ആക്രോശങ്ങളും ബഹളങ്ങളുമില്ല; പുഴ പോലെ ഒഴുകുന്ന കവിതയെഴുതിയ കവി


എട്ട് വാല്യങ്ങളോടെ 1953 ല്‍ പുറത്തിറങ്ങിയ കേരളം വളരുന്നു എന്ന പ്രശസ്ത കൃതിയിലൂടെ പാലാ നാരായണന്‍ നായര്‍ മഹാകവിയായി അറിയപ്പെട്ടു.

പാലാ നാരായണൻ നായർ

കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ-
ക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍
അറബിക്കടലിനും തന്‍ തിരക്കൈ കൊണ്ടതി-
ന്നതിരിട്ടൊതുക്കുവാനായതില്ലിന്നോളവും
അറിവും സംസ്‌കാരവും മേല്‍ക്കുമേലൊഴുകുന്നോ-
രുറവിന്‍ നികേതമാണിസ്ഥലം പുരാതനം
ഇവിടെപ്പിറക്കുന്ന കാട്ടു പുല്ലിനുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും
ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ട്
വിവിധ സനാതന ചൈതന്യ പ്രതീകങ്ങള്‍

ലയാളത്തിന്റെ മഹാകവികളുടെ പരമ്പരയിലെ അംഗമാണ് പാലാ നാരായണന്‍ നായര്‍. പ്രകൃതിയും വേദാന്തവും സാമൂഹ്യജീവിതത്തിന്റെ നിഴല്‍വഴികളും കവിതയിലൂടെ ദൃശ്യവല്‍ക്കരിച്ചു പാലാ. തന്റെ കാവ്യദര്‍ശനങ്ങളിലൂടെ കേരളീയ ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളെയും ഗ്രാമ്യതയേയും പകര്‍ത്തിവെച്ചു അദ്ദേഹം. പുഴ പോലെ ഒഴുകുന്ന കവിത എന്നാണ് നിരൂപകര്‍ അദ്ദേഹത്തിന്റെ വരികളെ പേരിട്ട് വിളിച്ചത്. ആക്രോശങ്ങളും ബഹളങ്ങളുമില്ലാത്ത കാവ്യരീതിയായിരുന്നു പാലായുടേത്.

കീഴ്പള്ളി ശങ്കരന്‍നായരുടേയും പാര്‍വതി അമ്മയുടേയും മകനായി 1911 ഡിസംബര്‍ 11 നാണ് ജനനം. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ജനിച്ച അതേവര്‍ഷം എന്ന പ്രത്യേകതയും പാലായുടെ ജനന കാലത്തിനുണ്ട്.

പാലാ സെന്റ് തോമസ് സ്‌കൂളിലും വി.എം. സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീട് സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം രണ്ടാം ലോക മഹായുദ്ധ കാലത്ത് ബര്‍മ്മ അടക്കമുള്ള സ്ഥലങ്ങളില്‍ സൈനികസേവനം അനുഷ്ഠിച്ചു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി. മലയാളം പണ്ഡിറ്റ് പരീക്ഷ പാസായ നാരായണന്‍ നായര്‍ തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റി പബ്ലിക്കേഷന്‍ വകുപ്പില്‍ ജോലിക്കാരനായി. പിന്നീട് മലയാള വിഭാഗം പ്രൊഫസറായി പാലാ അല്‍ഫോന്‍സാ കോളേജില്‍ സേവനമനുഷ്ഠിച്ചു. കേരളപിറവിക്ക് ശേഷം രൂപീകരിക്കപ്പെട്ട കേരള സാഹിത്യ അക്കാദമിയുടെ ആദ്യ സെക്രട്ടറിയായിരുന്ന അദ്ദേഹം കൊല്ലത്തെ കൊട്ടിയം എന്‍.എസ്.എസ് കോളേജ് പ്രിന്‍സിപ്പലായി. അധ്യാപകവൃത്തിയില്‍ നിന്ന് വിരമിച്ചത്. ആദ്യകവിത പതിനേഴാം വയസില്‍ എഴുതിയ നിഴല്‍ ആണ്. 1935ല്‍ പുറത്തിറങ്ങിയ പൂക്കളി ആണ് ആദ്യ കാവ്യസമാഹാരം. തന്റെ കൃതികളിലൂടെ മലയാളത്തിന്റെ കാവ്യപാരമ്പര്യത്തിനും ഭാവവിശുദ്ധിയ്ക്കും ഗരിമ നല്‍കിയ കവിശ്രേഷ്ഠനാണ് അദ്ദേഹം. തികഞ്ഞ കേരളീയ ചിത്രണങ്ങളുടെ ഭാഷാ സന്നിവേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍.

എട്ട് വാല്യങ്ങളോടെ 1953 ല്‍ പുറത്തിറങ്ങിയ കേരളം വളരുന്നു എന്ന പ്രശസ്ത കൃതിയിലൂടെ പാലാ നാരായണന്‍ നായര്‍ മഹാകവിയായി അറിയപ്പെട്ടു. ഏറെ നിരൂപകശ്രദ്ധ നേടിയ അമൃതകല, ശാന്തി വൈഖരി, കസ്തൂര്‍ബ, ആലിപ്പഴം, അന്ത്യപൂജ, എനിക്ക് ദാഹിക്കുന്നു, മലനാട്, പാലാഴി, വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം, ശ്രാവണഗീതം എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

1991ല്‍ വള്ളത്തോള്‍ പുരസ്‌കാരവും 99 ല്‍ ഉളളൂര്‍ പുരസ്‌കാരവും 2000 എഴുത്തച്ഛന്‍ പുരസ്‌കാരവും 2002 ല്‍ മാതൃഭൂമി സാഹിത്യപുരസ്‌കാരവും നേടിയ പാലായെ തേടി മറ്റനവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. കാളിദാസ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പുത്തേഴന്‍ അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, മൂലൂര്‍ അവാര്‍ഡ് എന്നിവയ്ക്കും അര്‍ഹനായി. ഭോപ്പാല്‍ സാഹിത്യ സമ്മേളനത്തില്‍ ഭാരതഭൂഷന്‍ ബഹുമതി, ഓള്‍ ഇന്ത്യ റൈറ്റേഴ്‌സ് ഫോറത്തിന്റെ ബഹുമതി എന്നിയും 2006 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും നേടി.

നാല്പത്തിമൂന്ന് സമാഹാരങ്ങള്‍, അയ്യായിരം കവിതകള്‍, ചലച്ചിത്രഗാനങ്ങള്‍... പാലാ നാരായണന്‍ നായര്‍ തന്റെ കാലത്തെയും സര്‍ഗാത്മകതയെയും ആസ്വാദകമനസ്സുകളില്‍ അടയാളപ്പെടുത്തിയത് വളരെ ആഴത്തില്‍ത്തന്നെയാണ്. മനം കുളിര്‍ക്കുന്ന ഇമ്പവും ഈണവും കൊണ്ട് വളര്‍ത്തിയ കേരളം വളര്‍ന്ന് വളര്‍ന്ന് വാനോളം മുട്ടിയതും കണ്ടുകണ്ട് 2008 ജൂണ്‍ പതിനൊന്നിന് തൊണ്ണൂറ്റിയാറാം വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്.

Content Highlights: poet pala narayanan nair death anniversary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented