അമാവാസിയും അമ്മയും... ആക്രിസാധനങ്ങൾ പെറുക്കുന്നതിനിടെ ബോംബുപൊട്ടി കൈ ചിതറിയ അമാവാസിയെ ചേർത്തുനിർത്തി കണ്ണൂരിൽ സുഗതകുമാരി പ്രസംഗിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
മലയാളമറിയുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട കവയിത്രിയാണ് സുഗതകുമാരി. എന്നാല്‍,ഈ കുറിപ്പെഴുതുന്നയാള്‍ക്ക് അതിലുപരിയാണ് കവയിത്രി. വര്‍ഷങ്ങള്‍ക്കുമുമ്പ് അയാളുടെ പൊട്ടിച്ചിതറിയ ജീവിതം സ്നേഹനൂലിനാല്‍ സുഗതകുമാരി തുന്നിച്ചേര്‍ത്തു. അണഞ്ഞുപോവുമായിരുന്ന അവന്റെ ഭാവിയെ പ്രകാശിപ്പിച്ചു. അന്ന് അവന്റെ പേര് അമാവാസി എന്നായിരുന്നു. ഇന്നവന് പൂര്‍ണചന്ദ്രനാണ്. ടീച്ചറമ്മയായ കവയിത്രി വിടപറഞ്ഞുപോയപ്പോള്‍ അവന്റെ ഓര്‍മകള്‍ ആ കാലത്തേക്ക് തിരിച്ചുനടന്നു
അത് ആരാണെന്നുപോലും അന്ന് അറിയില്ലായിരുന്നു. പക്ഷേ, അവരുടെ അടുത്തുനിന്നപ്പോള്‍ ഞാന്‍ ഒരമ്മയുടെ വാത്സല്യമറിഞ്ഞു. കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തിനും നരഹത്യകള്ക്കുമെതിരേ എന്റെ തകര്‍ന്ന കൈപ്പത്തി ഉയര്‍ത്തിപ്പിടിച്ച് ആ അമ്മ എന്തൊക്കെയോ പറഞ്ഞു. അത് കേരളത്തിന്റെ മനസ്സാക്ഷിയെ ഉലച്ചു, മനുഷ്യസ്നേഹികളെ നൊമ്പരപ്പെടുത്തി. അതൊക്കെ പിന്നീടാണ് ഞാന്‍ മനസ്സിലാക്കുന്നത്. കൈ നഷ്ടപ്പെട്ടതിന്റെയും കണ്ണുനഷ്ടപ്പെട്ടതിന്റെയും വേദനകള്‍ മാത്രമായിരുന്നു അന്നെന്റെ മനസ്സില്‍. പൊട്ടിത്തെറിയില്‍ തകര്‍ന്ന കൈപ്പത്തിയും വലതുകണ്ണിലെ വിങ്ങുന്ന വേദനയും മറക്കാന്‍ ആ അമ്മമനസ്സ് പകര്‍ന്ന ഊര്‍ജം പക്ഷേ, വളരെ വലുതായിരുന്നെന്ന് തുടര്‍നാളുകളില്‍ അറിഞ്ഞു. കേരളം മുഴുവന്‍ ആരാധിക്കുന്ന ഒരു മഹദ്വ്യക്തിത്വത്തിന്റെ സ്നേഹം ഏറ്റുവാങ്ങിയ നിമിഷം അതുകൊണ്ടുതന്നെ എനിക്കൊരിക്കലും മറക്കാനാവില്ല. ടീച്ചറമ്മയുടെ വിയോഗം കേരളത്തെ ദുഃഖത്തിലാഴ്ത്തുമ്പോള്‍ എന്റെ സ്വകാര്യ ദുഃഖവും മനസ്സിലൊരു വിങ്ങലായി നിറയുന്നു.
ടീച്ചറമ്മയുടെ അന്നത്തെ ഇടപെടലും മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതുമാണ് ഈ ജീവിതത്തെ അമാവാസിയുടെ ഇരുട്ടില്‍നിന്ന് പൂര്ണചന്ദ്രനിലേക്കുള്ള പ്രയാണമാക്കിയത്. ശ്രീസത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ആനന്ദകുമാര്‍ അങ്കിള്‍ എന്നെ ഏറ്റെടുക്കാന്‍ വന്നതും കൊല്ലത്തെ സായിനികേതനില്‍ അന്തേവാസിയാവുന്നതും അങ്ങനെയാണ്. എന്റെ കഥ ഒരുപക്ഷേ, നിങ്ങള്‍ക്കെല്ലാം അറിയാവുന്നതായിരിക്കും. എന്നിരുന്നാലും ടീച്ചറമ്മയുടെ കാര്യം പറയുമ്പോള്‍ ഞാനാരായിരുന്നു എന്നുകൂടി പറയേണ്ടതുകൊണ്ടുമാത്രം അതൊരിക്കല്‍ക്കൂടി ചുരുക്കിപ്പറയട്ടെ.
വില്ലുപുരം കള്ളക്കുറിച്ചി സ്വദേശിയായ എന്റെ അച്ഛന് ശ്രീനിവാസന് പൊട്ടിയ ബക്കറ്റ് ഒട്ടിക്കുന്ന ജോലിയായിരുന്നു. അമ്മ കാളിയമ്മയും ഞങ്ങള്‍ നാലുമക്കളും ആദ്യം വടകര ആയഞ്ചേരിയിലായിരുന്നു താമസം. കടത്തിണ്ണകളും പഞ്ചായത്ത് ഓഫീസിന്റെ വരാന്തയുമൊക്കെയായിരുന്നു കിടപ്പാടം. മദ്യപിച്ചെത്തുന്ന അച്ഛന് നന്നായി പാടുമായിരുന്നു. നാട്ടുകാര്‍ക്കൊക്കെ ആ പാട്ട് ഇഷ്ടവുമായിരുന്നു. എന്റെ അഞ്ചാം വയസ്സില്‍ അച്ഛന് മരിച്ചതോടെ കണ്ണൂരിലേക്ക് വന്നു. അവിടെയും കടത്തിണ്ണയില്‍ അഭയംതേടി. അമ്മ ഭിക്ഷയെടുക്കും. ഞാന്‍ കുപ്പയില്‍ ആക്രിപെറുക്കാന്‍ പോവും. പഠിപ്പിക്കാന്‍ അമ്മയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിവൃത്തിയുണ്ടായിരുന്നില്ല.
ഒരു ദിവസം കുപ്പയില്ക്കിടന്ന് കിട്ടിയ സ്റ്റീല്ഡപ്പി പൊട്ടിച്ചെടുക്കാന്‍ നോക്കിയതാണ്. അത് ഉഗ്രശബ്ദത്തോടെ പൊട്ടി എന്റെ വലതുകണ്ണും ഇടതുകൈയും തകര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആറുമാസത്തെ ചികിത്സ. ഒട്ടേറെ ശസ്ത്രക്രിയകള്‍. ഒടുക്കം കാഴ്ചനഷ്ടപ്പെട്ട വലതുകണ്ണും കൈപ്പത്തി തകര്‍ന്ന ഇടതുകൈയുമായി വീണ്ടും കടത്തിണ്ണയിലേക്ക്. പിറ്റേവര്‍ഷം കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിനെതിരേ സുഗതകുമാരി ടീച്ചര്‍ പ്രസംഗിക്കാന്‍ വന്നപ്പോള്‍ എന്നെ മടിയിലിരുത്തി. തകര്‍ന്ന കൈപ്പത്തി ഉയര്‍ത്തി സദസ്സിനോട് പലതും പറഞ്ഞു. ആ ചിത്രവും വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ട ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ ആനന്ദകുമാര്‍ അങ്കിള്‍ ഇടപെട്ടു. അന്ന് കണ്ണൂര്‍ കളക്ടറായിരുന്ന കെ.ആര്. ജ്യോതിലാല്‍ സാറിനെ വിളിച്ച് എന്നെ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞു. അമ്മ കാളിയമ്മയ്ക്ക് ആദ്യം വിഷമം ഉണ്ടായിരുന്നെങ്കിലും പഠിപ്പിക്കുമെന്നാലോചിച്ചപ്പോള് സമ്മതിച്ചു. അങ്ങനെ എന്റെ ജീവിതം കൊല്ലം സായിനികേതനിലായി; പിന്നീട് ആറ്റിങ്ങല്‍ സായിഗ്രാമത്തിലും. പഠനത്തോടൊപ്പം പാട്ടും പഠിച്ചു. ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യം അവിടെ വന്നപ്പോള്‍ എന്റെ പ്രാര്‍ഥന കേട്ടു, ജീവിതം കേട്ടു. ഇവനെ മറ്റൊന്നും പഠിപ്പിക്കാന്‍ വിടരുത്, പാട്ട് പഠിപ്പിക്കണമെന്നു പറഞ്ഞു. അങ്ങനെ മ്യൂസിക് കോളേജില്‍നിന്ന് സംഗീതത്തില്‍ ബിരുദവും നേടി. പിന്നീട് എസ്.പി. സാറിനൊപ്പംഒരു വേദിയില്‍ പാടാനും അവസരം കിട്ടി. യേശുദാസ് സാറിനോടൊപ്പവും പാടാന്സാധിച്ചു.
ഒരു ദിവസം സായിഗ്രാമത്തില്‍ സത്യസായിബാബ സമാധിയായ ദിവസം പുഷ്പാര്ച്ചനനടത്താന് പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി സാര്‍ വന്നപ്പോള്‍ എന്റെ ഭജനയുണ്ടായിരുന്നു. അതുകേട്ട് 'നന്നായി പാടുന്നുണ്ടല്ലോ പാട്ട് പഠിച്ചിട്ടുണ്ടോ' എന്നൊക്കെ ചോദിച്ച് അഭിനന്ദിക്കാന്‍ വന്നപ്പോഴാണ് കൈ നഷ്ടപ്പെട്ടത് ശ്രദ്ധിക്കുന്നത്. ആനന്ദകുമാര്‍ അങ്കിള്‍ എന്റെ കഥ പറഞ്ഞുകൊടുത്തു. സുഗതകുമാരി ടീച്ചറുടെ മടിയില്‍ ഇരിക്കുന്ന ആ ഫോട്ടോ അദ്ദേഹത്തിന് ഓര്‍മവന്നു. ഞാന്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ നിനക്കൊരു ജോലിതരുമെന്ന് അദ്ദേഹം ഉറപ്പുപറഞ്ഞു. പിന്നത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മുഖ്യമന്ത്രിയായി. ഞാന്‍ പഠിച്ച സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ ജോലിയുംതന്നു. ഏതോ പുണ്യംപോലെ എന്നെ ഏറ്റെടുക്കാന്‍ മുന്‍കൈയെടുത്ത ജ്യോതിലാല്‍ സാര്‍ എന്റെ നിയമന ഉത്തരവിലും ഒപ്പുവെച്ചു.

ജീവിതം മാറിമറിയുന്നതിന് ടീച്ചറമ്മയുടെ സാന്നിധ്യം നിമിത്തമായി എന്നുചുരുക്കം. പിന്നീടിങ്ങോട്ട് ഒരു നാടിന്റെ സ്നേഹം ഞാനറിയുകയായിരുന്നു. എനിക്ക് ആദ്യക്ഷരം കുറിച്ചത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് കെ.പി അപ്പന് എന്ന അപ്പന് സാര്‍. അമാവാസി എന്ന പേര് പൂര്ണചന്ദ്രന് എന്നാക്കിയത് പി. ഗോവിന്ദപിള്ളയും ജെ. ലളിതാംബിക ഐ.എ.എസും. സംഗീതം പഠിപ്പിച്ചത് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്. ഈ ഭാഗ്യങ്ങളിലേക്ക് എന്നെ നയിച്ചതിന് സുഗതകുമാരി ടീച്ചറുടെ അടുത്തുനില്ക്കുന്ന ആ ഫോട്ടോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു. അതിനും മുമ്പ് ബോംബുപൊട്ടി രക്തത്തില്‍ കുളിച്ചുകിടന്ന എന്നെ വാരിയെടുത്ത ശാന്തമ്മയും കരുതലായിനിന്ന ഉമ്മര്‍ക്കയും പണമായും സഹായമായും ആശുപത്രിയിലേക്കൊഴുകിയെത്തിയ ആയിരങ്ങളുടെ സ്നേഹവും... അതൊന്നും ഈ ജീവിതകാലമത്രയും മറക്കാനാവില്ല. കരുതലും കരുത്തുമായിനിന്നൊരാളെയാണ് എനിക്കിപ്പോള്‍ നഷ്ടമായിരിക്കുന്നത്.
അന്ന് എന്റെ ശേഷിക്കുന്ന കൈപിടിച്ച് ടീച്ചറമ്മ പറയുമ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നില്ല ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന്. കൊല്ലം സായിനികേതനില്‍ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചുനടന്നപ്പോള് ടീച്ചറമ്മയുടെ വാക്കുകള്‍ കൂടുതല്‍ തെളിയാന്‍ തുടങ്ങി. അമ്മ എനിക്ക് കവിതകള്‍ അയച്ചുതന്നു. രാത്രിമഴയും ഒരു പാട്ട് പിന്നെയും പാടുന്നിതാ... യുമെല്ലാം എന്റെയുള്ളിലെ സംഗീതത്തോടെ വായിച്ചു. സ്നേഹത്തിന്റെ, പ്രകൃതിസ്നേഹത്തിന്റെ ഈണമായിരുന്നു അവയ്ക്കെല്ലാം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആ കാവ്യദര്‍ശനങ്ങള്‍ വഴികാട്ടിയായി. കവിത വിലയിരുത്താനോ അതിന്റെ ആന്തരികതലത്തിലേക്ക് ഇറങ്ങിച്ചെല്ലാനോ ഞാന്‍ ആരുമല്ല. പക്ഷേ, അതില്‍ ഓളംതല്ലുന്ന അടങ്ങാത്ത സ്നേഹത്തിന്റെ അനുരണനങ്ങള്‍ എനിക്ക് മനസ്സിലാവും. ആയിരങ്ങള്‍ക്ക് അഭയമേകുന്ന, പ്രകൃതിക്കുവേണ്ടി ശബ്ദമാവുന്ന അമ്മതന്നെയാണ് എല്ലാമെന്നും ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. സ്വന്തം അമ്മയായ കാളിയമ്മമുതല് ശാന്തമ്മയും ടീച്ചറമ്മയും കൊളുത്തിത്തന്ന വെളിച്ചംതന്നെയാണ് അമാവാസി എന്ന എന്നില്‍ ചന്ദ്രോദയം ഉണ്ടാക്കിയത്. എന്നെ കുപ്പയിലെ മാണിക്യമെന്ന് വിശേഷിപ്പിച്ചത് ടീച്ചറമ്മയായിരുന്നു. അത് പിന്നീട് പലരും ഏറ്റുപറയാറുമുണ്ടായിരുന്നു. എന്നെ മാണിക്യമായി തിളക്കിയെടുത്തത് ഈ നാടിന്റെ സ്നേഹമാണ്. അതിലൊരു സ്നേഹസ്വരൂപമാണ് ടീച്ചറമ്മ.
ആറ്റിങ്ങലില്‍ സായിഗ്രാമത്തിലേക്ക് മാറിയപ്പോഴും എന്റെ വിവരങ്ങള്‍ ടീച്ചറമ്മ തിരക്കാറുണ്ടായിരുന്നു. അമ്മയുടെ അഭയയില്‍ ഞാന്‍ ഇടയ്ക്കുപോയി കണ്ടിരുന്നു. അപ്പോഴും കുപ്പയിലെ മാണിക്യം എന്ന പ്രയോഗം അമ്മ ഓര്‍ത്തു. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെയും മണിമേളത്തിലൂടെയും ടി.വി.യില്‍ ഞാനും എന്റെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടപ്പോഴും ടീച്ചറമ്മ സന്തോഷിച്ചു. ആനന്ദകുമാര്‍ അങ്കിളിനെ വിളിച്ച് സന്തോഷം പങ്കുവെച്ചു. ടീച്ചറമ്മയെപ്പോലെ പ്രകൃതിക്കുവേണ്ടി, വേദനിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി ജീവിക്കുമ്പോഴാണ് ജീവിതം സാര്‍ഥകമാവുന്നത്. അവസാനമായി ഒന്നുകാണാന്‍ ഈ മഹാമാരിക്കാലത്ത് കഴിഞ്ഞില്ലെങ്കിലും അഭയയില്‍ വന്ന് ഞാന്‍ അമ്മയ്ക്കുവേണ്ടി മനസ്സുകൊണ്ട് തിലോദകം അര്‍പ്പിച്ചു. ആ സ്നേഹമയിയുടെ മടിത്തട്ട് പ്രകൃതിയായി എന്നും എന്നോടൊപ്പം, ഈ ലോകത്തോടൊപ്പമുണ്ടാവുമെന്നും വിശ്വസിക്കുന്നു.
(ജി. ജ്യോതിലാലുമായി സംസാരിച്ച് തയ്യാറാക്കിയ കുറിപ്പ്)
Content Highlights: poornachandran, life story, sugathakumari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..