പുലി ഗോപിയാണ് കേട്ടാ! കൂർക്കംവലിയുടെ സ്വരഭേദങ്ങൾ കൃത്യമായി ഉപയോഗിക്കേണ്ട വിധം!


രമേഷ് പിഷാരടി

8 min read
Read later
Print
Share

രമേഷ് പിഷാരടി/ ഫോട്ടോ: സുനിൽകുമാർ സി

രമേഷ് പിഷാരടി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ചിരി പുരണ്ട ജീവിതങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുള്ള ഏതാനും ഭാഗങ്ങള്‍.

പുലി ഗോപിയാണ് കേട്ടാ!

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ നായകരാകുന്ന അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അതിന്റെ സംവിധായകന്‍ നാദിര്‍ഷയെ കണ്ടു. ഇന്നു വളരെ പ്രശസ്തരായ ചില താരങ്ങള്‍ അവരുടെ ആത്മകഥയെഴുതിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കുന്ന പേര് നാദിര്‍ഷയുടേതായിരിക്കും. ജോജി എന്നൊരു പാട്ടുകാരന്‍ നാദിര്‍ഷയെ 'തുമ്പ' റോക്കറ്റ് വിക്ഷേപണകേന്ദ്രത്തോടാണ് ഉപമിച്ചത്; അവിടെനിന്നും ഒരുപാടു റോക്കറ്റുകള്‍ വലിയ വലിയ ഉയരങ്ങള്‍ കീഴടക്കി അങ്ങ് ബഹിരാകാശംവരെയെത്തി. എന്നാല്‍ 'തുമ്പ' കേരളത്തില്‍ത്തന്നെ. പ്രസ്തുത തുമ്പയില്‍നിന്നു വിക്ഷേപണത്തിനൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും ഒരു പഴയ കഥ ഞങ്ങള്‍ ഓര്‍ത്തെടുത്തു.
ഗോപി എന്നൊരു ഡ്രൈവറുണ്ടായിരുന്നു നാദിര്‍ഷയ്ക്ക്. ആള് സര്‍വസമ്മതനാണ്. ഒരു പരിധിവരെ കേരളത്തിനു വാളയാര്‍ ചെക്ക്പോസ്റ്റുപോലെയായിരുന്നു നാദിര്‍ഷയ്ക്കു ഗോപി. അദ്ദേഹത്തിന്റെ കണ്ണുവെട്ടിച്ച് നാദിര്‍ഷയുടെ അടുത്തെത്താന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

'ദേ മാവേലി കൊമ്പത്ത്' എന്ന കാസറ്റിന്റെ റെക്കോഡിങ് നടക്കുന്ന സമയം. ഒരു പാരഡിഗാനത്തിന്റെ വരിയില്‍ അല്പം മാറ്റം വരുത്തുവാന്‍ നാദിര്‍ഷയും കലാകാരന്മാരും റെക്കോഡിങ് നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്കിരുന്നു. സ്റ്റുഡിയോകളുടെ നിയമപ്രകാരം റെക്കോഡിങ് നടന്നാലും ഇല്ലെങ്കിലും ഓരോ മണിക്കൂറിനും വാടക കൊടുക്കണം. കറന്റും എ.സിയും എല്ലാം ചേര്‍ത്താണ് വാടക. നാദിര്‍ഷ പുറത്തിറങ്ങി പാട്ടിനു വരിയാലോചിക്കുന്ന സമയം. അകത്ത് ഓണ്‍ ചെയ്തുവെച്ചിരിക്കുന്ന എ.സി. എങ്ങനെയും മുതലാക്കണം എന്ന ചിന്തയുമായി ഗോപിച്ചേട്ടന്‍ സ്റ്റുഡിയോയിലെ റെക്കോഡിങ് ബൂത്തില്‍ കിടന്നുറങ്ങി...ഉച്ചയുറക്കം ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ ഡിജിറ്റല്‍ ഡോള്‍ബി സൗണ്ടില്‍ ഗോപിച്ചേട്ടന്‍ തന്റെ പതിവുകൂര്‍ക്കംവലി തുടങ്ങി. ചര്‍ച്ച കഴിഞ്ഞ് ഞങ്ങള്‍ വരുമ്പോള്‍ കേള്‍പ്പിച്ചുതരിക എന്ന ഉദ്ദേശ്യത്തോടെ റെക്കോഡിസ്റ്റ് പയ്യന്‍ അല്പസമയം ആ കൂര്‍ക്കംവലി റെക്കോഡും ചെയ്തു.

ഉറങ്ങിയെഴുന്നേറ്റ ഗോപിച്ചേട്ടന്‍ ആദ്യമായി സ്വന്തം കൂര്‍ക്കംവലി കേട്ടു. ഒരുപാടു തവണ ഞങ്ങളെല്ലാവരും അതു കേട്ട് പൊട്ടിച്ചിരിച്ചു. കാസറ്റിന്റെ റെക്കോഡിങ് കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. പിന്നീട് മറ്റു പല ആവശ്യങ്ങള്‍ക്കായി ആ സ്റ്റുഡിയോയില്‍ പോയപ്പോഴും അവിടത്തെ കംപ്യൂട്ടറില്‍ സൂക്ഷിച്ചുവെച്ചിരുന്ന ഗോപിച്ചേട്ടന്റെ കൂര്‍ക്കംവലിയുടെ ശബ്ദം ഞാന്‍ വെറുതേ കേള്‍ക്കുമായിരുന്നു.

ഏകദേശം രണ്ടു വര്‍ഷത്തിനുശേഷം എറണാകുളത്ത് ഞാന്‍ ബസ് കാത്തുനില്ക്കുമ്പോള്‍ അവിടെ നിര്‍ത്തിയിട്ട ജീപ്പില്‍ കെട്ടിവെച്ച സ്പീക്കറിലൂടെ ജംമ്പോ സര്‍ക്കസിന്റെ അനൗണ്‍സ്മെന്റ്. 'മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ ജംബോ സര്‍ക്കസ് റഷ്യന്‍ കലാകാരന്മാരുടെ മാസ്മരികപ്രകടനങ്ങള്‍... സിംഹം, കടുവ, കരടി തുടങ്ങിയ വന്യമൃഗങ്ങള്‍.' ഇത്രയും പറഞ്ഞശേഷം കടുവ കരയുന്ന ഒരു ശബ്ദവും. ബസ് വന്നിട്ടും കയറിപ്പോകാതെ ഞാന്‍ അവിടെ നിന്ന് രണ്ടുമൂന്നു തവണ ആ അനൗണ്‍സ്മെന്റ് കേട്ടു. ജീപ്പിനടുത്തു ചെന്ന് അതിലിരുന്ന ആളോട് ഇത് എവിടെയാണ് റെക്കോഡ് ചെയ്തത് എന്നു ചോദിച്ചു. ഹിന്ദിയില്‍ അയാള്‍ മറുപടി പറഞ്ഞു. മലയാളത്തിലുള്ള ഈ അനൗണ്‍സ്മെന്റ് ഇവിടെത്തന്നെയുള്ള ഏതോ സ്റ്റുഡിയോയില്‍ റെക്കോഡ് ചെയ്തതാണ്.

ഞാന്‍ നേരേ സ്റ്റുഡിയോയിലേക്കു വിളിച്ചു. റെക്കോഡിസ്റ്റ് പയ്യന്‍ പറഞ്ഞു, 'ചേട്ടാ, സര്‍ക്കസ്‌കാര് ഇവിടെ വന്ന് അനൗണ്‍സ്മെന്റിനിടയില്‍ കടുവയുടെയും പുലിയുടെയുമൊക്കെ ശബ്ദം വേണം എന്നു പറഞ്ഞു; ചേട്ടനു തോന്നിയത് ശരിയാ, അവിടെ കേള്‍ക്കുന്നത് പുലിയുടെ ശബ്ദമല്ല, ഗോപിച്ചേട്ടന്റെ കൂര്‍ക്കംവലിയാ!'
പുലി ഗോപിയാണ് കേട്ടാ!

നിലമറന്ന് എണ്ണ തേച്ചാലും...

'നല്ല തമാശയാണെങ്കില്‍ മാത്രം പറയുക, അല്ലെങ്കില്‍ തമാശ പറയാതിരിക്കുക.' ദേശീയ അവാര്‍ഡ് ജേതാവ് സലിംകുമാറിന്റെ വാക്കുകളാണിത്. എന്റെ ആദ്യ ടെലിവിഷന്‍ പരിപാടി അദ്ദേഹത്തോടൊപ്പമായിരുന്നു. യാദൃച്ഛികമായി അതിന്റെ സ്‌ക്രിപ്റ്റെഴുത്തിലും ഭാഗമായി. തിരുവനന്തപുരം തംബുരു ടൂറിസ്റ്റ് ഹോമില്‍ വെച്ച് അന്നുപറഞ്ഞ വാക്കുകള്‍ പരമാവധി പാലിക്കാനും ശ്രമിക്കാറുണ്ട്. മറ്റൊരാള്‍ നമുക്കുവേണ്ടി എഴുതുന്ന തിരക്കഥയില്‍ ഈ തത്ത്വങ്ങളൊന്നും പ്രായോഗികവുമല്ല... അന്നുമുതല്‍ നല്ലൊരു തമാശ കേട്ടാല്‍ അത് സലീമേട്ടനോടു പങ്കുവെക്കാറുമുണ്ട്.

സിനിമയില്‍ ഒരു നായികയുടെ കല്യാണം മുടങ്ങിയിരിക്കുമ്പോള്‍ 'എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍,' എന്നും നായകന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ 'അദ്ദേഹം അത്യാഗ്രഹവാര്‍ഡില്‍ കിടക്കുകയാണ്' എന്നൊക്കെ സലീമേട്ടന്‍ വെച്ചുകാച്ചുന്നത് കേട്ടിട്ടില്ലേ? ജീവിതത്തിലും അദ്ദേഹം അങ്ങനെയാണ്. ഏറ്റവും ഗൗരവതരമായ സാഹചര്യങ്ങളിലും ഒരു തമാശ കൈയില്‍ക്കിട്ടിയാല്‍ അത് പാഴാക്കാറില്ല.

ഞാനുള്‍പ്പെടുന്ന പുതുമുഖങ്ങളെ വെച്ച് അദ്ദേഹം ആരംഭിച്ച ട്രൂപ്പിന്റെ ഓഫീസ് സലീമേട്ടന്റെ വീടുതന്നെയായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ബസ്സുകള്‍ ഓടിത്തുടങ്ങുന്ന സമയംവരെ എത്രയോ തവണ ഞാന്‍ ആ വീട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ട്.
പിന്നീട് മിമിക്സ് പരേഡ് ട്രൂപ്പ് നിര്‍ത്തി നാടക ട്രൂപ്പ് തുടങ്ങി...
ഇതു രണ്ടും തുടങ്ങിയശേഷമാണ് അദ്ദേഹം ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്നു ചിന്തിച്ചുതുടങ്ങിയത്. സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായി സലീമേട്ടന്‍ മാറി.

നോര്‍ത്ത് പറവൂരില്‍നിന്നും എറണാകുളത്തേക്കു താമസം മാറാന്‍ സിനിമയിലുള്ള പല സുഹൃത്തുക്കളും അദ്ദേഹത്തെ നിര്‍ബന്ധിച്ചു. എന്നാല്‍ പുതിയ ഒരു വീട് സ്വന്തം നാട്ടില്‍ത്തന്നെ നിര്‍മിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഒരിക്കല്‍ സലീമേട്ടന്‍ പറഞ്ഞു, 'ഞാന്‍ നന്നാവണം എന്നാഗ്രഹിച്ച ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ട്. നല്ല കാലം വരുമ്പോള്‍ ഞാന്‍ മറ്റൊരിടത്തേക്കു മാറുന്നത് ശരിയല്ല. അവര്‍ കാണട്ടെ. സന്തോഷിക്കട്ടെ! ഞാന്‍ നശിച്ചുപോണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. അവരും കാണട്ടെ, ദുഃഖിക്കട്ടെ.'

സ്ഥലം വാങ്ങി അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം കണക്കാക്കി ഒരു പ്ലാന്‍ വരച്ചു. സാമാന്യം നല്ല രണ്ടുനിലവീട്... പണി തുടങ്ങി പകുതിയായപ്പോള്‍ സലീമേട്ടന്റെ ബാല്യകാലസുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഒരാള്‍ വലിയ ഒരു പ്രശ്നം ചൂണ്ടിക്കാട്ടി. പുതിയ വീടിന് അല്പം അടുത്തായി ഒരു അമ്പലമുണ്ട്. സാധാരണഗതിയില്‍ അമ്പലങ്ങളുടെ തൊട്ടടുത്തായി ആരും രണ്ടുനിലവീടു വെക്കാറില്ല. കാരണം, അമ്പലത്തെക്കാള്‍ പൊക്കം വീടിനു വന്നാല്‍ അത് ദൈവത്തിന് ഇഷ്ടപ്പെടില്ലത്രേ.

ഇങ്ങനെയൊരു നിയമം തുടക്കത്തിലേ അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും ചെയ്യാം. ഇതിപ്പോള്‍ പണി പകുതിയായി. അഭ്യുദയകാംക്ഷി എല്ലാ ദിവസവും വന്ന് രണ്ടാംനില പൊട്ടിക്കുന്നതിനെപ്പറ്റി ക്രിയാത്മകമായ ഉപദേശങ്ങള്‍ കൊടുക്കുകയും ചെയ്യും.

'നമുക്ക് ഈ വീട് വല്ല അന്യമതസ്ഥനും മറിച്ചുവിറ്റാലോ? അന്യമതസ്ഥരെ ശിക്ഷിക്കാന്‍ നമ്മുടെ ദൈവങ്ങള്‍ക്ക് അധികാരമില്ല. അഥവാ അങ്ങനെ സംഭവിച്ചാലും അവരെ രക്ഷിക്കാന്‍ അവരുടെ ദൈവമുണ്ട്. നിന്നെ രക്ഷിക്കാന്‍ ആരുണ്ട്. ഒന്നുകൂടെ ആലോചിച്ചു നോക്കൂ.' കൂട്ടുകാരന്റെ ഈ വാക്കുകള്‍ കേട്ട് സലീമേട്ടന്‍ പറഞ്ഞു:
'എന്തെങ്കിലും ദോഷമുണ്ടെങ്കില്‍ അത് മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കുന്നത് ശരിയല്ല. ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന ദൈവത്തിന് ഒരു പാവം സലിംകുമാര്‍ അധ്വാനിച്ചുണ്ടാക്കിയ പൈസകൊണ്ട് രണ്ടുനിലവീടു വെക്കുന്നതിന് ഈഗോ വരേണ്ട ആവശ്യവുമില്ല. ദൈവത്തിന് എന്നെ അറിയാം.'

ഈ ഉത്തരം കേട്ട് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ജോലി ചെയ്യുന്ന അഭ്യുദയകാംക്ഷി തൃപ്തനല്ലാതെ മടങ്ങി. പുതിയ വീട്ടില്‍ താമസം തുടങ്ങി അധികം താമസിയാതെ സലീമേട്ടന് ദേശീയ അവാര്‍ഡ് ലഭിച്ചു. ഓസ്‌കാര്‍ നോമിനേഷന്റെ പടിവാതിലിലെത്തി.

പിന്നീട് ഒരു ദുരന്തമുണ്ടായി, 2018-ലെ വെള്ളപ്പൊക്കം. പറവൂര്‍പ്രദേശങ്ങളില്‍ ഒരുനിലപ്പൊക്കത്തില്‍ കിലോമീറ്ററുകളോളം വെള്ളം കയറി. കൂട്ടത്തില്‍ സലീമേട്ടന്റെ വീട്ടിലെയും ഗൃഹോപകരണങ്ങളും മറ്റും വെള്ളത്തിനടിയിലായി.

രണ്ടാംനിലയില്‍ ഒരുപാടു പേര്‍ അഭയം പ്രാപിച്ചു. പൊളിക്കാന്‍ പറഞ്ഞ സലീമേട്ടന്റെ വീട്ടിലെ അതേ രണ്ടാംനിലയില്‍നിന്ന് അഭ്യുദയകാംക്ഷി പ്രാര്‍ഥിച്ചു: 'ദൈവമേ ഒരു ബോട്ടോ ഹെലിക്കോപ്റ്ററോ എത്രയും പെട്ടെന്നയയ്ക്കണേ...'

പൈസ നാളെ തന്നാല്‍ മതി!

ബാല്യം നിഷ്‌കളങ്കവും സുന്ദരവും ആവുന്നതിന് പ്രധാന കാരണം ലോണ്‍ ഇല്ലാത്തതാണ്. സംശയമുണ്ടെങ്കില്‍ ഏതെങ്കിലും കുട്ടികളോട് മൊറട്ടോറിയം എന്നു പറഞ്ഞുനോക്കൂ, അവര്‍ക്കത് മനസ്സിലാവുകപോലുമില്ല.
കടം വാങ്ങാതെ ജീവിച്ചുമരിച്ച ആരെങ്കിലുമുണ്ടോ എന്നറിയില്ല. ഒരു കാര്‍ വാങ്ങിയിട്ട്, ആ കാറിനുവേണ്ടി അഞ്ചുവര്‍ഷം പണിയെടുത്തവനാണ് ഞാന്‍.
ഞാന്‍ ഉണ്ടില്ലെങ്കിലും പെട്രോള്‍ അടിക്കണമായിരുന്നു, ഞാന്‍ ഉടുത്തില്ലെങ്കിലും EMI അടയ്ക്കണമായിരുന്നു. വിമാനം വാങ്ങിയ വിജയ് മല്യയുടെ വിഷമം എനിക്കു മനസ്സിലാവും.

ഒരു രൂപയും രണ്ടു രൂപയുമൊക്കെ ചെറിയ തോതില്‍ കടം വാങ്ങി രംഗത്തേക്കിറങ്ങിയ ആളാണ് ദാസന്‍ചേട്ടന്‍. ഒരുപാടു പണികള്‍ അറിയാവുന്ന ആളായിരുന്നു ദാസന്‍. അതുകൊണ്ടുതന്നെ ഒരു പണിയും കൃത്യമായും വൃത്തിയായും ചെയ്തിരുന്നില്ല. റബ്ബര്‍ വെട്ടാന്‍ പോകുന്ന ദാസന്‍ചേട്ടന് പെയിന്റടിക്കാന്‍ പോകുന്നതാണ് അതിലും ലാഭം എന്നു തോന്നും.

പെയിന്റടിച്ചു പകുതിയാവുമ്പോള്‍ പൊറോട്ടയടിക്കുന്നത് ലാഭകരമാണെന്നു തോന്നും. പക്ഷേ, ഡ്രൈവിങ്ങറിയാവുന്ന ആള്‍ എന്തിന് പൊറോട്ടയടിക്കണം, ഇങ്ങനെ ചിന്തിക്കുമ്പോള്‍ ദാസന്‍ചേട്ടന് തലവേദന വരും. അപ്പോള്‍ കള്ളു കുടിക്കണം. അതിനു പൈസ വേണം. പിന്നെ കടം വാങ്ങുകയല്ലാതെ വേറെ വഴിയില്ല. പലചരക്കുകടയില്‍ കടം പെരുകിയപ്പോള്‍ അതിനു മുന്നിലൂടെയുള്ള നടത്തം അവസാനിപ്പിച്ചു. പച്ചക്കറിക്കടയുടെ മുന്നിലൂടെയായി ഷാപ്പിലേക്കുള്ള പോക്ക്. പക്ഷേ, പച്ചക്കറിക്കടയില്‍ കടം ആയിരം രൂപ കഴിഞ്ഞപ്പോള്‍ അതിലെയും പോകാന്‍ പറ്റാതെയായി. ആ ജങ്ഷനിലെ എല്ലാ കടകളും ഏകദേശം അടുത്താണ്. രണ്ടു ബില്‍ഡിങ്ങുകളിലായി പലപല വ്യാപാരസ്ഥാപനങ്ങള്‍. ഇതില്‍ ഒന്നിന്റെ രണ്ടാംനിലയിലാണ് പോസ്റ്റോഫീസ്. പല വഴികളിലൂടെയും മറ്റു കടക്കാര്‍ കാണാതെ ആ ജങ്ഷന്‍വഴി ദാസേട്ടന്‍ യാത്ര ചെയ്യുമായിരുന്നു.

ലളിതച്ചേച്ചിയുടെ ഒന്നരപ്പവന്‍ മാല കുളത്തില്‍ പോയ ദിവസം പഞ്ചായത്ത് മെമ്പര്‍ മാത്യുച്ചേട്ടന്‍ എല്ലാവരോടുമായി ചോദിച്ചു, 'ഇവിടെ മുങ്ങാന്‍ അറിയാവുന്ന ആരെങ്കിലുമുണ്ടോ?' അതിന് ഉത്തരം പറഞ്ഞത് പച്ചക്കറിക്കടക്കാരന്‍ ദേവസ്യയാണ്. 'ദാസന്‍ മുങ്ങും സാറേ.' മാല പോയ സങ്കടത്തിലും ലളിതച്ചേച്ചിവരെ ചിരിച്ചുപോയി.

എല്ലാ വ്യക്തികളില്‍നിന്നും ഒട്ടുമിക്ക കടകളില്‍നിന്നും കടം വാങ്ങി ദാസേട്ടന് വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയായി. ആയിടയ്ക്ക് പോസ്റ്റോഫീസില്‍ ദാസേട്ടന് ഒരു കത്തു വന്നു. അതൊന്നു ചെന്ന് വാങ്ങണം. രണ്ടു തവണ പോസ്റ്റുമാന്‍ വീട്ടില്‍ വന്ന് വിളിച്ചപ്പോഴും കടക്കാരാണെന്നു കരുതി ദാസന്‍ വാതില്‍ തുറന്നില്ല. ഇനിയിപ്പോള്‍ പോസ്റ്റോഫീസില്‍ പോയി കത്തു വാങ്ങുകയല്ലാതെ വേറെ വഴിയില്ല. രണ്ടാംനിലയിലെ പോസ്റ്റോഫീസിലേക്കു കയറുന്ന സ്റ്റെയര്‍കെയ്സിനടിയില്‍ ഒരു ചെറിയ കടമുറിയുണ്ട്. അവിടെ കിടക്ക തുന്നി വില്ക്കുന്ന ഒരു ചേട്ടന്‍, അയാളുടെ പേര് ഓര്‍മയില്ല. 'മൊത്തവ്യാപാര വിലയില്‍ മെത്ത' എന്ന ബോര്‍ഡ് എഴുതിയത് 'മെത്തവ്യാപാരവിലയില്‍ മൊത്ത' എന്നെഴുതിയതിന്റെ പേരില്‍ ബോര്‍ഡ് ഇല്ലാതായ കടയാണിത്.
മറ്റെല്ലാ കടക്കാരുടെയും കണ്ണുവെട്ടിച്ച് പത്തിരുപത്തയ്യായിരം രൂപ കടക്കാരനായ ദാസന്‍ചേട്ടന്‍ പോസ്റ്റോഫീസിലെത്തി. കത്തു കൈപ്പറ്റി. 'ഇതിന്റെ 14 കോപ്പി 14 ദിവസത്തിനകം 14 പേര്‍ക്ക് അയച്ച ആന്ധ്രാപ്രദേശിലെ രാമേശ്വരറാവുവിന് ലോട്ടറിയടിച്ചു' എന്നും, 'ഈ കത്ത് കീറിക്കളഞ്ഞ മഹാരാഷ്ട്രയിലെ അമീര്‍ഖാനെ പാമ്പുകടിച്ചു' എന്നും പറഞ്ഞ ഒരു കത്ത്. നിരാശനായി പടിയിറങ്ങിവന്ന ദാസേട്ടനോട് കിടക്ക തുന്നുന്ന ആള്‍ വന്നു ചോദിച്ചു, 'വേറെ ഒരാള്‍ വന്ന് ഓര്‍ഡര്‍ തന്നതിന്റെ പേരില്‍ തുന്നിവെച്ച ഒരു കിടക്കയുണ്ട്, അയാള്‍ പിന്നീട് വന്നില്ല. അത് ഞാന്‍ പകുതിവിലയ്ക്ക് സാറിന് തരട്ടെ.' ദാസേട്ടന്‍ അയാളെ ഒന്നു നോക്കി. കച്ചവടക്കാരന്‍ തുടര്‍ന്നു, 'പൈസ ഇപ്പോള്‍ വേണ്ട, പിന്നെ തന്നാലും മതി.' ഒരു ദീര്‍ഘനിശ്വാസം വിട്ട് ദാസന്‍ പറഞ്ഞു: 'പോസ്റ്റോഫീസില്‍ പോകാന്‍ ഇതേ ഉള്ളൂ, ഒരു വഴി. അത് നിങ്ങള്‍ ഇല്ലാതാക്കരുത്!'

നട്ടാല്‍ 'കിളിക്കുന്ന' മുട്ട!

മുന്‍ ബെഞ്ചിലിരുന്ന് പഠിച്ചു പാസായ ആരൊക്കെയോ ചേര്‍ന്ന് പറഞ്ഞുപരത്തിയ ഒരു ഐതിഹ്യമാണത്രേ ബാക്ക് ബെഞ്ചിലിരിക്കുന്നവര്‍ പഠിക്കാന്‍ മോശമാണെന്നത്. ജോയ്, സന്തോഷ്, വിനോദ്, ഉല്ലാസ്... ബാക്ക് ബെഞ്ചിലെ എന്റെ കൂട്ടുകാര്‍. ഒരു അഞ്ചാംക്ലാസ് വിദ്യാര്‍ഥിക്ക് നിയമപ്രകാരം ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ പൊക്കമുണ്ടായിരുന്നു എന്ന കാരണത്താലാണ് ഞങ്ങള്‍ പുറകിലായത്. പഠിക്കാന്‍ ആരും മോശക്കാരായിരുന്നില്ല. പലതും പഠിച്ചു, സിലബസില്‍ ഇല്ലാത്തതായിരുന്നു കൂടുതലും.

വാഴയില വാട്ടി പേപ്പറില്‍ പൊതിഞ്ഞാണ് ചോറു കൊണ്ടുവരിക. ഉച്ചയ്ക്ക് ഒരുമണിക്ക് ഉണ്ണാന്‍ വിട്ടാല്‍ കൈകഴുകലും ഊണും കൂടെ 20 മിനിറ്റ് പോകും. ഊണിനു മുന്‍പ് വേണമെങ്കില്‍ കൈ കഴുകാതെയിരിക്കാം. പക്ഷേ, ഊണു കഴിഞ്ഞ് കഴുകാതെ പറ്റില്ലല്ലോ. പത്തു പൈപ്പും 700 കുട്ടികളും, സമയം നഷ്ടമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ജോയിയാണ് ആശയം മുന്നോട്ടുവെച്ചത്. ഉച്ചയ്ക്കു തൊട്ടുമുന്‍പുള്ള പിരീഡില്‍ ക്ലാസ് നടക്കുമ്പോള്‍ത്തന്നെ ചോറുപൊതി പതുക്കെ കീറി ഉണ്ടുതുടങ്ങണം. ചവയ്ക്കുന്നതും ഇറക്കുന്നതും ടീച്ചറോ മറ്റു വിദ്യാര്‍ഥികളോ അറിയരുത്. ഞങ്ങളത് വിജയകരമായി പരീക്ഷിച്ചു. ഉച്ചയൂണിനു ബെല്ലടിക്കുമ്പോള്‍ കൈകഴുകാന്‍ പോകുന്ന പെണ്‍കുട്ടികളുടെ വാട്ടര്‍ബോട്ടില്‍ തുറന്നു ഞങ്ങള്‍ കൈകഴുകും. സുലോചന ടീച്ചര്‍ മഹാനായ ഐസക് ന്യൂട്ടനെപ്പറ്റി ക്ലാസെടുക്കുമ്പോള്‍ ഞങ്ങള്‍ ഉണ്ണുകയായിരുന്നു. എനിക്കു ജോയ്തന്നെയാണ് മഹാന്‍. സമയലാഭത്തിന്റെ വലിയ തിയറി കണ്ടുപിടിച്ച മഹാന്‍.

സാധാരണഗതിയില്‍ ഉച്ചയ്ക്കു പന്ത്രണ്ടരയാകുമ്പോള്‍ത്തന്നെ കാക്കകള്‍ കരഞ്ഞുതുടങ്ങും. കഞ്ഞിപ്പുരയില്‍നിന്നും പയറിന്റെയും കഞ്ഞിയുടെയും മണം സ്‌കൂളിലാകെ പരക്കും. ഞങ്ങളുടെ ക്ലാസില്‍ മാത്രം അപ്രതീക്ഷിതമായി വന്ന ചെമ്മീന്‍ചമ്മന്തിയുടെ മണം ശ്രിയ എന്ന പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഞങ്ങളുടെ നയതന്ത്രബാഗുകള്‍ പിടിക്കപ്പെട്ടു. മറ്റു കുട്ടികള്‍ ചോറുണ്ണുന്ന സമയത്ത് ഞങ്ങള്‍ അഞ്ചു പേര്‍ മാത്രം ഗ്രൗണ്ടില്‍ കളിച്ചിരുന്നത് 'ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്' എന്ന് പ്രിന്‍സിപ്പലും പറഞ്ഞു. പിന്നീട് ആകാശദൂത് സിനിമയിലെ മക്കളെപ്പോലെ ഞങ്ങള്‍ അഞ്ചു ബെഞ്ചുകളിലേക്കു മാറ്റപ്പെട്ടു.
ഗുജറാത്തിലെ വെട്ടുക്കിളി ആക്രമണത്തെക്കാള്‍ ഭയങ്കരമായിരുന്നു സ്‌കൂള്‍ പരിസരത്തു താമസിച്ചിരുന്നവരുടെ അവസ്ഥ. ചാമ്പക്ക, പേരയ്ക്ക, മള്‍ബറി എന്നിങ്ങനെ സകല വിളകളും പിള്ളേരു പറിച്ചുകൊണ്ടുപോകും. മോഷണം തെറ്റുതന്നെയാണ്, സമ്മതിച്ചു. വഴിയില്‍ക്കിടന്നു കിട്ടിയ ഒരു ആഞ്ഞിലിച്ചക്ക എടുത്തു ബാഗില്‍ ഇടുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. ഞാന്‍ അതു ചെയ്തു. തെറ്റു ചെയ്യാത്തവന്‍ ഗോപു, പഠിത്തത്തില്‍ മിടുക്കന്‍, അവനോടൊപ്പം ഫ്രണ്ട് ബെഞ്ചിലിരുന്ന് മലയാളം ക്ലാസില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ പഠിക്കുകയായിരുന്നു ഞാന്‍. എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്നാണ് കഥയുടെ സാരം. ഇത് ടീച്ചര്‍ പറഞ്ഞപ്പോള്‍ ബാഗിനുള്ളിലെ ആഞ്ഞിലിച്ചക്ക പ്രകാശിക്കുന്നതുപോലെ എനിക്കു തോന്നി. കൈകള്‍ താനേ ബാഗിനുള്ളിലേക്കു പോയി. ചുള തിന്ന് കുരു കൈയിലേക്കു തൂവുന്നത് ഗോപു കണ്ടു. ഫ്യൂഡലിസ്റ്റ് മൂരാച്ചിയായ അവന്‍ ടീച്ചറിനോടു കാര്യം പറയുമെന്ന് എന്നെ ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ ഞാന്‍ മുഷ്ടി തുറന്നു, കൈയില്‍ നാല് ആഞ്ഞിലിച്ചക്കക്കുരുക്കള്‍. എന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ ചോദിച്ചു: 'ഇതെന്താ സാധനം?' പെട്ടെന്ന് വായില്‍ വന്നത് ഞാനും പറഞ്ഞു, 'തത്തമ്മയുടെ മുട്ടയാണ്.' അവന്റെ മുഖം അദ്ഭുതം കൊണ്ട് വിജൃംഭിച്ചു. 'രണ്ടെണ്ണം എനിക്ക് തന്നില്ലെങ്കില്‍ ടീച്ചറോട് പറഞ്ഞുകൊടുക്കും.' എങ്ങനെ കളയും എന്നു വിചാരിച്ച ചക്കക്കുരുവിന് ആളെ കിട്ടി. ഞാന്‍ പറഞ്ഞു: 'എന്തിനാ രണ്ടെണ്ണമാക്കുന്നത്. നാലും നീയെടുത്തോ.' ഇടവേളസമയത്ത് കഷ്ടപ്പെട്ട് പനയില്‍ കയറി എടുത്തതാണെന്നും, വര്‍ത്തമാനം പറയുന്ന തത്തയാണെന്നുമെല്ലാം ഞാന്‍ തള്ളി. വീട്ടില്‍ പോയി ചകിരിയിലോ വൈക്കോലിലോ പൊതിഞ്ഞുവെച്ചാല്‍ ഇരുപതു ദിവസത്തിനകം കുഞ്ഞു വിരിയും. അനക്കാതെ, കുലുക്കാതെ, ഒന്നുമുരിയാടാതെ വീട്ടില്‍ കൊണ്ടുപോയിക്കൊള്ളാനും ഞാന്‍ പറഞ്ഞു. ദിവസങ്ങള്‍ കടന്നുപോയി. അവന്റെ വീട്ടില്‍ പൊതിഞ്ഞുവെച്ച ആഞ്ഞിലിച്ചക്കയുടെ കുരുവിനു മുളപൊട്ടി പച്ചനിറത്തില്‍ ആദ്യത്തെ ഇല പുറത്തേക്കു വന്നു. അതവന്‍ കണ്ടു.
പിറ്റേന്നു രാവിലെ സ്‌കൂളിലെത്തിയ എന്നെ ഓടിവന്ന് അവന്‍ കെട്ടിപ്പിടിച്ചു. എന്നിട്ട് അടക്കാനാവാത്ത സന്തോഷത്തോടെ പറഞ്ഞു: 'മുട്ടവിരിഞ്ഞു പച്ചനിറത്തില്‍ തത്തമ്മയുടെ ഒരു ചിറക് പുറത്തേക്കു വന്നു..!'

ഞാനിന്നും കലാലോകത്ത് അലയുകയാണ്. അവന്‍ ഏതോ വിദേശരാജ്യത്ത് വലിയ ശമ്പളം വാങ്ങുന്ന കൃഷി ഓഫീസറാണ്...'

Content Highlights: Ramesh Pisharody, Chiri Puranda jeevithangal, Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Muhammed Abbas

7 min

'എന്നെ ഭാഷ പഠിപ്പിച്ച മനുഷ്യരെ, അവരുടെ തീരാദുരിതങ്ങളെ ഓര്‍ക്കാതെ എന്റെ ഒരെഴുത്തും പൂര്‍ണമാവില്ല'

Jul 30, 2023


Yan Lianke

3 min

എഴുത്ത് ഭാവിയിലേക്ക് തുറന്നുതരുന്നു, ഭയരഹിതമായൊരു പാത, ഒരു വെളിച്ചം!

Jul 24, 2023


sethu

3 min

സാഹിത്യത്തിലെ 'സേതുബന്ധം' മാതൃഭൂമി പുരസ്‌കാരത്തിലെത്തിനില്‍ക്കുമ്പോള്‍...

Apr 19, 2023


Most Commented