വര്‍ഗസമരങ്ങളുടെ ഈ കാലത്ത് നിങ്ങള്‍ക്ക് എന്റെ ജെനിയാകാമോ?


അന്‍സിഫ് അബു

വാലന്റൈന്‍സ് ദിനം കമ്പോളത്തിന്റെ സൃഷ്ടിയല്ലേ മാഷേ എന്ന് ഞാന്‍ ചെറി മാഷിനോട് ഒരിക്കല്‍ ചോദിച്ചു. വാലന്റൈന്‍സ് ദിനത്തിന് എല്ലാ കമിതാക്കളും ഒരുമിച്ചിരുന്ന് അവലോസുണ്ടയും, പപ്പടവടയും കഴിച്ചാല്‍, കട്ടന്‍ ചായ കുടിച്ചാല്‍ കമ്പോളം തോറ്റ് പോവില്ലേ മോനെ, എന്ന് മാഷ് തിരിച്ചു ചോദിച്ചു.

മാർക്‌സും ജെനിയും, പാബ്ലോ നെരൂദ, മാർകേസ്‌

മ്മുടെ സ്‌കൂള്‍ ഒരു ദിവസം ആകാശത്തുകൂടി പറന്നു നടക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്, നമ്മുടെ സ്‌കൂള്‍ മാത്രമല്ല ലോകത്തുള്ള എല്ലാ സ്‌കൂളുകളും. സ്‌കൂളുകള്‍ ആകാശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടുന്ന ദിവസം, നിനക്ക് തരാന്‍ കരുതിവച്ചിരുന്ന പ്രേമലേഖനങ്ങളെല്ലാം പക്ഷേ അനാഥവും അര്‍ത്ഥശൂന്യവുമായിത്തീരുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രേമത്തെക്കുറിച്ചല്ല, പ്രേമലേഖനങ്ങളെക്കുറിച്ചാണ് ഞാന്‍ കൂടുതല്‍ ഓര്‍മ്മിക്കുന്നത്.

എഴുതിയും തിരുത്തിയെഴുതിയും ആശങ്കപ്പെട്ടും നെടുവീര്‍പ്പിട്ടും ഒളിച്ചു കടത്തിയും പിടിക്കപ്പെട്ടും ജീവിച്ച അവരുടെ കനപ്പെട്ട ജീവിതമാണ് എന്റെ പ്രൈം ഫോക്കസ്.

1. ഓര്‍മ്മയിലെ ആദ്യത്തെ പ്രേമലേഖനം ഞാന്‍ നെരൂദയിലാണ് അവസാനിപ്പിച്ചത് (അതോ ബാലചന്ദ്രന്‍ ചുള്ളിക്കാടിലോ ?). നിങ്ങള്‍, നീയെങ്കിലും, മറന്നുകാണാനിടയില്ല. പ്ലസ് ടു പാഠപുസ്തകത്തിലെ അവസാനത്തെ കവിതയിലെ (പാബ്ലോ നെരൂദയുടെ Tonight I Can write the saddest lines എന്ന കവിതക്ക് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഏറ്റവും ദുഖഭരിതമായ വരികള്‍ എന്ന വിവര്‍ത്തനം) ആ വരികള്‍ കൂടി എഴുതി ഞാന്‍ ആ പ്രേമലേഖനം അവസാനിപ്പിച്ചു.

അന്നത്തെ നിശയും ആ വെന്നിലാവില്‍
തിളങ്ങുന്ന മര നിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാകളല്ല എത്രമേല്‍ മാറി നാം

അതേ കവിതയിലെ
പ്രണയനിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ ആരുമോഹിച്ചു പോയിടാ

എന്ന വരികള്‍ ശാരിക ടീച്ചര്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ, നമുക്ക് പരസ്പരം കണ്ണുകളില്‍ നോക്കിയിരിക്കണം എന്ന് നീ തന്നെയാണ് എന്നോട് പലകുറി പറഞ്ഞിട്ടുള്ളത്. ഞാനൊരിക്കലും അത്രമേല്‍ പ്രേമത്താല്‍ ചുറ്റപ്പെട്ടവനായിരുന്നില്ല. നീ പ്രേമിക്കുകയായിരുന്നു, ഞാന്‍ വിഷാദത്താല്‍ പ്രേമം അഭിനയിക്കുകയും. നീ കൂടെ മരിക്കാന്‍ ഒരാളുണ്ടാവുമെന്ന പ്രത്യാശയാല്‍ ജീവിതത്തെ നിറക്കുകയായിരുന്നു, ഞാന്‍ വെറും സ്വാര്‍ത്ഥതയുള്ള പുരുഷനാവുകയായിരുന്നു. നീ ആംഗ്യങ്ങളാല്‍ ചുംബനം കൈമാറാനാവുന്ന, നമുക്ക് മാത്രം തിരിയുന്ന ഒരു കോഡ് വിദ്യ നിര്‍മ്മിക്കുകയായിരുന്നു, ഞാന്‍ അലസനും അച്ചടക്കരഹിതനുമായി ജീവിതം തള്ളി നീക്കുകയായിരുന്നു. അങ്ങനെ വൈരുദ്ധ്യങ്ങളുടെ ആ പിരിയന്‍ ഗോവണിപ്പാതയില്‍ നമ്മുടെ ആ പ്രേമം അവസാനിച്ചു. പക്ഷേ പ്രേമം അവസാനിച്ചു പോയ അന്ന് പ്രണയം അത്രമേല്‍ ഹ്രസ്വമാം, വിസ്മൃതി അതിലുമെത്രയോ ദീര്‍ഘം എന്ന് നെരൂദ എന്നെ അസ്വസ്ഥനും അരക്ഷിതനുമാക്കി. നഷ്ടബോധത്താല്‍ നെടുവീര്‍പ്പിട്ടു.

പക്ഷേ പതിവായി പ്രേമലേഖനങ്ങളെഴുതുന്നത് തുടര്‍ന്നു. തെറ്റാണെന്ന് ഉറപ്പുള്ള, ഭാവനാ വിലാസങ്ങളിലേക്ക് അവ പറത്തിക്കളിച്ചുകൊണ്ടിരുന്നു. പ്രേമലേഖനങ്ങളയക്കാന്‍ ഞാന്‍ പുതിയ വിലാസങ്ങള്‍ കണ്ടെത്തി

ഏതോ ഒരു പോസ്റ്റ്മാന്‍ ഇല്ലാത്ത വിലാസങ്ങള്‍ തേടി അലയുകയാവും എന്നോര്‍ത്ത് ആനന്ദിച്ചു. ഒരിക്കല്‍ ഭാവനയിലെ എന്റെ വിലാസങ്ങളിലൊന്ന് ശരിയായേക്കും. ചിലപ്പോള്‍ അതിനൊരു മറുപടിയും വന്നേക്കും. ഭാവനയിലും യഥാര്‍ഥ ലോകങ്ങളുണ്ടായേക്കില്ലെന്ന് ആര് കണ്ടു.

2. ഹരിയാണ് മറ്റവനെക്കുറിച്ചുള്ള കഥ എന്നോട് പറഞ്ഞത്. 'മറ്റവന് അവളോട് ഭയങ്കര പ്രണയമായിരുന്നു. നാല് വര്‍ഷക്കാലത്തിലേറെ അവര്‍ സുന്ദരസുരഭിലമായി പ്രേമിച്ചു, നാലാം വര്‍ഷം ഒരു ചെറിയ കാര്യത്തിന് അവള്‍ അവനെ ഉപേക്ഷിച്ചു പോയി.'

അതെന്തായിരുന്നു ആ ചെറിയ കാരണം. 'അവനെഴുതിയ പ്രേമലേഖനത്തില്‍ മുപ്പത്തിമൂന്ന് അക്ഷരത്തെറ്റുകളുണ്ടായിരുന്നു'. അല്ല ഹരി അതൊരു ചെറിയ കാരണമല്ല, ഞങ്ങള്‍ ഗ്രാമര്‍ നാസികളുടെ ലോകം അതാണ്. അക്ഷരമാണ് ഞങ്ങളുടെ റിപബ്ലിക്കില്‍ ഏറ്റവും വലുത്, പ്രേമമല്ല. അതുകൊണ്ട് ഇനിമേല്‍ പ്രേമലേഖനത്തില്‍ അക്ഷരത്തെറ്റ് വരുത്തരുതെന്ന് നീ അവനോട് പറയണം.

3. മാര്‍ക്കേസിന്റെ കോളറക്കാലത്തെ പ്രണയത്തിലാണ് ഞങ്ങള്‍ പ്രേമലേഖനങ്ങള്‍ ഒളിച്ചുകടത്തിയിരുന്നത്. അതിന്റെ ആദ്യ പേജില്‍. എന്തുകൊണ്ടായിരിക്കാം ഞാനും അവളും ഒരേപോലെ ആ പുസ്തകത്തിന്റെ ആദ്യ പേജ് തിരഞ്ഞെടുത്തത്. പിടിക്കപ്പെടാന്‍ താരതമ്യേന എളുപ്പമായിരുന്നിട്ടും അത് ഒരു അബോധക്രമം പോലെ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരുന്നു.

നൂറു തവണയിലേറെ ആ പുസ്തകത്തിന്റെ ആദ്യ പേജ് ഞാന്‍ വായിച്ചിട്ടുണ്ട്. അവളും വായിച്ചിട്ടുണ്ടാവണം. ജീവിതത്തിന്റെ എല്ലാ, വിഷാദങ്ങളിലും, ആ നോവലിന്റെ ആദ്യ വരി ഞാന്‍ വായിച്ചുകൊണ്ടിരുന്നു. അവളും വായിച്ചുകൊണ്ടിരിക്കുന്നുണ്ടാവണം. 'അത് അനിവാര്യമായിരുന്നു' എന്ന് മാര്‍ക്കേസ് ആരംഭിക്കുന്നു. അനിവാര്യമല്ലാത്തതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നു

4. 'ചാടി മരിക്കാന്‍ പോകുന്ന മനുഷ്യന്‍ ആഴങ്ങളിലേക്ക് നോക്കും പോലെ ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. വികൃതിയായ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കവിയും കാമുകനും ഭ്രാന്തനുമാക്കിത്തീര്‍ത്ത് കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിഞ്ഞ മനോഹരനയനങ്ങള്‍. അവയുടെ നക്ഷത്രവെളിച്ചത്തില്‍ എന്റെ ശൂന്യാകാശം നിറഞ്ഞൊഴുകി'. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ചുവന്ന മഷികൊണ്ട് ഞാന്‍ സയന്‍സ് സി ക്ലാസിന്റെ ചുമരില്‍ എഴുതിച്ചേര്‍ത്തു.

പബ്ലിക് പോയട്രി എന്നതുപോലൊരു പബ്ലിക് പ്രേമലേഖനം. ആര്‍ക്കും വായിക്കാം, വായിച്ചവര്‍ക്കാര്‍ക്കും പ്രേമിക്കാം എന്ന ഓപ്ഷന്‍. അങ്ങനെ ഒരോപ്ഷന് ലോകത്ത് എല്ലാ സ്‌കൂളുകളിലും അനുവാദമുണ്ടാവണം. സ്‌കൂളുകളുടെ ചുമരുകള്‍ പ്രേമലേഖനത്താല്‍ നിറയണം.

വാലന്റൈന്‍സ് ദിനം കമ്പോളത്തിന്റെ സൃഷ്ടിയല്ലേ മാഷേ എന്ന് ഞാന്‍ ചെറി മാഷിനോട് ഒരിക്കല്‍ ചോദിച്ചു. വാലന്റൈന്‍സ് ദിനത്തിന് എല്ലാ കമിതാക്കളും ഒരുമിച്ചിരുന്ന് അവലോസുണ്ടയും, പപ്പടവടയും കഴിച്ചാല്‍, കട്ടന്‍ ചായ കുടിച്ചാല്‍ കമ്പോളം തോറ്റ് പോവില്ലേ മോനെ, എന്ന് മാഷ് തിരിച്ചു ചോദിച്ചു. അതിവാദമാവാം, പക്ഷെ പ്രേമിച്ചു പ്രേമിച്ചു മുതലാളിത്തത്തെ അങ്ങ് തോപ്പിക്കെടേ എന്നു കൂടി മാഷ് ചേര്‍ത്തു

5. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ മെസേജ്. വായിച്ചിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ പ്രേമലേഖനം ഏതാണ് ?. മനോഹരമായ പ്രേമലേഖനം എഴുതാന്‍ എന്തു ചെയ്യണം

അഖിലേഷ് മാഷ് ഒരിക്കല്‍ ഒരു പ്രേമലേഖനത്തെ കുറിച്ച് പറഞ്ഞ് എന്നെ കൊതിപ്പിച്ചിട്ടുണ്ട്. നീണ്ട വാചകങ്ങളില്ല, കനപ്പെട്ട പ്രഖ്യാപനങ്ങളില്ല, ഒറ്റ ചോദ്യം

In this age of degeneration and class struggle will you be my Jenny ?

രണ്ടാമത്തെ ചോദ്യത്തിന് ഇപ്പൊ എന്റെ കയ്യില്‍ ഒറ്റ ഉത്തരമേയുള്ളു. ഉഡമിയില്‍ പ്രേമലേഖനം എഴുതാന്‍ പഠിപ്പിക്കുന്ന ഒരു കോഴ്സുണ്ട്.
It would be helpful.

Content Highlights:revisiting love in books on valentine's day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented