ബന്ധങ്ങള്‍ ഇരുമ്പുലയ്ക്കകളാണോ, പരസ്പരം കൈകൊടുത്തുപിരിയുന്ന കാലമുണ്ടാകുമോ?


ഷബിത

സെലക്ഷന്‍ എന്നത് ഒരു സ്വാതന്ത്ര്യമാണ്. അതിലൊരു ധാരണയില്‍ രണ്ടു പേരെത്തിയാല്‍, പരസ്പര ധാരണയോടെ ആ ധാരണയില്‍ നിന്നു പുറത്തു കടക്കാനും കഴിയണം.

സച്ചിദാനന്ദൻ, സുഭാഷ്ചന്ദ്രൻ, ജി.ആർ ഇന്ദുഗോപൻ

മാംസനിബദ്ധമല്ല രാഗം എന്നുപാടിക്കൊണ്ടാണ് കുമാരനാശാന്‍ ആധുനിക പ്രണയത്തെ നിര്‍വചിച്ചത്. ആധുനിക സമൂഹം എന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം നമ്മള്‍ പറയുമ്പോഴും അടിസ്ഥാനവികാരങ്ങളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളില്‍ നമ്മള്‍ എവിടെ എത്തിനില്‍ക്കുന്നു? എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്? സമൂഹത്തിലെ തെല്ലിട ചലനങ്ങള്‍ പോലും സൂക്ഷ്മനിരീക്ഷണങ്ങള്‍ക്കുവിധേയമാക്കുന്നവരാണ് എഴുത്തുകാര്‍. പ്രണയത്തിനും നിരാസത്തിനുമിടയിലുള്ള നേരത്ത് ഇന്നത്തെ തലമുറ എവിടെ എത്തിനില്‍ക്കുന്നു എന്നതിനെക്കുറിച്ച് എഴുത്തുകാരായ സച്ചിദാനന്ദന്‍, സുഭാഷ്ചന്ദ്രന്‍, ജി.ആര്‍ ഇന്ദുഗോപന്‍ എന്നിവര്‍ നിരീക്ഷിക്കുന്നു.

യഥാര്‍ഥപ്രണയം സംഭവിക്കുന്നില്ല; അപകടകരമായ ഒരു പ്രവണത- സച്ചിദാനന്ദന്‍പ്രണയത്തില്‍ 'ഇല്ലാതാക്കല്‍' സംഭവിക്കുന്നത് യഥാര്‍ഥ പ്രണയം സംഭവിക്കാതിരിക്കുമ്പോഴാണ്. താല്‍ക്കാലികമായുണ്ടായ വൈകാരിക ആകര്‍ഷണം ആയിരിക്കണം അത്തരത്തിലുള്ള പ്രണയങ്ങള്‍ക്ക് പിറകിലുള്ളത്. താന്‍ ശരിക്കും സ്‌നേഹിക്കുന്നയാള്‍ ഇങ്ങോട്ട് സ്‌നേഹിക്കുന്നില്ല, അഥവാ പിന്‍വാങ്ങുന്നു എന്ന തോന്നലില്‍ അയാളെ ഇല്ലാതാക്കാന്‍ സാധാരണ മനുഷ്യന് കഴിയും എന്നെനിക്ക് തോന്നുന്നില്ല. വാസ്തവത്തില്‍ ഹിംസയും പ്രണയവും ചേര്‍ന്നുപോകുന്ന വികാരമല്ല. സമീപകാലത്ത് സമൂഹം പൊതുവേ തന്നെ വളരെ ഹിംസാത്മകമായി മാറിയിട്ടുണ്ട്. ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുന്നത് അത്തരത്തിലുള്ള വാര്‍ത്തകളാണ്. നരബലിയായും കത്തിക്കുത്തായും ആസിഡ് കുടിപ്പിച്ചും തീയിട്ടും ആളുകളെ കൊന്നുകൊണ്ടിരിക്കുന്നു. ഇത് ഒരുപക്ഷേ പ്രേരണയായിട്ട് മാറിയേക്കാം. അപകടകരമായ ഒരു പ്രവണതയാണിത്.സ്‌നേഹം എന്നത് അന്യോന്യം ഉള്ളതാണ്. ഒരു ഭാഗത്തുനിന്ന് മാത്രം ഉള്ളതല്ല, അങ്ങനെ ആവാനും പാടില്ല. ഇത്തരത്തിലുള്ള കൊലകളില്‍ ഭൂരിഭാഗവും സ്ത്രീകളെ പുരുഷന്മാരാണ് കൊല്ലുന്നത്. അതിനര്‍ഥം പുരുഷന്‍ ഇപ്പോഴും പഴയ സമീപനത്തില്‍ നിന്നും മാറിയിട്ടില്ല എന്നുതന്നെയാണ്. താന്‍ ഒരു സ്ത്രീയെ സ്‌നേഹിക്കുന്നുവെങ്കില്‍ ആ സ്ത്രീ തന്നെ ഇങ്ങോട്ട് സ്‌നേഹിച്ചുകൊള്ളണം എന്ന കണ്ടീഷനില്‍ ഉറച്ചുനില്‍ക്കുകയാണ്. പുരുഷാധിപത്യസമീപനത്തില്‍ ഒരു ഇളക്കവും തട്ടാത്തതിന്റെ സൂചന കൂടിയാണത്. രണ്ട് തരത്തിലുള്ള വിമര്‍ശനമാണ് ഇവിടെയുള്ളത്- പുരുഷാധിപത്യവും സമൂഹം കൂടുതല്‍ ഹിംസാത്മകമാവുന്നതും.

അന്ധവിശ്വാസവും ജോത്സ്യപ്രവചനങ്ങളും വിദ്യാഭ്യാസസമൂഹത്തില്‍ ഇന്നും പച്ചപിടിച്ചുതന്നെ നില്‍ക്കുന്നു എന്നതും ഖേദകരമാണ്, ആശങ്കാജനകമാണ്. സത്യസന്ധമായ മനസ്സുകളുടെ ഒത്തുചേരല്‍ ഇത്തരം പ്രണയത്തില്‍ സംഭവിക്കുന്നില്ല. മനസ്സ് ഒത്തുചേരാതാവുമ്പോള്‍ അതൊരു അഭിമാനപ്രശ്‌നമായിട്ടാണ് പിന്നീട് മാറുന്നത്. പരസ്പരം കൈ കൊടുത്തു പിരിയുന്ന സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ധാരാളം നമുക്കുചുറ്റുമുണ്ട്. ആ കാലം ഇനിയും അകലെയാണ് എന്ന് പറയാന്‍ പറ്റില്ല. വിവാഹിതരായവര്‍ തങ്ങള്‍ക്ക് ഒന്നിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്നില്ല എന്ന് തിരിച്ചറിയുമ്പോള്‍ ആരോഗ്യകരമായി പിന്‍വാങ്ങുന്നത് ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. അവര്‍ പിന്നീട് സുഹൃത്തുക്കളായി ഒന്നിച്ചിരുന്ന് കാപ്പി കുടിക്കുന്നതിനും സാക്ഷിയായിട്ടുണ്ട്. ആ പക്വത പ്രണയത്തില്‍ കൂടി എത്തിയാല്‍ ഒരു പരിധിവരെ ജീവന് അപകടം സംഭവിക്കാതെ രക്ഷപ്പെടാമായിരുന്നു.

അനവധി പ്രശ്‌നങ്ങളുള്ള ഒരുപാട് വൈരുധ്യങ്ങള്‍ നിറഞ്ഞ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പഴയതിന്റെ ഒരുപാട് അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട് അതോടൊപ്പം തന്നെ പുതിയവയുടെ കടന്നുവരവുമുണ്ട്. പുതിയ തലമുറയിലെ 'പഴയതിനെ' നിരുത്സാഹപ്പെടുത്തുക പുതിയ കാഴ്ചപ്പാടുകളെ സ്വീകരിക്കുന്ന എന്ന നിലപാട് സംസ്‌കൃതചിത്തരായ ആളുകള്‍ കൈക്കൊള്ളേണ്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്.

പ്രണയം സങ്കല്പിക്കാനുള്ള സാധ്യത അന്യമായ തലമുറ- സുഭാഷ് ചന്ദ്രന്‍
സെക്സ് എന്ന വികാരത്തിന്റെ കാവ്യാത്മകമായ ആവിഷ്‌കാരമാണ് പ്രണയം. അത് അന്നും ഇന്നും അങ്ങനെ തന്നെയാണ്. കാവ്യാത്മകം എന്നുപറഞ്ഞത് കല്‍പന ചെയ്യാനുള്ള, സങ്കല്പം ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുത്തിട്ടാണ്. രതിയെപ്പറ്റി ധാരണയില്ലാത്ത പ്രായത്തില്‍ കേട്ടുകേള്‍വി മാത്രമായിരുന്ന പ്രായത്തില്‍ ആണ് പഴയകാലത്തെ പ്രണയം അരങ്ങേറിയിരുന്നത്. അതുകൊണ്ട് അന്ന് പ്രണയം കല്‍പന ചെയ്യാനും സങ്കല്പിക്കുവാനുമുള്ള സാധ്യതയും അധികമായിരുന്നു. ഇന്ന് 10-12 വയസ്സാവുമ്പോഴേക്കും കല്‍പന ചെയ്യുവാനും സങ്കല്പിക്കുവാനും ഇനിയൊന്നും ബാക്കിയില്ലാത്തവിധം നമ്മുടെ കുഞ്ഞുങ്ങളുടെ കയ്യില്‍ അശ്ലീല ദൃശ്യങ്ങളും കിടപ്പറരംഗങ്ങളും തനി പച്ചയായ സെക്ഷ്വല്‍ ഇന്റര്‍കോഴ്സും ദൃശ്യങ്ങളായിട്ട് കിട്ടുകയാണ്. കുഞ്ഞിനെയെടുക്കുവാനല്ലാതെ വയറ് കീറുന്നത് സിസേറിയനാവില്ല എന്നതുപോലെ, അവര്‍ക്ക് സങ്കല്പിക്കുവാനുള്ള സാധ്യത മറ്റൊരു വിധത്തില്‍ പ്രകാശിതമാവുകയാണ്. അതുകൊണ്ടാണ് ആയുധത്തിലേക്കും ആസിഡിലേക്കും വിഷത്തിലേക്കും പരിണമിക്കുന്ന വിധത്തില്‍, ഒരു കൊലപാതകം മാത്രമേ അവരുടെ സങ്കല്പത്തില്‍ ഭാവന ചെയ്ത് രസിക്കുവാന്‍ ബാക്കിയുള്ളൂ എന്ന മട്ടില്‍, നമ്മുടെ കുഞ്ഞുങ്ങളില്‍ പുതിയ തലമുറയില്‍ പ്രണയം ഹത്യയായി രൂപാന്തരം പ്രാപിച്ചത്.

ബന്ധങ്ങള്‍ ഇരുമ്പുലയ്ക്കകളല്ല- ജി.ആര്‍ ഇന്ദുഗോപന്‍

കേരളത്തില്‍ ആവര്‍ത്തിക്കുന്ന 'കാമുക-കാമുകീ 'കൊലപാതകങ്ങള്‍ കണ്ട് വല്ലാതെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നു തോന്നുന്നു. ചെറുപ്പക്കാരുടെ മാനസികാവസ്ഥവല്ലാതെ മാറിവരികയാണ്. റിലേഷന്‍ഷിപ്പുകളെ കാര്യത്തില്‍ അവരുടെ ധാരണ പൊതുസമൂഹത്തിന്റെ പരമ്പരാഗത ധാരണകളേക്കാള്‍ യുക്തിയുള്ളതാണ്. ബന്ധങ്ങള്‍ തുടങ്ങുന്നതും തുടരുന്നതിലും ഒഴിവാക്കുന്നതിലും പരസ്പരധാ രണ ഉണ്ടാകണമെന്നും, അത് സങ്കീര്‍ണമാകരുതെന്നുമാണ് അവരുടെ നിലപാട്. പക്ഷേ ഇതിലൊരാള്‍ വൈകാരികമായി, പഴയ മട്ടിലേയ്ക്ക് 'ഞാന്‍ ചാകും, നിന്നേം കൊല്ലും, എനിക്ക് നീയില്ലാതെ പറ്റില്ല' മട്ടില്‍ തീരുമാനമുണ്ടാകുമ്പോള്‍, അമ്മട്ടില്‍ ഒരാള്‍ പങ്കാളിയെ പിന്തുടരുമ്പോള്‍ ഉണ്ടാകുന്ന അരക്ഷിതാവസ്ഥ, നിസ്സഹായത വലിയ പ്രശ്‌നമാണ്. 'എന്നെക്കളഞ്ഞ്അവന്‍ അല്ലെങ്കില്‍ അവള്‍ മറ്റൊരാളെ പ്രേമിക്കുന്നു' പോലുള്ള സങ്കുചിത ആശയങ്ങള്‍ ഇനിയും തുടരുന്ന ചെറുപ്പക്കാര്‍ വലിയ പ്രശ്‌നമുണ്ടാക്കുന്നു. കൊല്ലുന്നവര്‍ മാത്രമല്ല, പലപ്പോഴും കൊല്ലപ്പെടുന്നവരും പ്രശ്‌നമാണ്.

ചെന്നായ എന്ന കഥയില്‍ ഞാനിത് വിശദീകരിച്ചിട്ടുണ്ട് (ഇതു പിന്നീട് വൂള്‍ഫ് എന്ന സിനിമയായി). വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെണ്‍കുട്ടിക്ക് പങ്കാളിയാകേണ്ട ആളിന്റെ സ്വഭാവത്തിലെ വന്യതയെ കുറിച്ച് സംശയം തോന്നുന്നു. സമൂഹത്തെ അവള്‍ക്ക് പേടിയുണ്ട്. അതിനാല്‍ കൂടുതല്‍ അപക്വമായി അവള്‍ മറ്റൊരു സുഹൃത്തിനെ ക്ഷണിച്ച് തന്നെ രക്ഷിച്ച് പങ്കാളിയാക്കാന്‍ ആവശ്യപ്പെടുന്നതാണ് കഥ. അപ്പോള്‍ ചെറുപ്പക്കാരുടെ ഇത്തരം ആശങ്കകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ പൊതുസമൂഹത്തിന് കഴിയണം. സഹവര്‍ത്തിത്വം, ക്ഷമ എന്നിവയൊക്കെ വേണം. പക്ഷേ ബന്ധങ്ങള്‍ ഇരുമ്പുലക്കകളല്ല.

പരസ്പരം പിരിയുക എന്നതു പോലെ തന്നെ 'ഒരാള്‍ക്ക് വേണ്ട' എന്നു പറയാനുള്ള സ്വാതന്ത്ര്യവും റിലേഷന്‍ഷിപ്പില്‍ ഉണ്ട്. അവരുടെ ആ സ്വാതന്ത്ര്യ ത്തിനൊപ്പം മുതിര്‍ന്ന തലമുറ, രക്ഷിതാക്കള്‍ നില്‍ക്കണം. സെലക്ഷന്‍ എന്നത് ഒരു സ്വാതന്ത്ര്യമാണ്. അതിലൊരു ധാരണയില്‍ രണ്ടു പേരെത്തിയാല്‍, പരസ്പര ധാരണയോടെ ആ ധാരണയില്‍ നിന്നു പുറത്തു കടക്കാനും കഴിയണം. അത് ശത്രുക്കളായല്ല. സുഹൃത്തുക്കളായി വേണം എന്നൊരു തത്വമാണ് ഇനി ചെറുപ്പക്കാര്‍ പഠിക്കേണ്ടത്. അതിനവരെ ആരും പഠിപ്പിക്കേണ്ടതില്ല. അതിവേഗം അവരതിലേയ്ക്ക് വന്നു കൊണ്ടിരിക്കുകയാണ്. അവര്‍ക്കറിയാം , അവരുടെ ലോകത്തെ ചിട്ടപ്പെടുത്താന്‍. അങ്ങനെ അതിവേഗമാറ്റങ്ങള്‍ക്കിടയില്‍ വന്നുഭവിക്കുന്ന അത്യാപത്തുകളായി , ഇത്തരത്തിലുള്ള 'വന്യത'കളെയും ക്രിമിനല്‍ സ്വഭാവത്തെയും കരുതിയാല്‍ മതി. അത് സ്വാഭാവികമാണ്. വന്യതയും ക്രിമിനല്‍ സ്വഭാവവും എല്ലാ മനുഷ്യരിലുമുണ്ട്.

ചെറുപ്പക്കാരില്‍ ചിലരില്‍ അപക്വത കൂടി ഉണ്ടാകാം. ലോകമെങ്ങും പല രാജ്യത്തിലുമുള്ള യുവജനതകളിലുള്ള പ്രശ്‌നം ഇവിടെ ഇല്ലെന്നാണ് എനിക്ക് തോ ന്നുന്നത്. അവര്‍ക്കറിയാം കറക്ടുചെയ്യാന്‍. ഒറ്റപ്പെട്ട സംഭവം കൊണ്ട് അവരെ വിലയിരുത്തേണ്ട കാര്യമില്ല. കാലത്തിനനുസരിച്ച്, അവര്‍ക്കൊപ്പം നില്‍ക്കേണ്ട കാര്യത്തില്‍ പൊതുസമൂഹം ഒപ്പമെത്തുകയാണ് വേണ്ടത്.

Content Highlights: Satchidanandan, Subhashchandran, G.R Indugopan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented