മണ്ണിൽത്തന്നെ അലിഞ്ഞുചേരുമായിരിക്കും. ‘സന്താൾ കുടുംബം’ സ്വന്തം ഇടങ്ങളിലേക്കു തിരിച്ചുവരുന്നതാവുമോ?


ഇ. സന്തോഷ്‌കുമാർ | esanthoshkumar@rediffmail.com

ശാന്തിനികേതനിലെ ചിത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ചുവരെഴുത്തുകളിലൂടെയുമുള്ള യാത്ര ബംഗാളി നവോത്ഥാനത്തിന്റെ അവസാനപാദത്തിലൂടെയുള്ള ഒരു പ്രദക്ഷിണമാണെന്നു പറയാം.

കൃഷ്‌ണോ ദേയ്ക്കും ഭാര്യ സുകന്യയ്ക്കൊപ്പം ലേഖകൻ മിതാലിയിൽ (ഇടത്) രാംകിങ്കർ ബേജിന്റെ ശിൽപങ്ങൾ (വലത്ത്)

ശാന്തിനികേതനിൽ ഉന്നതശീർഷരായ മരങ്ങൾ തണൽ വിരിച്ച പാതയിലൂടെ നടക്കുമ്പോൾ ചുറ്റുപാടും വിദ്യാർഥികളും അധ്യാപകരും നിർമിച്ച അനേകം ശില്പങ്ങൾ കാണാം. അവയിൽ ചിലതെങ്കിലും നമ്മുടെ ശില്പകലാചരിത്രത്തിന്റെ സാക്ഷാത്‌കാരങ്ങളാകുന്നു. ആധുനിക ഇന്ത്യൻ ശില്പകലയുടെ പരമാചാര്യന്മാരിലൊരാളായ രാംകിങ്കർ ബെയിജിന്റെ സൃഷ്ടികളിൽ പലതും ശാന്തിനികേതനിലുണ്ട്. തോളിലേന്തിയ മരത്തടിയുടെ ഒരറ്റത്ത് തുണിത്തൊട്ടിലിൽ കുഞ്ഞും മറ്റേ അറ്റത്ത് തങ്ങളുടെ പരിമിതമായ വീട്ടുപകരണങ്ങളുമായി, വളർത്തുപട്ടിയെയും ഒപ്പം കൂട്ടി സ്വന്തം ഗ്രാമം വിട്ടുപോകുന്ന ‘സന്താൾ കുടുംബം’(Santal Family) ഏറ്റവും പ്രശസ്തമാണ്. അതു നമ്മുടെ കാലത്തെയും പ്രതിനിധാനംചെയ്യുന്നതായി തോന്നും. ചുറ്റുപാടുമുള്ള മരങ്ങളെപ്പോലെ ഉയർന്നു നിലകൊള്ളുന്ന ‘സുജാത’, ഉയർത്തിയ കൈകളിൽ മുഴുവൻ കരുത്തും കേന്ദ്രീകരിച്ച്, മെതിക്കാനൊരുങ്ങുന്ന മുഖമില്ലാത്ത ‘കൊയ്ത്തുകാരി’ (the harvester), ‘ബുദ്ധൻ’, ‘ഗാന്ധി’ തുടങ്ങി ഇന്ത്യൻകലയുടെ വിഗ്രഹങ്ങൾ. ശാന്തിനികേതനിലെ ചിത്രങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും ചുവരെഴുത്തുകളിലൂടെയുമുള്ള യാത്ര ബംഗാളി നവോത്ഥാനത്തിന്റെ അവസാനപാദത്തിലൂടെയുള്ള ഒരു പ്രദക്ഷിണമാണെന്നു പറയാം.

തലേന്നു രാത്രിയാണ് അവിടെയെത്തിയത്. ജനുവരിയുടെ തണുപ്പിൽ ബോൽപുർ സ്റ്റേഷൻ പരിസരങ്ങൾ ഏറക്കുറെ വിജനമാണെന്നു കണ്ടു. വാഹനങ്ങളും കുറവായിരുന്നു. ടോടോ എന്നു പേരുള്ള ബാറ്ററിയിലോടുന്ന റിക്ഷകളിലൊന്നിൽ കയറിക്കൂടി. കുറച്ചുദൂരം പോയപ്പോൾ സംഗതി അബദ്ധമായോ എന്നു സംശയിച്ചു. ഒന്നല്ല, രണ്ടോ മൂന്നോ തണുപ്പുകാലത്തെ നേരിടാനുള്ളത്രയും മദ്യം റിക്ഷക്കാരൻ അകത്താക്കിയിട്ടുണ്ടെന്നു തോന്നി. വണ്ടി ഉയരുകയും താഴുകയും ഉലയുകയും ചിലപ്പോൾ ഊഞ്ഞാലാടുകയും ചെയ്തുകൊണ്ടിരുന്നു. റിക്ഷയിലല്ല, കാലത്തിന്റെ കുതിരപ്പുറത്താണ് ഇരിക്കുന്നതെന്നായിരുന്നു അയാളുടെ ഭാവം. തിരക്കില്ല, എന്തിനാണ് ഇത്ര വേഗമെടുക്കുന്നത് എന്നൊക്കെ പറഞ്ഞ് അയാളെ ഇണക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്തു ഫലം! അയാൾ ലഹരിയുടെ ഗിരിശിഖരങ്ങളിൽനിന്നു താഴേക്കിറങ്ങിയതേയില്ല. ശാന്തിനികേതനിലെ ആ രാത്രിയാത്ര തികച്ചും അശാന്തി നിറഞ്ഞതായിരുന്നു. ശാന്തിനികേതനും പരിസരങ്ങളും അപ്പോൾ ഉറക്കമായിരുന്നു. മിതാലി എന്ന ഹോം സ്റ്റേയിലേക്കാണ് പോകേണ്ടത്. സ്റ്റേഷനിൽനിന്ന്‌ അഞ്ചു കിലോമീറ്റർ അകലെ ഫുൽദംഗ എന്ന സന്താൾ ഗ്രാമത്തിനടുത്താണ് അത്. എഴുപത്താറുകാരനായ കൃഷ്‌ണോ ദേയും അദ്ദേഹത്തിന്റെ പങ്കാളി സുകന്യയും ചേർന്നാണ് മിതാലിയുടെ നടത്തിപ്പ്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വീട് ഒരു അതിഥിഭവനമാക്കി മാറ്റിയിട്ട് ഇപ്പോൾ പന്ത്രണ്ടുവർഷമായി.

ശാന്തിനികേതന് അടുത്ത് നൂറുകണക്കിനു ഹോട്ടലുകളും സത്രങ്ങളുമൊക്കെയുണ്ടല്ലോ, അപ്പോൾപ്പിന്നെ ഈയൊരു സ്ഥാപനത്തിന് എന്താണ് സവിശേഷത? അതിനെക്കുറിച്ചുകൂടിയാണ് ഈ കുറിപ്പ്. കഴിഞ്ഞ ലേഖനത്തിൽ പുറംനാടുകളിലേക്ക് വൺവേ ടിക്കറ്റെടുക്കുന്ന ബംഗാളി ഭദ്രലോകിനെക്കുറിച്ച് എഴുതിയിരുന്നു. ദൂരദേശങ്ങളിൽപ്പോയി താമസമാക്കി, വിട്ടുപോന്ന നാടിന്റെ ഓർമകളുമായി ജീവിക്കുന്ന വിദ്യാസമ്പന്നരായ മനുഷ്യർ. എന്നാൽ അവരിലൊരാൾ - ജീവിതത്തിന്റെ ഭൂരിഭാഗവും വിദേശത്തു ചെലവഴിച്ച് ആശയങ്ങൾകൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടുമെല്ലാം ശരിക്കും വിശ്വപൗരനായി മാറിയ ഒരാൾ- വേരുകൾ തേടി ജന്മദേശത്തേക്കു മടങ്ങിവരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും വരുന്ന അതിഥികൾക്കായി തന്റെ വീട്‌ തുറന്നുവെക്കുന്നു. അതാണ് മിതാലി. മിതാലി എന്നാൽ സൗഹൃദം. ചുറ്റുപാടും മരങ്ങൾ, പുൽത്തകിടികൾ. അവിടവിടെ ഗ്രീൻ ഹൗസുകൾ നിർമിച്ച് ജൈവകൃഷി ചെയ്യുന്നുണ്ട്. അതിൽനിന്നുള്ള പച്ചക്കറികൾ ഭക്ഷണത്തിന് ഉപയോഗിക്കുന്നു. സുകന്യ നടത്തുന്ന ബൂട്ടിക്കിൽ ബംഗാളി കൈത്തറിത്തുണികളും കൗതുകവസ്തുക്കളും വിൽപ്പനയ്ക്കുണ്ട്. ഒറ്റനോട്ടത്തിൽ മാറ്റമൊന്നുമില്ല: ടൂറിസ്റ്റു കേന്ദ്രങ്ങളോടടുത്തുള്ള, മിക്കവാറും എല്ലാ സത്രങ്ങളിലും കാണാവുന്ന പതിവുകൾ. എന്നാൽ, നോക്കൂ: മിതാലിയിൽ വരുന്ന അതിഥികൾക്ക് ഏഴു ഭാഷകളിൽ വിനിമയം സാധ്യമാണ്; ബംഗ്ലയ്ക്കും ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ഇറ്റാലിയനും സ്പാനിഷും ഫ്രഞ്ചും ജർമനും അവിടെ ചെലവാകും. കാരണം, കൃഷ്‌ണോ ദേ ലോകം മുഴുവൻ ജോലിചെയ്തശേഷമാണ് ശാന്തിനികേതനത്തിനടുത്തേക്കു തിരിച്ചെത്തിയിട്ടുള്ളത്. ആ മുറികളിലുറങ്ങുമ്പോൾ ചുവരിലെ അലമാരകളിൽ സൂക്ഷിച്ചുവെച്ച നൂറുകണക്കിനു പുസ്തകങ്ങൾ നിങ്ങൾക്കു കാവൽ നിൽക്കുന്നുണ്ടാവും. സ്വീകരണമുറിയിലും വരാന്തയിലും ഇടനാഴികളിൽ പോലും നിറഞ്ഞുതുളുമ്പുന്ന പുസ്തകപ്പറ്റം. രാഷ്ട്രീയം, ചരിത്രം, സാഹിത്യം, തത്ത്വചിന്ത, ശാസ്ത്രം, കലകൾ... ആ നിരയിൽ ഇല്ലാത്തതൊന്നുമില്ല. പ്രശസ്തരും അപ്രശസ്തരുമായ എത്രയോ ഗ്രന്ഥകാരന്മാർ, ഭാഷകൾ. പിൽക്കാലത്ത് ആഗോളപ്രശസ്തി നേടിയ എഴുത്തുകാരുടെ ആദ്യകാലരചനകൾ. എല്ലാം ആ തട്ടുകളിൽ വിശ്രമിക്കുന്നു. കുലപതികളുടെ സായന്തനം. ഒരു നൂറ്റാണ്ടുകാലത്തെയെങ്കിലും ബൗദ്ധികസ്വത്തിനെക്കൂടിയാണ് നിങ്ങൾ വന്നുതൊടുന്നത്.

കൃഷ്‌ണോ ദേയുടെ പ്രപിതാമഹനെ ചരിത്രവിദ്യാർഥികളാരും മറക്കുകയില്ല. വിപ്ലവകാരിയായിരുന്ന ബിപിൻ ചന്ദ്രപാൽ. (ബാൽ-ലാൽ-പാൽ ത്രിമൂർത്തികളിലെ പാൽ. മറ്റു രണ്ടുപേർ ബാലഗംഗാധര തിലകനും ലാലാ ലജ്പത് റായിയും). അമ്മയുടെ അച്ഛൻ ഡോ. ദ്വിജേന്ദ്ര മൊയ്‌ത്ര പ്രശസ്തനായ നേത്രരോഗവിദഗ്‌ധനായിരുന്നു. രബീന്ദ്രനാഥ ടാഗോറിന്റെ പേഴ്‌സണൽ ഡോക്ടർ. ഇദ്ദേഹവുമൊരുമിച്ചാണ് ടാഗോർ ഇംഗ്ലണ്ടിൽ പോയി, തനിക്കു നൊബേൽ സമ്മാനം കിട്ടുന്നതിൽ വലിയ പങ്കുവഹിച്ച വില്യം റോത്തൻസ്റ്റൺ എന്ന സാമൂഹികപ്രവർത്തകന്റെ വീട്ടിൽ താമസിച്ചിരുന്നത്. കൃഷ്‌ണോ ദേ 1944-ലാണ് ജനിച്ചത്. കൊൽക്കത്തയിൽ. അദ്ദേഹത്തിന്റെ അച്ഛൻ സുശിൽ ദേ ബംഗാളിലെ ആദ്യത്തെ മുഖ്യമന്ത്രി ഡോ. ബിദാൻ റോയുടെ സർക്കാരിൽ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. പിൽക്കാലത്ത് ഐ.സി.എസിൽനിന്നു രാജിവെച്ച് സുശിൽ ഐക്യരാഷ്ട്രസഭയിൽ ചേർന്നു. കൃഷ്‌ണോയുടെ വിദ്യാഭ്യാസം ഓക്സ്‌ഫഡിലും മാഞ്ചസ്റ്റർ സർവകലാശാലയിലുമൊക്കെയായിരുന്നു. പഠനത്തിനുശേഷം, 1969-ൽ അച്ഛന്റെ പാതയിൽ
യു.എന്നിൽ തന്നെ ചേർന്നു. മൂന്നു ദശകക്കാലം കൃഷ്‌ണോ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ തുടർന്നു. മൊറോക്കോയിൽ, ഇറാനിൽ, ചിലിയിൽ, ഇറ്റലിയിൽ, നേപ്പാളിൽ, സൈപ്രസിൽ, ന്യൂയോർക്കിൽ, സ്വിറ്റ്‌സർലൻഡിൽ... ചേരികളിലുള്ള മനുഷ്യരുടെ ജീവസന്ധാരണത്തിനുതകുന്ന പദ്ധതികൾക്കു വേണ്ടിയാണ് ആ പ്രവർത്തനങ്ങളേറെയും. മിതാലിയുടെ ടെറസ്സിൽ നിരത്തിയിട്ട കസേരകളിലിരുന്ന് പ്രാതൽ കഴിക്കുമ്പോൾ, കൃഷ്‌ണോ തന്റെ ജീവിതയാത്രയെക്കുറിച്ചു വിശദീകരിച്ചു. പതിഞ്ഞ ശബ്ദത്തിൽ, ബ്രിട്ടീഷ് ആക്‌സന്റിൽ, പതുക്കെ.

viswabharathi

ആ വാക്കുകളിലൂടെ ദൂരങ്ങൾ ഇല്ലാതായി, അതിർത്തികൾ മാഞ്ഞുവന്നു. യുദ്ധങ്ങളും പലായനങ്ങളും ഇടകലർന്നു. സംസാരിക്കുമ്പോൾ അദ്ദേഹം വളരെ വിഷാദവാനായി കാണപ്പെട്ടു. പോയ നൂറ്റാണ്ടുകളിൽ അഭിമുഖീകരിച്ചതിനെക്കാളെല്ലാം ഇരുണ്ട ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് മനുഷ്യവംശം എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇളം വെയിലുണ്ടായിരുന്നു. താഴെ തളത്തിൽനിന്നും രബീന്ദ്രസംഗീതത്തിന്റെ ഈണങ്ങൾ ഉയർന്നുകേട്ടു.

‘‘ഞങ്ങൾ ബ്രഹ്മസമാജക്കാരാണ്.’’ കൃഷ്‌ണോ ദേ തുടർന്നു. ‘‘മനുഷ്യരെ വേർതിരിച്ചുകാണാൻ ഞങ്ങൾക്കു സാധ്യമല്ല.’’ പത്തൊമ്പതാം നൂറ്റാണ്ടിൽ ബംഗാളിലുണ്ടായ ഏറ്റവും വിപ്ലവകരമായ മുന്നേറ്റമായിരുന്ന ബ്രഹ്മസഭ. രാജാറാം മോഹൻ റോയിക്കൊപ്പം ടാഗോറിന്റെ മുത്തച്ഛൻ ദ്വിജേന്ദ്രനാഥ ടാഗോറും അതിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. പാരമ്പര്യവാദികൾക്കിടയിൽനിന്നു വലിയ എതിർപ്പുകൾ അവർ ഏറ്റുവാങ്ങി. ഇപ്പോഴും ബ്രഹ്മസമാജക്കാരായ കുറച്ചുപേർ ബംഗാളിലുണ്ടെന്നു കേട്ടിരുന്നു. ഇതാ ഇപ്പോൾ അവരിലൊരാളെ ആദ്യമായി കാണുകയാണ്. കൃഷ്‌ണോയുടെ അമ്മ ശില്പിയായിരുന്നു. സഹോദരിയാവട്ടെ, ഇറ്റലിയിൽ പഴയകാല ചിത്രങ്ങൾ, ശില്പങ്ങൾ ഇവയെയെല്ലാം നവീകരിക്കുന്ന ജോലിയിലാണ്. അമ്മ മൊറോക്കോയിൽനിന്നു സമ്പാദിച്ച മൂറിഷ് കലാമാതൃകകളുടെയും മകൾ സ്വായത്തമാക്കിയ റോമൻ ചിത്രകലയുടെയും സംഗമം അതുകൊണ്ടുതന്നെ നമുക്കു മിതാലിയിൽ കാണാം. അവർ രണ്ടുപേരും ഈ ഭവനത്തിന്റെ നിർമിതിയിൽ വലിയപങ്കു വഹിച്ചിട്ടുണ്ട്.

ബന്ധുക്കളെല്ലാം വിദേശരാജ്യങ്ങളിൽ തുടർന്നപ്പോൾ കൃഷ്‌ണോ നാട്ടിലേക്കു മടങ്ങി വന്നു. വിശാലമായൊരു ദേശീയതയെ സ്വപ്നം കണ്ടിരുന്ന മഹാകവിയുടെ അയൽപ്പക്കത്തേക്ക്. വെറുംകൈയോടെയായിരുന്നില്ല മടക്കം. പോയിടത്തുനിന്നെല്ലാം ശേഖരിച്ച അനേകം കൗതുകവസ്തുക്കളും ആയിരക്കണക്കിനു പുസ്തകങ്ങളും നാനാദേശങ്ങളുടെ സംസ്കാരവും അദ്ദേഹം കൂടെക്കൊണ്ടുവന്നു. ഭാഷയും സാഹിത്യവും മാത്രമല്ല, ഭക്ഷണത്തിനും ഒരു ആഗോളച്ചുവയുണ്ട് മിതാലിയിൽ. അതു യൂറോപ്യൻ പ്രാതലാവാം, ബംഗാളികളുടെ ഉച്ചയൂണാവാം, ചൈനീസ് അത്താഴമാവാം. രാത്രിയിൽ വൈകിയെത്തിയപ്പോൾ മുറിയിൽ അത്താഴത്തിന് ഇറ്റാലിയൻ പാസ്തയാണ് ഒരുക്കിവെച്ചിരുന്നത്.

ശാന്തിനികേതനിൽ രാംകിങ്കറിന്റെ ശില്പങ്ങൾ നടന്നുകണ്ടു. ശില്പങ്ങൾ നിർമിക്കുമ്പോൾ അവയെ ചുറ്റുപാടുകളുമായി താദാത്മ്യപ്പെടുത്തുന്നതിനായി രാംകിങ്കർ ശ്രദ്ധിച്ചിരുന്നു. ‘സുജാത’ തൊട്ടടുത്തുള്ള യൂക്കാലിപ്റ്റസ് മരങ്ങളുടെ ഉയരത്തെ പരിഗണിച്ചാണ് നിർമിച്ചത്. ചരാചരങ്ങളോടെല്ലാം അപൂർവമായൊരു പൊരുത്തം സൂക്ഷിച്ച ഒരു ഗ്രാമീണമനസ്സിനുടമയായിരുന്നു അദ്ദേഹം. ശാന്തിനികേതനിലെ ശില്പങ്ങളെ കുറെനേരം നോക്കിയതിനുശേഷം പരിസരങ്ങളിലെ വൃക്ഷങ്ങളെ ശ്രദ്ധിച്ചാൽ അവ സ്വയം ശില്പങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നതായി തോന്നും.

അദ്‌ഭുതകരമാണത്. ചില്ലകൾക്കും വേടുകൾക്കും അപൂർവമായ രൂപമാതൃകകൾ കൈവന്നിരിക്കുന്നു. ശില്പങ്ങൾ വൃക്ഷങ്ങളെയാണോ, നേരെമറിച്ച് വൃക്ഷങ്ങൾ ശില്പങ്ങളെയാണോ അനുകരിക്കുന്നത് എന്നു പറയാനാവില്ല. ശിലയിലോ ലോഹങ്ങളിലോ സൃഷ്ടി നടത്താനുള്ള സാമ്പത്തികശേഷി ഇല്ലാതിരുന്നതിനാൽ സിമന്റും കമ്പിയും ഉപയോഗിക്കുകയായിരുന്നു രാംകിങ്കർ. എല്ലാം ഏഴും എട്ടും ദശകം പിന്നിട്ടിരിക്കുന്നു. കാലം അവയ്ക്കുമേൽ ഏല്പിച്ച ആഘാതങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ നാം ശ്രദ്ധിക്കും. പലതും നിറംകെട്ടു. ചിലേടങ്ങളിൽ പായലും മണ്ണും പടർന്നിരിക്കുന്നു. അവിടവിടെ സിമന്റടർന്നു ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. വെയിലിൽ നിന്നോ മഴയിൽ നിന്നോ അവയ്ക്ക് ഒരു കാക്കത്തണലിന്റെ മറപോലുമില്ല. ആ മഹദ്‌സൃഷ്ടികൾ പഞ്ചഭൂതങ്ങളുമായി ലയിച്ചുനിൽക്കുന്നതായി തോന്നി. പതിയെപ്പതിയെ അവ മണ്ണിൽത്തന്നെ അലിഞ്ഞുചേരുമായിരിക്കും. ‘സന്താൾ കുടുംബം’ സ്വന്തം ഇടങ്ങളിലേക്കു തിരിച്ചുവരുന്നതാവുമോ? കൃഷ്‌ണോ ദേയെപ്പോലെ, കാലത്തിലൂടെ സ്വന്തം വേരുകൾ തേടിയുള്ള യാത്ര. ഉറവകളിലേക്കുള്ള ഒരു നദിയുടെ മടക്കം.

Content Highlights: Santhal Viswabharathi Ravindaranath Tagore ESanthoshkumar Bengal Kolkata


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented