തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന തകഴിയോട് സായ്പ്പ്:' മലയാളമൊക്കെ എനിക്കും അറിയാം കേട്ടോ...'


സി.പി ബിജുതകഴി, ആർ.ഇ ആഷർ

അടുത്തിടെ അന്തരിച്ച പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞന്‍ ഡോ.റൊണാള്‍ഡ് ഇ.ആഷറെക്കുറിച്ച് സി.പി ബിജു എഴുതുന്നു.

രു കൊയ്ത്തു കാലത്ത് പണിപ്പാടുകള്‍ കഴിഞ്ഞ് ഷാപ്പിലിരിക്കുകയാണ് തകഴി. അപ്പോള്‍ പാടവരമ്പുകളിലൂടെ ഓടിയെത്തി പണിക്കാരിലൊരാള്‍ പറഞ്ഞു: 'തകഴിച്ചേട്ടനെ അന്വേഷിച്ച് ഒരു സായിപ്പ് വന്നിട്ടുണ്ട്.' സ്വസ്ഥമായിട്ടിരുന്ന് ഒരു കോപ്പ കള്ളു കുടിക്കാന്‍ പോലും സമ്മതിക്കില്ലെങ്കില്‍ വന്നവന്‍ ഏതു സായിപ്പായാലെന്ത്! തകഴി ഒട്ടും കൂസാതെ തുള്ളുമിളം കള്ളില്‍ മജ്ജനം ചെയ്കയായ് തന്‍ ഹൃദയം. അപ്പോള്‍ പണിക്കാരന്‍ പിന്നെയും ഓര്‍മിപ്പിച്ചു...'അതല്ല, തകഴിച്ചേട്ടന്‍ ഷാപ്പിലുണ്ടാവുമെന്നറിയാവുന്ന കാത്തച്ചേച്ചി സായിപ്പിനെ ഇങ്ങോട്ടു പറഞ്ഞു വിട്ടിട്ടുണ്ട്.' തകഴിയും ചങ്ങാതിയായ പണിക്കാരനും വേഗം ഇറങ്ങി. നെടുവരമ്പിലൂടെ വീട്ടിലേക്ക് വെച്ചുപിടിച്ചു. വഴിയില്‍ വെച്ചു കണ്ടു, സായിപ്പ് കുടപോലുമില്ലാതെ വരമ്പത്തുകൂടി വരുന്നുണ്ട്. തകഴി അടുത്ത തെങ്ങിന്‍തടത്തിലേക്ക് ഇരുന്നു- മൂത്രമൊഴിക്കാനെന്ന മട്ടില്‍. കുറച്ചധികം സമയമായിട്ടും സായിപ്പ് കാത്തുനില്പു തന്നെയാണ്. ശ്ശെടാ! ഇയാളെക്കൊണ്ട് വല്യ പാടായല്ലോ... തകഴി സായിപ്പിനെ ചീത്ത വിളിക്കാന്‍ തുടങ്ങി. 'ങാ...എന്നെക്കുറിച്ചാണ് പറയുന്നത് അല്ലേ! അങ്ങ് പറയുന്ന മലയാളമൊക്കെ എനിക്കും അറിയാം കേട്ടോ.' കുറച്ചൊരു പശപ്പിടിത്തമുള്ള മലയാളത്തില്‍ സായിപ്പ് തകഴിയെ ഓര്‍മിപ്പിച്ചു. അപ്പോളാണ് തകഴിക്ക് ആളെ പിടി കിട്ടിയത്... സാക്ഷാല്‍ തകഴിതന്നെ പറഞ്ഞ സംഭവമാണിത്.

ശങ്കരമംഗലത്തെ പൂമുഖത്ത് സായിപ്പ് ഇരുന്നു. മലയാളം പഠിച്ച്, മലയാളത്തെ അറിഞ്ഞ് മലയാളത്തിന്റെ പൂമുഖത്തു കടന്നിരുന്ന ആ സായിപ്പ് ആഷറായിരുന്നു. റൊണാള്‍ഡ് ഇ. ആഷര്‍ എന്ന ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞന്‍. വിദൂരദേശത്തുള്ള എന്റെ സഹോദരന്‍ എന്നാണ് തകഴി ആഷറിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. തകഴിയുടെ 'തോട്ടിയുടെ മകന്‍' 'ദ സ്‌കാവഞ്ചേഴ്സ് സണ്‍' എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് തെറ്റുതിരുത്തി വാങ്ങാനാണ് അന്ന് ആഷര്‍ ആ കുട്ടനാടന്‍ വെയില്‍പ്പരപ്പിലേക്കിറങ്ങിയത്. ഭാഷയുടെ അപൂര്‍വചാരുതയാല്‍ വിസ്മയം തീര്‍ത്ത ബഷീറിന്റെ 'ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന'്, 'ബാല്യകാലസഖി', 'പാത്തുമ്മയുടെ ആട്' എന്നീ കൃതികളും പിന്നീട് കെ.പി. രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ'യും ആഷര്‍ ഭാഷാചാരുത ചോരാതെ ഇംഗ്ലീഷിലാക്കി.

മലയാളത്തിന് പ്രിയപ്പെട്ട വലിയ എഴുത്തുകാരുടെ വിവര്‍ത്തകന്‍ എന്ന നിലയിലാണ് കേരളത്തിലെ മിക്ക മാധ്യമങ്ങളും ചരമ വേളയില്‍ ആഷറിനെ പരിചയപ്പെടുത്തിയത്. എന്നാല്‍, വിവര്‍ത്തകന്‍ എന്നത് ആഷറിന്റെ അതിവിപുലമായ ജ്ഞാനജീവിതത്തിലെ എത്രയോ ചെറിയ ഒരു തലം മാത്രമായിരുന്നു എന്നതാണ് വസ്തുത.

ഭാഷാപഠനത്തിന്റെ ലോകവേദികളില്‍ മലയാളത്തിന് ആദരണീയ സ്ഥാനം നേടിത്തന്നവരില്‍ പ്രധാനിയാണ് ഡോ. റൊണാള്‍ഡ് ഇ. ആഷര്‍. ആധുനിക കാലത്ത് ഭാഷാശാസ്ത്ര ആചാര്യന്മാരായ ഡോ.എഫ്.ഡബ്ല്യൂ.മോഗ്, ഡോ.ആഷര്‍, ഡോ.സ്വലബില്‍ തുടങ്ങി ചുരുക്കം ചില പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞരുടെ സേവനങ്ങളേ മലയാളത്തിന് ലഭിച്ചിട്ടുള്ളൂ. തമിഴിനോ ഹിന്ദിക്കോ ബംഗാളിക്കോ കൈവന്നിട്ടുള്ളതു പോലെ ഭാഷകളുടെ ലോകത്ത് മലയാളത്തിന് അങ്ങനെ വിപുലപരിഗണനയൊന്നും ലഭിച്ചിട്ടില്ല. എന്നിട്ടും ലോകഭാഷാ വിജ്ഞാനങ്ങളുടെ വേദിയില്‍ മലയാളം അത്ര പിന്നിലല്ലതാനും. മലയാളത്തിനായി പ്രവര്‍ത്തിച്ച ഈ ഭാഷാശാസ്ത്രജ്ഞര്‍ക്കു പ്രത്യേകം നന്ദി പറയണം.

മലയാളകൃതികളുടെ വിവര്‍ത്തനത്തിനു പുറമേ മലയാളത്തെക്കുറിച്ച് ഇംഗ്ലീഷില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുമുണ്ട് ആഷര്‍. ഒരു മലയാളം വ്യാകരണഗ്രന്ഥവും രചിച്ചു. ആധുനിക ഭാഷാശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഏറ്റവും ആധികാരികമായ മലയാളം വ്യാകരണം ആഷറുടെ 'മലയാളം' തന്നെ ആയിരിക്കും. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഇറങ്ങിയിട്ടുള്ള നിരവധി വിജ്ഞാനകോശങ്ങളിലും ആധികാരിക ഗ്രന്ഥങ്ങളിലും മലയാള ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും എഴുതിയിട്ടുള്ളത് ആഷറാണ്.

'അറ്റ്ലസ് ഓഫ് ദ വേള്‍ഡ്സ് ലാംഗ്വേജസ്' എന്ന പേരില്‍ ആഷറും ക്രിസ്റ്റഫര്‍ മോസെലിയും ചേര്‍ന്ന് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ വിശ്രുതഗ്രന്ഥം ലോകത്തില്‍ അറിയപ്പെട്ടിട്ടുള്ള ഏതാണ്ടെല്ലാ ഭാഷകളെയും മാപ്പ് ചെയ്തിട്ടുള്ള മഹത്തായ മനുഷ്യഭാഷാരേഖയാണ്. 1993-ല്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തെപ്പോലെ വിശദമായും വിപുലമായും മനുഷ്യഭാഷകളെ രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു പുസ്തകമില്ല.

'ദ എന്‍സൈക്ലോപീഡിയ ഓഫ് ലാംഗ്വേജ് ആന്‍ഡ് ലിംഗ്വിസ്റ്റിക്സ'് എന്ന പേരില്‍ 10 വാല്യങ്ങളുള്ള ഒരു ബൃഹദ് ഗ്രന്ഥസമുച്ചയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാഷാശാസ്ത്രത്തെക്കുറിച്ച് കിട്ടാവുന്ന ഏറ്റവും മികച്ച ആധികാരിക വിവരശേഖരമാണ് ഈ ഗ്രന്ഥസമുച്ചയം. ആഷറും എം.വൈ.സിംപ്സനുമാണ് എഡിറ്റര്‍മാര്‍. ഭാഷാശാസ്ത്ര പഠനങ്ങളുടെ ബഹുവിജ്ഞാനീയസമീനത്തില്‍ ഊന്നുന്ന വിശിഷ്ടഗ്രന്ഥമാണിതെന്ന് ഭാഷാശാസ്ത്ര പണ്ഡിതര്‍ ഒന്നടങ്കം ആദരിക്കുന്നു. ഒരു വിജ്ഞാനകോശം തയ്യാറാക്കുന്നതിനുള്ള മാതൃകയായിക്കൂടിയാണ് ഈ ഗ്രന്ഥസഞ്ചയത്തെ പരിഗണിക്കുന്നത്.
ആഷറും ജോണ്‍ ലേവറും ചേര്‍ന്ന് തയ്യാറാക്കിയ 'എന്‍സൈക്ലോപീഡിക് ഡിക്ഷണറി ഓഫ് സ്പീച്ച് ആന്‍ഡ് ലാംഗ്വേജ്' ആണ് വിഖ്യാതമായ മറ്റൊരു ഗ്രന്ഥം.

'ദ്രവീഡിയന്‍ ലംഗ്വേജസ്' എന്ന പുസ്തകവും 'മലയാളം' എന്ന പേരില്‍ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്ന ടി.സി.കുമാരിയുമായി ചേര്‍ന്ന് തയ്യാറാക്കിയ വ്യാകരണവും മലയാളഭാഷയെക്കുറിച്ച് ലോകമെമ്പാടുമുള്ള ഭാഷാശാസ്ത്ര പഠിതാക്കള്‍ക്ക് ആധികാരികമായ അറിവു പകരുന്നവയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ലോകമെങ്ങും വലിയ പ്രചാരം നേടിയ ഭാഷാശാസ്ത്ര ചിന്തകള്‍ക്ക് ഇന്ന് പഴയ പ്രതാപമില്ല. ഫെര്‍ഡിനാന്‍ഡ് സൊഷൂറിന്റെ ഭാഷാ ചിന്തകളില്‍ വേരൂന്നി സൈദ്ധാന്തിക ചിന്തകള്‍ അതിവിപുലമായ ജ്ഞാനവിസ്താരങ്ങളിലേക്കു വളര്‍ന്നു ഇരുപതാം നൂറ്റാണ്ടില്‍. ആ അടിത്തറയിലൂന്നി കലയും സാഹിത്യവും തത്ത്വചിന്തയും നരവംശശാസ്ത്രവും ഒക്കെ ഏറെ മുന്നേറിയപ്പോള്‍ പില്‍ക്കാലത്ത് ഭാഷാശാസ്ത്ര മുന്നേറ്റങ്ങള്‍ക്ക് അത്രത്തോളം ശ്രദ്ധ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. നോം ചോംസ്‌കിയുടെ വലിയ തലപ്പൊക്കത്തെ മറികടക്കാന്‍ ചോംസ്‌കിയനന്തര ഭാഷാശാസ്ത്രത്തിന് ഏതായാലും കഴിഞ്ഞിട്ടില്ല. ഭാഷാശാസ്ത്രം എന്ന ആധാരജ്ഞാനപദ്ധതിക്ക് വിപുലമായ ചരിത്രമൊരുക്കിയ പണ്ഡിതനാണ് റൊണാള്‍ഡ് ഇ ആഷര്‍. ഭാഷാശാസ്ത്ര ചരിത്രം എന്നൊരു സൂപ്പര്‍സ്പെഷ്യാലിറ്റിക്ക് ആഷര്‍ രൂപം കൊടുത്തു എന്നു പോലും പറയാമെന്നു തോന്നുന്നു.

എന്നാല്‍, മലയാളത്തോട് അദ്ദേഹത്തിന്റെ സമീപനം തികച്ചും ഭാഷാശാസ്ത്രപരം ആയിരുന്നില്ല. നമ്മുടെ സാഹിത്യവുമായും സാമൂഹിക ജീവിതവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ആഷര്‍. തമിഴ് പഠിക്കാന്‍ ചെന്നൈയില്‍ ചെന്ന ആഷര്‍ അവിടെ സര്‍വകലാശാലയിലുണ്ടായിരുന്ന പ്രഗല്ഭ ഭാഷാശാസ്ത്രജ്ഞന്‍ ഡോ. കെ .എം. പ്രഭാകര വാരിയരുടെ അടുത്താണ് എത്തിപ്പെട്ടത്. അതാണ് മലയാളത്തിന് ഭാഗ്യമായതും. തികഞ്ഞ ചിട്ടയോടെയും അങ്ങേയറ്റം സൗമ്യമായും പണ്ഡിതോചിതമായും ഇടപെടുന്ന പ്രഭാകരവാരിയരെപ്പോലൊരാളുടെ രീതികള്‍ ആഷറെപ്പോലെ തികച്ചും സിസ്റ്റമാറ്റിക് ആയ ഒരാളെ ആകര്‍ഷിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. ഡോ.പ്രഭാകര വാരിയരുടെ നിര്‍ദേശപ്രകാരമാണ് എന്‍. ഉണ്ണികൃഷ്ണന്‍ നായരും സി.കെ.നളിനബാബുവും ആഷറെ മലയാളം പഠിക്കാന്‍ സഹായിച്ചത്. അക്ഷരം പഠിച്ചയാള്‍ക്ക് വായിക്കാന്‍ അങ്ങേയറ്റം ലളിതമായതും എന്നാല്‍ തികച്ചും മികവാര്‍ന്നതുമായ രണ്ടു ചെറിയ പുസ്തകങ്ങള്‍ നിര്‍ദേശിച്ചതും ഡോ.പ്രഭാകരവാരിയര്‍ തന്നെ. പാത്തുമ്മയുടെ ആടും ബാല്യകാല സഖിയും. മലയാളം പഠിക്കാന്‍ എത്തുന്ന വിദേശികള്‍ക്ക് ഇപ്പോളും പ്രിയപ്പെട്ട പുസ്തകങ്ങളാണ് അവ രണ്ടും. തകഴിയുടെ ചെമ്മീന്‍, തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി തുടങ്ങിയ നോവലുകളും ആഷര്‍ക്ക് പ്രിയപ്പെട്ടവയായിരുന്നു. പിന്നീട് മലയാള കഥകളും നോവലുകളും കാര്യമായി വായിച്ച അദ്ദേഹം അവയില്‍ നന്നായി രസിക്കുകയും ചെയ്തിരുന്നു. സാഹിത്യത്തിന്റെ ലാവണ്യാത്മകവും സാമൂഹികവും സാംസ്‌കാരികവുമായ സംഗതികളെയൊക്കെ ആഷര്‍ തൊട്ടറിഞ്ഞു മലയാളത്തില്‍. നമ്മുടെ മുതിര്‍ന്ന എഴുത്തുകാരും ഭാഷാപണ്ഡിതരും പ്രസാധകരും ഒക്കെ ആഷറുടെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഏതാണ്ടെല്ലാവരോടും തികഞ്ഞ വ്യക്തിസൗഹൃദമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. പലരുടെയും വീടുകളില്‍ അദ്ദേഹം നാട്ടുകാരനായ ഒരു അതിഥിയായി താമസിച്ചിട്ടുണ്ട്. തനി പരിശുദ്ധ വെള്ളക്കാരനായ ആഷറിനെ പച്ചമുളകു തീറ്റിച്ച് കരയിച്ച കഥ ബഷീര്‍ എഴുതിയിട്ടുണ്ട്.

ഡോ. കെ. എം. പ്രഭാകരവാരിയര്‍, ഡോ. വി. ആര്‍.പ്രബോധചന്ദ്രന്‍, ഡോ.സ്‌കറിയാ സക്കറിയ, ഡോ. ടി. ബി.വേണുഗോപാലപ്പണിക്കര്‍ തുടങ്ങിയ മുതിര്‍ന്ന ഭാഷാഗവേഷകരുമായിട്ടെന്ന പോലെ, ഡോ. രവിശങ്കര്‍ എസ്.നായര്‍, ഡോ.ശ്രീനാഥ് തുടങ്ങി പുതിയ തലമുറയിലെ പ്രഗല്ഭ ഭാഷാഗവേഷകരുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ചങ്ങനാശ്ശേരിയില്‍ ഡോ.സ്‌കറിയാ സക്കറിയയുടെ വീട്ടില്‍ രണ്ടോ മൂന്നോ തവണ വന്നിട്ടുണ്ട്.
മലയാള മഹാനിഘണ്ടുവിന്റെ പദ്ധതി തയ്യാറാക്കുന്ന വേളയില്‍ ഡോ. ആഷര്‍ നല്‍കിയ സേവനങ്ങളെക്കുറിച്ച് ശൂരനാട്ടു കുഞ്ഞന്‍പിള്ള വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. ബെഞ്ചമിന്‍ ബെയ്്ലി, ഗുണ്ടര്‍ട്ട്, അര്‍ണോസ് പാതിരി തുടങ്ങിയവരുടെ കൂട്ടത്തിലാണ് ശൂരനാട്ടു കുഞ്ഞന്‍പിള്ള ആഷറിനെ ഗണിക്കുന്നത്. മലയാളഭാഷയുടെ സൂക്ഷ്മമായ വ്യാകരണ സവിശേഷതകള്‍ അപഗ്രഥിക്കാനും കേരളീയ സമൂഹത്തിന്റെ സാഹിത്യസമീപനങ്ങള്‍ വിശകലനം ചെയ്യാനും ഒക്കെയുള്ള ശേഷിയുണ്ടായിരുന്നു ഡോ. ആഷറിന്. മലയാളം എഴുതുകയും വായിക്കുകയും ചെയ്യും. മലയാള ഭാഷയെക്കുറിച്ച് അഗാധജ്ഞാനവുമുണ്ട്. എന്നാലും മലയാളം സംസാരിക്കുമ്പോള്‍ ചതുരവടിവില്‍ പിടിച്ചു പിടിച്ചേ പറയുമായിരുന്നുള്ളൂ. എങ്കിലും സാധാരണ ആളുകള്‍ സംസാരിക്കുന്ന മലയാളം വിഷമമില്ലാതെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു.

1926-ല്‍ ഇംഗ്ലണ്ടില്‍ ജനിച്ച ആഷര്‍ ഫ്രഞ്ച് ഭാഷാപഠനത്തിലാണ് ഗവേഷണബിരുദം നേടിയത്. 1955-ല്‍ പിഎച്ച്ഡി നേടി. ലണ്ടന്‍ സര്‍വകലാശാലയിലെ
സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ലക്ചററായി ചേര്‍ന്നു. അവിടെ ഇന്ത്യാ പാക്കിസ്ഥാന്‍ ശ്രീലങ്കാ മേഖലയിലെ ഭാഷകളെക്കുറിച്ചുള്ള പഠനവിഭാഗത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. തമിഴിനെക്കുറിച്ചുള്ള ഭാഷാശാസ്ത്ര പഠനങ്ങളിലായിരുന്നു പ്രത്യേകശ്രദ്ധ അര്‍പ്പിച്ചത്. 1960-കള്‍ മുതല്‍ തമിഴ്നാട്ടില്‍ വന്നു തുടങ്ങിയ ആഷര്‍ ദ്രാവിഡ ഭാഷകളിലെല്ലാറ്റിലും പരിജ്ഞാനം നേടി. തമിഴിലും മലയാളത്തിലും നല്ല സ്വാധീനവും. 1983 മുതല്‍ 90 വരെ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഫോര്‍ തമിഴ് റിസര്‍ച്ചിന്റെ പ്രസിഡന്റുമായിരുന്നു. ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പലസര്‍വകലാശാലകളിലും ഭാഷാശാസ്ത്ര വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തമിഴിലെ സംഘസാഹിത്യത്തിലും സുബ്രഹ്‌മണ്യ ഭാരതി, ഭാരതിദാസന്‍ തുടങ്ങിയവരുടെ രചനകളിലും അദ്ദേഹത്തിന് പ്രത്യേക അവഗാഹമുണ്ടായിരുന്നു. എ തമിള്‍ പ്രോസ് റീഡര്‍, കൊളോക്കിയല്‍ തമിള്‍: ദ കംപ്ലീറ്റ് കോഴ്സ് ബുക്ക് തുടങ്ങി തമിഴിനെപ്പറ്റിയും നിരവധി പുസ്തകങ്ങള്‍ രചിച്ചു.

അറുപതുകള്‍ മുതല്‍ ഏതാണ്ട് അന്‍പതു കൊല്ലക്കാലം അദ്ദേഹം നിരന്തരം കേരളത്തില്‍ വന്നുപോയിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള മികച്ച കോളേജുകളിലും സര്‍വകലാശാലകളിലും പതിവായി സന്ദര്‍ശിക്കുകയും ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തു. കേരളത്തിലെ സാഹിതീയ അന്തരീക്ഷത്തെക്കുറിച്ച് വലിയ ആദരമാണ് ആഷര്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഫ്രാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ ഒട്ടുമിക്കയിടങ്ങളിലും ഉള്ളതിനെക്കാള്‍ മികച്ച നിലയിലുള്ള സാഹിത്യസംവാദങ്ങള്‍ നടക്കുന്ന ഇടമാണ് കേരളം എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ആഷറെപ്പോലെ അത്രവിപുലമായ ലോകഭാഷാ പരിചയമുള്ള ഒരാളുടെ അംഗീകാരം മലയാളത്തിന് എന്തുകൊണ്ടും അഭിമാനകരം തന്നെ. കേരളത്തിലെ മത സാമുദായിക സവിശേഷതകളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. ഇന്ദുലേഖ നോവലിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ 90-കളില്‍ ആഷര്‍ എഴുതിയിട്ടുള്ളത് ഇങ്ങനെ-
'താന്‍ ശുപാര്‍ശ ചെയ്ത തരത്തില്‍ ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടാല്‍ ദക്ഷിണേന്ത്യയില്‍ ഉണ്ടായി വരാനിടയുള്ള ഒരു പ്രശ്നത്തിലേക്ക് ചന്തുമേനോന്റെ കണ്ണ് ചെന്നിരുന്നില്ല എന്ന് വിചാരിക്കണം. അദ്ദേഹത്തിന്റെ കമിതാക്കള്‍ ഒരേ സമുദായത്തിലെ അംഗങ്ങളാണ്. രണ്ടു കുടുംബത്തിലെയും രക്ഷിതാക്കള്‍ സന്തോഷത്തോടെ ഒരുക്കാനിടയുള്ള ബന്ധവുമാണത്. ചന്തുമേനോന്‍ പറഞ്ഞതു പോലെ 'ശുദ്ധവും മധുരവുമായ പ്രേമത്തിനുവേണ്ടി വിവാഹിതരാകാന്‍ യുവജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചാല്‍, അവരില്‍ ചിലര്‍, സ്വന്തം രക്ഷിതാക്കള്‍ ഒരിക്കലും അവര്‍ക്കു വേണ്ടി ബന്ധം ആലോചിക്കാന്‍ ഇടയില്ലാത്ത സമുദായത്തില്‍ ഇണയെ കണ്ടെത്തി എന്നും വരാം. സമുദായത്തില്‍ വ്യാപകമായ എതിര്‍പ്പ് ഇളക്കി വിടുന്ന തരം ബന്ധം സ്ഥാപിക്കുന്നതില്‍ അവര്‍ ഉത്സുകരായെന്നും വരാം.'

ഇന്ദുലഖയ്ക്കു പിന്നാലെ ചെമ്മീനും ബാല്യകാല സഖിയും വായിച്ച ഒരാളുടെ ചരിത്രപരമായ നിരീക്ഷണം മാത്രമല്ല ഇത്. കേരളീയ സമൂഹഗതിയെക്കുറിച്ച് സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന സഹചാരിയുടെ തിരിച്ചറിവു കൂടിയാണ്.

തകഴിയെയും ബഷീറിനെയുമാണ് ആഷര്‍ കാര്യമായി പഠിച്ചിരുന്നത്. അവരിരുവരും സംശയരഹിതമായും ലോകനിലവാരമുള്ള എഴുത്തുകാരാണെന്ന് പല ലേഖനങ്ങളിലും തുറന്നെഴുതിയിട്ടുമുണ്ട്. ബഷീര്‍ മലയാളത്തിന്റെ സര്‍ഗവിസ്മയം എന്ന പഠനം ഏറെ ശ്രദ്ധനേടിയിട്ടുള്ളതുമാണ്. അദ്ദേഹത്തെപ്പോലെ ഫ്രഞ്ച് സാഹിത്യ പരിചയമുള്ള ഒരാള്‍ തകഴിയുടെ കൃതികളിലെ ഫ്രഞ്ച് സ്വാധീനം കണ്ടെടുത്ത് വിശദീകരിക്കുന്നത് ഉജ്വലമായ വായനാനുഭവമാണ് നമുക്ക്.

മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളിലൊന്നായ തകഴിയുടെ 'കയര്‍' ഉള്‍പ്പെടെ ചില ബൃഹദ്നോവലുകള്‍ ഇംഗ്ലീഷിലാക്കാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഭാഷാശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട ഒട്ടേറെ വലിയ അന്താരാഷ്ട്ര പദ്ധതികളില്‍ മുഴുകുകയാണ് ചെയ്തത്. ഒരു മഹാപണ്ഡിതന്‍, ഭാഷാസ്നേഹി എന്നതിനൊക്കെയപ്പുറം ആഷറെ പരിചയപ്പെടുന്നവര്‍ അദ്ദേഹത്തെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. ആഷറെക്കുറിച്ച് ബഷീര്‍ എഴുതിയിട്ടുള്ളത് ഇങ്ങനെ-'തനി പരിശുദ്ധ വെള്ളക്കാരന്‍. അധികം പൊക്കമില്ലാത്ത വെളുത്ത സുമുഖന്‍. സാത്വികനായ ഇംഗ്ലീഷുകാരന്‍. സ്നേഹസമ്പന്നന്‍.'

ലോകഭാഷാ വേദിയില്‍ മലയാളത്തിന് അഭിമാനകരമായ സ്ഥാനമുണ്ട് ഇന്ന്. ഡോ. മോഗ്, ആഷര്‍, സ്വലബെല്‍, ആല്‍ബ്രഷ്്ട് ഫ്രന്‍സ്, ഡേവിഡ് ഷൂള്‍മാന്‍, ബാര്‍ബറ ജോണ്‍സണ്‍, തുടങ്ങി ലോകം ആദരിക്കുന്ന നിരവധി പ്രതിഭകള്‍ ഇവിടെ വന്ന് മലയാളം പഠിച്ചും മലയാളികളോട് ഇടപെട്ടും നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റെ യശസ്സ് ലോകവേദിയില്‍ എത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. അക്കൂട്ടത്തില്‍ നമ്മുടെ പൊതുസമൂഹം ഒരളവു വരെയെങ്കിലും സ്നേഹവും ആദരവും അര്‍പ്പിച്ചിട്ടുള്ളയാള്‍ ഡോ.ആഷറാണ്. കേരള സാഹിത്യ അക്കാദമിയും കേന്ദ്ര സാഹിത്യ അക്കാദമിയും വളരെ മുമ്പു തന്നെ അദ്ദേഹത്തിന് ഫെലോഷിപ്പ് നല്‍കി ആദരിച്ചിട്ടുണ്ട്. നമ്മുടെ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നിട്ടുണ്ട്. മലയാളത്തില്‍ ആഷര്‍ക്ക് ആദരഗ്രന്ഥങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അദ്ദേഹം എഴുതിയ നിരവധി രചനകള്‍ ഇനിയും മലയാളത്തിലേക്കു വരാനുണ്ട്. ആഷര്‍ മലയാളത്തെക്കുറിച്ച് എഴുതിയ പഠനങ്ങളെങ്കിലും പൂര്‍ണമായി മലയാളത്തിലേക്കു കൊണ്ടു വരാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. വരുമായിരിക്കും, പ്രതീക്ഷിക്കാം.

Content Highlights: r e asher british linguist translated thakazhi basheer and k p ramanunni c p biju writes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented