'ന്റെ ആദ്യ പ്രസാധകാ, നിനക്ക് നന്ദി'


രവിമേനോന്‍

3 min read
Read later
Print
Share

അപ്പോ അതാണ് പറഞ്ഞത്, കാവ്യനീതി എന്ന്. എന്റെയീ പുസ്തകത്തെ ആശീര്‍വദിക്കാന്‍ ആദ്യ പ്രസാധകന്‍ ജോയ് മാത്യുവോളം യോഗ്യത മറ്റാര്‍ക്കുണ്ട് ഭായീ? ജന്മം കൊണ്ട് തൃശൂര്‍ക്കാരനത്രെ മ്മടെ ജോയ് മാത്യു.

രവിമേനോൻ, ജോയ് മാത്യു

പുതിയ പുസ്തകത്തിന് ആശംസകള്‍ നേര്‍ന്നുള്ള വീഡിയോ അയച്ചുകിട്ടിയപ്പോള്‍ എന്റെ ചോദ്യം: 'അല്ല ജോയ് മാത്യു, ഇങ്ങക്ക് റഫി സാഹിബിന്റെ ഒരു പാട്ടും കൂടി പാടി ഇയിന്റെ തലപ്പത്ത് ഏച്ചുകൂട്ടിക്കൂടായിനോ? ഞെട്ടി പണ്ടാരടങ്ങിപ്പോയേനെ ങ്ങളെ ഫാന്‍സ്....''

നിമിഷനേരത്തെ മൗനം ഫോണിന്റെ മറുതലയ്ക്കല്‍. പിന്നെ കൊയ്ക്കോടന്‍ സ്ലാങ്ങില്‍ വെടിയുണ്ട കണക്കേ മറുപടി: 'അപ്പൂതി മനസ്സില്‍ വെച്ചേക്ക് മേന്‍നേ.. ന്നിട്ട് വേണം പോണോട്‌ത്തെല്ലാം ആള്‍ക്കാര് ന്നെക്കൊണ്ട് റാഫീന്റെ പാട്ട് പാടിക്കാന്‍. മ്മള് കാര്യായിട്ട് എന്തെങ്കിലും പ്രസംഗിക്കുമ്പോ ഓല് വിളിച്ചുപറയും, ജോയേട്ടാ ബഡായി നിര്‍ത്തി ഒരു പാട്ട് പാടിക്കോളീന്ന്. കല്യാണവീട്ടില്‍ ചെന്നാ ഹാപ്പി സോംഗ്, മരണവീട്ടി ചെന്നാ പാത്തോസ് സോംഗ്. ബേണ്ട മേന്‍നേ. മ്മള് ഇങ്ങനെ ജീവിച്ചു പോണത് അനക്ക് പിടിക്കിണില്ല അല്ലേ...''
തുടര്‍ന്ന് ദിഗന്തം പൊട്ടുമാറുള്ള ആ ട്രേഡ് മാര്‍ക്ക് ചിരി. ടിപ്പിക്കല്‍ ജോയ് ഹാസം.

ആദ്യമായി ഈ വിദ്വാനെ കണ്ട നിമിഷങ്ങള്‍ ഓര്‍ക്കുകയായിരുന്നു ഞാന്‍. കോഴിക്കോട്ടെ മിട്ടായിത്തെരുവിന്റെ ഇങ്ങേയറ്റത് പഴയ കിഡ്‌സണ്‍ കോര്‍ണറില്‍ ഒരു പറ്റം താടി--ബീഡി--ജുബ്ബക്കാര്‍ക്കിടയില്‍ കയ്യും കലാശവും കാട്ടിനിന്ന ചുരുളന്‍മുടിക്കാരന്‍ ജീന്‍സ് ധാരിയെ ചൂണ്ടിക്കാണിച്ചു തന്നത് സുഹൃത്ത് ലത്തീഫാണ്. 'ഓനെ അറിയോ? സില്‍മാ നടനാ. ജോയ് മാത്യു.''
ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' സിനിമ കണ്ടിട്ടില്ല അന്ന്. അവാര്‍ഡ് സിനിമ എന്ന് കേട്ടാല്‍ തല്‍ക്ഷണം വണ്ടിയുടെ റൂട്ട് മാറ്റി പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുന്ന കാലമാണ്. അതുകൊണ്ടുതന്നെ ലത്തീഫിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നി. മോഹന്‍ലാലും മമ്മുട്ടിയുമൊക്ക കത്തിക്കയറി വരുന്ന സമയം. ഇച്ചെക്കനാണെങ്കില്‍ താരപരിവേഷം തീരെയില്ല. മൊത്തത്തില്‍ ഒരു 'കൊസറ' ലുക്ക്. എങ്കിലും വേണു നാഗവള്ളി സ്‌റ്റൈലില്‍ ഒരു വിഷാദ കാമുകനാക്കാന്‍ കൊള്ളാമെന്ന് ഉള്ളില്‍ തോന്നി. അതല്ല സത്യമെന്നും യഥാര്‍ത്ഥത്തില്‍ ആളൊരു ക്ഷുഭിത നായകനാണെന്നും മനസ്സിലായത് കുറച്ചുകാലം കഴിഞ്ഞ് അമ്മ അറിയാന്‍ കണ്ടപ്പോഴാണ്.

മൂന്ന് മൂന്നര പതിറ്റാണ്ടിനിപ്പുറം നിന്നുകൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ അന്നത്തെ ആ തുടക്കക്കാരന്റെ പിന്നീടുള്ള വളര്‍ച്ച വിസ്മയകരം. നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍ എന്ന നിലയിലും എഴുത്തുകാരന്‍ എന്ന നിലയിലും ജ്വലിച്ചു നില്‍ക്കുന്നു ഇന്ന് കോഴിക്കോട്ടുകാരുടെ ജോയേട്ടന്‍. 'എടപെട്ടാളയും ഞാന്‍' എന്ന ഭീഷണിയുമായി കേരളത്തിലെ സാമൂഹ്യ,സാംസ്‌കാരിക, രാഷ്ട്രീയ വയലേലകളുടെ വരമ്പത്തുമുണ്ട് മൂപ്പരുടെ നിതാന്ത സാന്നിധ്യം.

കാലത്തിന്റെ കാവ്യനീതിയാണ് എന്റെ പുതിയ പുസ്തകത്തിനുള്ള ജോയിയുടെ ആശംസ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വിധിനിയോഗം എന്നും പറയാം. കാരണം ലളിതം: എന്റെ എഴുത്തുജീവിതത്തിലെ കന്നി പ്രസാധകനാണ് സാക്ഷാല്‍ ശ്രീമാന്‍ ജോയ് മാത്യു. ഞാനറിയാതെ തന്നെ എന്നെ ഡീഗോ മാറഡോണയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ ഗ്രന്ഥത്തിന്റെ കര്‍ത്താവാക്കി മാറ്റിയ കട്ടബൊമ്മന്‍. 'മലര്‍പ്പൊടിക്കാരന്റെ മാറഡോണ'' എന്ന രസികന്‍ കുറിപ്പില്‍ അക്കഥ വിവരിച്ചിട്ടുണ്ട് മൂപ്പര്‍.

മാറഡോണയെ കുറിച്ചൊരു നെടുങ്കന്‍ ലേഖനം വേണം എന്ന് പറഞ്ഞുകൊണ്ട് 1987 ലെ ഒരുച്ചക്ക് തൊണ്ടയാട്ടെ കേരളകൗമുദി ഓഫീസില്‍ ടിയാന്‍ വന്നുകയറിയ ദിവസം ഇന്നുമുണ്ട് ഓര്‍മ്മയില്‍. എന്റെ കളിയെഴുത്തിന്റെ ഖ്യാതി കേട്ടറിഞ്ഞിട്ടൊന്നുമല്ല വരവ്. ഇരുവരുടെയും സുഹൃത്തായ എ സജീവന്റെ ശുപാര്‍ശപ്രകാരം. ലേഖനം മിന്നല്‍വേഗത്തില്‍ എഴുതിക്കൊടുത്തെങ്കിലും പിന്നീടതിനെ കുറിച്ച് വിവരമൊന്നുമില്ല. കൊടുത്ത കാര്യം ഞാന്‍ തന്നെ മറന്നു.

അങ്ങനെയിരിക്കെ ഒരു നാള്‍ പാളയത്തെ കൈരളി ബുക്ക്സ്റ്റാളില്‍ ചെന്നപ്പോള്‍ ദേണ്ടെയിരിക്കുന്നു മാറഡോണയെക്കുറിച്ചൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൈപ്പുസ്തകം. കൊള്ളാമല്ലോ എന്ന് തോന്നി. മാറഡോണയുടെ കട്ട ഫാനാണല്ലോ അന്ന് നമ്മള്‍. അഞ്ചു രൂപയേ മുടക്കേണ്ടിവന്നുള്ളു, വിദ്യാരംഭംകാര്‍ പുറത്തിറക്കിയിരുന്ന വിസ്തൃത മനഃപാഠത്തിന്റെ വലിപ്പവും ലുക്കുമുള്ള ആ കൊച്ചുപുസ്തകം സ്വന്തമാക്കാന്‍. താമസിക്കുന്ന ഹോസ്റ്റലില്‍ തിരികെ വന്നു ലവനെ മറിച്ചുനോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. എന്റെ ലേഖനമിതാ അതില്‍ നിന്ന് എന്നെ നോക്കി പല്ലിളിക്കുന്നു. ചില്ലറ കൂട്ടിച്ചേര്‍ക്കലുകളൊക്കെയുണ്ടെങ്കിലും ഗ്രന്ഥത്തിന്റെ 'അന്തര്‍ധാര' എന്റെ രചന തന്നെ. എഴുത്തുകാരന് ക്രെഡിറ്റൊന്നുമില്ല. പ്രസാധകസ്ഥാപനത്തിന്റെ പേരു മാത്രം.

സ്വന്തം രചന പണം മുടക്കി വാങ്ങേണ്ടി വന്നതില്‍ ചെറിയൊരു ചമ്മലും അസ്‌കിതയും തോന്നിയെന്നത് സത്യം. എങ്കിലും ഇന്നോര്‍ക്കുമ്പോള്‍ ആ പുസ്തകത്തിനും അതിന്റെ പ്രസാധകനും രാശിയുണ്ടെന്ന് പറയാതെ വയ്യ. 'മാറഡോണ' യില്‍ നിന്ന് ഇടതു വലതു വിംഗുകളിലൂടെ പന്തുമായി മുന്നേറിത്തുടങ്ങിയ ജോയ് മാത്യു പിന്നെ നൂറ്റി ഇരുപതോളം കിണ്ണം കാച്ചിയ പുസ്തകങ്ങളുടെ പ്രസാധകനായി മാറി. ഞാനാകട്ടെ ഞാന്‍ പോലും സങ്കല്പിക്കാത്ത തരത്തില്‍ 18 പുസ്തകങ്ങളുടെ കര്‍ത്താവും. 'യാദ് ന ജായേ' എന്ന റഫിപ്പുസ്തകം ആ നിരയിലെ പത്തൊമ്പതാമത്തെ ഉരുപ്പടിയാണ്. മാറഡോണക്ക് നന്ദിപറയാതെ പറ്റുമോ?

RAFI
പുസ്തകം വാങ്ങാം

അപ്പോ അതാണ് പറഞ്ഞത്, കാവ്യനീതി എന്ന്. എന്റെയീ പുസ്തകത്തെ ആശീര്‍വദിക്കാന്‍ ആദ്യ പ്രസാധകന്‍ ജോയ് മാത്യുവോളം യോഗ്യത മറ്റാര്‍ക്കുണ്ട് ഭായീ? ജന്മം കൊണ്ട് തൃശൂര്‍ക്കാരനത്രെ മ്മടെ ജോയ് മാത്യു. പക്ഷേ കര്‍മ്മം കൊണ്ടും ധര്‍മ്മം കൊണ്ടും കയ്യിലിരിപ്പ് കൊണ്ടും കൊയ്ക്കോട്ടുകാരനാണ് മൂപ്പര്‍ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. സൗഹൃദങ്ങളുടെ ടിപ്പു സുല്‍ത്താന്‍. എന്തിലും ഏതിലും തമാശ കാണുന്ന സഹൃദയന്‍. അനീതി ഏടെക്കണ്ടാലും കേറി എടപെട്ടളയുന്ന രാമദാസന്‍ വൈദ്യര്‍. പാട്ടിനോടും പന്തുകളിയോടും സാഹിത്യത്തോടും സ്‌നേഹമുള്ള മതാതീതനായ ഒരു യോഗിവര്യന്‍. സുജായി.

ഇനിയും പുകഴ്ത്തിയാല്‍ ജോയ് മാത്യു പൊറുക്കൂല. കൊന്നളയും എന്നെ. നിര്‍ത്തട്ടെ. നന്ദി ജോയ് മാഷേ, സ്‌നേഹത്തില്‍ കുതിര്‍ന്ന ഈ നല്ല വാക്കുകള്‍ക്ക്..


'യാദ് ന ജായേ' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Ravi Menon, Mohammed Rafi, Joy Mathew, Mathrubhumi Books

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Cartoonist Sukumar

4 min

അന്ന് സുകുമാര്‍ പറഞ്ഞു; 'സങ്കടങ്ങളില്‍ ചിരിയാണ് പറ്റിയ മരുന്ന്'

Sep 30, 2023


La Malinche

4 min

ലാ മലിന്‍ചെ-വീരവനിതയെന്നും വഞ്ചകിയെന്നും മെക്‌സിക്കോ; പരിഭാഷകൊണ്ട് പാലംതീര്‍ത്ത ഗോത്രവര്‍ഗ പെണ്‍കൊടി

Sep 30, 2023


urub

2 min

അനശ്വരനായ ഉറൂബ്

Jun 8, 2021

Most Commented