ബി.ജി. ഹോണിമാൻ
ഇന്ത്യന്‍ ക്രോണിക്കിളിന്റെ ആദ്യ എഡിറ്റര്‍, ഇന്ത്യക്കാര്‍ക്കുവേണ്ടി എഴുതിയതിനാല്‍ ബ്രിട്ടീഷുകാര്‍ സ്വദേശത്തേക്ക് നാടുകടത്തിയ പത്രപ്രവര്‍ത്തകന്‍ തുടങ്ങി അനവധി വിശേഷണങ്ങളുണ്ട് ബി.ജി. ഹോണിമാന്‍ എന്ന മഹാനായ മനുഷ്യന്. അദ്ദേഹത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാമചന്ദ്രഗുഹ എഴുതിയ ലേഖനം വായിക്കാം.
1995: ബോംബെയുടെ പേര് മുംബൈ ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടത് ആ വര്‍ഷമായിരുന്നു. അതേത്തുടര്‍ന്ന് മഹാനഗരത്തിലെ കെട്ടിടങ്ങളുടെയും പാര്‍ക്കുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയെല്ലാം പേരുമാറ്റങ്ങളുടെ പരമ്പര തന്നെയുണ്ടായി. വര്‍ഷങ്ങള്‍ക്കുമുന്‍പ് മരണപ്പെട്ട വിദേശികളുടെ പേരില്‍ അറിയപ്പെട്ട പല സ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുതുപേര് ലഭിച്ചു. അപൂര്‍വം ചില വിദേശികള്‍ മാത്രമേ ഇങ്ങനെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് പോകാതെ പിടിച്ചുനിന്നുള്ളൂ. അതിലൊരാളാണ് ആനി ബെസന്റ്. സെന്‍ട്രല്‍ മുംബൈയിലെ പ്രധാനപ്പെട്ട തെരുവീഥി അവരുടെ പേരിലാണ്. മറ്റൊരു വ്യക്തി ബി.ജി. ഹോണിമാനാണ്.
നഗരത്തിന്റെ വടക്കുഭാഗത്ത് പൗരാണിക കെട്ടിടങ്ങള്‍ക്കിടയില്‍ വൃക്ഷത്തലപ്പുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന മനോഹരമായ പാര്‍ക്കിന് ഹോണിമാന്റെ പേര് തന്നെയാണിപ്പോഴും. ഹോണിമാനെ അപേക്ഷിച്ച് ആനി ബെസന്റിനെയാണ് നമുക്ക് കൂടുതല്‍ പരിചയം. മുംബൈയില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഇത് തന്നെയാകും സ്ഥിതി. മദന്‍ മോഹന്‍ മാളവ്യയ്‌ക്കൊപ്പം ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിക്കാനും ബാല ഗംഗാധര തിലകനൊപ്പം ഇന്ത്യന്‍ ഹോം റൂള്‍ മൂവ്‌മെന്റ് ആരംഭിക്കാനും മുന്നിട്ടിറങ്ങിയ ആനി ബെസന്റ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു. ഇതൊക്കെക്കൊണ്ട് സ്‌കൂള്‍ പാഠപുസ്തകങ്ങളിലും പൊതുവിജ്ഞാന ക്വിസ് പരിപാടികളിലുമെല്ലാം അവരുടെ പേര് എപ്പോഴുമുണ്ടാകും. എന്നാല്‍ മുംബൈയിലെ ഹോണിമാന്‍ സര്‍ക്കിളിന് ആ പേരിടാന്‍ കാരണമായ ബി.ജി. ഹോണിമാനെ അധികമാരും അറിയാനിടയില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഭാവനകളുടെ പ്രസക്തി വളരെയധികം വര്‍ധിച്ച കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നുപോകുന്നത്.
1913-ലാണ് ഒരു സംഘം ഇന്ത്യന്‍ ഉത്പതിഷ്ണുക്കള്‍ ചേര്‍ന്ന് ബോംബെ ക്രോണിക്കിള്‍ എന്ന ദിനപത്രം ആരംഭിക്കുന്നത്. അന്ന് ബ്രിട്ടീഷ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ടൈംസ് ഓഫ് ഇന്ത്യയ്ക്ക് ദേശീയ ബദലൊരുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കല്‍ക്കട്ടയിലെ ദി സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ബി.ജി. ഹോണിമാന്‍ ക്രോണിക്കിളിന്റെ ആദ്യ എഡിറ്ററായി സ്ഥാനമേല്‍ക്കാന്‍ മുംബൈയിലേക്കെത്തി. വംശീയ അതിര്‍വരമ്പുകള്‍ അനായാസം അതിലംഘിക്കുന്നതില്‍ പേരുകേട്ട വ്യക്തിയായിരുന്നു അദ്ദേഹം. ബംഗാള്‍ വിഭജനത്തിനെതിരേ ജനകീയ സമരം ഉയര്‍ന്നുവന്നപ്പോള്‍ അതിനൊപ്പം ചേരാന്‍ അദ്ദേഹം ഒരു നിമിഷംപോലും മടിച്ചുനിന്നില്ല. ബംഗാളികളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് വെള്ള കുര്‍ത്തയും മുണ്ടും ധരിച്ച് നഗ്‌നപാദനായി കൊല്‍ക്കത്ത തെരുവുകളിലൂടെ അദ്ദേഹം ജാഥയ്‌ക്കൊപ്പം നടന്നു.
ബോബെ ക്രോണിക്കിള്‍ പത്രാധിപ സ്ഥാനമേറ്റെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഹോണിമാന്‍ പ്രസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ വര്‍ക്കിങ് ജേണലിസ്റ്റുകള്‍ക്കായി യൂണിയന്‍ സ്ഥാപിച്ചു. ''ഏകപക്ഷീയമായ നിയമങ്ങളില്‍നിന്നും അവയുടെ നടപ്പാക്കലില്‍നിന്നും രാജ്യത്തെ പത്രങ്ങളെ സംരക്ഷിക്കുക, പത്രസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള നിയമനിര്‍മാണസഭയുടെയും ഉദ്യോഗസ്ഥരുടെയും കടന്നുകയറ്റം ചെറുക്കുക'' എന്നിവയായിരുന്നു സംഘടനയുടെ പ്രവര്‍ത്തനലക്ഷ്യം. പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള രാജ്യത്തെ ആദ്യ ട്രേഡ് യൂണിയന്റെ പ്രസിഡന്റായിരിക്കവേ പത്രസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വീറോടെ പൊരുതി ഹോണിമാന്‍. പ്രസ് ആക്ടും ഡിഫെന്‍സ് ഓഫ് ഇന്ത്യ ആക്ടും ദുരുപയോഗപ്പെടുത്തിക്കൊണ്ട് പത്രങ്ങള്‍ക്കെതിരേ തിരിയുന്ന സര്‍ക്കാര്‍നീക്കത്തിനെതിരേ അദ്ദേഹം നിരവധി തവണ വൈസ്രോയിക്കും ഗവര്‍ണര്‍ക്കും പരാതികളയച്ചു. ആദ്യ ലോകമഹായുദ്ധം മറയാക്കി ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രീയ എതിരാളികളെ തുറുങ്കിലടയ്ക്കുന്ന കാലമായിരുന്നു അത്. ''സ്വന്തം പ്രജകളെ വിചാരണ കൂടാതെ ജയിലിലടയ്ക്കാനും എഴുത്തും പ്രസംഗവുമൊക്കെ തടയാനും ഒരു സര്‍ക്കാര്‍ ചിന്തിച്ചുതുടങ്ങിയെങ്കില്‍ അതവരുടെ ആശയപാപ്പരത്തമാണ് തെളിയിക്കുന്നത്. സമഗ്ര മാറ്റം വരേണ്ട സമയമായിരിക്കുന്നു'' ഹോണിമാന്‍ എഴുതി.
ഇംഗ്ലീഷിലായിരുന്നു പ്രസിദ്ധീകരിച്ചതെങ്കിലും ആ ഭാഷ എഴുതാനോ വായിക്കാനോ അറിയാത്ത നഗരത്തിലെ കീഴാളവര്‍ഗത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ ബോംബെ ക്രോണിക്കിള്‍ എന്നും ശ്രമിച്ചു. ചരിത്രകാരന്‍ സന്ദീപ് ഹസാരി സിങ് ചൂണ്ടിക്കാട്ടിയതുപോലെ ''തൊഴിലാളികളെയും പാവപ്പെട്ടവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഹോണിമാന്റെ പത്രം നഗരത്തിന്റെ ഔദ്യോഗിക സാമൂഹികശാസ്ത്രം ഭേദഗതിചെയ്തു. വിവിധ വിഭാഗക്കാരായ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മില്‍തൊഴിലാളികള്‍, കൂലിവേലക്കാര്‍, റെയില്‍വേ ജീവനക്കാര്‍, സര്‍ക്കാര്‍, മുനിസിപ്പല്‍ ഓഫീസുകളിലും സര്‍ക്കാര്‍സ്ഥാപനങ്ങളിലും കുറഞ്ഞ ശമ്പളത്തില്‍ ജോലിചെയ്യുന്ന ക്ലാര്‍ക്കുമാര്‍ എന്നിവരൊക്കെ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പത്രം നിരന്തരം എഴുതി. നിത്യോപയോഗസാധനങ്ങളുടെ ഉയരുന്ന വിലയും യുദ്ധത്തെത്തുടര്‍ന്നുള്ള ഭക്ഷ്യോത്പന്നക്ഷാമവും അവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തി.''
ബ്രിട്ടീഷുകാരായ കടയുടമകള്‍ക്കും വ്യാപാരികള്‍ക്കുമെതിരേ തന്റെ മുഖപ്രസംഗങ്ങളിലൂടെ ഹോണിമാന്‍ നിരന്തരം ആക്രമണമഴിച്ചുവിട്ടു. ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ ഒരു താത്പര്യവുമില്ലാത്ത ഇക്കൂട്ടര്‍ ഈ രാജ്യത്തെത്തിയത് ലാഭമുണ്ടാക്കുക എന്ന ഒറ്റലക്ഷ്യത്തോടെയാണെന്നും ക്ലാപ്ഹാമിലോ ഡണ്‍ഡിയിലോ സുഖമായി ജീവിക്കാനുള്ള പണമുണ്ടാക്കിക്കഴിഞ്ഞാല്‍ അവര്‍ തിരിച്ചുപോകുമെന്നും ഹോണിമാന്‍ എഴുതി. 1918-ല്‍ നടന്ന ഖേദ കര്‍ഷകസമരത്തെ അദ്ദേഹം ശക്തമായി പിന്തുണച്ചു. കരീബിയന്‍ ദ്വീപുകളിലേക്കും ഫിജിയിലേക്കും ഇന്ത്യക്കാരെ കൂട്ടത്തോടെ കൂലിപ്പണിക്ക് കൊണ്ടുപോകുന്ന വെറുക്കപ്പെട്ട രീതിക്കെതിരേയും ഹോണിമാന്‍ ശബ്ദമുയര്‍ത്തി.
1919 ഏപ്രില്‍ അവസാനവാരം റൗലറ്റ് ആക്ടിനെതിരേ ബോംബെയില്‍ മഹാത്മാഗാന്ധി നടത്തിയ പ്രക്ഷോഭത്തില്‍ ഹോണിമാനും അണിചേര്‍ന്നു. അതേ മാസം നടന്ന ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതിയുടെയും പഞ്ചാബിലെ അടിച്ചമര്‍ത്തലിന്റെയും പൊള്ളിക്കുന്ന വിവരണം അദ്ദേഹത്തിന്റെ പത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് ബോംബെ സര്‍ക്കാറിനെ പ്രകോപിപ്പിച്ചു. ഹോണിമാനെ അവര്‍ കപ്പലിലാക്കി നിര്‍ബന്ധപൂര്‍വം ഇംഗ്ലണ്ടിലേക്ക് പറഞ്ഞയച്ചു. ഈ നാടുകടത്തലിന് പിന്നില്‍ വംശീയതാത്പര്യങ്ങള്‍ക്കൊപ്പം വര്‍ഗതാത്പര്യങ്ങളുമുണ്ടെന്ന് അന്ന് ഒരു ഗുജറാത്തി പത്രമെഴുതി. ''മിസ്റ്റര്‍ ഹോണിമാന്റെ പേര് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല സ്വാര്‍ഥരായ ആംഗ്ലോ ഇന്ത്യന്‍ കച്ചവടക്കാര്‍ക്കും പേടിസ്വപ്നമായിരുന്നു'' പത്രം തുടരുന്നു.
പത്രാധിപരോടുള്ള ബ്രിട്ടീഷ് സര്‍ക്കാറിന്റെ നിഷ്ഠുരനടപടിക്കെതിരേ മഹാത്മാഗാന്ധി അന്ന് പ്രസ്താവനയിറക്കുന്നുണ്ട്. ''മിസ്റ്റര്‍ ഹോണിമാന്‍ അതീവ ധൈര്യശാലിയും യോഗ്യനുമായ ഇംഗ്ലീഷുകാരനാണ്. അദ്ദേഹം നമുക്ക് സ്വാതന്ത്ര്യത്തിന്റെ മന്ത്രം ചൊല്ലിത്തന്നു. തെറ്റ് കാണുമ്പോഴൊക്കെ സധൈര്യം അത് ചൂണ്ടിക്കാട്ടിക്കൊണ്ട് താന്‍ ജനിച്ചുവളര്‍ന്ന വംശത്തിനുതന്നെ ആഭരണമായിമാറി. അതുവഴി വലിയ സേവനമാണ് അദ്ദേഹം നടത്തിയത്. ഇന്ത്യയ്ക്കുവേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ഓരോ ഇന്ത്യക്കാരനും തിരിച്ചറിയുന്നു'' ഗാന്ധി പറഞ്ഞു.
ബോംബെയിലേക്ക് തിരിച്ചെത്താനുള്ള പാസ്‌പോര്‍ട്ടിനായി കുറേ വര്‍ഷങ്ങള്‍ ഹോണിമാന്‍ ശ്രമിച്ചു. നിരാശയായിരുന്നു ഫലം. എല്ലാ വഴികളുമടഞ്ഞപ്പോള്‍ അദ്ദേഹം കപ്പല്‍മാര്‍ഗം ഇന്ത്യയുടെ തെക്കേയറ്റത്തെ കടല്‍ത്തീരത്ത് വന്നിറങ്ങി. 1926 ജനുവരിയിലായിരുന്നു അത്. വീണ്ടും ഇന്ത്യയിലെത്തിയ ഹോണിമാന് ഇവിടെ കഴിയാനുള്ള അനുമതി ലഭിച്ചു. അങ്ങനെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ എഡിറ്റ്‌ചെയ്തുകൊണ്ട് അദ്ദേഹം ശിഷ്ടകാലം ചെലവിട്ടു. രണ്ടാംവരവില്‍ ആദ്യം ബോംബെ ക്രോണിക്കിളില്‍തന്നെ ജോലി തുടങ്ങിയ ഹോണിമാന്‍ പിന്നീട് കുറച്ചുകാലം മാത്രം ആയുസ്സുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിലേക്ക് മാറി. ഏറ്റവുമൊടുവില്‍ ബോംബെ ക്രോണിക്കിള്‍ ആരംഭിച്ച സായാഹ്നപത്രം ബോംബെ സെന്റിനലിലും പ്രവര്‍ത്തിച്ചു.
ബി.ജി. ഹോണിമാന് പത്രപ്രവര്‍ത്തനം എന്നത് കച്ചവടമായിരുന്നില്ല, ദൈവവിളിതന്നെയായിരുന്നു. 1932 സെപ്റ്റംബറില്‍ വിദ്യാര്‍ഥികളുടെ ഒരു സദസ്സിനെ അഭിസംബോധനചെയ്തുകൊണ്ട് 'മാതൃകാദിനപത്രം എന്നത് പരസ്യങ്ങളും അതുപോലുള്ള ഏതെങ്കിലും തരത്തിലുള്ള വ്യാപാരതാത്പര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്നതായിരിക്കണം'' എന്ന് അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ക്കുള്ള പ്രാധാന്യം വര്‍ധിച്ചുവരുകയാണ്. അതോടെ പരസ്യക്കാരുടെ ദയവിനായി കാത്തിരിക്കേണ്ട ഗതികേടിലായി ദിനപത്രങ്ങള്‍. ഇന്ത്യയില്‍ അത്തരമൊരു അവസ്ഥ ഉണ്ടാകില്ലെന്ന് കരുതാമെന്നും ഹോണിമാന്‍ പറഞ്ഞു.
''ജീവിതത്തിലെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി മുന്നേറണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാന്‍ പത്രപ്രവര്‍ത്തനം എന്ന തൊഴില്‍ ശുപാര്‍ശചെയ്യില്ല. നേരേമറിച്ച്, ആദര്‍ശങ്ങള്‍ പാലിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്, ദേശീയതാത്പര്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് കരുതുന്ന ഈ രാജ്യത്തെ ഏത് യുവാവിനും ഞാന്‍ പത്രപ്രവര്‍ത്തനം ശക്തമായി ശുപാര്‍ശചെയ്യും. കാരണം രാജ്യതാത്പര്യങ്ങള്‍ ഏറ്റവുമധികം സംരക്ഷിച്ചതും ഇന്ത്യ ആഗ്രഹിച്ച ലക്ഷ്യത്തിലേക്ക് അതിനെ ശരിയായി നയിച്ചതും പത്രങ്ങളാണ്'' ഹോണിമാന്‍ വിദ്യാര്‍ഥികളോടായി പറഞ്ഞു. ധനികരോടും സ്വാധീനമേറിയവരോടും നിരന്തരം ഏറ്റുമുട്ടുന്ന സ്വഭാവക്കാരനായതിനാല്‍ ഹോണിമാന് ഇടയ്ക്കിടെ കോടതികയറേണ്ടിവന്നു. ബോംബെയില്‍ പത്രാധിപരായി പ്രവര്‍ത്തിച്ച വര്‍ഷങ്ങളില്‍ സിവില്‍, ക്രിമിനല്‍ കേസുകളുടെ ഒരു നിരതന്നെയുണ്ടായി. അദ്ദേഹത്തിന്റെ പത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കാരണം പരിക്കേറ്റവരായിരുന്നു ഈ കേസുകള്‍ക്ക് പിന്നില്‍. പത്രാധിപര്‍ക്കുവേണ്ടി ഒരിക്കല്‍ കോടതിയില്‍ ഹാജരായ അഭിഭാഷകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ''എന്തെങ്കിലും ലൊട്ടുലൊടുക്ക് വിദ്യ കാട്ടി തനിക്കെതിരായ കേസുകളില്‍നിന്ന് ഓടിപ്പോകുന്ന സ്വഭാവക്കാരനല്ലായിരുന്നു ഹോണിമാന്‍. നെഞ്ചുറപ്പോടെ നിന്ന് കേസിന്റെ ഓരോ ഇഞ്ചും പ്രതിരോധിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. തന്റെ എഡിറ്റോറിയല്‍ചുമതലകള്‍ക്ക് പുറത്തുനിന്നുള്ള കേസുകളിലുള്ള ദുഷ്‌കരമായ ക്രിമിനല്‍ വിചാരണകള്‍ നേരിടാനുള്ള ഹോണിമാന്റെ ചങ്കൂറ്റം മറ്റാരിലും കണ്ടിട്ടില്ല. സ്വന്തം അഭിഭാഷകന്‍വരെ അടിപതറുന്ന മോശം അവസ്ഥകള്‍പോലും അദ്ദേഹം സധൈര്യം നേരിട്ടു.''
തന്റെ നാടായിമാറിയ ഈ രാജ്യം ബ്രിട്ടീഷ്ഭരണത്തില്‍നിന്ന് മോചിതമാകുന്നത് കണ്ടതിനുശേഷമാണ് ഹോണിമാന്‍ കണ്ണടച്ചത്. 1948 ഒക്ടോബറില്‍ അന്തരിച്ചപ്പോള്‍ കല്‍ക്കട്ടയിലെയും മദ്രാസിലെയും ന്യൂഡല്‍ഹിയിലെയും ലഖ്‌നൗവിലെയും പത്രങ്ങള്‍ അനുശോചനലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. തന്നെ ദത്തെടുത്ത നഗരമായ ബോംബെയിലെ പത്രങ്ങളും മികച്ച ഓര്‍മക്കുറിപ്പുകള്‍ എഴുതി. ബോംബെ സെന്റിനല്‍ പ്രസിദ്ധീകരിച്ച എഴുതിയ ആളുടെ പേരില്ലാത്ത അനുശോചനക്കുറിപ്പില്‍ പറയുന്നതിങ്ങനെ: ''അധഃകൃതര്‍ക്കുവേണ്ടി ഇത്രത്തോളം ശബ്ദിച്ച മറ്റൊരാളെ കാണില്ല. പരാതിയുമായി വരുന്ന ആരെയും, അയാള്‍ എത്ര നിസ്സാരനായാലും ശരി, ക്ഷമയോടെ കേള്‍ക്കാന്‍ ഹോണിമാന്‍ തയ്യാറായിരുന്നു. ആ പരാതിയില്‍ സത്യമുണ്ടെന്ന് ബോധ്യമായാല്‍ അത് പരിഹരിക്കാനായി ഏതറ്റംവരെയും അദ്ദേഹം പോകും. അതിന്റെപേരില്‍ എത്ര കേസുകള്‍ വന്നാലും അദ്ദേഹത്തിന് വിഷയമായിരുന്നില്ല. എഡിറ്റര്‍ എന്ന നിലയ്ക്ക് മിസ്റ്റര്‍ ഹോണിമാന്റെ മഹത്ത്വമാണത്. വരുംവരായ്കകളെക്കുറിച്ചോര്‍ത്ത് ആകുലപ്പെടാതെ പൊതുജനതാത്പര്യത്തിനൊപ്പം നില്‍ക്കാന്‍ അദ്ദേഹം എപ്പോഴും തയ്യാറായി.''
ആദരത്തോടെയും വികാരവായ്‌പോടെയും മാത്രമേ ഇപ്പോഴുമീ വരികള്‍ വായിക്കാനാവൂ. പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും സര്‍ക്കാര്‍പക്ഷം ചേരുമ്പോള്‍, ഭരണകൂടങ്ങള്‍ പൗരരെ വിചാരണയില്ലാതടങ്കലില്‍ വയ്ക്കുമ്പോള്‍, കള്ളങ്ങള്‍ പ്രചരിക്കുമ്പോള്‍, മതഭ്രാന്ത് പ്രചരിപ്പിക്കുമ്പോള്‍ മനസ്സാക്ഷിയും നട്ടെല്ലുമുള്ള ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ക്ക് ഗാന്ധി പറഞ്ഞതുപോലെ 'തെറ്റ് കാണുമ്പോഴൊക്കെ സധൈര്യം അത് ചൂണ്ടിക്കാട്ടിയ' ഈ എഡിറ്ററില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളാം.
Content Highlights :Ramachandra Guha writes about the great editor B G horniman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..