ഡീഗോ;'എന്റെ പ്രിയപ്പെട്ട തന്നിഷ്ടക്കാരന്‍'


By രവി മേനോന്‍

5 min read
Read later
Print
Share

മാറഡോണയും ജയേട്ടനുമൊക്കെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഞാന്‍ മരിച്ചുപോകണമെന്നാണ് ആഗ്രഹം. ആ വേര്‍പാടുകള്‍ താങ്ങാനാകില്ല എനിക്ക്...'' ഹരി ഇന്നില്ല.

ചിത്രീകരണം: മദനൻ

ഗായകൻ പി. ജയചന്ദ്രനും ഡീഗോ മാറഡോണയും തമ്മിൽ ഒരുപാട് സാമ്യങ്ങളുണ്ട്. അതിൽ പ്രധാനം വ്യാകരണത്തിന്റെ ചട്ടങ്ങളിലൊതുങ്ങാത്ത ജീവിതവും പ്രതിഭയുമാണ്. മാറഡോണ മരിച്ചപ്പോൾ താൻ തകർന്നുപോയി എന്ന് പറയുന്ന ജയചന്ദ്രൻ തന്റെ അപൂർവമായ ഒരു ഫുട്ബോൾ കളിക്കാലവും കളിക്കമ്പവുംകൂടി ഓർത്തെടുക്കുന്നു.

നകപ്പനാണ് ജയചന്ദ്രന്റെ ഓർമയിലെ ആദ്യത്തെ ഡീഗോ മാറഡോണ. എതിർ പ്രതിരോധത്തിലെ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ അസാധ്യമെയ്വഴക്കത്തോടെ നുഴഞ്ഞുകയറി ശൂന്യതയിൽനിന്ന് ഗോളുകൾ സൃഷ്ടിക്കുന്ന മാന്ത്രികൻ. ഇഷ്ടതാരമായ മാറഡോണയുടെ വിയോഗവാർത്ത നൽകിയ ആഘാതത്തിൽ തരിച്ചിരിക്കുമ്പോൾ കനകപ്പനെ ഓർത്തു ജയചന്ദ്രൻ. കനകപ്പനെ മാത്രമല്ല, ബാല്യകാല ഫുട്ബോൾ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്ന ഒരുപാട് ഇരിഞ്ഞാലക്കുടക്കാരെ. ''ക്രിക്കറ്റിനോടാണ് എനിക്ക് അന്നുമിന്നും ഭ്രമം. ഫുട്ബോൾ അത്രകണ്ട് ഫോളോ ചെയ്യാറില്ലായിരുന്നു. പക്ഷേ, മാറഡോണയുടെ വരവ് എല്ലാം മാറ്റിമറിച്ചു. കളിക്കാരൻ എന്നനിലയിൽ മാത്രമല്ല, വ്യക്തി എന്നനിലയിലും എന്നെ വിസ്മയിപ്പിച്ചയാളാണ് ആ മനുഷ്യൻ. അതുകൊണ്ടുതന്നെ ഈ അപ്രതീക്ഷിത വേർപാട് വല്ലാതെ വേദനിപ്പിക്കുന്നു... ഇനിയൊരു മാറഡോണ ഉണ്ടാവില്ല, ഒരിക്കലും.''

കൂടൽമാണിക്യ ക്ഷേത്രപരിസരത്തെ വിശാലമായ മൈതാനത്തുനിന്ന് തുടങ്ങുന്നു ഭാവഗായകന്റെ കാൽപ്പന്തുവിളയാട്ടം. ദിവസവും വൈകുന്നേരമായാൽ ഫുട്ബോൾ മാമാങ്കമാണവിടെ. ആരവങ്ങൾ ദൂരെനിന്നേ കേൾക്കാം. അടുത്തുചെന്നാൽ ഒരുത്സവത്തിനുള്ള ആൾക്കൂട്ടമുണ്ടാകും സ്ഥലത്ത്. സ്കൂൾ വിട്ട് അതിലേ പോകുമ്പോൾ ആരെങ്കിലും ക്ഷണിക്കാറാണ് പതിവ്: 'തമ്പ്രാൻകുട്ടി വരൂ, ഒന്ന് പന്തുതട്ടി പൊയ്ക്കോളൂ'. ക്ഷണം സ്വീകരിച്ച് കളിക്കളത്തിലെ ആ വലിയ ജനസമൂഹത്തിൽ ലയിച്ചുചേരും അന്നത്തെ സ്കൂൾ കുട്ടി. അതൊരു കാലം.

കറകളഞ്ഞ 'സോഷ്യലിസ'മായിരുന്നു അത്തരം കളിയുത്സവങ്ങളുടെ മുഖമുദ്ര എന്നോർക്കുന്നു ജയചന്ദ്രൻ: ''ആർക്കും ഇറങ്ങിക്കളിക്കാം. പ്രായഭേദമില്ല. ജാതിഭേദമില്ല. പ്രശസ്തനും അപ്രശസ്തനും പൈസക്കാരനും പാവപ്പെട്ടവനും എല്ലാം കളിക്കളത്തിൽ ഒരുപോലെ. പത്തു വയസ്സുകാരനും എൺപത് വയസ്സുകാരനും തുല്യനീതി. ഏറ്റവും വലിയ തമാശ അതല്ല. പ്രത്യേകിച്ചു ചിട്ടവട്ടങ്ങളൊന്നുമില്ല കളിക്ക്. എത്ര പേരെയും ഉൾപ്പെടുത്താം ടീമിൽ. ചിലപ്പോൾ ഒരു ഭാഗത്ത് ഇരുപതുപേരുണ്ടാകും. എതിർടീമിൽ പതിനഞ്ചേ കാണൂ. ആർക്കും ഏതു പൊസിഷനിലും കളിക്കാം. ഫൗളുകളാണെങ്കിൽ സുലഭം. റഫറിയൊന്നുമുണ്ടാവില്ല. ഉണ്ടെങ്കിൽതന്നെ അയാൾക്കും കയറി ഗോളടിക്കാം. ലോകത്തെവിടെയും ഉണ്ടാവില്ല ഇതുപോലൊരു സോഷ്യലിസ്റ്റ് ഫുട്ബോൾ''-ഓർമകളിൽ മുഴുകി പൊട്ടിച്ചിരിക്കുന്നു, ജയചന്ദ്രൻ.

'ഗായകപീതാംബരം' എന്നപേരിൽ പ്രശസ്തനായ സംഗീതജ്ഞൻ എം.ആർ. പീതാംബരമേനോൻ പന്തുതട്ടാൻ കൂടെക്കൂടിയ ദിവസം ജയചന്ദ്രന്റെ ഓർമയിലുണ്ട്. ഗാനഭൂഷണം, ഗാനപ്രവീണ ബിരുദങ്ങളൊക്കെ നേടിയ ആളാണ്. പ്രഗല്ഭനായ സംഗീതഗുരു. ഉദയായുടെ ആദ്യചിത്രമായ 'വെള്ളിനക്ഷത്ര'(1949)ത്തിലെ നായകനും ഗായകനും: ''മൂപ്പർക്ക് ഫുട്ബോ ളൊന്നും കളിച്ചു പരിചയമില്ല. പക്ഷേ, സുഹൃത്തായ നാരായണൻകുട്ടി ക്ഷണിച്ചപ്പോൾ മടിച്ചുമടിച്ചാണെങ്കിലും കളിക്കാൻ കൂടി അദ്ദേഹം. വന്നതും ഫൗളിനിരയായതും ഒരുമിച്ച്. നാരായണൻകുട്ടിയുമായി കൂട്ടിയിടിച്ചുള്ള ആ വീഴ്ച ഇന്നും കണ്മുന്നിലുണ്ട്. നിലത്തുകിടന്നു വേദനകൊണ്ട് പുളഞ്ഞ ഗായകപീതാംബരത്തെ പിടിച്ചെഴുന്നേൽപ്പിച്ചു, നാരായണൻകുട്ടി. എന്നിട്ട് അദ്ദേഹത്തിന്റെ കൈപിടിച്ചുകുലുക്കി പറഞ്ഞു: ''കൺഗ്രാജുലേഷൻസ്. നല്ല തുടക്കം.'' ക്രുദ്ധനായ മേനോന്റെ മറുപടി ഇങ്ങനെ: ''യു ആർ വെരി ലക്കി മിസ്റ്റർ നാരായണൻകുട്ടി. താൻ ഉടനെ കാൻസർ പിടിച്ച് മരിക്കും. നോക്കിക്കോ.'' ചിരിക്കാതെന്തു ചെയ്യും? അരങ്ങേറ്റം പാളിപ്പോയെങ്കിലും കളിക്കൂട്ടായ്മയിൽ പതിവുകാരനായിമാറി പിന്നീട് പീതാംബരമേനോൻ. പക്ഷേ, കാലം അദ്ദേഹത്തിനുവേണ്ടി കരുതിവെച്ച 'ഫൗളുകൾ' മാരകമായിരുന്നു. വില്ലനായത് മദ്യം തന്നെ. അങ്കമാലിയിലെ ഒരു ആശുപത്രിയിൽ അജ്ഞാതമൃതദേഹമായി എരിഞ്ഞടങ്ങി, ആ ജീവിതം.''

അച്ഛനടിച്ച പന്ത്

മൈതാനപരിസരത്തുകൂടിപ്പോകുന്ന ആരെയും വെറു?േതവിടാറില്ല നാരായണൻകുട്ടിയും കൂട്ടരും. ഒരിക്കൽ കളികാണാൻ തന്റെ അച്ഛൻ രവിവർമ കൊച്ചനിയൻ തമ്പുരാൻ യാദൃച്ഛികമായി എത്തിപ്പെട്ടത് ജയചന്ദ്രന്റെ ഓർമയിലുണ്ട്. ''ആരോ കളിക്കൂട്ടത്തിൽനിന്ന് വിളിച്ചുപറയുന്നു: തമ്പ്രാൻ ഗോളിനിൽക്കട്ടെ. ക്ഷണമാസ്വദിച്ച് ചിരിച്ചു അച്ഛൻ. മാത്രമല്ല, അടുത്ത തവണ പന്ത് തന്റെ അടുത്തുകൂടി വന്നപ്പോൾ അതെടുത്ത് 'ഇന്നാ പിടിച്ചോ' എന്നുപറഞ്ഞ് മൈതാനമധ്യത്തിലേക്ക് ഉയർത്തിയടിച്ചു കൊടുക്കുകയും ചെയ്തു. ഒന്നാന്തരമൊരു ഷോട്ട്.'' അതിനുമുമ്പും പിമ്പും അച്ഛൻതമ്പുരാൻ പന്തടിച്ചുകണ്ടിട്ടില്ല ജയചന്ദ്രൻ. ''അപൂർവമായ ഒരു കൂട്ടായ്മയുടെ സുഗന്ധപൂരിതമായ ഓർമയാണ് എനിക്ക് ഇരിഞ്ഞാലക്കുടയിലെ ആ സായാഹ്നങ്ങൾ. ''

1990-കളുടെ ഒടുവിൽ പൊന്നാനിക്കാരൻ സുഹൃത്ത് പ്രഭാകരന്റെ (ടൈംസ് ഓഫ് ഇന്ത്യ) ചെന്നൈ ഓഫീസിലിരുന്ന് ഇഷ്ടതാരത്തെക്കുറിച്ച് ജയേട്ടൻ വാചാലനായിക്കണ്ട നിമിഷങ്ങൾ ഇന്നുമുണ്ട് ഓർമയിൽ. ഗുണ്ടപ്പ വിശ്വനാഥിന്റെ സ്ക്വയർ കട്ടിനെയും സച്ചിൻ തെണ്ടുൽക്കറുടെ സ്ട്രെയ്റ്റ് ഡ്രൈവിനെയും ചന്ദ്രശേഖറിന്റെ ഗൂഗ്ലിയെയും വിവിയൻ റിച്ചാർഡ്സിന്റെ ഹുക്ക് ഷോട്ടിനെയുമൊക്കെ പുകഴ്ത്തുന്ന അതേ ഉത്സാഹത്തോടെ മാറഡോണയുടെ അസാധ്യ ഡ്രിബ്ലിങ് പാടവത്തെക്കുറിച്ചും ഗോളടിമികവിനെക്കുറിച്ചുമൊക്കെ ജയേട്ടൻ മതിപ്പോടെ, ആരാധനയോടെ സംസാരിച്ചുകേട്ടത് അന്നാണ്. ഒപ്പമിരുന്ന് ഞങ്ങൾ പെലെയെയും യോഹാൻ ക്രൈഫിനെയും മാറഡോണയുമായി താരതമ്യപ്പെടുത്തുമ്പോൾ കൈയുയർത്തി വിലക്കും അദ്ദേഹം: ''അവരൊക്കെ മഹാന്മാരായ കളിക്കാർ തന്നെ. സംശയമില്ല. മാന്യന്മാരും. കളിയിലായാലും ജീവിതത്തിലായാലും വഴിമാറി നടക്കാത്തവർ; വ്യാകരണം തെറ്റിക്കാത്തവർ. പക്ഷേ, മാറഡോണ അങ്ങനെയല്ല. പ്രവചനങ്ങൾക്കൊന്നും പിടിതരാത്ത മനുഷ്യൻ. തന്നിഷ്ടക്കാരൻ. ശരിക്കും ഉന്മാദി.''

ഡീഗോയുടെ മരണവാർത്തയറിഞ്ഞു വിളിച്ചപ്പോൾ ജയേട്ടൻ ഏറ്റവും കൂടുതൽതവണ ആവർത്തിച്ചതും ആ വാക്ക് തന്നെ -'ഉന്മാദി'. മാതൃഭൂമി സ്പോർട്സ് മാസികയുടെ മാറഡോണ സ്പെഷ്യൽ പതിപ്പ് രസിച്ചു വായിച്ചുകൊണ്ടിരിക്കെയാണ് സുഹൃത്തായ മനോഹരൻ തിരുവനന്തപുരത്തുനിന്ന് ഇതിഹാസതാരത്തിന്റെ മരണവാർത്ത ഫോണിൽ വിളിച്ചറിയിച്ചത്. ''എന്തൊരു ക്രൂരമായ ആകസ്മികത. ശരിക്കും ഞെട്ടിപ്പോയി. കുറച്ചുനേരം ഒന്നും മിണ്ടാൻ പറ്റിയില്ല. ഒരു വലിയ കാലഘട്ടം അസ്തമിച്ചപോലെയാണ് തോന്നിയത്. കളിക്കാർ വരും, പോകും. പക്ഷേ, മാറഡോണ ഒന്നേയുള്ളൂ. പകരക്കാരില്ല അദ്ദേഹത്തിന്. ഉണ്ടാവുകയുമില്ല.'' -വികാരാധീനമാകുന്നു ജയേട്ടന്റെ ശബ്ദം. ''മയക്കുമരുന്നിന് അടിമയാണ്, ജീവിതത്തിൽ അച്ചടക്കബോധമില്ല, അഹങ്കാരിയാണ് എന്നൊക്കെ വായിച്ചറിഞ്ഞിട്ടുണ്ട്. അദ്ഭുതം തോന്നിയില്ല. മിക്ക ജീനിയസ്സുകളും അങ്ങനെയല്ലേ? ചെറിയ ചെറിയ പാളിച്ചകൾ കാണും അവരുടെ സ്വഭാവവിശേഷങ്ങളിൽ. നമുക്ക് പോരായ്മകൾ എന്ന് തോന്നുന്നവ. അതാണല്ലോ അവരെ വ്യത്യസ്തരാക്കുന്നത്...''

വിജയാ, ഒരു ഓട്ടോഗ്രാഫ്

ഭാവഗായകന്റെ കളിക്കമ്പത്തെക്കുറിച്ച് ഐ.എം. വിജയൻ പങ്കുവെച്ച രസകരമായ ഒരു ഓർമയുണ്ട്. ഏതോ കൂട്ടുകാരനെ വണ്ടികയറ്റാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതാണ് വിജയൻ. കാവിമുണ്ടും ഷർട്ടും വേഷം. പ്ലാറ്റ്ഫോമിന്റെ ഒരറ്റത്ത് ഏകനായി ചെന്നൈയിലേക്കുള്ള വണ്ടികാത്തിരിക്കുന്ന ജയചന്ദ്രനെ കണ്ടപ്പോൾ വിജയന് കൗതുകം. ഏറെനാളായി നേരിട്ട് കണ്ടു സംസാരിക്കാൻ ആഗ്രഹിച്ച ആളാണ്. പക്ഷേ, എടുത്തുചാടി പരിചയപ്പെടാൻ മടി. മുൻകോപിയാണെന്നാണ് കേട്ടിട്ടുള്ളത്. എങ്കിലും ധൈര്യം സംഭരിച്ച് അടുത്തുചെന്ന് തലതാഴ്ത്തി പറഞ്ഞു: ''ഞാൻ വിജയൻ. സാറിന്റെ പാട്ടുകളുടെ വലിയ ഫാൻ ആണ്.''

''ഓ. ശരി. സന്തോഷം.'' -തലയുയർത്തിനോക്കാതെ നിർവികാരമായ മറുപടി. തെല്ലൊരു നിരാശതോന്നി വിജയന് എന്നത് സത്യം. എങ്കിലും പറഞ്ഞു: ''തൃശ്ശൂർ സ്റ്റേഡിയത്തിൽവെച്ച് പണ്ട് സാറിന്റെ ഗാനമേള കേട്ടിട്ടുണ്ട്. ഇപ്പഴും ഗംഭീരമായി പാടുന്നു.'' ഇത്തവണയും പ്രതികരണം പഴയപടിതന്നെ. ചെറുതായി ഒന്ന് തലയുയർത്തിനോക്കിയോ എന്നൊരു സംശയം മാത്രം. അടുത്തുനിന്ന കൂട്ടുകാരൻ ഇടപെട്ടത് അപ്പോഴാണ്: ''ജയേട്ടാ ഇത് നമ്മുടെ ഐ.എം. വിജയനാണ്. ഫുട്ബോളർ...'' ഇത്തവണ ജയചന്ദ്രൻ തയുയർത്തി നോക്കുക മാത്രമല്ല എഴുന്നേറ്റ് വിജയന്റെ കൈപിടിച്ച് കുലുക്കുകകൂടി ചെയ്തു. ''അയ്യോ വിജയാ നീയായിരുന്നോ? ഞാൻ നിന്റെ ഫാനാണ് ട്ടോ. തൃശ്ശൂരിന്റെ കറുത്ത മുത്തല്ലേ? ഒരു കാര്യം ചെയ്യ്. നീ എനിക്കൊരു ഓട്ടോഗ്രാഫ് താ. മക്കൾക്കുവേണ്ടിയാണ്...'' കീശയിൽനിന്ന് ഒരു ചെറു കടലാസ് കഷണം പുറത്തെടുത്ത് ഫുട്ബോൾ താരത്തിനുനേരെ നീട്ടി ചിരിച്ചുനിന്നു ജയേട്ടൻ. ആ കാഴ്ചകണ്ട് അന്തംവിട്ടുപോയെന്ന് വിജയൻ.

''എന്താണിത് സാർ. ഞാൻ സാറിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ വന്നതല്ലേ?'' -വിജയന്റെ ചോദ്യം. അത് ഞാൻ പിന്നെ തന്നോളാം; തത്‌കാലം നീ നിന്റെ ഓട്ടോഗ്രാഫ് താ എന്ന് ഗായകൻ. രണ്ടുപേരും പരസ്പരം ഓട്ടോഗ്രാഫ് കൈമാറി ആരാധന പങ്കുവെച്ചു പിരിഞ്ഞ ആ സായാഹ്നം ഇന്നുമുണ്ട് വിജയന്റെ ഓർമയിൽ. ''പന്തുകളിക്കാരനായതിൽ സന്തോഷവും അഭിമാനവും തോന്നിയ സന്ദർഭമായിരുന്നു അത്'' -പിന്നീട് വിജയൻ പറഞ്ഞു. ''ഇല്ലെങ്കിൽ ഇതുപോലുള്ള അദ്ഭുതങ്ങളൊന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കില്ലായിരുന്നല്ലോ...'' പിന്നീടൊരു സൗഹൃദസംഭാഷണമധ്യേ വിജയന്റെകൂടി സാന്നിധ്യത്തിൽ പഴയ അനുഭവം ഓർമിപ്പിച്ചപ്പോൾ ജയചന്ദ്രൻ പറഞ്ഞ മറുപടി മറക്കാനാവില്ല: ''വിജയൻ ഒരു ലെജൻഡല്ലേ? നല്ല പാട്ടുകാരനാകാൻ ആർക്കും കഴിഞ്ഞേക്കും. ഏകാഗ്രമായ പരിശീലനം മതി അതിന്. പക്ഷേ, എത്ര പരിശീലിച്ചാലും വിജയനെപ്പോലൊരു പന്തുകളിക്കാരനാകാൻ ഈ ജന്മം കഴിയില്ല എനിക്ക്...''

സുഹൃത്തും ജയചന്ദ്രന്റെ ഭാവഗീതങ്ങളുടെ വലിയൊരു ആരാധകനുമായ ഹരിയുടെ വാക്കുകളായിരുന്നു ഓർമയിൽ. ''മാറഡോണയും നമ്മുടെ ജയേട്ടനും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവർ. പ്രത്യേകിച്ചൊരു കള്ളിയിലും തളച്ചിടാൻ പറ്റില്ല ഇരുവരെയും. പന്തുകളിയിലായാലും പാട്ടിലായാലും വ്യാകരണം തെറ്റിക്കുന്നതിലാണ് കമ്പം. ശുദ്ധഗതിക്കാരെങ്കിലും ഉള്ളിൽ തോന്നുന്നത് അപ്പപ്പോൾ വിളിച്ചുപറയും രണ്ടുപേരും. സ്വഭാവവിശേഷങ്ങളാകട്ടെ തികച്ചും പ്രവചനാതീതം. പോരാത്തതിന് പെരുമാറ്റത്തിൽ ചില്ലറ കുസൃതിത്തരങ്ങളുമുണ്ട്. ധിക്കാരികളെന്നൊക്കെ തോന്നുമെങ്കിലും അത്തരം ആളുകളോട് നമുക്ക് പ്രത്യേകിച്ചൊരു സ്നേഹം തോന്നും. മാറഡോണയും ജയേട്ടനുമൊക്കെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഞാൻ മരിച്ചുപോകണമെന്നാണ് ആഗ്രഹം. ആ വേർപാടുകൾ താങ്ങാനാകില്ല എനിക്ക്...'' ഹരി ഇന്നില്ല. പക്ഷേ, അവന്റെ വാക്കുകളുടെ മുഴക്കം ഇപ്പോഴുമുണ്ട് അന്തരീക്ഷത്തിൽ.

Content Highlights: Ravi Menon writes about Singer Jayachandrans affection towards Diego Maradona

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജയ്സൂര്യദാസ്, മാധവിക്കുട്ടി

2 min

സ്‌നേഹിക്കാനേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ, ആവോളം സ്‌നേഹിച്ചു- മാധവിക്കുട്ടിയുടെ മകന്‍ ജയ്സൂര്യ ദാസ്

Jun 1, 2023


annie ernaux

3 min

വേരുകളെയല്ല, വേരറക്കലിനെ തുറന്നുകാണിക്കുന്ന എഴുത്ത്

Oct 7, 2022


Vaikom Muhammad Basheer

4 min

കുഞ്ഞുപാത്തുമ്മായുടെ ജലാശയദര്‍ശനത്തെ ഒരു ജീവിതദര്‍ശനമാക്കി വളര്‍ത്തുന്ന ബഷീര്‍

Jul 5, 2022

Most Commented