പ്രൊഫ. എം. കൃഷ്ണൻ നായർ | ഫോട്ടോ: മാതൃഭൂമി
വിഖ്യാതമായ 'സാഹിത്യവാരഫല'ത്തിലൂടെ വിശ്വസാഹിത്യത്തിന്റെ വാതിലുകള്‍ മലയാളിക്കുമുന്നില്‍ തുറന്നിട്ട പ്രൊഫ. എം. കൃഷ്ണന്‍ നായരുടെ ജന്മശതാബ്ദിയില്‍ സംഗീതനിരൂപകനായ അദ്ദേഹത്തിന്റെ അനന്തരവന്‍ ടി.പി. ശാസ്തമംഗലം മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ കുറിപ്പ് വായിക്കാം...
മരുമക്കത്തായം ഏതാണ്ട് പൂര്‍ണമായും നിലച്ചതിനുശേഷമാണ് എന്റെ ജനനമെങ്കിലും അമ്മാവനെ (അമ്മയുടെ മൂത്തസഹോദരനെ) കുടുംബകാരണവരായി പരിഗണിക്കുന്ന രീതി തുടര്‍ന്നതിനാല്‍ ഭയഭക്തി ബഹുമാനത്തോടെയാണ് എം. കൃഷ്ണന്‍ നായര്‍ എന്ന മാതുലനെ എന്നും ഞാന്‍ കണ്ടിരുന്നത്. കലാലയാധ്യാപകന്‍, സാഹിത്യവിമര്‍ശകന്‍, മിതഭാഷി എന്നീ നിലകളില്‍ മാത്രമല്ല, കുടുംബത്തിലെ മറ്റുള്ളവരെല്ലാം അദ്ദേഹത്തിന് കൊടുത്തിരുന്ന സ്ഥാനവും മാനവുംകൂടിയായപ്പോള്‍ സ്വാഭാവികമായും എന്റെ മനസ്സിലും ഇപ്പറഞ്ഞ വികാരങ്ങളായിരുന്നു മുന്തിനിന്നത്. എങ്കിലും കാലംചെന്നതോടെ അദ്ദേഹം എന്നെ എല്ലാ അര്‍ഥത്തിലും സ്വാധീനിക്കുകയും എന്റെ മാനസഗുരുവായും മാതൃകാപുരുഷനായും മാറുകയും ചെയ്തു.
പള്ളിച്ചല്‍ എന്ന നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന ഞാന്‍ പള്ളിക്കൂടം അടച്ചുകഴിഞ്ഞാല്‍ ചെന്നുനിന്നിരുന്നത് അമ്മാവന്റെ വീട്ടിലായിരുന്നു. ശാസ്തമംഗലത്തെ വിജയഭവന്‍ എന്ന ആണ്ടവീട്ടില്‍ അമ്മാവന്റെ ആറുമക്കളോടൊപ്പം (എന്നെക്കാള്‍ പ്രായംകൂടിയവരും കുറഞ്ഞയാളും ഉള്‍പ്പെടെ ആറുമക്കള്‍-ഒരാണും അഞ്ചു പെണ്ണും) ബാല്യകാലവിനോദങ്ങളില്‍ ഏര്‍പ്പെടാമെന്നതായിരുന്നു അവിടെപ്പോകാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം. അന്നവിടെ പ്രമുഖരായ പല സാഹിത്യകാരന്മാരും വരുകയും ദീര്‍ഘനേരം സാഹിത്യസംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമായിരുന്നു. ക്രമേണ തൊട്ടടുത്ത മുറിയില്‍ ചെന്നുനിന്ന് ആ സംഭാഷണശകലങ്ങള്‍ കേള്‍ക്കുക എന്റെ പതിവുപരിപാടിയായി മാറി. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അതിഥികളെ സത്കരിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ചായയും മറ്റും കൊടുക്കാനുള്ള ചുമതല എന്നില്‍ വന്നുചേര്‍ന്നു.
'ചെമ്മീന്‍' കാണാന്‍പോയ കഥ
എന്റെ ബന്ധുക്കളില്‍ അമ്മാവന്റെവീട്ടില്‍ മാത്രമേ അന്ന് റേഡിയോയുണ്ടായിരുന്നുള്ളൂ. ആ മര്‍ഫി റേഡിയോ വെച്ചിരുന്നത് വീടിനോടുചേര്‍ന്ന് പിന്നീട് കെട്ടിയ മൂന്നുമുറികളില്‍ ഒന്നിലായിരുന്നു (ശരിക്കുപറഞ്ഞാല്‍ ആ മുറികളായിരുന്നു അമ്മാവന്റെ സാമ്രാജ്യം). അവിടെ റേഡിയോ ഇരുന്ന മുറിയുടെ മുകളിലായി കുറഞ്ഞ വീതിയും നീളവുമുള്ള റിബ്ബണ്‍ പോലിരിക്കുന്ന ഏരിയല്‍ കെട്ടിയിരുന്നത് ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്.
അന്ന് ആകാശവാണിയില്‍ റേഷന്‍ വ്യവസ്ഥയിലായിരുന്നു ചലച്ചിത്ര ഗാനങ്ങളുടെ പ്രക്ഷേപണം. ഗാനങ്ങളോട് താത്പര്യമുള്ള ഞാനും അമ്മാവന്റെ ഒരു മകളും (എന്റെ രമച്ചേച്ചി) സമയമാകുമ്പോള്‍ റേഡിയോയ്ക്കുമുന്നിലെത്തും. അപ്പോള്‍ അടുത്ത മുറിയില്‍ അമ്മാവന്‍ എഴുതുകയോ വായിക്കുകയോ ആയിരിക്കും. അതുകൊണ്ട് ശബ്ദം തീരേ കുറച്ചുവെച്ചായിരിക്കും ഞങ്ങള്‍ പാട്ടുകേള്‍ക്കുക. ചിലപ്പോള്‍ അദ്ദേഹവും ഞങ്ങളോടൊപ്പം പാട്ടുകേള്‍ക്കാന്‍ കൂടും.
'ചെമ്മീന്‍' എന്ന ചിത്രം പ്രദര്‍ശനശാലകളില്‍ വരുന്നതിനുമുമ്പ് അതിലെ പാട്ടുകള്‍ ആകാശവാണി പ്രക്ഷേപണംചെയ്യാന്‍ തുടങ്ങിയിരുന്നു (അങ്ങനെ പ്രക്ഷേപണംചെയ്ത ആദ്യത്തെ സിനിമ കൂടിയാണ് 'ചെമ്മീന്‍'). 'രാമവര്‍മ മനസ്സറിഞ്ഞ് എഴുതിയിരിക്കുകയാണ്' എന്ന മട്ടില്‍ അന്ന് അമ്മാവന്‍ അഭിപ്രായപ്രകടനം നടത്തിയത് ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു.
ആ പാട്ടുകളുടെ സ്വാധീനംകൊണ്ടാണോ എന്നറിയില്ല, രണ്ടുദിവസത്തിനകം 'ചെമ്മീന്‍' കാണാന്‍ ഞങ്ങളെ എല്ലാവരെയുംകൂട്ടി അമ്മാവന്‍ ന്യൂ തിയേറ്ററിലേക്ക് പോയി. ഇങ്ങനെ സിനിമ കാണിക്കാന്‍ കൊണ്ടുപോകുന്നത് അപൂര്‍വമായിരുന്നു. പക്ഷേ, പോകുന്നതെപ്പോഴും സെക്കന്‍ഡ് ഷോയ്ക്കായിരിക്കും.
ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ ടാക്‌സിക്കാറിലായിരുന്നു യാത്ര. അങ്ങോട്ടുമിങ്ങോട്ടുമുള്ള സഞ്ചാരത്തിനിടയ്ക്ക് അമ്മാവനും കാറിന്റെ ഡ്രൈവറും തമ്മിലുള്ള സംഭാഷണം കേട്ടിരിക്കാന്‍ ഏറെ രസമായിരുന്നു. കലയും സാഹിത്യവുമൊക്കെ അതില്‍ കടന്നുവരും. തിരിച്ചുവരുമ്പോള്‍ കണ്ട ചിത്രത്തെക്കുറിച്ചായിരിക്കും മിക്കവാറും വിലയിരുത്തല്‍. എല്ലാത്തിനും നര്‍മത്തിന്റെ മേമ്പൊടിയുണ്ടാവും. കണ്ട സിനിമകളെക്കാള്‍ പലപ്പോഴും എനിക്ക് ഇഷ്ടമായത് അവരുടെ സംഭാഷണമായിരുന്നു. 'കാത്തിരുന്ന നിക്കാഹ്', 'കാട്ടുതുളസി' തുടങ്ങിയ ചിത്രങ്ങള്‍ ഇങ്ങനെപോയി കണ്ടതിന്റെ ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ മധുരം പുരട്ടിനില്‍ക്കുന്നു.
ഇപ്പോഴും മനസില്‍ ആ നറുമണം
തുറന്നുപറയട്ടെ, ഞാന്‍ ഇംഗ്ലീഷ് പത്രം ആദ്യമായി കാണുന്നത് അമ്മാവന്റെ വീട്ടില്‍വെച്ചാണ്. രാവിലെ എഴുന്നേറ്റുവന്ന് വീടിന്റെ പൂമുഖത്തുവീഴുന്ന ഒന്നിലധികം മലയാളപത്രങ്ങളും ഇംഗ്ലീഷ് ദിനപത്രവും എടുത്തുകൊണ്ട് വായനമുറിയിലേക്ക് പോകുന്ന അമ്മാവനെയാണ് അവിടെ ചെന്നുനിന്ന ദിവസങ്ങളില്‍ മിക്കവാറും ഞാന്‍ കണ്ടിരുന്നത്. രാവിലെ അദ്ദേഹത്തിന് ചായ കൊണ്ടുകൊടുക്കാനുള്ള അവസരം ചിലപ്പോഴൊക്കെ എനിക്ക് വീണുകിട്ടിയിട്ടുണ്ട്. ചുണ്ടത്ത് പുകയുന്ന സിഗരറ്റുമായി വായനയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അദ്ദേഹം ചായ വാങ്ങി മേശപ്പുറത്തുവെച്ചിട്ട് ഒരു ചെറുചിരി സമ്മാനിക്കും. അത്രതന്നെ!
.jpg?$p=8a7b7b1&&q=0.8)
വീണ്ടും പത്രപാരായണത്തിലായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ. ചായ കടുപ്പമുള്ളതല്ലെങ്കില്‍ കുടിക്കില്ല. വേറെ ചായ കൊണ്ടുവരാന്‍ ഭാര്യയോടോ മക്കളോടോ ഉറക്കെ വിളിച്ചുപറയും. പിന്നീട് മിക്കപ്പോഴും കാണുന്നത് നിലക്കണ്ണാടിയെടുത്ത് മുമ്പില്‍വെച്ച് അതില്‍ നോക്കി പല്ലുതേക്കുന്ന അമ്മാവനെയാണ്. അപ്പോഴേക്കും ഉരക്കളത്തിലെ കുട്ടകത്തില്‍ വെള്ളം ചൂടായിട്ടുണ്ടാവും. അതിനോടുചേര്‍ന്നുള്ള കുളിമുറിയില്‍ കുളികഴിഞ്ഞ് തല തുവര്‍ത്തിക്കൊണ്ട് വീടിനകത്തേക്ക് കയറിവരുമ്പോള്‍ കാച്ചെണ്ണയുടെ മണം കാറ്റില്‍ പരക്കും. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു. ഇപ്പോഴും എന്റെ മനസില്‍ ആ നറുമണം നിറഞ്ഞുനില്‍പ്പുണ്ട്.
പ്രഭാതഭക്ഷണം കഴിക്കാന്‍ ഊണുമേശയ്ക്കരികില്‍ ഇരിക്കുമ്പോഴാണ് അദ്ദേഹം കൂടുതലും മനസ്സുതുറക്കാറുള്ളത്. കൂട്ടത്തില്‍ ഒന്നാന്തരം തമാശകളും പൊട്ടിക്കും. പ്രാതലിന് ഓരോ ദിവസവും ഓരോ പലഹാരം വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. ഒപ്പം ബുള്‍സ്ഐയും കോംപ്ലാന്‍ പാലില്‍ കലക്കിയതും. അദ്ദേഹത്തോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന ഞങ്ങള്‍ക്കും അതെല്ലാം തന്നിട്ടുണ്ടോ എന്ന് നോക്കുമായിരുന്നു. അത്രയ്ക്ക് ശ്രദ്ധപുലര്‍ത്തിയിരുന്നു എന്നു സാരം. ആഹാരം വളരെക്കുറച്ചേ കഴിക്കുകയുള്ളൂ. എന്നാല്‍, കഴിക്കുന്നത് തൃപ്തിയോടെ വേണം എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
ദുര്‍ഗ്രഹതയില്ലാത്ത ജീവിതം
സദാനേരവും, ശൗചസ്ഥാനത്തുപോകുമ്പോള്‍പ്പോലും പുസ്തകവുമായി നടക്കുന്ന ഒരു വിചിത്രജീവിയായിട്ടാണ് ആദ്യകാലത്തൊക്കെ ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നത്. അതിന് മാറ്റംവന്നത് ഈ ലേഖകന്‍ അക്ഷരങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങിയതോടെയാണ്. പിന്നെപ്പിന്നെ അവിടെ ചെല്ലുമ്പോഴെല്ലാം ഒരു കെട്ടുപുസ്തകങ്ങളുമായിട്ടാണ് അദ്ദേഹം എന്നെ മടക്കിയയക്കാറ്.
എന്റെ ഗൃഹഗ്രന്ഥശാലയിലെ പുസ്തകങ്ങളില്‍ ഏറിയപങ്കും അദ്ദേഹത്തിന്റെ സംഭാവനയാണ്. ഞങ്ങളുടെ സംസാരം ഏതാണ്ടെല്ലായ്പ്പോഴും സാഹിത്യവിഷയങ്ങളായിരിക്കും. അച്ചടിച്ചുവരാന്‍പോകുന്ന 'സാഹിത്യവാരഫല'ത്തില്‍ എഴുതിയതും പിന്നീട് എഴുതാന്‍ പോകുന്നതുമൊക്കെ ഒരു സുഹൃത്തിനോടെന്നപോലെ എന്നോട് പങ്കുവെക്കുമായിരുന്നു. മുപ്പത്തിമൂന്നുവയസ്സിന്റെ അന്തരം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നിട്ടും, ഞാന്‍ അദ്ദേഹത്തിന്റെ അനന്തരവനായിട്ടും ഒരിക്കല്‍പോലും എന്നെ പേരുപറഞ്ഞല്ലാതെ അദ്ദേഹം വിളിച്ചിട്ടില്ല. വീട്ടില്‍ച്ചെന്നാല്‍ 'ഇരുന്നാട്ടെ' എന്നല്ലാതെ 'ഇരിക്ക്' എന്നുപോലും പറഞ്ഞിട്ടില്ല. പ്രായത്തിന്റെ വേര്‍തിരിവ് കൂടാതെ ആരെയും മാനിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.
അദ്ദേഹം ഒടുവില്‍ കൂടുതല്‍ കാലം താമസിച്ചത് ശാസ്തമംഗലത്തുള്ള സായികൃഷ്ണ എന്ന വീട്ടിലായിരുന്നു. വാര്‍ധക്യകാല അവശതകള്‍ അലട്ടിയിരുന്നപ്പോള്‍പ്പോലും എഴുത്തും വായനയും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. മുമ്പൊക്കെ വടിവൊത്ത അക്ഷരത്തില്‍ വരികള്‍ക്ക് കൃത്യമായ അകലം പാലിച്ച് ഭംഗിയായി എഴുതിയിരുന്ന അദ്ദേഹം ക്ഷീണം കൂടുതല്‍ അനുഭവപ്പെട്ടതോടെ തോന്നിയതുപോലെ കുത്തിക്കുറിക്കാന്‍ തുടങ്ങി.
'സാഹിത്യവാരഫലം' എഴുതിയ ഓരോ കടലാസിലും നിറയെ വെട്ടുംതിരുത്തും. മാര്‍ജിന്‍ ഇല്ല, വരികള്‍ക്ക് അകലമില്ല, നിരപ്പില്ല. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ തുടക്കമായിരുന്നതിനാല്‍ വിരലുകള്‍ക്ക് അനുഭവപ്പെട്ട നേരിയ വിറയല്‍ എഴുത്തിനെയും ബാധിച്ചു. അന്നൊക്കെ ആരെക്കണ്ടാലും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുമായിരുന്നു. ജീവിതത്തിന്റെ അവസാനനാളുകള്‍ എണ്ണപ്പെട്ടു എന്ന തോന്നലാവാം അതിനുകാരണം.
ജീവിച്ചിരുന്നെങ്കില്‍ ഈ മാര്‍ച്ച് മൂന്നിന് അദ്ദേഹം നൂറുവയസ്സ് തികയ്ക്കുമായിരുന്നു. ആഘോഷങ്ങളോട് എന്നും അകന്നുനിന്ന അദ്ദേഹം ജന്മശതാബ്ദിപോലും നിശ്ശബ്ദമായി കടന്നുപോകാന്‍മാത്രമേ ഇഷ്ടപ്പെടുമായിരുന്നുള്ളൂ. പക്ഷേ, പറഞ്ഞിട്ടെന്തുഫലം? ശതാഭിഷേകത്തിന് ഒരാഴ്ചമാത്രം ബാക്കിനില്‍ക്കെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.
മുപ്പത്താറുവര്‍ഷം തുടര്‍ച്ചയായി അച്ചടിച്ചുവന്ന 'സാഹിത്യവാരഫലം' വായിച്ചിട്ടുള്ളവര്‍ക്കറിയാം അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമായിരുന്നു എന്ന്. അതില്‍ വളച്ചുകെട്ടലുകളില്ല, ദുര്‍ഗ്രഹതയില്ല, അസത്യത്തിന് തീരേ സ്ഥാനമില്ല. അതെ, ആ തുറന്ന പുസ്തകത്തിന്റെ പേരാണ് എം. കൃഷ്ണന്‍നായര്‍.
Content Highlights: Prof. M. Krishnan Nair, Birth centinary, T. P. Sasthamangalam, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..