സത്യം കുടിയിരിക്കുന്നത് മരണാസന്നനായ ഒരു മനുഷ്യന്റെ ചുണ്ടുകളിലാണ്.
ഒരു കാലത്തെ സ്വതന്ത്രചിന്ത എന്നത് അടുത്തകാലത്തേക്കുള്ള സാമാന്യയുക്തിയാണ്.
പൂർണതയോടുള്ള പ്രണയത്തെയാണ് സംസ്കാരം എന്നുപറയുന്നത് പൂർണതയ്ക്കുവേണ്ടിയുള്ള ഒരു പഠനം കൂടിയാണത്.
നിങ്ങൾ സ്വപ്നം കാണുന്നില്ല എന്നതുകൊണ്ടുതന്നെ നിരാശപ്പെടേണ്ട കാര്യവുമില്ല.
കാവ്യമെന്നത് അതിമനോഹരമായ, അത്യാകർഷകമായ, അനുചിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കലാണ്.
വിശ്വവിഖ്യാതനായ കവിയും സാമൂഹ്യചിന്തകനും നിരൂപകനുമായിരുന്ന മാത്യു ആർനോൾഡിന്റെ ഓർമ ദിവസമാണ് ഏപ്രിൽ പതിനഞ്ച്. വിക്ടോറിയൻ ഇംഗ്ളണ്ടിന്റെ ത്വാത്വികനായ കവി ഒരു സ്കൂൾ ഇൻസ്പെക്ടറായിരുന്നു. തന്റെ കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും കവിതയെന്തെന്ന് പറഞ്ഞു പഠിപ്പിക്കാനുള്ള അതിയായ ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. 1822-ൽ ഇംഗ്ളണ്ടിൽ ജനിച്ച മാത്യു ആർനോൾഡ് വിക്ടോറിയൻ കാലഘട്ടത്തിലെ അതുല്യനായ കവിയായിട്ടാണ് വിശ്വസാഹിത്യത്തിൽ അറിയപ്പെടുന്നത്. ഡോവർ ബീച്ച്, ദ സ്കോളർ ജിപ്സ്. തൈർസിസ്, കൾച്ചർ ആൻഡ് അനാർക്കി, ലിറ്ററേച്ചർ ആൻഡ് ഡോഗ്മ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ലോകോത്തരകൃതികളായി പരിഗണിക്കപ്പെടുന്നത്.
ഓക്സ്‌ഫഡിലെ കവിതാവിഭാഗം പ്രൊഫസറായി നിയമിക്കപ്പെട്ട മാത്യു ആർനോൾഡ് ഇംഗ്ളീഷിൽ ക്ളാസുകളെടുക്കാൻ അനുവദിക്കപ്പെട്ട ആദ്യത്തെ അധ്യാപകൻ കൂടിയാണ്. അതുവരെ ലാറ്റിൻ ഭാഷയാണ് യൂണിവേഴ്സിറ്റികളിൽ മേൽക്കോയ്മ നേടിയിരുന്നത്.
തികച്ചും പക്വതയാർന്ന പെരുമാറ്റവും ലോകത്തോടും ജീവിതത്തോടും വച്ചുപുലർത്തിയിരുന്ന സമചിത്തതയും അദ്ദേഹത്തെ സാഹിത്യലോകത്തിന്റെ ആദരണീയനായ കവിയാക്കി പ്രതിഷ്ഠിച്ചു. വിക്ടോറിയൻ കവിശ്രേഷ്ഠരായ ആൽഫ്രഡ് ടെന്നിസൺ, റോബർട്ട് ബ്രൗണിങ് എന്നിവരുടെ സമസ്ഥാനീയനായിട്ടാണ് മാത്യു ആർനോൾഡിനെ സാഹിത്യലോകം കാണുന്നത്. 1888ൽ അമേരിക്കയിൽ താമസമാക്കിയ തന്റെ മകളുടെയടുത്തേക്കു പോകാൻ ഒരു ട്രെയിൻ കിട്ടാൻ ധൃതിയിലോടുന്നതിനിടെ ഹൃദയാഘാതം വന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. മരണാസന്നനായ മനുഷ്യന്റെ ചുണ്ടുകളിൽ മാത്രമേ സത്യംകുടിയിരിക്കുകയുള്ളൂ എന്നുപറഞ്ഞ വിഖ്യാതകവി അവശേഷിപ്പിച്ച സത്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ.
Content Highlights: Remembering Victorian Poet MathewArnold
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..