
-
മഹാശ്വേതാദേവി ഓർമയായിട്ട് ഇന്നേയ്ക്ക് നാലുവർഷം. പശ്ചിമബംഗാളിലെയും ജാർഖണ്ഡിലെയും ആദിവാസികളുടെയും താഴ്ന്ന ജാതിക്കാരുടെയും കഥകൾ പറഞ്ഞുകൊണ്ട് ദേശവും ഭാഷയും അതിർത്തിയും കടന്നുനടന്ന എഴുത്തുകാരി, തനിക്കെഴുതാൻ ഭാവനയുടെ ആവശ്യമില്ലെന്നും ചുറ്റും ജീവിതങ്ങളുണ്ടെന്നും പറഞ്ഞ മനുഷ്യസ്നേഹി, ജീവിതമെന്നാൽ മഹാശ്വേതയുടെ കഥകളെന്ന് ഇന്ത്യൻ സാഹിത്യം പുനർ നിർവചിച്ച കാലഘട്ടം...
''സാധാരണക്കാരാണ് യഥാർഥ ചരിത്രം നിർമ്മിച്ചതെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. തലമുറകളിലുടനീളം സാധാരണക്കാർ വഹിക്കുന്ന നാടോടിക്കഥകൾ, കഥകൾ,പുരാണങ്ങൾ, ഇതിഹാസങ്ങൾ എന്നിവയുടെ വിവിധ രൂപങ്ങളിൽ ഞാൻ വീണ്ടും പ്രത്യക്ഷപ്പെടുന്നു...എന്റെ രചനയുടെ കാരണവും പ്രചോദനവും ചൂഷണം ചെയ്യപ്പെടുന്നവരാണ്. എന്നിട്ടും തോൽവി അംഗീകരിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം, എഴുത്തിന്റെ ഘടകങ്ങളുടെ അനന്തമായ ഉറവിടം അതിശയകരവും കുലീനവുമായ ഈ മനുഷ്യരിൽ ഉണ്ട്. എഴുത്തിനുള്ള എന്റെ അസംസ്കൃത വസ്തുക്കൾ മറ്റെവിടെയെങ്കിലും പോയി കണ്ടെത്തേണ്ടയാവശ്യമെനിക്കില്ല. പലപ്പോഴും എന്റെ എഴുത്ത് അവരുടെ പ്രവൃത്തിയാണെന്ന് എനിക്ക് തോന്നുന്നു.''
ഝാൻസി റാണി എന്ന പ്രഥമ നോവലിലൂടെ ബംഗാൾ സാഹിത്യത്തിലേക്ക് ചുവടുവയ്ക്കുകയും പിന്നീട് ലോകസാഹിത്യം കണ്ട മഹത്തായ എഴുത്തുകാരിൽ പ്രമുഖയായിത്തീരുകയും ചെയ്ത മഹാശ്വേതാദേവിയുടെ വാക്കുകളാണിവ. 1956-ൽ ഝാൻസി റാണിയുടെ ജീവിതം മുഖ്യപ്രമേയമാക്കി അവതരിപ്പിച്ച നോവൽ വായനക്കാർ ഏറ്റെടുത്തപ്പോൾ ഒന്നിനൊന്നായി പിറകേ വന്നു നൂറ് നോവലുകൾ, ഇരുപത് കഥാ സമാഹാരങ്ങൾ, ലേഖനസമാഹാരങ്ങൾ തുടങ്ങിയവ. ഉത്തരേന്ത്യയിലെ ആദിവാസി ജനങ്ങളുടെ ജീവിതത്തെക്കുറിച്ചും ദളിതരും പാർശ്വവല്ക്കരിക്കപ്പെട്ടവരുമായവരെക്കുറിച്ചും നിരന്തരമെഴുതി. ഉയർന്ന ജാതിക്കാർ താണജാതിക്കാരോട് കാണിച്ചിരുന്ന നീതി നിഷേധക്കുറിച്ചെഴുതി. വർഷങ്ങളോളം മഹാശ്വേതാദേവി താമസിച്ചിരുന്നത് വെസ്റ്റ് ബംഗാളിലെയും ബിഹാറിലെയും മധ്യപ്രദേശിലെയും ആദിവാസിഗ്രാമങ്ങളിലായിരുന്നു. അവരോടൊപ്പം ചേർന്ന് അവർക്ക് അക്ഷരാഭ്യാസങ്ങൾ പകർന്നുനല്കിക്കൊണ്ട് ഒരു സാധാരണ മനുഷ്യൻ അർഹിക്കുന്ന ജീവിതം അവർക്കും സാധ്യമാക്കാനായി പരിശ്രമിച്ചു. പത്രപ്രവർത്തകയായും സാഹിത്യകാരിയായും ഒരേ സമയം പ്രവർത്തിച്ചുകൊണ്ട് പശ്ചിമബംഗാളിലെ തൊട്ടുകൂടായ്മക്കെതിരെയും അടിച്ചമർത്തലുകൾക്കെതിരേയും നിരന്തരം ശബ്ദിച്ചുകൊണ്ടേയിരുന്നു അവർ.
ഗായത്രി ചക്രവർത്തി സ്പിവാക് ആണ് മഹാശ്വേതാദേവിയുടെ പ്രധാന കഥകൾ വിവർത്തനം ചെയ്തത്. അതിൽ 'ദ്രൗപദി' എന്ന കഥയാണ് സ്പിവാക് തന്റെ വേദികളിൽ ഏറ്റവും കൂടുതൽ തവണ എടുത്തു പറഞ്ഞിരിക്കുന്നത്. തന്നെ അപമാനിക്കാൻ ശ്രമിക്കുന്ന പോലീസുകാരനോട് ''കൗണ്ടർ ടാ... കൗണ്ടർ'' എന്നാക്രോശിക്കുന്ന ദ്രൗപദിയിലെ നായിക എക്കാലവും വായക്കാർക്കിടയിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള ഒന്നാണ്.
സർഗാത്മകമായി താനൊന്നും എഴുതിയിട്ടില്ലെന്നാണ് മഹാശ്വേത മിക്ക അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. തനിക്കു ചുറ്റുമുള്ള പച്ചയായ ജീവിതങ്ങൾക്കുമുന്നിൽ ഭാവന തോറ്റുമടങ്ങിപ്പോവുകയായിരുന്നത്രേ. ആ ജീവിതം പകർത്താൻ ഒരു ഭാവനയുടെയും സഹായം വേണ്ടെന്നായിരുന്നു എഴുത്തുകാരിയുടെ പക്ഷം.
ഒരു ദേശീയ സെമിനാറിൽ പങ്കെടുക്കാനായി പോവുമ്പോൾ നിർത്തിയിട്ടിരിക്കുന്ന റിക്ഷക്കാരനോട് പോകേണ്ട സ്ഥലവും വഴിയും പറഞ്ഞുകൊടുത്ത ഒരു അനുഭവകഥയുണ്ട് എഴുത്തുകാരിക്ക്. മഹാശ്വേതാ ദേവിയോട് ഇപ്പോൾ ഓട്ടം പോകാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ അപേക്ഷിച്ചു, ''മോനെ എനിക്കൊരു സഹായം ചെയ്യൂ, എന്നെയൊന്ന് അവിടെയെത്തിക്കൂ, സമയം പോകുന്നു.'' അപ്പോൾ കയ്യിലുള്ള പുസ്തകം എടുത്തുകാട്ടിയിട്ട് റിക്ഷാക്കാരൻ പറഞ്ഞത്രേ, ''അമ്മേ ഈ നോവൽ വായിച്ചുതീർക്കാതെ എനിക്കൊരു ജോലിയും ചെയ്യാൻ സാധിക്കില്ല. ദയവായി നിങ്ങൾ വേറെയേതെങ്കിലും റിക്ഷ നോക്കൂ.''അപ്പോൾ അയാളുടെ കയ്യിലെ പുസ്തകത്തിന്റെ പുറം ചട്ട നോക്കിക്കൊണ്ട് എഴുത്തുകാരി പറഞ്ഞു, ബഷായി ഡുഡു എഴുതിയ ഞാനല്ലേ അപേക്ഷിക്കുന്നത് ഒരു സഹായം ചെയ്യൂ...'' അത്ഭുതപ്പെട്ടുപോയ റിക്ഷക്കാരൻ ഇറങ്ങി വന്ന് എഴുത്തുകാരിയുടെ കാൽ തൊട്ടുവണങ്ങി. സമയത്ത് തന്നെ സെമിനാർ വേദിയിലെത്തിച്ചു. പ്രശസ്ത എഴുത്തുകാരൻ മനോരഞ്ജൻ ബ്യാപാരിയെ സാഹിത്യത്തിലേക്ക് നയിച്ചതും മഹാശ്വേതാ ദേവിയാണ്.
ഇന്ത്യയുടെ ഗോത്രവർഗക്കാർക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചതാണ് മഹാശ്വേതാദേവി.കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകയായതിനാൽ ദേവി ജോലിചെയ്തിരുന്ന പോസ്റ്റ് ഓഫീസ് തന്നെ വിദ്വേഷക്കാർ കത്തിച്ചു കളയുകയുണ്ടായി. അതിനുശേഷം സോപ്പുണ്ടാക്കി വിറ്റും ഇംഗ്ലീഷിൽ എഴുതാനറിയാത്തവർക്കായി കത്തുകളെഴുതിയും അവർ ജീവിതം മുന്നോട്ടു കൊണ്ടുപോയി. 2016 ജൂലൈ 28 നാണ് ദേവി അന്തരിച്ചത്. തൊണ്ണൂറാം വയസ്സിൽ വാർധക്യസഹജമായ എല്ലാ അസുഖങ്ങൾക്കു മുന്നിലും മുട്ടുമടക്കുമ്പോളും കൈവിട്ടിട്ടില്ലാത്ത ആ നിശ്ചദാർഢ്യത്തിനുമുന്നിൽ ഇന്ത്യൻ സാഹ്യത്യത്തിലെ ജ്ഞാനപീഠമുൾപ്പെടെയുള്ള എല്ലാ പരമോന്നത പുരസ്കാരങ്ങളും വന്നുവണങ്ങിയിട്ടുണ്ടായിരുന്നു.
Content Highlights: Remembering Mahasweta Devi, Mahasweta Devi Death Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..