മഹാകവി പി കുഞ്ഞിരാമൻ നായർ
'കേശാദിപാദം കവിയായ്
കാഞ്ഞങ്ങാട്ട് പിറന്നവന്
അര്ദ്ധായുസ്സുവരെ പേരാ-
റ്റിങ്കല്‍ മുങ്ങികുളിച്ചവന്
കുഞ്ഞിരാമന് നായരെന്ന
വിശ്വവിസ്മയകാരകന്‍ '
എന്നാണ് അക്കിത്തം മഹാകവി പി.കുഞ്ഞിരാമന് നായരെ കവിതയില്‍ അടയാളപ്പെടുത്തിയത്. അതുപോലെ പഴയ തലമുറയിലെ കെ.കെ.രാജ മുതല്‍ പുതിയ തലമുറയിലെ ബിജു കാഞ്ഞങ്ങാട് വരെ നീണ്ട കവിപരമ്പരകളത്രയും കുഞ്ഞിരാമന് നായരെക്കുറിച്ച് കവിത എഴുതിയിട്ടുണ്ട്. വൈലോപ്പിള്ളിയുടെ വിഖ്യാതകവിതയായ 'മധുമക്ഷിക' ഉള്‍പ്പെടെയുള്ള കവിതകള്‍ ചേര്‍ത്ത് മാങ്ങാട് രത്നാകരന് 'മധുമക്ഷിക' എന്ന പേരില്‍ത്തന്നെ പി.യെക്കുറിച്ച് മലയാള കവികള്‍ എഴുതിയ കവിതകളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കുകയുണ്ടായി. ആറ്റൂരിന്റെ പി കവിതയായ 'മേഘരൂപന്‍' എന്ന പേരില്‍ ആയിരുന്നു അത് ആദ്യം പുറത്തിറങ്ങിയിരുന്നത്. മലയാളത്തിലെ വിവിധ കാവ്യധാരയിലുള്ള കവികളെയെല്ലാം സ്വാധീനിക്കാന്‍ കുഞ്ഞിരാമന്നായര്ക്കവിതകള്ക്കായിട്ടുണ്ട് എന്നതിന് ഇതിലെ കവിതകള്‍ തെളിവാണ്.
'പി' എന്ന അക്ഷരത്തെ പ്രകൃതി എന്നും പരിസ്ഥിതി എന്നും ഇംഗ്ലീഷില്‍ പോയറ്റ് എന്നുമെല്ലാം വിപുലീകരിക്കാം.
'പ്രകൃതീപിയൂഷം, പി,
ആത്മാവിന് കുളിര്‍പ്പച്ച'
എന്നാണ് കുഞ്ഞിരാമന് നായരെ എന്റെ 'പി' എന്ന കവിതയില്‍ ഞാന്‍ കാവ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്. മലയാള കവിതയില്‍ ഒരു നിത്യവസന്തമായി മഹാകവി.പി നിലനില്ക്കുന്നു. 1978 ലാണ് പി യുടെ മരണം. നാല് പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും പി ഇപ്പോഴും പുതിയ രൂപത്തിലും ഭാവത്തിലും അര്‍ത്ഥത്തിലും പ്രയോഗത്തിലും കാലത്തിന്റെ ആവശ്യമായി പുനര്‍ജനിച്ചുകൊണ്ടിരിക്കുകയാണ്. 'വാക്കുകളുടെ മഹാബലി ' എന്ന് കെ. ജി. എസ്സ്, പി.യെഅടയാളപ്പെടുത്തിയിട്ടുള്ളത് എത്രയോ അന്വര്‍ത്ഥമാണ്. 'സമസ്ത കേരളം. പി.ഒ 'എന്ന് പി.യെപ്പോലെ കവിതയ്ക്ക് വേണ്ടി അലഞ്ഞുനടന്ന കവി ഡി.വിനയചന്ദ്രന് നിര്‍വ്വചിച്ചതും മറ്റൊരു കാവ്യപരമാര്ത്ഥം. കേരളത്തിന്റെ വടക്കേയറ്റത്ത് കാസര്‍കോട് ജില്ലയില്‍ ജനിക്കുകയും ഒരു ജീവിതകാലം മുഴുവന്‍ കവിതയ്ക്ക് വേണ്ടി അലഞ്ഞുനടന്ന് തെക്കേയറ്റത്ത് തിരുവനന്തപുരത്ത് മരിക്കുകയും ചെയ്തു ജീവിതം കൊണ്ടുതന്നെ കേരളത്തെ കവിതയിലേക്ക് പരാഭാഷപ്പെടുത്തിയ മറ്റൊരു കവിയില്ല. കേരളത്തിന്റെ ഉത്സവങ്ങള്‍, കേരളത്തിന്റെ വൃക്ഷങ്ങള്‍,കേരളത്തിന്റെ പൂക്കള്‍, ഭൂപ്രകൃതി, സംസ്ക്കാരങ്ങള്‍,താളം ഇവയെല്ലാം ആ കവിതകളിലുണ്ട്. കുഞ്ചന്നമ്പ്യാര്ക്കവിതകളില് ആയിരുന്നു അതിനു മുന്‍പ് ഇതുപോലെ കേരളം ഇത്ര സര്ഗ്ഗനിബിഡമായി ഉണ്ടായിരുന്നത്. ഇന്ന് കേരളത്തില്‍ എന്തെല്ലാം ഗ്രാമനന്മകള്‍ നഷ്ടപ്പെടുന്നുവോ സംസ്കാരത്തിന്റെ എന്തെല്ലാം നല്ല വശങ്ങള് ഇല്ലാതായിക്കൊണ്ടിരിക്കുന്നുവോ, അതൊക്കെയും വീണ്ടെടുക്കണമെങ്കില്‍ കുഞ്ഞിരാമന്‍നായരുടെ കവിതയെ മനസ്സുതൊട്ട് ഒന്നു മറിച്ചുനോക്കിയാല്‍ മതി.
കേരളത്തിന്റെ ഭൂഹൃദയത്തിലൂടെ നിതാന്തമായ സത്യസൗന്ദര്യം തേടി അലഞ്ഞ ഒരു അവധൂതമഹാകവിയായിരുന്നു പി.
'അടുത്തടിവച്ചു തൊടുവാന്‍ നോക്കുമ്പോള്‍
അകലേക്കു പായും വെളിച്ചമേ നിന്നെ
ശരിക്കു സാത്വികക്കറുകയേകി ഞാന്‍
മെരുക്കുവാന്‍ നോക്കും മരിക്കുവോളവും '
ഇങ്ങനെ സത്യത്തിന്റെ വെളിച്ചം, സൗന്ദര്യത്തിന്റെ വെളിച്ചം,ലോകത്തിന്റെ വെളിച്ചം തേടിയുള്ള യാത്രയായിരുന്നു ആ മഹാകവിക്ക് കവിത.പിയുടെ ആത്മകഥകളുടെ പേര് തന്നെ നോക്കുക. 'കവിയുടെ കാല്‍പ്പാടുകള്‍ ', 'എന്നെത്തിരയുന്ന ഞാന്‍ ''നിത്യകന്യകയെത്തേടി'' ഇതിലൊക്കെ ഒരു തേടലും തിരയിലും നിരന്തരമായ സത്യാന്വേഷണയാത്രയുടെ കാല്പാടുകളുമുണ്ട്. കവിതയിലൂടെ അദ്ദേഹം തേടുന്നത്.
'ആകാശങ്ങളെയണ്ഡരാശികളൊടും ഭക്ഷിക്കുമാകാശമായ്
ഈ കാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഃഖീകരിക്കുന്നതാം
ഏകാന്തദ്വയശാന്തിഭൂവിനു
നമസ്കാരം നമസ്കാരമേ' എന്ന് പ്രരോദനത്തിന്റെ അന്ത്യത്തില്‍ മഹാകവി കുമാരനാശാന് ഒക്കെ കണ്ട ആ വലിയ പ്രകാശമാണ്.
'കളിയച്ഛന്'എന്ന വിഖ്യാത കവിതയില്‍
'ലോലപീതാംബരച്ചാര്‍ത്തുകള്‍ക്കപ്പുറം
പീലിമുടിവനമാലകള്‍ക്കപ്പുറം
പ്രീതിപ്പൊലിമതന്‍ പൊന്‍തിടമ്പാം മഹാ -
ജ്യോതിസ്സ്വരൂപനെക്കാണുന്നതില്ലയോ? 'എന്ന് ദര്‍ശിക്കുന്നുണ്ട്, പി.
അങ്ങനെ ഭൗതികപ്രകാശത്തെയൊക്കെ ഇരുട്ടാക്കിക്കളയുന്നത്ര ദീപ്തമായ മഹാപ്രകാശം, പ്രപഞ്ചത്തിന്റെ മുഴുവന്‍ പ്രകാശമാകുന്ന ശക്തിചൈതന്യം, ആ വലിയ പ്രകാശത്തിലേക്ക് ഉന്മുഖമായ ധ്യാനാത്മകമായ ഒരു കാവ്യസഞ്ചാരമായിരുന്നു പി യുടെ കാവ്യയാത്ര.
'ഏകാന്തവാസം കൈകൊണ്ട
ശാന്തമാം നീലമാമല
ഗണിക്കുന്നു ധ്യാനമൂകം
പ്രപഞ്ചത്തിന്റെ ജാതകം' എന്ന വരികള്‍ കുറച്ചൊന്നുമല്ല എന്നെ വിസ്മയിപ്പിച്ചത്.
ഞാന്‍ കോളേജില്‍ പഠിച്ചത് ജിയോളജി അഥവാ ഭൂവിജ്ഞാനീയമാണ്. ഇതില്‍ 'സ്ട്രാറ്റിഗ്രാഫി 'എന്ന ഒരു ഭാഗം പഠിക്കാനുണ്ട്. ഓരോ കാലങ്ങളിലും നിക്ഷേപിക്കപ്പെട്ട അവസാദങ്ങള്‍ കാലാന്തരത്തില്‍ ചൂടും മര്‍ദ്ദവുമേറ്റ് ശിലകളായി മാറുന്നു. അവയുടെ അടരുകളിലെ ഫോസിലുകള്‍ പരിശോധിച്ചാല്‍ ഓരോ ശിലാപടലത്തിന്റെയും കാലഗണന സാധ്യമാകുന്നു. 'സ്ട്രാറ്റിഗ്രാഫി 'യും 'പാലിയന്റോളജി 'യുമൊന്നും പഠിക്കാത്ത കുഞ്ഞിരാമന് നായര്‍ക്ക് പ്രപഞ്ചജാതകം ഗണിക്കുന്ന ഈ ശാസ്ത്രവിദ്യ എങ്ങനെ മനസ്സിലായി എന്നതാണല്ഭുതം. അതുപോലെ തന്നെയാണ് കുഞ്ഞിരാമന്‍നായരിലെ ഇക്കോളജിക്കല്‍ വീക്ഷണങ്ങളും എന്നെ അത്ഭുതപ്പെടുത്തുന്നു.
'കണികാണുക പൂമൊട്ടേ,
പരംജ്യോതിസ്വരൂപനെ
സ്വബോധമെന്ന കൈനീട്ടം
തരും വിശൈ്വകബാന്ധവന് '
ഈ ലോകത്തെ മുഴുവന്‍ സ്നേഹത്താല്‍ ബന്ധിച്ചിരിക്കുന്ന സൂര്യനെ ധ്യാനിച്ച് നില്‍ക്കുകയാണ് പൂമൊട്ട്. നേരത്തെ പര്‍വ്വതം പ്രപഞ്ചത്തിന്റെ ജാതകം ഗണിച്ചുകൊണ്ട് ധ്യാനിച്ചുനില്ക്കുന്ന മാതിരി, കവി പൂമൊട്ടിനോട് പറയുകയാണ്. അങ്ങനെ ധ്യാനിക്കുമ്പോള്‍ നിനക്ക് സ്വബോധം ഉണ്ടാകും. അപ്പോഴാണ് ഈ സൂര്യനില്ലെങ്കില്‍ ചെടിയില്ല എന്നും ചെടി ഇല്ലെങ്കില്‍ ഈ പൂക്കളില്ല എന്നും ഈ ജീവജാലങ്ങളൊന്നുമുണ്ടാവില്ല എന്നുമുള്ള ബോധം ഉണ്ടാവുന്നത്. ഇത്തരമൊരു പാരിസ്ഥിതികാവബോധം കവിതയിലൂടെ ബോധ്യപ്പെടുത്തി നിതാന്തമായ പ്രപഞ്ചസത്യത്തിന്റെ വെളിച്ചം ജന്മനാ കവിയായ കുഞ്ഞിരാമന്‍നായര്‍ നൈസര്‍ഗ്ഗികമായ കവിത്വത്തിലൂടെ നേടി എന്നുമാത്രമേ നമുക്ക് പറയാന്‍ പറ്റൂ. അതുതന്നെയാണ്
'മര്‍ത്ത്യനും മൃഗവുമീ വൃക്ഷവും നക്ഷത്രവും
പട്ടുനൂലൊന്നില്‍ കോര്‍ക്കപ്പെട്ടുള്ള മണികളാം
ക്ഷിപ്രമീ ചരാചര -
മൊന്നായിത്തളര്ന്നുപോം
ഇപ്രപഞ്ചത്തില്‍ ചോരഞരമ്പൊന്നറുക്കുകില്‍ '
എന്ന അവബോധത്തിലേക്ക് പി.യെ എത്തിക്കുന്നത്. ഒരു ചെടിയുടെ വേരറുക്കുമ്പോള്‍ അറ്റുപോകുന്നത് നമ്മുടെ തന്നെ അസ്ഥിത്വത്തിന്റെ വേരാണ് എന്ന ഒരു വലിയ ശാസ്ത്രീയ യുക്തിചിന്ത, ജൈവികതയാര്ന്ന കാവ്യപാഠം പകര്‍ന്നു തരികയാണ് പി.
ഇക്കോ പൊളിറ്റിക്കല്‍ ആയ പ്രപഞ്ച സൗന്ദര്യാത്മകതയുടെ പ്രവാചകനായിരുന്നു മഹാകവി.പി. മലയാളത്തിലെ കവിതയുടെ ശക്തിസൗന്ദര്യമായിരുന്നു ആ കവിതകള്‍.
'നീലവിണ്ടലമെന്നൊരൊറ്റ മേല്പ്പുരയുള്ള
വീടത്രേ ലോകം,
കെടാവിളക്കോ വിശ്വപ്രേമം'
എന്നതാണ് പി.യുടെ വിശ്വദര്‍ശനം. ഈ നീലാകാശം എന്ന കുടയ്ക്ക് കീഴിലുള്ള എല്ലാവരും ഏകോദര സഹോദരന്മാരെപോലെയാണ് അവിടെ ജാതിയോ മതമോ വര്‍ണ്ണമോ വര്‍ഗ്ഗമോ ഒന്നും അതിരില്ല. ദേശകാലസീമകളില്ല. അതിലുള്ള അചേതനാചേതന പ്രപഞ്ചസൃഷ്ടികളത്രയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രകൃതിപാഠം പകര്‍ന്നുതരികയാണ് പി.
അങ്ങനെ കേരളത്തിന്റെ നിറവും നിലാവും കവിതയുടെ സമസ്ത സൗന്ദര്യങ്ങളും കവിതയിലേക്ക് ആവാഹിച്ച് കവിതയെന്ന നിത്യകന്യകയെത്തേടി അദ്ദേഹം അലഞ്ഞു. ഇത് പലരും വ്യാഖ്യാനിച്ചത് കേവലമായ ഭൗതികമായ അര്‍ത്ഥതലങ്ങള്‍ ആണ്.
കുഞ്ഞിരാമന്‍നായരില്‍ ഒരേ സമയം ഒരു അലസനായ സഞ്ചാരിയും സൂക്ഷ്മദൃക്കായ ഒരു നിരീക്ഷകനും ഉള്ളതായി കാണാം. അന്ധര്‍ ആനയെക്കണ്ട പോലെ ആര്‍ക്കും ആ കവിത്വസഞ്ചാരത്തെ ശരിയായി മനസ്സിലായിട്ടില്ല
'അന്ധര്‍ നിന് തുമ്പിയോ കൊമ്പോ
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്കു കൊതി നിന് വാലിന്
രോമം കൊണ്ടൊരു മോതിരം '
എന്ന് ആറ്റൂര്‍ തന്റെ ' മേഘരൂപന്‍ 'എന്ന കവിതയില്‍ ആ മഹാകാവ്യവിസ്മയത്തിന് മുന്നില്‍ അത്ഭുതത്തോടെ നില്‍ക്കുന്നുണ്ട്.
പ്രപഞ്ചത്തിന്റെ സത്യസൗന്ദര്യ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയില്‍
'നമസ്കാരം ഭൂതധാത്രീ
തായേ,പോയി വരട്ടയോ
ഭൂഗോള മുറി തന് താക്കോല്‍
തിരിച്ചേല്‍പ്പിച്ചിടുന്നു ഞാന്‍ '
എന്നാണ്
പി ഒടുവില്‍ എഴുതുന്നത്...
'അമ്മ തന് നെഞ്ചില്നിസ്വാര്ത്ഥതപസ്സിന്റെ-
യാദ്യ പാഠത്തെക്കുറിക്കും വിരല്കളാല്
വിണ്ണിന്റെ താക്കോല്‍ മുറുകെപ്പിടിച്ചല്ലീ
വന്നിരിക്കുന്നതവര്തന് കിടാവഹോ!''
എന്ന് ബാലാമണിയമ്മ തന്റെ കവിതയില്‍ പറയുന്നതുപോലെ,
കുട്ടികള്‍ ജനിക്കുമ്പോള്‍ കൈ ചുരുട്ടിപ്പിടിച്ചാണ് കാണപ്പെടുന്നത്. അത് പ്രപഞ്ചരഹസ്യങ്ങള്‍ തുറന്നു നോക്കാനുള്ള ആദൃശ്യമായ താക്കോല്‍ ആ പിഞ്ചു കൈയ്യിലുള്ളതുകൊണ്ടാണ്. മഹാകവിക്ക് ആ താക്കോല്‍ കവിതയായിരുന്നു. സ്വന്തം കാവ്യകര്‍മ്മം നിറവേറ്റി ആ താക്കോല്‍ വരുംതലമുറയ്ക്കായി കവി തിരിച്ചേല്‍പ്പിച്ചു.അതുവരെ
'തരിക്കില്ല മനം തെല്ലും
പകയ്ക്കാരണഭൂമിയില്
മരിക്കും നിനക്കായി
മംഗളാദര്‍ശ ദേവതേ '
എന്ന് കവിതാദേവതയ്ക്കായി സ്വയം നരബലി നടത്തി.
അത്യന്തികമായി കവിതയ്ക്കുവേണ്ടി ഒരു ജീവിതം ബലികൊടുത്ത ആ മഹാകവിയുടെ സ്മരണയിലാണ് നാമിപ്പോള്‍.
'സൂക്ഷിച്ചു നോക്കൂ കവിതയല്ലാതെ
യെന്തുണ്ടു ഭൂമിയില്‍ '
എന്ന് തിരിച്ചറിഞ്ഞ കവി.
പ്രിയകവി സച്ചിദാനന്ദന് അദ്ദേഹത്തിന്റെ
'രണ്ടാംവരവ് 'എന്ന കവിതയില്‍
'ആരൊരാളാരൊരാള് പാടുന്നു തീരത്ത്
രാവു വളരുന്നതാദ്യമായ് കണ്ടവന്'
എന്ന് ക്രാന്തദര്‍ശിയായ പി യെ കുറിച്ച് പറയുന്നുണ്ട്. കവി എല്ലാം ഏറ്റവും ആദ്യം കാണുകയാണ്. വരുംകാലവിപത്തുകളെക്കുറിച്ച് നമ്മോട് വിളിച്ചു പറയുകയാണ്. അതുകൊണ്ടാണ് വനനശീകരണം കാണുമ്പോള്‍ 'നിര്‍ത്തുക വീരന്മാരേ,
വിപിനവധോത്സവം'
എന്ന് പി.കാവ്യപ്രതിരോധം തീര്‍ക്കുന്നത്.
'വന്നദങ്ങള് നാടിന്
ചോര ഞരമ്പുകള്‍ '
എന്ന് പുഴകളെ മലിനമാക്കുന്ന നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നത്.
അങ്ങനെ വര്‍ത്തമാനകാലത്തിന്റെയും ഭൂതകാലത്തിന്റെയും ഭാവിയുടെയും കവിയായി മാറുകയാണ് പി. കാലത്തിലൂടെ സഞ്ചരിച്ച ഈ കവി ഇനിയുമെത്രയോ തലമുറയിലൂടെ സഞ്ചരിക്കാനിരിക്കുന്നു. മലയാള കവിതയ്ക്ക് വിശ്വരൂപദര്‍ശനം നല്കിയ ഈ മഹാകവി നമുക്കു പറഞ്ഞുതന്ന പ്രപഞ്ചപാഠങ്ങളത്രയും ആ കവിതകളിലൂടെ വായിച്ചുമനസ്സിലാക്കുകയും അടുത്തറിയുകയും പുതിയതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുകയും മാത്രമേ നാം ചെയ്യേണ്ടതുള്ളൂ.
ആ മഹാകവിയുടെ നിത്യനൂതനകവിത്വത്തിനു മുന്നില്‍ അക്ഷരപ്രണാമം.
Content Highlights: Mahakavi P Kunhiraman Nair, Divakaran Vishnumangalam, Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..