ഒരിക്കൽ ഹൃദയത്തിന്റെ പാതിയായത് പിന്നീട് ഓര്‍ക്കാനിഷ്ടമില്ലാത്ത വിധം കയ്‌ച്ചേക്കാം- ആര്‍. രാജശ്രീ


അത് അംഗീകരിക്കാനുള്ള വിമുഖതകൊണ്ടു കൂടിയാണ് ബന്ധങ്ങളെ മനുഷ്യര്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.       

ആർ. രാജശ്രീ

പ്രണയത്തെക്കുറിച്ച് പറഞ്ഞതേറെയും സാഹിത്യമാണ്. സമീപകാലത്തെ ആണ്‍-പെണ്‍ ബന്ധങ്ങള്‍ നിര്‍വചിക്കപ്പെടുന്നതിന്റെ അടിസ്ഥാനവും മാനദണ്ഡങ്ങളും ഉപാധികള്‍ നിശ്ചയിക്കപ്പെടുന്ന സാഹചര്യത്തില്‍ മാതൃഭൂമി ഡോട്‌കോം എഴുത്തുകാരോട് ചോദിക്കുന്നു, ഇരുമ്പുലയ്ക്കകളാണോ ബന്ധങ്ങള്‍, പരസ്പരം കൈകോര്‍ത്ത് പിരിയുന്ന കാലം ഉണ്ടാകുമോ? സച്ചിദാനന്ദന്‍, സുഭാഷ്ചന്ദ്രന്‍, ജി.ആര്‍. ഇന്ദുഗോപന്‍ എന്നിവരോടൊപ്പം മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ആര്‍. രാജശ്രീ പ്രതികരിക്കുന്നു.

ന്ധങ്ങള്‍ ഉണ്ടാക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് അത്തരത്തില്‍ത്തന്നെ അംഗീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. അത്രതന്നെ പ്രധാനമാണ് അനാരോഗ്യകരമായ ബന്ധങ്ങളില്‍നിന്ന് ഒഴിഞ്ഞുപോവുകയെന്നതും. മനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ അപ്രവചനീയമാണെന്നിരിക്കെ ബന്ധങ്ങള്‍ ശാശ്വതമായിരിക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണ്. പ്രണയമായാലും ദാമ്പത്യമായാലും സൗഹൃദങ്ങളായാലും അങ്ങനെ തന്നെയാണ്. മുന്നോട്ടു ജീവിക്കുന്തോറും ചിന്തകളിലും നിലപാടുകളിലും മനോഭാവങ്ങളിലും തളര്‍ച്ചയും വളര്‍ച്ചയുമുണ്ടാകാം. ഒരു കാലത്ത് ഹൃദയത്തിന്റെ പാതിയെന്നു തോന്നിയത് പില്ക്കാലത്ത് ഓര്‍ക്കാനിഷ്ടമില്ലാത്ത വിധം കയ്‌ച്ചേക്കാം. ഏറ്റവും സ്വാഭാവികമായ ഒന്നാണത്. അത് അംഗീകരിക്കാനുള്ള വിമുഖതകൊണ്ടു കൂടിയാണ് ബന്ധങ്ങളെ മനുഷ്യര്‍ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്.

രക്തബന്ധങ്ങളും ഹൃദയബന്ധങ്ങളും സാമൂഹികബന്ധങ്ങളും പല നിലകളില്‍ വിലപിടിപ്പുള്ളതാണ്. പക്ഷേ അതിലുള്‍പ്പെടുന്നവരുടെ അന്തസ്സ് കെടുത്തുന്ന മട്ടിലാണ് പരിണാമമെന്നുണ്ടെങ്കില്‍ അവയില്‍ നിന്നുള്ള വിടുതല്‍ സാധ്യതകള്‍ ആലോചിച്ചേ പറ്റൂ. കൊന്നും മരിച്ചും മാത്രം ഒഴിവാക്കാവുന്നവയായി മാറേണ്ടതല്ല മനുഷ്യബന്ധങ്ങള്‍. അത്തരം പ്രതിസന്ധികളിലേക്ക് മനുഷ്യരെ എത്തിക്കുന്ന തരത്തില്‍ കുടുംബമടക്കമുള്ള നമ്മുടെ സാമൂഹിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാറുണ്ട്. ദാമ്പത്യത്തില്‍ സംഘര്‍ഷങ്ങളുണ്ടാകുന്നതും അവ വേര്‍പിരിയലില്‍ എത്തുന്നതും അങ്ങേയറ്റം അപമാനകരമായാണ് നമ്മുടെ സമൂഹം കാണുന്നത്. പ്രണയം കലയില്‍ സുന്ദരവും ജീവിതത്തില്‍ അശ്ലീലവുമായി കാണുന്ന ഏര്‍പ്പാടും ഉണ്ട്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ സമൂഹം മൊത്തമായി ഇടപെടുന്നത് മറ്റൊന്ന്. ഇതൊക്കെയും സൃഷ്ടിക്കുന്ന സംഘര്‍ഷം ചെറുതല്ല.ഏതു ബന്ധത്തിന്റെയും നിലനില്പിന് അതിനകത്തു തന്നെ സ്വാതന്ത്ര്യവും അയവും ഉണ്ടാവണം. ശ്വസിക്കാനാവണം. പരസ്പരം ഉടമസ്ഥരാവുകയെന്നതല്ല ബന്ധങ്ങളുടെ ഉദ്ദേശ്യം. ഉടമസ്ഥതാ മനോഭാവവും അന്തസ്സും ഒരിക്കലും ഒന്നിച്ചു നില്ക്കില്ല. മനുഷ്യരുടെ സ്വാഭാവികതകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ബോധ്യമുണ്ടായാല്‍ ബന്ധങ്ങള്‍ക്ക് കല്പിക്കപ്പെടുന്ന ദിവ്യത്വം ഇല്ലാതാവും. അവയില്‍ കാല്പനികമായി യാതൊന്നുമില്ല. തുറസ്സു മാത്രമാണ് വെളിച്ചം വീഴാനുള്ള വഴി. ഒഴുകാനനുവദിക്കലാണ് കെട്ടിക്കിടന്നു ദുഷിക്കാതിരിക്കാനുള്ള വഴി.

Also Read

ബന്ധങ്ങൾ ഇരുമ്പുലയ്ക്കകളാണോ, പരസ്പരം കൈകൊടുത്തുപിരിയുന്ന ...

പരസ്പരം അന്തസ്സിടിച്ചു കളയുന്ന ബന്ധങ്ങള്‍ കാലം ചെന്നായാലും മനസ്സിലാക്കുകയും മനസ്സിലായാല്‍ അതില്‍ തുടരാതിരിക്കുകയും ചെയ്യാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടാവണം. അതിനര്‍ത്ഥം, സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുകൂലമാവുമ്പോള്‍ മാത്രം ബന്ധങ്ങളിലെ ജനാധിപത്യത്തെ അംഗീകരിക്കുകയും പ്രതികൂലമാവുമ്പോള്‍ മറുകക്ഷിയെ താറടിക്കുകയും ചെയ്യാമെന്നുമല്ല. ബന്ധങ്ങളുണ്ടാക്കുന്നതിലും വേര്‍പിരിയുന്നതിലും മേല്‍ക്കയ്യല്ല, കൂട്ടുത്തരവാദിത്തമുണ്ടായിരിക്കുന്നതാണ് ഉചിതം. എന്തു കാരണത്താലായാലും തുടരാന്‍ താല്‍പര്യമില്ലാതെ പിരിഞ്ഞുപോകാന്‍ ശ്രമിക്കുന്നവരെ തടഞ്ഞു നിര്‍ത്തരുത്. താല്‍ക്കാലികമായി പ്രയാസമുണ്ടായേക്കാമെങ്കിലും അതിലൊരു സത്യസന്ധതയുണ്ട്. അല്ലാത്തവര്‍ ജ്യൂസ് ഗ്ലാസും കത്തിയും തേപ്പ് പെട്ടിച്ചിത്രങ്ങളുമായി പതം പറഞ്ഞുകൊണ്ടിരിക്കും. അവരെ സൂക്ഷിക്കുക.

Content Highlights: R.Rajasree, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented