കെ.പി ഉണ്ണികൃഷ്ണന്ഡ, രാജീവ് ഗാന്ധി
പല മാനങ്ങളുള്ള രാഷ്ട്രീയനേതാവാണ് കെ.പി. ഉണ്ണികൃഷ്ണന്‍. പത്രപ്രവര്‍ത്തകന്റെ നിരീക്ഷണബുദ്ധിയും പണ്ഡിതന്റെ അറിവും സഹൃദയന്റെ സൗമ്യതയും അദ്ദേഹത്തില്‍ ഒത്തുചേരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലിയ ഒരു കാലത്തിന്റെ സാക്ഷികൂടിയാണ് ഈ കോഴിക്കോട്ടുകാരന്‍. എം.പി സൂര്യദാസ് എഴുതി മാതൃഭൂമി ബുക്സ് പുറത്തിറക്കിയ കെ.പി. ഉണ്ണികൃഷ്ണന്റെ ജീവചരിത്രമായ ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി എന്ന പുസ്തകത്തില്‍ നിന്നുള്ള എഡിറ്റ് ചെയ്ത ഭാഗമാണിത്.
കെ .പി. ഉണ്ണികൃഷ്ണന്റെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക് ശ്രീ അരബിന്ദോയുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ടായിരുന്നു. മഹാത്മാഗാന്ധി, ശ്രീരാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മാതൃകാവ്യക്തിത്വങ്ങള്‍. പോണ്ടിച്ചേരിയില്‍ എത്തിയപ്പോള്‍ യാദൃച്ഛികമായി അരബിന്ദോയെ കാണാനിടയായത് പുതിയൊരു ബന്ധത്തിന് വഴിതുറന്നു. അക്കാലത്ത് 'ട്രാവല്‍ ആസ് യു പ്ലീസ്' എന്ന പേരിലുള്ള റെയില്‍വേ ടിക്കറ്റ് എടുത്താല്‍ നിശ്ചിതകാലത്തേക്ക് എവിടേക്കു വേണമെങ്കിലും യാത്രചെയ്യാം. അങ്ങനെയൊരു ടിക്കറ്റെടുത്താണ് ഒരിക്കല്‍ കുഞ്ഞിക്കണ്ണന്‍ നായര്‍ സുബ്രഹ്‌മണ്യഭാരതിയെ കാണാന്‍ പോണ്ടിച്ചേരിയില്‍ എത്തിയത്. ''ബംഗാളിലെ കോണ്‍ഗ്രസ് നേതാവും വിപ്ലവകാരിയുമായ അരബിന്ദഘോഷിനെക്കുറിച്ച് കേട്ടിട്ടില്ലേ'' എന്ന് സുബ്രഹ്‌മണ്യഭാരതി ചോദിച്ചു. ഇപ്പോള്‍ പോണ്ടിച്ചേരിയിലുണ്ട്, വേണമെങ്കില്‍ പോയിക്കാണാമെന്നു പറഞ്ഞു. അങ്ങനെ സുബ്രഹ്‌മണ്യഭാരതിയാണ് കുഞ്ഞിക്കണ്ണന്‍ നായരെ അരബിന്ദോയുടെ അടുക്കല്‍ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ദര്‍ശനം കുഞ്ഞിക്കണ്ണന്‍ നായരുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു അനുഭവമായി മാറി. ബംഗാളില്‍നിന്ന് പോണ്ടിച്ചേരിയിലെത്തിയ അരബിന്ദഘോഷ് ഏതാനും ചില ശിഷ്യരുമൊത്ത് സ്ഥാപിച്ച സ്ഥാപനമാണ് പിന്നീട് ലോകപ്രശസ്തിയാര്‍ജിച്ച അരബിന്ദാശ്രമമായി മാറിയത്. പിന്നീട് പതിവായി ആശ്രമത്തില്‍ നല്‍കുന്ന ദര്‍ശനസമയത്ത് കുഞ്ഞിക്കണ്ണന്‍ നായര്‍ പോണ്ടിച്ചേരിയിലെ ആശ്രമത്തിലെത്തും. വര്‍ഷത്തില്‍ നാലു തവണയാണ് ദര്‍ശനം അനുവദിച്ചിരുന്നത്. എല്ലാ വര്‍ഷവും ദര്‍ശനത്തിനു പോണ്ടിച്ചേരിയില്‍ പോയിരുന്ന കുഞ്ഞിക്കണ്ണന്‍ നായര്‍, ഒരിക്കല്‍ അരബിന്ദോയ്ക്ക് കത്തയച്ചു. പത്തുവയസ്സുള്ള മകന്‍ ഉണ്ണികൃഷ്ണനെ കൂട്ടി വരാനുള്ള അനുമതി ചോദിച്ചായിരുന്നു ആ എഴുത്ത്. കുട്ടികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. മറുപടിയയച്ച മീര അല്‍ഫാസ (പിന്നീട് അവര്‍ മദര്‍ എന്നറിയപ്പെട്ടു) മകനെ കൂട്ടിവരാന്‍ പറഞ്ഞു. അങ്ങനെയാണ് ആദ്യമായി അരബിന്ദോയെ കാണാന്‍ ഉണ്ണികൃഷ്ണന് അവസരം ലഭിച്ചത്. അവിസ്മരണീയമായ കാഴ്ചയായിരുന്നു അതെന്ന് ഉണ്ണികൃഷ്ണന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഋഷി അരബിന്ദോ എന്ന് ഗാന്ധിജി വിളിച്ചിരുന്ന അരബിന്ദോയുടെ ആശ്രമത്തില്‍ മതവിശ്വാസങ്ങള്‍ക്കോ മതാനുഷ്ഠാനങ്ങള്‍ക്കോ പ്രാധാന്യമില്ല എന്നുമാത്രമല്ല, സര്‍വമതക്കാര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നു. ധ്യാനത്തിനായിരുന്നു മുന്‍ഗണന. 1950 ഡിസംബര്‍ അഞ്ചിന് അരബിന്ദോ സമാധിയായി. പിന്നീട് പോണ്ടിച്ചേരിയില്‍ പോയപ്പോഴൊക്കെ ഉണ്ണികൃഷ്ണന്‍ ആശ്രമവും സന്ദര്‍ശിച്ചു- കുഞ്ഞുനാളില്‍ അച്ഛനോടൊപ്പം പോയ പഴയ ഓര്‍മയില്‍.
വി.കെ. എന്നിന്റെ വിരാട് രൂപങ്ങള്‍
എ.ഐ.സി.സി. നിയോഗിച്ച ചില സബ് കമ്മിറ്റികളിലെല്ലാം ഇന്ദിരാഗാന്ധി പ്രത്യേക താത്പര്യമെടുത്ത് ഉണ്ണികൃഷ്ണനെ ഉള്‍പ്പെടുത്തിയിരുന്നു. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലിയില്‍പ്രവേശിച്ചപ്പോഴും ഉണ്ണികൃഷ്ണന്‍ എ.ഐ.സി.സി. ഓഫീസിലെ ചുമതലകള്‍ നിര്‍വഹിച്ചുവന്നു. ഡല്‍ഹിയില്‍നിന്ന് മത്സരിച്ച് ലോക്സഭയിലെത്തിയ മലയാളിയായ സി. കൃഷ്ണന്‍ നായരുടെ 53 നോര്‍ത്ത് അവന്യൂവിലാണ് അക്കാലത്ത് ഉണ്ണികൃഷ്ണന്‍ താമസിച്ചിരുന്നത്. അലിഗഢ് സര്‍വകലാശാലയില്‍ പഠിക്കാന്‍ പോയി പിന്നീട് ഗാന്ധിജിയുടെ ശിഷ്യനായി മാറിയ കൃഷ്ണന്‍ നായര്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കോണ്‍ഗ്രസ് നേതാവായിരുന്നു. ദണ്ഡിയാത്രയില്‍ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത അഞ്ചു മലയാളികളില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണന്‍ നായര്‍. കൃഷ്ണന്‍ നായരുടെ മരുമകന്‍ കെ. ഗോപിനാഥുമായുള്ള സൗഹൃദത്തിന്റെ പിന്‍ബലത്തിലാണ് ഉണ്ണികൃഷ്ണന്‍ 53 നോര്‍ത്ത് അവന്യുവിലെ ഈ എം.പി. ക്വാര്‍ട്ടേഴ്‌സില്‍ എത്തുന്നത്. താമസിയാതെ എഴുത്തുകാരനായ വി.കെ.എന്‍. ഈ വീട്ടിലെ നിത്യസന്ദര്‍ശകനായി. ഉണ്ണികൃഷ്ണനുമായുള്ള ചങ്ങാത്തത്തില്‍ ആദ്യം ഒ.വി. വിജയന്‍ പിന്നാലെ വി.കെ.എന്‍., പ്രശസ്ത പത്രപ്രവര്‍ത്തകനായ സി.പി. രാമചന്ദ്രന്‍ എന്നിവരും ഈ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായി.
അക്കാലത്തെ രസകരമായ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ണികൃഷ്ണന്‍ സുഹൃത്തുക്കളോട് പങ്കുവെക്കാറുണ്ട്. ഫിഡല്‍ കാസ്‌ട്രോ ക്യൂബയില്‍ അധികാരമേറ്റതിന്റെ വാര്‍ഷികാഘോഷം ഡല്‍ഹിയിലെ ക്യൂബന്‍ എംബസിയില്‍ നടന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഉണ്ണികൃഷ്ണനും സി.പി. രാമചന്ദ്രനും പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. നോര്‍ത്ത് അവന്യുവിലെ എം.പി. ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കാറില്‍ പുറപ്പെടാന്‍ നില്‍ക്കുമ്പോള്‍ വി.കെ. എന്നും ഓടി കാറില്‍ക്കയറി. എങ്ങോട്ടാണ് പോവുന്നതെന്നറിയാതെയായിരുന്നു വി.കെ.എന്‍. കൂടെ കൂടിയത്. ക്യൂബന്‍ എംബസിയില്‍ സത്കാരവേളയില്‍ വിളമ്പിയ പലയിനം മദ്യം വി.കെ.എന്‍. ആസ്വദിച്ച് കഴിച്ചു. ഒടുവില്‍ ആഫ്രിക്കന്‍ നയതന്ത്രപ്രതിനിധിയെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറക്കെ ചോദിച്ചു: ''എന്‍.വി. കൃഷ്ണവാര്യരുടെ ആഫ്രിക്ക, ആഫ്രിക്ക എന്ന മലയാളകവിത നിങ്ങള്‍ ആഫ്രിക്കക്കാര്‍ കേട്ടിട്ടുണ്ടോ?'' പിന്നെ ഒട്ടും കൂസലില്ലാതെ കവിത ഉറക്കെ ചൊല്ലി. പരിപാടിക്കെത്തിയ പല പ്രമുഖരും വി.കെ.എന്നിന്റെ കവിത കേട്ട് അദ്ഭുതപ്പെട്ടു. ഇത് ഏതു ഭാഷയിലാണ് കവിത ചൊല്ലുന്നതെന്ന് അവരില്‍ പലര്‍ക്കും മനസ്സിലായില്ല. ഏറെ സാഹസപ്പെട്ടാണ് വി.കെ. എന്നിനെ തിരികെ കാറില്‍ കയറ്റി വീട്ടിലെത്തിച്ചത്. ശങ്കേഴ്‌സ് വീക്കിലിയുടെ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റിലായിരുന്നു വി.കെ. എന്‍. ആദ്യം ജോലി ചെയ്തിരുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന ചൗധരി ബ്രഹ്‌മപ്രകാശ് പിന്നീട് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായും വി.കെ.എന്‍. ജോലിചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണനാണ് വി.കെ.എന്നിനെ ചൗധരി ബ്രഹ്‌മപ്രകാശുമായി പരിചയപ്പെടുത്തിയത്.
എം.പി.യായശേഷം തനിക്ക് അനുവദിച്ചുകിട്ടിയ എം.പി. ഫ്‌ളാറ്റായ തിലക്മാര്‍ഗിലെ സി -2 ഫ്‌ളാറ്റിലേക്ക് കെ.പി. ഉണ്ണികൃഷ്ണന്‍ താമസം മാറ്റി. സുപ്രീംകോടതിക്കുനേരെ എതിര്‍വശമായിരുന്നു അന്നത്തെ സി -2 ഫ്‌ളാറ്റ്. അന്ന് വീട്ടില്‍ സഹായിയായി കൊയിലാണ്ടിക്കാരന്‍ നാരായണന്‍കുട്ടിയും ഉണ്ടായിരുന്നു. മൂന്നു കിടപ്പുമുറികളുള്ള വലിയ ഫ്‌ളാറ്റില്‍ താമസിക്കാന്‍ അക്കാലത്ത് കേരളത്തില്‍നിന്ന് ഡല്‍ഹിയിലെത്തിയ പല പ്രമുഖരും വന്നിരുന്നു.
ഒരുദിവസം വി.കെ.എന്‍. വീട്ടിലെത്തുമ്പോള്‍ ഉണ്ണികൃഷ്ണന്‍ അവിടെയുണ്ടായിരുന്നില്ല. ഉണ്ണിയുടെ അടുത്ത സുഹൃത്താണെന്നു പറഞ്ഞ് അകത്തുകയറിയ വി.കെ.എന്‍., നാരായണന്‍കുട്ടിയെ പരിചയപ്പെട്ടു. നാരായണന്‍കുട്ടി ഇവിടെ സഹായിയായി എത്തിയശേഷം വി.കെ.എന്നിന്റെ ആദ്യവരവായിരുന്നു അത്. നാട്ടിലെവിടെയാണെന്നൊക്കെ ചോദിച്ചറിഞ്ഞു. പിന്നെ സിറ്റിങ് റൂമില്‍ ഇരുന്നശേഷം ഒരു കുപ്പി തണുത്ത വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. ബാഗില്‍ കരുതിവെച്ച മദ്യക്കുപ്പി പുറത്തെടുത്ത് കഴിച്ചശേഷം ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. പിന്നെ ഫോണെടുത്ത് മേശപ്പുറത്ത് കുറിച്ചുവെച്ചിട്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ നമ്പറിലേക്കു കറക്കി. അപ്പുറത്ത് ഫോണ്‍ എടുത്ത ആളോട് വി.കെ.എന്‍. ഉറച്ച ശബ്ദത്തില്‍ പറഞ്ഞു. ''ഐ ആം എ വെല്‍നോണ്‍ റൈറ്റര്‍ ഫ്രം കേരള, ഐ വാണ്‍ട് ടു സ്പീക്ക് ടു ദി പ്രൈം മിനിസ്റ്റര്‍.'' പ്രധാനമന്ത്രി മറ്റു യോഗത്തിലാണെന്നു പറഞ്ഞ് ഫോണ്‍ ഡിസ്‌കണക്ട് ചെയ്തപ്പോള്‍ വി.കെ.എന്‍. വീണ്ടും വിളിച്ചു. ഇങ്ങനെ ഇത് അഞ്ചിലേറെ തവണ തുടര്‍ന്നപ്പോള്‍ നാരായണന്‍കുട്ടി വിയര്‍ക്കാന്‍ തുടങ്ങി. പരിപാടി തുടര്‍ന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ എടുത്തശേഷം സംസാരിക്കാതെ കട്ട് ചെയ്യാന്‍ തുടങ്ങി. എങ്കിലും വി.കെ.എന്‍. വിടുന്ന ഭാവമില്ല. 'എഴുത്തുകാര്‍ക്ക് ഈ നാട്ടില്‍ ഒരു വിലയുമില്ലേ'എന്നു ചോദിച്ചുകൊണ്ട് ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അടിയന്തരമായി കണക്ട് ചെയ്തുതരണമെന്നാവശ്യപ്പെട്ടു. എക്‌സ്‌ചേഞ്ചില്‍ ഫോണ്‍ എടുത്ത പെണ്‍കുട്ടിയോട് 'ഹൗ സ്വീറ്റ് ഈസ് യുവര്‍ വോയിസ്. പ്ലീസ് കണക്ട് മീ ടു പി.എം. ഐ ആം എ വെല്‍നോണ്‍ റൈറ്റര്‍ ഫ്രം കേരള.' എന്ന് വി.കെ.എന്‍. ആവര്‍ത്തിച്ചു. ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കെ ഉണ്ണികൃഷ്ണന്‍ ഉച്ചയോടെ ഒരു ടാക്‌സികാറില്‍ വീട്ടിലെത്തി. സാധാരണ രാവിലെ ഇറങ്ങിയാല്‍ വൈകുന്നേരം മാത്രമേ അദ്ദേഹം മടങ്ങിയെത്താറുള്ളൂ. അന്ന് എന്തോ പേപ്പറുകള്‍ എടുക്കാന്‍ വേണ്ടിയാണ് ഉച്ചയ്ക്ക് എത്തിയത്. വാതില്‍ തുറന്നപ്പോള്‍ വി.കെ.എന്നിനെ കണ്ടു. കുശലാന്വേഷണത്തിനുശേഷം ഉണ്ണികൃഷ്ണന്‍ മുറിയിലേക്കു പോയി. പിന്നാലെ നാരായണന്‍കുട്ടിയും മുറിയിലേക്കു ചെന്ന് നടന്ന കാര്യങ്ങളൊക്കെ വിവരിച്ചു. പേപ്പറുകള്‍ എടുത്ത് കവറിലാക്കിയശേഷം മടങ്ങാനിറങ്ങും മുമ്പ് വി.കെ.എന്നിനോട്, 'പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍വിളിച്ച് ശല്യംചെയ്യുന്നത് ശരിയാണോ? എനിക്കല്ലേ അതിന്റെ മോശം. രാത്രിയില്‍ കാണാം.' എന്നു പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ ഇറങ്ങിയത്. ഉണ്ണികൃഷ്ണന്‍ ഇറങ്ങിയശേഷം വി.കെ.എന്‍. വികാരാധീനനായി: 'എങ്കിലും എന്നെ ശകാരിച്ച് ഉണ്ണി സംസാരിച്ചില്ലേ, ഞങ്ങള്‍ ഒന്നിച്ച് താമസിച്ച് കഴിഞ്ഞവരല്ലേ.' എന്നൊക്കെ നാരായണന്‍കുട്ടിയോട് പറഞ്ഞ് കരഞ്ഞു. രാത്രിയില്‍ ഉണ്ണികൃഷ്ണന്‍ മടങ്ങിവരുന്നതുവരെ കാത്തുനില്‍ക്കാതെ വി.കെ.എന്‍. ഇറങ്ങി. പിന്നെ ദിവസങ്ങള്‍ക്കുശേഷമാണ് തിരിച്ചുവന്നത്.
.jpg?$p=c521eaf&&q=0.8)
ബൊഫോഴ്സ് എന്ന ബോംബ്
രാഷ്ട്രീയരംഗം ചൂടുപിടിച്ചുവരുന്ന ഈ സമയത്താണ് നാടകീയമായി ഒരു ദിവസം ബൊഫോഴ്‌സ് ഇടപാട് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഉണ്ണികൃഷ്ണന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ആ സംഭവം ഉണ്ണികൃഷ്ണന്റെ വാക്കുകളില്‍: ബൊഫോഴ്‌സ് വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ഞാന്‍ സ്വീഡന്‍ സന്ദര്‍ശിക്കാനിടയായി. ബൊഫോഴ്‌സ് ഇടപാട് പുറത്തുകൊണ്ടുവന്ന ദി ഹിന്ദുവിന്റെ ജനീവയിലെ കറസ്‌പോണ്ടന്റ് ചിത്രാസുബ്രഹ്‌മണ്യത്തെ ജനീവ സന്ദര്‍ശിച്ചപ്പോള്‍ കണ്ടു. അവര്‍ നേരത്തേ ഡല്‍ഹിയിലുള്ളപ്പോള്‍മുതല്‍ പരിചയമുണ്ട്. ഈ വാര്‍ത്ത ഹിന്ദുവില്‍ വന്നപ്പോള്‍ ആദ്യം ആരും ഗൗരവമായി എടുത്തിരുന്നില്ല. നേരത്തേ ഡല്‍ഹിയില്‍ സ്വീഡന്റെ നയതന്ത്ര പ്രതിനിധിയായി ജോലിചെയ്ത പഴയ സുഹൃത്തിനെ അവിടെവെച്ചു കണ്ടു. അദ്ദേഹമാണ് ബൊഫോഴ്‌സ് തോക്കിടപാട് സംബന്ധിച്ച് സുപ്രധാനമായ പുതിയ വിവരങ്ങള്‍ നല്‍കിയത്. ഞാന്‍ താമസിച്ച ഹോട്ടല്‍മുറിയില്‍ എത്തിയ ഇദ്ദേഹം ഏറെനേരം സംസാരിച്ചു. സംസാരത്തിനിടയില്‍ അദ്ദേഹം രാജീവ് ഗാന്ധിയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. യുവനേതാവായ രാജീവിന് പരിചയക്കുറവുണ്ടെങ്കിലും നല്ല രീതിയില്‍ പോവുന്നു എന്ന് ഞാന്‍ മറുപടി പറഞ്ഞു. രാജീവിനെക്കുറിച്ച് താനും ധരിച്ചത് അങ്ങനെയാണെങ്കിലും ബൊഫോഴ്‌സ് ഇടപാടുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇടപാട് സംബന്ധിച്ച ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ തന്റെ കൈവശമുണ്ടെന്നു പറഞ്ഞ അദ്ദേഹം അടുത്തദിവസം വീണ്ടും കാണാമെന്നു പറഞ്ഞാണ് രാത്രി പിരിഞ്ഞത്. അടുത്തദിവസം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം സുപ്രധാനമായ ചില വിവരങ്ങള്‍ എനിക്കു കൈമാറി. ഇത് വെളിപ്പെടുത്തുന്നതില്‍ വിരോധമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ പ്രമുഖ അഭിഭാഷകനായ റാം േജഠ് മലാനി ബൊഫോഴ്‌സ് ഇടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടി സ്വീഡനില്‍ പോയിരുന്നെങ്കിലും പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇന്ത്യയിലേക്കു മടങ്ങിയശേഷം സ്വീഡനില്‍നിന്നു ലഭിച്ച പുതിയ വിവരങ്ങള്‍ രാഷ്ട്രതാത്പര്യം മാനിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തായ കെ.സി. പന്ത് ആയിരുന്നു അന്ന് പ്രതിരോധമന്ത്രി. സുപ്രധാനമായ പുതിയ വിവരങ്ങള്‍ ഞാന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത് രാജീവിനെ ഞെട്ടിച്ചു. ഈ വിവരങ്ങള്‍ എവിടുന്നു കിട്ടിയെന്ന് കോണ്‍ഗ്രസിലെ പല സുഹൃത്തുക്കളും പാര്‍ലമെന്റിനുപുറത്തുവെച്ച് കണ്ടപ്പോള്‍ രഹസ്യമായി ചോദിച്ചു. ക്വത്‌റോക്കിക്കു നേരെ വിരല്‍ചൂണ്ടുന്ന രേഖകളാണ് അന്ന് പാര്‍ലമെന്റിലൂടെ ഞാന്‍ പുറത്തുവിട്ടത്. സോണിയാഗാന്ധിയുമായി അടുത്ത ബന്ധമുള്ള ഇറ്റലിക്കാരനായ വ്യവസായിയും ഇടപാടുകാരനുമാണ് ക്വത് റോക്കി. ബൊഫോഴ്‌സ് ആരോപണം ഉന്നയിച്ചശേഷവും മുമ്പത്തെപ്പോലെത്തന്നെ സൗഹൃദം രാജീവ് പുറത്തേക്കു കാണിച്ചിരുന്നു. എങ്കിലും അദ്ദേഹം അത് വ്യക്തിപരമായി എടുത്തിരുന്നു എന്നത് സത്യമാണ്. അക്കാലത്ത് പാര്‍ലമെന്റില്‍ ഏറ്റവും ഫലപ്രദമായി രാജീവിനെ നേരിട്ടത് ഞാനാണെന്ന തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലും മറ്റും വെച്ചു കാണുമ്പോള്‍ സൗഹൃദം കാണിക്കാന്‍ അപ്പോഴും രാജീവ് ശ്രദ്ധിച്ചിരുന്നു.
സദ്ദാമിന്റെ മുന്നില്‍
അസാധാരണമായ കര്‍മശേഷിയും കഴിവുമുള്ളവര്‍ വെല്ലുവിളികളെയും പ്രതിസന്ധികളെയും അവസരമാക്കി മാറ്റാറുണ്ട്. സ്വതസ്സിദ്ധമായ തന്റെ കഴിവ് തെളിയിക്കാനുള്ള അത്തരമൊരു അവസരമായിരുന്നു ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം ഗള്‍ഫ് യുദ്ധം. കുവൈത്തിനെ സദ്ദാം ഹുസൈന്റെ ഇറാഖ് ആക്രമിച്ചപ്പോള്‍ ഞെട്ടിയത് ഇങ്ങ് കേരളത്തിലും പ്രത്യേകിച്ച് മലബാറിലുമുള്ള പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളാണ്. കുവൈത്തില്‍ ജോലിചെയ്യുന്ന ഒന്നരലക്ഷത്തോളം ഇന്ത്യക്കാര്‍ അഭയാര്‍ഥികളായി കുടുങ്ങി. വി.പി. സിങ് മന്ത്രിസഭയില്‍ രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയില്‍ അംഗമായിരുന്നു ഉണ്ണികൃഷ്ണന്‍. കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടിവേണമെന്ന് ഉണ്ണികൃഷ്ണന്‍ കാബിനറ്റില്‍ വാദിച്ചു. ആദ്യം വിദേശകാര്യമന്ത്രി ഐ.കെ. ഗുജ്‌റാളിനെയാണ് പ്രധാനമന്ത്രി പ്രശ്‌നത്തില്‍ ഇടപെടാന്‍ നിയോഗിച്ചത്. ഗുജ്‌റാള്‍ ജോര്‍ദാനിലും ഇറാഖിലും അമാനിലും പോയി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് ഫലപ്രദമായില്ല. മാത്രമല്ല, ഗുജ്‌റാള്‍ മടങ്ങിവരുമ്പോള്‍ പഞ്ചാബില്‍നിന്നുള്ള ഏതാനും സുഹൃത്തുക്കളായവരെ തന്റെ വിമാനത്തില്‍ കൂടെ നാട്ടിലെത്തിച്ചത് വലിയ വിവാദമായി. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോര്‍ദാനില്‍ കുടുങ്ങിക്കഴിയുമ്പോള്‍ അതില്‍ സ്വന്തക്കാരായ കുറച്ചുപേരെമാത്രം കൂടെ കൊണ്ടുവന്നതായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഏറ്റവുമധികം പ്രവാസികളുള്ള മണ്ഡലമായ വടകരയില്‍നിന്നുള്ള ലോക്സഭാംഗംകൂടിയായ ഉണ്ണികൃഷ്ണനെ നാട്ടില്‍നിന്ന് ആയിരക്കണക്കിനാളുകള്‍ സഹായാഭ്യര്‍ഥനയുമായി ബന്ധപ്പെടാന്‍ തുടങ്ങി. അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഉണ്ണികൃഷ്ണന്‍ പ്രധാനമന്ത്രി വി.പി. സിങ്ങിനെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടു. ലോകം അന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ നടപടിക്ക് നേതൃത്വം നല്‍കാന്‍ സാധിച്ച സംഭവം ഉണ്ണികൃഷ്ണന്‍ ഇങ്ങനെ വിവരിക്കുന്നു:
സുരക്ഷാപ്രശ്‌നവും കോടികളുടെ ചെലവും കണക്കിലെടുത്ത് അന്നത്തെ കാബിനറ്റ് സെക്രട്ടറി പാണ്ഡെ എന്റെ ആവശ്യം എതിര്‍ത്തു. ഇന്ത്യക്കാര്‍ക്ക് അപകടമൊന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും അവരെല്ലാം നാട്ടില്‍ തിരിച്ചെത്തുമെന്നിരിക്കെ കോടികള്‍ മുടക്കി അവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുന്നത് വന്‍ബാധ്യത വരുത്തിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പതിനായിരക്കണക്കിന് കോടിരൂപയുടെ വിദേശമൂലധനം നാട്ടിലെത്തിക്കുന്ന പ്രവാസികളെ ആപദ്ഘട്ടത്തില്‍ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് ഞാന്‍ വ്യക്തമാക്കി. എന്തുകൊണ്ടും ഇവര്‍ സംരക്ഷണം അര്‍ഹിക്കുന്നു. ഇവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് താത്പര്യമില്ലെങ്കില്‍ പിന്നെ മന്ത്രിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഒടുവില്‍ എന്റെ അഭിപ്രായം കാബിനറ്റ് അംഗീകരിച്ചു. പ്രവാസികളെ അപകടം കൂടാതെ നാട്ടിലെത്തിക്കാനുള്ള മിഷന്റെ ചുമതല മന്ത്രിസഭ എന്നെ ഏല്‍പ്പിച്ചു. പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഞാന്‍ ബാഗ്ദാദിലേക്കു പുറപ്പെട്ടു.
കുവൈത്തിനെ മോചിപ്പിക്കാനും സദ്ദാമിനെ പിടികൂടാനുമായി അമേരിക്കന്‍സേന കരയിലും ആകാശത്തും ഭീകരാന്തരീക്ഷം തീര്‍ത്തിരുന്നു. സദ്ദാമിനെ കാണുകയെന്നത് ദുഷ്‌കരമായ ദൗത്യമാണെന്ന് അറിഞ്ഞിട്ടും സ്വന്തം നാട്ടുകാരുടെ മോചനം ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗമില്ലാതിരുന്നതിനാല്‍ വെല്ലുവിളി നിറഞ്ഞ ആ യാത്രയ്ക്ക് തിരിച്ചു. ബാഗ്ദാദില്‍നിന്ന് മൂന്നു ഹെലികോപ്റ്ററുകള്‍ മാറിക്കയറിയാണ് സദ്ദാമിന്റെ ഒളിത്താവളത്തിലെത്തിയത്. തലങ്ങും വിലങ്ങും യുദ്ധവിമാനങ്ങള്‍ പറക്കുന്നതിന്റെ പേടിപ്പിക്കുന്ന ശബ്ദം. ഒളിത്താവളത്തില്‍ പ്രവേശിക്കുന്നതിന് ഏറെ മുമ്പ് കട്ടിയുള്ള തുണികൊണ്ട് കണ്ണുകള്‍ കെട്ടി. പിന്നീട് എവിടേക്കാണ് പോവുന്നതെന്നോ, ഏതു നഗരത്തിലാണ് എത്തിയതെന്നോ വ്യക്തമല്ല. ഒടുവില്‍ സദ്ദാമിന്റെ മുന്നിലെത്തി. ഒരുമണിക്കൂര്‍നീണ്ട കൂടിക്കാഴ്ചയില്‍ സദ്ദാം ശാന്തനായാണ് സംസാരിച്ചത്. ഇന്ത്യന്‍ സ്ഥാനപതിയും എന്നോടൊപ്പമുണ്ടായിരുന്നു. ജോര്‍ദാന്‍ വഴി ഇന്ത്യക്കാരെ സുരക്ഷിതമായി കൊണ്ടുവരുന്നതിന് സദ്ദാം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എങ്കിലും ഒരു നിബന്ധന കര്‍ശനമായി മുന്നോട്ടുവെച്ചു. ഇന്ത്യക്കാരെ കൊണ്ടുപോവാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഒരു കാരണവശാലും അമേരിക്കന്‍ സഹായം ഇക്കാര്യത്തില്‍ തേടരുത്. സദ്ദാമിന്റെ നിബന്ധന അംഗീകരിച്ചു. വന്‍ശക്തിയെ വെല്ലുവിളിച്ച് യുദ്ധം നിയന്ത്രിക്കുമ്പോഴും സദ്ദാമിന്റെ മുഖത്തോ സംസാരത്തിലോ നേരിയ പിരിമുറുക്കംപോലും കാണാന്‍ സാധിച്ചില്ല. അദ്ദേഹം ചിരിച്ചുകൊണ്ടാണ് എന്നെ യാത്രയാക്കിയത്.
Content Highlights: Rajiv Gandhi, K.P Unnikrishnan, M.P Sooryadas, Bofors scandal, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..