'നിശാശലഭമേ എനിക്കു നിന്നെ സഹായിക്കാനാവില്ല'; ചെമ്പടത്തെരുവ് മുറിച്ചുകടന്ന ക്രിനിസ്‌കി


ജയകൃഷ്ണന്‍

3 min read
Read later
Print
Share

റിഷാർദ് ക്രിനിസ്‌കി | Photo: Wikipedia

നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല. പക്ഷേ, നാളെ നിങ്ങള്‍ നില്‍ക്കുന്നത് മറ്റൊരു രാജ്യത്തായിരിക്കും. മറ്റന്നാള്‍ മൂന്നാമതൊരു രാജ്യത്ത്. അതിനടുത്തദിവസം വേറൊരിടത്ത്. അസംബന്ധമാണെന്നു തോന്നുന്നുണ്ടോ? എന്നാല്‍, എങ്ങും പോകാതെ ഈ നാടുകടത്തല്‍ നിരന്തരം അനുഭവിച്ച ഒരാളുണ്ട്: ഇന്നു ജീവിച്ചിരിക്കുന്ന മഹാകവികളില്‍ ഒരാളായ പോളിഷ് എഴുത്തുകാരന്‍ റിഷാര്‍ദ് ക്രിനിസ്‌കി (Rsyzard Krynicki).

രണ്ടാംലോകയുദ്ധകാലത്ത് ഓസ്ട്രിയയിലെ ഒരു നാസി അടിമത്താവളത്തില്‍, ഒരുകാലത്ത് യുക്രൈനില്‍ കഴിഞ്ഞിരുന്ന പോളിഷ് വംശജരുടെ മകനായാണ് ക്രിനിസ്‌കി ജനിച്ചത്. യുദ്ധത്തിനുശേഷം അവരുടെ നാട് സോവിയറ്റ് യൂണിയനില്‍ ലയിപ്പിക്കപ്പെട്ടു. ഇതിനുപകരമായി സോവിയറ്റ് യൂണിയന്‍ ജര്‍മനിയില്‍നിന്നു പിടിച്ചെടുത്ത് പോളണ്ടിനു വിട്ടുകൊടുത്ത സ്ഥലങ്ങളിലേക്ക്, വൈകാതെ അവര്‍ക്ക് പോകേണ്ടിവന്നു. യുദ്ധവും ഭരണഭീകരതയും മാറ്റിവരയ്ക്കുന്ന അതിര്‍ത്തികള്‍ക്കുള്ളില്‍ അസ്തിത്വം നഷ്ടപ്പെട്ട് ക്രിനിസ്‌കി നിസ്സഹായനായി. അത് അവിടെയും അവസാനിച്ചില്ല. യുദ്ധാനന്തരം പോളണ്ടില്‍ നിലവില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചു. സ്വന്തം രാജ്യത്ത് അദ്ദേഹം ഭ്രഷ്ടനായി. എന്നാല്‍, രാജ്യത്തിന്റെ സങ്കല്പിക്കപ്പെട്ടതും യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നതുമായ അവസ്ഥകളുടെ വൈരുധ്യത്തെ അദ്ദേഹത്തിന്റെ കവിതകള്‍ നിരന്തരം പൊളിച്ചടുക്കി. 'കാന്തികബിന്ദു' (Magnetic Point) എന്ന സമാഹാരത്തിലെ 'ലോകം ഇപ്പോഴും നിലനില്‍ക്കുന്നു' എന്ന കവിത ഇതിന് ഒന്നാന്തരം ഉദാഹരണമാണ്:

'ജോലിചെയ്യാന്‍ നിങ്ങള്‍ ചെമ്പടത്തെരുവിലൂടെ പോകുന്നു / ലോകം നിലനില്‍ക്കുന്നു; ഒന്നും മാറിയിട്ടില്ല / തെരുവിന്റെ ഇടതുവശത്ത് ഒരറ്റം മുതല്‍ മറ്റേയറ്റം വരെ / അതു നിങ്ങള്‍ എങ്ങോട്ടു പോകുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും / രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ / ഇടതുഭാഗത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ / തെരുവിന്റെ ഏറ്റവും ഇടതുഭാഗത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ / വിദൂര ഇടതുപക്ഷത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ / നിങ്ങള്‍ക്കൊരു മുദ്രാവാക്യം കാണാനാകും/ ഏറ്റവും വലിയ ലക്ഷ്യം മനുഷ്യന്‍തന്നെയാണ്.'

പക്ഷേ, തുടര്‍ന്നുള്ള വരികളില്‍ ചെമ്പടത്തെരുവിന്റെ, രാജ്യത്തിന്റെയും ഒരറ്റം മുതല്‍ മറ്റേയറ്റം വരെ എഴുതിവെച്ചിട്ടുള്ള ആ മുദ്രാവാക്യത്തെ വാഹനങ്ങള്‍, പാതയിലെ ടാറില്‍ അമര്‍ത്തിത്താഴ്ത്തി ഇല്ലാതാക്കിയെന്നുകൂടി പറയുന്നു. ക്രിനിസ്‌കി അധികാരികളുടെ കണ്ണിലെ കരടായതില്‍ അദ്ഭുതപ്പെടാനുണ്ടോ?

'ഞങ്ങളുടെ പ്രത്യേകലേഖകന്‍' എന്ന പേരില്‍ നൂറില്‍ത്താഴെ മാത്രം വരികളുള്ള ഒരു കവിതയെഴുതിയിട്ടുണ്ട് ക്രിനിസ്‌കി. അതുകാരണം അദ്ദേഹവും കുടുംബവും ഭരണകൂടത്തില്‍നിന്ന് സഹിക്കേണ്ടിവന്ന പീഡനങ്ങള്‍ വിവരിക്കാനാവാത്തതാണ്. ഈയടുത്ത കാലത്തുമാത്രം 'നമ്മുടെ ജീവിതം വളരുന്നു' (Our Life Grows) എന്ന സമാഹാരത്തിലൂടെ ഇംഗ്ലീഷില്‍ പൂര്‍ണമായും പ്രസിദ്ധീകരിക്കപ്പെട്ട ആ കവിത, ചുവന്ന ജാലകങ്ങളുള്ള 'വൈറ്റ് ഹൗസി'ല്‍നിന്ന് വെളുത്ത നിറമുള്ള ആ ഖനിയില്‍നിന്ന് വാര്‍ത്തകളയക്കുന്ന പ്രത്യേക ലേഖകനെക്കുറിച്ചുള്ളതാണ്. അയാള്‍ ഭക്ഷണം വിളമ്പുന്നു, ഒരു മാറ്റൊലി അയക്കുന്ന വാര്‍ത്തകള്‍ ദഹിപ്പിച്ചെടുക്കുകയും ചെയ്യുന്നു, ചുവന്ന വലക്കണ്ണികളുടെ ശൂന്യമായ കവിതയില്‍ മറഞ്ഞിരുന്നുകൊണ്ട് അയാള്‍ ആയുധങ്ങളെപ്പറ്റിയുള്ള വിവരങ്ങളയക്കുന്നു.

ആ വലക്കണ്ണികള്‍ പ്രപഞ്ചത്തിന്റേതാണ്, ചാരന്മാരുടെ പ്രപഞ്ചം. ഒരു രോഗി ഭാവനയില്‍ക്കാണുന്ന, പത്രപ്രവര്‍ത്തകരുടെയും ചാരന്മാരുടെയും പരസ്പരബന്ധിതമായ ആ ശൃംഖലയ്ക്കുള്ളിലാണ് നമ്മുടെ പ്രത്യേക ലേഖകന്‍. അവിടെ തോക്കിന്‍കുഴലിലൂടെയാണ് ജ്ഞാനോദയം. ബാലറ്റ് പെട്ടികള്‍ അവിടെ ചാരമായിക്കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ പോകുന്ന കവിത പന്നിത്തോല്‍ കൊണ്ടുള്ള സഞ്ചികളിലൊളിപ്പിച്ച ചുവന്ന അടയാളപ്പലകകളുള്ള വൈറ്റ്ഹൗസിലിരുന്ന് വാര്‍ത്തകളയക്കുന്ന പ്രത്യേക ലേഖകനെ, ചാരനെ വീണ്ടും വീണ്ടും നമുക്ക് കാണിച്ചുതരുന്നു.

ഭരണകൂടത്തിന് ഭ്രാന്തിളകിയെന്ന് പറയേണ്ടതില്ലല്ലോ. 'അമേരിക്കയെ കണ്ടെത്തല്‍' (Discoovery of America) എന്ന് പേരു മയപ്പെടുത്തിയിട്ടുകൂടി ആ കവിത പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. സമാഹാരങ്ങളില്‍ ആ കവിത ഉള്‍പ്പെടുത്തരുതെന്ന് കര്‍ശനനിര്‍ദേശം കിട്ടിയെങ്കിലും ക്രിനിസ്‌കി വഴങ്ങിയില്ല. അദ്ദേഹം അതൊരു ലഘുലേഖയാക്കി അച്ചടിച്ചു. പോളിഷ് സുരക്ഷാപോലീസ് വെറുതേയിരുന്നില്ല. ഇരുപതോളം തവണ അദ്ദേഹത്തിന്റെ വീട്ടില്‍ അവര്‍ മിന്നല്‍പ്പരിശോധന നടത്തി. ഒടുവില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചെന്ന കുറ്റംപോലും അദ്ദേഹത്തിനുമേല്‍ ചുമത്തപ്പെട്ടു.

പുരസ്‌കാരങ്ങള്‍ സ്വീകരിക്കാന്‍കൂടി അനുവദിക്കാതെ ഭരണകൂടം പീഡിപ്പിച്ചെങ്കിലും സുഹൃത്തുക്കളും കവികളുമായ സ്റ്റാനിറ്റ്സഫ് ബറാന്‍ട്രാക്ക്, ആദം സഗയേവ്സ്‌കി എന്നിവരെപ്പോലെ ക്രിനിസ്‌കി പോളണ്ട് വിട്ടുപോയില്ല. വീണ്ടുമൊരു നാടുകടത്തലിനുപോലും യോഗ്യതയില്ലാത്തവനാണു താനെന്ന് അദ്ദേഹം വേദനയോടെ പറഞ്ഞു. ഭരണകൂടത്തിന്റെ ചെയ്തികള്‍ കവിതകളിലൂടെ തുറന്നുകാട്ടുന്നില്ലെന്ന് പോളണ്ടിലെ ഏറ്റവും വലിയ കവികളിലൊരാളായ സ്ബിഗ്ന്യൂഫ് ഹെര്‍ബെര്‍ത്തിനെ ക്രിനിസ്‌കി വിമര്‍ശിച്ചിരുന്നു. ഹെര്‍ബെര്‍ത്തിനും അതറിയാമായിരുന്നു. ഒരു ക്ഷമാപണംപോലെ എഴുതിയ 'റിഷാര്‍ദ് ക്രിനിസ്‌കിക്ക് ഒരു കത്ത്' എന്ന കവിതയില്‍ ഹെര്‍ബെര്‍ത്ത് പറയുന്നു: 'നമ്മുടെ ഭ്രാന്തമായ ഈ നൂറ്റാണ്ടില്‍ സത്യമോ കവിതയോ ഏറെയൊന്നും അവശേഷിക്കുന്നില്ല, അതുകൊണ്ടാണ് സുഹൃത്തേ, ഈ രാത്രിയില്‍ ഞാന്‍ നിനക്ക് മൂങ്ങയുടെ കടങ്കഥകള്‍ അയക്കുന്നത്.'

'നിശാശലഭമേ എനിക്കു നിന്നെ സഹായിക്കാനാവില്ല, വിളക്കൂതിക്കെടുത്തുവാനേ കഴിയൂ.' എന്നെഴുതിയ ക്രിനിസ്‌കിക്ക് ആ കടങ്കഥകള്‍ മനസ്സിലായിട്ടുണ്ടാവും.


Content Highlights: Ryszard Krynicki, Polish poet, Vakkolam column by Jayakrishnan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഫ്രാന്‍സെസ്‌ക് മിറലസ്

3 min

ഇക്കിഗായികളെപ്പോലെ എല്ലായ്‌പ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഈ നിമിഷത്തില്‍ ജീവിക്കൂ- മിറലസ്

Sep 28, 2023


Pablo Neruda

3 min

'സ്‌നേഹത്തെക്കുറിച്ച് ഏറെ എഴുതിയതുകൊണ്ടാകാം നെരൂദയെ ലോകം ഇത്രയധികം സ്‌നേഹിച്ചിട്ടുണ്ടാവുക'

Sep 23, 2023


Thakazhi sivasankara pillai
Premium

23 min

'ഏണിപ്പടികള്‍' എഴുതിയത് ആര്? പരീക്ഷയ്ക്ക് സ്വന്തം മകള്‍ എഴുതിയ ഉത്തരം കണ്ട് പൊട്ടിച്ചിരിച്ച തകഴി...!

Apr 17, 2023


Most Commented