
-
മൂന്നു വയസ്സുള്ളപ്പോൾ അമ്മയില്ലാതാവുക, അലഞ്ഞുതിരിഞ്ഞ് നടക്കുന്ന അച്ഛന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിക്കാൻ ധൈര്യം വരാത്ത അമ്മയുടെ ബന്ധുക്കൾ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുക, കുഞ്ഞ് വളർന്നു വലുതായപ്പോൾ വൈദ്യനാഥ് മിശ്ര എന്ന പേരും തന്റെ മതവും തന്നെ ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ച് നാഗാർജുനയായി മാറുക, അത്രയും കാലം വിദ്യാഭ്യാസം തന്ന സുമനസ്സുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഉന്നതവിദ്യാഭ്യാസം സ്കോളർഷിപ്പോടുകൂടി തിരഞ്ഞെടുക്കുക, സംസ്കൃതം, പാലി, പ്രാകൃത് എന്നീ ഭാഷകളിൽ പാണ്ഡിത്യമുണ്ടാക്കിയെടുക്കുക, പിന്നെ ലോകമറിയുന്ന കവിയും നോവലിസ്റ്റും കോളമെഴുത്തുകാരനുമാവുക. കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾക്കർഹനാവുക,ഒരു ജന്മം കൊണ്ട് ഇത്രയൊക്കെ സാധിച്ചതിന് അനുഭവങ്ങളോട് നന്ദി പറയുക- അതാണ് നാഗാർജുന എന്ന ബുദ്ധസന്ന്യാസിയായ ഇന്ത്യൻ എഴുത്തുകാരനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിലെ വിശേഷണം. 1911 ജൂൺ മുപ്പതിന് ബിഹാറിലെ മധുബനിയിൽ ജനിച്ച നാഗാർജുനയ്ക്ക് ജീവിതത്തിൽ നിയോഗങ്ങളേറെയായിരുന്നു.
ബിഹാറിലും ഝാർഖണ്ഡിലും നേപ്പാളിലും പരിചിതമായ ഇൻഡോ ആര്യൻ ഭാഷയായ മൈഥിലിയിൽ കവിതകളെഴുതിത്തുടങ്ങിയപ്പോൾ യാത്രി എന്ന തൂലികാനാമത്തിലാണ് അറിയപ്പെട്ടത്. മുപ്പതുകളുടെ അവസാനത്തോടെ ഭാഷ മാറ്റിപ്പിടിച്ചു. ഹിന്ദിയിലാണ് പിന്നീടുള്ള സൃഷ്ടികൾ എഴുതിയത്. അധ്യാപകനായി ഉത്തർപ്രദേശിലെ സഹരൺപുരിൽ സേവനമനുഷ്ഠിച്ചുവരവേ ആണ് ബുദ്ധിസത്തിൽ ആകൃഷ്ടനായത്. നാഗാർജുനയായി മാറുകയും ശ്രീലങ്കയിലെ ബുദ്ധവിഹാരങ്ങളിൽ വച്ച് ലെനിനിസവും മാർക്സിസവും വായിക്കുന്ന, പഠിക്കുന്ന സന്യാസിയാവുകയും ചെയ്തു. പിന്നീട് വെളിപാടുണ്ടായതുപോലെ നേരെ ഇന്ത്യയിൽ തിരിച്ചെത്തി. ഒരു ദശാബ്ദക്കാലം ഇന്ത്യയെ അറിയാൻ രാജ്യമൊട്ടാകെ യാത്ര ചെയ്തു.
ഇന്ത്യ, ബ്രിട്ടീഷ് അധീനതയിലായിരിക്കുന്ന കാലമാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളിൽ നാഗാർജുനയുമുണ്ടായിരുന്നു. തന്റെ വാക്കുകൾ കൊണ്ട് ജനങ്ങളെ ഉണർത്താൻ കഴിവുള്ള നാഗാർജുന ജനപ്രിയ കവിയായി മാറി. കിസാൻ സഭയുടെ നേതാക്കളിൽ ഒരാൾ എന്ന നിലയിൽ ബിഹാറിൽ സംഘടിപ്പിച്ച കർഷകപ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു എന്നാരോപിച്ച് ബ്രിട്ടീഷ് പോലീസുകാർ നാഗാർജുനയെ ജയിലിലടച്ചു. ജയിലിലിരുന്നുകൊണ്ട് സ്വതന്ത്ര ഇന്ത്യയെക്കുറിച്ചു പാടി. ഇന്ത്യ സ്വതന്ത്രയായപ്പോൾ നാഗാർജുന തന്റെ കർമമണ്ഡലമായി തിരഞ്ഞെടുത്തതാവട്ടെ പത്രപ്രവർത്തനവും.
1975-ലെ അടിയന്തരാവസ്ഥ രൂക്ഷമായപ്പോൾ ജയപ്രകാശ് നാരായണനോടൊപ്പം ചേർന്ന് പ്രവർത്തിച്ചതിനാൽ വീണ്ടും പതിനൊന്നുമാസം ജയിലിലടയ്ക്കപ്പെട്ട നാഗാർജുന സമകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങളെയായിരുന്നു തന്റെ കവിതകളിലെ പ്രമേയമാക്കിയിരുന്നത്. അദ്ദേഹത്തിന്റെ വിഖ്യാത കവിതയായ 'മന്ത്രകവിത' യിൽ ചർച്ചചെയ്യപ്പെട്ടത് ഇന്ത്യയിലെ എല്ലാ തലമുറയിലും പെട്ട ആളുകളുടെയും മാനസികാവസ്ഥകളെക്കുറിച്ചായിരുന്നു. 'ആവോ റാണീ ഹം ദോയേങ്കേ പാൽകീ' എന്ന കവിത ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എലിസബത്ത് രാജ്ഞിയ്ക്ക് നല്കിയ അത്യാർഭാടവും അനാവശ്യവുമായിരുന്ന വിരുന്നിനെ അപഹസിച്ചുകൊണ്ടെഴുതിയതായിരുന്നു.
പാരമ്പര്യകവികളിൽ നിന്നുള്ള മാറി നടത്തം, ഇടതുപക്ഷമനോഭാവം, ലെനിനിസ്റ്റ് സിദ്ധാന്തങ്ങളുടെ സ്വാധീനം തുടങ്ങിയവ കൊണ്ട് നാഗാർജുന ജനപ്രിയനായി. നാഗാർജുനയുടെ അക്ഷരങ്ങൾ പലതും ഇന്ത്യൻ രാഷ്ട്രീയത്തെയും സാമൂഹികാസമത്വത്തിനെയും വിമർശിച്ചുകൊണ്ടുള്ള നേർക്കുനേർ അമ്പെയ്ത്തുകളായി മാറി. തുളസീദാസിനുശേഷം ഗ്രാമീണരെ സ്വാധീനിച്ച കവിയായി നാഗാർജുന മാറി.
മൈഥിലി, സംസ്കൃതം, പാലി, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകൾ അനായാസം കൈകാര്യം ചെയ്ത നാഗാർജുന പക്ഷേ തന്റെ കവിതകൾക്കായി തിരഞ്ഞെടുത്തത് സാധാരണക്കാരന്റെ ഭാഷയും പ്രയോഗങ്ങളുമായിരുന്നു. 1998 നവംബർ അഞ്ചിന് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് എൺപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.
Content Highlights: Remembering Indian Poet Nagarjuna On his Birth Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..