പി.കെ പാറക്കടവ്| ഫോട്ടോ: കെ.കെ സന്തോഷ്, മാതൃഭൂമി
കഥകള്‍ കഥാകാരന്റെ ഭാവനകളോ ജീവിതാനുഭവങ്ങളോ ആണ്. എന്നാല്‍ ചിലപ്പോളത് പ്രവചനങ്ങളുമാകുന്നു. കഥാകാരന് പ്രവാചകനാകുന്ന അനുഭവങ്ങള്‍ മലയാളി സമീപകാലത്ത് പലതവണ കണ്ടു. എൻ.എസ്. മാധവന്റെ ചൂത്, അംബികാസുതൽ മാങ്ങാടിന്റെ പ്രാണവായു... കാലത്തിന് മുന്നേ നടന്നു ഈ കഥകൾ. അവ വരാനിരിക്കുന്ന കാലം പ്രവചിച്ചു. അമ്പരപ്പിക്കുന്ന ഇത്തരം പ്രവചനാത്മകതകളിലേക്ക് എഴുത്തുകാരന് എത്തുന്നത് എങ്ങനെയാണ്. പ്രവചനങ്ങള്‍ നടത്താന്‍ എഴുത്തുകാര്‍ ആഗ്രഹിക്കുന്നുണ്ടോ. പി.കെ പാറക്കടവ് സംസാരിക്കുന്നു..
ഒരു കാലടിയൊച്ച .
പിന്നെ ഒരലര്‍ച്ച പോലെ
കോളിംഗ് ബെല്ലിന്റെ ശബ്ദം.
വാതില്‍പ്പാളി തുറന്നു നോക്കിയപ്പോള്‍ അയാള്‍തന്നെ.
കടലാസ് നീട്ടി അയാള്‍ പറഞ്ഞു:
' നിങ്ങള്‍ ശ്വസിച്ച വായുവിന്റെ ബില്ല് '
എന്റെ വരദാനം എന്ന കഥയിലെ വരികളാണിത്. വളരെ ചെറിയൊരു കഥ. മൂന്ന് പതിറ്റാണ്ട് മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 1993 ല്‍ മള്‍ബറി പ്രസിദ്ധീകരിച്ച മൗനത്തിന്റെ നിലവിളി എന്ന കഥാസമാഹാരത്തിലാണ് ഇക്കഥയുള്ളത്. അതിനും ഒരു വര്‍ഷം മുന്‍പ് കേരള കൗമുദി സണ്‍ഡേ സപ്ലിമെന്റിലാണ് ഈ കഥ അച്ചടിച്ച് വന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ പലയിടങ്ങളിലും ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ മരിച്ച് വീണപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഇക്കഥ എന്നെ ഓര്‍മ്മിപ്പിച്ചത് പുതിയ തലമുറയിലെ എഴുത്തുകാരനായ വി. ദിലീപ് ആയിരുന്നു. ദിലീപിന്റെ ഫോണ്‍ വന്നു ഒരു ദിവസം. ശ്വസിച്ച വായുവിന്റെ ബില്ല് അടച്ച ഒരു കഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിങ്ങള്‍ എഴുതിയിട്ടില്ലേ എന്ന് ചോദിച്ച്. ആ കഥ മള്‍ബറി പ്രസിദ്ധീകരിച്ച മൗനത്തിന്റെ നിലവിളി എന്ന കഥാസമാഹാരത്തില്‍ വന്നിട്ട് അപ്പേഴേക്കും 28 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.

അന്നൊന്നും ആളുകള്‍ ഈ ജീവശ്വാസത്തിന് വരി നില്‍ക്കുന്നത് ആരുടെയും വന്യമായ ദുസ്വപ്നങ്ങളില്‍ പോലും വന്നിരുന്നില്ല. പക്ഷെ കുറച്ച് മുന്‍പ് ഡല്‍ഹിയില്‍ ഓക്സിജന്‍ പാര്‍ലര്‍ തുറന്ന വാര്‍ത്ത കേട്ടപ്പോള്‍ ഈ കഥയെ കുറിച്ച് ഞാന്‍ വീണ്ടും ഓര്‍ത്തു. ഇത്തരം കഥകള്‍ ഒരിക്കലും യാഥാര്ഥ്യമാവരുത് എന്ന പ്രാര്ഥനയോട് കൂടിയാണ് അവ എഴുതിയിരുന്നത്. ശ്വസിച്ച വായുവിന്റെ പണത്തിനായി വാതിലില്‍ മുട്ടുകേള്ക്കുന്ന കാലം ഒരിക്കലും ഉണ്ടാവില്ല എന്നു തന്നെയായിരുന്നു ഞാന്‍ കരുതിയിരുന്നതും.
പുഴകള്‍ മുഴുവന്‍ വിറ്റുതിര്ന്നപ്പോള് മന്ത്രി
ആലോചിച്ചു:
ഇനിയെന്തു വില്‍ക്കും?
മഴവിറ്റാലോ ?
അടുത്ത കൊല്ലത്തെ മഴ മുഴുവന്‍ അമേരിക്കക്ക് പാട്ടത്തിന് കൊടുക്കാം.
സായിപ്പ് വന്ന് ചാഞ്ഞും ചെരിഞ്ഞും മഴ മേഘങ്ങളെ നോക്കി കേരളത്തില്‍ ഒരു കൊല്ലം പെയ്യുന്ന മഴ ഒന്നാകെ പാട്ടത്തിനെടുത്തു.
നാട്ടാരോട് മന്ത്രി പറഞ്ഞു:
'നിങ്ങള്‍ക്ക് വൈകുന്നേരം ടി.വി.തുറന്ന് കുടുംബസമേതം സീരിയലുകള്‍ കാണുക.
എന്നിട്ട് കഴിയുന്നത്ര കണ്ണീരൊഴുക്കുക. അത് പാഴാക്കാതെ പാത്ര ങ്ങളില്‍ ശേഖരിക്കുക.
കുടിക്കാനും കുളിക്കാനും അത് മതി
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ വില്‍പ്പന എന്ന എന്റെ മറ്റൊരു കഥയാണിത്. സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരാളെ സംബന്ധിച്ചെടുത്തോളം ഈ കഥ ഭാവനയോ ഫാന്റസിയോ അല്ല. മുന്‍പും എന്റെ കഥകളിലെ ഇത്തരം പ്രവചനാത്മകത സുഹൃത്തുക്കളും വായനക്കാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ എഴുതുമ്പോള്‍ ഗബ്രിയേല്‍ മാലാഖ എന്റെ കൂടെ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ പറയാറ്. എന്റെ ആശങ്കകളും സങ്കടങ്ങളുമാണ് കൂടുതലും എന്റെ എഴുത്തില്‍ കടന്നുവരാറുള്ളത്. അതുകൊണ്ട് തന്നെ അവയൊന്നും യാഥാര്ഥ്യമാവരുതെന്ന പ്രാര്‍ഥനയാണ് എപ്പോഴും ഞാന്‍ ഉരുവിടാറുള്ളത്.
Content Highlights: PK Parakkadavu, stories and life
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..