ആര്‍.കെ. ലക്ഷ്മണ്‍; ഇന്ത്യന്‍ രാഷ്ട്രീയത്തെ വരച്ചവരയില്‍ നിര്‍ത്തിയ കാര്‍ട്ടൂണിസ്റ്റ്


എസ്. ഗോപാലകൃഷ്ണന്‍

ഗാന്ധിജിയെ ആകര്‍ഷിച്ച ജനക്കൂട്ടമല്ല നെഹ്രുവിനെ ആകര്‍ഷിച്ചിരുന്നത്. അതുപോലെ ശങ്കറിനെ സ്‌നേഹിച്ച ജനക്കൂട്ടമല്ല ലക്ഷ്മണെ സ്‌നേഹിച്ചിരുന്നത്.' ഇന്ത്യന്‍ കാര്‍ട്ടൂണില്‍ രണ്ടു പ്രധാനവഴികളുണ്ട് എന്നാണ് പുസ്തകം പറയുന്നത്.

ആർ.കെ. ലക്ഷ്മൺ

രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മണ്‍ അഞ്ചാം വയസ്സുമുതല്‍ പടം വരയ്ക്കുമായിരുന്നു. കണക്കുസാറിന്റെ മുഖത്തിനുപകരം കടുവയെ വരച്ചു. സ്ഫടികം സിനിമയിലെ കടുവാ ചാക്കോ എന്ന കണക്കധ്യാപകന്‍ ഉണ്ടാകുന്നതിനും എഴുപതുകൊല്ലങ്ങള്‍ക്കുമുന്‍പായിരുന്നു അത്, മൈസൂരില്‍. മൈസൂര്‍ രാജ്ഞിയുടെകൂടെ ടെന്നീസ് കളിച്ച്, തിരിച്ചെത്തിയ അമ്മ ജ്ഞാനാംബാള്‍ കഴുകി വൃത്തിയാക്കിയ വീട്ടിലെ പൂമുഖത്തറയില്‍ സ്വന്തം അച്ഛനെ ആ ബാലന്‍ വരച്ചിട്ടു. കാക്കകള്‍ കള്ളക്കണ്ണിട്ടു നോക്കുന്നതും പറക്കുന്നതും വഴക്കുണ്ടാക്കുന്നതും ഇണങ്ങുന്നതും ബാല്യത്തിലേ വരച്ചു. കൗമാരപ്രായമെത്തിയപ്പോള്‍ ഉത്കര്‍ഷേച്ഛയാല്‍ ബോംബെയിലെ പേരുകേട്ട ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ പ്രവേശനത്തിന് അപേക്ഷിച്ചു. എന്നാല്‍, പ്രവേശനം ലഭിച്ചില്ല. പില്‍ക്കാലത്ത് പ്രസ്തുത കലാലയത്തില്‍ ഒരു സ്വീകരണത്തിന് മറുപടി നല്‍കവേ ആര്‍.കെ. ലക്ഷ്മണ്‍ പറഞ്ഞു: ''ഈ കലാലയത്തില്‍ പ്രവേശനം നല്‍കാതിരുന്നതിന് എനിക്ക് നന്ദിയുണ്ട് . കാരണം ആഗ്രഹിച്ചിരുന്ന പ്രവേശനം അന്ന് ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ഏതെങ്കിലും പരസ്യകലാക്കമ്പനിയില്‍ കൊതുകുതിരിയുടെ പരസ്യം ഉണ്ടാക്കുകയായിരുന്നിരിക്കണം.''

1947ല്‍ ഇരുപത്താറാം വയസ്സില്‍ അദ്ദേഹം വരച്ച കാര്‍ട്ടൂണില്‍ ഒരു തിരത്തുമ്പില്‍ കടല്‍ മുഴുവന്‍ ഒതുങ്ങിയിരിക്കുമ്പോലെ ഭാവിയിന്ത്യയിലെ ഏറ്റവും ജനപ്രിയ കാര്‍ട്ടൂണിസ്റ്റ് പ്രവാചകഭാവത്തില്‍ അണുസമാനനായി ഇരിപ്പുണ്ടായിരുന്നു. ആ ചിത്രമിതായിരുന്നു: പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു ഒരു ഫോട്ടോഗ്രാഫറായി ഒരു സ്റ്റുഡിയോയില്‍ നില്‍ക്കുന്നു. ദുഃഖത്താല്‍ തളര്‍ന്നിരിക്കുന്ന ഒരു കുഞ്ഞിനോട് ഫോട്ടോഗ്രാഫര്‍ മന്ദഹസിക്കാന്‍ അഭ്യര്‍ഥിക്കുന്ന രംഗമാണ് കാര്‍ട്ടൂണ്‍. രക്തപങ്കിലമായിരുന്ന രാജ്യവിഭജനത്തിനുശേഷം ബാക്കിവന്ന ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ആധുനികലോകത്തിന്റെ ചരിത്രം സമാന്തരമായി രേഖയില്‍ പെടുത്തപ്പെട്ടതാണ് ഒന്നാം ലോകയുദ്ധത്തിനുശേഷമുള്ള ലോകരാഷ്ട്രീയകാര്‍ട്ടൂണുകള്‍. ഇന്ത്യയിലെ കാര്‍ട്ടൂണുകളുടെ ചരിത്രവും ആ സമാന്തരചരിത്രത്തോടൊപ്പം ഒഴുകുന്ന ഒന്നാണ്. അതിലെ ഏറ്റവും പ്രസക്തമായ ഒരു കാലഘട്ടത്തിന് താഴെ കിടന്നിരുന്ന ഒപ്പിന്റെ ഉടമയുടെ ജീവചരിത്രമാണ് ഇ.പി. ഉണ്ണി എഴുതിയ R.K. Laxman : Back with a Punch എന്ന മോണോഗ്രാഫ്. അതിമനോഹരമാണ് കാര്‍ട്ടൂണിസ്റ്റുകൂടിയായ ഉണ്ണിയുടെ ഇംഗ്ലീഷ്. അത് അതി ഔന്നത്യമുണ്ടായിരുന്ന ആര്‍.കെ. ലക്ഷ്മണ്‍ എന്ന കലാജീവിതത്തെക്കുറിച്ചാകുമ്പോള്‍ പണ്ട് കാളിദാസന്‍ പറഞ്ഞതുപോലെ പൂവിനുള്ളില്‍ വിരിഞ്ഞ പൂവുപോലെ പുസ്തകം സുന്ദരമായിമാറിയിരിക്കുന്നു.

ഒരു കാര്‍ട്ടൂണിസ്റ്റിന്റെ ജീവിതത്തെയും കലയെയും കുറിച്ച് പഠിക്കാന്‍ ഒരാള്‍ ഇറങ്ങിത്തിരിച്ചാല്‍ അതിനുവേണ്ടുന്ന അടിസ്ഥാനരേഖകള്‍ പോലും ഇന്ത്യയില്‍ ലഭ്യമല്ല. ആ ഒരു പശ്ചാത്തലത്തില്‍ വേണം ഇ.പി. ഉണ്ണിയുടെ ഈ പുസ്തകത്തെ നാം സമീപിക്കാന്‍. വ്യതിരിക്തങ്ങളായ ദൃശ്യഭാഷകളുടെ സാക്ഷരത പുതിയ തലമുറയുടെ ഇടയില്‍ വര്‍ധിക്കുന്ന ഒരു ഡിജിറ്റല്‍ യുഗത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യന്‍ കാര്‍ട്ടൂണുകളുടെ ചരിത്രം വേണ്ടവിധം രേഖപ്പെടുത്തപ്പെടാതെ പത്രമോഫീസുകളുടെ ഇരുണ്ടമൂലകളില്‍ കിടക്കുന്നത്. ഉണ്ണിയുടെ ഈ പുസ്തകം മാറ്റത്തിന്റെ തുടക്കമാകട്ടെ എന്നാഗ്രഹിച്ചുപോകുകയാണ്. ഇത്തരം പുസ്തകങ്ങള്‍ എല്ലാ ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളെക്കുറിച്ചും ഉണ്ടാകട്ടെ. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകകാര്‍ട്ടൂണിലുണ്ടായ പുത്തനുണര്‍വിന്റെ ഊര്‍ജമാണ് ആര്‍.കെ. ലക്ഷ്മണ്‍ എന്ന കാര്‍ട്ടൂണിസ്റ്റിനെ സാധ്യമാക്കിയത്. 2015ല്‍ മരിക്കുന്നതുവരെ അതേ അടിസ്ഥാനരഥ്യയില്‍ അദ്ദേഹം തുടര്‍ന്നു; ഒന്നു പരിണമിക്കാന്‍പോലും തയ്യാറാകാതെ. ഉണ്ണി പുസ്തകത്തില്‍ പറയുന്നത് വരയില്‍ മാത്രമല്ല, ഒരു മാറ്റത്തിനും അദ്ദേഹം തയ്യാറായില്ല എന്നാണ്. വേഷത്തില്‍ മാറ്റംവന്നില്ല . ബോംബെ നഗരത്തില്‍നിന്ന് മാറിയില്ല. സ്വന്തം കാറിന്റെ നിറംപോലും മാറ്റിയില്ല. എന്നും കറുത്ത അംബാസഡര്‍ കാറുമാത്രം ഉപയോഗിച്ചു. ലക്ഷ്മണ്‍ ഒരിക്കലും ഡയറി എഴുതിയില്ല. നോട്ടുബുക്കുകള്‍പോലും ബാക്കിവെച്ചില്ല. കഴിവതും വാച്ചുകെട്ടിയില്ല. ചുവരിലെ കലണ്ടറില്‍ ഒരിക്കലും നോക്കിയില്ല. എന്നാല്‍, വിവിധകാലങ്ങള്‍, വിവിധ കാര്‍ട്ടൂണിസ്റ്റുകള്‍, വിവിധ രാഷ്ട്രീയ ആശയങ്ങള്‍, വിവിധ മഹദ്‌വ്യക്തികള്‍ തുടങ്ങിയവ കാലാതിവര്‍ത്തിയായി ആ പ്രതിഭയെ സ്വാധീനിച്ചു. ഇ.പി. ഉണ്ണിയുടെ ഭാഷ കടമെടുത്താല്‍: 'ഒരു കാര്‍ട്ടൂണിസ്റ്റും ശൂന്യതയില്‍നിന്ന് ഉണ്ടാകുന്നില്ല.'

കഥാകാരന്‍ ആര്‍.കെ. നാരായന്‍, ലക്ഷ്മണെക്കാള്‍ പതിനഞ്ചുവയസ്സ് മുതിര്‍ന്നയാളായിരുന്നു. 1930കളില്‍ അദ്ദേഹത്തിന്റെ കഥകള്‍ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ചപ്പോള്‍ കൗമാരക്കാരനായിരുന്ന അനിയന്‍ വരച്ച ചിത്രങ്ങള്‍ അകമ്പടിയായി ഉണ്ടായിരുന്നു. എന്നാല്‍, ലക്ഷ്മണെക്കാള്‍ പത്തൊന്‍പതു വയസ്സിന് മൂപ്പുണ്ടായിരുന്ന ശങ്കരപ്പിള്ള എന്ന ശങ്കര്‍ 1932ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ കാര്‍ട്ടൂണ്‍ വരച്ചുതുടങ്ങിയിരുന്നു. പോത്തന്‍ജോസഫും പിന്നാലേ ദേവദാസ് ഗാന്ധിയുമായിരുന്നു പത്രാധിപന്മാര്‍. 1920കളില്‍ത്തന്നെ പാശ്ചാത്യമാധ്യമങ്ങളില്‍ ഗാന്ധി സ്ഥിരം കാര്‍ട്ടൂണ്‍ കഥാപാത്രമായിക്കഴിഞ്ഞിരുന്നു. 1933ല്‍ ഹിന്ദു ദിനപത്രം ഡേവിഡ് ലോ ( David Low) യുടെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. പന്ത്രണ്ടുകാരനായ ലക്ഷ്മണ്‍ അന്ന് അദ്ദേഹത്തെ ആത്മീയഗുരുവായി സ്വീകരിച്ചതാണ്. (നാസികള്‍ ലണ്ടന്‍ നഗരത്തില്‍ പ്രവേശിച്ചാല്‍ ആദ്യം വധിക്കാന്‍ തീരുമാനിച്ചിരുന്ന പത്തുപേരില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ഡേവിഡ് ലോ)

ഉണ്ണി പുസ്തകത്തില്‍ പറയുന്നു: 'ഗാന്ധിജിയെ ആകര്‍ഷിച്ച ജനക്കൂട്ടമല്ല നെഹ്രുവിനെ ആകര്‍ഷിച്ചിരുന്നത്. അതുപോലെ ശങ്കറിനെ സ്‌നേഹിച്ച ജനക്കൂട്ടമല്ല ലക്ഷ്മണെ സ്‌നേഹിച്ചിരുന്നത്.' ഇന്ത്യന്‍ കാര്‍ട്ടൂണില്‍ രണ്ടു പ്രധാനവഴികളുണ്ട് എന്നാണ് പുസ്തകം പറയുന്നത്. മാത്രമല്ല രേഖീയമല്ല ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ ചരിത്രമെന്നും പുസ്തകം പറയുന്നുണ്ട്. പണ്ഡിറ്റ് നെഹ്രുവും ആര്‍.കെ. ലക്ഷ്മണും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ പുസ്തകം ഫിദല്‍ കാസ്‌ട്രോയും എഴുത്തുകാരന്‍ മാര്‍ക്കേസും തമ്മിലുണ്ടായിരുന്ന ബന്ധത്തെ സ്മരിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയചരിത്രം ഒരു തരത്തില്‍ നമുക്ക് ആര്‍.കെ. ലക്ഷ്മണ്‍ എന്ന കലാജീവിതത്തില്‍നിന്ന് പഠിക്കാവുന്നതാണ്. പുസ്തകത്തില്‍നിന്ന് കുറച്ച് ഉദാഹരണങ്ങള്‍ ഇവിടെ പറയാം. 1962ല്‍ നെഹ്രുവിന്റെ ജനപ്രിയത കുറയുന്ന കാലത്ത് ഒരു കാര്‍ട്ടൂണില്‍ വേദനയോടെ ആര്‍.കെ. ലക്ഷ്മണ്‍ പണ്ഡിറ്റ്ജിയുടെ പ്രസന്നഭാവത്തിന്റെ അവിഭാജ്യഘടകമായിരുന്ന തൊപ്പി ഊരിമാറ്റുകയായിരുന്നു. ലക്ഷ്മണ്‍ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ മുംെബെ നഗരത്തില്‍ ചെല്ലുമ്പോള്‍ രണ്ടു പ്രധാന കാര്‍ട്ടൂണിസ്റ്റുകളായിരുന്നു അവിടെയുണ്ടായിരുന്നത്, ഒന്ന് ഭട്ട്. രണ്ട് ബാല്‍ കേശവ് താക്കറെ. 1966ലാണ് ശിവസേന ഉണ്ടാകുന്നതും രാജ്യത്തിന് ഒരു സമര്‍ഥനായ കാര്‍ട്ടൂണിസ്റ്റിനെ നഷ്ടമാകുന്നതും. സര്‍ദാര്‍ പട്ടേല്‍ നേരത്തേ മരിച്ചതും രാജാജി കോണ്‍ഗ്രസ് വിട്ടതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലപ്പത്ത് നെഹ്രുവിനെ ഏകാകിയാക്കിയത് ലക്ഷ്മണ്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രം 'common man' പൂര്‍ണമായും രൂപപ്പെടുന്നത് 1962ലാണ്. 1964ല്‍ ലാല്‍ ബഹാദുര്‍ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോള്‍ ഒരൊറ്റ കാര്‍ട്ടൂണില്‍ രണ്ടിടത്തായി കോമണ്‍ മാന്‍ പ്രത്യക്ഷമായി. റിപ്പബ്ലിക്ദിന പരേഡു കാണുന്ന ആള്‍ക്കൂട്ടത്തില്‍ 'common man' നില്‍പ്പുണ്ടായിരുന്നു. കൂടാതെ, പ്രധാനമന്ത്രിയുടെ കൂടെ വാഹനത്തിലും. പുതിയ പ്രധാനമന്ത്രിയുടെ അതിസാധാരണത്വത്തെ ലക്ഷ്മണ്‍ ആദരിച്ചതങ്ങനെയായിരുന്നു.

പിന്നീട് പ്രധാനമന്ത്രിയായിവന്ന ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകളെ ആദ്യമേ കണ്ടെത്തിയിരുന്നു ആര്‍. കെ. ലക്ഷ്മണ്‍ എന്ന് ഇ.പി. ഉണ്ണി ചൂണ്ടിക്കാട്ടുന്നു. കാര്‍ട്ടൂണിസ്റ്റുകള്‍ ദീര്‍ഘദര്‍ശികളായ ചരിത്രകാരന്മാര്‍ കൂടിയാണ് എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ഒരു വലിയ കുടക്കീഴില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന മഹാമേരു പോലെയുള്ള ഇന്ദിരാഗാന്ധി, കണ്ടാല്‍ തിരിച്ചറിയാത്തവരായ ചെറിയ മനുഷ്യരുടെ നീണ്ട നിരയില്‍നിന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ഒരു കാര്‍ട്ടൂണ്‍ ലക്ഷ്മണ്‍ വരച്ചു . പിന്നീട് അടിയന്തരാവസ്ഥ വന്നപ്പോള്‍ ലക്ഷ്മണിന്റെ കാര്‍ട്ടൂണിലെ പശുവും പട്ടിയുംവരെ സെന്‍സര്‍ഷിപ്പുകാരുടെ കണ്ണില്‍പ്പെട്ടു. വെറുതേയല്ല അന്നത്തെ വാര്‍ത്താവിതരണമന്ത്രി വി.സി. ശുക്ല, ആര്‍.കെ. ലക്ഷ്മണെ ഓഫീസില്‍ വിളിച്ചുവരുത്തി വിരട്ടാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്.

മൊറാര്‍ജി ദേശായി ബോംബെ മുഖ്യമന്ത്രിയായിരുന്നകാലം മുതല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായ കാലം വരെ ഒന്നിനും വഴങ്ങാത്ത ഒരു മുരടന്‍ ഭാവത്തിലാണ് ആര്‍.കെ. ലക്ഷ്മണ്‍ അദ്ദേഹത്തെ വരച്ചിരുന്നത്. പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരുഭാഗം ഡല്‍ഹി നഗരത്തോട് ആര്‍.കെ. ലക്ഷ്മണിനുണ്ടായിരുന്ന തികഞ്ഞ അതൃപ്തിയായിരുന്നു. രാഷ്ട്രീയനേതാക്കളുമായി അടുത്തബന്ധമില്ലാതിരുന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു അദ്ദേഹം. 1996ല്‍ വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ ലക്ഷ്മണ്‍ വരച്ച ഒരു കാര്‍ട്ടൂണിനെക്കുറിച്ച് പുസ്തകത്തില്‍ പ്രത്യേകം പറയുന്നുണ്ട്. Common Man ഒരു കസേരയില്‍. ചുവരില്‍ ഇതുവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങള്‍. രണ്ടുപേരുടെ മുഖത്തുമാത്രമേ ചിരിയുണ്ടായിരുന്നുള്ളൂ, ഒന്ന്. നെഹ്രു, രണ്ട്. വാജ്‌പേയി. ടൊയോട്ട കമ്പനിയുണ്ടാക്കിയ രഥത്തില്‍ കലണ്ടര്‍ ചിത്രങ്ങളിലെ ത്രേതായുഗരാമന്റെ കിരീടം അണിഞ്ഞ എല്‍.കെ. അദ്വാനിയുടെ കാര്‍ട്ടൂണ്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നായിരുന്നു.

ഇംഗ്ലീഷ് വായിക്കുന്ന ഇന്ത്യന്‍ ആധുനിക നാഗരികരെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു കാര്‍ട്ടൂണിസ്റ്റ് ഇല്ല എന്ന് പുസ്തകം പറയുന്നു. ദിനപത്രത്താല്‍ നഗ്‌നത മൂടി common man ബജറ്റ് അവതരണത്തിന്റെ പിറ്റേന്ന് ആകെയുള്ള വസ്ത്രങ്ങളും ചെരിപ്പും സര്‍ക്കാരിന് തിരിച്ചു നല്‍കുന്ന മനോരാജ്യത്തിലായിരുന്നു ആ ജനപ്രിയതയുടെ റിപ്പബ്ലിക്. സമൂഹത്തിന് ഓര്‍മശക്തി കുറവാണോ ? കഴിഞ്ഞകാലങ്ങള്‍ അവര്‍ പെട്ടെന്നു മറക്കുമോ? അത് രാഷ്ട്രീയത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നീ വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ ഇ.പി. ഉണ്ണി വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. കാര്‍ട്ടൂണ്‍ മ്യൂസിയങ്ങള്‍ ഇല്ലെന്നുവന്നാലും ഇന്റര്‍നെറ്റ് യുഗത്തില്‍ ഓരോ വിഷയത്തിലും പ്രസക്തങ്ങളായ ആര്‍. കെ. ലക്ഷ്മണ്‍ കാര്‍ട്ടൂണുകള്‍ പുനരാവിര്‍ഭവിക്കുന്നതും വ്യാപകമായി അവ വിതരണം ചെയ്യപ്പെടുന്നതും അദ്ദേഹത്തിന്റെ സര്‍ഗജീവിതത്തിന്റെ സാര്‍വകാലികപ്രസക്തിയെയാണ് തെളിയിക്കുന്നത് എന്ന് 'Back with a Punch' എന്ന പുസ്തകം നാമധേയം കൊണ്ടും ആശയരൂപം കൊണ്ടും നമ്മോട് സാര്‍ഥകമായി പറയുന്നുണ്ട്. പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നു: ''എന്തേ പുസ്തകത്തില്‍ ആര്‍.കെ. ലക്ഷ്മണ്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ പോലുമില്ല?'' പ്രശ്‌നം പകര്‍പ്പവകാശത്തിന്റേതല്ല, പ്രശ്‌നം ആര്‍.കെ. ലക്ഷ്മണിന്റെ ധൈഷണികോത്പന്നത്തിനു മുകളില്‍ പകര്‍പ്പവകാശി വെച്ചിരിക്കുന്ന അന്യായമായ ലാഭക്കണ്ണാണ്. ഇത്തരം പുസ്തകങ്ങളുടെ വിദ്യാഭ്യാസപരമായ, ഗവേഷണപരമായ മൂല്യം എന്നാണ് പകര്‍പ്പവകാശികളായ വ്യാപാരിമനസ്സുകള്‍ മനസ്സിലാക്കുക!

ആറ് പതിറ്റാണ്ടുകാലം കോറിവരയ്ക്കുന്ന വരകളിലൂടെയും കോമണ്‍മാനിലൂടെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തിന്റെ പൊങ്ങച്ചങ്ങളെയും വരച്ചവരയില്‍ നിര്‍ത്തിയ കാര്‍ട്ടൂണിസ്റ്റാണ് ആര്‍.കെ. ലക്ഷ്മണ്‍. അതുകൊണ്ടുതന്നെ ലക്ഷ്മണിന്റെ വരകള്‍ ഇന്ത്യയുടെ രാഷ്ട്രീയസാമൂഹിക ചരിത്രത്തിന്റെ ഭാഗവുമാണ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റായ ഇ.പി. ഉണ്ണി എഴുതിയ ' R . K . Laxman : Back with a Punch' എന്ന മോണോഗ്രാഫ് ആ മഹാപ്രതിഭയ്ക്കുള്ള ആദരസമര്‍പ്പണമാവുന്നു.

Content Highlights: rk laxman: back with a punch by ep unni

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented