ആശ്രമം വാർഡിലെ വായനക്കാരനു പുസ്തകം എത്തിച്ചുനൽകുന്ന ലീന തെരേസ റൊസാരിയോ
അഞ്ചുവര്‍ഷം മുന്‍പ്, അടുക്കിവെച്ച പുസ്തകങ്ങള്‍ ഓരോന്നായി പൊടിതട്ടിയെടുത്തപ്പോള്‍ ലീന തെരേസ റൊസാരിയോ സങ്കടപ്പെട്ടു. ആരും വായിക്കാഞ്ഞിട്ടല്ലേ പുസ്തകങ്ങള്‍ക്ക് ഈ ഗതി വന്നതെന്നോര്‍ത്താണു വിഷമംതോന്നിയത്. ഇന്ന്, ഓരോവീട്ടിലും പുസ്തകങ്ങളെത്തിക്കുമ്പോള്‍ ലീനയ്ക്കു നിറഞ്ഞ സന്തോഷം. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് എല്‍.പി.സ്‌കൂള്‍ അധ്യാപികയാണു ലീന.
പുസ്തകങ്ങള്‍ കുട്ടികള്‍ക്കു കൊടുത്തായിരുന്നു തുടക്കം. പിന്നീട്, ചില രക്ഷിതാക്കളും പുസ്തകം തേടിവന്നു. അതോടെ, പുസ്തകങ്ങള്‍ വീടുകളിലും വായനക്കൂട്ടായ്മകളിലും എത്തിത്തുടങ്ങി.
വായനക്കാര്‍ കൂടിയതോടെ കൈയിലുള്ള പുസ്തകങ്ങള്‍ പോരാതായി. സംഭാവനകിട്ടുന്ന പുസ്തകങ്ങളാണു വിതരണംചെയ്യുന്നത്. മാതൃഭൂമി ബുക്‌സില്‍ നിന്നുള്‍പ്പെടെ വാങ്ങിയും നല്‍കും. കുട്ടികള്‍ മുതല്‍ കിടപ്പുരോഗികള്‍വരെയുള്ള ആയിരത്തിലധികം പേര്‍ ലീനയുടെ വരവും കാത്തിരിക്കും. വായിച്ചുകഴിഞ്ഞാല്‍ തിരികെവാങ്ങി അടുത്തയാള്‍ക്കു കൊടുക്കും.
സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു വരുമ്പോഴും മടങ്ങുമ്പോഴുമാണു വിതരണം. ആലപ്പുഴ ത്രിവേണി ജങ്ഷനിലെ 'ഷെറിന്‍വില്ല'യിലെത്തുമ്പോള്‍ വൈകിയാലും പ്രശ്‌നമില്ല, ഭര്‍ത്താവ് ബോണിയും ഭര്‍തൃമാതാവ് ബേബിയും പിന്തുണയുമായുണ്ട്. ബേബിയും വായനക്കാരിയാണ്. വീട്ടില്‍ പുസ്തകത്തിനെത്തുന്നവര്‍ക്ക് എടുത്തുകൊടുക്കുകയും ചെയ്യും.
ബിസിനസുകാരനാണു ഭര്‍ത്താവ്. എട്ടാം ക്‌ളാസിലും നാലിലും പഠിക്കുന്ന ഡാര്‍വിനും ഡെറിനുമാണ് മക്കള്‍. അഞ്ചുവര്‍ഷത്തിനിട മറക്കാനാകാത്ത അനുഭവങ്ങള്‍ പലതുണ്ട്. അതിലൊന്നിതാണ്: 'വായനക്കാരനായ ഒരു കുട്ടിയുടെ അച്ഛന്‍ മദ്യപനായിരുന്നു. ഭാര്യയെ മര്‍ദിക്കുകയും ചെയ്യും. ഒരു ദിവസം, മകന്‍ പഠിച്ചു നന്നായാലേ കുടുംബം രക്ഷപ്പെടുകയുള്ളൂവെന്നും അവനെ ശല്യപ്പെടുത്തരുതെന്നും ഉപദേശിച്ചു. വായിക്കാന്‍ ഒരു പുസ്തകവും നല്‍കി'. നാലുവര്‍ഷമായി ലീന നല്‍കുന്ന പുസ്തകങ്ങളുടെ വായനലഹരിയിലാണിപ്പോള്‍ അദ്ദേഹം. വീട്ടില്‍ വഴക്കുമില്ല. സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ അദ്ദേഹം പുസ്തകം വായിക്കുന്നതു കാണുമ്പോള്‍ വല്ലാത്തൊരു ഊര്‍ജമാണ്'- ലീന പറയുന്നു.
വാഹനാപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്നുപോയ 26 വയസ്സുള്ള ജോര്‍ജിന്റെ വാക്കുകള്‍ ലീനയ്ക്കു ഹൃദയമന്ത്രമാണ്: 'എന്നെ, പുസ്തകങ്ങളിലൂടെ ടീച്ചര്‍ എഴുന്നേല്‍പ്പിച്ചു. ജീവിതത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ട് എനിക്കിപ്പോള്‍.'
പുസ്തകം വാങ്ങാന്‍ പലരും പണംതന്നു സഹായിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും വാങ്ങിയിട്ടില്ല. അതു പുസ്തകമായി നല്‍കിയാല്‍ സന്തോഷം - ലീന പറയുന്നു.ഗ്മ
Content Highlights: reading makes you a better person says Leena teacher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..