പി.ഭാസ്‌കരൻ
മലയാളചലച്ചിത്രഗാനശാഖയ്ക്ക് സര്‍ഗാത്മകതയുടെ തങ്കലിപി പ്രകൃതി കനിഞ്ഞുനല്‍കിയവരില്‍ പ്രമുഖനായ പി.ഭാസ്‌കരന്‍ മാസ്റ്ററുടെ തൊണ്ണൂറ്റിഒമ്പതാം ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ ചില ഗാനങ്ങളിലൂടെ യാത്ര നടത്തുകയാണ് ചലച്ചിത്രഗാനനിരൂപകന്‍ രവി മേനോന്‍ എഴുതുന്നു.
സ്വപ്നങ്ങള്‍ അധികവും ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലായിരുന്നു പണ്ട്; സിനിമകളും അങ്ങനെയായിരുന്നല്ലോ.
എങ്കിലും 'മഴവില്ലിന്‍ പീലി ചുരുക്കി പകലാകും പൊന്‍മയില്‍ പോയാല്‍, പതിവായി പോരാറുണ്ടാ വിരുന്നുകാരന്‍' എന്ന് പി. സുശീല പാടിക്കേള്‍ക്കുമ്പോള്‍ അന്നത്തെ സ്‌കൂള്‍കുട്ടിയുടെ മനസ്സില്‍ ഇന്നും മനോഹരമായ ഒരു വര്‍ണ്ണചിത്രം വിരിയും. 'പതിവായി പൗര്‍ണ്ണമി തോറും പടിവാതിലിന്‍ അപ്പുറമെത്തി കണിവെള്ളരി കാഴ്ചവെക്കുന്ന കനകനിലാവി'നെ കുറിച്ച് ബഹുവര്‍ണ്ണ സങ്കല്പങ്ങള്‍മെനയും അവന്റെ മനസ്സ്.
നിലാവിനെ കുറിച്ച് ഇത്ര ലളിതമനോഹരമായി, ഗ്രാമ്യഭംഗിയില്‍ ചാലിച്ചെഴുതാന്‍ ഭാസ്‌കരന്‍ മാഷിനല്ലാതെ മറ്റാര്‍ക്ക് കഴിയും? 'ആദ്യകിരണങ്ങളി'ലെ ആ ഗാനം പി ഭാസ്‌കരന്‍ ആദ്യമായി മൂളിക്കേള്‍പ്പിക്കവേ ഹോട്ടല്‍മുറിക്ക് പുറത്തെ ഉച്ചവെയില്‍ പാല്‍നിലാവായി മാറിയപോലെ തോന്നിയെന്ന് പറഞ്ഞിട്ടുണ്ട് സംഗീത സംവിധായകന്‍ രാഘവന്‍ മാഷ്. ആറു പതിറ്റാണ്ടിനിപ്പുറവും ആ പാട്ട് മനസ്സിലുണര്‍ത്തുന്നത് അതേ അനുഭൂതി തന്നെ.
വേറെയുമുണ്ട് നിലാവലകളൊഴുകുന്ന ഭാസ്‌കരഗീതികള്‍. പേരാറ്റിന്‍ കടവിങ്കല്‍ മഞ്ഞളരച്ചുവെച്ചു നീരാടുന്ന മഞ്ഞണിപ്പൂനിലാവ് മറ്റെവിടെ കാണാന്‍ കിട്ടും നമുക്ക്? 'പാതിരാപ്പാലകള്‍ തന്‍ വിരലിങ്കല്‍ പൗര്‍ണ്ണമി മോതിരമണിയിക്കും മലര്‍മാസത്തില്‍ താന്നിയൂരമ്പലത്തിലെ കഴകക്കാരനെപ്പോലെ താമരമാലയുമായ് ചിങ്ങമെത്തുന്നതും കാത്ത്' അക്ഷമയോടെ ഇരുന്ന തരുണികളുടെ തലമുറ അരങ്ങൊഴിഞ്ഞിരിക്കാം. പക്ഷേ ആ വാങ്മയ ചിത്രങ്ങള്‍ക്ക് മരണമില്ല.
ഭാസ്‌കരന്‍ മാഷിന്റെ പാട്ടുകളില്‍ വിരിഞ്ഞ നിലാമലരുകളിലേക്ക് ഒരു യാത്ര പോയാലോ?
ആദ്യം പാട്ടെഴുതിയ മലയാളസിനിമയുടെ പേരിനു തന്നെയുണ്ട് നിലാവിന്റെ ചാരുത: ചന്ദ്രിക (1950). അടുത്ത പടമായ നവലോകത്തില്‍ അതാ വിരിയുന്നു ആദ്യ നിലാപ്പൂ: 'തങ്കക്കിനാക്കള്‍ ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ സങ്കല്പമാകെ പുളകം പൂശും വസന്തസുമമേ ആരോ നീ?'
'തിരമാല'യിലെ പാലാഴിയാം നിലാവും മധുമാസ നീലരാവും കടന്ന് 'നീലക്കുയിലി'ലെത്തുമ്പോള്‍ അവിടെയുണ്ട് തങ്കനിലാവത്ത് താലികെട്ടിയ താമരവള്ളി... (കുയിലിനെ തേടി). പിന്നീടങ്ങോട്ട് നിലാവില്‍ കുളിച്ചു നില്‍ക്കുകയാണ് ഭാസ്‌കരന്‍.
ചന്ദ്രന്റെ പ്രഭയില്‍ ചന്ദനമഴയില്‍ സുന്ദര രാവിന്‍ പുഞ്ചിരിയില്‍ മറന്നു നമ്മള്‍ മറന്നു നമ്മള്‍ മണ്ണും വിണ്ണും പ്രാണസഖീ... (സ്‌നേഹദീപം)
പടിഞ്ഞാറേ മാനത്തുള്ള പനിനീര്‍പ്പൂ ചാമ്പക്ക പഴുത്തുവല്ലോ മുഴുത്തുവല്ലോ പറിച്ചുതിന്നാനെനിക്ക് ചിറകില്ലല്ലോ... (നിണമണിഞ്ഞ കാല്‍പ്പാടുകള്‍)
കന്നിനിലാവത്ത് കസ്തൂരി പൂശുന്ന കൈതേ കൈതേ കൈനാറീ കയ്യിലിരിക്കണ പൂമണമിത്തിരി കാറ്റിന്റെ കയ്യില്‍ കൊടുത്താട്ടെ...(തച്ചോളി ഒതേനന്‍)
ഹേമന്തയാമിനി തന്‍ പൊന്‍വിളക്ക് പൊലിയാറായ് മാകന്ദ ശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ്...(താമസമെന്തേ - ഭാര്‍ഗവീനിലയം)
പനിനീര് തൂവുന്ന പൂനിലാവേ പതിനേഴ് താണ്ടിയ പെണ്‍കിടാവേ...(മുതലാളി)
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു നിന്നെ മാത്രം കണ്ടില്ലല്ലോ നീ മാത്രം വന്നില്ലല്ലോ പ്രേമ ചകോരീ...(കളിത്തോഴന്‍)
മാനവഹൃദയത്തിന്‍ നൊമ്പരമോര്‍ക്കാതെ മാനത്ത് ചിരിക്കുന്ന വാര്‍തിങ്കളേ മൂടുപടമണിഞ്ഞ മൂഢവികാരത്തിന്‍ നാടകം കണ്ടുകണ്ടു മടുത്തുപോയോ... (ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന -ഇരുട്ടിന്റെ ആത്മാവ്)
പൗര്‍ണ്ണമി സന്ധ്യ തന്‍ പാലാഴി നീന്തിവരും വിണ്ണിലെ വെണ്മുകില്‍ കൊടിപോലെ, തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണ തന്‍ തംബുരു ശ്രുതി മീട്ടി നീ വന്നു...(ഇന്നലെ മയങ്ങുമ്പോള്‍- അന്വേഷിച്ചു കണ്ടെത്തിയില്ല)
ശരല്‍ക്കാല ചന്ദ്രലേഖ മയങ്ങിക്കോട്ടെ ചിരിക്കുന്ന നക്ഷത്രങ്ങള്‍ ഉറങ്ങിക്കോട്ടെ...(ഒരു കൂട്ടം ഞാനിന്ന് -ബാല്യകാലസഖി)
കന്നിരാവിന്‍ കളഭക്കിണ്ണം പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍...(നഗരമേ നന്ദി)
പൊന്തിവരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍ ചന്തമെഴും ചന്ദ്രിക തന്‍ ചന്ദന മണി മന്ദിരത്തില്‍...(പ്രാണസഖി ഞാന്‍ -പരീക്ഷ)
കുളികഴിഞ്ഞു കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ (മുള്‍ക്കിരീടം)
പാതിരാവായില്ല പൗര്‍ണ്ണമി കന്യക്ക് പതിനേഴോ പതിനെട്ടോ പ്രായം...(മനസ്വിനി)
വെണ്ണിലാവിനെന്തറിയാം വെറുതെ വെറുതെ ചിരിക്കാം...(ലക്ഷപ്രഭു)
മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന നാടന്‍ നവവധുവെന്നതു പോലെ നവമീ ചന്ദ്രിക നിന്നുടെ മുന്നില്‍ നവനീതദലം വാരിത്തൂകി...(സ്വര്‍ഗ്ഗഗായികേ- മൂലധനം)
മാനത്തെ കായലില്‍ മണപ്പുറത്തിന്നൊരു താമരക്കളിത്തോണി വന്നടുത്തു...(കള്ളിച്ചെല്ലമ്മ)
നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൗര്‍ണ്ണമിയേ...(മൂടല്‍മഞ്ഞ് )
മധുമാസ ചന്ദ്രനോട് സല്ലപിച്ചു മതിയാകാതെ ഭാസ്‌കരകവി ആകാശവീഥിയില്‍ മറഞ്ഞിട്ട് വര്‍ഷം പതിനാറ്. പക്ഷേ, ഭാസ്‌കരഗീതികളിലെ നിലാവിനിന്നും മധുരപ്പതിനേഴ് തന്നെ. എന്നും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു അത് നമ്മെ.
Content Highlights: P.Bhaskaran, Ravi Menon, Mathrubhumi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..