അറിയാവഴികള്‍ വിളിക്കുമ്പോള്‍- ആലങ്കോട് ലീലാകൃഷ്ണന്‍


ആലങ്കോട് ലീലാകൃഷ്ണന്‍

പുറംനാട്ടുകാര്‍ക്ക്, അവരെത്ര സാഹസികരാണെങ്കില്‍പ്പോലും ആ വഴി വഴങ്ങിത്തരികയില്ല. വഴി അറിയാനും കഴിയില്ല.

ആലങ്കോട് ലീലാകൃഷ്ണൻ

ചിലവഴികളുണ്ട്, നിരന്തരം യാത്രയ്ക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നവ. അലഞ്ഞുനടന്ന കാലങ്ങളിൽ ഒരുദ്ദേശ്യവുമില്ലാതെ ചുറ്റിത്തിരിഞ്ഞവഴികളെല്ലാം അടച്ചിരിപ്പിന്റെ കാലങ്ങളിൽ പിൻവിളിവിളിച്ചുകൊണ്ടേയിരിക്കുന്നു. നാട്ടഴകുകളിലേക്കും നാട്ടറിവുനാനാർഥങ്ങളിലേക്കും വഴിനടത്തിയ ആ ഓർമകളിലേക്ക് തിരിഞ്ഞുനോക്കുന്നതും ഇപ്പോൾ ഒരു അതിജീവന ബലതന്ത്രമാവുന്നു.

കൊല്ലങ്കോട്ടുനിന്ന് സീതാർക്കുണ്ടിലേക്കുപോവാൻ ദുർഗമമായ ഒരുമലമ്പാതയുണ്ട്. തെന്മലയടിവാരത്തുനിന്ന് ചെങ്കുത്തായ പാറയിടുക്കുകളിലൂടെ കുത്തിയിഴഞ്ഞും ചെടിപ്പടർപ്പുകളിൽ അള്ളിപ്പിടിച്ചും കയറിപ്പോവേണ്ട ആ വഴി ഇവിടത്തെ ആദിവാസികൾക്കും ഗ്രാമീണർക്കും സുപരിചിതമായിരിക്കും. പുറംനാട്ടുകാർക്ക്, അവരെത്ര സാഹസികരാണെങ്കിൽപ്പോലും ആ വഴി വഴങ്ങിത്തരികയില്ല. വഴി അറിയാനും കഴിയില്ല. അങ്ങനെയൊരു വിഫലസാഹസത്തിനുപുറപ്പെട്ട് ഒരിക്കൽ ഉദ്ദേശ്യമൊന്നുമില്ലാത്ത ഒരലച്ചിലിൽ, വെങ്ങുനാടൻ താഴ്​വരയുടെ അനിശ്ചിതമായ ജ്ഞാനങ്ങളിലേക്കും കാലരഹിതമായ അനുഭവങ്ങളിലേക്കും സഞ്ചരിച്ചുപോയതോർക്കുന്നു.

പി. കുഞ്ഞിരാമൻ നായരുടെ വഴിയമ്പലങ്ങൾ തേടിയലയുന്ന കാലത്താണ്. എന്റെകൂടെ കഥാകൃത്തും നോവലിസ്റ്റുമായ പ്രിയസുഹൃത്ത് പി. സുരേന്ദ്രനുമുണ്ടായിരുന്നു. തെന്മലയടിവാരത്തോളം ആറേഴുനാഴികദൂരം നടന്നത് ഞങ്ങളറിഞ്ഞതേയില്ല. നീലമലയുടെ മടിയിൽക്കിടക്കുന്ന കിഴക്കൻ താഴ്വരയ്ക്ക് നിറഞ്ഞ യൗവനമായിരുന്നു. നാഴികകളോളം പരന്നുകിടന്ന, അറ്റംകാണാത്ത പാടങ്ങളുടെ പച്ചക്കടൽ. പ്രകൃതിയുടെ പ്രണയോത്സവത്തിന് മരതകക്കുട നിവർത്തി നിൽക്കുന്നതുപോലെ നിരനിരയായി കരിമ്പനകൾ, നിഗൂഢസൗന്ദര്യം ചൂണ്ടുന്ന മലമ്പാതകൾക്കരികെ വനകന്യക നീരാടാനിറങ്ങുന്ന താമരപ്പൊയ്കകൾ. ഈവഴിയാണല്ലോ കവിയുടെ നിത്യകന്യക ഒറ്റക്കാളവണ്ടിയിൽ തോഴികളാരുമില്ലാതെ, വനശ്രീയുടെ കാവിൽ നിറമാലതൊഴാൻപോയത്. വാടിയ ചെമ്പകപ്പൂവിന്റെ പരിമളമലിഞ്ഞുപോയ താഴ്വരക്കാറ്റിൽ പിന്നെയും പിന്നെയും കവിജന്മങ്ങൾ അവളെത്തേടിയലയാൻ വിധിക്കപ്പെട്ടു.

ചുറ്റും വെൺമേഘങ്ങൾ പാറുന്ന തെന്മല വടമലക്കോട്ടയിൽ, കാളവണ്ടികൾ ഉറക്കംതൂങ്ങിനീങ്ങുന്ന മലമ്പാതയിൽ, ശ്രീസമൃദ്ധികളുടെ കെടാവിളക്കണഞ്ഞുപോയ നാടുവാഴിക്കോവിലകങ്ങളിൽ, കാച്ചാംകുറുശ്ശി പെരുമ്മാളുടെ നിത്യനിസ്വതയിൽ, അന്തിപ്പോക്കുവെയിലിന്റെ സ്വർണമണിഞ്ഞുകിടന്ന പല്ലശ്ശനപ്പാതയിൽ, താമരപ്പൊയ്കകളുടെ കൺവക്കിൽ. പ്രാചീനനായ ഒരു നൊമേഡിന്റെ തീരാത്ത അലച്ചിലുകൾ.

പി.യെപ്പോലെ, ചങ്ങലപ്പാടില്ലാത്ത കാട്ടാനയുടെ മസ്തകംപോലെ, ദൂരെക്കണ്ട തെന്മലനിര, നടന്നടുക്കുംതോറും അകന്നകന്നുപോയി.

തെന്മലയ്ക്കുമുകളിൽ നെല്ലിയാമ്പതി വനമേഖലയാണ്. പാടഗിരി എന്ന നാഞ്ചിക്കോട്ട പാലക്കാട്ടുചുരത്തിന്റെ ദക്ഷിണപാർശ്വത്തിൽക്കിടക്കുന്ന ഏറ്റവും വലിയ കൊടുമുടിയാകുന്നു. മായാമുടി, വെള്ളാച്ചിമുടി, വലിയബാണമുടി, വാൾവെച്ചമല തുടങ്ങി വേറെയും ഗിരിശിഖരങ്ങളോടുചേർന്ന് നെല്ലിയാമ്പതി മലമടക്കുകൾ തെക്കുകിഴക്കോട്ടുനീണ്ടുചെന്ന് പറമ്പിക്കുളവുമായി സന്ധിക്കുന്നു.

വയൽ അവസാനിക്കുന്നിടത്തുനിന്ന് ചെറിയൊരു കാട്ടുപാതയിലൂടെ ദീർഘദൂരംനടന്നു. വഴിതീർന്നു. അടിവാരത്തുനിന്ന് മുകളിലേക്ക് ആളുകൾ നടന്നുകയറിയതിന്റെ കാല്പാടുകൾകണ്ടു. പാറയിടുക്കുവഴികളിലൂടെ ഞങ്ങൾ കുറച്ചുദൂരം മുകളിലേക്ക് കയറിപ്പോയി. പാറയുടെ പള്ളയിൽ നല്ലവഴുക്കലുണ്ടായിരുന്നു. കുറച്ചുദൂരം ചെന്നപ്പോൾ കാലടിപ്പാടുകളൊക്കെ കാടുവന്നുമൂടിയിരിക്കുന്നു. സുരേന്ദ്രൻ ഒരു പർവതാരോഹകന്റെ സാഹസികതയോടെ വഴിയടഞ്ഞ പാറക്കെട്ടുകളിലൂടെ, വഴുക്കലൊന്നും കൂട്ടാക്കാതെ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. ചെടിപ്പടർപ്പുകളിൽ അള്ളിപ്പിടിച്ച് പാറയിളുമ്പുകളിൽ നിന്നപ്പോൾ, പക്ഷേ, എന്റെ കാലുകൾ വല്ലാതെ വിറയ്ക്കാൻ തുടങ്ങി.

അപ്പോഴേക്കും ഭാഗ്യവശാൽ കരിചുട്ടെടുക്കാൻ വിറകുമായി മലയിറങ്ങിവന്ന ഒരു ഗ്രാമീണൻ ഉറക്കെ വിളിച്ചുപറഞ്ഞു: ''അങ്ങോട്ടുകേറല്ലേ. അതിലേ വഴിയില്ല അപകടമാണ്. കാട്ടുമൃഗങ്ങളുണ്ടാവും.'' പിടിവള്ളി കിട്ടിയ തക്കത്തിൽ ഞാൻ താഴേക്കിറങ്ങാൻ തുടങ്ങി.

സുരേന്ദ്രൻ വളരെ നിരാശനായിരുന്നു. ആ ഗ്രാമീണനോട് ശരിയായ വഴിചോദിച്ച് മല കയറണമെന്നുതന്നെയായിരുന്നു അവന്റെ ആഗ്രഹം. കയറിയിടത്തോളംവെച്ച് ആ സാഹസികയാത്ര അപകടമാവുമെന്നുകരുതി ഞാൻ നിർബന്ധിച്ച് പിന്തിരിപ്പിച്ചു.

വന്നവഴി തിരിച്ചുപോവേണ്ടെന്നും തൊണ്ണൂറുഡിഗ്രി ചെരിവിൽ കിഴക്കോട്ടുനടന്നാൽ പ്രധാന പാതയിലെത്താതിരിക്കില്ലെന്നും ചില ദിശാനിയമങ്ങൾ കണക്കുകൂട്ടി സുരേന്ദ്രൻ പറഞ്ഞു; പുതിയ കാഴ്ചകളെന്തെങ്കിലും കാണാതിരിക്കില്ലെന്നും. ഇത്തരം യാത്രകളിൽ എന്നെക്കാൾ പരിചയസമ്പന്നനായതുകൊണ്ട് അവന്റെ നിയമങ്ങളനുസരിക്കുകയേ എനിക്കുകരണീയമായിരുന്നുള്ളൂ.

അങ്ങിങ്ങുകണ്ട ചില കളപ്പുരകളൊഴിച്ചാൽ മനുഷ്യവാസത്തിന്റെ ലക്ഷണമൊന്നുമില്ലാതിരുന്ന വിജനമായ വയൽപ്പരപ്പിലൂടെ പിന്നെയും ഞങ്ങൾ ദീർഘദൂരം നടന്നു. കാറ്റും വെളിച്ചവും ശുദ്ധവും സ്വച്ഛവുമായിരുന്നു. അകലെ വെൺമേഘമാലകളെയും മറികടന്ന് ഉയർന്നുപോയ ശ്യാമരാശിപൂണ്ട തെന്മലയുടെ നെറുകയിൽനിന്ന് രജതമിന്നലുകൾപോലെ ജലപാതകൾ കുതിച്ചുചാടുന്നതിന്റെ വിസ്മയദൃശ്യങ്ങൾ കാണാമായിരുന്നു. ജലരൂപമാർന്ന സംഗീതം അന്തരീക്ഷത്തിൽ നേർത്തൊരു കളകളനാദം നിലനിർത്തി. യാത്രയിലറിഞ്ഞ ഒരു നാട്ടുപുരാവൃത്തം ഞാൻ കഥാകൃത്തായ സുരേന്ദ്രനോടുപറഞ്ഞു. തെന്മലക്കാടുകളിൽ പണ്ട് ദേശാടനത്തിനുപോയ ധർമവർമൻ എന്ന പ്രാചീന രാജാവിന്റെ കഥയായിരുന്നു അത്.

'നികുലപുരം' എന്ന രാജ്യം വാണിരുന്ന ധർമവർമൻ മാറാത്ത കുഷ്ഠരോഗം ബാധിച്ച് പത്നീസമേതനായി നാടുവിട്ടലയുകയായിരുന്നു. തെന്മലയിലെ സീതാർകുണ്ടിൽനിന്ന് ഉദ്ഭവിക്കുന്ന ഇക്ഷുമതി എന്ന ജലപാതത്തിൽ മുങ്ങിയപ്പോൾ ധർമവർമന്റെ കുഷ്ഠരോഗം സമ്പൂർണമായും ഭേദപ്പെട്ടു. മാത്രവുമല്ല, വനവാസത്തിനിടയിൽ അദ്ദേഹത്തിനൊരു കുഞ്ഞും പിറന്നു. ഹേമാംഗൻ എന്ന ആ കുഞ്ഞുമായി മടങ്ങിപ്പോവുമ്പോൾ കുഞ്ഞിനെ, പുഴയിൽവീണ് കാണാതായി. പുഴയിൽനിന്ന് ഒരു കൊല്ലൻ കുഞ്ഞിനെ കണ്ടെടുത്തുവളർത്തി.

പിന്നീടവൻ വെങ്ങുനാട്ടുപ്രദേശത്തിന്റെ മുഴുവൻ നാടുവാഴിയായെന്നും തന്നെ എടുത്തുവളർത്തിയ കൊല്ലന്റെ സ്മരണയ്ക്കായി തന്റെ നാടിന് 'കൊല്ലങ്കോടെ'ന്ന് പേരിട്ടുവെന്നും ആ ദേശപുരാവൃത്തം നീളുന്നു.

കഥപറഞ്ഞു നടന്നുനടന്ന് ഞങ്ങൾ കയറിച്ചെന്നത് വിശാലമായ ഒരു കാട്ടുചിറയുടെ കരയിലേക്കായിരുന്നു. അത്യന്തം യാദൃച്ഛികമെങ്കിലും വിസ്മയകരവും ഹൃദ്യവുമായ ഒരു കാഴ്ചയായിരുന്നു അത്. ചുറ്റും വളർന്നുമൂടിയ ഇടതൂർന്ന പച്ചവള്ളിപ്പടർപ്പുകൾക്കിടയിൽനിന്ന് കാടെവിടെ അവസാനിക്കുന്നു, ജലമെവിടെത്തുടങ്ങുന്നു എന്നറിയാത്തവിധം വളരെ വിസ്താരത്തിൽ ആ വനതടാകം പരന്നുകിടക്കുകയായിരുന്നു. മരതകക്കല്ലുകെട്ടിയ ഒരിന്ദ്രനീലക്കല്ലുപോലെ.

'ഇലവീഴാപൂഞ്ചിറ' -സുരേന്ദ്രൻ പറഞ്ഞു.

അല്ല ചിങ്ങൻചിറ ഞാൻ തിരുത്തി. ജലത്തിൽ ചിത്രലിപികളെഴുതിക്കൊണ്ട് ഒരു നീർക്കോലി ഞങ്ങൾക്കുമുന്നിലെ കൈതപ്പൊന്തയിൽവന്ന് തലയുയർത്തിനോക്കി. അനേകം വർണശലഭങ്ങൾ വള്ളിപ്പടർപ്പുകളിൽനിന്ന് ഒരുമിച്ച് പറന്നുപൊങ്ങി. പ്രകൃതിയുടെ ജൈവവാങ്മയംപോലെ ആ ജലകാവ്യം 'വനശ്രീ'കൾ മുഖംനോക്കുന്ന വാൽക്കണ്ണാടി'യായിക്കിടന്നു.

ചിറയോടുചേർന്ന് പേരാലുകൾ വളർന്നുമൂടിയ ഒരു കാവായിരുന്നു. മാതൃവൃക്ഷത്തിന്റെ മേൽപ്പടർപ്പിൽനിന്ന് മണ്ണിലേക്ക് തൂങ്ങിയിറങ്ങിയ വേരുകളെല്ലാം കൂറ്റൻ പേരാൽ വൃക്ഷങ്ങളായി വളർന്നുപടർന്ന് ഒട്ടേറെ നൂറ്റാണ്ടുകൾകൊണ്ട് രൂപംപൂണ്ട വിസ്തൃതമായ ഒരു കാവായിരുന്നു അത്. മരതകപ്പച്ച വീശുന്ന മറ്റൊരു മഹാകാശംപോലെ ആലിലച്ചാർത്തിന്റെ പരന്ന മേൽക്കൂര മുകളിൽ പീലിവിരിച്ചുനിന്നു.

സീതാർകുണ്ട് തടാകത്തിലേക്ക് പോവാൻ കഴിയാത്തതിൽ അപ്പോഴും ദുഃഖിതനായിരുന്നു സുരേന്ദ്രൻ. ഞാൻ ചോദിച്ചു: ''നാട്ടുകാർ അപകടമെന്ന് വിലക്കിയ വഴിയിലൂടെങ്ങനെ പോവും?''

''അപകടങ്ങളിലൂടെയും അനിശ്ചിതത്വങ്ങളിലൂടെയുമുള്ള യാത്രയാണ് യഥാർഥ യാത്ര''

-സുരേന്ദ്രൻ ഒരു ജ്ഞാനിയെപ്പോലെ പ്രതിവചിച്ചു. അപ്പോൾ പേരാലിന്റെ ചെരിഞ്ഞ ഒരു ശയ്യയിൽ ചാരിയിരിക്കുന്ന ഒരു വൃദ്ധ സന്ന്യാസിയെ കണ്ടു.

സീതാർകുണ്ടിലേക്ക് പോവാൻകഴിയാതെ വന്ന കഥ ഞാനദ്ദേഹത്തോടുപറഞ്ഞു.

''സമയമായിട്ടില്ല. സീതാർകുണ്ടല്ല, സീതയാർകുണ്ട് ആണ്. വനവാസക്കാലത്ത് സീത കുളിച്ച തീർഥം''

ആ ഐതിഹ്യം എനിക്ക് പുതിയതായിരുന്നു. വയനാട്ടിൽ സീതയുടെ കണ്ണുനീർവീണുണ്ടായ തീർഥത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. പ്രകൃതിയും വനവും വഴിയുമൊക്കെയായി ബന്ധപ്പെട്ട് രാമായണകഥ ഭാരതമാകെ പടർന്നുകടക്കുന്നു എന്നുഞാൻ പറഞ്ഞു. അപ്പോൾ മഹാഭാരതവുമായി ബന്ധപ്പെട്ട ഐതിഹ്യസ്ഥലങ്ങളെക്കുറിച്ചായി സന്ന്യാസിയുടെ കഥാകഥനം.

''പഞ്ചപാണ്ഡവർ പിതൃബലിയിട്ട ഐവർമഠത്തിലേക്ക് യാത്ര. പിതൃകടംവീട്ടാൻ''
'പൂർവാശ്രമങ്ങൾ വെടിഞ്ഞ സർവസംഗപരിത്യാഗിക്കെന്തിനാണ് പിതൃബലി?''-ഞാൻ ചോദിച്ചു.

''സന്ന്യാസത്തിന്റെ പാപം'' -അദ്ദേഹം ചിരിച്ചു.

''ജരൽക്കാരുവിന്റെ കഥ കേട്ടിട്ടില്ലേ?'' പോകുന്നിടത്തൊക്കെ പിതൃക്കൾ ഗതികിട്ടാതെ പേരുവിളിച്ചുകരയുന്നു. ഒരു ദർഭപ്പുൽത്തലപ്പിൽ, അഗാധ തമോഗർത്തത്തിന്റെ വക്കിൽ പിതൃപരമ്പരകൾ തൂങ്ങിക്കിടക്കുകയാണ്. പുല്ലിന്റെ കടയോ എലികൾ കരണ്ടുകൊണ്ടുമിരിക്കുന്നു. ഗൃഹസ്ഥാശ്രമം സ്വീകരിക്കാതെ വാനപ്രസ്ഥം വരിച്ചവന്റെ ശാപം''

പിന്നീട് അദ്ദേഹം അധ്യാത്മരാമായണത്തിലെ വരികൾ ഉറക്കെച്ചൊല്ലി:

'പുംനാമമാകും നരകത്തിൽനിന്നുടൻ
തന്നുടെ താതനെ ത്രാണനം ചെയ്കയാൽ
പുത്രനെന്നുള്ള ശബ്ദം വിധിച്ചൂശത-
പത്രസമുദ്ഭവനെന്നുമറിക നീ''

സന്ന്യാസിയുടെ പിടിയിൽനിന്ന് എത്രയും വേഗം രക്ഷപ്പെട്ടുകൊള്ളാൻ സുരേന്ദ്രൻ കണ്ണിട്ടുകാണിച്ചു. ആ അവിചാരിതജ്ഞാനത്തിൽനിന്ന് ഞാൻ യാത്രപറഞ്ഞുപോന്നു. ചിന്നൻചിറയിൽനിന്ന് പിന്നെയും കുറെ ദൂരം നടന്ന് ഞങ്ങൾ പ്രധാനപാതയിലെത്തി. പിന്നെ കൊല്ലങ്കോടും.

അനിശ്ചിതവും യാദൃച്ഛികവും അന്യഥാനിരാധാരവുമായ അത്തരം അലച്ചിലുകൾ അന്ന് ധാരാളം അനുഭവങ്ങൾ തന്നിരുന്നു. അതെല്ലാം ഓർമകൾമാത്രമായി. സീതാർകുണ്ടിലേക്കുള്ള അറിയാവഴികളിൽ മുടങ്ങിപ്പോയ ആ യാത്ര കഴിഞ്ഞിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടു. പിന്നീടൊരിക്കലും സീതാർകുണ്ടിലെത്താൻ കഴഞ്ഞില്ല. ഇപ്പോൾ ധാരാളംപേർ അവിടെ പോവുന്നുണ്ട്. എന്നിട്ടും സമയമായിട്ടില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022

Most Commented