തക്കകാരണമുണ്ടെങ്കില്‍ ക്രൂരതയാവാമെന്നാണോ? പ്രതികാരത്തെക്കുറിച്ച് ചില സന്ദേഹങ്ങള്‍


കല്‍പ്പറ്റ നാരായണന്‍

എന്റെ മകളെ വിധവയാക്കിയവന്റെ ഭാര്യയെ ഞാനും വിധവയാക്കും എന്ന് പ്രതിജ്ഞയെടുത്ത് അതിനുവേണ്ടി വേണ്ടതെല്ലാം ചെയ്യുന്നവര്‍, വിധിപ്രഖ്യാപന ദിവസം മധുരപലഹാരം വിതരണം ചെയ്യുന്നവര്‍, മകന്റെ അഭാവത്തെച്ചൊല്ലി വേദനിക്കുന്നതേയില്ല. തന്റെ വീട്ടിലെ അവസ്ഥ മറ്റൊരു വീട്ടില്‍ക്കൂടി ഉണ്ടാക്കിയതിന്റെ സന്തോഷത്തിലാണവര്‍.

ചിത്രീകരണം: വിജേഷ് വിശ്വം

പ്രതികാരം എന്ന വികാരത്തെയും സമൂഹത്തിന് അതിനോടുള്ള മനോഭാവത്തെയും മനഃശാസ്ത്രപരമായി ആഴത്തില്‍ വിശകലനം ചെയ്യുന്ന കുറിപ്പാണിത്. കൊലയ്ക്ക് കൊല എന്നത് കനംകുറഞ്ഞ കുറ്റകൃത്യമാണോ?
'പ്രതികാര മഹാമാരി വഹിക്കും ക്ഷീണരോഗികള്‍ സുഖമെന്ന മഹാശക്തി വിരചിക്കില്ല ലോകമേ'
(അക്കിത്തം)

ഭാര്യയെയും രണ്ടു കുട്ടികളെയും കൈകള്‍കെട്ടി ഓട്ടോറിക്ഷയില്‍ ഇരുത്തി സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് കൊന്ന മനുഷ്യനെ എന്തുചെയ്യണം? അയാളെയും അതേവിധം ബന്ധിച്ച് മാരകമായ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് കത്തിച്ചുകളയണം എന്ന് കരുതുന്നവര്‍ കുറവാകില്ല. മകളെ പീഡിപ്പിച്ചവന്റെ മകളെ അതിലും ക്രൂരമായി പീഡിപ്പിച്ചയാളെ ന്യായീകരിക്കുന്നവരും കുറച്ചാവില്ല. അടിയില്‍ ന്യായമില്ലെങ്കിലും തിരിച്ചടിയില്‍ ന്യായമുണ്ടെന്ന് പലരും കരുതുന്നു. കുറ്റകൃത്യത്തിലെ ക്രൂരത പകരംവീട്ടലിലെ ക്രൂരതയ്ക്കില്ല എന്നും അവര്‍ കരുതുന്നു. അതിനര്‍ഥം തക്കകാരണമുണ്ടെങ്കില്‍ ക്രൂരതയാവാം എന്നാണ്. ക്രൂരത കാരണങ്ങളാല്‍ മൃദുവാക്കപ്പെടും എന്നാണ്. ക്രൂരമായ പ്രവൃത്തികള്‍ സ്വീകാര്യമാവുന്ന സന്ദര്‍ഭങ്ങള്‍ സമൂഹത്തില്‍ ഉണ്ട് എന്നതാണ്.

പകരംചോദിക്കലില്‍, ചെയ്ത കുറ്റകൃത്യത്തിനുള്ള അംഗീകാരമുണ്ട്. ഒരേ പരിഹാരത്തില്‍ വിശ്വസിക്കുന്നുണ്ട് ഇരുവരും. ഒന്നിനെത്തന്നെ അത് അനീതി, ഇത് നീതി എന്ന് പറയാമോ? രണ്ടും ഒരേ ആയുധങ്ങള്‍ ഉപയോഗിച്ചാണെന്നതിലെ വൈരുധ്യം കാണാതിരിക്കാനാവുമോ? പ്രതികാരികള്‍ കാണാതിരുന്നത് അതു മാത്രവുമല്ല. പകരംവീട്ടിയതാണ് താനും എന്ന് ആ കൊലപാതകി പറയാനുമിടയുണ്ട്. പകരംവീട്ടലാവാം എല്ലാ കൊലകളും. പകരംവീട്ടല്‍ നിങ്ങളറിയാത്ത നിങ്ങള്‍ക്കൂഹിക്കാനാകാത്ത കാരണത്താലാണെന്നതിനാലാണ് അത് അതിക്രൂരമായിരിക്കുന്നത്. എന്തിനിത് ചെയ്തു എന്നാണ് അമ്മപോലും ചോദിക്കുന്നത്. ചെയ്തിയുടെ സ്വഭാവത്തെക്കാള്‍ തക്കകാരണത്തിന്റെ അഭാവമല്ലേ നിങ്ങളെ കുപിതനാക്കുന്നത്? മാധ്യമങ്ങള്‍ കൊലപാതകവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ കാരണങ്ങളുടെ സൂചനകൂടി നല്‍കാറുണ്ട്. ഒരു കാരണവുമില്ലാത്ത, ഒരു ന്യായീകരണവുമില്ലാത്ത കൊലകള്‍ വായനക്കാരനെ അസ്വസ്ഥനാക്കുന്നു. അതിനെ പ്രതികാരമാക്കുന്ന ന്യായങ്ങള്‍ കിട്ടുമ്പോഴാണ് ആ അസ്വസ്ഥത കുറയുന്നത്. അയാള്‍ അയാളുടെ ധര്‍മമാണ് നിര്‍വഹിച്ചത് എന്നുപോലും അപ്പോള്‍ ലോകര്‍ കരുതുന്നു. പകരംവീട്ടുന്നയാള്‍ ആരെ കൊന്നുവോ അയാളും മറ്റൊരാളോടുള്ള പകരം വീട്ടുകയായിരുന്നു എന്നത് കൊന്നതല്ല ശിക്ഷിച്ചതാണ് എന്ന അവകാശവാദത്തെ ദുര്‍ബലമാക്കുകയല്ലേ? പ്രതികാരമെന്ന ചങ്ങലയിലെ ഒരു കണ്ണിയെ ബലപ്പെടുത്തുകയാണ് അടുത്ത കണ്ണി.

ആദ്യ കൊലപോലും അകാരണമായ കൊലയായിരുന്നില്ല. തന്റെ നിവേദ്യത്തെക്കാള്‍ സഹോദരന്റെ നിവേദ്യത്തിന് ദൈവം വിലകല്പിച്ചു. ദൈവം കൂടുതല്‍ സ്വാദിഷ്ടമായി അത് ഭുജിച്ചു. ദൈവത്തിനുമുന്നില്‍ വില കെട്ടവന്റെ, വില കെടുത്തിയവനോടുള്ള പ്രതികാരമായിരുന്നല്ലോ കായിന്റെ കൊല. ഉറങ്ങുമ്പോള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് നിരപരാധികളെ കൊല്ലുന്ന പണി തുടര്‍ച്ചയായിച്ചെയ്ത റിപ്പറോടും അയാള്‍ ബാല്യത്തില്‍ അനുഭവിച്ച പീഡനങ്ങളുടെ ഒരു വിവരണത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് പൊറുക്കാനായേക്കാം. തന്നെ കെടുത്തിയ സമൂഹത്തോടയാള്‍ പകവീട്ടിയതാവാം. കൊലപാതകം തെറ്റാണ്, പകരംവീട്ടല്‍ ന്യായവുമാണ് എന്ന് നീതിന്യായക്കോടതികള്‍വരെ വിശ്വസിക്കുന്നു.

കൊല ആസൂത്രിതമാവണമെന്നില്ല. പ്രതികാരം ആസൂത്രിതമാണ്. ആസൂത്രിതമല്ലാത്ത കൊല ആസൂത്രിതമായ കൊലയെക്കാള്‍ കനംകുറഞ്ഞ കൊലയാണെന്ന് വിശ്വസിക്കുന്ന നീതിന്യായക്കോടതിയും ആസൂത്രിതമായ കൊല നടത്തുന്നു. എത്ര കാലമെടുത്താണ്, എത്ര കാലം മറക്കാതിരുന്നാണ്, എത്ര സാക്ഷികളെ ജനസമക്ഷം വിസ്തരിച്ചാണ് നിയമവ്യവസ്ഥ കൊല്ലുന്നത്. ഇത്ര ക്രൂരമായ ഒരു കൊല ഒരു വ്യക്തിയും ചെയ്യുന്നില്ല. അതിനുള്ള മെഷിനറി ഭരണകൂടത്തിനല്ലേ ഉള്ളൂ. എന്നിട്ടതിനെ വധ'ശിക്ഷ'യെന്ന് പറയുകയും ചെയ്യുന്നു. ശിക്ഷയുടെ ഫലം അനുഭവിക്കാന്‍ ആളവശേഷിക്കാത്ത ശിക്ഷ എങ്ങനെയാണ് ശിക്ഷയാവുക? വധശിക്ഷ എന്ന പദംതന്നെ അസംബന്ധമല്ലേ?

എന്റെ മകളെ വിധവയാക്കിയവന്റെ ഭാര്യയെ ഞാനും വിധവയാക്കും എന്ന് പ്രതിജ്ഞയെടുത്ത് അതിനുവേണ്ടി വേണ്ടതെല്ലാം ചെയ്യുന്നവര്‍, വിധിപ്രഖ്യാപന ദിവസം മധുരപലഹാരം വിതരണം ചെയ്യുന്നവര്‍, മകന്റെ അഭാവത്തെച്ചൊല്ലി വേദനിക്കുന്നതേയില്ല. തന്റെ വീട്ടിലെ അവസ്ഥ മറ്റൊരു വീട്ടില്‍ക്കൂടി ഉണ്ടാക്കിയതിന്റെ സന്തോഷത്തിലാണവര്‍. ശിക്ഷ ഇളവുചെയ്യാനോ ബലപ്പെടുത്താനോയുള്ള ചുമതല പോലീസിനും കോടതിക്കുമല്ല, ഇരയുടെ വീട്ടുകാര്‍ക്കായിരുന്നെങ്കില്‍ ജനസംഖ്യ വളരെ കുറയുമായിരുന്നു, കേരളത്തില്‍. പ്രതികാരരതിയുടെ സാക്ഷാത്കാരം കൈയടിപ്പിച്ചുകൊണ്ട് നിര്‍വഹിച്ചവരാണ് സൂപ്പര്‍ സ്റ്റാറുകളായതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ?

ഒരാളെ ഇല്ലാതാക്കുന്നതിനു പകരമായി ഇല്ലാതാക്കിയ ആളെ ഇല്ലാതാക്കുന്നത് എങ്ങനെയാണ് നീതികരിക്കാനാവുക? രാഷ്ട്രീയപ്പാര്‍ട്ടികളുടെ നീതിയാണെങ്കില്‍ അതിലേറെ ദുര്‍ഗ്രഹമാണ്. പാര്‍ട്ടിയിലെ ഒരംഗത്തിനെ ഇല്ലാതാക്കിയതിന് എതിര്‍പാര്‍ട്ടിയിലെ ഏതെങ്കിലുമൊരംഗത്തെ ഇല്ലാതാക്കിയാല്‍ അവര്‍ക്ക് തത്കാലം സമാധാനമായി. നാലേ അഞ്ച്, അഞ്ചേ അഞ്ച് എന്നിങ്ങനെ ആവേശജനകമായ ഒരു കൊല്ലുന്ന ടെന്നീസ് കാലമുണ്ടായിരുന്നു, വളരെ മുമ്പൊന്നുമല്ല കണ്ണൂരില്‍. പാര്‍ട്ടി അംഗത്തിന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒരു സ്വത്വ(identtiy)മേയുള്ളൂ എന്ന് പാര്‍ട്ടികള്‍ കരുതുന്നു. കൊല്ലപ്പെടാന്‍ തിരഞ്ഞെടുത്തയാളോ പ്രതികാരം ചെയ്യാനായി തിരഞ്ഞെടുക്കപ്പെട്ടയാളോ അതില്പരവുമെന്തെല്ലാമോ ആണെന്നത് പാര്‍ട്ടി ഗൗനിക്കുന്നതേയില്ല. അയാള്‍ അമ്മയില്ലാത്ത രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ അച്ഛനാണോ, രോഗബാധിതയായ ഭാര്യയുടെ ഏകാശ്രയമാണോ, നാട്ടുകാര്‍ക്ക് പ്രിയങ്കരനായ കായികതാരമാണോ, ഇഷ്ടഗായകനാണോ, സമൂഹത്തിന് കക്ഷിരാഷ്ട്രീയാതീതമായി അനിവാര്യനായ ജനസേവകനാണോ, അപൂര്‍വസിദ്ധികളുള്ള കലാകാരനാണോ... അതൊന്നുമവര്‍ക്ക് പ്രശ്‌നമല്ല.

ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ ഇല്ലാതാവുന്നത് പലരാണ്, ഓരോ കൊലയും ഒരു കൂട്ടക്കൊലയാണ് എന്നതവര്‍ക്കറിയില്ല. യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുന്നത് കൊല്ലപ്പെട്ടവന്‍ മാത്രമല്ല അയാളുടെ അഭാവത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്തവരാണ്, അയാളെ പാര്‍ട്ടിയെക്കാള്‍ ആഴത്തിലറിയുന്ന, ആവശ്യമുള്ള അയാളുടെ ബന്ധുമിത്രാദികളാണ്. അവര്‍ എന്തുകാര്യത്തിനാണ് പ്രതികാരത്തിന്റെ ഫലമനുഭവിക്കേണ്ടത്? ഒരു സാധാരണ ശവശരീരത്തിനുമുന്നില്‍ നിങ്ങള്‍ നില്‍ക്കുന്നത് സമ്മിശ്രവികാരങ്ങളോടെയാണ്. ആര്‍ക്കെല്ലാം ആരെല്ലാമായിരുന്നു എന്തെല്ലാമായിരുന്നു അയാള്‍. മരണവീടിന്റെ മുറ്റത്തുനിന്ന് ശബ്ദംതാഴ്ത്തി സംസാരിക്കുന്നവര്‍ ആ ദിവസത്തേക്കെങ്കിലും പലരായ ഒരാളുടെ അപദാനങ്ങളാണ് പറയുന്നത്. ഓരോരുത്തര്‍ക്ക് ഓരോന്നാണയാള്‍ എന്നതുകൊണ്ട് മാത്രമല്ല, ഒരാള്‍ക്കുതന്നെ അയാള്‍ പലരാണ് എന്നതുകൊണ്ട്. എന്നാല്‍, രക്തസാക്ഷിയുടെ മുന്നില്‍നില്‍ക്കുമ്പോള്‍ നമുക്കയാള്‍ ഒരേകജീവിതാനശ്വര ഗാനമാണ്. പാര്‍ട്ടി സ്വത്വം മാത്രമുള്ള ഒരേകവചനം. പോലീസോ ആശുപത്രിയോ കൊല്ലപ്പെട്ടവനെ വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും, രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. അഭിമാനത്തോടെ മരിച്ചു എന്നതൊക്കെ പൊള്ളവാക്കാണ്, അയാളോളം അപമാനിതനായി മരിച്ചവരില്ല. പ്രതികാരത്തിന്റെ കണ്ണിലെ മനുഷ്യനാണ് ഭൂമിയിലെ ഏറ്റവുംചെറിയ മനുഷ്യന്‍. അത് മാത്രമായ, അപ്പോള്‍ മാത്രമായ മനുഷ്യന്‍. ആ ചെറുപ്പം അനന്തകാലത്തേക്ക് അയാളുടെ സത്യം (substance) ആവുകയാണ്. അവന്‍ അതിലേറെ ഒന്നുമായിരുന്നില്ല.

കല്‍പ്പറ്റ നാരായണന്‍

സാമാന്യജനത്തിന്റെ ദൃഷ്ടിയില്‍ അവരുടെമേല്‍ ചെയ്യപ്പെട്ട അപരാധത്തിന് പ്രതികാരംചെയ്യാനുള്ള ഏജന്‍സികളാണ് പോലീസും കോടതിയും. വലിയ സജ്ജീകരണങ്ങളുള്ള, ദേശവ്യാപകമായ നെറ്റ്‌വര്‍ക്കുള്ള, പ്രതികാരനിര്‍വഹണത്തിനുള്ള ക്വട്ടേഷനെടുക്കുന്ന ഓദ്യോഗികസംഘങ്ങളാണവ. വലിയ പ്രതികാരദാഹങ്ങള്‍ ശമിപ്പിച്ച് പ്രശസ്തനായ വക്കീലിനെവെച്ചോ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചോ പണംകൊടുത്തോ അവര്‍ പ്രതികാരനിര്‍വഹണസേവനം ഉറപ്പുവരുത്തുന്നു. നിനക്ക് ഞാന്‍ കാണിച്ചുതരാം എന്ന് വെല്ലുവിളിക്കുന്നത് പോലീസ് സ്വാധീനത്തെയോ കോടതിയെയോ പ്രമുഖ വക്കീലിനെയോ ചൂണ്ടിയിട്ടാണ്. എനിക്കെന്ത് ചെയ്യാനാവും മുകളില്‍നിന്നുള്ള സമ്മര്‍ദം അമ്മാതിരിയാണ്, നിങ്ങള്‍ നിരപരാധിയാണെന്ന് എനിക്കറിയാത്തതാണോ, ഒരു ചായയ്ക്ക് പറയട്ടെ എന്ന് അറസ്റ്റിന് തൊട്ടുമുമ്പേ പോലീസ്. എനിക്ക് ന്യായം മാത്രം നോക്കിയാല്‍ മതിയോ, എനിക്കെന്റെ ഭാവിയും നോക്കണ്ടേ, പ്രതിക്ക് അര്‍ഹിക്കാത്ത ശിക്ഷവിധിച്ച ന്യായാധിപന്‍ ഉറ്റകൂട്ടുകാരനോട് പറയുന്നു. വിരമിച്ചശേഷമുള്ള പദവികളില്‍ കണ്ണുനട്ടിരിക്കുന്ന കൂട്ടുകാരന് അത് മനസ്സിലാവും. അയാള്‍ കുറ്റങ്ങള്‍ക്ക് അപരാധത്തിനനുപാതാധികമായ ശിക്ഷനല്‍കിക്കൊണ്ട് പ്രതികാരപൂര്‍ത്തി വരുത്തുന്നു. കൃത്യനിര്‍വഹണം പ്രതികാരനിര്‍വഹണമായിമാറുന്നു.

പകരംവീട്ടലും കൃത്യനിര്‍വഹണവും രണ്ടല്ലാത്ത അവസ്ഥയില്‍നിന്ന് നമുക്കെന്നാണ് മോചനം കിട്ടുക? ഇടത്തെ കവിളത്ത് അടികൊള്ളുമ്പോള്‍ വലത്തെ കവിള്‍ കാണിച്ചുകൊടുക്കാന്‍ കുറഞ്ഞ ബലം പോരാ. ഇടത്തേ കവിളത്തടിച്ചവന്റെ ഇരുകവിളത്തുമടിക്കാന്‍, ബലമൊന്നും വേണ്ട, ബലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മതി. അതിന് പൊതുസമ്മതിയുമുണ്ട്. എന്നെ അടിച്ചിട്ടാണ് ഞാനടിച്ചത് എന്നതിനോളം സാധുവായ ന്യായമുണ്ടോ? നടന്നത് പ്രതികാരനിര്‍വഹണമാണെങ്കില്‍ അത് കൃത്യനിര്‍വഹണവുമാണ്. അതിന് വ്യക്തിയെ നിയമം ചുമതലപ്പെടുത്തിയിട്ടില്ലെന്നേയുള്ളൂ. നീയൊരു മനുഷ്യനാണോ എന്ന ചോദ്യത്തെ അഭിമുഖീക്കാനാവില്ല പകരംവീട്ടിയില്ലെങ്കില്‍ നിങ്ങള്‍ക്ക്, മറ്റുള്ളവര്‍ പോറ്റിവളര്‍ത്തുന്ന നിങ്ങളുടെ മനസ്സാക്ഷിക്കും. മനുഷ്യരെ ബാധിച്ച ഏറ്റവും കഠിനമായ രോഗം പ്രതികാരമാവാം.

പേരറിവാളനെ വിട്ടയച്ചപ്പോള്‍ എന്തൊരു മനഃശല്യമാണ് കോണ്‍ഗ്രസുകാരില്‍ ചിലര്‍ അനുഭവിച്ചത്. കൊലയാളികള്‍ക്ക് ബാറ്ററി കൈമാറി എന്നതിനാല്‍ ടോര്‍ച്ചിനുള്ള ബാറ്ററിയല്ല, ശരിതന്നെ. രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെ കൊല്ലുകയെന്നാല്‍ അതൊരു സാധാരണ കൊലപാതകമല്ല, രാഷ്ട്രത്തിന്റെ പ്രാതിനിധ്യത്തെയാണ് കൊല്ലുന്നത്. വ്യക്തിപരമായ അപരാധത്തിനല്ല കൊന്നതും മൂന്നുപതിറ്റാണ്ടിന്റെ ഏകാന്തതടവനുഭവിച്ച ഒരാളെ വിട്ടയച്ചപ്പോഴാണ് ഈ അവസ്ഥ. ആ മൂന്നുപതിറ്റാണ്ടിനെ മെരുക്കാന്‍ അയാള്‍ ചെയ്തതെല്ലാം അറിഞ്ഞാല്‍ മനുഷ്യനെന്തിനാണ് മനുഷ്യനോടിങ്ങനെ ചെയ്യുന്നത് എന്ന് അസ്വസ്ഥരാവാത്തവരുണ്ടാവില്ല. സമാനമായ കുറ്റങ്ങള്‍ക്ക് ആയിരം രൂപ വെറും പിഴയോ മൂന്നു മാസം വെറും തടവോ മാത്രമേ ബാഹ്യസമ്മര്‍ദങ്ങളില്ലെങ്കില്‍ കോടതികള്‍ നല്‍കൂ. രാജീവ് ഗാന്ധി ഉദ്ദേശിച്ചതല്ലെങ്കിലും ശ്രീലങ്കയില്‍ ഇന്ത്യന്‍ പട്ടാളത്തിന്റെ പിന്തുണയോടെ സംഭവിച്ചത് ഭീകരമായ വംശഹത്യയായിരുന്നു. അതിനുള്ള പ്രതികാരമാണ് രാജീവ് വധം എന്നാണ് തമിഴ്പുലികള്‍ അവകാശപ്പെടുന്നത്. പ്രതികാരത്തിന്റെ അവസാനരംഗങ്ങളില്‍ ഒന്നായിരുന്നു നാം കണ്ടത്. പ്രതികാരത്തില്‍ അടിയുറച്ച ഒരു നാഗരികതയാണ്, ഹിംസയില്‍ അധിഷ്ഠിതമായ ഒരു നാഗരികതയാണ് നമ്മുടേത് എന്നാണ് താരതമ്യേന പ്രതികാരദാഹം കുറഞ്ഞ കോണ്‍ഗ്രസുകാര്‍പോലും ഗാന്ധിയെ വിസ്മരിച്ചുകൊണ്ട് നമ്മോട് പറയുന്നത്.

'ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍തന്‍ പിന്‍മുറക്കാര്‍' എന്നത് ഏറെപ്പേരെ പ്രചോദിപ്പിച്ച ഒരു പ്രത്യാശയാണ്. രക്തപ്പുഴ ഒഴുക്കിയല്ല അത് സാക്ഷാത്കരിക്കുന്നതെങ്കില്‍ ഒട്ടുംതന്നെ മോശവുമല്ല ഈ പ്രത്യാശ. അവര്‍ നമ്മളോട് ചെയ്തത് അതിലും ക്രൂരമായി അവരോടോ അവരുടെ അനന്തരതലമുറയോടോ ചെയ്യാനുള്ള വ്യഗ്രതയില്‍ പക്ഷേ, നന്മയുടെ കണികയുണ്ടോ? വിപ്‌ളവത്തെ ആശയപരമായി പിന്തുണച്ച വൈലോപ്പിള്ളിയും 'പോംവഴി, പക്ഷേ, മറ്റൊരു വിധമായിരുന്നെങ്കില്‍' എന്ന് നെടുവീര്‍പ്പിടുന്നു. ആരോടും പ്രതികാരമില്ലാതിരുന്നിട്ടും പ്രതികാരത്തിനിരയായ രക്തസാക്ഷിയായ ഗാന്ധിജി മറ്റൊരു പോംവഴി സാധ്യമാണെന്ന് നേരത്തേ കാട്ടി. തോക്കേന്തിയ അമ്പതിനായിരത്തിലേറെ ഭടന്മാര്‍ക്ക് പഞ്ചാബില്‍ സാധിക്കാത്ത സമാധാനപുനഃസ്ഥാപനം നിരായുധനായ ഗാന്ധിജിയൊരാള്‍ക്ക് ബംഗാളില്‍ സാധിച്ചതായി മൗണ്ട് ബാറ്റണ്‍ പ്രഭു പറഞ്ഞു. പ്രതികാരത്തില്‍ വിശ്വസിച്ച, ആയുധധാരികളായ സുഭാഷ് ചന്ദ്രബോസിന്റെയോ ഭഗത് സിങ്ങിന്റെയോ രക്തസാക്ഷിത്വത്തിനില്ലാത്ത വലുപ്പം കൂപ്പുകൈയല്ലാത്തൊരായുധവുമില്ലാതിരുന്ന ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിനുണ്ട്. വന്ദിച്ചശേഷം മാത്രം നിറയൊഴിച്ച ഗോഡ്‌സെപോലും ആത്മതാപത്തോടെയാവും പ്രതികാരിയുടെ അഹംഭാവത്തോടെയാവില്ല അത് ചെയ്തത്.

Content Highlights: revenge kalpetta narayanan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented