ആദ്യത്തെ കുത്തല്ല, മൂന്ന് പതിറ്റാണ്ടിന്റെ പകയ്ക്കുണ്ട് ഒരു രക്തസാക്ഷി!


ബി.കെ രാജേഷ്‌റുഷ്ദിയുടെ പരിഭാഷകന്‍ മാത്രമായിരുന്നില്ല ഹിതോഷി. ഇസ്ലാമിക ചരിത്രത്തിലും വൈജ്ഞാനിക സാഹിത്യത്തിലും ആഴത്തിലുള്ള അറിവുള്ള എഴുത്തുകാരന്‍ കൂടിയാണ്. ജപ്പാനിലെ അപൂര്‍വം ഇസ്ലാമിക വൈജ്ഞാനികരില്‍ ഒരാളായിരുന്നു.

ഹിതോഷി ഇഗരാഷി, സൽമാൻ റുഷ്ദി

ല്‍മാന്‍ റുഷ്ദിയുടെ നെഞ്ചിലേറ്റ ക്രൂരമായ ആ കുത്തുകള്‍ മനസ്സില്‍ ചോര പൊടിക്കുമ്പോള്‍ സ്മരണയിലേയ്ക്ക് ഭീതിയുടെ കടല്‍പോലെ ഇരമ്പിയെത്തുന്ന മറ്റൊരു പേരുണ്ട്- ഹിതോഷി ഇഗരാഷി. അറബിക്, പേര്‍ഷ്യന്‍ സാഹിത്യത്തിലും ചരിത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഹിതോഷിയാണ് സാത്താന്റെ വചനങ്ങള്‍ എന്ന റുഷ്ദിയുടെ വിവാദ ഗ്രന്ഥത്തിന്റെ ആദ്യത്തെ രക്തസാക്ഷി. റുഷ്ദിക്ക് കുത്തേല്‍ക്കുന്നതിന് മുപ്പത്തിയൊന്ന് കൊല്ലം മുന്‍പ് ഏതാണ്ട് സമാനമായി ക്രൂരമായ കുത്തേറ്റ് മരിച്ചയാള്‍. 1991 ജൂലായ് 12ന് വെള്ളിയാഴ്ച ജോലി ചെയ്യുന്ന ടോക്യോയ്ക്ക് സമീപത്തെ സുകുബ സര്‍വകലാശാലയുടെ കെട്ടിടത്തിന്റെ ഏഴാം നിലയിലായിരുന്നു കഴുത്തിലും കൈയ്ക്കും നെഞ്ചത്തും മുഖത്തും തുരുതുര കുത്തേറ്റ നിലയില്‍ ഹിതോഷിയുടെ ജഡം കണ്ടത്തിയത്. ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയായിരുന്നു ചോര വാര്‍ന്നുകിടക്കുന്ന ജഡം ആദ്യം കണ്ടത്.

തലേദിവസം രാത്രിയായിരുന്നു ലോകത്തെ ഞെട്ടിച്ച ക്രൂരമായ ആക്രമണം. റുഷ്ദിയുടെ സാത്താനിക് വചനങ്ങള്‍ ജാപ്പനീസേയ്ക്ക് പരിഭാഷപ്പെടുത്തിയതായിരുന്നു ഹിതോഷി ചെയ്ത അപരാധം. റുഷ്ദിക്ക് മരണവാറണ്ട് പുറപ്പെടുവിച്ച അയത്തൊള്ള ഖെമീനിയുടെ മരണംവിധിച്ച ഫത്വയുടെ ആദ്യത്തെ ഇര.ജപ്പാനില്‍ ഒരു സംഘടനയും കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ സാത്താനിക് വചനങ്ങളുടെ പരിഭാഷയുമായി ഈ കൊലയ്ക്ക് ബന്ധമില്ലെന്ന് പോലീസ് അന്നുതന്നെ വിധിയെഴുതി. ഹിതോഷിക്ക് നേരത്തെ തന്നെ വധഭീഷണിയുണ്ടെന്നും ഹിതോഷിക്ക് അംഗരക്ഷകരെ നല്‍കിയിരുന്നെന്നുമാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, തങ്ങളുടെ അറിവില്‍ അത്തരമൊരു ഭീഷണിയുണ്ടായിരുന്നില്ലെന്നാണ് കൊല നടന്ന ദിവസം ടിവിയില്‍ പ്രത്യക്ഷപ്പെട്ട കുടുംബം പറഞ്ഞത്. ജപ്പാനിലെ ഇസ്ലാമിക് സെന്റര്‍ സാത്താനിക് വേഴ്സസ് സംബന്ധിച്ച് യാതൊന്നും പ്രസിദ്ധീകരിക്കരുതെന്ന് നേരത്തെ തന്നെ മാധ്യമങ്ങളോടും ടി.വി. ചാനലുകളോടും പ്രസാധകരോടുമെല്ലാം ആവശ്യപ്പെട്ടിരുന്നു. ഈ ഫത്വ പുറത്തിറങ്ങി മൂന്ന് വര്‍ഷത്തിനുശേഷമായിരുന്നു ഹിതോഷിയുടെ കൊലപാതകം. ഹിതോഷി മരണം അര്‍ഹിക്കുന്നുവെന്നാണ് പാക് പൗരന്മാരുടെ ഒരു സംഘടന അന്ന് പ്രതികരിച്ചത്.

എതിര്‍പ്പുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോകാനായിരുന്നു അന്ന് പുസ്തകത്തിന്റെ പ്രസാധകരായ ഷിന്‍സെയ്ഷായുടെ തീരുമാനം. 1990-ലാണ് പുസ്തകത്തിന്റെ ജാപ്പനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. ഇതിനെ തുടര്‍ന്ന് പ്രസാധകരുടെ ഓഫീസിന് മുന്നില്‍ വലിയ തോതില്‍ പ്രകടനങ്ങളും മറ്റും നടന്നിരുന്നു. ഒരു വാര്‍ത്താസമ്മേളനത്തിനിടെ പ്രസാധകരില്‍ ഒരാള്‍ക്കെതിരേ ആക്രമണശ്രമവും ഉണ്ടായി. എന്നാല്‍, പ്രസാധകരുടെ സംഘടന ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെയാണ് പുസ്തകം വിപണിയിലിറങ്ങിയത്. അക്കാലത്ത് തന്നെ ഏതാണ്ട് എഴുപതിനായിരം കോപ്പി അവിടെ വിറ്റുപോയിരന്നുവെന്നാണ് റിപ്പോര്‍ട്ട്.

റുഷ്ദിയുടെ പരിഭാഷകന്‍ മാത്രമായിരുന്നില്ല ഹിതോഷി. ഇസ്ലാമിക ചരിത്രത്തിലും വൈജ്ഞാനിക സാഹിത്യത്തിലും ആഴത്തിലുള്ള അറിവുള്ള എഴുത്തുകാരന്‍ കൂടിയാണ്. ജപ്പാനിലെ അപൂര്‍വം ഇസ്ലാമിക വൈജ്ഞാനികരില്‍ ഒരാളായിരുന്നു. പഠിച്ചത് ഇറാനില്‍ തന്നെ. അതും ഷാ ഭരണത്തെ അട്ടിമറിച്ച് ഇസ്ലാമിക വിപ്ലവം അധികാരം പിടിച്ചെടുത്ത് ഇറാനെ മാറ്റിമറിക്കുന്നതിന് മുന്‍പ്. ഇംപീരിയല്‍ ഇറാനിയന്‍ അക്കാദമിയിലായിരുന്നു പഠനം. ഇസ്ലാമിക നവോത്ഥോനത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും പൗരസ്ത്യ വിജ്ഞാനീയത്തെക്കുറിച്ചും ധാരാളം എഴുതിയിട്ടുണ്ട്. ഈ അറിവും സ്വാധീനവും ഉപയോഗിച്ച് ആദ്യകാലത്ത് സാത്താനിക് വേഴ്സസ് വിഷയത്തില്‍ റുഷ്ദിക്കും ഇറാന്‍ ഭരണകൂടത്തിനുമിടയില്‍ അനുരഞ്ജനത്തിനും ഹിതോഷി ഒരു പാഴ്ശ്രമം നടത്തിയിരുന്നു.

സംഭവം നടന്നത് ജപ്പാനിലാണെങ്കിലും ലോകത്തെ ഞെട്ടിച്ച കൊലപാതകമായിരുന്നിട്ടും അതിന്റെ അന്വേഷണം എങ്ങുമെത്തിയില്ല എന്നതാണ് വിചിത്രം. അന്വേഷണത്തിന്റെ കാലാവധി തന്നെ 2006-ല്‍ കഴിഞ്ഞു. എന്നിട്ടും പ്രതിയെക്കുറിച്ച് ഒരു തുമ്പ് പോലുമുണ്ടായില്ല. സാത്താനിക് വേഴ്സസിന്റെ തര്‍ജമയാണ് കൊലപാതക കാരണമെന്ന് സ്ഥിരീകരിക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ല. ഇതിനിടെ സംഭവം ഇറാന്‍ രഹസ്യപോലീസ് തന്നെ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതാണെന്ന ആരോപണവും ശക്തമായി നിലനിന്നിരുന്നു. എന്നാല്‍, ഹിതോഷി കൊല്ലപ്പെടുന്ന സമയത്ത് അന്നത്തെ ജാപ്പനീസ് പ്രധാനമന്ത്രി തൊഷികി കൈഫുവും യു.എസ്. പ്രസിഡന്റ് ജോര്‍ജ് ബുഷും തമ്മിലുള്ള ചര്‍ച്ച അമേരിക്കയിലെ മെയ്‌നില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പല കാര്യങ്ങളും ചൂടേറിയ ചര്‍ച്ചയ്ക്ക് വിഷയമായെങ്കിലും അതില്‍ ഹിതോഷിയുടെ കൊലപാതകം പേരിന് പോലും പരാമര്‍ശിക്കപ്പെട്ടില്ല.

ഹിതോഷിയുടെ കൊലപാതകം തന്നെ തളര്‍ത്തിക്കളഞ്ഞുവന്നാണ് റുഷ്ദി അന്ന് പ്രതികരിച്ചത്. മരണവാറണ്ട് പിന്‍വലിക്കാന്‍ ബ്രിട്ടീഷ്, ജാപ്പനീസ്, ഇറ്റാലിയന്‍ സര്‍ക്കാരുകള്‍ ഇറാനോട് ആവശ്യപ്പെടണം എന്നു കൂടി ആവശ്യപ്പെട്ടു അന്ന് റുഷ്ദി. എന്നാല്‍, ആരും അതിന് മുതിര്‍ന്നില്ല. പുസ്തകത്തിനും അതുമായി ബന്ധപ്പെട്ടവര്‍ക്കുമെതിരായ ആക്രമണങ്ങള്‍ തുടരുക തന്നെ ചെയ്തു. ആദ്യരക്തസാക്ഷിയായിരുന്നെങ്കിലും പുസ്‌കത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്ന ആദ്യത്തെ ആളായിരുന്നില്ല ഹിതോഷി. ലോകത്തെ നടുക്കിയ ഹിതോഷിക്കെതിരേ കൊലക്കത്തി ഉയരുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് മാത്രമാണ് ഇറ്റാലിയന്‍ പരിഭാഷകനായ എറ്റോറെ കാപ്രിയോലിക്കെതിരേ മിലാനില്‍ ആക്രമണം നടന്നത്. കുത്തേറ്റ കാപ്രിയോളി കഷ്ടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്ക് ഇറ്റലിയിലെ ഇറാനിയന്‍ എംബസ്സിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ അടുത്ത ആക്രമണം നടന്നു. റുഷ്ദിയുടെ നോര്‍വീജിയന്‍ പ്രസാധാകനായ വില്ല്യം നൈഗാര്‍ഡിനെതിരേ കൊലപാതകശ്രമമുണ്ടായി. ഓസ്ലോയിലെ വീടിന് പുറത്ത് വച്ച് മൂന്ന് തവണയാണ് അക്രമി നൈഗാര്‍ഡിനെതിരേ നിറയൊഴിച്ചത്. നൈഗാര്‍ഡ് കഷ്ടിച്ചാണ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇറാനിലെ തങ്ങളുടെ അംബാസിഡറെ തിരിച്ചുവിളിച്ചുകൊണ്ടാണ് നോര്‍വെ ഈ അക്രമത്തോട് പ്രതികരിച്ചത്. എന്നാല്‍, അക്രമിയെ പിടികൂടാനായില്ലെന്നു മാത്രം.

ഈ അക്രമങ്ങള്‍ ഒന്നടങ്ങിയശേഷമാണ് റുഷ്ദി ഒളിവുജീവിതത്തിന് പേരിനെങ്കിലും അവധി നല്‍കി മുഖ്യധാരയിലെത്തിയത്. ഇതിനിടെ റുഷ്ദി തന്നെ ക്ഷമാപണവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, ഇറാനിലെ മത ഭരണകൂടം ഈ ക്ഷമാപണം പാടെ തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോഴിതാ റുഷ്ദി തന്നെ ആക്രമണത്തിന് ഇരയായിരിക്കുന്നു. ശാന്തത വെറും പുറംകാഴ്ചയായിരുന്നുവെന്ന് ഈ ആക്രമണം ഒരിക്കല്‍ക്കൂടി ആണയിടുന്നു.

Content Highlights: Salman Rushdie, Hitoshi Igarashi, B.K rajesh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented