മുഖത്ത് ആയിരം വസൂരിക്കലകളുണ്ടെങ്കിലും ജീവിതം വളരെ സുന്ദരമാണ്, ഡോക്ടര്‍!


കെ.പി.എ. സമദ്

അതുകഴിഞ്ഞ് രണ്ടുപേരും ഇഷ്ടവിനോദമായ ചീട്ടുകളിയിലേക്ക് കടന്നു. കളി തുടര്‍ന്നുകൊണ്ടിരിക്കെ, സാഹിര്‍ പെട്ടെന്ന് ചീട്ട് താഴെയിട്ട് ഹൃദയഭാഗത്ത് അമര്‍ത്തിപ്പിടിക്കുന്നതുകണ്ട് കപൂര്‍ ഉത്കണ്ഠയോടെ ചോദിച്ചു. ''സാഹിര്‍സാബ്! എന്തുപറ്റി?'' ആ വലിയ കണ്ണുകളില്‍ വേദന പുളയുന്നതുകണ്ട് കപൂര്‍ ചീട്ടുകള്‍ താഴെയെറിഞ്ഞ് ഓടിച്ചെന്ന് സാഹിറിനെ ചേര്‍ത്തുപിടിച്ചു. അടുത്തനിമിഷം ആ കൈകളിലേക്ക് സാഹിര്‍ കുഴഞ്ഞുവീണു.

-

ഹിന്ദി സിനിമാഗാനരംഗത്ത് മോഹിപ്പിച്ചുകൊണ്ട് വന്നുപോയ വ്യക്തിയാണ് സാഹിര്‍ ലുധിയാന്‍വി. ലുധിയാനയില്‍ ജനിച്ച് പിന്നീട് ലഹോറില്‍ താമസിച്ച സാഹിര്‍ ഇന്ത്യാ വിഭജനസമയത്ത് മാതാവിനെയും കൂട്ടി മുംബൈയിലേക്ക് വരുകയായിരുന്നു. കവിതകളിലൂടെ തുടങ്ങി, സിനിമാ ഗാനരചനാരംഗത്തെത്തി. പാ?െട്ടഴുതുന്നത് സാഹിര്‍ ആണെങ്കില്‍ സിനിമ ഹിറ്റ് എന്ന നിലവരെ എത്തി. സാഹിറിന്റെ അവസാനനിമിഷങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. പ്രസിദ്ധ തിരക്കഥാകൃത്തും ഗാനരചയിതാവും സാഹിറിന്റെ ശിഷ്യനുമായ ജാവേദ് അക്തറിന്റെ ഓര്‍മകളില്‍ക്കൂടിയാണ് ഈ കുറിപ്പ് വികസിക്കുന്നത്

പിതാവിനോട് പിണങ്ങിജീവിക്കുന്ന ജാവേദ് അക്തറിന് പിതൃതുല്യനായിരുന്നു സാഹിര്‍. സന്തതികളൊന്നുമില്ലാത്ത സാഹിറിന് ജാവേദില്‍ സ്വന്തം മകനെ കാണാനുമായി. സുഹൃത്തിന്റെ മകനും മറ്റൊരു സുഹൃത്തിന്റെ മരുമകനുമായതുകൊണ്ട് മാത്രമായിരുന്നില്ല സാഹിറിന്റെ ഈ വാത്സല്യം. ജാവേദിന്റെ വാക്കുകളില്‍: ''ഞാന്‍ ബോംബെയില്‍ വന്നപ്പോള്‍ പിതാവില്‍നിന്ന് വേറിട്ടാണ് ജീവിച്ചത്. ആഹാരത്തിനു വകയില്ല. തലചായ്ക്കാനിടമില്ല... അന്നൊക്കെ മാസത്തിലൊരിക്കല്‍ സാഹിറിനെ കാണാന്‍പോകും. ഒന്നും ആവശ്യപ്പെടാറില്ല. എങ്കിലും സാഹിര്‍ കൂടെയിരുത്തി ആഹാരം കഴിപ്പിക്കും, മദ്യവും നല്‍കും. തനിക്ക് തുല്യനായ ഒരാളെന്നനിലയിലാണ് എപ്പോഴും എന്നോട് സംസാരിച്ചിരുന്നത്. ഇരുപതുകാരനാണെങ്കിലും എനിക്ക് കവിത മനസ്സിലാകുമെന്ന് സാഹിര്‍ മനസ്സിലാക്കിയിരുന്നു. ആയിരക്കണക്കിന് കവിതകള്‍ എനിക്ക് മനഃപാഠമായിരുന്നു. സാഹിര്‍ ഒടുവിലെഴുതിയതോ എഴുതിക്കൊണ്ടിരിക്കുന്നതോ ആയ ഗാനങ്ങളും കവിതകളും എന്നെ ചൊല്ലിക്കേള്‍പ്പിക്കും. അഭിപ്രായമാരായും. ജാവേദ് എന്നല്ല, നൗജവാന്‍ (ചെറുപ്പക്കാരന്‍) എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. 'ഔര്‍ സുനാവോ നൗജവാന്‍! ക്യാ ഹാല്‍ ഹെ?' (പറയൂ, ചെറുപ്പക്കാരാ, എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?)

ഒരിക്കല്‍ ജോലിയൊന്നുമില്ലാതെ, കൈയില്‍ കാശൊന്നുമില്ലാതെ, പ്രയാസപ്പെടുന്ന സമയത്ത് ഞാന്‍ സാഹിറിനെ കാണാന്‍ചെന്നു. വൈകുന്നേരങ്ങളിലാണ് പോകുക പതിവ്. അത്താഴം കഴിച്ച്, മദ്യം കഴിച്ച്, രാവേറെ ചെല്ലുന്നതുവരെ സംസാരിച്ചിരുന്ന്, കിടന്നുറങ്ങി, കാലത്ത് മടങ്ങും. അത്തവണ പകലാണ് പോയത്. അതുതന്നെ വേറിട്ട കാര്യമായിരുന്നു. ജോലിയില്ലാതെ പ്രയാസപ്പെടുന്നകാര്യം ഞാന്‍ പറഞ്ഞു. സാഹിര്‍സാബ് വിചാരിച്ചാല്‍ എവിടെയെങ്കിലും എന്തെങ്കിലും ജോലി തരപ്പെടുത്താനാകും. അസിസ്റ്റന്റ് ഡയറക്ടറായോ, അസിസ്റ്റന്റ് ഡയലോഗ് റൈറ്ററായോ, എന്തെങ്കിലുമായി.

സാഹിര്‍ പറഞ്ഞു: ''നമുക്ക് നോക്കാം, നൗജവാന്‍! വിഷമിക്കുന്നതെന്തിന്? ഇതൊക്കെ ജീവിതത്തില്‍ സാധാരണമാണ്. ഇത് കടന്നുപോകും. ഈയവസ്ഥ ഞാനും കുറെ കണ്ടതാണ്.'' ഇങ്ങനെയൊക്കെ പറഞ്ഞ് സമാധാനിപ്പിച്ച് സാഹിര്‍ എഴുന്നേറ്റ് സ്വീകരണമുറിയുടെ തൊട്ടടുത്തായുള്ള കിടപ്പുമുറിയിലേക്കുപോയി. അല്പം കഴിഞ്ഞ് അകത്തുനിന്ന് വിളികേട്ടു ''നൗജവാന്‍...!''

ഞാന്‍ ചെന്നു. സാഹിറിന് വിചിത്രമായ ഒരു ശീലമുണ്ടായിരുന്നു. നേര്‍വസാകുമ്പോള്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ വരുമ്പോള്‍ പോക്കറ്റില്‍നിന്ന് ഒരു ചെറിയ ചീര്‍പ്പെടുത്ത് മുടി ചീകിക്കൊണ്ടിരിക്കും. അതു കണ്ടാലറിയാം എന്തോ മനഃപ്രയാസം അനുഭവിക്കുന്നുണ്ടെന്ന്.

ഞാന്‍ ചെന്നപ്പോള്‍ സാഹിര്‍ മുടിചീകിക്കൊണ്ട് നില്‍ക്കുകയാണ്. എന്നെ കണ്ടപ്പോള്‍ പറഞ്ഞു: ''നോക്കൂ, എന്താന്നുവെച്ചാല്‍.... ഇത്തരമവസ്ഥകളൊക്കെ ജീവിതത്തില്‍ ഉണ്ടാകും. അതൊന്നും കാര്യമാക്കരുത്. അതാ, മേശപ്പുറത്ത് കുറച്ച് കാശുവെച്ചിട്ടുണ്ട്. അതെടുത്തോളൂ. പിന്നീട് തിരിച്ചുതന്നാല്‍ മതി.''

പണമെടുക്കാന്‍ ഞാന്‍ കൂട്ടാക്കിയില്ല. ''കാശുവേണ്ട സാഹിര്‍സാബ്'' -ഞാന്‍ പറഞ്ഞു. ''ഞാന്‍ കാശ് ചോദിക്കാന്‍ വന്നതല്ല. എന്നെ ആരോടെങ്കിലും ഒന്ന് ശുപാര്‍ശചെയ്താല്‍ മതി. ഞാന്‍ ജോലിചെയ്യാം. അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അവിടെ തുടരാം... അത്രയും ചെയ്തുതന്നാല്‍ മതി.''

''അതൊക്കെ ചെയ്യാം. ഇപ്പോള്‍ ഇതുവെച്ചോളൂ.'' -സാഹിര്‍ അതെടുത്ത് നിര്‍ബന്ധപൂര്‍വം എന്റെ കീശയിലിട്ടു. മടങ്ങുമ്പോള്‍ ഞാന്‍ അതെടുത്തുനോക്കി. ഇരുനൂറ് രൂപയുണ്ട്! 1965-ലെ കാര്യമാണ്. ആ ഇരുനൂറ് രൂപകൊണ്ട് എനിക്ക് രണ്ടുമാസം സുഖമായി കഴിയാനായി.

കാലം മാറി. എനിക്കും ജോലികിട്ടി. കാശായി, കുറച്ചൊക്കെ പ്രശസ്തിയുമായി. അധികം കഴിയും മുേമ്പ, സലീം-ജാവേദ് സ്‌ക്രിപ്‌റ്റെഴുതുന്ന സിനിമകള്‍ക്ക് (ദീവാര്‍, തൃശൂല്‍, കാലാപഠാര്‍) സാഹിര്‍ ഗാനങ്ങളെഴുതി. ഞങ്ങള്‍ ഒന്നിച്ചുള്ള സിറ്റിങ്ങുകള്‍ നടന്നു. പാര്‍ട്ടികളില്‍ ഒരുമിച്ച് പങ്കെടുത്തു. താരങ്ങളും സംവിധായകരും മറ്റു പ്രമുഖരുമെല്ലാം സന്നിഹിതരായ അത്തരം കൂട്ടായ്മകളില്‍വെച്ച് ഞാനെപ്പോഴും പറയും: ''സാഹിര്‍സാബിന്റെ ഇരുനൂറ് രൂപ എന്റെ പക്കലുണ്ട്, അതുപക്ഷേ, ഞാന്‍ തിരിച്ചുകൊടുക്കില്ല.'' അതു കേള്‍ക്കുമ്പോള്‍ സാഹിറില്‍ ഒരുതരം വല്ലായ്മ പടരും. അതു മറയ്ക്കാനെന്നോണം പറയും: ''അങ്ങനെയൊന്നുമില്ല. ഞാന്‍ തിരിച്ചുവാങ്ങിക്കും, എപ്പോഴെങ്കിലും.'' ഞാന്‍ പറയും: ''അതുഞാന്‍ തരില്ല. അതെന്റെ കൈയിലിരിക്കും.''

അമ്മയുടെ മരണശേഷമുള്ള സാഹിറിന്റെ അവസ്ഥയും ജാവേദ് വാക്കുകളില്‍ വരച്ചുവെക്കുന്നു: ''അധികാരത്തോട് എന്നും പോരാടിജീവിച്ച, സംഗീതസംവിധായകരെയും ഗായകരെയും തന്നെക്കാള്‍ വലിയവരായി കണ്ടിട്ടില്ലാത്ത, പ്രതാപികളായ താരങ്ങളെയും നിര്‍മാതാക്കളെയും ഭരണകൂടങ്ങളെപ്പോലും കാര്യമാക്കാതിരുന്ന സാഹിര്‍... ആ സാഹിറിനെ ഭയചകിതനായി, നിസ്സഹായനായി, പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ കാണുകയുണ്ടായി. സ്വന്തം മുറിയില്‍ പോകാന്‍പോലും അദ്ദേഹം ഭയന്നു. സ്വീകരണമുറിയിലെ സോഫയിലാണ് രാത്രി ഉറങ്ങിയിരുന്നത്.''

1979-ല്‍ ചെറുപ്പം മുതല്‍ക്കുള്ള കൂട്ടുകാരന്‍ ഹമീദ് അക്തര്‍ പാകിസ്താനില്‍നിന്ന് കുടുംബസമേതം വന്ന് രണ്ടാഴ്ച സാഹിറിന്റെകൂടെ താമസിച്ചു. '46-ല്‍ സാഹിറിന്റെ കൂടെ വന്നതാണ് ബോംബെയില്‍. അന്നത്തേതില്‍നിന്ന് ബോംബെ വല്ലാതെ മാറിപ്പോയിരിക്കുന്നു! വ്യത്യസ്തനായ സാഹിറിനെയാണ് അക്തറിന് കാണാനായത്. അക്തര്‍ എഴുതുന്നു:

''സാഹിര്‍ വീട്ടില്‍നിന്ന് ഒരിക്കലും പുറത്തിറങ്ങിയില്ല. രാത്രി മുറിയില്‍ കിടക്കാന്‍പോകും. പക്ഷേ, കാലത്ത് സ്വീകരണമുറിയിലെ സോഫയില്‍ ഉറങ്ങിക്കിടക്കുന്നതാണ് കാണുക. ആദ്യം ഞാനതത്ര കാര്യമാക്കിയില്ല. പക്ഷേ, അതില്‍ കാര്യമുണ്ടായിരുന്നു. കിടപ്പുമുറി കുറച്ച് ഉള്ളിലായിട്ടാണ്. അവിടെക്കിടക്കുമ്പോള്‍ ഹൃദയാഘാതം വന്നാല്‍ മറ്റുള്ളവര്‍ എങ്ങനെ അറിയും എന്ന ഭീതിയായിരുന്നു സാഹിറിന്. സ്വീകരണമുറി അടുക്കളയുടെ തൊട്ടടുത്താണ്.

പുറത്തെങ്ങും പോയില്ലെങ്കിലും ഡ്രൈവര്‍ അസ്ലം എന്നും കാലത്ത് എട്ടുമണിക്ക് യൂണിഫോമില്‍ ഹാജരാകണമെന്ന് നിര്‍ബന്ധമായിരുന്നു. ഒരുപക്ഷേ, ഡോക്ടറെ വിളിക്കാന്‍ ആവശ്യം വന്നേക്കും എന്ന് കരുതിയതുകൊണ്ടാകാം. കിഡ്നി സ്റ്റോണിന്റെ കംപ്ലെയ്ന്റുണ്ടായിരുന്നു. ഹാര്‍ട്ടറ്റാക്കിന്റെ സാധ്യത കാരണം ഓപ്പറേഷന്‍ നടത്തിയില്ല. അനാരോഗ്യത്തിന്റെ ഉത്കണ്ഠകളാണ് അവസാനനാളുകളില്‍ സാഹിറിനെ വേട്ടയാടിയിരുന്നത്. വലിയ കണ്ണുകള്‍ ആകാശത്തേക്ക് തുറന്നുവെച്ച് മണിക്കൂറുകളോളം അങ്ങനെയിരിക്കും. നഷ്ടപ്പെട്ട എന്തോ തിരയുന്നപോലെ. സാഹിറിനെ അങ്ങനെ കണ്ടുകൊണ്ടിരിക്കുക വേദനയായിരുന്നു. വിവാഹിതനായിരുന്നെങ്കില്‍, ഒരുപക്ഷേ, ഈയൊരു ദുരവസ്ഥ സാഹിറിന് നേരിടേണ്ടിവരുമായിരുന്നില്ല...''

യഷ്ചോപ്ര പലതവണ കാണാന്‍ചെന്നു. എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഈയവസ്ഥ മറികടക്കാനുള്ള വഴിയെന്നുപദേശിച്ചു. 'കുഛ് മസാ നഹീ ആതാ യാര്‍, ലിഖ്നെ കാ' എന്നായിരുന്നു മറുപടി. എങ്കിലും ഗാനരചന പുനരാരംഭിച്ചു. യഷ്ചോപ്രയുടെ തൃശൂല്‍ (1978), കാലാപഠാര്‍ (1979), ബി. ആറിന്റെ ദ ബേണിങ് ടെയിന്‍ (1980), ഇന്‍സാഫ് കാ തരാസു (1980) എന്നിവയാണ് അവയില്‍ പ്രധാനം.

സമ്പത്തിനുവേണ്ടി അമ്മയെ കൈയൊഴിഞ്ഞതിന് അച്ഛനോട് പ്രതികാരം ചെയ്യുന്ന മകന്റെ കഥപറഞ്ഞ തൃശൂല്‍ ദീവാറിനെക്കാളും കഭീ കഭീയെക്കാളും വലിയ ഹിറ്റായി. ഖയ്യാം സംഗീതം നല്‍കിയ ഗാനങ്ങളും നന്നായി സ്വീകരിക്കപ്പെട്ടു. ദീവാറിലേതുപോലെ കഥയുടെ പിരിമുറുക്കം കുറയ്ക്കാനായിമാത്രം വിഭാവനം ചെയ്യപ്പെട്ട പ്രണയഗാനങ്ങള്‍ സാഹിറിന് തെല്ലും സംതൃപ്തിനല്‍കിയില്ല. പക്ഷേ, കരുത്തുറ്റ ഒരു ഗാനത്തിന് ചിത്രം അവസരം നല്‍കി. കടുത്ത പ്രയാസങ്ങള്‍ സഹിച്ച് മകനെ വളര്‍ത്തുന്ന പരിത്യക്തയായ മാതാവിന്റെ മനസ്സ് പകര്‍ത്തുന്ന ഗാനം: 'തു മേരെ സാഥ് രഹേഗാ മുന്നേ...'

രാജേഷ് റോഷന്‍ സംഗീതം നല്‍കിയ കാലാപഠാര്‍ പരാജയമായെങ്കിലും അതില്‍ ലത പാടിയ 'മേരി ദുറോം സെ ആയി ബാരാത്' എന്ന ഗാനം വലിയ ഹിറ്റായി. എന്നാല്‍, സാഹിറിന്റെ പ്രതിഭയ്ക്ക് പഴയതുപോലെ തിളങ്ങാന്‍ അവസരം നല്‍കിയത് ബി. ആര്‍. ചോപ്രയുടെ ദ ബേണിങ് ട്രെയിന്‍ എന്ന ചിത്രമാണ്. '80 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആര്‍.ഡി. ബര്‍മന്റെ സംഗീതത്തില്‍ മുഹമ്മദ് റഫിയും ആശയും ചേര്‍ന്നുപാടുന്ന 'പല്‍ ദോ പല്‍ കാ സാഥ് ഹമാരാ പല്‍ ദോ പല്‍ കെ യാരാ നെ ഹൈ' (ഏതാനും മാത്രയിലെ കൂട്ടാണ് നമ്മുടേത്, ഏതാനും മാത്രകളില്‍ ഒതുങ്ങുന്നു ഈ അടുപ്പം) എന്ന കവാലി, സാഹിറിന്റെ അവസാനത്തെ ഉത്കൃഷ്ടരചനയാണ്.

ഈ നിമിഷത്തില്‍ ജീവിക്കുക എന്ന ബുദ്ധിസ്റ്റ് സിദ്ധാന്തം സാഹിറിനെ വളരെയേറെ സ്വാധീനിച്ചിരുന്നു. മുമ്പും പല ഗാനങ്ങളിലും -ആഗെ ഭി ജാനെ ന തൂ; മൈ പല്‍ ദോ പല്‍ കാ ഷായര്‍ ഹൂം - ഈ ചിന്ത സാഹിര്‍ വിഷയമാക്കിയിട്ടുണ്ട്. നേരത്തേ പറഞ്ഞുവെച്ചത് ഈ ഗാനത്തില്‍ സാഹിര്‍ പൂര്‍ത്തിയാക്കുന്നു.

'സിന്ദഗി ഇക് തേസ് രൗ തൂഫാന്‍ ഹൈ

ഇകെ ജോ പീഛാ കരേ നാദാന്‍ ഹൈ

ഗുംശുദാ ഖുഷിയോം പെ കോം ഹൈറാന്‍ ഹൈ

വക്ത് ലൗട്ടെ ഇസ്‌കാ കബ് ഇംകാന്‍ ഹൈ'

(ജീവിതം കുതിച്ചോടുന്ന കൊടുങ്കാറ്റാണ്

അതിനുപിറകെ പായുന്നവന്‍ പോഴനാണ്

നഷ്ടമായ സന്തോഷത്തില്‍ അമ്പരപ്പെന്തിനാണ്?

പോയകാലം തിരിച്ചുവരുക സാധ്യമാണോ?)

'ഝൂം ജബ് തക് ധഡ്കനോം മെ ജാന്‍ ഹൈ

ഝൂമ്നാ ഹി സിന്ദഗി കാ ഷാന്‍ ഹൈ

അവ്വല്‍ ആഖിര്‍ ഹര്‍ കോയി അന്‍ജാന്‍ ഹൈ

സിന്ദഗി ബസ് രാഹ് കി പഹ്ചാന്‍ ഹൈ'

(ആഹ്ലാദിക്കുക അവസാനത്തെ സ്പന്ദനംവരെ

ആഹ്ലാദമാണ് ജീവിതത്തിന് പെരുമനല്‍കുന്നത്

ആദ്യാവസാനം എല്ലാവരും അപരിചിതരാണ്

ജീവിതമെന്നാല്‍ സ്വന്തം പാത തിരിച്ചറിയലാണ്)

'ദോസ്‌തോം അപ്നാ യെ ഈമാന്‍ ഹൈ

ജോ ഭി ജിത്നാ സാഥ് ദേ എഹ്സാന്‍ ഹൈ

ഉമ്ര് കാ രിഷ്താ ജോഡനെവാലെ

അപ്നി നസര്‍ മെ ദീവാനെ ഹൈ'

(കൂട്ടരേ, എന്റെ വിശ്വാസമിങ്ങനെയാണ്

എത്രനേരം കൂടെനടന്നോ അത്രയും ഔദാര്യമാണ്

അന്ത്യംവരേക്കുള്ള ബന്ധം തേടുന്നവര്‍

എന്റെ കണ്ണില്‍ ഭ്രാന്തരാണ്)

ഒക്ടോബര്‍ 25 ശനിയാഴ്ച ഉച്ചയോടെ ബി.ആര്‍. ചോപ്രയുടെ ഫോണ്‍ വന്നപ്പോള്‍ സാഹിര്‍ ഉറക്കംകഴിഞ്ഞെഴുന്നേറ്റിരുന്നില്ല. തലേന്ന് വളരെ വൈകിയാണുറങ്ങിയത്. അതുകൊണ്ട് ഉണരാന്‍ വൈകി. ബി. ആര്‍. ആരോഗ്യസ്ഥിതി അന്വേഷിച്ചു. പ്രത്യേകിച്ചൊന്നുമില്ല. ഇന്‍സാഫ് കാ തരാസുവിന്റെ റിലീസ് നവംബര്‍ 11-ന് നിശ്ചയിച്ചിരിക്കുന്നു. പ്രീമിയറിന് സമയത്തിനെത്തുമെന്ന് സാഹിര്‍ വാക്കുനല്‍കി.

രണ്ടാഴ്ചമുമ്പ് ചെറുമട്ടില്‍ ഹൃദയാഘാതം അനുഭവപ്പെട്ടതറിഞ്ഞ് അമ്മാവന്റെ മക്കള്‍ അന്‍വറും സര്‍വറും അലഹാബാദില്‍നിന്നും എത്തിയിട്ടുണ്ട്. ഡോക്ടര്‍ കപൂര്‍ നിത്യവും വിളിച്ച് വിവരമന്വേഷിക്കും. ഇന്ന് വിളിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. ഉറക്കത്തിലായിരുന്നപ്പോള്‍ വിളിച്ചിരുന്നോ? ഇല്ലെന്ന് സര്‍വര്‍ പറഞ്ഞു. സാഹിര്‍ അങ്ങോട്ടുവിളിച്ചു. അപ്പോഴാണറിയുന്നത്, ഡോക്ടര്‍ ദേഹാസ്വാസ്ഥ്യം കാരണം വിശ്രമത്തിലാണ്. അസ്ലം പതിവുപോലെ യൂണിഫോമില്‍ ഹാജരുണ്ട്. ഉച്ചതിരിഞ്ഞ് സാഹിര്‍ കപൂറിനെ കാണാന്‍പോയി.

ഡോക്ടര്‍ വിശ്രമിക്കുകയാണ്. ക്ഷീണിതനാണ്. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. സാഹിറിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു.

''സുഖമായിരിക്കുന്നു. പൂര്‍ണ ആരോഗ്യവാന്‍.'' -സാഹിര്‍ പറഞ്ഞു.

''കണ്ടിട്ടങ്ങനെ തോന്നുന്നില്ല. ജുഹുവില്‍നിന്ന് നടന്നാണോ വന്നത്? അതുകൊണ്ടാണോ മുഖത്തിത്ര പരവേശം?'' -കപൂര്‍ കളിയായി ചോദിച്ചു.

''ചെഹ്രെ പെ ഹസാര്‍ ചേചക് കെ ദാഗ് സഹി

സിന്ദഗി ഖുബ്സൂരത് ഹൈ, ഡോക്ടര്‍ കപൂര്‍!''

(മുഖത്ത് ആയിരം വസൂരിക്കലകളുണ്ടെങ്കിലും

ജീവിതം വളരെ സുന്ദരമാണ്, ഡോക്ടര്‍!)

സാഹിര്‍ ചിരിച്ചുകൊണ്ട് ഈരടിയില്‍ പ്രതിവചിച്ചു.

കളിതമാശകള്‍ക്കിടയില്‍ ചായവന്നു. അതുകഴിഞ്ഞ് രണ്ടുപേരും ഇഷ്ടവിനോദമായ ചീട്ടുകളിയിലേക്ക് കടന്നു. കളി തുടര്‍ന്നുകൊണ്ടിരിക്കെ, സാഹിര്‍ പെട്ടെന്ന് ചീട്ട് താഴെയിട്ട് ഹൃദയഭാഗത്ത് അമര്‍ത്തിപ്പിടിക്കുന്നതുകണ്ട് കപൂര്‍ ഉത്കണ്ഠയോടെ ചോദിച്ചു. ''സാഹിര്‍സാബ്! എന്തുപറ്റി?'' ആ വലിയ കണ്ണുകളില്‍ വേദന പുളയുന്നതുകണ്ട് കപൂര്‍ ചീട്ടുകള്‍ താഴെയെറിഞ്ഞ് ഓടിച്ചെന്ന് സാഹിറിനെ ചേര്‍ത്തുപിടിച്ചു. അടുത്തനിമിഷം ആ കൈകളിലേക്ക് സാഹിര്‍ കുഴഞ്ഞുവീണു.

സാഹിറിന്റെ മരണം ജാവേദ് അനുസ്മരിക്കുന്നു:

sahir
പുസ്തകം വാങ്ങാം

''സാഹിര്‍ അന്തരിച്ച വിവരം രാത്രിയാണ് ഞാനറിയുന്നത്. ഞാന്‍ വേഗം അദ്ദേഹത്തിന്റെ വീടായ പര്‍ഛായിയാമിലെത്തി. രണ്ടു സഹോദരിമാരും സുഹൃത്ത് സാബിര്‍ദത്തുമല്ലാതെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അല്പം കഴിഞ്ഞ് ഡോക്ടര്‍ കപൂറിന്റെ ഫോണ്‍ വന്നു: ''മൃതദേഹത്തിന്റെ കൈകാലുകള്‍ ഉഴിഞ്ഞ് നേരെയാക്കണം. റിഗര്‍കോര്‍ട്ടിസ് സംഭവിക്കരുത്.'' ഞാന്‍ ചെന്ന് പുതപ്പുമാറ്റി. കൈകള്‍ ഉഴിയാന്‍ തുടങ്ങി. വലതുകൈ തൊട്ടപ്പോള്‍ എന്റെയുള്ളില്‍ വിഷാദവികാരങ്ങളുടെ അടക്കാനാവാത്ത തരംഗമുയര്‍ന്നു. ഈ കൈകൊണ്ട് എന്തെല്ലാം കവിതകള്‍, എത്രയെത്ര ഗാനങ്ങള്‍, എഴുതുകയുണ്ടായി!

''രാവേറെ ചെല്ലുംവരെ ഞാനതിനെക്കുറിച്ച് ഓര്‍ത്തുകൊണ്ടിരുന്നു. പിന്നെ അല്പനേരം മയങ്ങി. അതിരാവിലെ ചോപ്രാസാബ് എത്തി. തുടര്‍ന്ന് മറ്റുള്ളവരും. പതിനൊന്നുമണിയോടെ മൃതദേഹം ശ്മശാനത്തിലേക്കെടുത്തു. മറവുചെയ്തുകഴിഞ്ഞും ഞാന്‍ ആ കബറിടത്തില്‍ കുറച്ചുനേരം തനിച്ചുനിന്നു. പിന്നെ പുറത്തേക്കു നടക്കുമ്പോള്‍ ഒരാള്‍ ഓടി അരികിലെത്തി ചോദിച്ചു:

''ഇരുനൂറ് രൂപയുണ്ടോ?''

''ഇരുനൂറ് രൂപയോ? എന്തിന്? എന്താകാര്യം?'' -ഞാന്‍ ചോദിച്ചു.

''കബറ് കുഴിച്ചവന് കൂലികൊടുക്കണം.'' -അയാള്‍ പറഞ്ഞു: ''ഇവിടെയാണെങ്കില്‍ മറ്റാരുമില്ല. എന്റെ കൈയിലൊന്നുമില്ല. സാഹിര്‍സാബിന്റെ മരണവിവരമറിഞ്ഞയുടന്‍ ഉടുത്തവസ്ത്രത്തില്‍ ഓടിവരുകയായിരുന്നു. പേഴ്സെടുത്തില്ല.''

ഞാന്‍ പോക്കറ്റില്‍നിന്ന് ഇരുനൂറു രൂപയെടുത്തുകൊടുത്തു. അയാള്‍ തിരിച്ചുപോയി.

ഞാന്‍ കാറില്‍ക്കയറി വീട്ടിലേക്ക് തിരിച്ചു. അല്പദൂരം പോയപ്പോള്‍ പെട്ടെന്നൊരാലോചന മനസ്സില്‍ മിന്നി. കടമായിരുന്നു! തിരിച്ചുവാങ്ങിച്ചു...! കൊടുക്കുകയില്ലെന്നുപറഞ്ഞ ആ ഇരുനൂറുരൂപ തിരിച്ചുവാങ്ങി സാഹിര്‍ എന്നെ കടക്കാരനല്ലാതാക്കിയിരിക്കുന്നു!

പ്രപഞ്ചത്തിന്റെ സൗന്ദര്യമത്രയും ഒരു മഞ്ഞുതുള്ളിയില്‍ പ്രതിഫലിപ്പിച്ച ആ വലിയ കലാകാരനെ അനുസ്മരിപ്പിക്കുന്ന കരവിരുതോടെ സാഹിര്‍ തന്റെ ജീവിതം ആറുവരിയില്‍ ഇങ്ങനെ കുറിച്ചിട്ടു.

'അശ്കോം മെ ജോ പായാ ഹൈ വൊഹി ഗീതോം മെ ദിയാ ഹൈ

ഉസ് പര്‍ ഭി സുനാ ഹൈ കി സമാനെ കൊ ഗിലാ ഹൈ

ജോ താര്‍ സെ നികലി ഹൈ വൊ ധുന്‍ സബ്നെ സുനി ഹൈ

ജൊ സാസ് പെ ഗുസ്തി ഹൈ വൊ കിസ് ദില്‍ കൊ പതാ ഹൈ

ഹം ഫൂല്‍ ഹൈ, ഔറോം കെ ലിയെ ലായെ ഹൈ ഖുഷ്ബു

അപ്നെ ലിയെ ലേ-ദേകെ ബസ് ഇക് ദാഗ് മിലാ ഹൈ'

(കണ്ണീരിലൂടെ നേടിയതൊക്കെയും

കവിതയിലൂടെ ഞാന്‍ തിരിച്ചുനല്‍കി

അതിനെക്കുറിച്ചും പരാതിയാണ്

ആളുകള്‍ക്കെന്ന് പറഞ്ഞുകേട്ടു

തന്ത്രിയില്‍നിന്നുതിരും ഈണം എല്ലാരും കേട്ടു

തംബുരുവിന്റെ വേദന പക്ഷേ, ഏതു മനസ്സറിയും?

മലരായി മറ്റുേള്ളാര്‍ക്ക് ഞാന്‍ പരിമളമേകി

എനിക്ക് ലഭിച്ചത് വെറുമീ മുറിവിന്‍ പാടുകള്‍ മാത്രം)

സാഹിര്‍: അക്ഷരങ്ങളുടെ ആഭിചാരകന്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Sahir Ludhianvi malayalam biography by KPA samad Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented