പി.എഫ്. മാത്യൂസ്| ഫോട്ടോ: അഖിൽ ഇ.എസ്
കഥകളും തിരക്കഥകളും പി.എഫ്. മാത്യൂസിന് എന്നും ഒരു കടല്‍ പോലെയായിരുന്നു. കടലിലേക്കിറങ്ങി അതിന്റെ ആഴങ്ങളെ സ്പര്‍ശിക്കാന്‍ ശ്രമിച്ച എഴുത്തുകാരന്‍. 'ചാവുനിലം' മുതല്‍ 'അടിയാളപ്രേതം' വരെയുള്ള നോവലുകള്‍. 'കുട്ടിസ്രാങ്ക്', 'ഈ.മ.യൗ.' പോലെയുള്ള സിനിമകള്‍. 'മേഘ'വും 'മിഖായേലിന്റെ സന്തതികളും' പോലെയുള്ള ടി.വി. സീരിയലുകള്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളത്തിനു കഥകളുടെ വലിയ കടല്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്ന പി.എഫ്. മാത്യൂസിനെ തേടി ഒടുവില്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവുമെത്തുമ്പോള്‍ അത് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ്.
അവാര്‍ഡിന്റെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു ചോദിക്കുമ്പോഴും കടല്‍ പോലെ ആഴത്തിലുള്ള മറുപടിയാണ് മാത്യൂസിനു പറയാനുള്ളത്. ''അവാര്‍ഡ് ലഭിക്കുന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യമാണ്. പക്ഷേ, അതിനപ്പുറം ഭ്രമിക്കാന്‍ പാടില്ല. പുസ്തകം ആളുകളിലേക്കെത്താനുള്ള വലിയൊരു വഴിയാണ് അവാര്‍ഡെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവാര്‍ഡ് കിട്ടിയെന്നു പറയുമ്പോള്‍ അതുവരെ ആ കൃതി വായിക്കാത്ത പലരും അതിനു മുതിര്‍ന്നെന്നു വരും. നല്ല വായനയുടെ സാധ്യതകള്‍ തുറന്നിടുന്നതാണ് ഓരോ അവാര്‍ഡും'' - മാത്യൂസ് പറഞ്ഞു.
പത്തൊന്‍പതാം വയസ്സില്‍ ആദ്യ കഥ അച്ചടിച്ചു വന്ന ആദ്യ നോവലായ 'ചാവുനിലം' നേരിട്ട ചില പ്രതിസന്ധികളും അവാര്‍ഡ് നേട്ടത്തിനിടയില്‍ മാത്യൂസ് ഓര്‍ക്കുന്നു. ''ഇപ്പോള്‍ 'അടിയാളപ്രേതം' എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടുമ്പോള്‍ ആദ്യത്തെ നോവലായ 'ചാവുനില'ത്തെക്കുറിച്ചാണ് ഞാന്‍ ഓര്‍ക്കുന്നത്. എന്റെ തലമുറ ആ നോവല്‍ പാടേ തിരസ്‌കരിച്ചിരുന്നു. തോട്ടിലെ ഒഴുക്കിനൊപ്പം നീന്താനാണു പലരും ആഗ്രഹിക്കുന്നത്. അതിനെതിരേ നീന്തുന്ന ഒന്നു മുന്നിലേക്കു വരുമ്പോള്‍ സ്വീകരിക്കാന്‍ പലര്‍ക്കും സ്വാഭാവികമായ ബുദ്ധിമുട്ടുണ്ടാകും. 'ചാവുനില'ത്തിനു സംഭവിച്ചത് അതാണെന്നാണു ഞാന്‍ കരുതുന്നത്. 'ചാവുനിലം' തിരസ്‌കരിക്കപ്പെട്ടപ്പോള്‍ കുറച്ചുകാലത്തേക്ക് ഒന്നുമെഴുതാന്‍ പോലും തോന്നിയിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ തലമുറ സാമൂഹിക മാധ്യമങ്ങളിലൂടെ ആ നോവല്‍ ഏറ്റെടുത്തപ്പോള്‍ സന്തോഷം തോന്നി'' - മാത്യൂസ് പറഞ്ഞു.
''ചരിത്രവും മിത്തുകളും കോര്‍ത്തിണക്കിയാണ് 'അടിയാളപ്രേതം' എഴുതിയത്. എന്നും എപ്പോഴും അനുസരിക്കുകയും ഉടയോന് ഉടലും ഉയിരും വിട്ടുകൊടുത്തിട്ട് അവസാനം വെറുതെയങ്ങു ചത്തുപോവുകയും ചെയ്യുന്ന അടിമയുടെ കഥയാണത്. നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും ഒരുപാട് അടിമകളുണ്ട്. മലപ്പുറത്ത് സദാചാര ഗുണ്ടാ ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അദ്ധ്യാപകന്‍ നമ്മുടെയെല്ലാം വലിയൊരു വേദനയാണ്. ഒരാള്‍ക്കു സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശങ്ങളെല്ലാം ഇല്ലായ്മ ചെയ്യുന്ന പ്രവണതയ്ക്ക് എന്നാണ് അവസാനമുണ്ടാകുന്നത്'' - മാത്യൂസ് ചോദിക്കുന്നു.
സിനിമ എന്ന സ്‌നേഹം ഇപ്പോഴും മനസ്സില്‍ മായാതെ സൂക്ഷിക്കുന്ന മാത്യൂസ് അതിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. ''സിനിമ ഇപ്പോള്‍ എനിക്കൊരു നിശ്ചലതയാണ്.
പക്ഷേ, മനസ്സില്‍ പല കഥകളും രൂപപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു തിരിച്ചുവരവ് എപ്പോള്‍ വേണമെങ്കിലുമുണ്ടാകാം'', മാത്യൂസ് പറഞ്ഞു. 'കടലിന്റെ മണം' എന്ന പുതിയ കൃതി ഈ മാസം 27-ന് ഇറങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച മാത്യൂസ് അതിനു പിന്നാലെ 'മുഴക്കം' എന്ന കൃതിയും വായനക്കാരുടെ മുന്നിലേക്കെത്തുമെന്നും പറഞ്ഞു.
Content Highlights: Sahitya Akademi Award, PF Mathews
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..