'വസന്തമേ വരല്ലേ...നിന്നോടൊത്താഹ്‌ളാദിക്കാന്‍ ഞങ്ങളുടെ പട്ടിണി അനുവദിക്കില്ല...'


ഷബിത

''ആര്‍ത്തുല്ലസിക്കുന്ന പൂക്കളോടും പുഴകളോടുമൊപ്പം രസിച്ചുല്ലസിച്ചുകഴിയാന്‍ പറ്റുന്ന മാനസികാവസ്ഥ എന്റെ തുര്‍ക്കിക്കില്ല, അത്‌കൊണ്ട് വസന്തമേ വരല്ലേ...''

-

തുര്‍ക്കിയിലെ ഓട്ടോമന്‍ ഭരണത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുപോയ പത്രപ്രവര്‍ത്തകനും രാഷ്ട്രീയത്തടവുകാരനുമായ മെഹ്മദ് സലിം ബേ യുടെ പെണ്‍കുട്ടികള്‍ തുര്‍ക്കി സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ ചെറുതല്ല. ഹാലിദ് നുസ്രത് സൊര്‍ലതൂനയും സഹോദരി ഇസ്മത് ഖുറും പ്രഥമപരിഗണനനല്കിയത് തുര്‍ക്കിയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായിരുന്നു. ഈ രണ്ടു സഹോദരിമാരില്‍ എഴുത്തുകാരികളുടെ മാതാവായി ലോകം വാഴ്ത്തിയതാവട്ടെ നോവലിസ്റ്റും കവയിത്രിയുമായ ഹാലിദ് നുസ്രത്തിനെയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശാബ്ദത്തിന്റെ പ്രധാന സംഭവങ്ങളിലൊന്ന് തുര്‍ക്കിയിലെ പെണ്ണെഴുത്തുകളുടെ ഉദയമായിരുന്നു. ഫാറൂഖ് നഫിസ് കാമ്‌ലിബേല്‍, നെസിഫ് ഫസില്‍ കിസ്‌കുര്‍ഖ്, അഹ്മദ് ഹമ്ദി താന്‍പിനാര്‍ തുടങ്ങിയ പ്രശസ്ത കവികളുടെ ഇടയിലേക്ക് പെണ്ണെഴുത്തുകാര്‍ തുര്‍ക്കിയിലെ സ്ത്രീകളുടെ വ്യക്തിത്വത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട് കഥയും കവിതകളും നോവലുകളുമായി കയറിവന്നു. തങ്ങളുടെ പിന്‍തലമുറക്കാരെ പ്രബുദ്ധരാക്കാന്‍ വേണ്ടി വിദ്യാഭ്യാസത്തെയാണ് അവര്‍ പ്രധാനമാധ്യമമായി ഉപയോഗിച്ചത്. മിക്കവരും അധ്യാപനമാണ് ഉദ്യോഗമായി സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.

1901-ല്‍ ഇസ്താംബൂളിലാണ് നുസ്രത് ജനിച്ചത്. പത്രപ്രവര്‍ത്തകനായ പിതാവിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് തുര്‍ക്കി ഭരണകൂടം നാടുകടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പെണ്‍കുട്ടികള്‍ക്ക് നഷ്ടമായത് പുരോഗമനാശയങ്ങളുടെ കലവറയായ തങ്ങളുടെ പിതാവിന്റെ ചിന്തകളെയും സംഭാഷണങ്ങളെയും പ്രോത്സാഹനങ്ങളെയുമായിരുന്നു. കിര്‍ക്കുര്‍ക്കിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ നുസ്രത്ത് 'നോവല്‍ ഓഫ് ഏന്‍ ഇറ' എന്ന തന്റെ ആത്മകഥാപരമായനോവലില്‍ കിര്‍ക്കുര്‍ക്ക് കാലങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

അറബി, പേര്‍ഷ്യന്‍ എന്നീ ഭാഷകള്‍ വശത്താക്കിയ നുസ്രത്ത് തന്റെ ജന്മദേശമായ ഇസ്താംബൂളിലേക്ക് സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോളാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ വരവ്. അക്കാലയളവിലാണ് കാല്പനിക കവിതകള്‍ എഴുതിക്കൊണ്ട് തുര്‍ക്കി സാഹിത്യത്തിലേക്ക് നുസ്രത്ത് കാലെടുത്തുവക്കുന്നത്.

പെണ്ണുങ്ങളുടെ സാഹിത്യമെഴുത്തിനെ കളിയാക്കിക്കൊണ്ട് പ്രശസ്ത തുര്‍ക്കി കവിയായ ഫാറൂഖ് നഫിസ് ഒരു പരിഹാസകവിതയെഴുതിയപ്പോള്‍ നുസ്രത്തും രണ്ടുകൂട്ടുകാരികളും ചേര്‍ന്ന് അതിനൊരു മറുപടിക്കവിതയെഴുതി. അതൊരു സര്‍ഗാത്മക വഴക്കിന്റെ തുടക്കം കുറിക്കലായിരുന്നു. അതോടെ നുസ്രത്ത് പ്രശസ്തയായി. മുതിര്‍ന്നപ്പോഴും ആ വഴക്ക് നിശബ്ദം തുടര്‍ന്നു. നുസ്രത്ത് ഒരിക്കല്‍ പറഞ്ഞു: ''ഓര്‍ഹാന്‍ സെയ്ഫി, നസിം ഹിക്കാമത്ത് പോലുള്ള നിരവധി സമകാലീനരായ കവികളുമായി എനിക്ക് ഗാഢബന്ധമുണ്ട്, പക്ഷേ ഞാനും ഫറൂഖ് നഫിസും തമ്മില്‍ ഒരു തണുത്ത വികാരമാണ് പരസ്പരം കൈമാറിയിട്ടുള്ളത്.''

തുര്‍ക്കിയിലെ ഫെമിനിസ്റ്റു പ്രസ്ഥാനങ്ങളുടെ അമരക്കാരിയായിരുന്നോ നുസ്രത്ത് എന്ന അന്വേഷണത്തിന് അല്ല എന്ന ഒറ്റവാക്കിലുള്ള മറുപടി ധാരാളമാണ്. എഴുത്തുകാരി എന്ന നിലയില്‍ തന്റെ വ്യക്തിത്വവും പ്രതിഭാത്വവും തുര്‍ക്കി സാഹിത്യത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനായി നുസ്രത്ത് നിരന്തരം പോരാടിയിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. സ്വാഭിമാനത്തിന് അതിതീവ്രമായ വിലകല്പിച്ചിരുന്നു അവര്‍. നുസ്രത്തിന്റെ എഴുത്തുകളില്‍ ഫെമിനിസത്തിന്റെ ഒന്നാം തരംഗമോ രണ്ടാം തരംഗമോ മൂന്നാം തരംഗമോ കണ്ടുപിടിക്കുക സാധ്യവുമല്ല. ദേശീയോത്ഗ്രഥനം തന്റെ എഴുത്തുകളിലെ പ്രധാന പ്രമേയമായി അവതരിപ്പിക്കാനാണ് നുസ്രത്ത് ശ്രമിച്ചത്. കവിതകളിലെ റൊമാന്‍സ് തന്റെ കാലഘട്ടത്തിലെ ക്‌ളീഷേ പ്രമേയമായി എഴുത്തുകാരിയ്ക്ക് തോന്നിത്തുടങ്ങിയിരുന്നു.

ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞ ഉടനെ ഗീത് ബാഹര്‍ എന്ന കവിതയിലൂടെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികള്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ കവയിത്രിയ്ക്ക് പ്രായം പതിനെട്ട്. വസന്തകാലത്തിനോട് തങ്ങളുടെ അടുക്കലേക്ക് വരല്ലേ, ഇവിടെ ദാരിദ്ര്യവും പട്ടിണിയുമാണ്. ''ആര്‍ത്തുല്ലസിക്കുന്ന പൂക്കളോടും പുഴകളോടുമൊപ്പം രസിച്ചുല്ലസിച്ചുകഴിയാന്‍ പറ്റുന്ന മാനസികാവസ്ഥ എന്റെ തുര്‍ക്കിയ്ക്ക് ഇല്ല, അത്‌കൊണ്ട് വസന്തമേ വരല്ലേ...'' എന്നു പാടിയ കവയിത്രി പക്ഷേ കരയുകയായിരുന്നു. തന്റെ രാജ്യത്തിന്റെ രാഷ്ട്രീയനിലപാടുകളില്‍ ഇടപെടാതെ, വിമര്‍ശിക്കാതെ തുര്‍ക്കിയിലെ ജനങ്ങളുടെ അവസ്ഥയെന്താണെന്ന അക്ഷരങ്ങളെക്കൊണ്ടു പറയിച്ച നുസ്രത്ത് പിന്നെ സാംസ്‌കാരിക തുര്‍ക്കിയുടെ അവിഭാജ്യഘടകമായിത്തീരുകയായിരുന്നു. സ്വന്തം രാഷ്ട്രത്തിന്റെ നിലപാടുകളില്‍ എന്നും വേദനിച്ച, വിമര്‍ശിച്ച പിതാവിന്റെ പുത്രിയ്ക്ക് തന്റെ രാജ്യത്തെക്കുറിച്ചല്ലാതെ മറ്റെന്തിനെക്കുറിച്ച് പറയും!

സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ഉപേക്ഷിച്ച് ഒരു ഹൈസ്‌കൂളില്‍ ചരിത്രാധ്യാപികയായി ജോലിചെയ്യാന്‍ തുടങ്ങിയ നുസ്രത്ത് ,സാഹിത്യത്തോടുള്ള ഭ്രമം കാരണം സ്വയം പഠിക്കാന്‍ തുടങ്ങി. തന്റെ വിദ്യാര്‍ഥികളെ ദേശീയത എന്തെന്ന് പഠിപ്പിക്കുക വഴി ശരിയായ പാതയിലാണ് താനെന്ന ബോധ്യവും നുസ്രത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അധ്യാപനത്തെ ജീവിതാവസാനം വരെ നുസ്രത്ത് കൂടെക്കൂട്ടി.

നിരാലംബരായ സ്ത്രീകള്‍ക്ക് സംരക്ഷണമൊരുക്കുന്ന ഒരു സന്നദ്ധസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച നുസ്രത്ത് അവിടെയും ആദ്യം ചെയ്തത് വിദ്യാഭ്യാസം സഹജീവികള്‍ക്കുകൂടി പകര്‍ന്നുകൊടുക്കുക എന്നതായിരുന്നു. 1975 -ല്‍ ഐക്യരാഷ്ട്രസംഘടന സാമൂഹ്യസേവനം നടത്തുന്ന വനിതകളെ ആദരിച്ചപ്പോള്‍ ലോകം അവരെ 'പെണ്ണെഴുത്തുകാരുടെ മാതാവ്' എന്നു വിളിച്ചു. 1984 -ജൂണ്‍ പത്തിന് ലോകത്തോട് വിടപറയുമ്പോള്‍ തന്റെ മകള്‍ മിന്‍ ഇസിന്‍സു തുര്‍ക്കിയിലെ പ്രമുഖഎഴുത്തുകാരിയായി മാറിയതിന്റെ സംതൃപ്തിയുണ്ടായിരുന്നു നുസ്രത്തില്‍.

ontent Highlights; Remembering Turkish Writer Halide Nusret Zorlutuna on her Death Anniversary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented