെടുത്ത് വെള്ളത്തിലിട്ട് കുറുക്കുമ്പോള്‍ കിട്ടുന്ന പുഡ്ഡിങ് പോലുള്ള വിഭവം ഇന്ന് ഏറ്റവും പുതിയതു തന്നെയാണ്. അങ്ങനെ അനേകം വിഭവ വൈവിധ്യങ്ങളുണ്ട്, അത്ഭുതങ്ങളുണ്ട്. ഇഡ്ഢലി കഴിഞ്ഞാല്‍ പൊറോട്ടയും ബീഫും മാത്രമല്ല കേരളത്തില്‍ ഉണ്ടാക്കുന്നത്. കേരളത്തിന്റെ ഭക്ഷ്യവൈവിധ്യങ്ങളില്‍ ആയിരക്കണക്കിന് വിഭവങ്ങളുണ്ട്. അവ തിരഞ്ഞെടുക്കണം, മനോഹരമായി അവതരിപ്പിക്കണം. ഭക്ഷണം എന്നു പറയുന്നതാണ് ടൂറിസത്തിന്റ ഏറ്റവും പ്രധാന ഘടകം. നിങ്ങള്‍ ഏത് രാജ്യത്തുപോയാലും എന്തൊക്കെ ഒഴിവാക്കിയാലും ഭക്ഷണം വേണ്ടെന്ന് വെക്കാന്‍ പറ്റില്ല. മൂന്നു നേരവും ഭക്ഷണം കഴിച്ചിരിക്കണം. ഈ ഭക്ഷണം ഒരു ആഘോഷമാക്കി മാറ്റാന്‍ കഴിഞ്ഞാലോ? അതൊരു വിജയമായിരിക്കും!

ഏതൊരു നാട്ടില്‍പോയാലും നിങ്ങള്‍ ഒരു സഞ്ചാരിയാണെങ്കില്‍ എന്തെങ്കിലും ഒരു സാധനം വാങ്ങിയിരിക്കും. ആ നാടിന്റെ സംസ്‌കാരം പ്രതിഫലിക്കുന്ന ഒരു വസ്തു. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സമ്മാനിക്കാന്‍. കഴിഞ്ഞ ദിവസം കുവൈറ്റിലേക്ക് പോകാനായി കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. കഥകളിയുടെ തലയും ചുണ്ടന്‍ വള്ളത്തിന്റെ രൂപവുമെല്ലാം വില്‍ക്കാന്‍ വെച്ചിരിക്കുന്നു. കാലങ്ങളായി ഇവയൊന്നും കാണാറില്ലാത്തതിനാല്‍ ഇതെല്ലാം ഇവിടെ ഇപ്പോഴുമുണ്ടോ എന്ന് കടക്കാരനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ഇത് ഇവിടെനിന്നുള്ളതല്ല, യു.പിയില്‍ നിന്നുണ്ടാക്കി കയറ്റിവിട്ടതാണ്! കേരളത്തിലെ ഏതെങ്കിലും ഒരു വ്യവസായിക്കോ ടൂറിസം നടത്തുന്നവര്‍ക്കോ ഇപ്പോഴും ഇങ്ങനെയൊരു ആശയം ഉണ്ടായിട്ടില്ല.

ഷോപ്പിങ്, ഫുഡ്, ട്രാവല്‍... ഈ മൂന്നുമാണ് ടൂറിസത്തിന്റെ പ്രധാന ഘടകങ്ങള്‍. ടൂറിസത്തിലേക്ക് നമ്മള്‍ ഇറങ്ങുക തന്നെ വേണം. കാരണം അത്രയും വിഭവങ്ങള്‍ നമുക്കുണ്ട്. വെള്ളച്ചാട്ടമുണ്ടെങ്കിലേ ടൂറിസമുള്ളൂ, വന്യജീവികളുണ്ടെങ്കിലേ ടൂറിസമുള്ളൂ എന്ന ധാരണ തെറ്റാണ്. കേരളത്തിന്റെ പ്രധാന ഹൈലൈറ്റ് എന്നുപറയുന്നത് കേരളത്തിന്റെ ലൈഫാണ്. വിദേശികള്‍ ഇപ്പോഴും ഇവിടെ വരുന്നതിനുകാരണം ആയുര്‍വേദമാണ്. അല്ലാത്തതെല്ലാം വേറെ എവിടെയും കിട്ടുന്ന സാധനമാണ്.

കെനിയയിലെ മസായ് മാര എന്ന സ്ഥലത്തു പോയാല്‍ ലക്ഷക്കണക്കിന് മൃഗങ്ങളെ കാണാം. സിംഹങ്ങള്‍ ഇരയെ വേട്ടയാടുന്നത് നേരില്‍ കാണാന്‍ കഴിയും. ഇവിടെ തേക്കടിയില്‍ പോയി ഒരു പോത്തിനെ കാണണമെങ്കില്‍ രാവിലെ മുതല്‍ കാത്തുനില്‍ക്കണം. അഥവാ കണ്ടാല്‍ത്തന്നെ അത് ജന്മസാഫല്യമാണ്. അതുകൊണ്ട് കേരളത്തിലെ ബീച്ചോ കാടോ അല്ല പ്രധാന ആകര്‍ഷണം. ടൂറിസത്തിന്റെ സാധ്യതകളില്‍ ഫോക്കസ് ചെയ്ത് അതിലേക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ കേരളത്തിലെ സാധ്യതകള്‍ അനന്തമാണ്. ടൂറിസം ഹബ്ബുകള്‍ ഉണ്ടാക്കുക, ടൂറിസത്തിലേക്കുവേണ്ട കലാകാരന്മാര്‍ക്ക് അവിടെ ജോലി നല്‍കുക, അവര്‍ക്കുകൂടി ഉപജീവനമാര്‍ഗമുണ്ടാക്കുക...ഇതൊക്കെയാണ് ടൂറിസത്തിന്റെ ലക്ഷ്യങ്ങള്‍.

Content Highlights: Santhosh George Kulangara, Mbifl Lecture Series 2023, Kerala Tourism, Travel, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023

Most Commented