തോമസ് ഐസക്| ഫോട്ടോ: മാതൃഭൂമി
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ പ്രസംഗത്തിലുടനീളം കവിതകള്‍ ചൊല്ലിക്കൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ ഇത്തവണ ആ കവിതകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കേരളത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളായ കുഞ്ഞുകവികളുടെ കവിതകള്‍ മാത്രമാണ് ധനമന്ത്രി ഇത്തവണ ചൊല്ലിയത്. കൊറോണ, ലോക്ക്ഡൗണ്‍, അതിജീവനം, പരിസ്ഥിതി തുടങ്ങിയ വിഷയത്തില്‍ മലയാളത്തിലെ കുഞ്ഞു കവികള്‍ കുറിച്ച കവിതകള്‍ ധനമന്ത്രി ചൊല്ലി. ആ കവിതകളില്‍ ചിലത് വായിക്കാം.
നേരം പുലരുകയും
സൂര്യന് സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും...
കെ.സ്നേഹ, പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി
യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയഗാഥകള്‍ ചരിത്രമായി വാഴ്ത്തിടും
ആര്.എസ്. കാര്‍ത്തിക, തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ് എച്ച്എസ്എസ്
ഒരു പ്രോട്ടീന്‍ പാളിയ്ക്കുള്ളില്‍ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോള്‍
തോറ്റുപോകാതിരിക്കാന്‍ കൂടി
ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങള്‍ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളില്‍ എഴുതിപ്പഠിച്ചിരിക്കുന്നു...
കെ.എച്ച്. അളകനന്ദ, വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി
എത്ര താഴ്ചകള്‍ കണ്ടവര്‍ നമ്മള്
എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്
എത്ര തീയിലമര്‍ന്നവര്‍ നമ്മള്
ഉയര്‍ത്തെണീക്കാനായി ജനിച്ചവര്‍ നമ്മള്
മരിക്കിലും തോല്‍ക്കില്ല നമ്മള്
എസ്.എസ്. ജാക്സന്, തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസ്
വീട്ടമ്മമാരുടെ ജീവിതം കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അരുന്ധതി ജയകുമാര്‍ ഇങ്ങനെ വരച്ചിടുന്നു...
എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ
നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രം പോലെ
അവളുടെ ജീവിതം
അലക്കിത്തേച്ചുവച്ച തുണികള്‍ക്കിടയില്‍
കഴുകിയടുക്കിവച്ച പാത്രങ്ങള്‍ക്കിടയില്‍
തുടച്ചുമിനുക്കിവച്ച മാര്‍ബിള്‍ തറയില്‍
ഇരുട്ടാണു ചുറ്റിലും
മാഹാമാരി തീര്‍ത്തൊരു കൂരിരുട്ട്
കൊളുത്തണം നമുക്ക്
കരുതലിന്റെ ഒരു തിരിവെട്ടം.
ഇനാര അലി, കണ്ണൂര്‍ പാച്ചേനി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരി
ഇനിയും വരും വസന്തങ്ങളും
ഇല കൊഴിയും ശിശിരങ്ങളും
ശരത്കാല വൃഷ്ടിയും പേമാരിയും
തോല്‍ക്കാതെ ഇനിയും നാം പടപൊരുതും
മന്ദമാരുതന് തൊട്ടുതലോടും
നെല്‍പ്പാടങ്ങള്‍ കതിരണിയും
ഒന്നിച്ചൊന്നായി മുന്നോട്ടെങ്കില്‍
എല്ലാമിനിയും തിരികെവരും
അലക്സ് റോബിന് റോയ്, കൊല്ലം കോയിക്കല്‍ ഗവ. എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസുകാരന്
കറുത്ത മേഘങ്ങളെ തള്ളിമാറ്റി
വേദനയേറും ദിനരാത്രങ്ങള്‍
തുഴഞ്ഞു നീക്കി
നഖവും കൊക്കും പതംവരുത്തി
ഉന്നതങ്ങളില്‍ പറന്നുയരും
പക്ഷി ശ്രേഷ്ഠനാം ഗരുഡനെപ്പോലെ
നമുക്കുമുയരാം പുതു പ്രഭാതത്തിനായി
പറന്നു പറന്നു പറന്നുയരാം...
ദേവനന്ദ, മലപ്പുറം മലഞ്ചേരി ജിയുപിഎസിലെ ഏഴാം ക്ലാസുകാരി
ഒരു മത്സ്യവും കടലിനെ
മുറിവേല്‍പ്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകള്‍ ആഴ്ത്തുന്നില്ല
ഒരു ഭാരവും ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ ചുംബിക്കുന്നത്.
എന്നിട്ടും മനുഷ്യന് മാത്രം
ഭൂമിയെ ഇങ്ങനെ നശിപ്പിക്കുന്നു.
അഫ്റ മറിയം, ലപ്പുറം കരിങ്കപ്പാറ ജിയുപിഎസിലെ ഏഴാം ക്ലാസുകാരി
മെല്ലെയെന്‍ സ്വപ്നങ്ങള്‍ക്ക്
ചിറകുകള് മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി
കെ.പി.അമല്‍, ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ്
Content Highlights: poems, Thomas Isaac, budget presentation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..