എം.ടി. വാസുദേവൻ നായർ | ഫോട്ടോ: ശ്രീജിത്ത് പി. രാജ്
രസമുള്ള അഡിക്ഷനാണ് എനിക്ക് എം.ടി; നന്നായി മൊരിഞ്ഞ പഴംപൊരി പോലെ, യേശുദാസിന്റെ പഴയ പാട്ടുകള്‍ പോലെ, സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് പോലെ ബാല്യകൗമാരയൗവനങ്ങളെ അപ്പടി തട്ടിക്കൊണ്ടുപോയ ഒരു അഡിക്ഷന്‍. കുടഞ്ഞുകളയാന്‍ നോക്കിയിട്ടുണ്ട് പലപ്പോഴും. എന്തിനോടും അതിഭ്രമം അപകടമാണല്ലോ. പറഞ്ഞിട്ടെന്തുകാര്യം? അത്രയെളുപ്പം ഒഴിപ്പിക്കാന്‍ പറ്റില്ല ഈ ബാധയെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
ദേവഗിരി കോളേജ് ലൈബ്രറിയില്‍ നിന്ന് പതിവായി എം.ടിയെ തപ്പിയെടുത്ത് വായിച്ചിരുന്ന എന്നോട് സാമാന്യം വിപുലമായ വായനയും സാഹിത്യ ബോധവുമുള്ള ശശി എന്ന ഗൗരവക്കാരന്‍ സഹപാഠി ഒരിക്കല്‍ ചോദിച്ചതോര്‍മ്മയുണ്ട്: 'എടോ, നീ ഇങ്ങനെ എം.ടിയെയും കെട്ടിപ്പിടിച്ചിരുന്നാ മതിയോ? മോളിലേക്ക് കേറിപ്പോണ്ടേ? കൊറച്ചും കൂടി സീരിയസ് ആയ പുസ്തകങ്ങള്‍ വായിക്ക്. ഒ.വി വിജയനേം ആനന്ദിനേം മേതിലിനേം ഒക്കെ. എന്നാ ഈ എം.ടി ബാധ ഒഴിവായിക്കിട്ടും...'
വായിച്ചു. ഇവരെ മാത്രമല്ല, പല സോ-കോള്‍ഡ് ആധുനികോത്തരന്മാരെയും. ചിലതൊന്നും പിടിതന്നില്ല. ചിലതൊക്കെ ആകര്‍ഷിക്കുകയും ചെയ്തു. പക്ഷേ ആരെ വായിച്ചാലും ഒടുവില്‍ വണ്ടി റിവേഴ്‌സെടുത്ത് തിരിച്ചെത്തുക എം.ടിയുടെ സ്റ്റാന്‍ഡില്‍ തന്നെ. സത്യം പറഞ്ഞാല്‍ ഈ ഒഴിയാബാധ ഞാന്‍ ആസ്വദിക്കുന്നു ഇപ്പോള്‍. വി.കെ.എന്‍, വിംസി ബാധകള്‍ പോലെ ഒരിക്കലും മടുക്കാത്ത ഒന്ന്.
പഴകുന്തോറും വീര്യം കൂടുന്ന ഈ എം.ടി ഭ്രമത്തിന്റെ പൊരുള്‍ എന്താവാം? ജനിച്ചു വളര്‍ന്ന അന്തരീക്ഷത്തിന്റെ പ്രത്യേകത; അല്ലെങ്കില്‍ ബാല്യം മുതല്‍ കേട്ടുശീലിച്ച ഭാഷയുടെ, കണ്ട കാഴ്ചകളുടെ, കളിച്ചു വളര്‍ന്ന നാടിന്റെ സ്വാധീനം. എന്തുമാകാം. തറവാട്ടിലുണ്ടായിരുന്ന ചെറിയമ്മമാരെയും വല്യമ്മമാരെയും എളേമ്മമാരെയും ഏട്ടന്റമ്മയെയും കുട്ടിമ്മാമയേയും ഓപ്പയെയും കാര്യസ്ഥന്‍ അച്ചുന്നായരെയും ഒക്കെ എം.ടി എങ്ങനെ തട്ടിക്കൊണ്ടുപോയി എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. അണ്ണാറക്കണ്ണനെ അണ്ണാറക്കൊട്ടന്‍ എന്ന് ഒരു കഥയില്‍ വിശേഷിപ്പിച്ചുകണ്ടപ്പോഴും തൊള്ളസൂറമ്മാര് എന്ന് ഓളവും തീരത്തിലെ കടത്തുകാരന്‍ മമ്മദ് പറഞ്ഞുകേട്ടപ്പോഴും തോന്നിയത് അതേ വികാരം. ഇത്തരം വാക്കുകളും പ്രയോഗങ്ങളുമൊക്കെയല്ലേ സ്വപ്നജീവിയായ കുട്ടിവായനക്കാരനെ എം.ടിയിലേക്ക് അടുപ്പിച്ചത്?
വേറൊരു നൊസ്സ് കൂടിയുണ്ടായിരുന്നു അന്ന്. 'നാലുകെട്ടി'ലെ അപ്പുണ്ണിയായി, 'കാല'ത്തിലെ സേതുവായി ഒക്കെ സ്വയം സങ്കല്‍പ്പിക്കല്‍. അന്തര്‍മുഖത്വം, അപകര്‍ഷത, അനാരോഗ്യം, പ്രതികാരവാഞ്ഛ, നിശബ്ദ പ്രേമം, ലോകത്തോടുള്ള പക ഒക്കെ വേണ്ടുവോളം ഉണ്ടായിരുന്നല്ലോ എം.ടിയുടെ കഥാപാത്രങ്ങളിലെന്നപോലെ നമ്മുടെ ഉള്ളിലും.
'വളരും. വളര്‍ന്ന് വലിയ ആളാവും. കൈകള്‍ക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരേയും ഭയപ്പെടേണ്ടതില്ല. തലയുയര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കാം. 'ആരെടാ' എന്ന് ചോദിച്ചാല്‍ പരുങ്ങാതെ ഉറച്ച സ്വരത്തില്‍ പറയാം; 'ഞാനാണ്. കോന്തുണ്ണിനായരുടെ മകന്‍ അപ്പുണ്ണി.' നാലുകെട്ടിന്റെ ആ കിടിലന്‍ തുടക്കം ഇന്നും മനഃപാഠം. അതുപോലെ 'ഓപ്പോള്‍' എന്ന കഥയുടെ ഒടുക്കവും. 'എന്നാലും ഓപ്പോള് പറയാതെ പോയില്ലേ? വല്ലാത്തൊരോപ്പോള്... ഈ ഓപ്പോള്‍ക്ക് പ്രാന്താ...'
എഴുതിത്തുടങ്ങിയപ്പോഴും എം.ടി പിടിവിട്ടില്ല. വാക്കുകളില്‍ നിന്ന് വാക്കുകളിലേക്കും വാചകങ്ങളില്‍ നിന്ന് വാചകങ്ങളിലേക്കും ഖണ്ഡികകളില്‍ നിന്ന് ഖണ്ഡികകളിലേക്കുമുള്ള അനുസ്യൂതമായ ആ ഒഴുക്ക് ആരെയാണ് മോഹിപ്പിക്കാത്തത്? പിന്നെ ചില മൂളലുകള്‍, ആത്മഗതങ്ങള്‍, പതിഞ്ഞ ചിരികള്‍, അര്‍ദ്ധവിരാമങ്ങള്‍, മൗനങ്ങള്‍... അവ കൂടി ചേരുമ്പോഴാണ് ആ മാജിക് പൂര്‍ണ്ണമാകുക. ഫുട്‌ബോളിനെ കുറിച്ചെഴുതുമ്പോള്‍ പോലും എ.ടി ഇടക്ക് കയറിവന്ന് പന്തു റാഞ്ചിയെടുത്ത് ഓടിക്കളയും.
മാതൃഭൂമിയില്‍ ജോലി കിട്ടി എന്നറിഞ്ഞപ്പോള്‍ നല്ലൊരു വായനക്കാരന്‍ കൂടിയായ കുട്ടിമ്മാമ പറഞ്ഞതോര്‍മ്മയുണ്ട്: 'എടോ മ്മടെ എം.ടീന്റെ മാറൂമി അല്ലേ? നിന്റെ ഭാഗ്യാണ് ട്ടോ. ആര്‍ക്കാണ് മൂപ്പരെ കൂടെ പണിയെടുക്കാന്‍ മോഹംല്ല്യാണ്ടിരിക്യ?'
എം.ടി മാതൃഭൂമി വിട്ടിട്ട് കുറേക്കാലമായി എന്ന് ഞാന്‍. ഉടന്‍ വന്നു അമ്മാമയുടെ മറുപടി: 'അയിനെന്താ? മൂപ്പരില്ലെങ്കിലും മൂപ്പര് ഇരുന്ന് പണിയെടുത്ത കസാലയെങ്കിലും ഉണ്ടാവൂലോ? അത് കാണാലോ നിനക്ക്. വേണംച്ചാല്‍ ആരും കാണാണ്ടെ ഒന്ന് ചെന്നിരിക്കീം ചെയ്യാം...'
വേണ്ട. ആ കസേര എം.ടിക്ക് സ്വന്തം. തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരന്...
Content Highlights: Sadaram, M. T. Utsavam, Thunjan parambu, M.T. Vasudevan Nair, Thirur


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..