ശില്പങ്ങള്‍ ഒതുക്കപ്പെടുന്നത് ആര്‍ക്കുവേണ്ടിയാണ്?


റോസ്‌മേരി

ഇത്തരം കാര്യങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങള്‍ അഭിലഷണീയമല്ല. ചിത്രകാരന്മാരായ പുഷ്‌കിനും ടെന്‍സിംഗും നിര്‍ദേശിച്ചതുപോലെ കലാകാരന്മാരുടെ ഒരു വിദഗ്ധ സമിതി രൂപീകരിച്ച്, അവരുടെ അഭിപ്രായങ്ങള്‍ ആരായുകയാണ് ഉചിതം.

കാനായിയുടെ സാഗരകന്യക. ഫോട്ടോ: ബിജു വർഗീസ്

മലയാളമണ്ണിൽ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിബിംബങ്ങളായി ആവോളം മതിമറന്നുകിടക്കുന്ന ശില്പങ്ങൾ തങ്ങളുടെ വിസ്തൃതഭൂമികയിൽ നിന്നും ഒതുക്കപ്പെട്ടുപോകുന്നത് വികസനത്തിന്റെ പേരിലാണെന്നും അത്തരം വികസനങ്ങൾ ആർക്കുവേണ്ടിയാണെന്നും ചോദിക്കുകയാണ് കവയിത്രി റോസ്മേരി.

നീരാമ്പലുകൾ വിരിഞ്ഞു നിൽക്കുന്ന വനസരസ്സ്. അതിന്റെ നിദ്രാലസതയെ ഭഞ്ജിച്ചുകൊണ്ട് അലോസരമുണർത്തുന്ന ഒരു ഫൈബർ ബോട്ടോ? പൂത്തുലഞ്ഞ വസന്തവനത്തിലെ വള്ളിക്കുടിലിന്റെ രംഗപടം ഒരുക്കുമ്പോൾ പശ്ചാത്തലത്തിൽ പിസ്സാ ഹട്ടോ?
ശംഖുമുഖത്തെ കടൽത്തീരത്തിന്റെ അനന്ത വിശാലത. തുറന്ന ആകാശത്തിനു ചുവട്ടിൽ അലസവിലാസവതിയായി ശയിക്കുന്ന മത്സ്യകന്യക. തൊട്ടടുത്തായി പ്രതിഷ്ഠിക്കപ്പെട്ട എയർക്രാഫ്റ്റിന്റെ സാന്നിധ്യമാണ് ഇത്തരമൊരു ചേർച്ചയില്ലായ്മ മനസ്സിലുണർത്തിയത്.
കലയെ ജനമധ്യത്തിലേക്ക് (Public Art) എന്ന ആശയം ലോകമെമ്പാടും അനുവാചകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മ്യൂസിയങ്ങളുടെയും ആർട്ട് ഗാലറികളുടെയും ചുവരുകളുടെയും ബന്ധനം ഭേദിച്ച് പ്രകൃതിയുടെ വിശാലതയിലേക്ക് ശിലാരൂപങ്ങളെ പ്രതിഷ്ഠിക്കുക... അനുപമമായ ആശയം!

ന്യൂയോർക്ക്, കാലിഫോർണിയ, സസ്സെക്സ്, ജപ്പാൻ, ഓസ്ലോ, നെതർലാൻഡ് തുടങ്ങിയ ദേശങ്ങളിൽ ആയിരക്കണക്കിന് ഏക്കറുകളാണ് ഇത്തരം ശിലോദ്യാനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത്. ഹെൻ​റി മൂറിന്റെയും റോഡിന്റെയും മറ്റനേകം പ്രശസ്തരുടെയും ശിൽപ്പങ്ങൾ ഈ ഉദ്യാനങ്ങളെ അലങ്കരിക്കുന്നു. വിസ്തൃതമായ പുൽമേടുകൾ, ഉപവനങ്ങൾ, അരുവികൾ, പാറക്കെട്ടുകൾ, മേയുന്ന പൈക്കൾ, ചിലച്ചുപായുന്ന അണ്ണാന്മാർ, തേനുണ്ടു പാറുന്ന ശലഭങ്ങൾ, ഇടയിലൂടെ നടപ്പാതകൾ.... തികച്ചും രമണീയമായ പശ്ചാത്തലം പ്രതിമകൾക്കു പുതിയ മാനങ്ങൾ സമ്മാനിക്കുന്നു. കാറ്റും മഴയും കൊടുംവെയിലുമേറ്റ് അവയ്ക്ക് തനതായ ഒരുയിരുണ്ടാവുന്നു.

മലയാളിക്ക് ഇത്തരമൊരു അനുഭവം സമ്മാനിച്ചത് മലമ്പുഴയിലെ യക്ഷിയാണ്. നെഞ്ചുവിരിച്ച് ശിരസ്സ് ഉയർത്തിപ്പിടിച്ച് ധീരയായ്, നിർഭയയായ്, കാനായിയുടെ ശിൽപ്പം. ഉർവരതയുടെ സ്ത്രീരൂപം.
ഒരു ശരാശരി മലയാളിയുടെ ഭാവുകത്വത്തിനേറ്റ അമ്പരപ്പ് ഏറെ നാൾ തുടർന്നു. അതുവരെ അപരിചിതമായിരുന്ന കൽപ്പന. ഖജുരാഹോയിലെ രതിദേവതമാരെയും എന്തിന് മൈക്കൽ ആഞ്ജലോയുടെ മാലാഖമാരെപ്പോലും തുണി ഉടുപ്പിക്കണമെന്നു ശഠിക്കുന്ന സദാചാരത്തിന്റെ ഒരിക്കലും ഉറങ്ങാത്ത കാവൽഭടന്മാർ ഒരു വശത്ത്.

ഭൂമിപുത്രിയായ തന്റെ യക്ഷിയ്ക്ക് നഗ്നത സ്വാഭാവികമെന്നും അതു മാത്രമാണ് ഉണ്മയെന്നും ശിൽപ്പി. അതിശക്തമായ പ്രതിഷേധങ്ങൾ. ഒരു ഘട്ടത്തിൽ ശിൽപ്പിയ്ക്ക് മർദനം പോലും ഏൽക്കേണ്ടിവന്നു. മിത്തും മലയാൺമയും സമന്വയിച്ച കാനായി സൃഷ്ടികൾ. എത്രയെത്ര വിദേശ രാജ്യങ്ങൾ ക്ഷണിച്ചിട്ടും പിറന്ന നാടിനോടുള്ള ഗാഢമമതയാൽ കേരളത്തിൽ തന്നെ സ്ഥിരവാസമാക്കിയ ആൾ. ഏതാണ്ട് അറുപതാണ്ട് എത്തിനിൽക്കുന്ന കലാസപര്യ.
ചിത്രകലയിൽ രാജാരവിവർമ്മ, കെ.സി.എസ്., എ. രാമചന്ദ്രൻ എന്നിവരെപ്പോൽ ശിൽപ്പകലയിൽ നമ്മുടെ യശസ്സ് ഉയർത്തിപ്പിടിച്ച വിശ്രുതകലാകാരൻ.

sagarakanyaka
കാനായിയുടെ സാഗരകന്യക. ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി

കാനായി ഏറെ നാളുകൾ പണിപ്പെട്ട് വേളിയിലെ ചതുപ്പുനിലം ഒരു മനോജ്ഞ ഭൂമികയായി മാറ്റിത്തീർത്തു. അദ്ദേഹത്തോട് ഒരു വാക്കുപോലും ആലോചിക്കാതെ ആ ലാൻഡ്സ്കേപ്പ് മാറ്റിമറിയ്ക്കപ്പെടുന്നു. ഉദാത്തമായ വെൺശംഖിന്മേൽ ചില പുതുക്കലുകൾ നടത്തുന്നു.
ഇപ്പോഴിതാ, സാഗരകന്യകയുടെ ഭൂമികയിലും ചില കടന്നുകയറ്റങ്ങൾ. ഇഷ്ടം പോലെ ഇടം കിടക്കയല്ലേ, കടലോരത്ത് ഒരു എയർക്രാഫ്റ്റ് കൂടി സ്ഥാപിച്ചതിൽ എന്താ തരക്കേട് എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നു. തുറസ്സുകളിലെ ശിൽപ്പങ്ങൾക്ക് അവയുടെ പശ്ചാത്തലം വളരെ പ്രസക്തമാണ്. ചുറ്റുമുള്ള പ്രകൃതി അവയുടെ ഭാഗം തന്നെയാണ്. അവയുടെ അസ്തിത്വത്തിന്റെ തുടർച്ച, അല്ലെങ്കിൽ പൂർത്തീകരണം.

ഓരോ പുതിയ നിർമിതിയും ആ ചാരുതയ്ക്ക് ഭംഗം വരുത്തുകയാണ്. ശിൽപ്പിയെപ്പോലെ ആസ്വാദകരും അതേച്ചൊല്ലി ഏറെ ആകുലപ്പെടുന്നു. സഹൃദയരുടെ പ്രതിഷേധത്തെ തുടർന്ന് ആ ലോഹനിർമ്മിതി നീക്കം ചെയ്യുമെന്ന കേട്ടുകേൾവി മനസ്സിനെ തണുപ്പിക്കുന്നു. അങ്ങിനെ നടന്നെങ്കിൽ എന്നു പ്രത്യാശിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഏകപക്ഷീയമായ തീരുമാനങ്ങൾ അഭിലഷണീയമല്ല. ചിത്രകാരന്മാരായ പുഷ്കിനും ടെൻസിംഗും നിർദേശിച്ചതുപോലെ കലാകാരന്മാരുടെ ഒരു വിദഗ്ധ സമിതി രൂപീകരിച്ച്, അവരുടെ അഭിപ്രായങ്ങൾ ആരായുകയാണ് ഉചിതം. ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും അതാണ് നാട്ടുനടപ്പ്.

Content Highlights:Poet Rose Mary Express her protest against acquisition of lands in and around the famous statutes of kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented