Photo: AFP
മാതൃഭൂമി കോം തുടങ്ങിവച്ച 'ട്രാന്‍സ്ജന്‍ഡറിന് നമ്മള്‍ എന്തുമലയാളം നല്കി' എന്ന ചര്‍ച്ചയ്ക്ക് അനുകൂലമായും പ്രതികൂലമായും ധാരാളം പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രാന്‍സ്ജന്‍ഡര്‍ എന്ന പദത്തിന് തുല്യ മലയാളം എന്തുനല്കും എന്നതിന് സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ മറുപടി നല്‍കുന്നു.

ട്രാന്‍സ്ജന്‍ഡര്‍ എന്ന പദത്തിന് മലയാളം വാക്ക് വേണം. സംസ്‌കൃതത്തില്‍ നിന്നോ മണിപ്രവാളത്തില്‍നിന്നോ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കടമെടുക്കാതെ ലളിതമായൊരു മലയാളം വാക്ക് ട്രാന്‍സ്ജന്‍ഡറിന് പകരം കൊടുക്കേണ്ടതുണ്ട്. തമിഴിലും കന്നടത്തിലും തെലുങ്കിലുമൊക്കെയുള്ള പദങ്ങള്‍ എത്രത്തോളം നീതിപുലര്‍ത്തുന്നതാണ് എന്നും കൂടി പരിശോധിക്കണം. തിരുനങ്കൈ മനിതര്‍, മംഗള്‍മുഖി തുടങ്ങിയ പദങ്ങളൊക്കെ പൂര്‍ണമായും അര്‍ഥം ഉള്‍ക്കൊള്ളുന്നവയല്ല. ഓവര്‍ബ്രിഡ്ജിനെ നമ്മള്‍ പറഞ്ഞുപറഞ്ഞാണ് മേല്‍പ്പാലമാക്കിയത്. അതുപോലെ നല്ല മലയാളം ട്രാന്‍സ്ജന്‍ഡറിന് വന്നുചേരുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.
പുല്ലിംഗവും സ്ത്രീലിംഗവും മാത്രമുണ്ടായിരുന്ന കാലത്താണ് ശ്രീ, ശ്രീമതി പദങ്ങള്‍ വന്നത്. ഇപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന വിഭാഗം കൂടി സമൂഹത്തിലുണ്ട്. അതിനനുസരിച്ച് അവരെ അഭിസംബോധന ചെയ്യേണ്ടതുമുണ്ട്. ഒരു കഥാകൃത്ത് സൃഷ്ടിച്ചെടുക്കുന്ന വാക്കുകള്‍ പോലെയല്ല ട്രാന്‍സ്ജന്‍ഡര്‍ എന്ന പദത്തിന് സമാനാര്‍ഥമുള്ള മലയാളപദ നിര്‍മാണം. അത് വേറെ ടാസ്‌ക് ആണ്. മലയാളത്തില്‍ പദങ്ങള്‍ നിര്‍മിക്കപ്പെട്ടതുപോലെ കാലക്രമേണ അത് വന്നുചേരും. ട്രാന്‍സ്ജന്‍ഡര്‍ എന്ന പദത്തിന് തുല്യമായ ഏത് പദമാണ്, എന്ത് അഭിസംബോധനയാണ് വേണ്ടതെന്ന് ആദ്യം ചോദിക്കേണ്ടതും ഉചിതമായ തീരുമാനമെടുക്കേണ്ടതും ട്രാന്‍സ്ജന്‍ഡര്‍ സമൂഹമാണ്. മറ്റൊരു കൂട്ടര്‍ അടിച്ചേല്‍പ്പിക്കുന്ന പദങ്ങളും പദവികളും അവര്‍ ചുമന്നുനടക്കേണ്ടതില്ല. ട്രാന്‍സ്ജന്‍ഡര്‍ കവയിത്രി വിജയരാജ മല്ലിക നിര്‍ദ്ദേശിച്ച 'സഹജര്‍' എന്ന പദം എല്ലാ അര്‍ഥത്തിലും സ്വീകാര്യമായതാണ്.

ബസ്സിനും കാറിനും പെന്‍സിലിനും ഒന്നും നമുക്ക് മലയാളം ഇല്ലല്ലോ. അഥവാ ഇതൊക്കെ തന്നെ മലയാളമായി മാറിയല്ലോ.വിളിക്കാന്‍ ഒരു പദമാണ് ആവശ്യമെങ്കില്‍ ബഹുമാനപ്പെട്ട എന്നോ പ്രിയപ്പെട്ട എന്നോ വിളിക്കാവുന്നതാണ്.പ്രിയപ്പെട്ട എന്നുവിളിക്കുന്നത് ആണ് എനിക്ക് കൂടുതല്‍ ഉചിതമായി തോന്നുന്നത്. എവിടെയെങ്കിലും പൂരിപ്പിക്കേണ്ട ആവശ്യം വരുമ്പോള്‍ ലിംഗാതീതം എന്ന് എഴുതി വയ്ക്കാം.
കുറച്ചുകഴിയുമ്പോള്‍ ചിലപ്പോള്‍ കൃത്യമായ ഒരു പദം ഭാഷയില്‍ സ്വയം ഉണ്ടായി വരും. അല്ലെങ്കില്‍ ഈ പദം തന്നെ മലയാളഭാഷയിലെ പദം ആയി മാറും. നമ്മള്‍ എന്തിനിങ്ങനെ തല്ലി പഴുപ്പിക്കാന്‍ നില്‍ക്കുന്നു?

തമിഴിലെ തിരുനങ്കയ്, തിരുനമ്പി എന്നീ പദങ്ങള്‍ മലയാളത്തിലേയ്ക്ക് സ്വീകരിയ്ക്കാമെന്നു തോന്നുന്നു.
എസ്‌തേര്‍ 'എന്ന നോവലില്‍ ട്രാന്‍സ് ജന്‍ഡര്‍ കഥാപാത്രങ്ങള്‍ ധാരാളം കടന്നു വരുന്നുണ്ട്. ഞാന്‍ മേല്പറഞ്ഞ തമിഴ് പദങ്ങള്‍ സ്വീകരിച്ചു. തിരുനങ്കയ് മലയാള രീതിയ്ക്ക് തിരുനങ്ക ആക്കിയാണ് സ്വീകരിച്ചത്. വിജയരാജമല്ലികയുമായി ഞാനിക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. നങ്കയ്, നമ്പി , എന്നീ ലിംഗ പദങ്ങള്‍ക്കു മുന്നില്‍ തിരു ശബ്ദം ചേര്‍ത്ത് ട്രാന്‍സ് ജന്‍ഡറിനെ സൂചിപ്പിക്കുന്നത് രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെപ്പോലും,' അമ്മാ' എന്ന് സംബോധന ചെയ്യുന്ന തമിഴ് ഭാഷയുടെ ആദരപൂര്‍വ്വമായ സമീപനം മൂലമാണ് എന്ന് ഞാന്‍ കരുതുന്നു.
സ്ത്രീയോ പുരുഷനോ അല്ലാതെ ജനിയ്ക്കുന്ന ശിശു 'തിരു' ജന്മമെന്ന് വിവക്ഷിക്കുവാനും ഭാഷയില്‍ ആദരവും ബഹുമാനവും മര്യാദയും വൈകാരികതയും പുലര്‍ത്തുന്ന തമിഴിന് കഴിഞ്ഞു.
ഒറ്റപ്പദം കൊണ്ട് അവരിലെ വ്യത്യസ്തതയെ എങ്ങനെ സൂചിപ്പിക്കും!
രൂപപരമായി പുരുഷനായിരിക്കുകയും അതേ സമയം സ്ത്രീയുടെ ജീവിതം ജീവിക്കാനുള്ള ജൈവ ചോദന പേറുകയും ചെയ്യുന്ന ഒരു വിഭാഗവും രൂപപരമായി സ്ത്രീയായിരിക്കുമ്പോഴും പുരുഷന്റെ ജൈവ ചോദനകളോടെ ജീവിക്കുന്ന മറ്റൊരു വിഭാഗവും ട്രാന്‍സ് ജന്‍ഡറുകള്‍ക്കിടയിലുള്ളതിനെ വ്യത്യസ്തമായിത്തന്നെ സൂചിപ്പിക്കാനും തിരുനങ്ക, തിരുനമ്പി എന്നീ പദങ്ങള്‍ക്ക് സാധിക്കും.
നമുക്ക് 'തിരുമേനി'മാര്‍ ഉണ്ട്.
തിരുനങ്കകളും തിരുനമ്പികളും അവരോടൊപ്പം തലയുയര്‍ത്തി നില്‍ക്കട്ടെ.
തമിഴും മലയാളവും സഹോദരീ ഭാഷകളായിരിക്കെ എവിടെ വെച്ചാണ്, എന്തിനു വേണ്ടിയാണ് നമ്മള്‍ തിരുനങ്കയെയും തിരുനമ്പിയെയും കൈയൊഴിഞ്ഞത്?ഇപ്പോള്‍ ഒരു ഇംഗ്ലീഷ്വാക്കിന് തത്തുല്യമായ മലയാള പദം തേടുന്ന ഗതികേടിലെത്തിയത്?

ട്രാന്‍സ്ജന്‍ഡര്‍ എന്ന പദത്തിന്റെ കൃത്യമായ മലയാളം കണ്ടെത്തുവാനുള്ള ശ്രമം സ്വാഗതാര്‍ഹമാണ്. മൂന്നാം ലിംഗം അല്ലെങ്കില്‍ ഭിന്നലിംഗം എന്നൊക്കെ സാധാരണഗതിയില്‍ നമ്മള്‍ ഉപയോഗിച്ചുപോരുന്ന ട്രാന്‍സ്ജന്‍ഡര്‍ എന്ന വിവക്ഷ ആ വിഭാഗത്തില്‍പെടുന്നവര്‍ക്കുപോലും സ്വീകാര്യമായ ഒന്നല്ല എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഇക്കാര്യം ഞാന്‍ ശ്യാമ എസ്. പ്രഭ, അക്കായി പത്മശാലി തുടങ്ങിയവരുമായിട്ട് സംസാരിച്ചിട്ടുണ്ട്. ഒന്നാംലിംഗം പുരുഷന്‍ ആണ്, രണ്ടാം ലിംഗം മാത്രമാണ് സ്ത്രീ എന്ന് തീരുമാനിക്കുന്ന ഒരു ആണധീശവ്യവസ്ഥിതി ആണ് ഒന്നും രണ്ടും കഴിഞ്ഞ് മൂന്നാം സ്ഥാനം കൊണ്ട്, ഒരു വെങ്കലമെഡല്‍ കൊണ്ട് തൃപ്തിപ്പെടുവാന്‍ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ നിര്‍ബന്ധിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. അത് ഒരര്‍ഥത്തില്‍ ശരിയുമാണ്. ആണാണ് ഒന്നാം ലിംഗം എന്ന് തീരുമാനിക്കപ്പെടുമ്പോള്‍, സ്ത്രീ രണ്ടാം സ്ഥാനക്കാരി മാത്രമാണ് എന്ന് ഉറപ്പിക്കുമ്പോള്‍ ട്രാന്‍സ്ജന്‍ഡേഴ്‌സ് മാത്രമല്ല, സ്ത്രീ കൂടിയാണ് അപമാനിക്കപ്പെടുന്നത്. വൈകാരികാംശങ്ങള്‍ കൂടുതലുള്ള സ്‌ത്രൈണ സ്വഭാവം എന്ന് നമ്മള്‍ കരുതുന്ന വാത്സല്യം, കാരുണ്യം എന്നിവ അധികം കാണിക്കുന്ന ആണുങ്ങളെ നമ്മള്‍ പെണ്ണിനെപ്പോലെ പെരുമാറുന്നവന്‍ എന്ന് പറഞ്ഞ് ഇകഴ്ത്താറുണ്ട്. എന്നാല്‍ നേതൃപാടവവും മര്‍ക്കടമുഷ്ഠിയും പോലുള്ള 'പുരുഷലക്ഷണങ്ങള്‍' കാണിക്കുന്ന സ്ത്രീകള്‍ക്ക് കഴിവുള്ള സ്ത്രീ, നേതൃത്വഗുണമുള്ള സ്ത്രീ തുടങ്ങിയ വിശേഷണങ്ങളാണ് പൊതുസമൂഹം കൊടുക്കാറ്. അതിനര്‍ഥം പുരുഷനില്‍ കാണുന്ന സ്ത്രീത്വം അപഹസിക്കപ്പെടേണ്ടതാണെന്നും സ്ത്രീയില്‍ കാണുന്ന പുരുഷത്വം ബഹുമാനിക്കപ്പെടേണ്ടതുമാണ് എന്നുള്ള പൊതുബോധത്തില്‍ ഇതും ഉള്‍പ്പെടുന്നു എന്നുള്ളതാണ്.
അതവിടെ നില്‍ക്കട്ടെ. മൂന്നാം ലിംഗം; തേഡ് ജെന്‍ഡര്‍ എന്ന് നമ്മള്‍ പറയുന്ന, പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വിഭാഗത്തിന് ഒരു പുതിയ പദം കണ്ടെത്തേണ്ടുന്ന ആവശ്യത്തിലേക്ക് വരാം. വാസ്തവത്തില്‍ വാക്കുകള്‍ ഭാഷാവിദഗ്ധരോ പണ്ഡിതരോ ചേര്‍ന്ന് സൃഷ്ടിച്ചെടുക്കുന്ന ഒന്നല്ല എന്നതാണ് സത്യം. മലയാളത്തിലാകട്ടെ, ഇംഗ്‌ളീഷിലാവട്ടെ, ലോകത്തില്‍ ഉള്ള മുഴുവന്‍ പദങ്ങളൊന്നും തന്നെ പണ്ഡിതരോ ഭാഷാവിദഗ്ധരോ കൂടിയാലോചിച്ച് സൃഷ്ടിച്ചവയല്ല. പകരം പാമരന്മാരായ, പ്രാകൃതരെന്ന് നമുക്ക് തോന്നുന്ന പഴയകാല മനുഷ്യര്‍ അവരുടെ മനസ്സില്‍ ഉത്ഭവിച്ച വികാരങ്ങള്‍ക്കും അനുഭൂതികള്‍ക്കും ആ സമയത്ത് സൃഷ്ടിക്കപ്പെട്ട വാക്കുകൊണ്ട് ഒരു ദേഹം, ഒരു രൂപം സൃഷ്ടിച്ചതാണ് എല്ലാ ഭാഷകളിലെയും എല്ലാ വാക്കുകളും. കരിമ്പ് എന്ന വാക്ക് എങ്ങനെയാവും ഉത്ഭവിച്ചിരിക്കുക എന്നതിനെപ്പറ്റി ഞാനെന്റെ നോവലായ 'സമുദ്രശില'യില്‍ വിശദമായിട്ട് പറയുന്നുണ്ട്. ഇവിടെ നമ്മുടെ ഭാഷയില്‍ നാം അറിയാതെ പ്രയോഗിക്കപ്പെടുന്ന ഒരുപാട് വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും തന്നെ ഈ ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്ന, ഇകഴ്ത്തുന്ന പൊതുസ്വഭാവങ്ങളുണ്ട് എന്ന് എളുപ്പത്തില്‍ കാണാവുന്നതാണ്. അതിലൊന്നാമത്തെ പ്രയോഗം തീര്‍ച്ചയായിട്ടും നാം ഒരുപാട് കാലമായി കേട്ടുപോരുന്ന 'ആണും പെണ്ണും കെട്ട' എന്ന പ്രയോഗമാണ്. ആണും പെണ്ണും കെട്ടതല്ല. തിരികെട്ടതുപോലെയോ, ദീപനാളം കെടുന്നതുപോലെയോ ഉള്ള ഒരു കെടല്‍ അല്ല, ആണും പെണ്ണും ആളുന്ന,ആണും പെണ്ണും ഉണ്മയായി കത്തുന്ന, ഒരുപക്ഷേ ദൈവത്തില്‍ എന്നതുപോലെ ആണും പെണ്ണും ആളുന്ന ഒരു വ്യക്തിസത്തയാണ് ട്രാന്‍സ്ജന്‍ഡറുകളുടേത് എന്ന് കരുതാനാണ് എനിക്കിഷ്ടം. എങ്കിലും പുരുഷനില്‍ നിന്ന് സ്ത്രീയായി മാറിയ വ്യക്തികളെ 'ട്രാന്‍സ് വുമണ്‍' എന്നും സ്ത്രീയില്‍ നിന്ന് പുരുഷനായി മാറിയ ആളുകളെ 'ട്രാന്‍സ്മാന്‍' എന്നുമാണ് അവര്‍ വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്. അതിന് നമുക്ക് ശ്രീമാന്‍, ശ്രീമതി എന്നീ അഭിസംബോധനകള്‍ക്ക് പകരം വെക്കാവുന്ന, കൂടുതല്‍ ചാരുതയാര്‍ന്ന വാക്കുകളെപ്പറ്റി അന്വേഷിക്കാവുന്നതാണ്. എനിക്ക് തോന്നുന്നത് ഈ അനുഭൂതിയും ഈ സവിശേഷമാനസികാവസ്ഥയും മനസ്സിലാക്കുന്ന ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന ആരെങ്കിലും തന്നെയാവണം മലയാളത്തില്‍ അതിന് ബദല്‍ പദങ്ങള്‍ നിര്‍ദ്ദേശിക്കേത് എന്നാണ്. കാരണം നമ്മുടെ ഭാഷയുടെ ഒരു പ്രത്യേകത അത് കാലാന്തരത്തില്‍ കലാകാരന്മാരെപ്പോലും അപഹസിക്കുന്ന വാക്കുകള്‍ നിര്‍മിച്ചിട്ടുണ്ട് എന്നതാണ്.
'കൂത്തച്ചി' എന്ന ശകാരവാക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുമായിരിക്കും. കൂത്ത് സ്ത്രീ- കൂത്തിന് വേഷം കെട്ടിയാടുന്ന കലാകാരിയെ പഴയകാലത്ത് സമൂഹം പതിതയായി കണക്കാക്കുന്ന ഒരു താഴ്ന്ന മാനസികാവസ്ഥയില്‍ നിന്നാണ് പിന്നീട് കൂത്ത് സ്ത്രീ 'കൂത്തച്ചി' എന്ന വാക്കായി മാറിയത്, അത് പിന്നീട് ഭാഷയിലെ ശകാര പദമായി മാറി.
അതുപോലെ നമ്മുടെ ചില പ്രദേശങ്ങളില്‍ മോശം വാക്കായി ഉപയോഗിക്കുന്ന ഒന്നാണ് 'അറുവാണിച്ചി' എന്നത്. വാസ്തവത്തില്‍ അര്‍ജുനന്റെ പര്യായശബ്ദമായി തമിഴര്‍ ഉപയോഗിക്കുന്ന അറുബാണന്‍- അറുബാണന്‍ എന്നാല്‍ ഘോരമായ അസ്ത്രങ്ങള്‍ തൊടുത്തുവിടാന്‍ കെല്പുള്ള അര്‍ജുനന്‍ എന്നാണ്. അറുബാണന്‍ ആയ അര്‍ജുനന്‍, ബൃഹന്നളയായി വേഷം കെട്ടിയ പെണ്ണായിരുന്ന കാലത്തെ ഓര്‍മിപ്പിക്കുന്ന ആ കഥയെ പിന്‍പറ്റി തങ്ങള്‍ 'അറുബാണര്‍' ആണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തില്‍ നിന്നാണ് അതിന്റെ സ്തീപദമായിട്ടുള്ള 'അറുബാണത്തി' അഥവാ 'അറുബാണച്ചി' എന്ന പദമുണ്ടാകുന്നത്. അറുവാണിച്ചിയെന്നാല്‍ പെണ്ണായി മാറിയ അര്‍ജുനന്‍ എന്നാണ് അര്‍ഥം. ബൃഹന്നളയായി മാറിയ അര്‍ജുനനെ വിളിക്കുന്ന അറുബാണത്തി-അറുബാണിച്ചി എന്ന പദമാണ് 'അറുവാണിച്ചി' എന്ന തെറിവാക്കായി മാറിയത്. നേരത്തെ സൂചിപ്പിച്ചതുപോലെ 'ആണും പെണ്ണും കെട്ട' എന്ന പദത്തേക്കാളും മോശം വാക്കായി മാറിയത് നമ്മുടെ ഭാഷ പ്രയോഗിക്കുന്ന അര്‍ഥ വിപര്യയങ്ങള്‍ക്ക് ഒരു ഉദാഹരണമാണ്. ഈ നിലയ്ക്ക് കുറേക്കൂടി അര്‍ഥവത്തായ ഭാഷാപ്രയോഗങ്ങളില്‍ ഏര്‍പ്പെടാന്‍ സമൂഹത്തെയും സംസ്‌കാരത്തെും നിര്‍ബന്ധിക്കേണ്ടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ട്. തീര്‍ച്ചയായിട്ടും നമ്മുടെ സഹോദരങ്ങളായ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ ബഹുമാനിക്കുന്ന ഒരു സംസ്‌കാരം രൂപപ്പെടുത്തേണ്ടതും അതിന് ആമുഖമായിട്ട് അവരെ പ്രതിനിധാനം ചെയ്യുന്ന വാക്കുകള്‍ ഉണ്ടാവേണ്ടത് മലയാളത്തിന് ആവശ്യമാണ്.

വാക്കുകളുടെ ലിംഗസൂചകത്വം ഭാഷയിലെ ഒരു സങ്കീര്‍ണ്ണതയാണ്. ഇയ്യിടെ ടി.എസ്.എലിയറ്റിന്റെ, 'ജെ.ആല്‍ഫ്രഡ് പ്രൂഫ്രോക്കിന്റെ പ്രേമഗാനം' എന്ന കവിതയിലെ 'Like a patient etherised upon a table' എന്നതിലെ'patient' എങ്ങനെ പരിഭാഷപ്പെടും എന്ന പരുങ്ങല്‍ അനുഭവിച്ച ഒരു സാഹചര്യം ഉണ്ടായി. എലിയറ്റിന്റെ 'പേഷ്യന്റ്', രോഗിയോ രോഗിണിയോ? രണ്ടുമുണര്‍ത്തുന്ന പ്രതികരണങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. കവിതയെ സംബന്ധിച്ച് അത് പ്രധാനവുമാണ്. ട്രാന്‍സ്ജന്ററിന് മലയാളമുണ്ടോ, ഉണ്ടെങ്കില്‍ ഏതു പദം എന്ന ചോദ്യവും ഇതുപോലെ പ്രധാനമാണ്. ലിംഗപദവിയെ അപ്രസക്തവും അസാധുവുമാക്കുന്ന സ്വത്വ സങ്കീര്‍ണ്ണത എന്ന നിലയില്‍' അലിംഗി' എന്ന വാക്ക് ഉചിതമാകുമോ? നിയതമായ ലിംഗപദവി അനിവാര്യമോ അഭിമാനകര/ അപമാനകരമോ അല്ലാതാവുന്ന ഒരു തുറസ്സില്‍ ഈ വാക്കിന് നിര്‍ബ്ബാധമായി പുലരാനാവും എന്നാണ് എന്റെ വിശ്വാസം,' ബഹുമാനപ്പെട്ട' എന്ന സംബോധന സാര്‍വ്വത്രികമാക്കിക്കൊണ്ട് ശ്രീ, ശ്രീമതി എന്നിവ കയ്യൊഴിയുന്നത് നന്നായിരിക്കും എന്നും.

മലയാളഭാഷ- പൈതൃകത്തിലും പാരമ്പര്യത്തിലും നമ്മള്‍ വളരെ അഭിമാനം കൊള്ളുന്നവരാണ്. അങ്ങനെ അഭിമാനം കൊള്ളുമ്പോഴും സ്വന്തമായ മലയാളവാക്കുകളില്ലാത്ത അനേക പദങ്ങളെ പലഭാഷകളില്‍ നിന്ന് നമ്മള്‍ സ്വീകരിക്കാറുണ്ട്.എന്തുകൊണ്ടാണ് അതിനൊക്കെ ശരിയായ മലയാള പദങ്ങള്‍ കണ്ടെത്താത്തത് എന്ന് ചോദിച്ചാല്‍ അത് കണ്ടെത്തേണ്ടുന്ന ആവശ്യമില്ല എന്നതായിരിക്കാം. കണ്ടെത്തിയ പദങ്ങളേക്കാള്‍ കുറച്ചുകൂടി നല്ലത് മൂലഭാഷ അതേപോലെ പ്രയോഗിക്കുകയാണ് എന്നുള്ള ഒരു ബോധവുമാണ്. ഉദാഹരണമായി സ്വിച്ച് എന്ന പദത്തിന് പണ്ടുണ്ടാക്കിയ തര്‍ജമ വളരെ മോശമായിരുന്നു. എന്നാല്‍ അതേസമയം സ്വിച്ച് എന്നുതന്നെ പറയുമ്പോള്‍ അതെല്ലാവര്‍ക്കും പരിചിതവും സ്വീകാര്യവുമായ വാക്കായിമാറുകയാണ് ചെയ്തത്. മറ്റൊന്ന് ആശയസംവേദനമാണ് ഒരു ഭാഷയിലൂടെ നടക്കുന്നത്. ഒരു ഭാഷയിലെ പദങ്ങള്‍ അതേപോലെ പ്രയോഗിക്കുമ്പോള്‍ ആശയസംവേദനം കാര്യക്ഷമമാകുന്നുവെങ്കില്‍ അത് സോദ്ദേശ്യമാണ്.
ഇംഗ്‌ളീഷില്‍ നിന്നായാലും സംസ്‌കൃതത്തില്‍ നിന്നായാലും മലയാളത്തിലേക്ക് അതേപൊലെ സ്വീകരിക്കപ്പെട്ട പദങ്ങള്‍ ധാരാളമുണ്ട്, മലയാളീകരിച്ച് ഉപയോഗിച്ചവയുമുണ്ട്. ട്രാന്‍സ് ജന്‍ഡര്‍ എന്ന പദം വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ്. ട്രാന്‍സ്ജന്‍ഡര്‍ എന്ന ഇംഗ്‌ളീഷ് പദത്തിനെ അതിന്റെ പദാനുപദ തര്‍ജമയായി ഉപയോഗിക്കുമ്പോള്‍ ഒരു തരത്തിലും യോജിക്കാത്തതുപോലെയാണ് തോന്നിയിട്ടുള്ളത്. ആശയം പങ്കുവെക്കപ്പെടുന്നില്ലേ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നുതന്നെ പറയാം. അപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന പദം അങ്ങനെ തന്നെ ഉപയോഗിക്കുകയല്ലേ നല്ലത്. ലളിതവും ആശയസംവേദനക്ഷമതയുമുള്ള വാക്കുകള്‍ ട്രാന്‍സ്ജന്‍ഡറിനു പകരമായി മലയാളത്തില്‍ വന്നാല്‍ അത് വലിയൊരു നേട്ടം കൂടിയാണ്. അത്തരത്തില്‍ ഒരുപാട് പദങ്ങള്‍ക്ക് മലയാളം വാക്കുകള്‍ വന്നുചേരേണ്ടതുണ്ട്. അതിലേക്കുംകൂടിയുള്ള ചവിട്ടുപടിയായി ഇതിനെ കാണാമല്ലോ.
വിജയരാജമല്ലിക മുന്നോട്ടു വച്ച 'സഹജര്‍' എന്ന പദം കേള്‍ക്കുമ്പോള്‍ ആ പദത്തിനോട് വല്ലാത്ത ഒരു അടുപ്പം തോന്നുന്നു. ഇത്രയും കാലത്തെ മാറ്റിനിര്‍ത്തപ്പെട്ട ഒരു അവസ്ഥയില്‍ നിന്ന് അവരെ ഉയര്‍ത്തിപ്പിടിക്കുന്ന, തോളോട് ചേര്‍ത്തുനിര്‍ത്തുന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തിച്ചേരുന്നതുപോലെ. അതുകൊണ്ടു തന്നെ 'സഹജര്‍'എന്ന പദമാണ് സ്വീകാര്യമായിരിക്കുന്നത്. ശ്രീമന്‍, ശ്രീമതി പ്രയോഗങ്ങളൊക്കെ ഇനിയും ചുമന്നുനടക്കേണ്ടതുണ്ടോ?
Content Highlights: Responses from eminent persons from literature regarding Malayalam Word for Transgender
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..