'ആഹ്‌ളാദമാണ് മിസ്സിസ് മല്ലാര്‍ഡിന്റെ മരണകാരണം'; കേറ്റ് ഷോപാന്‌ മാത്രം സാധിക്കുന്ന പാത്രസൃഷ്ടി!


പി.കെ ഭാഗ്യലക്ഷ്മി

ഡോക്ടര്‍മാര്‍ വിധിയെഴുതി. ''ആഹ്‌ളാദമാണ് മിസ്സിസ് മല്ലാര്‍ഡിന്റെ മരണകാരണം.'' വിവാഹം കുടുംബസ്ഥാപനത്തിലേക്കെത്തിക്കുന്ന സ്ത്രീയുടെ സ്വതന്ത്രയാകാനുള്ള ശക്തമായ അഭിവാഞ്ചയാണ് ഈ ഒരു മണിക്കൂര്‍ കഥയിലെ കഥാതന്തു.

കേറ്റ് ചോപിൻ

''The voice of the sea speaks to the soul. The touch of the sea is sensuous, enfolding the body in its soft, close embrace.'- Kate Chopin

റ്റമില്ലാതെ, അതിരില്ലാതെ പരന്നുകിടക്കുന്ന കടലിന്റെ ശബ്ദം മാസ്മരികമായതെന്തോ അവളോട് പറഞ്ഞു. അവൾ പതുക്കെ, തന്റെ വസ്ത്ര ങ്ങളടക്കം എല്ലാ കെട്ടുപാടുകളും വലിച്ചെറിഞ്ഞ് സാവധാനം തിരകളിലേക്കിറങ്ങി. ഏല്ലാം തിളങ്ങിനിൽക്കുന്നുണ്ടായിരുന്നു. തിരകളിൽ നിന്ന് തിരകളിലേക്ക്....അവളുടെ പരിപൂർണ്ണനഗ്നത കാറ്റും കടലും സൂര്യനും കിരണങ്ങളും ഏറ്റെടുത്തു. കാലങ്ങളായി അവൾ തലയിട്ട ടിച്ചുകൊണ്ടിരിക്കുന്നത്, ഈ സ്വാസ്ഥ്യം അനുഭവിക്കുന്നതിനുവേണ്ടിയായിരുന്നു. അതിന്റെ അലച്ചിലായിരുന്നു ഇതുവരെ. ആർക്കാണവളെ തിരിച്ചറിയാൻ കഴിഞ്ഞത്. ഒരു പുരുഷനുമതറിയാനായില്ല. മറ്റൊരാൾക്കുമതിനായില്ല. തിരകൾ അവളോട മന്ത്രിച്ചു-'നീയും ഞാനും ഒന്ന്.' ജലത്തുള്ളികൾ അവളുടെ ആത്മാവിനെ തൊട്ടു. അവൾ ഒഴുകി തിരയോട് ചേർന്നു. ''ദ എവേക്കനിങ്ങ്'' എന്ന കേറ്റ് ഷോപാന്റെ ലോകക്ലാസ്സിക്കുകളിൽ വളരെ പ്രമുഖസ്ഥാനമുള്ള കൃതിയിൽ ഒരു സ്ത്രീയുടെ സ്വത്വബോധത്തിന്റെ യഥാർത്ഥ പ്രകാശനം കാണാം.

''ഒരു സെക്കന്റ് കൊണ്ട് സ്വയം തിരിച്ചറിവിലേക്കെത്തുന്നവരുണ്ടാകാം. ഒരു മണിക്കൂറിന്നുള്ളിലാവും അതു സംഭവിക്കുക. ചിലപ്പോൾ മാസങ്ങൾകൊണ്ടോ സംവത്സരങ്ങൾകൊണ്ടോ അതു സംഭവിക്കാം. ഒരു ജീവിതത്തിലൊരിക്കലും സ്വയം തിരിച്ചറിയപ്പെടാതെ മണ്ണോട് ചേരുന്നവരുമുണ്ടാകാം.''

കേറ്റ് ഷോപാന്റെ ക്ലാസ്സിക്ക് പദവിയിലേക്കുയർന്ന ചെറുകഥയാണ് 'ദ സ്റ്റോറി ഓഫ് ഏൻ അവർ, ഒരു മണിക്കൂറിന്നുള്ളിൽ മാന്ത്രികമായെന്നോണം, ഒരു സ്ത്രീയുടെ മനസ്സ് അവരറിയാതെ രൂപാന്തരീഭവിക്കുകയും 'ഐറണി'യിലൂടെ വായനക്കാരെ ഒരു നിമിഷം
കബളിപ്പിക്കുകയാണോ എന്ന് തോന്നിപ്പിക്കുംവിധം കഥ അവസാനിപ്പിക്കുകയും ചെയ്യുന്നു. ധാരാളം ഫിക്ഷൻ ഷോർട്ട് ഫിലിമുകൾ ഈ ചെറുകഥയെ അവലംബിച്ച് പുറത്തിറങ്ങി. അതോടൊപ്പം ഓഡിയോകളും പ്രശസ്തമായി.

മിസ്റ്റർ മല്ലാർഡ് റെയിൽറോഡ് അപകടത്തിൽ മരണപ്പെട്ടുപോയി എന്ന ഞെട്ടിക്കുന്ന വാർത്ത ജോസഫൈൻ തന്റെ ചേച്ചി, മിസ്സിസ് മല്ലാർഡിനെ അറിയിക്കുന്നത് പതുക്കെ, വാക്കുകൾ മുറിച്ചു മുറിച്ചുകൊണ്ടായിരുന്നു. മിസ്റ്റർ മല്ലാർഡിന്റെ സുഹൃത്തായിരുന്നു ആ പത്രവാർത്ത അവളെ അറിയിച്ചത്. കേട്ട മാത്രയിൽ തന്നെ പൊട്ടിക്കരഞ്ഞു കൊണ്ട് മിസ്സിസ് മല്ലാർഡ് മുകളിലത്തെ നിലയിലുള്ള തന്റെ മുറിയിലേക്ക് ഓടിക്കയറി വാതിലടച്ചു. മുറിക്കുള്ളിൽ നിന്ന് അവർ നിസ്സഹായയായി പൊട്ടിക്കരഞ്ഞുകൊണ്ടിരിക്കെ പതുക്കെ തുറന്നിട്ട ജനാലകൾക്ക് പുറത്തെ, തെളിഞ്ഞ ആകാശം, അവളുടെ കാഴ്ചയിൽ തെളിഞ്ഞു. മരങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ഇളംകാറ്റും മഴയിൽ കുതിർന്ന മണ്ണിന്റെ മണവും പൂക്കളുടെ സുഗന്ധവും കിളികളുടെ ശബ്ദവും തിളങ്ങുന്ന സൂരൃകിരണങ്ങളും ആകാശത്തിന്റെ ഇളംനീലത്തുണ്ടുകളും അവളിലേക്ക്, ഏതോ മാസ്മരികമായ അനുഭൂതി വന്നു നിറക്കുന്നതായി അവളറിഞ്ഞു. അവളുടെ ഉള്ളിൽ എന്തോ ഒന്ന് സംഭവിക്കുന്നതായി ഉത്സാഹത്തോടെ എന്തോ വന്ന് നിറയുന്നതായി അവൾ അനുഭവിച്ചറിഞ്ഞു. അറിയാതെ അവളിൽ പുഞ്ചിരി വിടർന്നു. പാതി തുറന്ന ചുണ്ടുകൾക്കിടയിലൂടെ അവൾ ഉരുവിട്ടു. സ്വാതന്ത്ര്യം.. സ്വാതന്ത്ര്യം... സ്വാതന്ത്ര്യം... ഏതോ ഒരനുഭൂതി, ഇതുവരെയറിയാത്ത ഒന്ന് അവളറിയുകയായിരുന്നു. ആഹ്ലാദവതിയായ അവളിൽ സന്തോഷം നിറഞ്ഞുയർന്നു. ഒരേ സമയം ഭാര്യ എന്ന നിലയിൽ സങ്കടപ്പെടുകയും എന്നാൽ അതിനുമീതെ അവളുടെ ഉള്ളിൽ നിന്നും പൊന്തിയുയർന്ന ആഹ്ലാദം പൂക്കളിൽ തേൻ നിറയുമ്പോലെ വന്നുനിറയുകയും ചെയ്തു.

സ്വയം ഒരു ഫെമിനിസ്റ്റാണെന്ന് കരുതിയല്ല കേറ്റ് എഴുതിത്തുടങ്ങിയത്. പക്ഷേ, ആ എഴുത്തിലെ പ്രമേയങ്ങൾ, സ്ത്രീപ്രശ്നങ്ങൾക്കുനേരെ ശക്തമായ ആയുധമായി. ഇരുപതാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റ് എഴുത്തുകാരികളുടെ മുൻഗാമിയായി അവർ അറിയപ്പെട്ടു. തന്റെ നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ലോകം മുഴുവൻ അറിയപ്പെട്ട ഷോപാൻ 1850-ൽ ലൂസിയാനയിലാണ് ജനിച്ചത്. 1890 മുതലാണ് കേറ്റ് തുടർച്ചയായി മാഗസിനുകളിൽ എഴുതിത്തുടങ്ങിയത്. പരമ്പരാഗതമായ സ്ത്രീജീവിതങ്ങളുടെ അസ്വാതന്ത്ര്യങ്ങൾക്കെതിരെ, ഒളിഞ്ഞിരിക്കുന്ന ഐറണികളിലൂടെയുള്ള ശക്തമായ സന്ദേശങ്ങൾ അവരുടെ എഴുത്തുകളുടെ സവിശേഷതയാണ്. നൂറോളം ചെറുകഥകളിലും പ്രധാന നോവലുകളിലുമെല്ലാം സ്ത്രീയുടെ അവകാശങ്ങൾ, സ്വത്വപ്രശ്നങ്ങൾ, സ്വാതന്ത്യത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശം ഇവയൊക്കെയായിരുന്നു വിഷയങ്ങൾ.

ദ സ്റ്റോറി ഓഫ് ഏൻ അവർ, ദ സ്റ്റോം, എ പെയർ ഓഫ് സിൽക്ക് സ്റ്റോക്കിങ്ങ്സ് എന്നിവയടങ്ങുന്ന പ്രശസ്തമായ ചെറുകഥകൾ,ദ എവേക്കനിങ്ങ്, അറ്റ് ഫാൾട്ട്, ബയോ ഫോക്ക്-Bayou Folk എന്നിവയുൾപ്പെടുന്ന ശക്തമായ നോവലുകൾ ഇവയെല്ലാം അവരുടെ ആത്മാവിഷ്ക്കാരത്തിന്റെ ശക്തമായ ഉദാഹരണങ്ങളാണ്.

എന്നും വിവാദങ്ങൾക്കു പുറകെ നടന്ന എഴുത്തുകാരിയായിരുന്നു കേറ്റ്. അവരുടെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട എഴുത്തുകാരി. ''ഹിസ്റ്റോറിക്കൽ ഫിക്ഷന്റെ ശക്തമായ പ്രതിനിധിയായും സ്ത്രീ അവകാശങ്ങൾക്കുവേണ്ടി തൂലിക ചലിപ്പിച്ചവർ എന്ന നിലയിലും അവർ പ്രശസ്തയായി. എന്നാൽ പാരമ്പര്യവാദികളുടെ എതിർപ്പുമൂലം അവരുടെ കൃതികൾ പലവട്ടം നിരോധിക്കപ്പെട്ടു. ദാമ്പത്യജീവിതത്തിൽ അടക്കം ചെയ്യപ്പെട്ടുപോകുന്ന സ്ത്രീജീവിതത്തിന്റെ അടിച്ചമർത്തലുകൾ, അതിമനോഹരമായി ആവിഷ്ക്കരിക്കുന്നുണ്ട് ''ദ സ്റ്റോറി ഓഫ് ഏൻ അവറി''ൽ. കേറ്റ് തന്റെ തന്നെ ജീവിതത്തിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാക്കുകയാണ് കഥയെ എന്നുതോന്നും.

ആഹ്‌ളാദത്തിന്റെ പാരമ്യതയിൽ സ്വയമറിയാതെ മുങ്ങിനില്ക്കുമ്പോഴാണ്, വാതിൽക്കൽ തുരുതുരാ മുട്ടുന്നത് അനുജത്തിയാണെന്ന് തിരിച്ചറിഞ്ഞത്. മിസ്സിസ് മല്ലാർഡ് സ്വപ്നാടനത്തിലെന്നപോലെ വാതിൽ തുറന്നു. അപ്പോൾ, താൻ ജീവനോടെയുണ്ടെന്ന് തെളിവെന്നപോലെ സംഭവങ്ങളൊന്നുമറിയാതെ മിസ്റ്റർ മല്ലാർഡ് നില്പുണ്ട്. യഥാർത്ഥത്തിൽ ആ വാർത്തയെക്കുറിച്ച് അയാൾ അപ്പോൾ മാത്രമാണറിയുന്നത്. അദ്ദേഹം അപകടപ്പെട്ടവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. മിസ്റ്റർ മല്ലാർഡിനെ കണ്ട മാത്രയിൽ മിസ്സിസ് മല്ലാർഡ് അവരുടെ മുന്നിൽ കുഴഞ്ഞുവീഴുകയും അപ്പോൾതന്നെ മരണം സംഭവിക്കുകയും ചെയ്യുന്നു. ഡോക്ടർമാർ വിധിയെഴുതി. ''ആഹ്ലാദമാണ് മിസ്സിസ് മല്ലാർഡിന്റെ മരണകാരണം.''

വിവാഹം കുടുംബസ്ഥാപനത്തിലേക്കെത്തിക്കുന്ന സ്ത്രീയുടെ സ്വതന്ത്രയാകാനുള്ള ശക്തമായ അഭിവാഞ്ചയാണ് ഈ ഒരു മണിക്കൂർ കഥയിലെ കഥാതന്തു. പ്രധാനകഥാപാത്രമായ മിസ്സിസ് മല്ലാർഡ് വിവാഹിതയാവുന്നതോടെ അവരുടെ ലൂയിസ് എന്ന യഥാർത്ഥപേരും അപ്രത്യക്ഷമാകുന്നു. മിസ്സിസ്സ് മല്ലാർഡ് മിസ്റ്റർ മല്ലാർഡിന്റെ നിഴൽ മാത്രമാകുന്നു. ചെറിയ ഒരു നേരത്തിനുശേഷം അവരുടെ ഭർത്താവിന്റെ നിശ്വാസങ്ങൾ, അയാൾ ജീവനോടെയുണ്ടെന്ന് തെളിയിച്ചുകൊണ്ട് മുന്നിൽ നിൽക്കുമ്പോൾ, അത്രയും നേരം അനുഭവിച്ചിരുന്ന സന്തോഷത്തിന്റെ പാരമ്യതയിൽനിന്ന് അവൾ നിലംപതിക്കുന്നു. അതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.

അവിടെ ചുറ്റിലുമുള്ളവർ കരുതുന്നത്, ഭർത്താവ് ജീവനോടെയുണ്ടെന്ന തിരിച്ചറിവ് നല്കിയ അമിതമായ സന്തോഷമാണ്, നേരത്തേ തന്നെ ഹൃദ്രോഗിയായ അവളുടെ ഹൃദയാഘാതത്തിനും മരണത്തിനുമിടയാക്കിയതെന്നാണ്. മിസ്റ്റർ മല്ലാർഡിന് എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു നിശ്ചയവുമില്ല. മിസ്സിസ്സ് മല്ലാർഡിന്റെ സന്തോഷം കാണാനാഗ്രഹിച്ചവരെ തീർത്തും നിരാശപ്പെടുത്തി അതിന് വിരുദ്ധമായാണ് കാര്യങ്ങൾ സംഭവിക്കുന്നത്. മിസ്സിസ്സ് മല്ലാർഡ് മുറിയിലിരിക്കെ സ്വയം തിരിച്ചറിയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. താൻ കൂടുതൽ ഉന്മേഷവതിയാണ്. ഹൃദയസംബന്ധമായ ഒരു വേദനയും താനിപ്പോൾ അനുഭവിക്കുന്നില്ല. ഒരേ സമയം, കഥയിലെ കഥാപാത്രങ്ങൾക്ക് വ്യത്യസ്തമായ അനുഭവവും വായനക്കാർക്ക് മറ്റൊരു അനുഭവവും ഒരു മണിക്കൂറിന്നുള്ളിൽ അനുഭവിക്കാനാവുന്നു എന്നതാണ് കഥയുടെ മറ്റൊരു പ്രത്യേകത. ധാരാളം ചിന്തകളെ ദ്യോതിപ്പിച്ചുകൊണ്ട്, എത്രയോ ചോദ്യങ്ങൾ നമ്മളിലേക്ക് വാരിയെറിഞ്ഞാണ് 'കേറ്റ്' കഥ കൊണ്ടുപോകുന്നത്.

ഭർത്താവിന്റെ മരണശേഷം കേറ്റ് അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. തന്റെ ആറുകുഞ്ഞുങ്ങളേയും വളർത്തേണ്ടുന്ന അവസ്ഥയിൽ അവർ വിഷാദാവസ്ഥയിലേക്ക് കൂപ്പുകുത്തി. ആ സമയത്താണ് സുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഡോക്ടർ മനസ്സിന്റെ മുറിവുണക്കാനുള്ള മരുന്നായി എഴുത്ത് നിർദ്ദേശിച്ചത്. അത് വളരെ നല്ല ഫലം ചെയ്തു. അത് അവർക്ക് വരുമാനത്തിനുള്ള മാർഗ്ഗമായിത്തീർന്നു. അവരുടെ ചെറുകഥകളിൽ വിവാഹബന്ധങ്ങളിൽ ഉറവപൊട്ടുന്ന ആഴത്തിലുള്ള പ്രശ്നങ്ങൾ, അതിൽ സ്ത്രീകൾക്കനുഭവപ്പെടുന്ന അസമത്വപരമായ കാര്യങ്ങൾ ഇവ പ്രമേയപരമായി പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. സമ്മതമില്ലാത്തതും ഇഷ്ടമില്ലാത്തതുമായ അസന്തുഷ്ടമായ വിവാഹജീവിതം ഒരു സ്ത്രീയെ എങ്ങനെ ഏകാന്തയും വിഷാദവതിയുമാക്കിത്തരുന്നെന്ന് കാട്ടിത്തരുന്നതോടൊപ്പം, വിവാഹത്തിലൂടെ നിലനില്ക്കുന്ന കുടുംബമെന്ന സ്ഥാപനപരതയെ, അതു വരുത്തിത്തീർക്കുന്ന മേധാവിത്വത്തിനെതിരെ വാക്കുകൾ കൊണ്ട് പൊള്ളിക്കുകയാണ് കേറ്റ്. ഭർത്താക്കന്മാർ അവരുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നടപ്പാക്കാനുള്ള ഉപകരണങ്ങളായി മിക്കപ്പോഴും സ്ത്രീകളെ ഉപയോഗിക്കുന്നു. അതു കൊണ്ടുതന്നെ സ്ത്രീകൾക്ക് അവരുടെ ഇഷ്ടങ്ങളുടെ മറ്റൊരു തെരഞ്ഞെടുപ്പിന് സാധ്യമല്ലാതാകുന്നു. അവർക്ക് പുരുഷന്മാരുടെ ആഗ്രഹങ്ങൾക്കു മുന്നിൽ തലകുനിച്ചു നില്ക്കേണ്ടിവരുന്നു. ഒരുപക്ഷേ, അയാൾ ദയാലുവാണെങ്കിൽ പോലും സ്ത്രീകളെ വ്യക്തിപരമായി അവർക്ക് കീഴെയുള്ളവരായി, കണക്കാക്കാൻ പാരമ്പര്യബോധം സഹായിക്കുന്നു.

സ്ത്രീകൾക്ക് അവരുടെ സ്വന്തം ദേഹത്തിനുമേൽ, സ്വന്തം ജീവിതത്തിനുമേൽ, ഒരു സ്വാതന്ത്ര്യവുമില്ലാതെ ജീവിക്കുക, പ്രധാനസ്ഥാനങ്ങൾ, യജമാനസ്ഥാനത്തിരിക്കുന്ന പുരുഷന്മാർക്കു നല്കുക, അത്തരത്തിൽ ആരോഗ്യകരമല്ലാത്ത അസന്തുലിതാവസ്ഥ വിവാഹബന്ധങ്ങൾ കൂട്ടിയിണക്കപ്പെടുന്നതുവഴി കുടുംബത്തിലും സമൂഹത്തിലും നിലനില്ക്കുന്നുണ്ട്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലും നിലനിന്നിരുന്ന സാമൂഹ്യാവസ്ഥ പുരുഷൻ സ്ത്രീയിൽ പൂർണ്ണമായ നിയന്ത്രണം നല്കുന്നതും, സ്ത്രീകളുടെ സ്വത്വബോധമോ, സ്വതന്ത്രചിന്തയോ വെളിപ്പെടുത്താൻ നിർവാഹമില്ലാത്തതുമോ ആയ അവസ്ഥ. ഏറ്റക്കുറച്ചിലുകളോടെ അതിന്നും ലോകമെമ്പാടുമുള്ള വിഷയമായി തുടർന്നുപോരുന്നുമുണ്ട്.

ഭർത്താവിന്റെ മരണം വിവാഹത്തിന്റെ ചങ്ങലയിൽനിന്നും മിസ്സിസ്സ് മല്ലാർഡിനെ മോചിപ്പിക്കുന്നു. തങ്ങളുടെ ജീവിതചിത്രങ്ങളിലൂടെ അവൾ ഒരു നിമിഷം കടന്നുപോകുന്നു. തന്റെ കാഴ്ചകൾ എന്തുകൊണ്ട് പരിമിതപ്പെട്ടുപോയിയെന്നും, വീട് വൃത്തിയാക്കൽ, ഭക്ഷണമുണ്ടാക്കൽ, അയാളുടെ വസ്ത്രങ്ങൾ കഴുകി ഇസ്തിരിയിട്ടുവയ്ക്കൽ, കോട്ട അണിയിപ്പിക്കൽ, പൊടി അടിച്ചുവൃത്തിയാക്കൽ, തോട്ടം നന്നാക്കിവയ്ക്കൽ, വളർത്തുമൃഗങ്ങളെ പരിപാലിക്കൽ, അവൾ അത്ഭുതത്തോടെ അറിയുകയായിരുന്നു. തെളിഞ്ഞ ആകാശം, സുഗന്ധമുള്ള പൂക്കൾ നിറഞ്ഞ വൃക്ഷങ്ങൾ, അരുമയായി വീശുന്ന കാറ്റ്, എല്ലാം എന്തുകൊണ്ട് താൻ കാണാതെ പോകുന്നെന്ന്. അവൾ സ്വാതന്ത്ര്യത്തിന്റെ മാധുര്യമറിയുന്നു. അയാളുടെ ഭാര്യയായി മാത്രം ജീവിക്കുക എന്നത് എത്ര ഭീകരമാണെന്നവളറിയുന്നു. സ്വന്തം വ്യക്തിത്വം തിരിച്ചറിയുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവച്ചുകൊണ്ട് ജീവിക്കുക എത്ര വിരസവും അനീതിയുളവാക്കുന്ന കാര്യവുമാണെന്ന് അറിയിക്കുന്നു.

ഭർത്താവ് മരണപ്പെട്ടതറിയുമ്പോൾ മിസ്സിസ്സ് മല്ലാർഡ് ദുഃഖമനുഭവിക്കുന്നുണ്ട്. എന്നാൽ അത് അവളറിയാതെ തന്നെ അല്പസമയത്തിന്നുള്ളിൽ സന്തോഷത്തിലേക്ക് വഴിമാറുകയാണ്. അവൾ അവളുടെ ഭർത്താവിനെ സ്നേഹിക്കുന്നുണ്ടെങ്കിലും സന്തോഷവതിയായിരുന്നില്ല.

പത്തൊൻപതാം നൂറ്റാണ്ടിലെ അവസാനപാദത്തിലെ സ്ത്രീജീവിതത്തിന്റെ കഥയിലൂടെ ''കേറ്റ് ഷോപാൻ'' ഇതാണ് പറഞ്ഞുവയ്ക്കുന്നത്. ''അമ്മയും ഭാര്യയും എന്നതിനേക്കാൾ ഞാനൊരു സ്ത്രീയാണ്. ഞാനത് ധൈര്യത്തോടെ ആത്മവിശ്വാസത്തോടെ പറയും. എനിക്കെന്റെ വ്യക്തിത്വത്തോടെ ഞാനായി തന്നെ ജീവിക്കണം!''

ഒരു സ്ത്രീയുടെ ജോലി, അവളുടെ ഭർത്താവിനെ സ്നേഹിക്കലും അവളുടെ ജീവിതം അയാൾക്കുവേണ്ടി സമർപ്പിക്കലും മാത്രമല്ല'' 'എവെയ്ക്കനി'ങ്ങിൽ അത് വ്യക്തമാക്കുന്നുണ്ട്. തനിയെ മരണത്തിലേക്ക് നടന്നുപോകുന്നതിലൂടെ. അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തുമായി ലോകപ്രശസ്തിനേടിയ കേറ്റ് ചോപ്പിന്റെ ജീവിതകാലം 1850 മുതൽ 1904 വരെയാണ്. ശക്തമായ ്ര്രസീകഥാപാത്രങ്ങളിലൂടെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ധൈര്യപൂർവ്വം എഴുത്തിലേക്ക് കൊണ്ടു വരികയായിരുന്നു അവർ. അവരുടെ ശരിയായ പേർ ''കാതറീൻ ഒ. ഫ്‌ളോഹര്‍ട്ടി' എന്നായിരുന്നു.

വിവാഹം, കുടുംബം കുട്ടികളെ വളർത്തൽ അവരെ സംരക്ഷിക്കൽ എന്നിവയിലൂടെ പരമ്പരാഗതമായുള്ള രീതിയിൽ മുന്നോട്ടുപോകുന്ന സ്ത്രീകളുണ്ട്. ഇതൊക്കെ ചെയ്തു കൊണ്ടുതന്നെ, ഉള്ളിലെന്താണെന്ന് തിരിച്ചറിയപ്പെടാത്തതെന്തോ ഉള്ളിൽ കൊണ്ടുനടക്കുന്ന സ്ത്രീകളുണ്ട്. തിരിച്ചറിഞ്ഞാലും ഉത്തരവാദിത്തങ്ങളിൽനിന്നും മോചനം നേടാനാവാതെ, വൈകിവന്ന തിരിച്ചറിവിൽനിന്നും പുറത്തേക്കു വരാനാവാതെ നട്ടം തിരിയുന്നവരുമുണ്ട്.

ആവർത്തനവിരസങ്ങളായ ദിനങ്ങൾ, ഭക്ഷണം, അടുക്കള എന്നിവയിൽ മാത്രമുടക്കുന്ന കണ്ണുകൾ. സ്വാതന്ത്ര്യത്തിന്റെ വിശാലതയിൽ നിന്നും മറക്കപ്പെട്ട, കാഴ്ച നഷ്ടമായ പ്രകൃതിയിലെ മനോഹരമായ കാഴ്ചകൾ ഉള്ളിൽ വന്നു നിറഞ്ഞപ്പോൾ മിസ്സിസ്സ് ബല്ലാർഡ് അനുഭവിക്കുന്ന സ്വാസ്ഥ്യമാണ് അവർക്ക് സ്വാതന്ത്ര്യം എന്താണെന്ന് തിരിച്ചറിയിക്കുന്നത്. ആ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല. മിസ്റ്റർ ബല്ലാർഡ് വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് തള്ളിവിടുമെന്ന ഭയം അവരുടെ ആഹ്ലാദത്തിന് തിരശ്ലീലയിടുന്നു. സന്തോഷത്തിന്റെ കാറ്റുനിറഞ്ഞ ബലൂൺ യാഥാർഥ്യത്തിന്റെ സൂചിക്കുത്തേറ്റ് ശൂന്യമാവുമ്പോൾ അവൾ പ്രാണൻ നഷ്ടപ്പെട്ടവളായി മാറുന്നു.

''ദ എവേക്കനിങ്ങ്' ആണ് ഏറ്റവും പ്രധാന കൃതിയായി ലോകപ്രശസ്തമായത്. ഭാഷയുടെ മികവില്ലായ്മയും ലൈംഗികാതിപ്രസരവും ന്യൂനതയായി പറഞ്ഞ് നിരോധിക്കപ്പെട്ട കൃതി ലോകക്ലാസ്സിക്കുകളിൽ ഇടം നേടുകയും സ്ത്രീകളുടെ അന്തസ്സുയർത്താൻ വേണ്ടി, അവരുടെ ശബ്ദമായിത്തീർന്ന കൃതിയായിത്തീരുകയും ചെയ്തു പിന്നീട്.

ആഭ്യന്തരയുദ്ധസമയത്ത് ഒരു ട്രെയിൻ അപകടത്തിൽ പിതാവ് മരിച്ചതിനെത്തുടർന്ന്, അമ്മൂമ്മയുടെ സംരക്ഷണയിലാണ് പിന്നീട് കേറ്റിന്റെ കുടുംബം കഴിഞ്ഞത്. അവരാണ് ''കേറ്റ് ചോപ്പി'നെ കഥ പറച്ചിലിന്റെ വിശാലലോകത്തിലേക്കെത്തിക്കുന്നത്. പിതാവിന്റെയും അമ്മൂമ്മയുടെയും സ്വാധീനം കേറ്റിന്റെ ജീവിതത്തിൽ എഴുത്തുകാരിയായിത്തീരുന്നതിൽ വളരെയധികം സഹായിച്ചു.

ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത് പലപ്പോഴും പലഘടകങ്ങളുമായിരിക്കും. അൻപത്തിനാലാം വയസ്സിൽ ജീവിതം നൽകിയ തീരാനുഭവങ്ങളും, അസ്വാതന്ത്ര്യത്തിൽനിന്നും മോചിതയാവാൻ അസ്വസ്ഥതകൾ കൊടുങ്കാറ്റായി രൂപപ്പെടുന്ന മനസ്സും, എഴുത്തിലൂടെ കുതിച്ചൊഴുകി. പകരം വയ്ക്കാനാവാത്ത ശൈലിയിൽ അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന സ്ത്രീകളുടെ പ്രതിനിധിയായി മാറി.

Content Highlights:PK Bhagyalakshmi Writes about The Story of An Hour Written by Kate Chopin

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented