
ബിനു എം. പള്ളിപ്പാട്
കവിയും പുല്ലാങ്കുഴല്‍ വാദകനുമായിരുന്ന ബിനു എം പള്ളിപ്പാടിന്റെ അകാല വിയോഗത്തില്‍ സജയ് കെ.വി എഴുതുന്നു.
വൃദ്ധനായ ഒരാള്‍ പുല്ലാങ്കുഴല്‍ വായിച്ച് ചെറുപ്പമാകുന്നതിനെപ്പറ്റി കവിതയെഴുതിയിട്ടുണ്ട് ബിനു എം. പള്ളിപ്പാട്. 'പാലറ്റ്' എന്ന സമാഹാരത്തില്‍ ആ കവിതയുണ്ട്. ബിനുവിനെ ഓര്‍ക്കുമ്പോഴെല്ലാം ഓര്‍മ്മവരാറുള്ള കവിതയാണത്. ഒരിക്കല്‍ കുമളിയില്‍ നിന്ന് തേനി വരെ ഒരുമിച്ചു യാത്ര ചെയ്തത് , നടന്നുതളര്‍ന്ന് വിളഞ്ഞ നെല്പ്പാടത്തിനരികിലെ പുളിമരച്ചുവട്ടിലിരുന്ന് കവിതയും കള്ളും മോന്തിയത്. മടങ്ങിവന്ന് കുമളി ബസ് സ്റ്റാന്റിനരികിലെ കെ.ടി.ഡി.സി.യുടെ ശീതീകരിച്ച മുറിയിലിരുന്ന്, മങ്ങിയ വെളിച്ചത്തില്‍ ബിനു പുല്ലാങ്കുഴല്‍ വായിച്ചത് - ഇങ്ങനെ ചില ചിത്രങ്ങളാണ് ഓര്‍മ്മയില്‍. അയാള്‍ പാടിയും വരച്ചും കവിതയെഴുതിയും നിറങ്ങളില്ലാത്ത ഒരു ലോകത്തേയ്ക്കു പോയിരിക്കുന്നു. എന്റെ അതേ പ്രായം. എങ്കിലും എന്നിലുമേറെ വെയില് കൊണ്ടു കടുത്ത ജീവിതം. പാടിയ ചുണ്ടുകള്‍ ,വരച്ച , എഴുതിയ വിരലുകള്‍.
ഇന്നുപുലര്‍ച്ചെ, ഇംഗ്ലീഷില്‍ കവിതകളെഴുതുന്ന ചന്ദ്രമോഹനാണ് വാട്സാപ്പ് സന്ദേശത്തിലൂടെ വിവരമറിയിച്ചത്. വിശ്വസിക്കാനായില്ല. ഇന്നലെയും ഞാന്‍ ബിനുവിന്റെ കവിത വായിച്ചിരുന്നുവല്ലോ. 'അനസ്തേഷ്യ' എന്ന പേരില്‍ ആശുപത്രിയുടെ, രോഗാനുഭവങ്ങളുടെ ഒരു കാവ്യസാക്ഷ്യം. ആദ്യവായനയില്‍ ഉള്ളില്‍ തറഞ്ഞ ചില വരികള്‍ ഇങ്ങനെ:
'വാര്‍ഡില്‍ മരണം
പലതരം ബഡ്ഷീറ്റുകളാല്‍
മൂടി ഉരുട്ടുവണ്ടിയുടെ തട്ടില്‍
അവ വളവ് തിരിഞ്ഞ് മറഞ്ഞു
കിടക്കകള്‍ തോറും ജീവന് പോയ ചുളിവ്.
അതിന്റെ ശ്രദ്ധ വിടാനായ്
നിവര്‍ന്ന ഹാളില്‍
രോഗികള്‍ ചിരിച്ച്
ഉറക്കെ കഥ പറഞ്ഞും
കാലാട്ടിയുമിരുന്നു.
ഞാന്‍ വിഹായസ്സില്‍
ഫാനുകള്‍ക്കിടയില്‍
കിടക്കകളുടെ തൂങ്ങിയാടുന്ന
ട്രപ്പീസുകള്‍ മനസ്സില്‍ വിചാരിച്ചു'.
സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും കവിതയുടെയും ഓര്‍മ്മയില്‍ പ്രിയപ്പെട്ട ബിനു എം. പള്ളിപ്പാടിനു വിട.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..