'അദ്ദേഹം മലയാളത്തിന്റെ സ്ഥാനപതിയായിരുന്നു; ആരും നിയമിച്ചതല്ല, സ്വയം ഏറ്റെടുത്തസ്ഥാനം!'


എം.എന്‍. കാരശ്ശേരിഞാന്‍ ചോദിച്ചു: ''മലയാളികളുടെ ഒരേയൊരു പ്രത്യേകത പറയാന്‍ പറഞ്ഞാല്‍ താങ്കളെന്ത് പറയും?'' അദ്ദേഹം പറഞ്ഞു: ''തര്‍ക്കം''.

വൈക്കം മുഹമ്മദ് ബഷീറും ആർ. ഇ. ആഷറും | ഫോട്ടോ: മാതൃഭൂമി

വൈക്കം മുഹമ്മദ് ബഷീറുമായി ബന്ധപ്പെടുത്തിയാണ് ഈയിടെ അന്തരിച്ച ബ്രിട്ടീഷ് ഭാഷാശാസ്ത്രജ്ഞന്‍ ആര്‍.ഇ. ആഷറെ (1926-2022) മലയാളികള്‍ അധികവും ഓര്‍ക്കുന്നത്. 'ബാല്യകാലസഖി', 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു!', 'പാത്തുമ്മയുടെ ആട്' എന്നീ നോവലുകളുടെ പരിഭാഷകള്‍ ഒരു സമാഹാരമായി (Me grand dad 'ad an elephant, Edinburgh University press, 1980) പുറത്തിറങ്ങുന്നതോടെയാണ് ആ ബന്ധം ആരംഭിക്കുന്നത്. പാശ്ചാത്യനായ ഒരാള്‍ മലയാളകൃതികള്‍ പാശ്ചാത്യഭാഷയില്‍ പരിഭാഷപ്പെടുത്തി വിദേശത്ത് പ്രസിദ്ധീകരിക്കുന്ന ആദ്യകൃതി അതായിരിക്കാം. നമ്മുടെ ആദ്യകാലനോവലുകളില്‍ പ്രധാനമായ ചന്തുമേനോന്റെ 'ഇന്ദുലേഖ' (1889)തന്നെ മലബാര്‍ കളക്ടറുടെ ചാര്‍ജില്‍ കുറച്ചുകാലം ജോലി നോക്കിയിരുന്ന ഡ്യൂമര്‍ഗ് സായ്പ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട് (Indulekha: 1890). അതുപക്ഷേ, പ്രസിദ്ധീകരിച്ചത് ഇന്ത്യയിലാണ്.

തകഴിയുടെ 'തോട്ടിയുടെ മകന്റെ' പരിഭാഷ (1975)പോലെ വേറെയും കൃതികളിലൂടെ മലയാളികളുമായി അടുത്ത ബന്ധം സ്ഥാപിച്ച പണ്ഡിതനാണ് ആഷര്‍. മലയാള നോവലുകളെപ്പറ്റി പല പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'Novel in India'(London 1970) എന്ന പഠനസമാഹാരത്തില്‍ 'Three Novelists of Kerala' എന്ന ലേഖനം ഒരുദാഹരണം. 'Studies in Language and Culture of south India'(London 1973) എന്ന ഗ്രന്ഥത്തില്‍ ബഷീറിനെപ്പറ്റി എഴുതിയതും ആഷര്‍ ആണ്. അദ്ദേഹത്തിന്റെ ബഷീര്‍പഠനങ്ങളുടെ മലയാളപരിഭാഷകള്‍ ഒരു സമാഹാരമായി വന്നിട്ടുണ്ട്- 'ബഷീര്‍: മലയാളത്തിന്റെ സര്‍ഗവിസ്മയം' (1999).

സാഹിത്യവിമര്‍ശകനോ സാഹിത്യകൃതികളുടെ പരിഭാഷകനോ ആയിമാത്രം അദ്ദേഹത്തെ മനസ്സിലാക്കുന്നത് അബദ്ധമാവും. അടിസ്ഥാനപരമായി ആഷര്‍ ഭാഷാശാസ്ത്രജ്ഞനാണ്. മലയാളത്തിന്റെ ഭാഷാശാസ്ത്രം, വ്യാകരണം എന്നിവയെപ്പറ്റി അദ്ദേഹത്തിന് അഗാധമായ പരിജ്ഞാനമുണ്ട്. ഇംഗ്ലീഷില്‍ അത്തരം കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് എഴുതിയ 'Malayalam'(1998) ഗവേഷകരുടെയും പണ്ഡിതരുടെയും പ്രശംസനേടിയ കൃതിയാണ്. മലയാളികളല്ലാത്തവര്‍ക്ക് മലയാളം പഠിക്കാന്‍ വളരെ സഹായകമായ കൃതിയാണത്.

മലയാളം ലക്‌സിക്കണിന്റെ ഒന്നാം വാല്യത്തില്‍ മലയാളക്രിയകള്‍ പത്തുതരത്തില്‍ വര്‍ഗീകരിച്ചതിലെ കൃത്യതയില്ലായ്മ ചൂണ്ടിക്കാണിച്ചുകൊണ്ട് അവ നാലുതരത്തിലേ വരൂവെന്ന് കണ്ടെത്തുന്ന ആഷറിന്റെ പ്രബന്ധം വളരെ ചര്‍ച്ചചെയ്യപ്പെടുകയുണ്ടായി. പ്രശസ്ത ഭാഷാശാസ്ത്രകാരന്‍ ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ അത് മലയാളത്തിലേക്ക് പരിഭാഷചെയ്തിട്ടുണ്ട്.

റൊനാള്‍ഡ് ഇ. ആഷര്‍ ജനിച്ചത് ഇംഗ്‌ളണ്ടിലെ നോട്ടിങ്ങാം ഷയറിലുള്ള ഗ്രിംഗ്ലി ഓണ്‍ ദി ഹില്‍ എന്ന ഗ്രാമത്തിലാണ് (23 ജൂലായ് 1926). മാതാപിതാക്കള്‍: ഏണസ്റ്റ്, ഡോറിസ്.

1950-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ. ബിരുദം നേടി. അതേ യൂണിവേഴ്സിറ്റിയില്‍ നിന്ന് 16-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യത്തെപ്പറ്റിയുള്ള പ്രബന്ധത്തിന് ഡോക്ടറേറ്റ് (1953). ഉടനെ ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ (എസ്.ഒ.എ.എസ്.) ഭാഷാ ശാസ്ത്രവകുപ്പില്‍ അധ്യാപകനായി ചേര്‍ന്നു. അവിടെവെച്ചാണ് തമിഴ് പഠിക്കുന്നതും ദ്രാവിഡ ഭാഷാശാസ്ത്രത്തില്‍ ഗവേഷണത്തിനുള്ള കൗതുകം ആരംഭിക്കുന്നതും.

വൈക്കം മുഹമ്മദ് ബഷീറും ആര്‍. ഇ. ആഷറും സംസാരത്തിനിടെ ഫോട്ടോ: മാതൃഭൂമി

കേരളത്തോട് സവിശേഷ ആഭിമുഖ്യമുള്ള മനുഷ്യനാണ് ആഷര്‍. സൗകര്യം കിട്ടുമ്പോഴൊക്കെ അദ്ദേഹം കേരളത്തില്‍വരും. കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബഷീര്‍ ചെയര്‍ ആരംഭിച്ചപ്പോള്‍ (1996) ആദ്യത്തെ പ്രൊഫസര്‍ അദ്ദേഹമായിരുന്നു. ആ വകയില്‍ കുറെമാസം അദ്ദേഹം കോട്ടയത്തുണ്ടായിരുന്നു.

കേരളത്തിന്റെ ഭൂപ്രകൃതിയോടും ഭക്ഷണസമ്പ്രദായങ്ങളോടും കമ്പം പുലര്‍ത്തിയിരുന്ന ആ ഭാഷാശാസ്ത്രജ്ഞന് മലയാളികളായ ധാരാളം സുഹൃത്തുക്കളുണ്ട്. അവരോടൊക്കെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയിരുന്ന ആഷറുമായി കേരളീയ സമൂഹത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കാന്‍ എനിക്ക് ഒരിക്കല്‍ സന്ദര്‍ഭം ലഭിച്ചു. 2002-ലാണ്. ലണ്ടനില്‍വെച്ച്, ഞാന്‍ ചോദിച്ചു: ''മലയാളികളുടെ ഒരേയൊരു പ്രത്യേകത പറയാന്‍ പറഞ്ഞാല്‍ താങ്കളെന്ത് പറയും?''

അദ്ദേഹം പറഞ്ഞു: ''തര്‍ക്കം''. എന്നിട്ട് ചിരിച്ചുകൊണ്ട് വിശദീകരിച്ചു: ''മലയാളികള്‍ അത്യാവശ്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനും തര്‍ക്കിക്കും. ആണും പെണ്ണും. പ്രായമുള്ളവരും ചെറുപ്പക്കാരും. തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും ഇതാണ് സ്ഥിതി.''

ഇരുപതുകൊല്ലം മുമ്പാണ് ഇത് പറഞ്ഞത്. ഇന്നത്തെ നമ്മുടെ ചാനല്‍ ചര്‍ച്ചകള്‍ അരങ്ങുതകര്‍ത്തു തുടങ്ങുന്നതിനുംമുമ്പ് മലയാളി ഒരു തര്‍ക്ക ജീവിയാണ് എന്ന് എനിക്ക് പറഞ്ഞുതന്നത് ഈ സായ്പാണ്!

അദ്ദേഹത്തിന്റെ ദേഹവിയോഗം എനിക്ക് വ്യക്തിപരമായി വലിയൊരു നഷ്ടമാണ്. 1980-ല്‍ ബഷീറാണ് അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് നാലു പതിറ്റാണ്ടിലേറെ നിലനിന്ന സൗഹൃദത്തിന്റെ ഊഷ്മള സ്മരണകളുമായി ലണ്ടനിലിരുന്നാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനം അദ്ദേഹത്തെ നേരില്‍ കാണാന്‍വേണ്ടി മാത്രമായി ഞാന്‍ എഡിന്‍ബ്രയില്‍ ചെന്നെങ്കിലും സാധിക്കാതെ മടങ്ങേണ്ടിവന്നു. 96-കാരനായ ആ പ്രൊഫസര്‍ വീട്ടില്‍ വിശ്രമത്തിലാണെന്നും സന്ദര്‍ശകരെ അനുവദിക്കുന്നില്ല എന്നുമാണ് കിട്ടിയ വിവരം. ആഷര്‍ ഇ-മെയില്‍ നോക്കാതെയായിട്ട് കുറെക്കാലമായി എന്നാണ് എന്റെ അനുഭവം.

ആര്‍. ഇ. ആഷര്‍ | Photo: Ramesh V.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് വ്യക്തമാവുന്നു. മലയാളത്തിന്റെ സ്ഥാനപതിയായിരുന്നു അദ്ദേഹം. നമ്മളാരും നിയമിച്ചതല്ല. അദ്ദേഹം സ്വയം ഏറ്റെടുത്തസ്ഥാനം. മലയാളത്തെ എവിടെയും പ്രതിനിധീകരിച്ചത് അദ്ദേഹമാണ്. എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക മുതലായ എത്രയോ ആധികാരികഗ്രന്ഥങ്ങളില്‍ മലയാളം, കേരളം മുതലായവയെപ്പറ്റിയെല്ലാം എഴുതിയത് അദ്ദേഹമാണ്. പല അന്തര്‍ദേശീയ സമ്മേളനങ്ങളിലും നമ്മുടെ വ്യാകരണത്തെപ്പറ്റിയും നോവലുകളെപ്പറ്റിയും സംസാരിച്ചത് അദ്ദേഹമാണ്.

മലയാളത്തിന് എണ്ണം പറഞ്ഞ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍കാരന്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ വഴിയില്‍ നടന്ന ഒരാളായി നാം അദ്ദേഹത്തെ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മലയാളികള്‍ക്കുംവേണ്ടി ഞാന്‍ ആര്‍.ഇ. ആഷറിന്റെ സ്മരണയെ സ്‌നേഹാദരങ്ങളോടെ അഭിവാദ്യംചെയ്യുന്നു.

Content Highlights: Prof Asher, memoir, M N Karassery, Vaikkom Muhammed Basheer books translator and linguist Prof Asher


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented