സർദാർ വല്ലഭ്ഭായ് പട്ടേൽ
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച രാമചന്ദ്ര ഗുഹയുടെ ഭൂതവും വര്‍ത്തമാനവും എന്ന ലേഖനപരമ്പരയില്‍ നിന്ന്.
1931. തുറമുഖനഗരമായ കറാച്ചിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷികസമ്മേളനം നടക്കുന്നു. വല്ലഭ്ഭായ് പട്ടേല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ''ഒരു ഇന്ത്യക്കാരന് ആഗ്രഹിക്കാവുന്ന ഏറ്റവും ഉന്നതപദവിയിലേക്ക് നിങ്ങളൊരു സാധാരണ കര്‍ഷകന്റെ പേരാണു നിര്‍ദേശിച്ചത്. ഞാന്‍ ചെയ്ത തീരെ ചെറിയ കാര്യങ്ങള്‍ പരിഗണിച്ചല്ല അങ്ങനെ
തീരുമാനിച്ചതെന്ന് നല്ല ബോധ്യമുണ്ട്. മറിച്ച്, ഗുജറാത്ത് നടത്തിയ വിസ്മയകരമായ ത്യാഗത്തിനുള്ള അംഗീകാരമാണിത്. നിങ്ങളുടെയൊക്കെ ഉദാരമനസ്‌കതകൊണ്ടാണ് ഗുജറാത്തിന് ഇവ്വിധമൊരു അംഗീകാരം നല്‍കിയത്. പക്ഷേ, ആധുനികകാലം കണ്ട ഏറ്റവും മഹത്തായ ദേശീയമുന്നേറ്റത്തില്‍ എല്ലാ പ്രവിശ്യകളും അവരുടെതായ സംഭാവനകള്‍ നിര്‍വഹിച്ചിട്ടുണ്ടെന്നതാണ് സത്യം,'' പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനുമുന്‍പ് നടത്തിയ പ്രസംഗത്തില്‍ പട്ടേല്‍ പറഞ്ഞു.
1931 ആകുമ്പോള്‍ കോണ്‍ഗ്രസ് നിലവില്‍വന്നിട്ട് നാലുപതിറ്റാണ്ടിലേറെയായിരുന്നു. പക്ഷേ, കര്‍ഷകകുടുംബത്തില്‍ ജനിച്ചൊരാളെ സംഘടനാനേതൃത്വത്തിലേക്ക് അതുവരെ തിരഞ്ഞെടുത്തിരുന്നില്ല. 'ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്' എന്ന മഹാത്മാ ഗാന്ധിയുടെ ഉദ്ബോധനമുണ്ടായിട്ടുപോലും കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാരെല്ലാം നഗരത്തില്‍ ജനിച്ചവരും വളര്‍ന്നവരുമായിരുന്നു.
ഗ്രാമീണപശ്ചാത്തലത്തില്‍നിന്ന് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേക്കു വന്ന ആദ്യത്തെ പ്രധാന നേതാവായിരുന്നു വല്ലഭ്ഭായ് പട്ടേല്‍. കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ദേശീയതലത്തില്‍ ശ്രദ്ധേയനാകുന്നതുതന്നെ. നാട്ടുരാജ്യങ്ങളെ ഏകീകരിക്കുന്നതിലും ഇന്ത്യാവിഭജനകാലത്ത് ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും പട്ടേല്‍ വഹിച്ച പങ്കിനെക്കുറിച്ചെല്ലാം ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആ സംഭാവനകളെല്ലാം നിര്‍ണായകംതന്നെ. പക്ഷേ, അവ ഉയര്‍ത്തിക്കാട്ടുന്നതിനിടയില്‍ കര്‍ഷകനേതാവ് എന്ന നിലയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളെ വിസ്മരിക്കുന്നത് ഖേദകരമാണ്. മോദിസര്‍ക്കാറിനെതിരേ കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം നടത്തുന്നു. അതുകൊണ്ടുതന്നെ കര്‍ഷകരുടെ സര്‍ദാര്‍ (തലവന്‍) ആയ പട്ടേലിന് ഇപ്പോള്‍ പ്രസക്തിയേറെ.
അഹിംസാമാര്‍ഗത്തിലൂടെ കര്‍ഷകസ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഉജ്ജ്വലമാതൃകയായിരുന്നു 1928-ല്‍ വല്ലഭ്ഭായ് പട്ടേല്‍ നയിച്ച ബര്‍ദോളി സത്യാഗ്രഹം. ഈ പ്രക്ഷോഭത്തിലൂടെ കൊളോണിയല്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍നയങ്ങള്‍ക്കെതിരേ ഗ്രാമീണഗുജറാത്തിലെ കര്‍ഷകര്‍ ഒന്നിച്ചു. ബര്‍ദോളി പ്രക്ഷോഭത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ബോംബെ പ്രസിഡന്‍സിയുടെ രേഖകളിലുണ്ട്. മുംബൈയിലെ മഹാരാഷ്ട്ര സ്റ്റേറ്റ് ആര്‍ക്കൈവ്സില്‍ പോയാല്‍ അവ പരിശോധിക്കാനാകും.
ബര്‍ദോളി സത്യാഗ്രഹവേളയില്‍ പട്ടേല്‍ നടത്തിയ പ്രസംഗങ്ങള്‍ ആവേശകരമായ വായനാനുഭവം പകരുന്നു. തര്‍ജ്ജമയില്‍പ്പോലും അതിന്റെ ഗാംഭീര്യം ചോരുന്നില്ല. ഒരുതവണ അദ്ദേഹം ഗുജറാത്തില്‍ ചോദിച്ചതിങ്ങനെ: ''നിങ്ങളാരെയാണ് പേടിക്കുന്നത്? ജപ്തിനടപടിയെയോ? വിവാഹച്ചടങ്ങുകള്‍ക്കായി ആയിരങ്ങള്‍ ധൂര്‍ത്തടിക്കുന്നവരല്ലേ നിങ്ങള്‍? സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് 200 രൂപയുടെയോ 500 രൂപയുടെയോ സാധനങ്ങള്‍ കൊണ്ടുപോയാല്‍ എന്തിന് വിഷമിക്കണം?'' മറ്റൊരിക്കല്‍ ബര്‍ദോളിയിലെ കര്‍ഷകരോട് അദ്ദേഹം പറഞ്ഞു: ''അയ്യായിരം പാവത്താന്‍മാരുള്ളതിനെക്കാള്‍ ഭേദമാണ് മരിക്കാന്‍ തയ്യാറായ അഞ്ചുപേരുള്ളത്.'' മറ്റൊരു പ്രസംഗത്തില്‍ ''ഗുജറാത്തിലെ കര്‍ഷകരെ ഞെരിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ റോഡ് എന്‍ജിന്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ടെ''ന്നും നിരീക്ഷിച്ചു. ''ഗാന്ധിജ്വരംകൊണ്ട് ഗുജറാത്ത് പാടുപെടുകയാണെന്ന് ഒരു സര്‍ക്കാര്‍ അനുകൂല മാധ്യമം എഴുതി. ആ ജ്വരം എല്ലാവര്‍ക്കും പിടിപെടട്ടെയെന്ന് പ്രത്യാശിക്കുന്നു,'' ഒരു പ്രസംഗത്തില്‍ പട്ടേല്‍ പറഞ്ഞതാണിത്. ''വല്ലഭ്ഭായ് പട്ടേല്‍ ബര്‍ദോളി താലൂക്കിലെ ഏതാണ്ടെല്ലാ ഗ്രാമമുഖ്യന്‍മാരുമായും സംസാരിക്കുന്നുണ്ട്,'' അക്കാലത്തെ ഒരു പോലീസ് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
അന്നത്തെ കൊളോണിയല്‍ ഭരണകൂടത്തിന്റെ പുരാരേഖാവിവരങ്ങള്‍, പ്രവര്‍ത്തനം നിലച്ചുപോയ ബോംബെ ക്രോണിക്കിള്‍ എന്ന ദിനപത്രത്തിന്റെ പഴയ മൈക്രോഫിലിമുകളും ശരിവെയ്ക്കുന്നു. 1928 ഏപ്രില്‍ അവസാനവാരം നടന്ന കര്‍ഷകസഭയെക്കുറിച്ച് ക്രോണിക്കിള്‍ റിപ്പോര്‍ട്ടുചെയ്തത് വായിക്കാം:
''വാരാഡ് പ്രദേശത്ത് ഇന്നലെ രാത്രി നടന്ന കര്‍ഷകസമ്മേളനത്തില്‍ മിസ്റ്റര്‍ വല്ലഭ്ഭായ് പട്ടേലിന്റെ മേല്‍ ആദരവും ആരാധനയും ചൊരിയുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ടായി. പുഷ്പങ്ങളും നാളികേരവും കുങ്കുമവും അരിയും ചര്‍ക്കയില്‍ നൂറ്റ ഹാരങ്ങളും താലത്തിലേന്തിവന്ന ഖാദിധാരികളായ സ്ത്രീകള്‍, അവ അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ വരിനിന്നു. സത്യാഗ്രഹം വിജയിക്കാന്‍ ദൈവാനുഗ്രഹം തേടി അഞ്ഞൂറോളം സ്ത്രീകള്‍ പ്രാര്‍ഥനാഗാനങ്ങള്‍ പാടി. രണ്ടായിരത്തഞ്ഞൂറോളം പേര്‍ പങ്കെടുത്ത പരിപാടിക്ക് അതുവഴി മതപരമായ മാനവും കൈവന്നു.''
സത്യാഗ്രഹികളും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയ കാര്യം ആ വര്‍ഷം ഓഗസ്റ്റില്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ''തര്‍ക്കവിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ ജ്യുഡീഷ്യല്‍ ഓഫീസറും റവന്യൂ ഓഫീസറും അടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ജയിലിലുള്ള എല്ലാ സത്യാഗ്രഹികളെയും വിട്ടയക്കും. രാജിവെച്ച ഗ്രാമമുഖ്യന്‍മാരെ വീണ്ടും പഴയ ജോലിയില്‍ നിയമിക്കും,'' ഇതായിരുന്നു ഒത്തുതീര്‍പ്പുധാരണയെന്ന് പത്രം എഴുതുന്നു.
ബര്‍ദോളി സത്യാഗ്രഹത്തെക്കുറിച്ച് മഹാദേവ് ദേശായ് 1929-ലെഴുതിയ പുസ്തകത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ കര്‍ഷകനിലപാടുകളെക്കുറിച്ച് നിരീക്ഷിക്കുന്നുണ്ട്. ''കര്‍ഷകര്‍ക്ക് ദൈവത്വം കല്പിക്കാന്‍ പട്ടേലിനെ പ്രേരിപ്പിച്ചതിനുപിന്നില്‍ രണ്ടുകാര്യങ്ങളുണ്ട്, യഥാര്‍ഥമായ സാമൂഹിക സമ്പദ്വ്യവസ്ഥയില്‍ കര്‍ഷകനുള്ള ഉയര്‍ന്ന സ്ഥാനത്തെക്കുറിച്ചുള്ള ബോധ്യവും കര്‍ഷകനെ താഴ്ത്തിക്കെട്ടുന്ന വ്യവസ്ഥിതിക്കെതിരേയുള്ള തീവ്രമായ വേദനയുമാണത്. കര്‍ഷകനാണ് ഉത്പാദകന്‍, മറ്റെല്ലാവരും ഇത്തിള്‍ക്കണ്ണികളാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് അടിസ്ഥാനപാഠങ്ങള്‍ കര്‍ഷകരെ പഠിപ്പിക്കാന്‍ പട്ടേലിന് സാധിച്ചു. നിര്‍ഭയത്വത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങള്‍. അതാണ് ബര്‍ദോളി സത്യാഗ്രഹം വിജയിക്കാനുള്ള കാരണവും,'' മഹാദേവ് ദേശായ് പുസ്തകത്തിലെഴുതി.
ബര്‍ദോളിയില്‍ പട്ടേല്‍ നയിച്ച കര്‍ഷകസമരവും ഇന്നു നടക്കുന്ന കര്‍ഷകപ്രക്ഷോഭവും തമ്മില്‍ ഒരുനൂറ്റാണ്ടിന്റെ ഇടവേളയുണ്ട്. പക്ഷേ, രണ്ടും തമ്മിലുള്ള സാമ്യം കാണാതെപോകരുത്. സമരത്തിലെ സ്ത്രീപങ്കാളിത്തവും സത്യാഗ്രഹികളുടെ നിശ്ശബ്ദധീരതയുമാണ് ഒരു സാമ്യം. മഴയും മഞ്ഞും വേനലും മഹാമാരിയും അതിജീവിച്ചാണ് അവര്‍ സമരംചെയ്യുന്നത്. കര്‍ഷകമുന്നേറ്റത്തെ തകര്‍ക്കാനും വിഭജിക്കാനും നേതാക്കളെക്കുറിച്ച് നുണകള്‍ പരത്താനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് മറ്റൊരു സാമ്യം. 1928 ജൂലായ് 28-ന് ബോംബെ സര്‍ക്കാര്‍ തയ്യാറാക്കിയ കുറിപ്പില്‍ പറയുന്നത് കേള്‍ക്കുക: ''പട്ടേല്‍ ഈ സമരത്തില്‍നിന്ന് ഗാന്ധിയെ മാറ്റിനിര്‍ത്തുകയാണ്. രക്തച്ചൊരിച്ചിലാഗ്രഹിക്കാത്ത ഒരാളിലേക്ക് സമരത്തിന്റെ നിയന്ത്രണം എത്തരുതെന്നു കരുതിയാണിത്. മാത്രമല്ല ഗാന്ധി വന്നാല്‍ നൂല്‍നൂല്പ്, അയിത്തം തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സമരത്തില്‍നിന്ന് ശ്രദ്ധമാറുമോയെന്ന പേടിയും പട്ടേലിനുണ്ട്.'' 'കുപ്പി ഇഷ്ടപ്പെടുന്നയാളും റാസ്പുട്ടിന്റെ രീതികള്‍ പിന്തുടരുന്നയാളുമാണ് പട്ടേല്‍' എന്ന അപകീര്‍ത്തികരമായ പരാമര്‍ശവും ഇതേ റിപ്പോര്‍ട്ടിലുണ്ട്.
1920-കളില്‍ ബ്രിട്ടീഷ് രാജിന്റെ കൂട്ടാളികളായി പ്രവര്‍ത്തിച്ചത് ബ്രാഹ്മണരായ റവന്യൂ അധികാരികളും ഗുജറാത്തിനു പുറത്തുനിന്ന് കൂലിക്കെത്തിച്ച ഗുണ്ടകളുമായിരുന്നു. 2020-കളില്‍ പോലീസും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 'ഗോഡി' മാധ്യമങ്ങളുമാണ് ആ പണിയെടുക്കുന്നത്. പോലീസ് സമരക്കാരെ അടിച്ചമര്‍ത്തുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും കര്‍ഷകനേതാക്കളെ താറടിച്ചുകാണിച്ചും സര്‍ക്കാരിനെ തുണയ്ക്കുന്നു. കര്‍ഷകര്‍ക്കുനേരേ പ്രയോഗിച്ച മര്‍ദനോപകരണങ്ങളുടെ കാര്യത്തില്‍ -ജലപീരങ്കികള്‍, പാതകളില്‍ സ്ഥാപിച്ച മുള്ളുവേലികള്‍, ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍, വിദ്വേഷപ്രചാരണവേലകള്‍- മോദി-ഷാ ഭരണകൂടം വെള്ളക്കാരന്റെ ഭരണത്തെയും കടത്തിവെട്ടി.
വല്ലഭ്ഭായ് പട്ടേല്‍ കര്‍ഷരോട് ഇങ്ങനെ പറഞ്ഞതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ നര്‍ഹരി പരീക്ക് രേഖപ്പെടുത്തിയിട്ടുണ്ട്: ''ഓര്‍ക്കുക, സത്യത്തിനുവേണ്ടി എല്ലാം ഉപേക്ഷിക്കാന്‍ തയ്യാറായ നിങ്ങള്‍ക്കാകും ആത്യന്തികവിജയം. ഓഫീസര്‍മാരോട് തോളോടുതോള്‍ ചേര്‍ന്നവര്‍ക്ക് തങ്ങളുടെ പ്രവൃത്തിയോര്‍ത്ത് പശ്ചാത്തപിക്കേണ്ടിവരും.'' സത്യത്തിന്റെയും അഹിംസയുടെയും ശക്തി കാരണം സര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്ന് ഗാന്ധി അനുയായിയായ പട്ടേലിന് പ്രതീക്ഷയുണ്ടായിരുന്നു. ''സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടായാലേ തൃപ്തികരമായ ഒത്തുതീര്‍പ്പുണ്ടാകൂ. ഹൃദയങ്ങളില്‍ പരിവര്‍ത്തനമുണ്ടായാല്‍, ഇപ്പോള്‍ സര്‍ക്കാരിനെ നയിക്കുന്ന വെറുപ്പിനും വിദ്വേഷത്തിനും പകരം സഹാനുഭൂതിയും വിവേകവും നിറയും,'' അദ്ദേഹം ഒരിക്കല്‍ പ്രസംഗിച്ചു. ഇതേ പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കര്‍ഷകനേതാക്കളും മുന്നോട്ടുപോകുന്നത്. പക്ഷേ, ബ്രിട്ടീഷുകാര്‍ക്കുള്ളത്ര സഹാനുഭൂതിയും വിവേകവും ഇപ്പോഴത്തെ ഭരണക്കാര്‍ക്കില്ലെന്ന് അവരെ മുന്നനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നുമുണ്ട്.
കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദിനം സര്‍ദാര്‍ പട്ടേല്‍ നടത്തിയ പ്രസംഗത്തില്‍നിന്നാണ് ഞാന്‍ തുടങ്ങിയത്. ഒടുക്കവും അതിലൂടെയാകട്ടെ. ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയപ്രക്ഷോഭത്തെക്കുറിച്ച് പട്ടേല്‍ ഇങ്ങനെ പറഞ്ഞു: ''ജനകീയമായ അഹിംസയെന്നത് ഏതെങ്കിലുമൊരു സ്വപ്നജീവിയുടെ വെറും ആശയോ ആരുടെയെങ്കിലും വൃഥാസ്വപ്നമോ അല്ലെന്ന് ഇന്ത്യ ലോകത്തിനു കാട്ടിക്കൊടുത്തു. അക്രമത്തിന്റെ കീഴില്‍ ഞെരിഞ്ഞമരുന്ന മനുഷ്യരാശിക്കുമുന്നില്‍ അനന്തമായ സാധ്യതകള്‍ തുറന്നുകൊടുക്കാന്‍ അഹിംസയ്ക്ക് സാധിക്കുമെന്നതും തെളിയിക്കപ്പെട്ടുകഴിഞ്ഞു. നമ്മുടെ ഏറ്റവും കടുത്ത വിമര്‍ശകരുടെപോലും വായടപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സാധിച്ചുവെന്നതുതന്നെയാണ് ഈ സമരം അഹിംസാമാര്‍ഗത്തിലധിഷ്ഠിതമാണെന്നതിനു തെളിവ്. കര്‍ഷകരെ അഹിംസാരീതിയില്‍ സംഘടിപ്പിക്കുക ദുഷ്‌കരമാകുമെന്നായിരുന്നല്ലോ അവര്‍ പറഞ്ഞിരുന്നത്. പക്ഷേ, ആ പരീക്ഷണത്തെ ധീരമായി നേരിട്ട കര്‍ഷകര്‍ പ്രതീക്ഷകള്‍ക്കുമുയരെ നിലകൊണ്ടു. ഈ പോരാട്ടത്തില്‍ സ്ത്രീകളും കുട്ടികളുമെല്ലാം വലിയപങ്കുവഹിച്ചു. സഹജബോധംകൊണ്ട് സമരത്തിലണിചേര്‍ന്ന് തങ്ങളുടെതായ ചുമതലവഹിക്കാന്‍ അവര്‍ തയ്യാറായി. അഹിംസാമാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കാതെ ഈ മുന്നേറ്റം വിജയത്തിലെത്തിച്ചതിന്റെ ഖ്യാതിയുടെ വലിയൊരുപങ്കും അവര്‍ക്കവകാശപ്പെട്ടതാണ്.''
ഒരിക്കല്‍ക്കൂടി ഇന്ത്യയിലെ കര്‍ഷകര്‍ സമരത്തിനിറങ്ങിയിരിക്കുന്നു. തങ്ങളെ ഗൗനിക്കാതെ മുന്നോട്ടുപോകുന്ന ഭരണകൂടത്തിന്റെ വികാരശൂന്യതയ്ക്കുനേരേ അവര്‍ അന്തസ്സുറ്റ പ്രതിരോധം തീര്‍ക്കുകയാണിപ്പോള്‍. 1931-ലെ വാക്കുകളുടെ വികാരനിര്‍ഭരമായ പുനര്‍വായനയ്ക്ക് അവസരമൊരുക്കുകയാണ് 2021.'
Content Highlights; Ramachandra Guha mathrubhumi weekly Sardar Vallabhbhai Patel farmers strike


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..