-
രഘു, വാസു, കിട്ടു ഈ മൂന്നു സഹോദരന്മാര്‍ക്കും ശിക്കാര്‍ നായാട്ടു മുതലായ വിനോദങ്ങളില്‍ ഉള്ള വാസനയും സാമര്‍ത്ഥ്യവും പാരമ്പര്യമാണ്. അവരുടെ മച്ചുനനും സ്യാലനും ആയ സുകുമാരനും ഈ വാസനാ സാമര്‍ത്ഥ്യങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഈ നാലുപേരും കൂടി ഒരു ഞായറാഴ്ച നായാട്ടിനു പോകാന്‍ ഏര്‍പ്പാടു ചെയ്തു. ശനിയാഴ്ച വൈകുന്നേരം അവര്‍ സംഗതിവശാല്‍ എന്നെ കണ്ടുമുട്ടി. എന്നെയും നായാട്ടിനു ക്ഷണിച്ചു. നായാട്ടിനെപ്പറ്റി പറഞ്ഞുകേട്ടതല്ലാതെ, അതെങ്ങനെയാണെന്ന് എന്റെ ജീവിതകാലത്ത് ഞാന്‍ കണ്ടിരുന്നില്ല. അതൊന്ന് അനുഭവിച്ചറിയണമെന്ന് എന്റെ മനസ്സില്‍ ഏറ്റവും ഗൂഢമായ ഒരു കോണില്‍ ചെറിയ ഒരാഗ്രഹം കുടികൊണ്ടിരുന്നു എന്നുള്ളത് നേരാണ്. പക്ഷേ, നരി, പന്നി മുതലായ മൃഗങ്ങളെ നായാടുമ്പോള്‍ ഉണ്ടാകാറുള്ള അപകടങ്ങളെപ്പറ്റി ഞാന്‍ പലതു പറഞ്ഞു കേട്ടതിനാലും പറങ്ങോടന്‍ നായരുടെ തല ആ വക അപകടങ്ങളുടെ സ്വഭാവത്തെ വിളംബരപ്പെടുത്തുന്ന ഒരു മാതൃകയായി എന്റെ മനസ്സില്‍ പതിഞ്ഞുകിടക്കുന്നതിനാലും, മേല്‍പ്പറഞ്ഞ ആഗ്രഹത്തെ അതു കിടന്നിരുന്ന കോണില്‍ നിന്ന് അനക്കാതിരിക്കയാണ് മേലാലുള്ള സുഖജീവിതത്തിന് അനുകൂലമായ പ്രവര്‍ത്തിയെന്ന് ഞാന്‍ വിശ്വസിച്ചു കഴിയുകയായിരുന്നു. ഒരിക്കല്‍ ഒരു നരി കടിച്ചും മാന്തിയും ഉണ്ടായിരുന്ന മുറിവുകള്‍ പറ്റിയിരുന്ന പറങ്ങോടന്‍ നായരുടെ തല അശ്വനിദേവകള്‍ ഉണ്ടാക്കിയ കേശപോഷണ തൈലം തന്നെ ധാര ചെയ്താലും ഒരു രോമം പോലും പുതുതായി മുളയ്ക്കാന്‍ നിവൃത്തിയില്ല. ആ വിധം, കലകള്‍ നിറഞ്ഞ്, പര്‍വ്വതങ്ങളെയും താഴ് വരകളെയും ഉയര്‍ത്തിയും താഴ്ത്തിയും കാണിക്കുന്ന ഭൂഗോളപടം പോലെ സ്ഥിതി ചെയ്യുന്നത് ഒരിക്കലെങ്കിലും കാണുവാന്‍ സംഗതി വന്നവരാരും നരിനായാട്ടില്‍ ഭ്രമിക്കുവാനിടയില്ല. അതുകൊണ്ട് നായാട്ടിന്റെ അനുഭവം ഉണ്ടാകുവാന്‍ വേണ്ടി പക്ഷേ, ഒരു ജന്മം കൂടി ജനിക്കേണ്ടി വന്നാലും, മൂക്കു കടിക്കുന്ന വല്ല കരടിയുടെയും വായില്‍ ചെന്നു ചാടുന്നത് അത്ര വളരെ സുഖകരമായി തോന്നുകയില്ലെന്ന് വിശ്വസിച്ച് ഞാന്‍ കള്ളി ആരോടും പറയാതെ അടങ്ങിയിരിക്കുകയായിരുന്നു.
ഒരു നരിയെ കൊന്ന വെടി എന്ന കഥ തുടങ്ങുന്നതിങ്ങനെയാണ്. മൂര്‍ക്കോത്തു കുമാരന്‍ എന്ന ചെറുകഥാകൃത്ത് കേരള നവോത്ഥാനകാലത്ത് എഴുതിയ കഥ. പലതരം അര്‍ഥവ്യാഖ്യാനങ്ങളാല്‍ നരി, ബ്രിട്ടീഷ് സാമ്രാജ്യത്വവും ജാതിയിലെ ഉച്ചനീചത്തങ്ങളും മറ്റ് വിവേചനങ്ങളുമായി അവതരിപ്പിക്കപ്പെട്ടു. സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനും സാഹിത്യം, ജീവചരിത്രം, ശ്രീനാരായണധര്‍മപ്രചാരകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനുമായിരുന്ന മൂര്‍ക്കോത്തു കുമാരന്‍ കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക,കേരളചിന്താമണി, സരസ്വതി, വിദ്യാലയം,ആത്മപോഷിണി, പ്രതിഭ തുടഭങ്ങി നവോത്ഥാനകേരളത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന പത്രങ്ങളുടെ പത്രാധിപര്‍ കൂടിയായിരുന്നു.
മിതവാദി പത്രം പ്രസിദ്ധീകരണമാരംഭിച്ചത് മൂര്‍ക്കോത്തു കുമാരന്റെ നേതൃത്വത്തിലാണ്. മിതവാദിയുടെ എഡിറ്ററായിരിക്കേ കുമാരനാശാന്റെ വീണപൂവ് ആദ്യമായി അച്ചടിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രം ആദ്യമായി രചിച്ചുകൊണ്ട് അദ്ദേഹം ജീവചരിത്രമെഴുത്തില്‍ ശ്രദ്ധേയനായി. ഒ.ചന്തുമേനോന്‍, കേസരി വേങ്ങയില്‍ നായനാര്‍. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്നിവരുടെ ജീവചരിത്രമെഴുതി മലയാളത്തിലെ ആദ്യജീവചരിത്രകാരന്‍ എന്ന പദവിയും അദ്ദേഹം നേടി. മൂര്‍ക്കോത്തു കുമാരന്‍ എന്ന നവോത്ഥാന നായകന്റെ ഓര്‍മകള്‍ക്ക്എഴുപത്തൊമ്പത് വര്‍ഷം തികഞ്ഞിരിക്കുന്നു.
Content Highlights: Remembering Moorkothu Kumaran On his Death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..