പല വഴിക്ക് പിരിഞ്ഞൊഴുകുന്ന സ്വാതന്ത്ര്യം: ഇന്ത്യന്‍ സാഹിത്യത്തിന്റെ 75 സ്വതന്ത്ര വര്‍ഷങ്ങള്‍!


റോബിന്‍ സേവ്യര്‍ചരിത്രരചനയാണ് ആഗോളതലത്തില്‍ തന്നെ ഇരുപതാം നൂറ്റാണ്ടിലെ നോവലുകളുടെ വിഷയം. യൂറോപ്യന്‍ ചരിത്രകാരന്മാര്‍ നിര്‍മിച്ച അതീശത്വപ്രത്യയശാസ്ത്രത്തില്‍ ഊന്നിയ ചരിത്രത്തെ പുനര്‍വായിക്കുകയാണ് നോവല്‍ രചന എന്ന പ്രക്രിയയിലൂടെ ഓരോ എഴുത്തുകാരനും.

ഡിസൈൻ: രൂപേഷ്‌

1947 ഓഗസ്റ്റ് 15, അര്‍ധരാത്രി പന്ത്രണ്ട് മണിക്ക് ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ''പാതിരാത്രിയുടെ മണിമുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുന്നു'' എന്ന പ്രസംഗം തുടങ്ങുമ്പോള്‍ സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ (1981) ജനിച്ചുകഴിഞ്ഞിരുന്നു. (ഒരു പാതിരാ സന്തതി ആയിരുന്ന അദ്ദേഹം, 2022-ല്‍ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ അമേരിക്കന്‍ ആശുപത്രിയില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഠിനപരിശ്രമത്തിലാണ്.)

പുതുരാഷ്ട്രത്തോടൊപ്പം പിറവിയെടുത്ത പാതിരാപ്പിള്ളേര്‍ക്ക് 75 വയസ്സാവുന്നു! പുതുരാഷ്ട്രത്തോടൊപ്പം രൂപം കൊണ്ടത് പുതിയൊരു മൂല്യവ്യവസ്ഥയും കൂടിയാണ്. ഈ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ ഈ പാതിരാപിള്ളേരുടെ രാഷ്ട്രം എന്തായി എന്ന അന്വേഷണം ഉചിതമാകും.

വൈദേശിക അടിമത്തത്തില്‍ ആയിരുന്ന കാലത്ത് ഇന്ത്യയിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഈ ദേശത്തെ സൃഷ്ടിക്കുന്നതില്‍ വ്യാപൃതരായിരുന്നു. നോബല്‍ സമ്മാനജേതാവ് മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ മുതല്‍ മലയാളത്തിന്റെ പ്രിയകവികള്‍ വള്ളത്തോള്‍ നാരായണമേനോനും കുമാരനാശാനും വരെ രാഷ്ട്രത്തെക്കുറിച്ച് കൃതികള്‍ എഴുതിയ പ്രമുഖരായിരുന്നു. ഈ കാലഘട്ടത്തില്‍ രചിക്കപ്പെട്ട സാഹിത്യകൃതികളുടെ അടിസ്ഥാനം തന്നെ വൈദേശിക കോളനിവല്‍ക്കരണത്താല്‍ വേരുകളും പാരമ്പര്യങ്ങളും പ്രതാപവും നഷ്ടപ്പെട്ട ഗതകാലത്തെ മഹത്തായ ഒരു ദേശരാഷ്ട്രത്തെ കുറിച്ചുള്ള വിലാപവും ആശങ്കപ്പെടലും ആയിരുന്നു. ബംഗാളി എഴുത്തുകാരനായ ശരത്ചന്ദ്ര ചാറ്റര്‍ജിയും ഹിന്ദി സാഹിത്യത്തിലെ മുടിചൂടാമന്നനായ പ്രേംചന്ദും കാന്തപുരയുടെ രചയിതാവ് രാജാ റാവുവും ഉറുദുകവിയായ ഇക്ബാലും സ്വാതന്ത്ര്യസമരസേനാനി കൂടിയായ കവയത്രി സരോജിനി നായിഡുവും ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ ഇന്ത്യ എന്ന സങ്കല്പത്തിലേക്ക് ഒരു ജനതയെ എത്തിച്ചു. ഒരു രാഷ്ട്രത്തിന്റെ തെക്കു മുതല്‍ വടക്ക് വരെ കിഴക്കു മുതല്‍ പടിഞ്ഞാറു വരെ ഒറ്റമുണ്ടുടുത്ത് മൂന്നാം ക്ലാസ് കമ്പാര്‍ട്ട്മെന്റില്‍ സഞ്ചരിച്ച് കണ്ണട വെച്ച ഗാന്ധിയോടൊപ്പം ഈ എഴുത്തുകാര്‍ കൂടി ചേര്‍ന്നപ്പോളാണ് സ്വാതന്ത്ര്യം കാംക്ഷിക്കുന്ന ഒരൊറ്റ ഇന്ത്യ ജനിക്കുന്നത്. അങ്ങനെ, വിവിധ ഭാഷകള്‍ സംസാരിച്ച്, വിവിധ സാംസ്‌കാരികപൈതൃകങ്ങള്‍ പിന്തുടര്‍ന്ന്, ചിതറിക്കിടന്ന ജനങ്ങള്‍ സങ്കല്‍പത്തിലെങ്കിലും ഒരു ജനതയായി. ഫ്രാന്‍സ് ഫാനോണ്‍ പറഞ്ഞതു
പോലെ, ദേശീയാവബോധം സൃഷ്ടിച്ച കരുത്ത്.

രണ്ടാം ലോകമഹായുദ്ധാനന്തരം സ്വാതന്ത്ര്യം നേടിയ രാഷ്ട്രങ്ങളുടെ സാമൂഹിക, സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങളെ രൂപീകരിക്കുന്നതില്‍ എഴുത്തുകാര്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഐതിഹ്യങ്ങള്‍ ചരിത്രമായിരുന്ന, ഗോത്ര പാരമ്പര്യങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന വിവിധ ജനവിഭാഗങ്ങളെ ശാസ്ത്രത്തിലും യുക്തിയിലും അധിഷ്ഠിതമായി ചിന്തിക്കാന്‍ പഠിപ്പിച്ചത് കോളനിവത്കരണാനന്തര എഴുത്തുകാരാണ്. കാള്‍ പ്രോപ്പര്‍ മുന്നോട്ടുവെച്ച ശാസ്ത്രാവബോധം (scientific temper), ജവഹര്‍ലാല്‍ നെഹ്റുവിലൂടെ ഇന്ത്യന്‍ മനസ്സിലേക്ക് കടന്നപ്പോളാണ് ആധുനിക ഇന്ത്യ രൂപപ്പെട്ടത്. ഏകശിലാരൂപത്തിലുള്ള ദേശം എന്ന സ്വാതന്ത്ര്യപൂര്‍വ്വസങ്കല്പത്തില്‍ നിന്നും വ്യത്യസ്തമായി പുതിയ രാഷ്ട്രം, അതിലെ സാധാരണക്കാരെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ടവയായിരുന്നു. ശാസ്ത്രാവബോധത്തിലും യുക്തിയിലും അധിഷ്ഠിതമായ ഈ സാംസ്‌കാരിക ആധുനികതയാണ് സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിന്റെ മുഖമുദ്ര.

സ്വാതന്ത്ര്യാനന്തരകാലത്തെ സാഹിത്യം ലോകത്താകമാനം പ്രധാന വിഷയമാക്കിയത് വൈദേശിക അടിമത്തം എങ്ങനെയാണ് ഒരു രാഷ്ട്രത്തിന്റെ സാംസ്‌കാരിക തനിമയെ ഇല്ലാതാക്കിയത് എന്നതാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, അപകോളനീകരണം (decolonization) എന്ന പ്രക്രിയയുടെ ആഘാതവും പ്രത്യാഘാതവും വെളിവാക്കുന്നവയായിരുന്നു മുഖ്യമായും 1950-കളില്‍ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ട കൃതികളുടെ മൂലം. ഇംഗ്ലീഷില്‍ കൃതികള്‍ എഴുതിയ ഇന്ത്യക്കാരില്‍ ആര്‍.കെ നാരായണ്‍ ആയിരുന്നു തികച്ചും മൗലികമായി മാല്‍ഗുഡിയുടെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭൂമിശാസ്ത്രത്തെ അടയാളപ്പെടുത്തിയത്. ദ് ഫിനാന്‍ഷ്യല്‍ എക്സ്പേര്‍ട്ട് (1953), ദ് ഗൈഡ് (1958) എന്നിങ്ങനെയുള്ള നോവലുകളില്‍, പുതുരാഷ്ട്രത്തെയും അതിലെ ജനങ്ങളുടെ പരിച്ഛേദത്തെയും യാഥാര്‍ത്ഥ്യബോധത്തോടെ നാരായണ്‍ അവതരിപ്പിച്ചിരിക്കുന്നു. ജ്ഞാനപീഠജേതാവ് ബാലചന്ദ്ര നെമാഡയുടെ മറാത്തി നോവല്‍ കോസല (1960)യിലെ പാണ്ഡുരംഗ് സാംഗാവികാര്‍ എന്ന നായകന്‍ ഈ പുതുകാലയുവതയുടെ ഒറ്റപ്പെടലിന്റെയും നിരാശാബോധത്തിന്റെയും പ്രതീകമാണ്. ഇന്ത്യന്‍ ഭാഷകളില്‍ സ്വാതന്ത്ര്യാനന്തരം പുറത്തിറങ്ങിയ എല്ലാ കൃതികള്‍ക്കും പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ പൊതുസ്വഭാവമായി ഉണ്ടായിരുന്നു.

ഒരു ദേശം മുറിഞ്ഞ് രണ്ടോ മൂന്നോ രാഷ്ട്രങ്ങള്‍ ആയ വിഭജനം (Partition) സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹിത്യത്തിലെ പ്രധാന വിഷയങ്ങളില്‍ഒന്നായിരുന്നു. ഖുശ്വന്ത് സിംഗിന്റെ എ ട്രെയിന്‍ ടു പാകിസ്ഥാന്‍ (1956), ബാലചന്ദ്ര രാജന്റെ ദ് ഡാര്‍ക്ക് ഡാന്‍സര്‍ (1958), റോഹിന്റണ്‍ മിസ്ട്രിയുടെ എ ഫൈന്‍ ബാലന്‍സ് (1975), ബപ്സി സിദ്ധ്വയുടെ ദ് ഐസ് കാന്‍ഡിമാന്‍/ ക്രാക്കിംഗ് ഇന്‍ഡ്യ (1991) തുടങ്ങിയ ഇംഗ്ലീഷ് നോവലുകള്‍ വിഭജനത്തിന്റെ വിവിധങ്ങളായ ആശങ്കകള്‍ പലതരങ്ങളില്‍ പങ്കുവയ്ക്കുന്നവയായിരുന്നു.

1975-ല്‍ രചിക്കപ്പെട്ട ഭിഷാം സാഹ്നിയുടെ 'തമസ്' വിഭജനത്തിന്റെ വേദനകള്‍ മനുഷ്യപക്ഷത്ത് നിന്ന് അവതരിപ്പിക്കുന്ന സുന്ദരമായ ആഖ്യാനങ്ങളില്‍ ഒന്നായിരുന്നു. (ഈ നോവലിന്റെ ഇതേ പേരിലുള്ള ഗോവിന്ദ് നിഖലാനിയുടെ ചലച്ചിത്ര ആവിഷ്‌കാരം മികച്ച ദേശീയോദ്ഗ്രഥനചലച്ചിത്രത്തിനുള്ള അവാര്‍ഡ് നേടി.) വിഭജനത്തിന്റെ ഇരയായി പാകിസ്ഥാനിലേക്ക് കുടിയേറിയ സാദത്ത് ഹസന്‍ മന്റോയുടെ ടോബാ ടേക്ക് സിംഗ് അധികാരത്തിന്റെ നിലനില്‍പിന് വേണ്ടി മാത്രം ആസൂത്രണം ചെയ്യപ്പെട്ട ഈ പ്രക്രിയയുടെ ഇരയായി തീര്‍ന്ന സാധാരണക്കാരന്റെ പ്രതിനിധിയാണ്. തീവ്രദേശീയതയെ കടന്നാക്രമിച്ച അമിതാവ് ഘോഷിന്റെ 'ദ് ഷാഡോ ലൈന്‍സ്' (1988) ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ആരോ വരച്ച മായാരേഖകളില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ത്രിദീപിനെ പോലെയുള്ള ശാസ്ത്ര ബോധം വെച്ചുപുലര്‍ത്തുന്ന നിഷ്‌കളങ്കരായ യുവാക്കളെ രേഖപ്പെടുത്തിയിരിക്കുന്നു. പൊതുവായി പറഞ്ഞാല്‍, വിഭജനത്തെ അടയാളപ്പെടുത്തുന്ന ഈ കൃതികളെല്ലാം മനുഷ്യപക്ഷത്ത് അടിയുറച്ചു നിന്ന് ഈ പ്രക്രിയയില്‍ ജീവിതം നഷ്ടമായ ഇരകളോടൊപ്പമാണ് സഞ്ചരിക്കുന്നത്. ഒന്നുകില്‍, അവര്‍ ടോബാ ടേക്ക് സിംങിനെ പോലെ രണ്ട് രാഷ്ട്രത്തിന്റെയും ഇടയ്ക്കുള്ള നോ മാന്‍സ് ലാന്‍ഡില്‍ ആറടി മണ്ണില്‍ വിശ്രമിക്കാന്‍ വിധിക്കപ്പെട്ടവര്‍; അല്ലെങ്കില്‍ ആ മണ്ണില്‍ നിന്ന് എഴുന്നേറ്റ് പുതുജീവന്‍ തേടി മറ്റേതോ ദേശത്തേക്ക് കുടിയേറുന്നവര്‍.

രാജ്യത്ത് വായനക്കാരുടെ പുതിയ ഒരു വര്‍ഗ്ഗം ഉദയം ചെയ്ത കാലഘട്ടം കൂടിയായിരുന്നു ഇത്. ദേശത്തും വിദേശത്തുമായി വിവിധ സര്‍വകലാശാലകളില്‍ പഠിച്ചിറങ്ങിയ ആധുനിക മൂല്യങ്ങള്‍ സ്വാംശീകരിച്ച ഒരു തലമുറ - മതബോധനിഷ്ഠമായ പൂര്‍വ്വമാതൃകയിലുള്ള സാഹിത്യത്തെ തിരസ്‌കരിക്കുകയും പകരം അവരവരെ തന്നെ കാണുന്ന തരത്തിലുള്ള പുതുലോകത്തെ അവതരിപ്പിക്കുന്ന കൃതികളെ ആശ്ലേഷിക്കുകയും ചെയ്തു. പുതിയ രാഷ്ട്രത്തിലെ മധ്യവര്‍ഗ്ഗത്തിന്റെയും അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും പ്രതിനിധികളായിരുന്നു ഈ പുതിയ കൃതികളിലെ മുഖ്യകഥാപാത്രങ്ങള്‍.

സമത്വം, സാഹോദര്യം, സോഷ്യലിസം എന്നീ ആശയങ്ങളില്‍ വിശ്വസിച്ചവരായിരുന്നു ഈ കാലഘട്ടത്തിലെ എഴുത്തുകാരില്‍ മിക്കവരും. ഹിന്ദി സാഹിത്യകാരന്‍ യശ്പാല്‍ മുതല്‍ മലയാളികളുടെ പ്രിയപ്പെട്ട തകഴി ശിവശങ്കരപ്പിള്ളയും കേശവദേവും വിഖ്യാത സംവിധായകന്‍ കൂടിയായ ബംഗാളി എഴുത്തുകാരന്‍ സത്യജിത്ത് റേയും കവി സുഭാസ് മുഖോപാധ്യായയും ഇന്ത്യ എന്ന ദേശത്തെ സാധാരണക്കാരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ജാതിചൂഷണവും ജന്മി-കുടിയാന്‍ ബന്ധവും തൊഴില്‍ ചൂഷണവും മുതല്‍ ദാരിദ്ര്യം വരെയുള്ള വിഷയങ്ങളെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാക്കി. ചുരുക്കത്തില്‍, ജാതിമതബോധത്തിനപ്പുറത്ത് ഉയര്‍ന്നുവരുന്ന സ്വതന്ത്രനായ വ്യക്തിയുടെ കാഴ്ചപ്പാടില്‍ സാമൂഹികതിന്മകളോടുള്ള പ്രതികരണമായിരുന്നു ഇക്കാലത്തെ രചനകളുടെ കാതല്‍.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നേരിടുന്ന പ്രതിസന്ധികള്‍ - സ്വാതന്ത്ര്യം ലഭിക്കും മുന്‍പ് തന്നെ - മുള്‍ക് രാജ് ആനന്ദ് ഉള്‍പ്പെടയുള്ള എഴുത്തുകാര്‍ കൂലി (1936) പോലുള്ള നോവലുകളിലൂടെ അടയാളപ്പെടുത്തി തുടങ്ങിയതാണ്. പുതിയ രാജ്യത്തിന്റെ ജനനം മറ്റേത് ജനവിഭാഗത്തേക്കാളും തൊഴിലാളികളെ ആനന്ദിപ്പിക്കുകയും പിന്നീട് നിരാശരാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വിവിധ ഭാഷകളിലെ സാഹിത്യകൃതികള്‍ക്ക് തൊഴിലാളിവര്‍ഗ്ഗ പോരാട്ടം വിഷയമാകുകയും ചെയ്തു. ഭവാനി ഭട്ടാചാര്യയുടെ സോ മെനി ഹംഗേഴ്സ് (1947), ഹി ഹു റൈഡ്സ് ദി ടൈഗര്‍ (1954) എന്ന കൃതികള്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ബാലവേലയുടെയും നിര്‍ബന്ധിത ലൈംഗികതൊഴിലിനെയും തൊഴില്‍ ചൂഷണത്തെയും തൊഴിലാളി പക്ഷത്തുനിന്ന് രേഖപ്പെടുത്തിയ ശ്രദ്ധേയമായ രചനകളാണ്.

ഇക്കാലത്താണ്, മലയാളത്തില്‍ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും രണ്ടിടങ്ങഴിയും കയറും പോലുള്ള നോവലുകളും രചിക്കപ്പെടുന്നത്. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് തൊഴിലാളിവര്‍ഗ്ഗം കുടിയേറാന്‍ നിര്‍ബന്ധിതമായ 50-കളിലും 60-കളിലും ഇന്ത്യയിലെ തൊഴിലാളികള്‍ നേരിട്ട വന്‍പ്രതിസന്ധികള്‍ പ്രതിപാദിക്കുന്ന ഭൈരവ് പ്രസാദ് ഗുപ്തയുടെ മഷാല്‍ (1957) എന്ന നോവല്‍ വ്യവസായവല്‍ക്കരണത്തിന്റെ വിമര്‍ശനാത്മകപാഠം എന്ന രീതിയില്‍ കൂടി വായിക്കാവുന്നതാണ്. പശ്ചിമബംഗാളി എഴുത്തുകാരനായ സമരേഷ് ബസ്സുവിന്റെ ഗംഗ (1957), ബിബാര്‍ (1960), പ്രജാപതി (1967) എന്നീ നോവലുകള്‍ ചൂഷണത്തിനിരയായ തൊഴിലാളികളേയും മധ്യവര്‍ഗത്തെയും നാടകീയമായ കഥാസന്ദര്‍ഭങ്ങളില്‍ പ്രതിഷ്ഠിച്ച നവഭാവുകത്വത്തിന്റെ ഉദാഹരണങ്ങളാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറിവരുന്ന തൊഴിലാളിയേയും തൊഴില്‍ മേഖലകളേയും ചേതന്‍ ഭഗതിന്റെ വണ്‍ നൈറ്റ് @ ദ്കോള്‍ സെന്റര്‍ (2006) വിശദമായി ചിത്രീകരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സ്വീകരിച്ച രാഷ്ട്രത്തിലെ തൊഴില്‍ മേഖലകളിലെ മാറ്റവും, എന്നാല്‍ മാറ്റമില്ലാത്ത ചൂഷണങ്ങളും ഈ കൃതിയില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന സമകാലിക നോവലിസ്റ്റ് രസകരമായി അവതരിപ്പിക്കുന്നു. ബുക്കര്‍ ജേതാവ് അരവിന്ദ് അഡിഗയുടെ ദ് വൈറ്റ് ടൈഗര്‍ (2008) നവ ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റം വരുത്തിയ തൊഴിലാളി/മുതലാളി വിരുദ്ധദ്വന്ദ്വത്തിന്റെ കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെയുള്ള പൊളിച്ചെഴുത്താണ്. ഇന്ത്യന്‍ സാഹചര്യങ്ങളിലെ ജാതീയതക്കും വര്‍ഗ്ഗബോധത്തിനുമപ്പുറം മുതലാളിവര്‍ഗ്ഗമൂല്യങ്ങളിലേക്ക് പരിണമിക്കുന്ന റിക്ഷാക്കാരനായ അച്ഛന്റെ മകന്‍ ബല്‍റാം ഹല്‍വായ് എന്ന നായകനെ വെള്ളക്കടുവ എന്ന ഇമേജിലൂടെ അവതരിപ്പിച്ച് ആഗോളവത്കൃതമുതലാളിത്തത്തിന്റെ സങ്കീര്‍ണ്ണമായ മുഖം വെളിവാക്കുന്നു.

ഇന്ത്യ ഇതിഹാസങ്ങളുടെ ജന്മഭൂമിയാണ്. വാല്‍മീകീരാമായണവും വ്യാസമഹാഭാരതവും വേദോപനിഷത്തുകളും രചിക്കപ്പെട്ട നാട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ മൂല്യവ്യവസ്ഥ ഇതിഹാസങ്ങളുടെ അതീശത്വ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതമായ വായനകളോട് കലഹിക്കുന്നതാണ്. അതായത്, വ്യത്യസ്ത വീക്ഷണകോണുകളില്‍ നിന്നും ഇതിഹാസങ്ങള്‍ എന്ന ബൃഹദാഖ്യാനങ്ങള്‍ ചോദ്യം ചെയ്യപ്പെടലിന് വിധേയമായി. വിഎസ് ഖണ്ടേക്കറുടെ യയാതി (1959), ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ് / കര്‍ണ്ണന്‍ (1974) എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം (1984), ചിത്ര ബാനര്‍ജി ദിവാകരുണിയുടെ ദ് പാലസ് ഓഫ് ഇല്യൂഷന്‍സ് (2008), സാനിയ ഇനാംദാറിന്റെ പാഞ്ചാലി: ദ് പ്രിന്‍സസ് ഓഫ് പീസ് (2021) എന്നിവയിലൂടെ മഹാഭാരതത്തിന്റെ വരേണ്യതയും പുരുഷ കേന്ദ്രീകൃത ആശയങ്ങളും സൂക്ഷ്മ വിശകലനം ചെയ്യപ്പെട്ടു. ഭാനുമതി നരസിംഹന്റെ സീതയും (2017) മനിനി ജെ. ആനന്ദിനിയുടെ മണ്ഡോദരിയും (2018) വൈഷ്ണവി പട്ടേലിന്റെ കൈകേയിയും (2022) രാമായണത്തെ സ്ത്രീപക്ഷത്ത് നിര്‍ത്തി ഇന്ത്യന്‍ സമൂഹത്തില്‍ വേരുറപ്പിച്ച രാമന്‍ എന്ന ആദര്‍ശപുരുഷസങ്കല്പത്തെ ചോദ്യം ചെയ്യുന്നു. ശശി തരൂരിന്റെ ഉത്തരാധുനിക ആഖ്യാനം, ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ (1989) മഹാഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയത്തെ വിശകലനം ചെയ്യാനുന്ന ശ്രമമാണ്. ഗാന്ധിജിയും (ഭീഷ്മര്‍) നെഹ്റുവും (ധൃതരാഷ്ട്രര്‍) സുഭാഷ് ചന്ദ്രബോസും (പാണ്ഡു) ഇന്ദിരാഗാന്ധിയും (ദുരോധനന്‍) മുഹമ്മദാലി ജിന്നയും (കര്‍ണ്ണന്‍), മൊറാര്‍ജി ദേശായി (യുധിഷ്ഠിരന്‍) അടക്കമുള്ള വ്യക്തിത്വങ്ങളെ മഹാഭാരതത്തിലെ പുരാണകഥാപാത്രങ്ങളാക്കി സ്വാതന്ത്ര്യസമരത്തെയും അതിനുശേഷം ജനിച്ച രാഷ്ട്രത്തെയും വിമര്‍ശന വിധേയമാക്കുന്നുണ്ട് ശശി തരൂരിന്റെ ഭാവന.

ചരിത്രരചനയാണ് ആഗോളതലത്തില്‍ തന്നെ ഇരുപതാം നൂറ്റാണ്ടിലെ നോവലുകളുടെ വിഷയം. യൂറോപ്യന്‍ ചരിത്രകാരന്മാര്‍ നിര്‍മിച്ച അതീശത്വപ്രത്യയശാസ്ത്രത്തില്‍ ഊന്നിയ ചരിത്രത്തെ പുനര്‍വായിക്കുകയാണ് നോവല്‍ രചന എന്ന പ്രക്രിയയിലൂടെ ഓരോ എഴുത്തുകാരനും. പോസ്റ്റ്കൊളോണിയല്‍ എന്ന് വിളിക്കപ്പെടുന്ന വിമര്‍ശനപദ്ധതിയുടെ തന്നെ അടിസ്ഥാനം കോളനിവല്‍ക്കരണം നഷ്ടമാക്കിയ സ്വത്വബോധത്തെ ചരിത്ര പുനര്‍നിര്‍മ്മിതിയിലൂടെ വീണ്ടെടുക്കുക എന്നതാണ്. ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്രം തന്നെ വിഷയമാക്കി രചിക്കപ്പെട്ട നോവലുകളില്‍ ഏറ്റവും ശ്രദ്ധേയം സല്‍മാന്‍ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍ തന്നെയാണ്. മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനശൈലിയില്‍ സലീം സീനായി എന്ന ആഖ്യാതാവ് രാഷ്ട്രത്തിന്റെ വിഭജനം, പാക്കിസ്ഥാനുമായുള്ള അതിര്‍ത്തി തര്‍ക്കം, യുദ്ധം, അടിയന്തരാവസ്ഥ എന്നിവയെ ചിത്രീകരിച്ചിരിക്കുന്നു. ജനനസമയത്ത് പരസ്പരം മാറിപ്പോയതിനാല്‍ പില്‍ക്കാലത്ത് സലീം ആയി വളരേണ്ടി വന്ന ശിവയും ശിവയായി വളരേണ്ടിവന്ന സലീമും പോസ്റ്റ്കൊളോണിയല്‍ രാഷ്ട്രത്തിന്റെ അസ്തിത്വപ്രതിസന്ധിയുടെ പ്രതീകങ്ങളായി നില്‍ക്കുന്നു. അമിതാവ് ഘോഷിന്റെ ഓരോ നോവലും ചരിത്രനിര്‍മ്മിതിയുടെ വിവിധ ഘട്ടങ്ങളാണ്.ശിപായിലഹള എന്ന് ബ്രിട്ടീഷുകാര്‍ വിളിച്ച ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ മ്യാന്‍മാറിലെ ഓങ് സാങ് സൂക്കിയുടെ തടവുവരെ വിഷയമാകുന്ന എ ഗ്ലാസ് പാലസ് (2002) ഹിസ്റ്റോറിക്കല്‍ മെറ്റാഫിക്ഷന്‍ എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഫിക്ഷനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍ രചിക്കപ്പെട്ട ഇന്‍ ആന്‍ ആന്റിക് ലാന്‍ഡ് (2000) ഒരേ സമയം നോവല്‍ എന്ന മാധ്യമത്തിന്റെയും കൊളോണിയല്‍ ചരിത്രത്തിന്റെയും അപനിര്‍മ്മാണങ്ങളാണ്.

മതത്തിന്റെ മൂല്യവ്യവസ്ഥയ്ക്ക് പുറത്ത് കടക്കുന്ന എഴുത്തുകാരും വായനക്കാരുമാണ് ഇന്ത്യന്‍ ആധുനികതയുടെ അടിസ്ഥാനം. ഭരണഘടനാപരമായ ധാര്‍മികതയാണ് പുരോഗമന ആശയങ്ങള്‍ പിന്‍പറ്റുന്ന സ്വാതന്ത്ര്യാനന്തരതലമുറയുടെ ബദല്‍. യു. ആര്‍ അനന്തമൂര്‍ത്തിയുടെ സംസ്‌കാര: എ റൈറ്റ് ഫോര്‍ എ ഡെഡ് മാന്‍ (1965) കൃതിയുടെ തലക്കെട്ടില്‍ ഉള്ള പദത്തിന്റെ വ്യത്യസ്ത മാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോടൊപ്പം മതകേന്ദ്രിതമായ ഫ്യൂഡല്‍ സമൂഹം എങ്ങനെ ഓരോ വ്യക്തയേയും എങ്ങനെ ഇരകളാക്കുന്നു എന്നത് വിവരിക്കുന്നു. ചീഞ്ഞു കൊണ്ടിരിക്കുന്ന നാറാണപ്പയുടെ ശവം എന്ന പ്രതീകത്തിലൂടെ പാരമ്പര്യവാദത്തിലൂന്നി ജഡമായി മാറിയ സമൂഹത്തെ വായിച്ചെടുക്കാവുന്നതാണ്. പില്‍ക്കാലത്ത് നിര്‍മ്മാല്യം എന്ന ചലച്ചിത്രമായി മാറിയ 'പള്ളിവാളും കാല്‍ചിലമ്പും' എന്ന കഥയിലൂടെ എം. ടി വാസുദേവന്‍ നായരും തെലുങ്ക് നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്ന ഗുഡിപതി വെങ്കിട് ചലവും മതകേന്ദ്രധാര്‍മികതയെന്ന അസംബന്ധത്തെ തുറന്നുകാട്ടി.

ഇംഗ്ലീഷില്‍ എഴുതുന്ന ഇന്ത്യന്‍ എഴുത്തുകാരികളില്‍, കമലാദാസും യൂനിസ് ഡിസൂസയും മതമൂല്യങ്ങളെ സ്ത്രീപക്ഷത്തുനിന്ന് ആവോളം പരിഹസിക്കുന്നവരാണ്. മാധവിക്കുട്ടി എഴുതുന്നു: ''ഇവിടെ ദൈവത്തിന് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. ഒപ്പം മതത്തിന് സ്ഥാനം കിട്ടുകയും ചെയ്തു. എല്ലാറ്റിനും അടിസ്ഥാനം മതമായി മാറി. ദൈവത്തിന് മതത്തോട് യാതൊരു ബന്ധവുമില്ല എന്നത് ആദ്യം മനസിലാക്കണം. എനിക്കത് മനസിലായി. മതം ഒരു നുണയാണ്. ദൈവത്തോട് മതത്തെപ്പറ്റി ചോദിച്ചാല്‍ അതെന്താണെന്ന് ദൈവം തിരിച്ചു ചോദിക്കും.''

സ്വാതന്ത്ര്യം എന്ന വാക്കിന് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനപ്പുറത്ത് വ്യത്യസ്തമാനങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിവാണ് ജനാധിപത്യത്തിന്റെ കാതല്‍. പരമ്പരാഗത മൂല്യവ്യവസ്ഥിതിയുടെ ഇരകളായി അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ ആധുനിക വിദ്യാഭ്യാസം നേടുകയും ലോകത്താകമാനം ഉണ്ടായ സ്ത്രീപക്ഷ മുന്നേറ്റങ്ങളുടെ ഭാഗമായി മാറുകയും ചെയ്തതോടെ 1960- കള്‍ മുതല്‍ ഇന്ത്യയില്‍ സ്ത്രീകളുടെ ആഖ്യാനങ്ങള്‍ ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകൃതമാവാന്‍ തുടങ്ങി.

കമല മാര്‍ക്കണ്ടേയ, ശശിദേശ് പാണ്ഡെ, നയന്‍താര സെഗാള്‍, കമലാ ദാസ് തുടങ്ങിയ എഴുത്തുകാര്‍ ഭാരതസ്ത്രീ അകപ്പെട്ടിരിക്കുന്ന ചൂഷണത്തിന്റെ വലകളെക്കുറിച്ച് കഥകള്‍ മെനഞ്ഞു. സോഷ്യല്‍ റിയലിസ്റ്റ് സ്വഭാവത്തിലുള്ള ആഖ്യാനരീതി പിന്തുടരുന്ന നെക്ടര്‍ ഇന്‍ എ സീവ് (1954), എ ഹാന്‍ഡ്ഫുള്‍ ഓഫ് റൈസ് (1966) എന്നീ നോവലുകളിലൂടെ മാര്‍ക്കണ്ഡേയ സാമൂഹ്യമാറ്റങ്ങള്‍ കുടുംബബന്ധങ്ങളില്‍ എപ്രകാരം ഇടപെടുന്നു എന്നുള്ളത് വിവരിക്കുന്നു. നെഹ്റു കുടുംബാംഗമായ നയന്‍താര സെഗാളിന്റെ റിച്ച് ലൈക് അസ് (1985) പോലുള്ള നോവലുകള്‍ വിഷയമാക്കുന്നത് ചരിത്രത്തില്‍ അധികാരവും സ്ത്രീയും തമ്മിലുള്ള ബന്ധമാണ്.

ശശിദേശ് പാണ്ഡെയുടെ റൂട്ട്സ് ആന്‍ഡ് ഷാഡോസ് (1982), ദാറ്റ് ലോംഗ് സൈലന്‍സ് (1988), ദ് ബൈന്‍ഡിംഗ് വൈന്‍ (1992) എന്നീ നോവലുകള്‍ പുരുഷകേന്ദ്രിതതമായി നിലനിന്നിരുന്ന കുടുംബമെന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട യാഥാര്‍ത്ഥ്യത്തിന്റെ ചൂഷകസ്വഭാവം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മധ്യവര്‍ഗ സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് യഥാതഥമായി അവതരിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇംഗ്ലണ്ടില്‍ വെര്‍ജീനിയ വൂള്‍ഫ് തുറന്നുവിട്ട അനുസരണയുള്ള മകള്‍, കര്‍ത്തവ്യനിരതയായ ഭാര്യ, സര്‍വ്വം സഹയായ അമ്മ എന്നീ വാര്‍പ്പുമാതൃകകളെ നിരാകരിക്കുന്ന പുതുകാലത്തിന്റെ പ്രതിനിധികളാണ് ഇന്ദുവിനെയും ജയയേയും പോലുള്ള സ്ത്രീ കഥാപാത്രങ്ങള്‍. പ്രാദേശികഭാഷകളില്‍ മഹശ്വേതാ ദേവിയെ പോലെയുള്ള എഴുത്തുകാര്‍ ബായേന്‍ പോലെയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട്

ഒരേസമയം തന്നെ ലിംഗം, ജാതി എന്നീ ചൂഷണങ്ങള്‍ക്ക് വിധേയമാകുന്ന ഗ്രാമീണ സ്ത്രീയെ ചിത്രീകരിക്കുന്നു. എന്‍ഷ്യന്റ് പ്രോമിസസില്‍ (2000), ജയശ്രീ മിശ്ര വിവാഹത്തിനും വിവാഹമോചനത്തിനും ഇടയില്‍ നഷ്ടപ്പെട്ട ജീവിതം വീണ്ടെടുക്കുന്ന ജാനു എന്ന ജാനകിയുടെ സ്വാതന്ത്യപ്രഖ്യാപനം ആഘോഷിക്കുന്നു. അനിതാ ദേശായി, കിരണ്‍ ദേശായി, ജുംപാ ലഹിരി, സാറാ ജോസഫ്, ഇന്റര്‍നാഷണല്‍ ബുക്കര്‍ പുരസ്‌കൃത ഗീതാഞ്ജലി ശ്രീ എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു.

സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ എന്നതു പോലെതന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ജാതിചൂഷണം നിലനിന്നിരുന്നു. ഇന്ത്യയുടെ ഭരണഘടനാശില്പി ബാബാസാഹിബ് അംബേദ്കറിന്റെയും മഹാത്മാ ജ്യോതിറാവു ഫൂലേയുടെയും ആശയങ്ങളില്‍ അടിയുറച്ച് നിന്ന് ദളിത് ബഹുജന്‍ ജനവിഭാഗങ്ങള്‍ തങ്ങള്‍ നേരിടുന്ന ചൂഷണങ്ങള്‍ തുറന്നു എഴുതാന്‍ തുടങ്ങി. മുള്‍ക് രാജ് ആനന്ദിന്റെ അണ്‍ടച്ചബിള്‍സ് (1935) മുകളില്‍ നിന്നു ദര്‍ശിച്ച ജാതിചൂഷണത്തെ ദളിത് അവസ്ഥയെ ശരണ്‍കുമാര്‍ ലിംബാലയുടെ അക്കര്‍മാശി (1984), ബാമാ ഫൗസ്റ്റീന സൂസൈരാജിന്റെ കറുക്ക് (1992), ഓംപ്രകാശ് വാല്‍മീകിയുടെ ജൂതന്‍ (1997) എന്നിവ ഉള്ളില്‍ നിന്നുതന്നെ തുറന്നുകാണിച്ചു. മറാത്തി, തമിള്‍ ഭാഷയില്‍ നിന്നാരംഭിച്ച ദളിത് ബഹുജന്‍ പ്രതിരോധം ഇന്ത്യയാകെ കത്തിപ്പടര്‍ന്നു. 1992- ല്‍ പുറത്തിറങ്ങിയ അര്‍ജുന്‍ ഡാംഗ്ലേയുടെ ദ് പോയ്സണ്‍ഡ് ബ്രെഡ് എന്ന മറാത്തി ഭാഷയിലുള്ള ദളിത് രചനകളുടെ സമാഹാരം ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക് ചോദിച്ച കീഴാളര്‍ സംസാരിക്കാറായോ (Can the Subaltern Speak?, 1985) എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ്.

സാഹിത്യം എന്നത് ഭാവനയുടെ വിന്യാസത്താല്‍ സൃഷ്ടിച്ചെടുക്കുന്ന യാഥാര്‍ത്ഥ്യം എന്നതിനപ്പുറത്തേക്ക് മനുഷ്യജീവിതത്തിന്റെ നേര്‍ക്ക് പിടിച്ച് കണ്ണാടിയില്‍ തെളിയുന്ന പ്രതിബിംബമാണ് എന്ന് ദളിത് എഴുത്തുകാര്‍ മുഖ്യധാരാഇന്ത്യന്‍ സമൂഹത്തോട് പറയുന്നു. അതില്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കണ്ണീരും ഉപ്പും വേദനയും കലരുന്നതോടൊപ്പം ഒരിക്കലും അവസാനിക്കാത്ത ജീവിതസമരങ്ങളുടെ ആഖ്യാനവുമുണ്ട്. അരുന്ധതി റോയിയുടെ ബുക്കര്‍ പുരസ്‌കാരം നേടിയ ദ് ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സ് (1997) ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിശബ്ദമാക്കപ്പെട്ടുകൊണ്ടിരുന്ന വെളുത്തയെ പോലുള്ള ദളിത് കീഴാള ശബ്ദങ്ങളെ മുഖ്യധാരാസമൂഹത്തെ അലോസരപ്പെടുത്തുന്ന രീതിയില്‍ ചര്‍ച്ചയാക്കുന്നു. പെരുമാള്‍ മുരുകന്റെ വണ്‍ പാര്‍ട്ട് വുമണ്‍ / മാതൊരുഭാഗനും എസ് ഹരീഷിന്റെ മീശയും പ്രസിദ്ധീകൃതമായപ്പോള്‍ നേരിട്ട എതിര്‍പ്പ് ഇപ്പോഴും ജാതി മേല്‍ക്കോയ്മ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ്. ദളിത് പാന്തേഴ്സ് നേതാവ് നാംദിയോ ധസല്‍ പ്രശ്നവല്‍കരിച്ച ജാതി എന്ന തിന്മ എസ് ജോസഫിന്റെയും ചന്ദ്രമോഹന്‍ എസിന്റെയും കവിതകളിലൂടെ തുടരുന്നു.

അരികുവല്‍കരിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വങ്ങളും ഇന്ത്യന്‍ മുഖ്യധാരയിലേക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ട് കൂടി കടന്നുവന്നു. 2013-ല്‍ പുറത്തിറങ്ങിയ ഐ ആം വിദ്യ എന്ന തമിള്‍/ഇംഗ്ലീഷ് ആത്മകഥ ശരവണന്‍ എന്ന പുരുഷന്‍ വിദ്യ എന്ന സ്ത്രീയായി മാറിയ പരിണാമത്തിന്റെ അനുഭവങ്ങള്‍ പറയുന്നു. ജനിച്ചു വീണപ്പോള്‍ കൂടെയുള്ള ശരീരം തലച്ചോര്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുമായി പൊരുത്തപ്പെടാതെ പോകുമ്പോള്‍ അവന്‍/അവള്‍ നേരിടുന്ന അസ്തിത്വപ്രശ്നങ്ങളുടെ ആഖ്യാനങ്ങളാണ് ട്രാന്‍സ്ജെന്‍ഡര്‍ /ലൈംഗികന്യൂനപക്ഷ ആഖ്യാനങ്ങള്‍. ഹിജഡ ആയിരുന്ന രേവതിയുടെ ദ് ട്രൂത് എബൗട്ട് മീ (2010), എ ലൈഫ് ഇന്‍ ട്രാന്‍സ് ആക്ടിവിസം (2016) എന്നീ ആത്മകഥകള്‍, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ പ്രിന്‍സിപ്പിലായിരുന്ന മനാബി ബന്ദോപാധ്യായയുടെ എ ഗിഫ്റ്റ് ഓഫ് ഗോഡെസ് ലക്ഷ്മി (2012) എന്നിങ്ങനെയുള്ള രചനകള്‍ ട്രാന്‍സ്ഫോബിയ ഗ്രസ്തിതമായ ഒരു സമൂഹത്തിലെ അക്രമണോത്സുകയുടെ നേര്‍ചിത്രങ്ങളായി. അരുന്ധതി റോയിയുടെ ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് (2017) ആവിഷ്‌കരിക്കുന്നത് അന്‍ജും/ അഫ്താബ് എന്ന ഹിജഡയുടെ പ്രശ്നകലുഷിതമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പോസ്റ്റ്-ഗോധ്രാ ജീവിതത്തെയാണ്. ഇന്തോ-പാക് നമ്മുടെ ഉള്ളില്‍ വസിക്കുന്നു എന്ന് അന്‍ജുമിനോട് പറയുന്ന മറ്റൊരു ഹിജഡയായ നിമ്മോ ഗോരഖ്പുരി ഒരു ട്രാന്‍സ് വ്യക്തിയുടെ വിഭജനങ്ങളെ, വൈരുദ്ധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവിനെ പ്രതീകവത്കരിക്കുന്നു.

ചേതന്‍ ഭഗതും രവീന്ദര്‍ സിംഗും നിഖിതാ സിംഗും ദുര്‍ജോയ് ദത്തയും ആവിഷ്‌കരിച്ച അരാഷ്ട്രീയ സ്വഭാവത്തിലുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ പ്രണയാശങ്കകളും ആഗോളവത്കൃതകാലത്തെ പ്രതിസന്ധികളും രാഷ്ട്രീയസ്വപ്നങ്ങളും അടങ്ങുന്ന നോവലുകള്‍ വായിക്കുന്ന നഗരകേന്ദ്രിത മധ്യവര്‍ഗവായനക്കാരുടെ ഉദയം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പുതിയ ഒരു വായനാവര്‍ഗത്തെ സൃഷ്ടിക്കുന്നു. ചേതന്‍ ഭഗതിന്റെ 2 സ്റ്റേറ്റ്സില്‍ ഉന്നയിക്കപ്പെടുന്ന ആഖ്യാതാവിന്റെ സംശയമാണ് ഈ കാലത്തിന്റെ ശബ്ദം: ''എന്തുകൊണ്ടായിരിക്കും ഒരു ആണ്‍കുട്ടി പെണ്‍കുട്ടികളോട് സൗഹൃദം മാത്രം തേടുന്നത്? അത് ഒരു ചോക്ളേറ്റിന്റെ സമീപത്ത് ഇരിക്കുകയും എന്നാല്‍ ഒരിക്കലും അത് കഴിക്കാതിരിക്കുന്നത് ചെയ്യുന്നത് പോലെയാണ്.'' ഇത്തരം പൈങ്കിളിവല്‍ക്കരിക്കപ്പെട്ട അരാഷ്ട്രീയമായ ബോധ്യങ്ങള്‍ക്ക് അപ്പുറം പ്രതിരോധത്തിന്റെ ശബ്ദങ്ങള്‍ രാഷ്ട്രത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

പോസ്റ്റ്കൊളോണിയല്‍ ചിന്തകന്‍ ഹോമി കെ. ഭാഭ ഒരു ആഖ്യാനമായി നിര്‍വചിക്കുന്ന രാഷ്ട്രം ഏകതാനതയില്‍ നിന്നും ബഹുവചനങ്ങളാവുന്നു. സ്വാതന്ത്ര്യസമരകാലത്ത് രൂപംകൊണ്ട ഒറ്റ ഇന്ത്യ, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇഴ പിരിഞ്ഞ് കുറെയേറെ ഇന്ത്യകളായി രൂപപ്പെടുന്നു. മിത്രാ ഫുക്കാനിലും ടെന്‍സുലാ ആവോയിലും ജാന്‍വി ബറുവയിലുമൊക്കെ ഈ മാറി വരുന്ന വടക്കുകിഴക്കന്‍ ഇന്ത്യന്‍ മുഖങ്ങള്‍, ബഷാരത് പീറിന്റെ ആത്മാഖ്യാനങ്ങളില്‍ ഉയര്‍ന്നു വരുന്ന കാഷ്മീരിന്റെ ആശങ്കകള്‍, പങ്കജ് ശേഖ്സാരിയായുടെ ദ് ലാസ്റ്റ് വേവ് (2014) പോലുള്ള കൃതികളില്‍ ഉയര്‍ന്നു വരുന്ന ആന്‍ഡമാന്‍ ദ്വീപ് സമൂഹത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രതിസന്ധികള്‍, അനീസ് സലീമിന്റെ നോവലുകളില്‍ ആവിഷ്‌കരിക്കപ്പെടുന്ന വേരുകള്‍ നഷ്ടപ്പെടുന്ന മനുഷ്യന്റെ വേദനിപ്പിക്കുന്ന കുടുംബപുരാണങ്ങള്‍ - ഇവയെല്ലാം പല വഴിയിലൂടെ ഒഴുകി ഈ രാഷ്ട്രശരീരത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു.

ബഹുസ്വരസ്വഭാവത്തില്‍ തുടര്‍ന്നുകൊണ്ട് ഈ ജനാധിപത്യരാഷ്ട്രം പ്രതിസന്ധികള്‍ക്കിടയിലായിട്ടും കിതച്ചു കൊണ്ടും കുതിച്ച് കൊണ്ടും സാംസ്‌കാരികരംഗത്ത് യാത്ര തുടരുന്നു. ഫാമിലി മാറ്റേഴ്സ് (2001) എന്ന നോവലില്‍ റോഹിന്റണ്‍ മിസ്ട്രി പറഞ്ഞതു പോലെ ''നമ്മുടെ എല്ലാ കഥകളും ഒന്നു തന്നെ. വാസ്തവത്തില്‍, നാം എവിടെയൊക്കെ പോയാലും നമുക്ക് ഒരാറ്റ കഥ മാത്രം: യുവത്വത്തിന്റെ, നഷ്ടപ്പെടലുകളുടെ, വീണ്ടെടുക്കാനുള്ള തീരാത്ത അഭിവാഞ്ചയുടെ. അതിനാല്‍, നാം ഒരേ കഥ പലവട്ടം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു, വിശദാംശങ്ങള്‍ മാത്രം മാറ്റം വരുത്തിക്കൊണ്ട്.''

Content Highlights: Robin Xaviour, Post Colonial Indian Literature


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented