വര: വിജേഷ് വിശ്വം
തിരുവിതാംകൂറിന് മാര്‍ത്താണ്ഡ വര്‍മ എങ്ങനെയാണോ അതുപോലെയായിരുന്നു കൊച്ചിക്ക് ശക്തന് തമ്പുരാന്...! രാജാ രാമവര്‍മയെന്ന യഥാര്‍ഥ പേരിനെക്കാളും 'ശക്തന്' എന്ന പേരിനോട് ചേര്ത്തുവായിക്കാനായിരുന്നു കൊച്ചിയിലെ പ്രജകളും ഇഷ്ടപ്പെട്ടത്. രാജകുടുംബം വെള്ളാരപ്പിള്ളി കോവിലകത്ത് താമസിക്കുമ്പോഴായിരുന്നു ശക്തന്റെ ജനനം. അന്ന് കര്‍ക്കടക മാസത്തിലെ കറുത്തവാവിലെ പൂയം നക്ഷത്രത്തില്‍ പിറന്ന കുഞ്ഞിനെയോര്‍ത്ത് എല്ലാവര്ക്കും വിഷമമായി. ജ്യോതിഷപ്രകാരം പിറന്ന നാള് അശുഭകരമായിരുന്നു. അക്കാലത്ത് വെള്ളാരപ്പിള്ളി ക്ഷേത്രത്തില്‍ ഒരു സന്ന്യാസിയെത്തിയതറിഞ്ഞ് അമ്മത്തമ്പുരാട്ടി പുത്രന്റെ ദോഷങ്ങള്‍ക്ക് പരിഹാരം കണ്ടുതരണമെന്ന് അപേക്ഷിച്ചു. സന്ന്യാസി ഒരു പൂവെടുത്ത് ജപിച്ചുകൊടുത്തു. എന്നിട്ടു പറഞ്ഞു...
'ഈ പൂവ് കൊച്ചുതമ്പുരാന്റെ കിടക്കയുടെ ചുവട്ടില്‍ ഇട്ടിരുന്നാല്‍ മതി, പരാക്രമിയും കീര്‍ത്തിമാനുമാകും.'
ശക്തന് മൂന്നു വയസ്സുള്ളപ്പോള്‍ അമ്മത്തമ്പുരാട്ടി നാടുനീങ്ങി. പിന്നെ ഇളയമ്മ ശക്തന് അമ്മയായി മാറി. രാജകുടുംബം തൃപ്പൂണിത്തുറ കൊട്ടാരത്തിലേക്ക് താമസം മാറി. ആരെയും കൂസാത്ത പ്രകൃതമായിരുന്നു ശക്തന് തമ്പുരാന്.
'പെരുമ്പടപ്പ് സ്വരൂപം' എന്ന കൊച്ചി രാജവംശത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയ നാളുകളിലാണ് 'ശക്തന്' അവതരിക്കുന്നത്. കൊച്ചി മഹാരാജാവായിരുന്ന രാമവര്‍മ ഏഴാമന് 1760-ല്‍ നാടുനീങ്ങിയതിനെ തുടര്‍ന്ന് വീരകേരള വര്‍മ രണ്ടാമന് രാജാവായി. പക്ഷേ, ഭരണകാര്യങ്ങളില്‍ കാര്യപ്രാപ്തി കുറവായിരുന്നു, ഇളമുറത്തമ്പുരാനായിരുന്ന ശക്തനാകട്ടെ ഭരണകാര്യങ്ങളില്‍ അതിനിപുണനും. ഡച്ച് ഗവര്‍ണറുടെയും തിരുവിതാംകൂര്‍ മഹാരാജാവിന്റെയും ഉപദേശപ്രകാരം ശക്തനെ രാജ്യകാര്യങ്ങള്‍ ഏല്‍പ്പിച്ചു. അങ്ങനെ പതിനെട്ടാം വയസ്സില്‍ ശക്തന് കൊച്ചിയുടെ 'രാജാധികാരി'യായി. പേരില്‍ രാജാവ് ഇല്ലെങ്കിലും ശക്തന് തന്നെയായിരുന്നു രാജാവ്.
മഹാരാജാവ് നാടുനീങ്ങിയപ്പോള്‍ മുറപ്രകാരം 1790-ല്‍ ശക്തന് കൊച്ചിയുടെ മഹാരാജാവായി. സാമൂതിരിയില്‍നിന്ന് തൃശ്ശൂരിന്റെ അതിരുകളുള്പ്പെടെയുള്ളവ തിരിച്ചുപിടിച്ചെങ്കിലും ഏതു നിമിഷവും ആക്രമണം ഉണ്ടാകാമായിരുന്ന ഇടമായിരുന്നു അത്. തൃശ്ശൂരില്‍ ശക്തന് ഒരു കോട്ടകെട്ടി, ചുറ്റും കിടങ്ങ് കുഴിച്ചു. കോട്ടയുടെ മധ്യത്തില്‍ ഒരു കോവിലകവും പണിയിച്ചു. തൃപ്പൂണിത്തുറയിലും തൃശ്ശൂരിലും മാറി മാറി നിന്നായി രാജഭരണം.
അക്കാലത്ത് വടക്കുംനാഥ ക്ഷേത്രത്തിനു സമീപം വലിയ കാടായിരുന്നു. വലിയ കുറ്റം ചെയ്യുന്നവരെ ക്ഷേത്രത്തിന്റെ 'തെക്കേ ഗോപുരം കടത്തിവിടുക' എന്നതായിരുന്നു ശിക്ഷ. ആ കാട്ടിലേക്ക് പോയവരാരും ജീവനോടെ മടങ്ങിയെത്തില്ലെന്നതായിരുന്നു കാരണം. കടുവയും പുള്ളിപ്പുലിയുമടക്കമുള്ള വന്യജീവികളുടെ വിഹാര കേന്ദ്രമായിരുന്നു അത്.
അക്കാലത്ത് ശക്തന്റെ മുന്നില്‍ ചില പരാതികളെത്തി. വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തുകൂടി നടക്കാന്‍ പറ്റുന്നില്ല, കാടുവെട്ടിത്തെളിച്ച് സഞ്ചാര യോഗ്യമാക്കണമെന്നായിരുന്നു ആവശ്യം. 'തൃശ്ശൂര്‍ കോവിലകത്ത് വരുമ്പോള്‍ നോക്കാം' എന്നായിരുന്നു ശക്തന്റെ മറുപടി. അങ്ങനെ തൃപ്പൂണിത്തുറയില്‍ നിന്ന് രാജാവും സംഘവും തൃശ്ശൂര്‍ക്ക് പുറപ്പെട്ടു. വടക്കുംനാഥ ക്ഷേത്ര പരിസരത്തെത്തി ശക്തന് തമ്പുരാന് കുതിരപ്പുറത്ത് കയറി കാടിനുചുറ്റും ഒന്നു കറങ്ങി, തിരിച്ചു പോന്നു.
പിറ്റേന്ന് വെളുപ്പിന് നൂറുകണക്കിന് പണിക്കാരേയും കൂട്ടി ശക്തന് വടക്കുംനാഥനു മുന്നിലെത്തി. പണിക്കാര് കാടുവെട്ടിത്തെളിക്കാന്‍ തുടങ്ങി. ശക്തന് അരയാലിന് ചുവട്ടില്‍ ഇരിപ്പുറപ്പിച്ചു. രാജാവിന്റെ ഉടവാള് കൈയില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു.
ഇതറിഞ്ഞ് പാറമേക്കാവ് ഭഗവതിക്ഷേത്രത്തിലെ വെളിച്ചപ്പാട് വാളും ചിലമ്പുമായി തുള്ളിക്കൊണ്ട് ഓടിവന്നു. ശക്തനോട് പറഞ്ഞു: 'ഈ കാട് അച്ഛന്റെ ജടയാണ്, വെട്ടരുത്.'
'മുമ്പ് ടിപ്പു വന്ന് വടക്കുംനാഥ ക്ഷേത്രത്തില്‍ ദ്രോഹങ്ങള്‍ ചെയ്തപ്പോള്‍ ഈ ശൗര്യമൊക്കെ എവിടെയായിരുന്നു...?' (ടിപ്പുസുല്‍ത്താന്‍ തൃശ്ശൂരിലെയുള്പ്പെടെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതും നശിപ്പിച്ചതും ഓര്‍മിപ്പിച്ചായിരുന്നു ശക്തന്റെ മറുപടി).
വെളിച്ചപ്പാട് അത്യുച്ചത്തില്‍ രണ്ടുപ്രാവശ്യം അട്ടഹസിച്ചു. 'ഉണ്ണി നമ്മോട് കളിക്കുന്നു അല്ലേ, കാട്ടിത്തരാം.' ഇതും പറഞ്ഞ് കൈയിലിരുന്ന വാള് തലയില്‍ വെച്ച് ചിലമ്പുകൊണ്ട് ഒന്നടിച്ചു.
ശക്തന് ഒന്നു ചിരിച്ചു, എന്നിട്ടു പറഞ്ഞു: 'നീ വിചാരിച്ചാല്‍ നമ്മോട് എന്തു കഴിയും. നിന്റെ വാളിന് മൂര്‍ച്ച പോരാ. മൂര്‍ച്ചയുള്ള വാള് എന്റെ കൈയിലുണ്ട്. കാര്യം വേഗം കഴിക്കാം.' പറഞ്ഞുതീരലും ശക്തന് ഉടവാളെടുത്ത് വീശിയതും ഒരുമിച്ചായിരുന്നു. വെളിച്ചപ്പാടിന്റെ തല രണ്ടായി പിളര്‍ന്നു. അന്തംവിട്ടു നിന്ന പണിക്കാരോട് ശക്തന് ആജ്ഞാപിച്ചു. 'എന്തിന് നോക്കുന്നു, പണി നടക്കട്ടെ.' കാടുവെട്ടിത്തെളിച്ച്, വടക്കുംനാഥന് ചുറ്റും പ്രദക്ഷിണവഴിയുമുണ്ടാക്കി ഒന്നും സംഭവിക്കാത്തതു പോലെ തമ്പുരാന് തൃപ്പൂണിത്തുറയിലേക്ക് മടങ്ങി.
ശക്തന് എത്തുന്നതിനു മുമ്പേ വെളിച്ചപ്പാടിന്റെ തലപിളര്‍ന്ന വാര്‍ത്ത കൊട്ടാരത്തില്‍ എത്തിയിരുന്നു. രാജകുടുംബത്തിലുള്ളവര്‍ക്ക് വലിയ ആധിയായി. ചിറ്റമ്മത്തമ്പുരാനെ കാണാന്‍ ശക്തന് പതിവുപോലെ കൊട്ടാര നടുത്തളത്തിലെത്തി. സ്വന്തം മക്കളേക്കാള്‍ വാത്സല്യമായിരുന്നു തമ്പുരാട്ടിക്ക് ശക്തനോട്. 'കുഞ്ഞപ്പിള്ളേ...' എന്നായിരുന്നു വാത്സല്യപൂര്‍വം ശക്തനെ വിളിച്ചിരുന്നത്.
തമ്പുരാട്ടി ചോദിച്ചു: 'എന്താ കുഞ്ഞിപ്പിള്ളേ പാറമേക്കാവിലെ വെളിച്ചപ്പാടിനെ കൊന്നു എന്നൊക്കെ കേള്‍ക്കണേ... ഇങ്ങനെയൊക്കെ ആകാമോ... ഇനി എന്തൊക്കെയാണാവോ ആപത്തുണ്ടാവാ...'
ശക്തന് പറഞ്ഞു: 'ചിറ്റമ്മേ, ഞാന്‍ ഭഗവതിയെ അല്ല കോമരത്തെയാണ് കൊന്നത്. ഞാന്‍ രാജാവാണെന്നതു മറന്ന് അവന് അനാവശ്യമായ കാര്യങ്ങളില്‍ ഇടപെടാന്‍ നോക്കി. സ്ഥലമെല്ലാം വെടുപ്പാക്കിയതുകൊണ്ട് ഭഗവതിക്ക് സന്തോഷമേ ആയിട്ടുണ്ടാകൂ. വെളിച്ചപ്പാടന്മാര് ഇമ്മാതിരി സൂത്രങ്ങള്‍ എടുത്താല്‍ രാജ്യകാര്യം നടപ്പാക്കാനാവില്ല.'
ഇതുകേട്ട് തമ്പുരാട്ടി പറഞ്ഞു: 'മേലില്‍ ഇങ്ങനെ സാഹസം കാട്ടരുത്, ഇതിന്റെ ദോഷമൊക്കെ അനുഭവിക്കേണ്ടി വരും...'
ശക്തന് വളര്‍ത്തമ്മയ്ക്കു മുന്നില്‍ തൊഴുകൈകളോടെ നിന്നു.
Content Highlights: Sakthan Thampuran, history, kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..