റോസ് മേരി | ഫോട്ടോ: ഉണ്ണിക്കൃഷ്ണൻ എം.പി
ഇതൊരു ക്രിസ്മസ് ഓര്‍മയാണ്. കുഞ്ഞുനാളില്‍ സ്‌കൂളില്‍നടന്ന ഒരു സംഭവത്തിന്റെ വീണ്ടെടുപ്പ്. നമ്മുടെതന്നെ നിഷ്‌കളങ്കതയിലേക്കുള്ള തിരിച്ചുപോക്കാണ് ഈ കുറിപ്പിന്റെ സ്പര്‍ശസുഖം. എഴുത്തുകാരി റോസ്‌മേരി മാതൃഭൂമി വാരാന്തപ്പതിപ്പിലെഴുതിയ ക്രിസ്മസ് ഓര്‍മ വായിക്കാം..
വൃശ്ചികത്തിലെ ആകാശത്തിന് എന്തൊരു ഭംഗി! വിസ്തൃതമായ നീലമേലാപ്പിന്മേല്‍ വൈഡൂര്യക്കല്ലുകള്‍ പതിപ്പിച്ചതുപോല്‍ മിന്നിനില്‍ക്കുന്ന കുഞ്ഞുനക്ഷത്രങ്ങള്‍. നടുക്ക് സ്‌നേഹവാനായൊരു നിറചന്ദ്രന്‍. എങ്ങും പരന്നൊഴുകിക്കിടക്കുന്ന വെള്ളിനിലാവ്. പുലര്‍ച്ചെ മലഞ്ചെരിവില്‍ തങ്ങിനില്‍ക്കുന്ന മൂടല്‍മഞ്ഞ്. കൊങ്ങിണിപ്പൊന്തകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കിളികള്‍. അവര്‍ ഉണരാന്‍ മടിച്ച് ചിറകൊന്നു കുടഞ്ഞുനീര്‍ത്തി വീണ്ടും കിനാക്കള്‍ നിറഞ്ഞ ഉറക്കത്തിലേക്കു വഴുതിവീഴുന്നു.
മേടുകളുടെ നിദ്രാലസതയെ തട്ടിയുണര്‍ത്തിക്കൊണ്ട് അവിടെങ്ങും വീശിയടിക്കുന്ന വൃശ്ചികത്തിലെ കാറ്റ്. കുന്നിന്‍പുറത്തെങ്ങും നേര്‍ത്തുമെല്ലിച്ച ഞാങ്ങണപ്പുല്ലുകള്‍ തലനീട്ടുമ്പോഴാണ് ക്രിസ്മസ് ഇങ്ങെത്തിക്കഴിഞ്ഞല്ലോ എന്നോര്‍മവരുന്നത്. ആ പുല്‍ത്തണ്ടുകള്‍കൊണ്ടാണ് ഞങ്ങള്‍ പുല്‍ക്കൂടുകള്‍ മേഞ്ഞിരുന്നത്. ചെറുപ്പത്തിലെ ക്രിസ്മസ് ദിനങ്ങളില്‍ ഹൃദയം ആഹ്‌ളാദത്താല്‍ ഉന്മത്തമായിരുന്നു. ഉമ്മറത്തും ബദാംമരച്ചില്ലകളിലും തൂങ്ങുന്ന കടലാസ് നക്ഷത്രങ്ങള്‍. മേലെ ആകാശനക്ഷത്രങ്ങള്‍. കാപ്പിപ്പൊന്തകളുടെ ഇരുട്ടില്‍ തിളങ്ങുന്ന മിന്നാമിന്നികള്‍.
പിന്നെ രാവിന്റെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ടു കുന്നുകയറിയെത്തുന്ന തമ്പേര്‍ ഗായകര്‍. താഴ്വരയില്‍ മഞ്ഞിന്റെ മൂടുപടത്തിനിടയിലൂടെ അലങ്കരിക്കപ്പെട്ട പ്രാചീനമായ കരിങ്കല്‍ ദേവാലയം, അടുക്കളയില്‍നിന്നുയരുന്ന നാനാതരം സുഖദഗന്ധങ്ങള്‍, ഉല്ലാഭരിതമായ വിരുന്നുകള്‍, നിലവറയില്‍നിന്ന് ഖനനംചെയ്‌തെടുത്ത സ്വര്‍ണവര്‍ണമാര്‍ന്ന മുന്തിരിവീഞ്ഞ്! എന്താരു മായികപ്രപഞ്ചം.
പക്ഷേ, ആ സമ്മോഹനദൃശ്യങ്ങളെ റീവൈന്‍ഡ് ചെയ്യുമ്പോള്‍ അലോസരമുണര്‍ത്തിക്കൊണ്ട് ഒരാള്‍ കടന്നുവരും. മറ്റാരുമല്ല. സാക്ഷാല്‍ ഹാറൂണ്‍ അല്‍ റഷീദ്! എന്റെ മൂന്നാം ക്ലാസിലെ സഹപാഠി. ഉണ്ടക്കണ്ണന്‍, മഹാധിക്കാരി, പ്രായത്തില്‍ക്കവിഞ്ഞ തണ്ടും തടിയും. പഠിക്കാന്‍ അറുമോശമെങ്കിലും ഞങ്ങള്‍ക്കിടയിലെ ഏറ്റം ബലിഷ്ഠനും ധീരനും ചട്ടമ്പിയും. ആരാധകരുടെ ഒരു വൃന്ദംതന്നെ സദാ അവന്റെ പിന്നാലെയുണ്ടായിരുന്നു.
ജെമിനി സര്‍ക്കസിലെ ട്രപ്പീസുകളിക്കാരനാണ് അവന്റെ വാപ്പ. അദ്ദേഹം അവധിക്കുവരുമ്പോള്‍ കൊണ്ടുവരാറുള്ള സമ്മാനങ്ങളൊക്കെയും അവന്‍ ക്ലാസില്‍ പ്രദര്‍ശിപ്പിക്കും. ഹല്‍വപോലെ തോന്നിക്കുന്ന ഓറഞ്ച് നിറമുള്ള റബ്ബര്‍. അറ്റത്തു മണികെട്ടിയ റൂളിപ്പെന്‍സില്‍. പുലിത്തോലിന്റെ ഡിസൈനിലുള്ള പുസ്തകസഞ്ചി, എന്നിങ്ങനെ അന്നുവരെ ഞങ്ങള്‍ കണ്ടിട്ടില്ലാത്ത വസ്തുക്കള്‍.
ഉച്ചയ്ക്ക് പച്ചവെള്ളം കുടിക്കാന്‍ കുട്ടികളെല്ലാവരും പഞ്ചായത്തു കിണറ്റിനുചുറ്റും തിക്കിത്തിരക്കുമ്പോള്‍ റഷീദ്, ഫാന്റത്തിന്റെ പടമുള്ള വാട്ടര്‍ബോട്ടിലില്‍നിന്നും നിറമുള്ള സര്‍ബ്ബത്തുകുടിച്ചു. സ്‌കൂളില്‍ ഷൂസു ധരിച്ചെത്തുന്ന ഏക വിദ്യാര്‍ഥിയും അവനായിരുന്നു. അങ്ങനെ അവനെച്ചൂഴ്ന്ന് വിസ്മയങ്ങളുടെ ഒരു പരിവേഷംതന്നെയുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് കന്യാസ്ത്രീ അമ്മായി അവധിക്ക് ഞങ്ങളുടെ വീട്ടിലെത്തുന്നത്. ആള്‍ ബ്രസീലില്‍ മിഷണറിയാണ്. അമ്മായി അത്യപൂര്‍വമായ ഒരു സമ്മാനം ഞങ്ങള്‍ക്കായി കരുതിയിരുന്നു. തന്റെ പേര്‍ക്കുവന്ന മനോജ്ഞമായ ക്രിസ്മസ് കാര്‍ഡുകള്‍ ചേര്‍ത്തുവെച്ച ഒരാല്‍ബം.
ഹൃദയഹാരിയായ ക്രിസ്മസ് ദൃശ്യങ്ങളുടെ ഒരു ശേഖരം! മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന പോപ്ലാറുകള്‍, കട്ടിമഞ്ഞു വീണുകിടക്കുന്ന മലമ്പാതകള്‍, കുന്നിന്‍ചെരിവുകള്‍, റെയിന്‍ ഡീറിന്റെ പുറത്തു സവാരി ചെയ്യുന്ന ക്രിസ്മസ് അപ്പൂപ്പന്‍, ക്രിസ്മസ് ട്രീകള്‍, വര്‍ണമണികള്‍, കുഴലൂത്തുകാരായ മാലാഖകള്‍, ഹിമപ്പരപ്പില്‍ വിളയാടുന്ന കുഞ്ഞുങ്ങള്‍... ഹോ, എന്തെന്തെല്ലാം ചാരുദൃശ്യങ്ങള്‍.
ആ താളുകളില്‍നിന്നുതിരുന്ന നേര്‍ത്ത പരിമളം നമ്മെ ഏതൊക്കെയോ അപരിചിത ഭൂമികകളിലേക്കാനയിക്കുന്നു. കുറെനാളേക്ക് ആ ചിത്രപ്പുസ്തകം തുറക്കലും താളുകള്‍ മറിക്കലും തന്നെയായിരുന്നു ഞങ്ങളുടെ പണി. കൗതുകം ശമിച്ചപ്പോള്‍ അമ്മ അതെടുത്ത് അലമാരിയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചു.
ഞാന്‍ എന്തു ചെയ്‌തെന്നോ, ദിവസവും ഓരോ പടങ്ങള്‍ വീതം ഇളക്കിയെടുത്ത് ക്ലാസില്‍ കൊണ്ടുപോകും. എല്ലാവരേയും കാണിച്ചിട്ട് വൈകുന്നേരം തിരികെ അതേ ഇടത്തുതന്നെ ഒട്ടിച്ചുവെക്കും. ആരുടെയും കണ്ണില്‍പ്പെടാതെയായിരുന്നു ഈ സാഹസം.
ആ പടങ്ങളുടെ ചന്തംകണ്ട് ശിവരാമനും ലീലാമണിയും പി.കെ. അന്നക്കുട്ടിയുമൊക്കെ വിസ്മയാധീനരായി. ചങ്ങാതിമാരില്‍ ചിലര്‍ അതു വാസനിച്ചുനോക്കുന്നു. അവയ്ക്കുമേല്‍ വിരലോടിക്കെ കൈയില്‍ പറ്റിപ്പിടിക്കുന്ന സ്വര്‍ണരേണുക്കളില്‍ അഭിരമിക്കുന്നു. ആ അനഘചിത്രങ്ങളുടെ ഉടമ എന്നനിലയ്ക്ക് തെല്ലുനാളേക്കെങ്കിലും എനിക്കും ചെറിയ പ്രാധാന്യമൊക്കെ കിട്ടിത്തുടങ്ങി.
അതില്‍ അടിതെറ്റിപ്പോയ ഞാന്‍ ഒരു വിളംബരം നടത്തി. അതായത് ഇത്തരം പടങ്ങള്‍ നിറഞ്ഞ ഒരാല്‍ബംതന്നെ എന്റെ പക്കലുണ്ടെന്ന്! അതുകേട്ട് റഷീദിന് ഇരിക്കപ്പൊറുതിയില്ലാതായി. വിടാനുള്ള മണിനാദം മുഴങ്ങി. കുട്ടികള്‍ പുറത്തേക്കുപോവുന്ന നേരംനോക്കി അടുത്തുവന്നിട്ട് അവന്‍ ശബ്ദംതാഴ്ത്തിപ്പറഞ്ഞു.
''കൊച്ചേ എന്റ കൈയില്‍ നല്ലരസമുള്ള ഒരു പാവയുണ്ട്. അതു കണ്ണുതുറക്കും, കൈയും കാലും ഇളക്കും, ശരിക്കും ജീവനുള്ള പാവ! പടമുള്ള ആ പുസ്തകം തന്നാല്‍ ഞാന്‍ എന്റെ പാവേ കൊച്ചിനു തന്നേക്കാം. നാളെത്തന്നെ കൊണ്ടുവരാം!''
പിറ്റേന്നുതന്നെ റഷീദ് വാക്കുപാലിച്ചു. സ്‌കൂള്‍ ബാഗില്‍നിന്നും അവനാ പാവയെ പുറത്തെടുത്തു കാണിച്ചു. സ്വര്‍ണത്തലമുടി, നീലക്കണ്ണുകള്‍, തിളങ്ങുന്ന ഫ്രോക്ക്... ശരിക്കും ഒരു സിന്‍ഡ്രല്ലാ സുന്ദരി! അദ്ഭുതമേ, ചാവി തിരിച്ചപ്പോള്‍ അതു പാട്ടുപാടുന്നു. കൈകാലുകള്‍ ചലിപ്പിക്കുന്നു. കണ്ണുചിമ്മുന്നു... വെളിച്ചിയാനിപ്പള്ളിയിലെ പെരുന്നാളിനു വാങ്ങുന്ന മെനകെട്ട പ്ലാസ്റ്റിക് പാവയെവിടെ. ജീവനുള്ള ഈ മായാമോഹിനിയെവിടെ?
കുറച്ചുനേരം കൈയിലെടുത്ത് ഓമനിക്കാന്‍ അനുവദിച്ചശേഷം അവനതിനെ തിരിക സ്വന്തം സഞ്ചിയില്‍ നിക്ഷേപിച്ചു. പിറ്റേന്ന് ചിത്രപ്പുസ്തകം കൊണ്ടുവരുമ്പോള്‍ പാവയെ കൈമാറാം എന്നായിരുന്നു വ്യവസ്ഥ. കുട്ടികള്‍ പാവയെ കൈകാര്യംചെയ്ത് നാനാവിധമാക്കിയാലോ എന്ന ഭീതിയില്‍ കോമ്പൗണ്ടിന്റെ ഓരത്തെ പയ്യാനിമരത്തിന്റെ മറവില്‍വെച്ചായിരുന്നു ഇടപാടുറപ്പിക്കല്‍. പിള്ളേര്‍ ഉച്ചയൂണുകഴിഞ്ഞ് ബാക്കിയാവുന്ന ആഹാരവും ഇലപ്പൊതിയും നിക്ഷേപിക്കുന്നത് ഈ മരത്തിനപ്പുറമാണ്.
അന്നുരാത്രി പാവയെച്ചുറ്റിപ്പറ്റിയുള്ള മോഹനസ്വപ്നങ്ങളില്‍ മുഴുകി ഞാനുറങ്ങിയതേയില്ല. വല്ലപാടും നേരം വെളുപ്പിച്ച്, അതിജാഗ്രതയോടെ ആരുടെയും കണ്ണില്‍പ്പെടാതെ പിറ്റേന്നുരാവിലെ ആല്‍ബം സഞ്ചിയിലാക്കി ഞാന്‍ സ്‌കൂളിലേക്ക് തിരിച്ചു.
കാലേക്കൂട്ടിത്തന്നെ റഷീദ് ഹാജര്‍. ഒപ്പം വേലായുധന്‍, മാത്തുക്കുട്ടി എന്നീ ചങ്ങാതിമാരും. അതേ പയ്യാനിച്ചുവട്. പറഞ്ഞതുപോലെ ചിത്രപ്പുസ്തകം ഏല്പിച്ചു. പക്ഷേ, പാവയെവിടെ? മറന്നുപോയി, നാളെക്കൊണ്ടുവരാം എന്നായി അവന്‍. എനിക്ക് വമ്പിച്ച നിരാശതോന്നി. പക്ഷേ, എന്തുചെയ്യാന്‍ പിറ്റേന്നുരാവിലെ സ്‌കൂള്‍ മുറ്റത്ത് കൂട്ടുകാരുമൊത്ത് കുട്ടിയുംകോലും കളിക്കയായിരുന്ന റഷീദിനോടു ഞാന്‍ ചോദിച്ചു: ''എവിടെ എന്റെ പാവ?'' അന്നും അവന്‍ മറന്നുപോയത്രേ. ഇതേ ചോദ്യവും ഉത്തരവും മൂന്നാലുദിവസം തുടര്‍ന്നു. പിന്നീട് ഒന്നുംകേള്‍ക്കാത്ത മട്ടിലായി ആളിന്റെ അഭിനയം.
നാള്‍ ചെല്ലുംതോറും എന്റെ ഹൃദയഭാരം ഏറിവന്നു. സങ്കടത്താല്‍ ഉറക്കം നഷ്ടപ്പെട്ടു. എത്ര നല്ല ഒരു ചിത്രപുസ്തകമായിരുന്നു അത്! കണ്ടു കൊതിപോലും തീര്‍ന്നിരുന്നില്ല. ശ്ശ്യോ എന്നാലും ഈ ചെറുക്കന്‍ ഇങ്ങനെയൊരു ചതിചെയ്യുമെന്ന് ആരോര്‍ത്തു? ഈ അസുലഭശേഖരം കടത്തിക്കൊണ്ടുപോയ വിവരം വീട്ടിലറിഞ്ഞാലത്തെ പുക്കാറോര്‍ത്ത് ആരോടും പരാതിപ്പെടാനും പറ്റുന്നില്ലല്ലോ.
അടുത്തദിവസം രണ്ടുംകല്പിച്ച് ഞാന്‍ പള്ളിക്കൂടത്തിലേക്കു പുറപ്പെട്ടു. നോക്കുമ്പോള്‍ കൂട്ടുകാരുമൊത്ത് കാട്ടുനെല്ലിമരത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പിന്മേല്‍ കാലുതൂക്കിയിട്ടിരിപ്പാണ് ചതിയന്‍. സര്‍വധൈര്യവും സംഭരിച്ച് ഞാനുറക്കെ വിളിച്ചുപറഞ്ഞു- ''റഷീദു ചെറുക്കാ മര്യാദയ്ക്ക് എനിക്കുള്ള പാവയെത്തന്നോ. അല്ലേല് ഞാന്‍ ടീച്ചറിനോടു പറഞ്ഞുകൊടുക്കും!
ആ കില്ലാഡിക്ക് ഒരു കൂസലുമില്ല. താഴേക്കുനോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് അവന്‍ വെല്ലുവിളിച്ചു- ''ഹമ്പടി കേമീ, നീ അത്രയ്ക്കായോ? എന്നാ ഇപ്പത്തന്നെ പോയ്പറഞ്ഞുകൊട്! ടീച്ചര്‍ എന്നെ എന്തോ ചെയ്യുവെന്നു കാണാവല്ലോ'' നെല്ലിച്ചുവട്ടിലെ കുട്ടികളുടെ പട അതു കേട്ടാര്‍ത്തുചിരിച്ചു.
.jpg?$p=3d50866&&q=0.8)
അന്നൊക്കെ പരമസാധുവും തൊട്ടാവാടിയുമായിരുന്ന ഞാന്‍ ക്ലാസിലെ ബെഞ്ചിരിരുന്നു പൊട്ടിക്കരഞ്ഞു. ഈശോയേ, ഇതെന്തൊരന്യായം! അപ്പോഴാണ് അയിഷാക്കുട്ടി സാര്‍ ക്ലാസിലേക്കു കടന്നുവരുന്നത്. വലിയവായിലേയുള്ള എന്റെ നിലവിളി. ടീച്ചര്‍ അടുത്തുവന്നു കാര്യംതിരക്കി. തേങ്ങിക്കരഞ്ഞും ഏങ്ങലടിച്ചും ഞാന്‍ വല്ലപാടും എതിരാളിയെക്കുറിച്ചുള്ള കുറ്റപത്രം അവതരിപ്പിച്ചു. അവനാകട്ടെ, ഒരു ചാഞ്ചല്യവുമില്ലാതെ സംഗതി അപ്പാടെയങ്ങു നിഷേധിച്ചു.
എങ്കില്‍പ്പിന്നെ ആ കൈമാറ്റം നേരില്‍ കണ്ടവര്‍ ആരെങ്കിലുമുണ്ടോ എന്നായി ടീച്ചര്‍. കരുത്തനും പോക്കിരിയുമായ റഷീദിനെ ഭയന്നാവാം ആരും സാക്ഷിപറയാന്‍ മുന്നോട്ടുവന്നില്ല.
പെട്ടന്നാണ് എനിക്കു ചാരക്കഴുത്തനെ ഓര്‍മവന്നത്. പയ്യാനിക്കൊമ്പിലെ സ്ഥിര സാന്നിധ്യം. ചോറുവറ്റുകള്‍ കൊത്തിത്തിന്നാന്‍ വന്നിരിക്കുന്ന ചാരക്കഴുത്തന്‍ കാക്ക! ആ പുസ്തകക്കൈമാറ്റം വളരെ അവധാനതയോടെ വീക്ഷിച്ചുകൊണ്ട് ഒരു ചെരിഞ്ഞ നോട്ടവുമായ് അവനും അവിടെ സന്നിഹിതനായിരുന്നുവല്ലോ.
ഞാന്‍ കാക്കയുടെ കാര്യം പറഞ്ഞതും ക്ലാസില്‍ കൂട്ടച്ചിരി. എന്റെ രക്ഷയ്ക്കായ്, ചാരക്കഴുത്തന്‍ എവിടെനിന്നെങ്കിലും പറന്നുപറന്നെത്തുമെന്നും യക്ഷിക്കഥകളിലെപ്പോല്‍ മൂന്നുതവണ വലംവെച്ചു പറന്ന് സത്യം തെളിയിക്കുമെന്നും ഞാന്‍ പ്രത്യാശിച്ചു. പക്ഷേ, അവനെ അവിടെങ്ങുമേ കാണാനുണ്ടാുയിരുന്നില്ല. കേട്ടെഴുത്തിനു സമയമായതിനാല്‍ ടീച്ചര്‍ കേസ് പിരിച്ചും വിട്ടു.
മനുഷ്യരാശിക്കു മേലുണ്ടായിരുന്ന എന്റെ അചഞ്ചലമായ വിശ്വാസത്തിനു കോട്ടംതട്ടിയ ആദ്യത്തെ സംഭവം. വര്‍ഷങ്ങള്‍ കടന്നുപോയി. അവധിക്കു നാട്ടിലെത്തിയ ഞാന്‍ കമലവിലാസ് കണ്മഷി തിരക്കി കവലയില്‍ പുതുതായ് ആരംഭിച്ച ഫാന്‍സി സ്റ്റോറില്‍ കയറുന്നു. എന്നെ കണ്ടപാട്, മുഖത്തേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ട് കടയുടമ ചോദിക്കുന്നു: 'ദേ, എന്നെ ഓര്‍മയുണ്ടോ? നമ്മള്‍ മൂന്നാംക്ലാസില്‍ ഒന്നിച്ചുപഠിച്ചതാ. അയിഷക്കുട്ടി സാറിന്റെ ക്ലാസില്‍!' പെട്ടന്ന് എനിക്കയാളെ പിടികിട്ടി. ഹാറൂണ്‍ അല്‍ റഷീദ്! ആള്‍ പണ്ടത്തെ ശോഭക്കേടൊക്കെ മാറി. കുരുവിക്കൂടു ഹെയര്‍സ്‌റ്റൈലും അരിമ്പുമീശയുമൊക്കെയായ് ഒരു സുന്ദരനായി പരിണമിച്ചിരിക്കുന്നു.
കുശലം പറയുന്നതിനിടയ്ക്കുകയറി ഞാന്‍ ചോദിച്ചു; ''ആട്ടെ റഷീദേ, ഒരു കാര്യം ചോദിച്ചോട്ടെ. അന്ന് അയിഷക്കുട്ടി സാറിന്റെ ക്ലാസില്‍ പഠിക്കുമ്പം ഞാന്‍ തന്ന ഒരാല്‍ബം അതിപ്പഴും കൈയിലുണ്ടോ?''
കുറച്ചുനേരം ആലോചിക്കുന്നതായ് ഭാവിച്ചിട്ടു ആള്‍ ഒരു പൊട്ടിച്ചിരി: ''ഹെന്റെ ദൈവമേ, എനിക്കൊരു പിടീം കിട്ടുന്നില്ലല്ലോ. ഹോ ഈ പെണ്ണുങ്ങളുടെ ഒരു കാര്യം! ചെറിയകാര്യങ്ങളുമാത്രേ തലയ്ക്കാത്തു നിക്കത്തൊള്ളൂ. ഒള്ളതു പറഞ്ഞാ, ഇന്നലെ നടന്ന സംഭവങ്ങളുപോലും എന്റെ മനസ്സിലു നിക്കത്തില്ല. അങ്ങനെയാ എന്റെയൊരു മട്ട്! ''
എന്റെ മനസ്സിടിഞ്ഞു. പക്ഷേ, ഒരു തമാശ കേള്‍ക്കുംമട്ടില്‍ വിളര്‍ത്ത ഒരു ചിരിയുംചിരിച്ച് ഞാനിറങ്ങിപ്പോന്നു. നേരു പറഞ്ഞാല്‍ ഇപ്പോഴും ക്രിസ്മസ് കാലമെത്തുമ്പോള്‍ ആ പഴയ ചിത്രപ്പുസ്തകവും റഷീദു ചെറുക്കന്റെ വഞ്ചനയും അറിയാതെ മനസ്സില്‍ തെളിയും. അപ്പോഴൊക്കെയും സങ്കടം വരും. കാലമെത്ര കടന്നുപോയി. എന്നിട്ടും ചെറിയകാര്യങ്ങള്‍പോലും മറക്കാനാവുന്നില്ലല്ലോ, എന്തുചെയ്യാം അങ്ങനെയായ്പ്പോയ് എന്റെയൊരു മട്ട്''!
Content Highlights: rosemary, poet, malayalam, christmas memories, mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..