ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തെ മുന്‍നിരയില്‍ നിന്ന് നയിച്ച് ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ദേശീയനേതാക്കളുടെ ഒരു നീണ്ടനിര നമുക്കുണ്ട്. എന്നാല്‍, അണിയറയിലിരുന്നുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസ്വപ്നങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുനല്കിക്കൊണ്ടിരുന്ന പ്രതിഭാധനരുടെ പട്ടികയിലാണ് ചരിത്രം രവീന്ദ്രനാഥ ടാഗോറിനെ അടയാളപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന് വഴികാട്ടുന്ന ദീപസ്തംഭമായി ഭാരതം വളരണമെന്നായിരുന്നു ടാഗോറിന്റെ സ്വപ്‌നം. മഹാനായ വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ ചരമവാര്‍ഷിക ദിനമാണ് ഓഗസ്റ്റ് ഏഴ്.
സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം ഒരേ ഒരു തവണ മാത്രമേ ഇന്ത്യയിലേക്ക് എത്തിയിട്ടുള്ളൂ. അത് എത്തിച്ചതാവട്ടെ രബീന്ദ്രനാഥ ടാഗോര്‍ എന്ന മഹാകവിയും. കവി, തത്വചിന്തകന്‍, ദൃശ്യകലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് എന്നിങ്ങനെ വിശേഷണങ്ങള്‍ക്ക് അതീതനാണ് രബീന്ദ്രനാഥ് ടാഗോര്‍.
കൊല്‍ക്കത്തയില്‍ 1861 മെയ് 7ന് ദേബേന്ദ്രനാഥ ടാഗോറിന്റെയും ശാരദാദേവിയുടെയും മകനായാണ് രബീന്ദ്രനാഥ ടാഗോര്‍ ജനിച്ചത്. ചെറുപ്രായത്തില്‍ത്തന്നെ ധാരാളം യാത്രകള്‍ നടത്തിയ ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ തന്നെയാണ് നടത്തിയത്. പിന്നീട് തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1878 മുതല്‍ 1880 വരെ ലണ്ടനില്‍ പഠിച്ചു. സംസ്‌കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ബംഗാളി ഭാഷകളില്‍ പ്രാവീണ്യം നേടി.
പിതാവിന്റെ പാത പിന്തുടര്‍ന്ന് ബ്രഹ്മസമാജത്തില്‍ അംഗമായ ടാഗോര്‍ 1884ല്‍ അതിന്റെ സെക്രട്ടറിയായി. 1886ല്‍ കോണ്‍ഗ്രസില്‍ അംഗമായി. 1901ല്‍ ശാന്തിനികേതന്‍ സ്ഥാപിച്ചു. 1918ല്‍ അത് വിശ്വഭാരതി സര്‍വകലാശാലയായി ഉയര്‍ന്നു. 1908ലെ ബംഗാള്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടാഗോര്‍ അധ്യക്ഷനായി. അന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ ഇംഗ്ലീഷില്‍ മാത്രം പ്രസംഗിച്ചിരുന്ന പാരമ്പര്യം ലംഘിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ടാഗോര്‍ ബംഗാളിയില്‍ അധ്യക്ഷപ്രസംഗം നടത്തി. 1912ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം 'ജനഗണമന' പാടിയവതരിപ്പിച്ചു. അദ്ദേഹം ഗാന്ധിജിയെ കണ്ടുമുട്ടിയത് 1915ലാണ്. ഗാന്ധിജിയെ 'മഹാത്മ' എന്ന് വിളിച്ചത് ടാഗോറാണ്. അദ്ദേഹത്തെ ഗാന്ധിജി അഭിസംബോധന ചെയ്തിരുന്നത് 'ഗുരുദേവ്' എന്നായിരുന്നു.
ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ നരനായാട്ടില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്ന സ്ഥാനമാനങ്ങള്‍ 1919ല്‍ അദ്ദേഹം ഉപേക്ഷിച്ചു. പിന്നീട് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും അകന്നുനിന്നു. ധാരാളം യാത്രകള്‍ നടത്തിയ അദ്ദേഹം വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. അനേകം ലോകപ്രശസ്തരുമായി സുഹൃദ്ബന്ധം പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എട്ടാമത്തെ വയസില്‍ കവിതയെഴുതാനാരംഭിച്ച ടാഗോര്‍ പതിനാറാമത്തെ വയസില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. അറുപത്തിയെട്ടാം വയസില്‍ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങള്‍ രചിച്ചു.
പാടണമെന്നുണ്ടീരാഗത്തില്‍
പാടാന്‍സ്വരമില്ലല്ലോ
പറയണമെന്നുണ്ടെന്നാലതിന്നൊരു
പദം വരുന്നീലല്ലോ
പ്രാണനുറക്കെ കേണീടുന്നു
പ്രഭോപരാജിതനിലയില്‍;
നിബദ്ധനിഹ ഞാന്‍ നിന്‍ ഗാനത്തില്‍
നിരന്തമാകിയ വലയില്‍
എന്ന് പാടിയ അദ്ദേഹത്തിന്റെ ഗീതാഞ്ജലി ലോകമെങ്ങും പെരുമപെറ്റ പുസ്തകമായി മാറി. 1913ല്‍ ഗീതാഞ്ജലിക്ക് സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചതിലൂടെ ഈ പുരസ്‌കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോര്‍. ദേശത്തും വിദേശത്തുമുളള അനേകം സര്‍വകലാശാലകളില്‍ പ്രഭാഷണങ്ങള്‍ നടത്തി. 1941 ഓഗസ്റ്റ് 7ന് അന്തരിച്ചു.
മൂവായിരത്തോളം കവിതകള്‍, നൂറോളം കവിതാസമാഹാരങ്ങള്‍, ആയിരത്തി നാനൂറോളം ഗാനങ്ങള്‍, അമ്പതിലേറെ നാടകങ്ങള്‍, നാല്പതിലധികം കഥാസമാഹാരങ്ങള്‍, നോവലുകള്‍, എണ്ണമറ്റ ലേഖനങ്ങള്‍, പതിനഞ്ചോളം ലേഖന സമാഹാരങ്ങള്‍ അങ്ങനെ വിപുലമായ സാഹിത്യലോകമാണ് ടാഗോറിന്റെതായി ഉള്ളത്.
ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമനയ്ക്കുപുറമേ ശ്രീലങ്കയുടെ ദേശീയഗാനമായ ശ്രീലങ്ക മാതാ... എഴുതിയത് ടാഗോര്‍ ആണെന്നും അതല്ല അദ്ദേഹത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആനന്ദ സമരങ്കൂണ്‍ എഴുതിയതാണെന്നുമുള്ള രണ്ടുപക്ഷം ഇപ്പോളും നിലനില്‍ക്കുന്നുണ്ട്. അമര്‍ സോനാ ബംഗള എന്നുതുടങ്ങുന്ന ബംഗ്‌ളാദേശ് ദേശീയഗാനവും പിറന്നത് ടാഗോറിന്റെ ഭാവനയിലാണ്.
Content Highlights: Rabindranath Tagore death anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..