ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മവാര്ഷിക ദിനമാണ് ആഗസ്റ്റ് 20. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. മരണാനന്തരം 1991 ല്‍ രാജ്യം ഒരു പൗരനു നല്കുന്ന പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്കാരം നല്കി ആദരിച്ചു.
കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലും, ലണ്ടനിലെ ഇംപീരിയല്‍ കോളേജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയന്‍ വംശജയായ സോണിയയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വൈമാനികനായി ഉദ്യോഗത്തില്‍ ചേര്‍ന്നു. നെഹ്രു കുടുംബത്തിന്റെ രാഷ്ട്രീയത്തില്‍ രാജീവ് തീരെ തല്‍പ്പരനായിരുന്നില്ല. എന്നാല്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ രാജീവ് പൊതുരംഗത്തേക്ക് വരികയുണ്ടായി. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
1984 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ല്‍ 404 സീറ്റുകള്‍ കരസ്ഥമാക്കിയാണ് അത്തവണ കോണ്‍ഗ്രസ്സ് വിജയിച്ചത്. രാജീവിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒട്ടനവധി നവീന പദ്ധതികള്‍ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമിയസാങ്കേതികവിദ്യാ രംഗത്തുമെല്ലാം പുതിയ ആശയങ്ങള്‍ നടപ്പിലാക്കി. അയല്‍രാജ്യങ്ങളായ മാലിദ്വീപിലും, ശ്രീലങ്കയിലും ഉണ്ടായ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യ സൈനികമായി ഇടപെട്ടത് രാജീവിന്റെ നേതൃത്വത്തിലാണ്. 1987 ബോഫോഴ്സ് വിവാദം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി.
1991 ലെ പൊതുതിരഞ്ഞെടുപ്പു വരെ രാജീവ് കോണ്‍ഗ്രസ്സ് പ്രസിഡന്റായി തുടര്‍ന്നു. 1991 ലെ പൊതുതിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ രാജീവ് വധിക്കപ്പെട്ടു. അതിഗംഭീരമായ തുടക്കവും അല്പമെങ്കിലും നിരാശാജനകമായ അവസാനവും ആയിരുന്നു രാജീവിന്റെ രാഷ്ട്രീയഭരണ ജീവിതത്തിന്റെ ബാക്കിപത്രം. ചുരുങ്ങിയ കാലത്തിനുള്ളിലാണെങ്കിലും ഉയര്‍ച്ചയും താഴ്ചയും പ്രത്യാശയും നിരാശയും എല്ലാ രംഗങ്ങളിലും ഒരുപോലെ തന്നെ നിഴലിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
അധികാരത്തില്‍ വന്നയുടനെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ഭാവനാ സമ്പന്നമായ മാറ്റങ്ങള്‍കൊണ്ട് ഞെട്ടിച്ച പ്രധാനമന്ത്രിയായിരുന്നു രാജീവ്. ദീര്‍ഘകാലമായി തലവേദന സൃഷ്ടിച്ചിരുന്ന പഞ്ചാബ്, അസം, മിസോറം എന്നിവിടങ്ങളില്‍ അദ്ദേഹം സമാധാനം പുനഃസ്ഥാപിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തിലെ നാഴികക്കല്ലുകളായിരുന്നു. ഇന്ത്യയെക്കുറിച്ചു മനസ്സിലാക്കുന്നതിനായി രാജീവ് നാടെങ്ങും സഞ്ചരിച്ചു. തന്റെ പ്രതീക്ഷകളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. അതേസമയം തന്നെ ഷാ ബാനു കേസും, ബാബരി മസ്ജിദ് വിഷയത്തില്‍ എടുത്ത മൃദുസമീപനവുമെല്ലാം രാജീവിന് സംഭവിച്ച വലിയ വീഴ്ചകളുമായിരുന്നു.
Content Highlights: Rajiv Gandhi Birth Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..