'തൊടികളിലെന്റെ കാലൊച്ച കേള്‍ക്കുമ്പൊഴേ തുടലിമുള്ളുകള്‍ മൂടിക്കടന്നുപോയ്...'വിജയലക്ഷ്മിയെന്ന ഒറ്റയക്കം- എസ്.ജോസഫ് 


എസ്. ജോസഫ്

വിജയലക്ഷ്മി എന്നാണ് ഈ ലഘുചരിത്രത്തില്‍ ഞാന്‍ അവരെക്കുറിച്ച് പറഞ്ഞത്. ഞാനവരെ ചേച്ചി എന്നാണ് വിളിക്കുന്നത്. രണ്ടുതവണ ഞാന്‍ കവിഗൃഹത്തില്‍ പോയിട്ടുണ്ട്. ആദ്യം ഗിരിജയും ഞാനും.പിന്നെ ഞാനൊറ്റയ്ക്ക് .

ഫോട്ടോ: മുരളീകൃഷ്ണൻ

എന്തുകൊണ്ടാണ് വിജയലക്ഷ്മിക്കുശേഷം അത്രയും കരുത്തുള്ള ഒരു എഴുത്തുകാരി (കവി)ഇല്ലാതെ പോയത്?- എസ്. ജോസഫ് എഴുതുന്നു

' If animals did not exist ,the nature of man would be even more incomprehensible'
-Georges Louis Buffon

ർഷം ഓർമ്മയില്ല.വാഗമണ്ണിൽ യൂണിവേഴ്സിറ്റി യൂണിയന്റെ ക്യാമ്പിലേക്ക് ഏലപ്പാറയിൽ നിന്ന് നടന്നാണെത്തിയത്. ക്യാമ്പു സ്ഥലത്തുവച്ച് എം.ബി. മനോജിനെ കണ്ടതോർക്കുന്നു. പരിപാടി കഴിഞ്ഞ് ഡോ.കെ.എം തരകന്റെ സാഹിത്യ അക്കാദമി കാറിലാണ് വിനയചന്ദ്രനോടൊപ്പം പോന്നത്. വിനയചന്ദ്രൻ കാറിൽ വച്ച് എനിക്കും കുറേ മദ്യം തന്നു. എന്നാൽ ഞാൻ കാറിൽ കയറിയത് തരകൻ സാറിന് ഇഷ്ടമായില്ല. സാറും അത്ര ബോധത്തിലല്ല. ഞാൻ പറഞ്ഞു ഈരാട്ടുപേട്ടയിൽ ഇറങ്ങിക്കോളാമെന്ന്. വിനയചന്ദ്രൻ പറഞ്ഞു വേണ്ടെന്ന്. യാത്ര തുടർന്നു. പിന്നെ തരകൻ സാറിന് എന്നോട് കൂട്ടായി. ഞാൻ കവിതയെഴുതുമെന്നറിഞ്ഞ് സന്തോഷമായി. അദ്ദേഹം പിന്നെ പറയാൻ തുടങ്ങി: ''ഞാൻ ഭാഷാ പോഷിണിയിൽ ഇരുന്ന കാലത്ത് സാഹിത്യ സംബന്ധമായി ഒരു പാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. (അത് ശരിയാണുതാനും.) ഒരിക്കൽ ബാലചന്ദ്രൻ ചുള്ളിക്കാടും കൂടെ ഒരു പെൺകുട്ടിയും അവിടെ വന്നു. ഞാൻ ചോദിച്ചു ആരാണ്? എന്റെ ഭാര്യയാണ്, വിജയലക്ഷ്മി. വളരെ സന്തോഷം തോന്നി.''

ഏറ്റുമാനൂരെത്തിയപ്പോൾ എന്നോട് ഒരു പാട് സ്നേഹത്തോടെ സംസാരിച്ചു. വലിയ കവിയാകണമെന്ന് പറഞ്ഞു. പിന്നെ ഞാൻ അദ്ദേഹത്ത കണ്ടിട്ടില്ല. നമ്മുടെ കവിതയിൽ ബാലാമണിയമ്മയ്ക്കും സുഗതകുമാരിക്കും ശേഷമുള്ള ഏറ്റവും വലിയ കവിയാണ് വിജയലക്ഷ്മി.
അവരുടെ കവിതകൾ ആർത്തിപൂണ്ട് വായിച്ച ഒരു കാലമുണ്ട് എനിക്ക്. ഒരിക്കൽ ഞാൻ പാഠേഭദം മാസികയുടെ മീറ്റിംഗിന് ഓംജി ജോർജിനൊപ്പം പോയി. തൃശൂരിൽ ഏതോ ലോഡ്ജിൽ ഞങ്ങൾ താമസിച്ചു. അവിടെ 'അധോലോകകവിതകൾ' എന്നൊരു സമാഹാരം കണ്ടു; അതിൽ വിജയലക്ഷ്മിയുടെ കവിതകളും .

'രാത്രി വീണയുമായി, ഏകാകിയാം
യാത്രികൻ വന്നു. വീണ്ടുമീ കർക്കിടം
എത്രയെത്രയോ കാലമായെങ്കിലും
അല്പനാൾ മുന്നിലെന്നപോൽ ജന്നലിൽ
ഒറ്റമിന്നലിൽ വീണ്ടും പഴയ ഞാൻ '
...........
കൂട്ടുകാരാ, ഞെരിയുന്ന കൈവിരൽ
കോർത്തു ഞാൻ നിന്റെ തേരുരുൾ കാക്കിലും
ഓർത്തു വയ്ക്കില്ലൊരിക്കലുമാക്കടം. '

അൻവർ അലി ഞങ്ങൾ വെറുതേയിരിക്കുമ്പോൾ പാടി :
'തൊടികളിലെന്റെ കാലൊച്ച കേൾക്കുമ്പൊഴേ
തുടലി മുള്ളുകൾ മൂടിക്കടന്നുപോയ്'

'തൊണ്ട വരണ്ട കിണട്ടു തീരങ്ങളിൽ
നിന്നുമണൽക്കാട്ടിലേക്ക് പലായനം
പൊന്തിയ കാലും വലിച്ചു ഞെരിഞ്ഞിലിൻ
പൊന്തയിലേക്കൊരന്ധന്റെ പലായനം. '

തന്റെ കവിതയെക്കുറിച്ച് വിജയലക്ഷ്മി ഇങ്ങനെയെഴുതുന്നു:
എന്റെ കവിത

'... പുരുഷാർത്ഥങ്ങളെല്ലാം എനിക്ക് കവിത തന്നെയാണ്. ജീവിതവും സ്വപ്നവും കവിതയാണ്.സ്നേഹവും സൗഹൃദവുമെല്ലാം അതിനോടാണ്'.

പ്രാണിധർമ്മമനുസരിച്ച് ഞാനും ഗാർഹസ്ഥ്യത്തിലേർപ്പെട്ടു. ജീവസന്ധാരണത്തിനായി മാസവേതനത്തിനു പണിയെടുത്തു. ധർമ്മലോപവും കൃത്യവിലോപവും മനുഷ്യസഹജമായ വീഴ്ചകളും ഉണ്ടായിട്ടുണ്ട്. എല്ലാറ്റിലും എനിക്കു താങ്ങും തണലും കവിതയായിരുന്നു. എല്ലാ അനുഭവങ്ങളിൽനിന്നും ഭൗതികഘടകങ്ങൾ അഴിഞ്ഞു പോയി. പൂവു കരിഞ്ഞാടുങ്ങിയാലും പരിമളം ഓർമ്മയിലവശേഷിക്കുമ്പോലെ, അവയിലെ കവിത മാത്രം ബാക്കി നില്ക്കുന്നു.

എത്രയും സാധാരണമായ ജീവിതത്തിലെ വെറും ചുവടുവെപ്പുകൾ മാത്രമാണ് എന്റെ ദിവസങ്ങൾ. ഏകാന്തമായ തോട്ടത്തിൽ, ആൾപ്പെരുമാറ്റമില്ലാത്ത ഒരു മൂലയിൽ, ആരുമേ ശ്രദ്ധിക്കാതെ ഒരു ചിലന്തി തന്റെ ജന്മവാസനകളാൽ മാത്രം പ്രേരിതമായി, നിസ്സാരമായ നേർത്ത തന്തുക്കൾ നെയ്തുനെയ്തുചേർക്കുന്നതുപോലെ, പരിമിതമായ പദസമ്പത്തുകൊണ്ട്, ഞാൻ കണ്ട ആകാശവും ഭൂമിയും കാറ്റും വെളിച്ചവും ചേർത്തുവെച്ച് ഈ വേല ചെയ്തു......'

മൃഗത്തെ വരുതിക്കു നിർത്തുന്ന, അടിമയാക്കുന്ന മനുഷ്യൻ. മൃഗത്തിന്റെ ആന്തരികചോദനകളെ മൊത്തം തടവിലാക്കുന്നു. ചാട്ടവാറു വീശുന്നു. ശിക്ഷാമുറകൾ നടപ്പിലാക്കുന്നു. 'മൃഗശിക്ഷകൻ' എന്ന കവിതയിൽ ഒരു സ്ത്രീപക്ഷ വായന സാധ്യമല്ല. എന്നാൽ സൂക്ഷിച്ചുനോക്കിയാൽ 'സഹ്യന്റെ മകൻ' എന്ന കവിതയിലേക്കൊരു ഇടുങ്ങിയ വഴി കാണുന്നുണ്ട്.

ഈ കവിത ഒരു സ്ത്രീ എഴുതിയ കവിത എന്ന് പേരുകൊണ്ടുമാത്രമേ മനസിലാക്കാൻ പറ്റൂ. Writing self ഇവിടെ കേവല മനുഷ്യസത്തയാണ്. അതുകൊണ്ട് ഒരു സ്ത്രീയെഴുത്തുകാരി എന്ന് വിളിക്കാൻ പറ്റുകയില്ല. ഇന്ന് സ്ത്രീകൾ എഴുതുന്നതെല്ലാം സ്ത്രൈണമാണെങ്കിൽ (അതൊരു ശൈലിപരമായ പകർച്ചയാണ് ) ഇതങ്ങനെയല്ല എന്നാണ് പറയുന്നത്. ഇക്കാരണം കൊണ്ടാവാം വിജയലക്ഷ്മിയെ ഫെമിനിസ്റ്റ് റൈറ്റർ എന്ന് പറയാൻ എനിക്ക് പറ്റാത്തത്.

എഴുത്തുകാർക്ക് സ്ത്രീയായും പുരുഷനായും മൃഗമായും കാറ്റായും വെള്ളമായും കുരങ്ങായും പാമ്പായും മാറാൻ കഴിയും. കുമാരനാശാന്റെ നളിനിയിലെ ' ആര്യ മുൻപരിചയങ്ങൾ നല്കിടും ..... എന്ന ഭാഗമോ ലീലയിലെ 'നിൻ പ്രിയ ലീല ഞാൻ വലഞ്ഞു ' എന്ന വിലാപമോ ആശാൻ തന്നെ എഴുതിയതാണല്ലോ. ഒരു സിംഹപ്രസവത്തിൽ സിംഹത്തിന്റെ മാതൃത്വത്തെ എത്ര ഹൃദയസ്പർശിയായിട്ടാണ് ആവിഷ്കരിക്കുന്നത്. സിമ്പൂഴ്ഷ്സ്കയെ, എമിലി ബ്രോണ്ടിയെ ഉദാഹരിക്കാം. ഇങ്ങനെ അന്യങ്ങളിലേക്ക് സഞ്ചാരം നടത്താൻ കഴിയുന്നവരാണ് കവികൾ.
അതാണ് വിജയലക്ഷ്മിയുടെ കവിതയെ സമകാലിക സ്ത്രീകവിതയിൽ നിന്ന് വേറിട്ടുനിർത്തുന്ന ഒരു സുപ്രധാനമായ കാര്യം.

'തച്ചന്റെ മകൾ' എന്ന കവിതയിൽ ഒരു മകളെക്കൂടി ചേർത്തു വയ്ക്കുന്നത് പുരുഷകേന്ദ്രിത ചരിത്രത്തെ സ്ത്രീ-പുരുഷ തുല്യതയിൽ എത്തിക്കുക കൂടി ചെയ്യുന്നുണ്ട്. കാരണം തച്ചന്റെ മകനെ അതിൽ മായ്ക്കുന്നില്ല. ഒരു തികഞ്ഞ ഫെമിനിസ്റ്റ് രീതിയായിരുനെങ്കിൽ മകൻ അദൃശ്യനാകുമായിരുന്നു. തീവ്ര ഫെമിനിസത്തിന്റെ ഒരേയൊരു വഴി ഇവിടെ ഇല്ല എന്നർത്ഥം.

ഈ കുറിപ്പിന്റെ ഒടുവിൽ കൊടുത്തിരിക്കുന്ന കവിത (മഴയ്ക്കപ്പുറം) ആത്മനിഷ്ഠമല്ല; മറിച്ച് പരനിഷ്ഠമാണ്. ഫെമിനിസ്റ്റ് റൈറ്റിംഗ് കൂടുതലും ആത്മനിഷ്ഠമാണ്) ഇതുകൊണ്ടെല്ലാമാണ് ഒരു ഫെമിനിസ്റ്റ് റൈറ്റർ എന്ന് വിളിക്കാൻ എനിക്ക് പറ്റാത്തത്.

വിജയലക്ഷ്മി കൗസല്യ, വിട്ടു പോകൂ , മഴ, തച്ചന്റെ മകൾ പോലുള്ള കവിതകൾ ഒക്കെ എഴുതിയിട്ടുണ്ട്. അത് മേൽപ്പറഞ്ഞ അന്യങ്ങളിലേക്കുള്ള ആന്തരിക സഞ്ചാരം കൊണ്ടാണെന്ന് ഞാൻ കരുതുന്നു.
കവി എന്ന നിലയിൽ അവർ ഒറ്റയാണ്.
'കായൽ പുതിയതായൊന്നുമില്ലെങ്കിലും
ചാരത്തിരിക്കാൻ, മറക്കുവാൻ,വന്നു ഞാൻ '

'തൊടികളിലെന്റെ കാലൊച്ച കേൾക്കുമ്പൊഴേ
തുടലി മുള്ളുകൾ മൂടിക്കടന്നുപോയ് ' എന്ന് കവി പാടുന്നുണ്ട്.
ഈ ഒറ്റപ്പെടൽ ഭാഗവതം എന്ന കവിതയിലുമുണ്ട്.
'കരി പറ്റിയ കൈയാൽ
മരണം വരെ ത്തീരാ -
മഹാഭാഗവതം ഞാൻ
മറിച്ചു വായിക്കുന്നു. '

കിഷോരി അമ്മോങ്കറെപ്പോലെ അലിംഗപരമായ, സർവ്വ ചരാചരങ്ങളേയും സ്പർശിക്കുന്ന, വിഷാദഭരിതമായ ജീവിതഗാനാലാപം ആണ് വിജയലക്ഷ്മിയുടേത്. സ്ത്രീയുടെ, മൃഗത്തിന്റെ ,വംശനാശം വന്ന പക്ഷിയുടെ, കീഴാളന്റെ, മരയാശാരിയുടെ
ദു:ഖങ്ങൾക്ക് പിമ്പേ രുദിതാനുസാരിയായ കവിയായി നീങ്ങുന്നു. സംഗീതം ആ കവിതകളെ വഹിച്ചു കൊണ്ടുപോകുന്നു.മഴയ്ക്കപ്പുറം എന്ന കവിത ആത്മനിഷ്ഠമല്ലതാനും

നോക്കൂ:

ആരു ഞാൻ നിന്നെക്കുറിച്ചു പാടാൻ? കാടു
തോറും സുഗന്ധവും തേടിയോടും ക്ഷീണ
സാരംഗ,മാകെത്തളർന്നതാണെൻ പദം.

ഇത്രമാത്രം വിഷാദം, പ്രണയം വേറെ ഏതൊരു കവിക്കുണ്ട് ?

പ്രണയ തീക്ഷ്ണതയ്ക്ക് തെളിവിതാ ഇനിയും :

ഓമനേ, നിന്നെക്കുറിച്ചൊന്നു പാടാതെ
യീ മണ്ണു വിട്ടു ഞാൻ പോകുന്നതെങ്ങനെ?

ദേവാസുരം എന്ന കവിത ദാമ്പത്യ ജീവിതത്തിന്റെ സങ്കീർണത ആ വിഷ്കരിക്കുന്നു. ഉപ്പിന്നുമുപ്പായ കടൽ ഒടുക്കത്തെ നാൾവരെ മുക്കിക്കുടിക്കാം എന്നു പറയുന്നു. 'വന്ദനം: ഡി.വിനയചന്ദ്രന്' എന്ന കവിതയിൽ വിനയചന്ദ്രന്റെ സ്വഭാവത്തെ സൂക്ഷ്മത്തിൽ പകർത്തി വയ്ക്കുന്നു.

'വഴിയിൽ മുക്കുറ്റി നോക്കി നില്ക്കുന്നവൻ
മിഴിയെഴുതിയ പയ്യിൻ കിടാവിനെ
ത്തഴുകി നെറ്റിയിലുമ്മവയ്ക്കുന്നവൻ '

വിജയലക്ഷ്മി എന്നാണ് ഈ ലഘുചരിത്രത്തിൽ ഞാൻ അവരെക്കുറിച്ച് പറഞ്ഞത്. ഞാനവരെ ചേച്ചി എന്നാണ് വിളിക്കുന്നത്. രണ്ടുതവണ ഞാൻ കവിഗൃഹത്തിൽ പോയിട്ടുണ്ട്. ആദ്യം ഗിരിജയും ഞാനും.പിന്നെ ഞാനൊറ്റയ്ക്ക് . അപ്പോഴൊക്കെ എനിക്കവർ പല തവണ ഭക്ഷണം തന്നു. മലയാള കവിതയ്ക്ക് ഒരു കത്ത് എന്ന കവിതയെക്കുറിച്ചും മഞ്ഞ്,മകൾ, കവിത എന്ന സംസ്കൃതവൃത്തത്തിലെഴുതിയ കവിതയെക്കുറിച്ചും പ്രകാശനവേളയിൽ സംസാരിച്ചു. അടുത്തകാലത്ത് എന്റെ സംസ്കൃതവൃത്തത്തിലുള്ള കവിതകളെ അഭിനന്ദിച്ചു.

ഞാനീ പറഞ്ഞതിൽത്തന്നെ ചില കാര്യങ്ങളുണ്ട്. കവിത എന്നത് ശരിക്കും അതിന്റെ പുറംമോടിയല്ല. പഴയതെല്ലാം പഴയതാവില്ല . പുതിയതെല്ലാം പുതിയതുമാവില്ല. മലയാള കവിയിൽ ആധുനികതയ്ക്കും ഉത്തരാധുനികതയ്യും ഇടയിലെ സംക്രമകാലത്തിന്റെ പ്രധാന കവിയായി ഈ എളിയ ചരിത്രകാരൻ അവരെ വിനയപൂർവം അടയാളപ്പെടുത്തുന്നു.

എന്തുകൊണ്ടാണ് വിജയലക്ഷ്മിക്കുശേഷം അത്രയും കരുത്തുള്ള ഒരു എഴുത്തുകാരി (കവി)ഇല്ലാതെ പോയത് ?
മലയാളത്തിലെ ഏറ്റവും പ്രസിദ്ധനായ ഒരു കവിയുടെ ഭാര്യയായിട്ടും എന്തുകൊണ്ടാണ് അവർ ഒരു വീട്ടമ്മയായി ഒതുങ്ങാതെ പോയത്?
പ്രധാനപ്പെട്ട കവിതകളെല്ലാം കൃത്യമായ വൃത്തച്ചിട്ടയിൽ എഴുതിയിട്ടും പഴഞ്ചൻ കവിയാകാതെ മുന്നേറിയത്?
പ്രത്യേകിച്ച് കവിതയിൽ പരീക്ഷണങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്നിട്ടും വലിയ കവിയായത് ?
എന്തുകൊണ്ടാണ് ഫെമിനിസത്തിന്റെയും ഫെമിനിസ്റ്റു കവിതയുടെയും കൊടുങ്കാറ്റിൽപ്പെട്ട് ആ കവിതകൾ ഉലയാതിരുന്നത്?

ഉത്തരങ്ങൾ എന്റെ പക്കലില്ല.
ഉത്തരങ്ങൾ സ്വയം കണ്ടെത്തുക.
അവരുടെ ഒരു ഒന്നാന്തരം കവിത ഇവിടെ പകർത്തുന്നു:

മഴയ്ക്കപ്പുറം

'വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
ഞാറ്റുവേലപ്പെയ്ത്തിലാർത്തുപൊങ്ങി,
ആകാശം കാണുവാനെത്തിനോക്കി,
ആവാതെയപ്പൊഴേ താണിറങ്ങി.
ആറ്റിലേക്കെത്താനറിഞ്ഞുകൂടാ,
ആഴിത്തിരയോളം പോകവയ്യ.
ആടിമാസക്കറുപ്പൊന്നുമാത്രം
ആഴക്കടൽപോലകത്തൊതുക്കാം.
ഓളമില്ലോർമ്മതൻ താളമില്ല,
നീരൊഴുക്കിന്റെ തിളക്കമില്ല,
പാറപ്പുറത്തുനിന്നെത്തിനോക്കി
ച്ചാടിത്തിമിർക്കാൻ കയങ്ങളില്ല.
വെള്ളാരങ്കല്ലില്ല, തുള്ളിനീങ്ങും
വെള്ളിപ്പരൽമീൻ കിലുക്കമില്ല ,
മുങ്ങിക്കിടക്കുവാൻ കൊമ്പനില്ല ,
മൂവന്തിപ്പൊട്ടിൻ തുടുപ്പുമില്ല.
ആരുമില്ലാപ്പകൽ പോയി,
രാവും മൂകം, നിലയ്ക്കുന്നു മേഘരാഗം,
പാരിജാതത്തിൻ സുഗന്ധപൂരം,
പാതിരാക്കാറ്റിന്റെ സ്നേഹസാക്ഷ്യം
എത്തുന്നു താഴേക്കിലത്തലപ്പിൻ
മുത്തിറ്റു വീഴും പതിഞ്ഞ നാദം.
ഇത്തിരിച്ചീവീടിനുള്ളിലെങ്ങും ,
മെത്തുന്നു ജീവന്റെ സംഘഗാനം;
മാമരപ്പച്ച വകഞ്ഞുമാറ്റി
ചാരുവായാരോ ചിരിച്ചുനിൽക്കെ ,
ആവോളം കാണാൻ കുതിച്ചു പൊങ്ങി -
ത്തൂവുമത്തേങ്ങൽ പിടിച്ചടക്കി

വീട്ടുമുറ്റത്തെ കിണറ്റുവെള്ളം
വീർപ്പടക്കിക്കൊണ്ടൊതുങ്ങി നിന്നു
ആർദ്ര മൗനത്തിന്നകത്തനന്തം
ദീപ്ത നക്ഷത്രങ്ങൾ വിൺ തുറന്നു.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023

Most Commented