ഹൃദയത്തിലേക്ക് ഒരു 'എം ടിയന്‍' സെര്‍വ്


രവിമേനോന്‍

'' പറച്ചിലിനൊപ്പം കയ്യിലെ കവര്‍ എം ടി കാണത്തക്ക വിധം ഉയര്‍ത്തിക്കാണിക്കുക കൂടി ചെയ്തു. ഇത്തവണ മുഖം തിരിച്ചു എന്റെ നേരെ നോക്കി എം ടി. കട്ടിമീശക്കടിയില്‍ ഇത്തിരിപ്പോന്ന ഒരു ചന്ദ്രക്കല തെളിഞ്ഞുവോ?

-

എം ടിയാണ് മുന്നിൽ. കുട്ടിക്കാലം മുതലേ കാണാൻ കൊതിച്ച എഴുത്തുകാരൻ. നിവർത്തിപ്പിടിച്ച പത്രത്തിലൂടെ കണ്ണോടിച്ചും, കയ്യിലെ ബീഡിയിൽ നിന്ന് ഇടയ്ക്കിടെ പുകയെടുത്തും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപക്കസേരയിൽ ചാരിയിരിക്കുന്നു അദ്ദേഹം. കാലത്തു മുതൽ കറങ്ങിത്തളർന്ന ഫാനിന്റെ മുരൾച്ച മാത്രം മുറിയിൽ.

ഏകാഗ്രവായനയാണ്. ചുറ്റുമുള്ള ഒന്നുമില്ല അദ്ദേഹത്തിന്റെ ശ്രദ്ധയിൽ. പത്തു പതിനഞ്ചു മിനിറ്റായി മുന്നിൽ അന്തം വിട്ടു നിൽക്കുന്ന ഞാൻ മാത്രമല്ല, മണിക്കൂറുകളായി മേശപ്പുറത്ത് ബോറടിച്ചിരിക്കുന്ന ചായക്കോപ്പ പോലും. രാവിലെ കാന്റീനിൽ നിന്ന് ആരോ കൊണ്ടുവന്നു വെച്ചതാവണം ആ ചായ. ആറിത്തണുത്ത് ഐസായിട്ടുണ്ടാകും ഇപ്പോൾ.

ഇടയ്ക്കൊരിക്കൽ ബീഡിയുടെ തീ ആഷ്ട്രേയിൽ കുത്തിക്കെടുത്താൻ പത്രത്തിൽ നിന്ന് ഒരു നിമിഷം എം ടി കണ്ണെടുത്തപ്പോൾ, ഞാനൊന്നു മുരടനക്കി. വീണുകിട്ടിയ സുവർണ്ണാവസരമല്ലേ. വന്നു നിൽക്കാൻ തുടങ്ങിയിട്ട് സമയം കുറേയായല്ലോ. ശബ്ദം കേട്ട് ഒന്ന് ഞെട്ടിയോ എം ടി എന്ന് സംശയം. പൊടുന്നനെ എന്റെ മുഖത്തേക്ക് നോക്കി അദ്ദേഹം. അതേ വേഗതയിൽ കണ്ണുകൾ പിൻവലിക്കുകയും ചെയ്തു. വീണ്ടും ശ്രദ്ധ പത്രത്തിലേക്ക്.

ഇതാണ് പറ്റിയ സമയം. ഇനിയും വൈകിച്ചുകൂടാ. സാന്നിധ്യം അറിയിച്ചേ പറ്റൂ -- മനസ്സിലോർത്തു. തെല്ലൊരു സങ്കോചത്തോടെ വിക്കിവിക്കി പറഞ്ഞു: "ഞാൻ രവി. എൻ പി പറഞ്ഞിട്ട് വന്നതാണ്. സ്പോർട്സ് ലേഖനം ....'' പറച്ചിലിനൊപ്പം കയ്യിലെ കവർ എം ടി കാണത്തക്ക വിധം ഉയർത്തിക്കാണിക്കുക കൂടി ചെയ്തു. ഇത്തവണ മുഖം തിരിച്ചു എന്റെ നേരെ നോക്കി എം ടി. കട്ടിമീശക്കടിയിൽ ഇത്തിരിപ്പോന്ന ഒരു ചന്ദ്രക്കല തെളിഞ്ഞുവോ? ചുണ്ടിന്റെ കോണിൽ നേർത്തൊരു പുഞ്ചിരി? ഏയ്, സാധ്യതയില്ല. തോന്നിയതാകും.

ഇരിക്കാൻ പറഞ്ഞുവോ എം ടി എന്ന കൺഫ്യൂഷനിലായിരുന്നു ഞാൻ. കണ്ണുകൾ കൊണ്ട് ഇങ്ങോട്ട് നോക്കി എന്തോ ഒരു ആംഗ്യം കാണിച്ച പോലെ. ഒന്നുകിൽ ഇരിക്കാൻ പറഞ്ഞതാകാം. അതോ ചുമരിലെ ക്ലോക്കിൽ നോക്കിയതോ? സകല ധൈര്യവും സംഭരിച്ച് മുന്നിലെ കസേരകളിലൊന്നിൽ ഇരുന്നു. കയ്യിലെ കവർ മേശപ്പുറത്തു വെച്ചു. നിറയെ കടലാസുകെട്ടുകളാണ് അവിടെ. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കാനായി ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാർ അയച്ചുകൊടുക്കുന്ന സൃഷ്ടികളാവണം. ഏതൊക്കെയോ ഒ വി വിജയന്മാരും മുകുന്ദന്മാരും സേതുമാരും സക്കറിയമാരുമൊക്കെ മറഞ്ഞുകിടപ്പുണ്ടാവില്ലേ അവയിൽ? ഓർക്കാൻ രസമുണ്ട്. ഇതിനിടയിൽ എന്റെ കളിയെഴുത്ത് വായിക്കാൻ സമയമുണ്ടാകുമോ അദ്ദേഹത്തിന്? വായിച്ചാൽ തന്നെ ഇഷ്ടപ്പെടുമോ?

എം ടി യുടെ ആത്മസുഹൃത്തായ എൻ പി മുഹമ്മദാണ് തലേ ആഴ്ച വിളിച്ചുപറഞ്ഞത്: "രവീ, മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിശ്വനാഥൻ ആനന്ദിനെ പറ്റി ഒരു ലേഖനം എഴുതിക്കൂടേ?'' അത്ഭുതം തോന്നി. കേരളകൗമുദി കോഴിക്കോട് എഡിഷനിൽ സബ് എഡിറ്ററാണ് അന്ന് ഞാൻ. എൻ പിയാകട്ടെ അസിസ്റ്റന്റ് എഡിറ്ററും. അപ്പോൾ പിന്നെ എങ്ങനെ മറ്റൊരു പ്രസിദ്ധീകരണത്തിൽ എഴുതും? സംശയിച്ചു നിന്നപ്പോൾ എൻ പി പറഞ്ഞു: "വാസു വിളിച്ചു പറഞ്ഞതാണ്. ഞാൻ രവിയുടെ പേര് സജസ്റ്റ് ചെയ്തു. ഒന്ന് എഴുതിക്കൊടുക്കൂ. ആഴ്ചപ്പതിപ്പിൽ ഇതിനു മുൻപ് എഴുതീട്ടില്ലല്ലോ. ഞാൻ കാര്യമായി ഇൻട്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ഗുണമുണ്ടാകും...''

സംശയം തീരുന്നില്ല എന്നിട്ടും. "ഇവിടെ വർക്ക് ചെയ്യുമ്പോൾ അങ്ങനെ എഴുതാമോ... ഇവർക്ക് ഇഷ്ടമാകുമോ?'' പതിവുശൈലിയിൽ ഒരേ സമയം നെറ്റി ചുളിക്കുകയും ചിരിക്കുകയൂം ചെയ്തുകൊണ്ട് എൻ പിയുടെ മറുപടി: "അതിനെന്താ. ഞാൻ ചീഫ് എഡിറ്ററോട് പറഞ്ഞോളാം. കൗമുദിക്കാരൻ മാതൃഭൂമിയിൽ എഴുതുന്നതിൽ അവർ സന്തോഷിക്കുകയല്ലേ വേണ്ടത്. പിന്നെ കുറച്ച് സീരിയസ് ആയി എഴുതണം. വാസുദേവൻ നായർക്ക് സ്പോർട്സ് ഒക്കെ നന്നായി അറിയാം. ഞാൻ ശുപാർശ ചെയ്ത ആൾ മോശമായാൽ എനിക്കാണല്ലോ കുറച്ചിൽ. എന്തായാലും രവി പേടിക്കണ്ട. മോശാണെങ്കിൽ മൂപ്പര് മുഖത്ത് നോക്കി പറഞ്ഞോളും....'' പിന്നെ കണ്ണിറുക്കിയുള്ള ആ ചിരി.

എം ടി സാറിനെ പരിചയമില്ല. നേരിട്ട് കണ്ടിട്ടുപോലുമില്ല. കുറച്ചു പരുക്കനാന്നാ കേട്ടിരിക്കണത്. മാതൃഭൂമി ഓഫീസിൽ അങ്ങനെ വെറുതെ പോയി കാണാൻ പറ്റുമോ? ഇറക്കിവിട്ടാലോ? -- ഇത്തവണ എൻ പി പൊട്ടിച്ചിരിച്ചു. "ഞാൻ പറഞ്ഞിട്ടാണ് എന്ന് ആദ്യം തന്നെ പറയണം. ഇല്ലെങ്കിൽ ഏതെങ്കിലും ബോറന്മാരാണെന്ന് കരുതി ഇറക്കിവിട്ടെന്നിരിക്കും. ചെന്നോളിൻ ധൈര്യായിട്ട് ..''

എൻ പി പകർന്ന ആ ധൈര്യത്തിൽ മാതൃഭൂമി ഓഫീസിന്റെ രണ്ടാം നിലയിലെ എം ടിയുടെ മുറിയിൽ കയറിച്ചെന്നതാണ് ഞാൻ. പടികയറിവരും വഴി കണ്ടുമുട്ടിയ പത്രത്തിന്റെ ഡെസ്ക്കിലെ ഒരു സുഹൃത്ത് പറഞ്ഞ വാക്കുകളായിരുന്നു അപ്പോഴും മനസ്സിൽ: "എടാ, നിന്നെ മൂപ്പർ ചിലപ്പോൾ മൈൻഡ് ചെയ്യില്ല. അതുകൊണ്ട് വിഷമമൊന്നും വേണ്ട. ഞാൻ ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ നാലഞ്ച് കൊല്ലായില്ലേ. മിക്കവാറും ദിവസം ന്നെ വഴിക്ക് കാണും മൂപ്പര്. ഇതേ വരേ ഒരു ചിരി ചിരിച്ചിട്ടില്ല്യ. നമ്മള് മുഖത്ത് നോക്കിയാ മൂപ്പര് വേറെന്തോ ചിന്തേലായിരിക്കും. അതാണ് അങ്ങേരുടെ ഒരു സമ്പ്രദായം. അതോണ്ട്, നിന്നെ ഒന്ന് മൈൻഡ് ചെയ്ത് കിട്ട്യാ തന്നെ വല്യ കാര്യം. ഇനി ഇല്ലെങ്കിലും ബേജാറാവണ്ട. നീ ഈ കവർ അവിടെ കൊണ്ടുചെന്ന് വെച്ച് സ്ഥലം വിട്ടോ..''

പക്ഷേ വെറുമൊരു എഴുത്താർത്ഥി (ആർത്തി എന്നും പറയാം) ആയിട്ടല്ലല്ലോ എന്റെ വരവ്. ഉറ്റ സുഹൃത്തായ എൻ പിയുടെ ശുപാർശയുമായാണ്. ഒരുമിച്ചൊരു നോവൽ എഴുതിയ ആൾക്കാരാണല്ലോ എം ടിയും എൻ പിയും. ആ ഗമയിൽ അങ്ങനെ ഇരിക്കുകയാണ് ഞാൻ. എം ടിയുടെ മുഖം ഇപ്പോഴും പത്രത്തിനപ്പുറത്ത് തന്നെ. ഇടക്ക് ആരൊക്കെയോ ഫോൺ വിളിക്കുന്നുണ്ട്. കാര്യമായ സംസാരമൊന്നുമില്ല. ഒരു ഹലോ, രണ്ടു മൂളൽ, നോക്കട്ടെ എന്നൊരു വാക്ക് .. ഇത്രയൊക്കെയേ ഉള്ളൂ. ഏകാഗ്രതക്ക് ഭംഗം വരുന്നതിലുള്ള അസ്വസ്ഥത മുഴുവനും പ്രതിഫലിക്കുന്നുണ്ട് ആ പ്രതികരണത്തിൽ.

ഫാനിന്റെ മുരൾച്ച ആസ്വദിച്ച് അക്ഷമനായി കാത്തിരിക്കേ, പൊടുന്നനെ വായന നിർത്തി പത്രം മേശപ്പുറത്തു മടക്കിവെച്ച് എന്റെ കൈയിൽ നിന്ന് കവർ വാങ്ങുന്നു എം ടി. എല്ലാം ഒറ്റയടിക്ക്. ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല എനിക്ക്. കവർ തുറന്ന് ലേഖനം പുറത്തെടുത്ത് വായിക്കുന്നതോടൊപ്പം അടുത്ത ബീഡിക്ക് തീകൊളുത്തുന്നു അദ്ദേഹം. കസേരയിൽ വിശാലമായി ചാരിയിരുന്നാണ് വായന. ഹൃദയമിടിപ്പ് കൂടുന്നത് അറിയുന്നുണ്ടായിരുന്നു ഞാൻ. ജീവിതത്തിലാദ്യമായി എം ടി എന്റെ ഒരു ലേഖനം വായിക്കുകയാണ്. എന്തായിരിക്കും പ്രതികരണം? എൻ പി യെ വിളിച്ച് അദ്ദേഹം പറയുമോ? "താനയച്ച ആൾ കൊള്ളില്ല ട്ടോ. സെലക്ഷൻ മോശം..'' അയ്യേ, നാണം കെട്ടുപോവില്ലേ?

പക്ഷേ, ഭയം അസ്ഥാനത്തായിരുന്നു. ലേഖനം മുഴുവൻ വായിച്ച് നീട്ടിയൊരു മൂളൽ. പിന്നെ മുന്നിലെ കെട്ടുകളിലൊന്നിന് മുകളിൽ അത് ഭദ്രമായി ചേർത്തുവെച്ചു അദ്ദേഹം. ഭാഗ്യം. കവറിൽ തന്നെയിട്ട് തിരിച്ചു തന്നില്ലല്ലോ. "അടുത്താഴ്ച കൊടുക്കാം.'' ആത്മഗതമെന്നോണം എം ടി പറയുന്നു. സ്വപ്നമോ മിഥ്യയോ എന്ന് വേർതിരിക്കാനാവാത്ത അവസ്ഥയിലായിരുന്നു ഞാൻ. എം ടി പത്രാധിപരായ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെ ഒരു ലേഖനം അച്ചടിച്ചു വരാൻ പോകുന്നു. ആനന്ദലബ്ധിക്കിനി എന്തുവേണം.

തീർന്നില്ല. എഴുന്നേറ്റു യാത്രപറയാനൊരുങ്ങിയ എന്നെ കൺപുരികങ്ങളുടെ ഒരു നേർത്ത ചലനം കൊണ്ട് അവിടെത്തന്നെ പിടിച്ചിരുത്തി എം ടി. എന്നിട്ട് പറഞ്ഞു: "രണ്ടാഴ്ച കഴിഞ്ഞാൽ റൊളാംഗ് ഗാരോയിൽ ഫ്രഞ്ച് ഓപ്പൺ തുടങ്ങുകയാണ്. ഒരു ഐറ്റം വേണം.''

ഇത്തവണ ശരിക്കും ഞെട്ടി. ഫ്രഞ്ച് ഓപ്പണിന്റെ കാര്യം ഞാൻ പോലും ഓർത്തിരുന്നില്ല. ഈ തിരക്കിനിടക്ക് ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ ഈ മനുഷ്യൻ? സംഭവം തന്നെ. എന്നെ ഞെട്ടിച്ചുകൊണ്ട് എം ടി തുടരുന്നു: "വിംബിൾഡണിൽ പാറ്റ് കാഷാണ് ജയിച്ചത്. ഫൈനലിൽ ഇവാൻ ലെൻഡൽ നേടും എന്നാണ് ഞാനൊക്കെ വിചാരിച്ചത്. കഷ്ടായി. അയാൾക്ക് ഗ്രാസ് കോർട്ട് അത്ര വഴങ്ങില്യ. അസാധ്യ ഫോർഹാൻഡും ബാക് ഹാൻഡുമാണ്. പക്ഷേ ഗ്രാസിൽ പന്തിന്റെ ബൗൺസ് ജഡ്ജ് ചെയ്യാൻ അറിയില്ല. അതാണ് പ്രശ്നം..''

എം ടി സംസാരിച്ചുകൊണ്ടേയിരിക്കുന്നു; ടെന്നീസ് വിദഗ്ദ്ധനെപ്പോലെ. അന്തംവിട്ട് കേൾക്കുകയാണ് ഞാൻ. "പക്ഷേ ക്ലേ കോർട്ടിൽ കളി മാറും. അവിടെ ലെൻഡലിനെ പിടിച്ചുകെട്ടുക അസാധ്യമാണ്. പാറ്റ് കാഷിനും മാറ്റ്സ് വിലാൻഡർക്കും ഒന്നും വലിയ സ്കോപ്പുണ്ടാവില്ല. യു എസ് ഓപ്പണിലും ചിലപ്പോൾ കഥ മാറും. ഹാർഡ് കോർട്ടല്ലേ..'' ഒരു നിമിഷം നിർത്തി എം ടി കൂട്ടിച്ചേർക്കുന്നു: "വലിയ സ്റ്റൈലിഷ് പ്ലേയർ എന്ന് പറയാൻ പറ്റില്ല ലെൻഡലിനെ. പക്ഷേ നല്ല അറ്റാക്കറാണ്. പാസിംഗ് ഷോട്ട്സ് ഒക്കെ കേമം...നിങ്ങൾക്ക് അതിനെ കുറിച്ചും മെൻഷൻ ചെയ്യാം.''

എല്ലാം കേട്ട് തരിച്ചിരിക്കുകയാണ് ഞാൻ. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന ഭാരതപ്പുഴയെ കുറിച്ചെഴുതാനാണ് എനിയ്ക്കിഷ്ടം എന്ന് പറഞ്ഞ മഹാസാഹിത്യകാരനാണോ റൊളാങ് ഗാരോയെയും ഫ്ളഷിംഗ് മെഡോയെയും ലെൻഡലിന്റെ ടോപ് സ്പിൻ സെർവിനെയും വിലാൻഡറുടെ ഗ്രൗണ്ട് സ്ട്രോക്ക്സിനെയും പാറ്റ് കാഷിന്റെ സെർവ് ആൻഡ് വോളി ഗെയിമിനെയും കുറിച്ച് വാചാലനാകുന്നത്. മുകളിലെ രണ്ടു കുടുക്കുകൾ തുറന്നിട്ട കുപ്പായവും ചുണ്ടിൽ ബീഡിയുമായി മുന്നിലിരിക്കുന്ന എഴുത്തുകാരനെ വെള്ള ടീ ഷർട്ടും ഷോർട്സുംമണിഞ്ഞു റാക്കറ്റ് ചുഴറ്റി കോർട്ടിലേക്ക് ഓടിയിറങ്ങുന്ന ചുറുചുറുക്കുള്ള ടെന്നീസ് കളിക്കാരനായി സങ്കല്പിക്കുകയായിരുന്നു എന്റെ മനസ്സ്. വെറുതെ ഒരു രസത്തിന്.

യാത്രപറഞ്ഞു തിരിച്ചുപോരുമ്പോൾ, ധൈര്യം സംഭരിച്ച് ഞാൻ പറഞ്ഞു: "സാർ വലിയൊരു ടെന്നീസ് ഫാനാണെന്ന് അറിഞ്ഞിരുന്നില്ല.'' ഇത്തവണ എം ടി ശരിക്കും ചിരിച്ചു. വിടർന്ന ചിരി. "ഫാൻ ഒന്നുമല്ല.'' അദ്ദേഹം പറഞ്ഞു. "കളി ഫോളോ ചെയ്യാറുണ്ട്. പണ്ട് മുതലേ. റോഡ് ലേവർ, ആർതർ ആഷ്, ബില്ലി ജീൻ കിംഗ്, ക്രിസ് എവർട്ട്... ആരും മോശക്കാരല്ല. പിന്നെ മക്കന്റോ... ഹിന്ദുവിൽ നിർമ്മൽ ശേഖർ എഴുതുന്ന റിപോർട്സ് വായിക്കാൻ രസമുണ്ട്. അയാൾ ഷേക്സ്പിയറിനെ ഒക്കെ ക്വോട്ട് ചെയ്തിട്ടാണ് എഴുതുക. മുൻപ് ബോബി തല്യാർഖാൻ എല്ലാ സ്പോർട്സിനെ കുറിച്ചും എഴുതീരുന്നു. മലയാളത്തിൽ നല്ല ടെന്നീസ് റിപ്പോർട്ടേഴ്സ് ഇല്ല എന്ന് തോന്നുന്നു..''

വർഷങ്ങൾക്ക് ശേഷം, എന്റെ ആദ്യ പുസ്തകം -- സോജാ രാജകുമാരി -- അളകാപുരിയിൽ വെച്ച് പ്രകാശിപ്പിക്കവേ എം ടി പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ട്: "സ്പോർട്സ്, സംഗീതം ഈ രണ്ടു കാര്യത്തിലാണ് രവിയുടെ താൽപ്പര്യം. ഈ രണ്ടു വിഷയങ്ങളും എനിക്കും വായിക്കാൻ താല്പര്യമുള്ള കാര്യങ്ങളാണ്. ഒരു കളിയും കളിച്ചിട്ടില്ലെങ്കിലും സ്പോർട്സിനെ പറ്റി വായിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. സംഗീതത്തെ പറ്റി ഒന്നും അറിയില്ലെങ്കിലും സംഗീതത്തെ പറ്റി എഴുതുന്നത് വായിക്കാൻ ഇഷ്ടമാണ്.''

മനസ്സിന്റെ കളിമൺ കോർട്ടിൽ എവിടെയോ ഒരു പന്ത് വീണുയരുന്നു. ഈ സെർവ് ആൻഡ് വോളി ഗെയിം അല്ലേ എം ടിയെ ഇന്നും മലയാളിയുടെ പ്രിയപ്പെട്ട കഥയെഴുത്തുകാരനായി നിലനിർത്തുന്നതും. കളി ഗ്രാസിലോ ക്ലേയിലോ സിമന്റ് കോർട്ടിലോ ആവട്ടെ, എം ടിയുടെ സെർവുകൾ ഇന്നും കിറുകൃത്യം. വായനക്കാരന്റെ ഹൃദയത്തിൽ ചെന്നു കൊള്ളുന്നു അവ.

Content Highlights: Ravi menon Writes about MT Vasudevan Nair, MT Vasudevan Nair Birth Day

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented