9 കൊല്ലം ഒളിവ് ജീവിതം, ജോസഫ് ആന്റണ്‍ എന്ന കള്ളപ്പേര്; മരണം പിന്തുടര്‍ന്നപ്പോഴും റുഷ്ദി ഭയന്നില്ല


സിസി ജേക്കബ്

നോവലിനെതിരായ വികാരം തെരുവുപ്രക്ഷോഭങ്ങളായി. മുംബൈയില്‍ മാത്രം 12 പേര്‍ മരിച്ചു. പലയിടത്തും പുസ്തകത്തിന്റെ കോപ്പികള്‍ കത്തിച്ചു. പുസ്തകപ്രസാധകരായ വൈക്കിങ് ലണ്ടന്റെ ഓഫീസ് ഉപരോധിച്ചു. ബ്രിട്ടീഷ് പൗരനായ റുഷ്ദിയുടെ പ്രവൃത്തിക്ക് ആ രാജ്യവും പഴികേട്ടു.

സൽമാൻ റുഷ്ദി, മുൻ ഭാര്യ പദ്മ ലക്ഷ്മിയോടൊപ്പം Photo: AFP, PTI

ന്ത്യയില്‍ 'പാതിരാക്കുഞ്ഞുങ്ങള്‍' പിറക്കുന്നതിന് എട്ടാഴ്ചമുമ്പ് അഹമ്മദ് സല്‍മാന്‍ റുഷ്ദി പിറന്നു; 1947 ജൂണ്‍ 19ന് ബോംബെയില്‍. സ്വതന്ത്രഭാരതത്തിനൊപ്പം 14 വര്‍ഷം റുഷ്ദി വളര്‍ന്നു. പഠിക്കാന്‍ ഇംഗ്ലണ്ടിലേക്കു പോയി. പഠനശേഷം അവിടെത്തങ്ങി. ബ്രിട്ടീഷ് പൗരനായി. സാഹിത്യകാരനും ബുദ്ധിജീവിയും നടനും നിരീശ്വരവാദിയുമായി. രണ്ട് ആണ്‍മക്കളുടെ അച്ഛനായി. നാലുവിവാഹം കഴിച്ചു. നാലും പിരിഞ്ഞു.

ഇങ്ങനെയൊരു ഖണ്ഡികയില്‍ ഒതുക്കാവുന്നതല്ല സല്‍മാന്‍ റുഷ്ദിയെന്ന നിര്‍ഭയജീവിതം. മരണം നിഴലായി പിന്തുടര്‍ന്നപ്പോഴും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനുംവേണ്ടി നിലകൊണ്ട മനുഷ്യന്റെ പേരാണത്. എഴുതിയതിനെയൊന്നും തള്ളിപ്പറയാതെ മരണവാറന്റും പേറി ജീവിക്കുന്ന മനുഷ്യന്റെ പേര്.

ലോകം വാഴ്ത്തിയപ്പോള്‍

അമ്പതാണ്ടോളമായി റുഷ്ദി എഴുതുന്നു. 14 നോവലുകള്‍, പലപല ചെറുകഥകള്‍, ഒട്ടേറെ ലേഖനങ്ങള്‍. പക്ഷേ, രണ്ടാം നോവലേകിയ കീര്‍ത്തിയും നാലാം നോവലുണ്ടാക്കിയ കലാപങ്ങളും കലഹങ്ങളുമാണ് അദ്ദേഹത്തിന്റെ വിലാസം.

''1975ല്‍ എന്റെ ആദ്യ നോവല്‍ 'ഗ്രിമസ്' പുറത്തിറങ്ങി. അഡ്വാന്‍സായിക്കിട്ടിയ 700 പൗണ്ടുകൊണ്ട് കഴിയുന്നത്ര ചെലവുചുരുക്കി, ആ പണം തീരുവോളം ഇന്ത്യയില്‍ സഞ്ചരിക്കാമെന്നു തീരുമാനിച്ചു. 15 മണിക്കൂര്‍നീണ്ട ആ ബസ് യാത്രകളിലും ചെലവുകുറഞ്ഞയിടങ്ങളിലെ താമസത്തിനുമിടയില്‍ 'പാതിരാക്കുഞ്ഞുങ്ങള്‍' പിറന്നു.'' സ്വാതന്ത്ര്യപ്പാതിരയില്‍ ജനിച്ച സലീം സീനായിയുടെയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെയും കഥ 'മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍' (1981) റുഷ്ദിക്ക് ബുക്കര്‍സമ്മാനവും 'ബുക്കര്‍ ഓഫ് ബുക്കേഴ്‌സും' ആഗോളപ്രശസ്തിയും നല്‍കി. നാല്പതോളം ഭാഷകളിലേക്ക് അത് മൊഴിമാറ്റി. 2012ല്‍ ചലച്ചിത്രവും അതിനുമുമ്പ് നാടകവുമായി.

സാത്താന്റെ വചനങ്ങള്‍

മാജിക്കല്‍ റിയലിസത്തിന്റെ മാസ്മരികതയില്‍ വാര്‍ത്തെടുത്ത മറ്റൊരു നോവല്‍ റുഷ്ദിയുടെ ജീവിതം എന്നേക്കുമായി മരണനിഴലിലാക്കി. 1988 സെപ്റ്റംബറില്‍ ഇറങ്ങിയ 'ദ സെയ്റ്റാനിക് വേഴ്‌സസ്' (സാത്താന്റെ വചനങ്ങള്‍). ചില മുസ്‌ലിം വിഭാഗങ്ങള്‍ ആ നോവലില്‍ മതനിന്ദ കണ്ടു. ഇന്ത്യ 'സാത്താന്റെ വചനങ്ങള്‍' ആദ്യം നിരോധിച്ചു. പിന്നാലെ പാകിസ്താനും. നോവല്‍ വായിച്ചവരും വായിക്കാത്തവരും വാര്‍ത്തപടര്‍ത്തി. വിവിധ മുസ്‌ലിം രാജ്യങ്ങളും ദക്ഷിണാഫ്രിക്കയും നോവല്‍ നിരോധിച്ചു. എന്നാല്‍, ഒരുവിഭാഗം വായനക്കാര്‍ ആ രചനയെ വാഴ്ത്തി. വിറ്റ്‌ബ്രെഡ് സമ്മാനത്തിന് അത് അര്‍ഹമായി.

മറുവശത്ത് നോവലിനെതിരായ വികാരം തെരുവുപ്രക്ഷോഭങ്ങളായി. മുംബൈയില്‍ മാത്രം 12 പേര്‍ മരിച്ചു. പലയിടത്തും പുസ്തകത്തിന്റെ കോപ്പികള്‍ കത്തിച്ചു. പുസ്തകപ്രസാധകരായ വൈക്കിങ് ലണ്ടന്റെ ഓഫീസ് ഉപരോധിച്ചു. ബ്രിട്ടീഷ് പൗരനായ റുഷ്ദിയുടെ പ്രവൃത്തിക്ക് ആ രാജ്യവും പഴികേട്ടു. ഇറാനിലെ ബ്രിട്ടീഷ് സ്ഥാനപതികാര്യാലയത്തിനുനേരെ കല്ലേറുണ്ടായി. 1989ല്‍ ഇറാന്റെ അന്നത്തെ പരമോന്നതനേതാവ് അയത്തുള്ള റൂഹുള്ള ഖെമീനിയുടെ ഫത്‌വയെത്തി; മതനിന്ദകനായ റുഷ്ദിയെ വധിക്കുക. ആ കൃത്യം നടപ്പാക്കുന്നവര്‍ക്ക് 30 ലക്ഷം ഡോളര്‍ പാരിതോഷികം.

റുഷ്ദിയും കുടുംബവും ഒളിവില്‍പ്പോയി. പോലീസുകാര്‍ കാവല്‍നിന്നു. തന്റെ നോവല്‍ മുസ്‌ലിംസമൂഹത്തിനുണ്ടാക്കിയ പ്രയാസത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പക്ഷേ, ഫത്‌വയില്‍ ഇളവുണ്ടായില്ല.

പരിഭാഷകരോടും പക

ജീവിക്കാനായി ഒമ്പതുകൊല്ലം റുഷ്ദി പുറംലോകമറിയാതെ കഴിഞ്ഞു. പക്ഷേ, അദ്ദേഹത്തിന്റെ നോവല്‍ പല ഭാഷകളിലേക്കു സഞ്ചരിച്ചു. പരിഭാഷകര്‍ ആക്രമിക്കപ്പെട്ടു. റുഷ്ദിക്കുനേരെയുണ്ടായതുപോലുള്ള കത്തിക്കുത്തില്‍ 'സെയ്റ്റാനിക് വേഴ്‌സസി'ന്റെ ജാപ്പനീസ് പരിഭാഷകന്‍ ഹിതോഷി ഇഗരാഷി 1991ല്‍ കൊല്ലപ്പെട്ടു. ഘാതകന്‍ ഇന്നും അജ്ഞാതന്‍. നോവലിന്റെ ഇറ്റാലിയന്‍ പരിഭാഷകന്‍ എത്തോറെ കാപ്രിയോളോയ്ക്കും അതേകൊല്ലം കുത്തേറ്റു. പക്ഷേ, ജീവന്‍ തിരിച്ചുകിട്ടി. 1993ല്‍ നോര്‍വീജിയന്‍ പരിഭാഷകന്‍ വില്യം നൈഗാര്‍ഡിനുനേരെയുണ്ടായത് വെടിവെപ്പാണ്. അദ്ദേഹവും രക്ഷപ്പെട്ടു.

റൂഹുള്ള ഖെമീനി 1989ല്‍ അന്തരിച്ചു. റുഷ്ദിക്കെതിരായ ഫത്‌വയെ ഔദ്യോഗികമായി പിന്തുണയ്ക്കുന്നതില്‍നിന്ന് 1998ല്‍ ഇറാന്‍ സര്‍ക്കാര്‍ പിന്മാറി. പക്ഷേ, ആ ഫത്‌വ 'തോക്കില്‍നിന്നു പുറപ്പെട്ട വെടിയുണ്ടപോലെ ലക്ഷ്യത്തില്‍ പതിക്കാതെ നിശ്ചലമാകില്ല' എന്നാണ് ഇറാന്റെ ഇപ്പോഴത്തെ പരമാധികാരി അയത്തുള്ള അലി ഖെമീനി ഒരിക്കല്‍ പറഞ്ഞത്.

ഇറാന്റെ പിന്മാറ്റത്തോടെ ഒളിവുജീവിതം അവസാനിപ്പിച്ച് റുഷ്ദി പുറത്തുവന്നു. ആ കഠിനകാലത്തിന്റെ ഓര്‍മകള്‍ 2012ല്‍ 'ജോസഫ് ആന്റണ്‍: എ മെമിയര്‍' എന്നപേരില്‍ പ്രസിദ്ധീകരിച്ചു. തന്റെ പ്രിയ എഴുത്തുകാരായ ജോസഫ് കോണ്‍റാഡിന്റെയും ആന്റണ്‍ ചെഖോവിന്റെയും പേരുകള്‍ ചേര്‍ത്തുണ്ടാക്കിയ ആ കള്ളപ്പേരിലായിരുന്നു റുഷ്ദി ഒളിവുകാലം കഴിച്ചത്.

സ്വാതന്ത്ര്യത്തിന്റെ പ്രചാരകന്‍

ഒളിവില്‍നിന്നു തെളിവിലെത്തിയ റുഷ്ദി അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും ഉച്ചത്തിലുള്ള ശബ്ദമായി. അതിനായി നിലകൊള്ളുന്ന പെന്‍ അമേരിക്കയുടെ പ്രസിഡന്റായി. പ്രവാചകനിന്ദയുടെ പേരില്‍ ആക്രമിക്കപ്പെട്ട ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ 'ഷാര്‍ലി എബ്ദോ'യ്‌ക്കൊപ്പം നിന്നു. അക്കാലത്ത് റുഷ്ദി പറഞ്ഞു: ''മതത്തോടുള്ള ആദരമെന്നത് മതത്തോടുള്ള ഭയം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന കോഡ് വാക്കായിരിക്കുന്നു. മറ്റെല്ലാ ആശയങ്ങളുംപോലെ മതങ്ങളും വിമര്‍ശനവും ആക്ഷേപഹാസ്യവും ഭയമേതുമില്ലാത്ത അനാദരവും അര്‍ഹിക്കുന്നു.''

ഇക്കാലംകൊണ്ട് റുഷ്ദിയെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ ചോരയ്ക്കായി ദാഹിക്കുന്നവരും മാറിയില്ല. അദ്ദേഹം പങ്കെടുത്ത സാഹിത്യപരിപാടികള്‍ക്കുനേരെ ഭീഷണിയും ബഹിഷ്‌കരണവുമുണ്ടായി. ബ്രിട്ടീഷ് രാജ്ഞി 2007ല്‍ അദ്ദേഹത്തിന് സര്‍പദവി നല്‍കിയതില്‍ ഇറാനിലും പാകിസ്താനിലും പ്രതിഷേധമുയര്‍ന്നു.

റുഷ്ദി എഴുതിക്കൊണ്ടേയിരുന്നു. ഈസ്റ്റ്, വെസ്റ്റ് (1994), ദ മൂര്‍സ് ലാസ്റ്റ് സൈ (1995), ദ ഗ്രൗണ്ട് ബെനീത് ഹെര്‍ ഫീറ്റ് (1999), ഫ്യൂറി (2001), ഷാലിമാര്‍ ദ ക്ലൗണ്‍ (2005), ദ എന്‍ചാന്‍ട്രസ് ഓഫ് ഫ്‌ലോറന്‍സ് (2008), ടു ഇയേഴ്‌സ് എയ്റ്റ് മന്ത്‌സ് ആന്‍ഡ് ട്വന്റി എയ്റ്റ് നൈറ്റ്‌സ് (2015), ദ ഗോള്‍ഡന്‍ ഹൗസ് (2017), ക്വിക്‌സോട്ട് (2019)... അങ്ങനെ പല കൃതികള്‍. 'ബ്രിജറ്റ് ജോണ്‍സ് ഡയറി' എന്ന സിനിമയിലും അഭിനയിച്ചു.

20 കൊല്ലമായി അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അദ്ദേഹത്തിന്റെ താമസം. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും നാടെന്നു കീര്‍ത്തികേട്ട അവിടെവെച്ചാണ് അസഹിഷ്ണുതയുടെ കത്തി റുഷ്ദിയുടെ ശരീരം തുളച്ചത്.

Content Highlights: salman rushdie stabbed satanic verses fatwa ayatollah khomeini


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented